Friday, February 29, 2008

ജാഗ്രതൈ.......!! എയിഡ്‌സുണ്ട്.......

ഏതാനം ദിവസം മുന്‍പ്‌ ഒരു മലയാള ദിനപ്പത്രം സഹതാപാര്‍ഹമായ ഒരു വാര്‍ത്ത പുറത്തു വിട്ടിരുന്നു. ദില്ലിയില്‍ നാല്‌ നഴ്സുമാര്‍ക്ക്‌ എയിഡ്സ്‌ ബാധ. അതില്‍ രണ്ടുപേര്‍ മലയാളികളാണു. ഏത്‌ ആശുപത്രിയിലാണു സംഭവം എന്ന് പത്രം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. വെറും സാധാരണ ആശുപത്രിയൊന്നുമല്ല. അത്‌ വാര്‍ത്ത വായിക്കുമ്പോള്‍ വ്യക്തമാകും. ആശുപത്രിയുടെ പേരില്ല. തുക്കടാ ആശുപത്രിയോ ഗവണ്മന്റ്‌ ആശുപത്രിയോ ആയിരുന്നെങ്കില്‍ അതിന്റെ പേരും ജാതകവും എപ്പോള്‍ പറഞ്ഞു എന്ന് ചോദിച്ചാല്‍ മതി. അതാണു പത്രധര്‍മ്മം. പൊതുക്കാര്യമാകുമ്പോള്‍ എല്ലാം തുറന്ന് പറയണം. പാവപ്പെട്ടവന്റെ കാര്യത്തിലും അങ്ങനെ തന്നെ! പത്രധര്‍മ്മം ഉടന്‍ സടകുടഞ്ഞ്‌ എഴുന്നേല്‍ക്കണം. പണക്കാരന്റെ കാര്യത്തില്‍ അത്‌ പറ്റില്ല. പേരും വിലാസവുമൊക്കെ രഹസ്യമായി സൂക്ഷിക്കുകയാണു വേണ്ടത്‌. ആശുപത്രി ഏതോ കടുത്ത മുന്തിയറുപ്പന്റേതാണെന്ന് തീര്‍ച്ച. അതു കൊണ്ട്‌ അതിനു പേരിന്റെ ആവശ്യമില്ല. ഉണ്ടെങ്കില്‍ തന്നെ അത്‌ വായനക്കാര്‍ അറിയണ്ട കാര്യവുമില്ല. അത്‌ ഏതെങ്കിലും ഡോക്ടറുടെ കയ്യിലിരിപ്പു കൊണ്ട്‌ രോഗി ചത്തിട്ടോ ആശുപത്രിയുടെ മെച്ചം കൊണ്ട്‌ എയിഡ്‌സ്‌ പരന്നിട്ടോ ആയാലും അറിയണ്ട. അങ്ങനെ എന്തെങ്കിലും പുറത്ത്‌ പറഞ്ഞാല്‍ പത്രധര്‍മ്മം നഷ്ടപ്പെടും. അത്‌ പാടില്ല. പത്രത്തിനു പരസ്യത്തിന്റെ പേരില്‍ കിട്ടുന്ന ധര്‍മ്മമാണല്ലോ പത്രധര്‍മ്മം. അതുകൊണ്ട്‌ പേരു പറയില്ല.

