Friday, August 16, 2013

നാം എന്തു കൊണ്ട് കൃഷിയെ വെറുക്കുന്നു.........?

കൃഷി പുനരുദ്ധരിക്കണമെന്നൊക്കെ നാം കൂക്കിവിളിക്കാറുണ്ട്. പക്ഷെ കാർഷികവൃത്തിയെ നാം വെറുക്കുന്നു എന്നതല്ലെ സത്യം? അപ്പോൾ റബ്ബർ നട്ടുവിളവെടുക്കുന്നില്ലെ എന്ന ചോദ്യം വരും. റബ്ബർ ഒരു കൃഷിയാണോ? അതിലുപരി അതൊരു വ്യവസായമല്ലെ? പ്രാഥമികമായി ജീവനെ നിലനിർത്തുന്ന എന്തെങ്കിലും റബറിൽ നിന്നും ലഭിക്കുന്നുണ്ടോ. കുറച്ചു റബ്ബർ ഉണ്ടെങ്കിൽ അതു കൊണ്ട് ജീവൻ നിലനിർത്താം എന്നു ആർക്കെങ്കിലും പറയാൻ കഴിയുമോ?

എന്തു കൊണ്ടാണു നാം കൃഷിയെ വെറുക്കുന്നതു?

നിങ്ങൾ കുറച്ച് നെല്ലു വിളയിച്ചു. കപ്പ നട്ടു. ചേമ്പും ചേനയും കൃഷി ചെയ്തു. പയറും പാവലും നട്ടുവളർത്തി. തെങ്ങിനെ പരിപാലിച്ചു. നല്ല പച്ചക്കറികൾ. അരി. രോഗങ്ങളെ അകറ്റി നിർത്തുന്ന ഫലങ്ങൾ. മാർക്കറ്റിനെ ആശ്രയിക്കാതെ ഒരുവിധം കഴിഞ്ഞുപോകാം. ഇതൊക്കെ ഉണ്ടായിട്ടും നമുക്ക് കൃഷിയെ വെറുപ്പാണു.

വീട്ടിൽ ഒന്നു രണ്ടു പശുക്കൾ ഉണ്ടായിരിക്കുക. വീട്ടാവശ്യത്തിനുള്ള പാൽ അവ തരും. കൃഷിക്കുപയോഗിക്കാൻ കുറേ ചാണകം കിട്ടും. ഇഞ്ചിയൊക്കെ നട്ടാൽ പശുവിന്റെ മൂത്രം ഉപയോഗിക്കാം. പകരം അവയ്ക്ക് വൈക്കോൽ കൊടുക്കേണ്ടതേയുള്ളു. നെല്ലു കൃഷി ചെയ്താൽ വൈക്കോൽ കിട്ടും. പക്ഷെ കാലിവളർത്തൽ നമ്മൾ വെറുക്കുന്നു. പാലെന്നു ഉറപ്പിച്ചു പറയാൻ പറ്റാത്ത ദ്രാവകം മാർക്കറ്റിൽ നിന്നും വാങ്ങി നാം നമ്മുടെ ശരീരത്തെ ദ്രോഹിക്കുന്നു.

അതുപോലെ കുറേ കോഴികൾ ഉണ്ട്. അവയുടെ മുട്ട നമുക്ക് ഉപയോഗിക്കാം. കോഴിവളവും കിട്ടും. അവ പറമ്പിൽ ചിക്കിചികഞ്ഞ് ഭക്ഷണം കണ്ടെത്തിക്കോളും. എന്നാലും നമുക്ക് കോഴിവളർത്തൽ വെറുപ്പാണു. നാമക്കലിൽ നിന്നും തമിഴൻ കൊണ്ടുവരുന്ന മുട്ട തന്നെ നമുക്ക് വേണം. എന്തൊരു വാശി. അവന്റെ ഹൈബ്രിഡ് കോഴികളെ നാം തിന്നും. എന്നിട്ടും അതുണ്ടാക്കുന്ന രോഗങ്ങളുമായി സ്പെഷാലിറ്റി ആശുപത്രികളിൽ ചെന്നു തലവെച്ചു കൊടുക്കും. അന്നുവരെ സമ്പാദിച്ചതും കടം വാങ്ങിയതും ആശുപത്രിക്കാർ അടിച്ചോണ്ട് പോകും. എന്നാലും നാം കോഴിയെ വളർത്തില്ല.

