Thursday, December 16, 2010

റബർ മരങ്ങളുടെ ജീവിതം




റബറിന്റെ വില കിലോയ്ക്ക് 200 ആണിപ്പോൾ. പത്തെൺപത് മരങ്ങൾ ഉണ്ടെങ്കിൽ ഒരു കുടുംബത്തിനു സുഖമായി ജീവിക്കാം. കേരളത്തിൽ അനവധിപേർ റബറിനെ ജീവനോപാധിയായി സ്വീകരിച്ചിട്ടുണ്ട്. തെങ്ങിൽ നിന്നു കേരളത്തിന്റെ മരം റബറായി മാറിക്കഴിഞ്ഞു. റബർ കൃഷി കേരളത്തിലുണ്ടാക്കിയ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ ശ്രദ്ധേയവുമാണു.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു റബർ മരത്തിന്റെ ജീവിതത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നു സംശയമാണു. റബ്ബർ മരം തന്നെ അത് പറയട്ടെ.

റബ്ബർ തൈ നിങ്ങൾ കണ്ടിട്ടുണ്ടോ? കൊച്ചു കുഞ്ഞുങ്ങളേപ്പോലെ മനോഹാരിത തോന്നിക്കുന്ന ഒന്നാണത്. കരിമ്പച്ചയിലകൾ, ഒന്നോ രണ്ടോ. പേലവമായ തണ്ട്. ഈ ലോകത്തിന്റെ മനോഹാരിതയിലേക്ക് വളർന്നു കയറാൻ വെമ്പുന്ന നാമ്പ്!

കുഞ്ഞുങ്ങളേക്കാൾ അരുമയോടെയാണു റബ്ബർ കർഷകർ അതിനെ നോക്കുന്നത്. നഴ്സറികളിൽ നിന്നു വാങ്ങിക്കൊണ്ടു വരുന്നതോ സ്വയം മുളപ്പിച്ചെടുത്തതോ ആയ തൈകൾ സീസൺ നോക്കി ശ്രദ്ധയോടെ കുഴിയെടുത്ത് നടുന്നു. അവയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കർഷകന്റെ നോട്ടവും ജാഗ്രതയുമുണ്ടാകും. മഴയുണ്ടായോ കാറ്റടിച്ചോ അതിനെന്തെങ്കിലും സംഭവിച്ചു പോയാലോ എന്നോർത്ത് നെടുവീർപ്പിട്ടുകൊണ്ടാണു റബ്ബർ കർഷകൻ ഓരോ ദിവസവും തള്ളിനീക്കുന്നത്. ആവശ്യത്തിനു വെള്ളം കിട്ടുവാനും അധികം വരുന്ന വെള്ളം കെട്ടി നിൽക്കാതെ ഒഴുകിപ്പോകാൻ ചരിവുകൾ നിർമ്മിച്ചും ഭൂമിയെ തയ്യാറാക്കി വയ്ക്കുന്നു. വേണ്ടപ്പോഴൊക്കെ വളവും പുതയും നൽകി അവയെ കരുത്തോടെ വളരാൻ അനുവദിക്കുന്നു.

ഏഴു കൊല്ലമാണു ഈ ജാഗ്രത തുടരുന്നത്. ഇതിനിടയിൽ തായിത്തടി കവരം വെച്ചു പോകാതെ അനാവശ്യശിഖരങ്ങൾ മുറിച്ചു മാറ്റും. ഓരോ പ്രതീക്ഷവച്ച് കുട്ടികളെ മികച്ച വിദ്യാലങ്ങൾ കണ്ടെത്തിച്ചേർക്കുന്നത് മാത്രമേ ഇതിനു സമാനമായിട്ടുള്ളു. സ്കൂളിൽ ഒരു കുട്ടി ഗതിപിടിക്കാതെ പോയാൽ ദു:ഖത്തിനു പരിമിതിയുണ്ട്. എന്നാൽ വളർത്തിക്കൊണ്ടു വന്ന ഒരു റബ്ബർ തൈ കെട്ടുപോയാൽ കർഷകന്റെ ചങ്കിടിയും. അതിന്റെ വേദന ഒരിക്കലും മാറുകയില്ല.