ആശുപത്രി-ജന്യ രോഗമാണു പ്രതി. അമേരിക്കയിലും യൂറോപ്പിലും ഡോക്ടറന്മാര്‍ക്കും പാരാമെഡിക്കല്‍ തൊഴിലാളികള്‍ക്കുമിടയില്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന Medical Bug! ഇവനാളു പുലിയാണു കേട്ടാ....രോഗം ചികിത്സിച്ച്‌ ഭേദമാക്കണ്ട ആശുപത്രിയില്‍ നിന്ന് രോഗം പകരും. പാശ്ചാത്യനു രോഗത്തെ പേടിയാണു. ഇതുകൊണ്ടാണു രോഗികളെ പരിചരിക്കാന്‍ മൂന്നാം ലോകത്തില്‍ നിന്ന് ചരക്കുകളെ അവര്‍ ഇറക്കുമതി ചെയ്യുന്നത്‌. ഇന്ത്യാക്കാരനും പാക്കിസ്ഥാനിയും ശ്രീലങ്കക്കാരനും വന്ന് എന്തു രോഗം വേണമെങ്കിലും ഏറ്റുപിടിച്ചോട്ടെ!! ഉള്ള കാശങ്ങ്‌ കൊടുത്തേക്കാം. എമിഗ്രേഷന്‍ നിയമത്തിലും ഇളവുവരുത്താം. നമുക്ക്‌ വയ്യേ, വയ്യ! കാനഡ, ബ്രിട്ടന്‍, ആസ്ത്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ ഇന്ത്യയില്‍ നിന്നും നഴ്സുമാരുടെ കുത്തിയൊഴുക്കിനു ഒരു കാരണം ഇതാണു.

പക്ഷെ നമ്മുടെ ഡോക്ടറന്മാരെ അവിടെങ്ങും അടുപ്പിക്കുകേല. പലരും ഡോക്ടറാകാന്‍ ഇംഗ്ലണ്ടില്‍ ചെന്നിട്ട്‌ വേലേം കൂലിം ഇല്ലാതെ ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ പടച്ചോറുണ്ട്‌ കഴിയുകയാണു. ദേഹത്ത്‌ തൊട്ടുള്ള കളിക്ക്‌ സായിപ്പിനു നമ്മളെ അത്ര വിശ്വാസം പോരാ. അതിനു അവിടുത്തുകാര്‍ വേണം. അല്ലെങ്കില്‍ അവിടുത്തെ പരീക്ഷയൊക്കെ പാസാകണം. അതിനു കഴിയുന്നില്ലെങ്കില്‍ ആസ്ത്രേലിയായിലൊക്കെ പല ഇന്ത്യന്‍ ഡോക്ടര്‍ന്മാരും ചെയ്യുന്ന പോലെ മസാലദോശയൊക്കെ കിട്ടുന്ന നല്ല തട്ടുകടകള്‍ ആരംഭിക്കാം. ക്ലിനിക്ക്‌ പറ്റുകേല. ഒരു തരത്തില്‍ ഭക്ഷണവും ഒരു മരുന്നാണല്ലൊ. ജീവന്‍ നിലനിര്‍ത്തുന്ന മരുന്ന്.

ആശുപത്രി എന്ന് പറയുന്നത്‌ മറ്റ്‌ കച്ചവടങ്ങള്‍ പോലെ അരത്തട്ടിപ്പും മുക്കാല്‍ വെട്ടിപ്പുമാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. അല്ലെങ്കില്‍ നല്ല വിറ്റുവരവുള്ള റേഞ്ചൊക്കെ വേണ്ടെന്ന് വച്ചിട്ട്‌ കള്ള്‌ കച്ചവടക്കാര്‍ ആശുപത്രികള്‍ തുടങ്ങില്ലല്ലോ. ഏതാണ്ട്‌ ചാരായ ഷാപ്പുപോലെയാണു ആശുപത്രികളും. കയ്യില്‍ കാശുള്ളവനെ അവിടെ മതിപ്പുള്ളു. (ചിക്കൂണ്‍ ഗുണിയ വ്യാപകമായപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ എന്തു ചെയ്തുവെന്ന് ഓര്‍ക്കുക). കാശുള്ളവനെക്കാണുമ്പോള്‍ ഈ ഡോക്ടറന്മാരും നഴ്സുമാരുമൊക്കെ "അപ്പച്ചാ" "അമ്മച്ചി" "അങ്കിളേ" എന്നൊക്കെ വിളിക്കും. കാശില്ലാത്തവനെ കണ്ടാലോ? "ശവങ്ങള്‌" എന്നും. (അത്‌ കേള്‍ക്കാന്‍ ഗവണ്മെന്റാശുപത്രിയില്‍ തന്നെ പോകണം). പണത്തിനു മീതേ ദീദിയും പറക്കില്ലാ എന്നൊരു ചൊല്ലില്ലെ? ആ പണക്കൊഴുപ്പിന്റെ ഒരു സെലിബ്രിറ്റി രൂപമാണു സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി, മെഗാ സ്പെഷാലിറ്റി ഹോസ്പിറ്റലുകള്‍. (ആരാണാവോ ഇതിനൊക്കെ ഇങ്ങനെ പേരിടുന്നത്‌?) അവിടൊക്കെ കാശുകൊടുത്താല്‍ എല്ലാം ഭദ്രമാണെന്നാണു വയ്പ്‌. മുന്തിയ ചികിത്സ. മുന്തിയ പരിചരണം. മുന്തിയ ബില്ല്! ഇപ്പോളവിടെ നിന്നും മുന്തിയ 'സഹായവും' കിട്ടുമെന്ന് ഈ വാര്‍ത്ത സ്ഥിതികരിക്കുന്നു. സൗജന്യ AIDSരോഗം!!

