ഇന്ത്യൻ നിർമ്മിത വിദേശമദ്യം എന്നുപറയുന്നതേ ഒരുതരം തന്തയില്ലയ്മയാണു
തോന്നുന്നതു. ‘ജോൺ ഡിസീക്കാ രാമദാസ്’ എന്നൊക്കെ പറയുന്നതു പൊലെ.
എന്താ ഇന്ത്യൻ മദ്യമില്ലെ?
പാലാഴികടഞ്ഞപ്പോൾ
കിട്ടിയ പല സാധനങ്ങളുടെ കൂട്ടത്തിൽ ഒന്നായിരുന്നു ചാരായം. അതു അസുരന്മാർ
കൊണ്ടുപോയി. അങ്ങനെ അതു സുരയായി. അതാണു ഐതിഹ്യം. പക്ഷെ അതിനു സായിപ്പിന്റെ
പിതൃത്വം ചാർത്തി ഒരു പേരിടേണ്ട വല്ല കാര്യവുമുണ്ടോ? എത്രയടിച്ചാലും
ഇന്ത്യക്കാരന്റെ അടിമത്തം മാറില്ല. സ്വന്തം നാട്ടിൽ വാറ്റിയാലും അതിനു
‘ഇന്ത്യൻ നിർമ്മിത വിദേശമദ്യം‘ എന്നു പേരിട്ടാലെ സമാധാനമാകു. ഈ മണ്ണിൽ
പെറ്റിട്ടാലും മക്കളെ ഇംഗ്ലീഷ് മീഡിയത്തിലേ പഠിപ്പിക്കു എന്നു
വാശിപിടിക്കുന്ന രക്ഷകർത്താക്കളെപ്പോലെ. ഈ സാധനം 2 ലാർജ്ജ് അടിച്ച്
കഴിയുമ്പോൾ അപ്പോൾ പുറത്തു ചാടും നമ്മുടെ അടിമത്തം. പിന്നെ എല്ലാവനും
ഇംഗ്ലീഷിലേ സ്പീച്ചു..........
‘ചെത്തുന്നവനും, കൊടുക്കുന്നവനും, കുടിക്കുന്നവനും നാറും. മദ്യം
വിഷമാണു’ എന്നു ഗുരുസ്വാമി പറഞ്ഞിട്ടൊന്നും കാര്യമില്ലെന്നു നാം
തെളിയിച്ചു. സ്വാമി പറയാത്തതു കൊണ്ടല്ല നാം നന്നാകാത്തതു. നമുക്ക് അതിനു
ആഗ്രഹമില്ല. ദൈവാധീനവുമില്ല. പിന്നെ നീറ്റായി അങ്ങ് നശിക്കുന്നതല്ലെ
നല്ലതു!
അട്ട തൊട്ട് കരിങ്ങാലി പട്ടവരെ ഇട്ടുവാറ്റിയ അനേകം ജനുസകളിലുള്ള
മദ്യമുണ്ടാക്കാൻ നമുക്കറിയാം. ഒരു സ്കോച്ചും അതിന്റെയൊന്നും
ഏഴയലത്തുവരില്ലെന്നാണു അനുഭവസ്ഥർ പറയുന്നതു. സായിപ്പ്, ഷോഡേം വെള്ളോം
(ഐസാക്കിയും അല്ലാതെയും) ചേർത്തു മൊത്തുമ്പോൾ നാം കരിക്കും,
കരിപ്പട്ടിക്കാപ്പീം, പാലും വരെ ചേർത്തടിക്കും. അതാണു അതിന്റെ ഒരു
വെറൈറ്റി. കള്ള് പുളിപ്പിച്ച് മുന്തിരിയും ഇലവർഗ്ഗവും കറുവപ്പട്ടയും
ചേർത്തുണ്ടാക്കുന്ന പ്രിമിയം ബ്രാൻഡൊക്കെ രുചിച്ചവർ അതൊന്നും ഒരിക്കലും
മറക്കില്ല മക്കളെ.
പിന്നീടാണു മൊളാസസിൽ നിന്നും ചാരായമുണ്ടാക്കുന്ന രീതി വന്നതു.
കരിമ്പുകൃഷി ഊ......കയും പഞ്ചസാരമില്ലുകൾ അടച്ചു പൂട്ടാൻ തുടങ്ങുകയും
ചെയ്തപ്പോഴാണു തൊഴിലാളികളുടെ വയറ്റിപ്പിഴപ്പിനു അതാരംഭിച്ചതു. പിന്നെയതു
പുറത്തുള്ള ഡിസ്റ്റിലറികളിൽ നിന്നും സ്പിരിട്ടുകൊണ്ടുവന്നു വെള്ളം
ചേർക്കുന്ന പരിപാടിയായി അധ:പതിച്ചു. ഒരു കാലത്തു കേരളരാഷ്ട്രീയം നിലനിന്നതു
തന്നെ മറുനാട്ടിൽ നിന്നും വരുന്ന സ്പിരിട്ട് ലോറികളെ
ആശ്രയിച്ചായിരുന്നെന്നു ഓർക്കുമ്പോൾ കണ്ണുനിറയുന്നു!
ഗ്ലാസ്സിൽ ചാരായം അളന്നു കൊടുക്കുന്നതായിരുന്നു ആദ്യത്തെ രീതി.