ഏഴാം കൊല്ലം മുതലാണു റബ്ബർ കർഷകൻ ആഹ്ലാദചിത്തനാകുന്നത്. അയാളുടെ പ്രയത്നങ്ങൾക്ക് പ്രതിഫലം കിട്ടിത്തുടങ്ങുന്നതിന്റെ സന്തോഷമാണത്. പലർക്കും ചെമ്മീനിലെ ചെമ്പൻ കുഞ്ഞിനെപ്പോലെ തുള്ളിച്ചാടാൻ തോന്നും. (കൊട്ടാരക്കരയുടെ ഭാവപ്രകടനം ഇപ്പോഴും സൂപ്പർ!). കിലോക്ക് 200 ഇല്ല, 100 ഓ 125 ഓ ആയാലും ലാഭമാണു. വെറും ലാഭമല്ല. വൻ ലാഭം. മറ്റൊരു കൃഷിയും ഇത്ര ലളിതമല്ല. അതു കൊണ്ട് ലാഭത്തോടൊപ്പം അഹങ്കാരം കലർന്ന ഒരഭിമാനവുമുണ്ട്.

ഈ ലാഭമെടുക്കൽ പിന്നെയൊരു 20 കൊല്ലം തുടരും. അതിനിടയിൽ അത്യാഹിതങ്ങൾ സംഭവിച്ചു കൂടായ്കയില്ല. കാറ്റ്, മഴ, ഉരുൾ പൊട്ടൽ, ഇലക്ട്രിസിറ്റിക്കാരുടെ ടച്ചിങ് വെട്ട് തുടങ്ങിയവയാണു പ്രതീക്ഷിക്കേണ്ട അപകടങ്ങൾ. ഇലക്ട്രിസിറ്റിക്കാരെ കാശ് കൊടുത്ത് നിർത്താം. അല്ലെങ്കിൽ മാണിസാറിനേക്കൊണ്ട് വിരട്ടിപ്പിക്കാം. കാറ്റിനും മഴയ്ക്കും ഉരുൾ പൊട്ടലിനും എന്ത് പരിഹാരമുണ്ട്? ദൈവം തന്നെ സഹായിക്കണം. അതിനാണെങ്കിൽ ഹിന്ദുക്കളുടെ ദൈവങ്ങൾക്ക് റബ്ബർപ്പാൽ ഇഷ്ടമല്ല. പശുവിൻ പാലാണവർക്ക് പഥ്യം! പിന്നെ ചെയ്യാവുന്നത് റബ്ബർ വിറ്റുകിട്ടിയ ലാഭത്തിൽ നിന്നു ഒരു പങ്കെടുത്ത് അമ്പലത്തിനകം അലമ്പാക്കുന്ന എന്തെങ്കിലും നിർമ്മാണ പ്രവർത്തനം നടത്താം. എന്നിട്ട് വലിയ അക്ഷരങ്ങളിൽ സ്വന്തം പേരെഴുതി വയ്ക്കാം. എന്നാലും ദൈവം തുണയ്ക്കുമോ എന്നറിയില്ല. അല്ലെങ്കിൽ തന്നെ റബ്ബറിന്റെ ദൈവം കൃഷ്ണനോ, ഭദ്രയൊ, ഹനുമാനോ ഒന്നുമല്ല. സാക്ഷാൽ കുരിശാണു. അതിനു മദ്ധ്യസ്ഥ പ്രാർത്ഥനയുണ്ട്. അതു കൊണ്ടാണു റബ്ബറിന്റെ വില ഇടിയാതെ ഇപ്പോഴും നിക്കുന്നത്. ഗണപതിയുടെ തേങ്ങയുടെ കാര്യം എന്തായി? ആലോചിച്ചു നോക്കു. എത്ര കഷ്ടമാണത്. അല്ലെങ്കിൽ എല്ലാ ദൈവങ്ങൾക്കും ഇഷ്ടമുള്ള പായസം ഉണ്ടാക്കാനുള്ള നെല്ലിന്റെ കാര്യം! ആ കൃഷി തന്നെ ഭൂമി മലയാളത്തിൽ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണു. അത് വിളയിച്ചിരുന്ന പാടങ്ങൾക്ക് മീതേയാണു റബ്ബറിന്റെ കാശു കൊണ്ട് മാളികകൾ പണിതിരിക്കുന്നതെന്ന് മറക്കണ്ട.