പക്ഷെ ഇതിന്റെ ദാരുണമായ മാനുഷിക വശത്തെക്കുറിച്ച്‌ ആരും പ്രതികരിച്ച്‌ കണ്ടില്ല. നഴ്സുമാരുടെ സംഘടന പോലും. മെച്ചപ്പെട്ട ഒരു തൊഴില്‍ എന്ന നിലയിലാണു പല പെണ്‍കുട്ടികളും നഴ്സിങ്ങിനെ കാണുന്നത്‌. മികച്ച വേതനത്തിനൊപ്പം തൊഴിലില്‍ നിന്നുള്ള സംതൃപ്തിയും ഇതിലുണ്ട്‌. അവര്‍ ആത്മാര്‍ത്ഥമായി ജോലിചെയ്യുമ്പോള്‍ മെച്ചപ്പെട്ട സേവന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണ്ടെ? അവരുടെ സുരക്ഷിതത്ത്വം ഉറപ്പുവരുത്തണ്ടെ? അത്‌ ആരുടെ ചുമതലയാണു? സ്വകാര്യമേഖലയിലാകുമ്പോള്‍ അത്‌ മുതലാളിയുടെ ഉത്തരവാദിത്തമല്ലെ? ഇവിടെ അത്‌ നിര്‍വ്വഹിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ കാണുന്നു. എയിഡ്‌സ്‌ രോഗികളെ ചികിത്സിക്കുമ്പോള്‍ സൂക്ഷിക്കേണ്ട അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണു എയിഡ്‌സ്‌ ബാധക്ക്‌ കാരണമെന്ന് 'പണ്ഡിതന്മാര്‍' സ്ഥിതീകരിച്ചിട്ടുണ്ട്‌. (അതെന്തായാലും നന്നായി. അവര്‍ നാലുപേരുടേയും ജീവിതം കട്ടപ്പൊകയായെങ്കിലെന്താ നമുക്ക്‌ ശാസ്ത്രീയമായ ഒരു കാരണം കിട്ടിയല്ലോ. അതു മതി.) ഗ്രാഡുവേറ്റ്‌ നഴ്സുകളായിരുന്നു അവര്‍ നാലുപേരും. നാല്‌ മനുഷ്യജന്മങ്ങളാണു മാനേജുമെന്റിന്റെ ദുരകാരണം കരിഞ്ഞ്‌ പോയത്‌.