പിന്നെയതു പൊടിക്കുപ്പിയിലേക്കും, പ്ലാസ്റ്റിക് കവറിലേക്കും വികസിച്ചു,
ഇതിനൊക്കെ സമാന്തരമായി ജനം സ്വന്തമായ നിലയിലും ചാരായം
നിർമ്മിക്കുന്നുണ്ടായിരുന്നു. കെസ്തുകിട്ടാത്ത ചരക്കായതു കൊണ്ട് അതിനെ
‘കള്ളവാറ്റെ’ന്നു പറഞ്ഞ് അപമാനിക്കാനായിരുന്നു എക്സൈസ് വകുപ്പിനു കമ്പം.
വാറ്റുന്നതു നിയമാനുസൃതമല്ലായിരുന്നെങ്കിലും അതിന്റെ തലച്ചാരായം
അടിക്കുന്നതു ഒരു ആഡംബരം തന്നെയായിരുന്നു. ഇന്നിപ്പോൾ എന്തായി സ്ഥിതി?
മറുനാടൻ വ്യവസായികൾ ഉണ്ടാക്കുന്ന സിന്തെറ്റിക് ചാരായം കുടിച്ച്
കുടലുവാട്ടണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു മലയാളികൾ. പെട്രോൾ
അടിസ്ഥാനമാക്കി കൃത്രിമചാരായം ഉൽപ്പാദിപ്പിച്ചു തുടങ്ങിയപ്പോഴാണു
അഡിക്ഷനും കരളുകാഞ്ഞുപോകലും വ്യാപകമായതു. ക്രമസമാധാനവും തകർന്നു.
പണ്ട് നാട്ടിൽ ഒരു ചാരായഷാപ്പുണ്ടെങ്കിൽ അലമ്പ് അതിനു ചുറ്റുമേ
ഉണ്ടായിരുന്നുള്ളു. അടിക്കുന്നവർ മിക്കവരും സ്ഥിരക്കാരായിരിക്കും.
ക്രമസമാധനപ്രശ്നമൊക്കെ നാട്ടുകാർ തന്നെ കൈകാര്യം ചെയ്യും. അടിച്ചു
പാമ്പായാൽ പെണ്ണുമ്പിള്ള വന്നു ഷാപ്പുകാരനെ നാലുപുളിച്ച തെറിപറഞ്ഞിട്ട്
വിളിച്ചോണ്ട് പൊക്കോളും. അന്നത്തെ ചാരായമടിക്കൊക്കെ ഒരു
സ്നേഹമുണ്ടായിരുന്നെന്റിഷ്ടാ. ഈ ബാറുകളും ബിവറേജസും വന്നേപ്പിന്നെയാണു
എല്ലാം പോയതു.
ഇതിനേക്കാൾ ഒക്കെ പ്രധാനം ഒരു തദ്ദേശിയ സാങ്കേതികവിദ്യ
നഷ്ടപ്പെടുന്നതിലാണു. വെറൈറ്റി വാറ്റ് അറിയാവുന്നവർ ഇന്നു കുറഞ്ഞുവരികയാണു.
പത്തോ ഇരുപതോ വർഷം കഴിഞ്ഞാൽ അതു ഗൾഫുകാരിലേക്ക് മാത്രമായി ചുരുങ്ങും.
അവർക്കാണെങ്കിലോ എന്തിനും ഏതിനും പ്രഷർകുക്കറും ഗ്യാസും വേണം. തനതു
വിജ്ഞാനം നിലനിർത്താനുള്ള ചുമതല സർക്കാരിനുണ്ട്. അതു കൊണ്ട് വാറ്റ്
നിയമാനുസൃതമാക്കണം. വാറ്റിക്കുടിക്കാൻ ആഗ്രഹിക്കുന്നവർക്ക് യൂണിറ്റ്
കണക്കാക്കി കെസ്തു ഈടാക്കാം. സാധാരണക്കാരായതു കൊണ്ട് അവർ മുടക്കം കൂടാതെ
സത്യസന്ധമായി കെസ്തു അടച്ചോളും. മുതലാളിമാരാണല്ലോ എന്തിലും ഏതിലും
വെട്ടിപ്പ് കാണിക്കുന്നതു. കൂടുതൽ വാറ്റുചാരായം ഉൽപ്പാദിപ്പിക്കപ്പെട്ടാൽ
അതു മിൽമാ പാൽ അളക്കുന്നതുപോലെ അളന്നു വാങ്ങി ബോട്ടിലു ചെയ്തു കേരളത്തിനു
അകത്തും പുറത്തും വിറ്റ് സർക്കാരിനു വരുമാനമുണ്ടാക്കാവുന്നതേയുള്ളു.
നമ്മുടെ ബ്രാൻഡുകൾ പ്രിമിയം ബ്രാൻഡുകളായാൽ അതിൽ നൂതന പരീക്ഷണങ്ങൾ നടത്തി
മെച്ചപ്പെടുത്താൻ ജനം ഉത്സാഹിക്കും. അതു കൂടുതൽ റവന്യൂ കൊണ്ടുവരികയും
ചെയ്യും. ഇതോടെ അച്ചന്മാരുടേയും, നടേശൻ മുതലാളിയുടേയും സൂക്കേടും തീരും.
ജനത്തിനു ഒരു വരുമാനമാർഗ്ഗവുമാകും.
1 comment:
kollam... fbyil share cheythittundu.
Post a Comment