20 കൊല്ലം കഴിഞ്ഞാണു റബ്ബർ മരങ്ങളുടെ യഥാർത്ഥ ജീവിതം ആരംഭിക്കുന്നത്. നാളതുവരെ ഓരോ കോശത്തിൽ നിന്നും പാലൂറ്റിയ കർഷകന്റെ സ്വഭാവം പൊടുന്നനേ മാറുന്നു. ഇപ്പോൾ അവനു മരങ്ങൾ ഒരു ഭാരമാണു. വേണ്ടത്ര പാലില്ലാത്തതിനാൽ അവനരിശം. പ്രയോജനമില്ലാത്ത മരങ്ങൾ വെട്ടിക്കളയാൻ അവൻ തീരുമാനിക്കുന്നു. അപ്പോഴും അവന്റെ ലാഭദൃഷ്ടി പോകില്ല. 2 വർഷം കടുംവെട്ട്. അതുവരെ ഓമനിച്ച കർഷകനെ പിന്നെയവിടെ കാണില്ല. കശാപ്പുകാരന്റെ കത്തിക്കു മുന്നിലാണു പിന്നെ പാവം റബ്ബർ മരങ്ങളുടെ ജീവിതം! പാൽ തീരെ വറ്റുമ്പോൾ മരം മുറിച്ച് കഷണങ്ങളാക്കി ലോറിയിൽ കയറ്റുന്നു. എവിടേക്കെന്നറിയാതെ ഓടിച്ചു പോകുന്നു. ഭാഗ്യമുണ്ടെങ്കിൽ ഉരുപ്പടികളായി തിരികെ വരാം. ഇല്ലെങ്കിൽ വല്ല ഇഷ്ടിക ചൂളയിലും എരിഞ്ഞടങ്ങാം!

ഇതാണു പാവം റബ്ബർ മരത്തിന്റെ കഥ. പണ്ട് കപ്പക്കാല ആയിക്കിടന്നിരുന്ന എക്കറുകണക്കിനു ഭൂമിയിലാണു റബ്ബർ മരങ്ങൾ പണം കായ്പിച്ചു കൊടുത്തത്. അതു പറഞ്ഞിട്ടൊന്നും കാര്യമില്ല. റബ്ബർ മരത്തിന്റെ ജീവിതം കഷ്ടതരമാണു. ലാഭം, ലാഭം എന്ന ഒറ്റ ലാക്കോടെ നട്ട്, വളർത്തി, പരിചരിച്ച്, പാലെടുത്ത് അവസാനം കൊല്ലാൻ കൊടുക്കുന്നു. അത് കൊല്ലൽ തന്നെയാണു. കടുംവെട്ടെന്നു ചേട്ടന്മാർ പറയും. സ്ലോട്ടർ എന്നാണു ഇംഗ്ലീഷ്. അതേ, അത് തന്നെ. അറവിനു വിടുക!

ഞങ്ങൾക്ക് ഇപ്പോൾ ചാരിതാർത്ഥ്യമുണ്ട്. മലയാളി റബ്ബർ മരങ്ങളേ നെഞ്ചിലേറ്റിക്കഴിഞ്ഞിരിക്കുന്നു. അവന്റെ ജീവതാളം തന്നെ റബ്ബറാണു. റബ്ബറിനേപ്പോലെ ജീവിക്കാൻ തീരുമാനിച്ച കാഴ്ചയാണു ചുറ്റിനും.