ആശുപത്രിയില്‍ എത്തുന്ന വി.ഐ.പി കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചതാണു ദുരന്തത്തിനു കാരണമെന്ന് പറയപ്പെടുന്നു. വി.ഐ.പികളുടെ ഒരാശുപത്രിയായതു കൊണ്ട്‌ അവിടുത്തെ പല സംഗതികളും രഹസ്യമായി വച്ചിരിക്കുകയാണത്രെ. യതാര്‍ത്ഥ രോഗം രേഖപ്പെടുത്താതെ തന്നെ അവിടെ ചികിത്സ നടക്കാറുണ്ട്‌. എയിഡ്‌സ്‌ ബാധയുള്ള വി.ഐ.പികള്‍ വന്നാല്‍ മറ്റ്‌ രോഗത്തിന്റെ മറവില്‍ ചികിത്സിക്കും. പണക്കാരന്റെ മാനത്തിനു വലിയ വിലയാണല്ലോ. അപ്പോള്‍ മെഡിക്കല്‍ എത്തിക്കുകള്‍ ഉപേക്ഷിക്കാം. വലിയ ഡോക്ടര്‍ക്കും നഴ്സിംഗ്‌ സൂപ്രണ്ടിനുമായിരിക്കും രോഗിയുടെ നിജസ്ഥിതി അറിയാവുന്നത്‌. അവര്‍ അത്‌ പുറത്ത്‌ വിടില്ല. വങ്കിട ആശുപത്രികളില്‍ ഇതു ഒരു പുതുമയൊന്നുമല്ല. നിത്യപരിചരണത്തിലേര്‍പ്പെട്ടിരിക്കുന്ന പാവം നഴ്സുമാരും മറ്റ്‌ സ്റ്റാഫുകളും അതൊന്നുമറിയാതെ രോഗികളുമായി ഇടപഴകുന്നു. വി.ഐ.പി രോഗികള്‍ വച്ചു നീട്ടുന്ന'സഹായം'-AIDS- അറിയാതെ കൈപ്പറ്റുന്നു.

കൃത്യമായി മാറാന്‍ കയ്യുറകള്‍ പോലും അവിടെ നല്‍കാറില്ലെന്ന് പരാതിയുണ്ട്‌. കയ്യുറകള്‍ അണിഞ്ഞ്‌ വി.ഐ.പികളെ പരിചരിക്കുന്നത്‌ അവര്‍ക്ക്‌ ഇഷ്ടമല്ലത്രെ! ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്ത്വത്തേക്കള്‍ മാനേജുമെന്റിനു ആവശ്യം വി.ഐ.പികളുടെ മാനസികോല്ലാസമാണല്ലോ. പണം വരുന്നത്‌ അതിലൂടെയാണല്ലോ. പക്ഷെ നാഴികയ്ക്ക്‌ നാല്‍പതു വട്ടം ശാസ്ത്രത്തെപിടിച്ച്‌ ആണയിടുന്ന ഒരൊറ്റ ഡോക്ടര്‍ പോലും ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കിയതായി എങ്ങും കണ്ടില്ല. കാരണം എന്തായിരിക്കും?

നഴ്സ്‌ വേറും സ്ത്രീയാണു. അവള്‍ അനുഭവിക്കാനുള്ളവളാണു. സെക്കന്‍ഡ്‌ സെക്സിലെ തന്നെ അധഃകൃത. ഡോക്ടറന്മാര്‍ക്കും മാനേജുമെന്റിനും ഈ ചിന്താഗതിയുണ്ട്‌. അതാവില്ലെ ഈ നികൃഷ്ഠതയിലേക്ക്‌ അവരെ എറിഞ്ഞുകൊടുക്കാന്‍ ഇടയാക്കിയത്‌?

അല്ലെങ്കില്‍ തന്നെ മൂന്നാം ലോകത്തില്‍ പെണ്ണ് പെണ്ണല്ല! അവള്‍ മനുഷ്യജീവിയേ അല്ല. വെറും പുഴുവാണു. പ്രത്യേകിച്ച്‌ ശാസ്ത്രത്തിന്റെ മറവില്‍ വ്യാപാരം നടത്തുമ്പോള്‍ അവളുടെ വിധിക്ക്‌ രൂക്ഷത കൂടും. അവള്‍ അതിന്റെ പല്‍ച്ചക്രത്തിനിടയില്‍ കിടന്ന് അരഞ്ഞുപോകാനുള്ള പുഴുവാണു.