കൃഷിയെപ്പറ്റി പറയുമ്പോൾ നാം സാമ്പത്തികശാസ്ത്രം കൊണ്ടാണു അതിനെ പ്രതിരോധിക്കുന്നത്. കൃഷി നഷ്ടമാണു എന്നാണു സ്ഥിരം പല്ലവി. എന്നിട്ട് നാം ചെയ്യുന്നതെന്താണു? ജീവിതത്തിനു ഒരു ഉപകാരവും ചെയ്യാത്ത വിദ്യാഭ്യാസമെന്ന പദ്ധതിക്കു വേണ്ടി ആദ്യത്തെ 15 കൊല്ലം ഹോമിക്കുന്നു. എന്നിട്ട് സർക്കാരിന്റേയോ ഏതെങ്കിലും സ്വകാര്യവ്യക്തികളുടേയോ കീഴിൽ നമുക്ക് പരിചയമില്ലാത്ത പണികളിൽ ഏർപ്പെടുന്നു. അപ്പോഴും ആരെങ്കിലുമൊക്കെ കൃഷി ചെയ്തുകൊണ്ടിരിക്കുകയാണു. ജോലിയിൽ നിന്നും കിട്ടുന്ന കൂലി കൊടുത്തു കാർഷികവിളകൾ വാങ്ങുന്നു. അതായതു നാം വേണ്ടെന്നു വച്ചുപോയ കവലയിൽ ചെന്നു കാത്തുനിൽക്കുന്നു. നാം തിരിച്ചെത്തുന്നതു കൃഷിയിൽ തന്നെയാണു. ജീവിക്കണമെങ്കിൽ കൃഷി അനിവാര്യമാണു. പക്ഷെ നാം അതു അംഗീകരിക്കില്ല. നമ്മൾ ഉടൻ മറ്റൊരു ന്യായം കണ്ടെത്തും. ലൈഫ് സ്റ്റൈൽ മാറിയിരിക്കുന്നു. കാലം പഴയതുപോലെയല്ല. സഞ്ചരിക്കണമെങ്കിൽ കാറും, ബൈക്കുമൊക്കെ വേണം. താമസിക്കാൻ 1500 ച.അടിയിലധികമുള്ള റ്റൈൽ ഫ്ലോറിങ്ങൂള്ള വീട് വേണം. എ.സി.വേണം. കൃഷിയിൽ നിന്നും അതൊന്നും നേടാൻ കഴിയില്ല. കൃഷി ചെയ്യുന്നവനു എന്തിനാണു ഇതൊക്കെ?

നിങ്ങൾ ഒരു എ.സി ഉപേക്ഷിച്ചാൽ അനവധി ചെടികളാണു വളരുക. അവ തണുപ്പു തരും. പിന്നെ എ.സി ആവശ്യമുണ്ടോ? കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവനു യാത്രകുറവാണു. അവൻ കാർഷികവൃത്തിയിൽ മുഴുകിക്കഴിയുകയാണു. നമ്മിൽ 60% പേരും യാത്ര ചെയ്യുന്നത് വെറുതെയാണു. അവർ വീട്ടിലിരുന്നാൽ പോലും ഒന്നും സംഭവിക്കില്ല. ബൈക്കെടുത്തു പുറപ്പെടുന്നതു പച്ചക്കറി മേടിക്കാനാണെങ്കിൽ അതു വീട്ടിൽ തന്നെയുള്ളപ്പോൾ പിന്നെ എന്തിനാണു ബൈക്കിൽ ഒരോട്ടം?

ഇന്നു പഴയതു പോലെയുമല്ല. മിക്കവർക്കും കൃഷിഭൂമി സ്വന്തമായുണ്ട്. പഴയതുപോലെ ജന്മിയുടെ ഔദാര്യത്തിനും ധാർഷ്ട്യത്തിനും കാത്തുനിൽക്കണ്ട. എന്നാലും നാം കൃഷി ചെയ്യില്ല. നമുക്ക് കൃഷിയെ വെറുപ്പാണു. എന്താണു ഇതിന്റെ പിന്നിലെ മനശ്ശാസ്ത്രം?

നിങ്ങളുടെ ജീവൻ നിലനിർത്താൻ ഉപകരിക്കുമെങ്കിൽക്കൂടി കാർഷികവൃത്തിക്ക് ഒരു അംഗീകരമില്ല. അതാണു കാരണം. നമ്മൾ ചുമ്മാ ഈഗോയിസ്റ്റിക്കാണു. യാഥാർത്ഥ്യബോധമില്ലാത്ത ഒരു ജനത! വെറും തൊണ്ട്!!