ഒരു കുട്ടി ജനിച്ചാൽ - മിക്കപ്പോഴും അത് പ്രസവമായിരിക്കില്ല, മുറിച്ചെടുക്കൽ ആയിരിക്കും - റബ്ബർ തൈ വളർത്തുന്ന പോലെയാണു പരിചരിക്കുന്നത്. മരങ്ങൾക്ക് ഫാക്ടംഫോസിത്ര, പൊട്ടാഷിത്ര എന്ന കണക്കു പോലെ പാക്ക്ഡ് ന്യൂട്രിയന്റുകൾ കുട്ടികൾക്ക് കൊടുക്കുന്നു. അവരെ വേലികെട്ടി സംരക്ഷിക്കുന്നു. പുഴുതിന്നാതിരിക്കാൻ ഡെറ്റോൾ സോപ്പു കൊണ്ട് കുളിപ്പിക്കുന്നു. എല്ലാം വളരുമ്പോൾ ലാഭം പ്രതീക്ഷിച്ച്! അവൻ വളരുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ റബ്ബറിനെ ആശ്രയിച്ചാണു.


കുട്ടികൾ വളരുമ്പോൾ അവനെ ഒരു റബ്ബർ മരത്തെപ്പോലെയാക്കാനാണു മലയാളിക്ക് ഇഷ്ടം. അതിരുകൾ തിരിച്ച്, ഈച്ചയും പൂച്ചയും കയറാതെ, വേണ്ടാത്ത ശിഖരങ്ങൾ വെട്ടിക്കളഞ്ഞു അവനെ തികഞ്ഞ സ്വാർത്ഥനായി വളർത്തുക. മത്സരത്തിനത് അത് അത്യാവശ്യമാണു. മത്സരമാണു വില നിശ്ചയിക്കുന്നത്. മുന്തിയ വില കിട്ടാൻ അവനെ പ്രാപ്തനാക്കുക.

കുട്ടി റബ്ബറുകുട്ടനായി വളരുന്നത് കാണുമ്പോൾ അച്ഛനും അമ്മയ്ക്കും സന്തോഷമാകും. പക്ഷെ വാർദ്ധക്യത്തിലെത്തുമ്പോഴാണ് കാര്യങ്ങൾ തകിടം മറിയുന്നത്. അച്ഛനാണു മകനായി പിറവിയെടുക്കുന്നതെന്ന് പഴമക്കാർ വിശ്വസിച്ചിരുന്നു. അതിപ്പോൾ സത്യമാണെന്ന് തെളിഞ്ഞു. റബ്ബർ വളർത്തി പാലെടുത്ത് അവസാനം സ്ലോട്ടറിനു കൊടുക്കണം എന്ന ചിന്തയിൽ ജീവിച്ച അച്ഛനിൽ നിന്നു വാർദ്ധക്യമാകുമ്പോൾ ആ ചിന്ത മകനിലേക്ക് കൂടുവിട്ട് കൂടുമാറുന്നത് കാണാം. സ്വന്തം വളർച്ചക്ക് ഉപയോഗപ്പെട്ട അച്ഛനും അമ്മയും വാർദ്ധക്യകാലത്ത് പ്രയോജനപ്പെടുന്നില്ല എന്നു മക്കൾ കണ്ടെത്തുന്നു. അവരെ സ്ലോട്ടറിനു കൊടുക്കാൻ നിർവ്വാഹമില്ലല്ലോ. അതു കൊണ്ട് ഓൾഡ് ഏജ് ഹോമുകളിലോ ഹോം നഴ്സുകളുടെ പക്കലോ ഏൽ‌പ്പിച്ച് രക്ഷപ്പെടുന്നു.

റബ്ബറിനു ഇനി മരിക്കാം. ആ ജീവിതം അനുകരിക്കാൻ ഇനി മലയാളി ഉണ്ടല്ലോ!