മേമ്പൊടി
Delhi High Court has sought an explanation from medical superintendent of AIIMS for its failure to comply with the disclosure of sufficient details after a boy, suffering from cancer//, became infected with AIDS after blood transfusion at the hospital in 2001. Aggrieved with the defensive attitude of AIIMS, Justice Vikramjit Sen has asked the hospital to explain its unwillingness to disclose details of the donor whose blood was transfused into the victim.

Tuesday, February 26, 2008

ഡോക്ടറന്മാരുടെ വാരിക്കുഴികള്‍

ഒരാള്‍ ശാസ്ത്രജ്ഞനാകുന്നത്‌ എപ്പോഴാണു? താന്‍ പഠിച്ചതിനെ ജീവിതത്തില്‍ പകര്‍ത്തുമ്പോഴല്ലെ? ഡോക്ടറന്മാരുടെ കാര്യത്തില്‍ ഇത്‌ എത്ര കണ്ട്‌ ശരിയാണു? ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലെ അവസാനവാക്കാണു മോഡേണ്‍ മെഡിസിനിലെ ഡോക്ടറന്മാര്‍. നാനാതരം രോഗങ്ങളെക്കുറിച്ച്‌ അവര്‍ പഠിക്കുന്നു, പരീക്ഷിക്കുന്നു, മരുന്ന് കണ്ടുപിടിക്കുന്നു, രോഗികള്‍ക്ക്‌ നല്‍കുന്നു. ആധുനികവും ശാസ്ത്രീയവുമായ ആരോഗ്യരീതികള്‍ ഉപദേശിക്കുന്നു. രോഗികള്‍ക്ക്‌ നല്‍കുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പാലിക്കാന്‍ ഡോക്ടറന്മാരും ബാദ്ധ്യസ്ഥരല്ലെ? അങ്ങനെ ചെയ്യുന്നില്ലെന്നു വരുമ്പോള്‍ അതിന്റെ അര്‍ത്ഥം എന്താണു? അവര്‍ പ്രചരിപ്പിക്കുന്ന ശാസ്ത്രം അര്‍ത്ഥശൂന്യവും വെറും വില്‍പനച്ചരക്കും മാത്രമാണെന്നാണോ?

രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്റ്റ്രോള്‍, ഇവ മൂന്നും ഡോക്ടറന്മാര്‍ക്ക്‌ നല്ല വരുമാനം നേടിക്കൊടുക്കുന്ന ശാരീരിക വ്യതിയാനങ്ങളാണു. അവയെപ്പറ്റി ഭീതിദമായ കഥകള്‍ മെനഞ്ഞ്‌ രോഗികളെ ഭയപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും നാം എന്താണു വിചാരിക്കുക? ഇത്തരം അസുഖങ്ങള്‍ ഡോക്ടറന്മാരില്‍ കാണില്ല. കാരണം ഇതിന്റെ ദുരന്തത്തേക്കുറിച്ച്‌ ശാസ്ത്രയുക്ത്യാ അവബോധമുള്ളവരാണു ഡോക്ടറന്മാര്‍. അതുകൊണ്ട്‌ ഇത്തരം അസുഖങ്ങള്‍ ഉണ്ടാകാന്‍ അവര്‍ ഇടവരുത്തില്ല. ഉണ്ടായാല്‍ തന്നെ ചികിത്സിച്ച്‌ ഭേദമാക്കിക്കഴിഞ്ഞിരിക്കും. രോഗിയായിരുന്നു കൊണ്ട്‌ മറ്റൊരു രോഗിയെ ഉപദേശിച്ചാല്‍ എന്ത്‌ പ്രയോജനം? അങ്ങനെ ചികിത്സിക്കാന്‍ മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും കഴിയുമോ? അതു ചെകുത്താന്റെ വേദം പറച്ചിലോ വേശ്യയുടെ ചാരിത്ര്യ പ്രസംഗമോ ആയി അധഃപതിക്കില്ലെ? എന്നാല്‍ ഡോക്ടറന്മാര്‍ അത്‌ ചെയ്യുന്നുണ്ട്‌.

പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, കുടവയര്‍ തുടങ്ങിയവ ഡോക്ടറന്മാരില്‍ എത്രകണ്ട്‌ വ്യാപകമാണെന്നറിയുവാന്‍ വേണ്ടി ഒരു പഠനം ** നടന്നു. അഞ്ചു വര്‍ഷക്കാലം ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ നടന്ന ഗവേഷണത്തിന്റെ ഫലം ഇപ്പോള്‍ പുറത്ത്‌ വന്നിരിക്കുന്നു. അതൊട്ടും ആശാവഹമല്ല. പഠനവിധേയമാക്കിയ ഡോക്ടറന്മാരുടെ പ്രായം 25-55. അതായത്‌ നമ്മുടെ സമകാലിക ഡോക്ടറന്മാരുടെ പ്രായം! (യാഥാര്‍ത്ഥ്യത്തോട് യോജിക്കില്ലെന്ന് അറിയിച്ചതു കൊണ്ട് ഇവിടെ ഉണ്ടായിരുന്ന പരാമര്‍ശം നീക്കം ചെയ്തിരിക്കുന്നു.)

സാധാരണ നിലയില്‍ ഒരു രോഗിയെ ഭയവിഹ്വലനാക്കാന്‍ ഡോക്ടറന്മാര്‍ നിരീക്ഷണ വിധേയമാക്കുന്ന ഘടകങ്ങളാണു കൊളസ്റ്റ്രോള്‍, രക്തത്തിലെ പഞ്ചസാര, അമിതവണ്ണം തുടങ്ങിയവ. അവ നിശ്ചിത തോതിനുള്ളില്‍ നിന്നില്ലെങ്കില്‍ അപകടമാണെന്നാണു ഡോക്ട്ടറന്മാരുടെ വിരട്ടല്‍സ്‌. രോഗി പേടിച്ച്‌ ഒരു നൂറായിരം ടെസ്റ്റുകള്‍ക്ക്‌ വിധേയമാകുകയും ആയിരക്കണക്കിനു രൂപയുടെ മരുന്ന് വിഴുങ്ങുകയും ചെയ്യും. ഈ വിരട്ടല്‍സ്‌ നടത്തുന്ന ഡോക്ടറുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഈ ഘടകങ്ങള്‍ ഡോക്ടറിന്മാരില്‍ പഠനവിധേയമാക്കിയപ്പോള്‍ അവരുടെ കാര്യത്തിലും അതൊന്നും പരിധിക്കുള്ളിലല്ല എന്ന് കണ്ടെത്തുന്നു. എന്നുമാത്രമല്ല പഠിപ്പോ വിദ്യാഭ്യാസമോ ഇല്ലാത്ത ചിട്ടകള്‍ പാലിക്കാത്ത സാധരണ രോഗികള്‍ക്കുള്ള അനുപാതത്തിലും തരത്തിലും തന്നെയാണു ഡോക്ടറന്മാരിലും അവയൊക്കെ കാണപ്പെട്ടത്‌. പിന്നെ ഈ ഡോക്ടറന്മാര്‍ ഇത്രയൊക്കെ പഠിച്ചതുകൊണ്ട്‌ എന്തു ഗുണം? അതോ ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നാണോ? ഇതൊക്കെ ഒരു തൊഴിലല്ലെ എന്നാണോ? ചുരുക്കത്തില്‍ അമ്മയും മോളും പെണ്ണു തന്നെ! ഡോക്ടറും രോഗിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന് ചുരുക്കം. പിന്നെ ചികിത്സയ്കായി ഡോക്ടറെ കണ്ടിട്ട്‌ എന്ത്‌ പ്രയോജനം?

സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍. രോഗം കണ്ടുപിടിക്കാനുള്ള ആധുനിക സങ്കേതങ്ങള്‍. അത്ഭുതകരമായ മരുന്നുകള്‍. അതിനിപുണന്മാരായ ഭിഷഗ്വരന്മാര്‍. ഇത്രയൊക്കെയും ഉണ്ടായിട്ടും അതിന്റെ സാരഥികളില്‍ നിന്നു പോലും രോഗം അകറ്റി നിര്‍ത്താനാവുന്നില്ല. ഇത്‌ രോഗികള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയല്ലെ? ഇത്‌ നല്‍കുന്ന സൂചനയെന്താണു? ആധുനിക വൈദ്യശാസ്ത്രം ഒരു പരാജയമാണെന്നോ?

വ്യവസായം എന്ന നിലയില്‍ ആധുനിക വൈദ്യശാസ്ത്രം ഒരു വന്‍ വിജയമാണെന്ന് ആര്‍ക്കാണറിയാത്തത്‌. പക്ഷെ ആരോഗ്യത്തിന്റേയോ, രോഗം ഭേദമാകുന്നതിന്റേയോ മാനദണ്ഡം വച്ചു നോക്കിയാല്‍ അത്‌ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും. അതിനുള്ള ഏറ്റവും വലിയ തെളിവാണു ഈ പഠനം വഴി പുറത്ത്‌ വന്നിരിക്കുന്നത്‌.

ഇനി മുതല്‍ ഒരു ഡോക്ടറെ സമീപിക്കുമ്പോള്‍ രോഗിയുടെ ഉത്തരവാദിത്തം ഇരട്ടിയാകും. ആദ്യം തന്നെ ഡോക്ടര്‍ ഒരു രോഗിയാണൊ എന്നറിയണ്ടെ? സ്പിഗ്മോമാനോ മീറ്റര്‍ കയ്യില്‍ കെട്ടാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ രോഗിക്ക്‌ ഡോക്ടറോട്‌ ചോദിക്കേണ്ടി വരും,
"ഡോക്ടറെ, ഡോക്ടറുടെ ബി.പി.എത്രയാ? 80/120 ?“
അതില്‍ നിന്നും വ്യത്യാസമുണ്ടെന്ന് പറഞ്ഞാല്‍, എന്തു കൊണ്ട്‌ അതിതുവരെ നോര്‍മ്മലായില്ല? അതറിയാനുള്ള അവകാശം രോഗിക്കില്ലെ? ഡോക്ടര്‍ക്ക്‌ തന്നെ ആ രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ താനെന്തിനു നിന്നു കൊടുക്കണം എന്ന് രോഗികള്‍ ചിന്തിക്കാന്‍ തുടങ്ങിയലോ? അതുപോലെ ഡോക്ടര്‍ പുകവലിക്കുമോ? അതറിയണം.
പിന്നെ കൊളസ്റ്റ്രോള്‍ എത്രയാ? അതില്‍ LDL എത്ര? HDL എത്ര?
സംഗതി 200 നു മുകളിലാണെങ്കില്‍ എന്താ ഡോക്ടറെ അത്‌ ഇതുവരെ പരിധിക്കകത്ത്‌ കൊണ്ടുവരാന്‍ കഴിയാതിരുന്നത്‌?
പുക്കിളിനു കണക്കാക്കി ടേപ്പ്‌ പിടിച്ചാല്‍ എത്ര സെന്റീമീറ്റര്‍ വണ്ണമുണ്ട്‌?
90 നു മുകളിലോ. എന്നാല്‍ അത്‌ കുറച്ചിട്ടു വാ.
ഇതൊക്കെ അറിഞ്ഞിട്ടു വേണ്ടി വരും രോഗിക്ക്‌ ചികിത്സ ആരംഭിക്കാന്‍.

ഏതു രോഗത്തിനും ബോര്‍ഡ്‌ വച്ച്‌ ചികിത്സയുള്ള കാലമാണു. വലിയ ഫീസും ഈടാക്കുന്നുണ്ട്‌. അപ്പോള്‍ അതിന്റെ ഗുണമേന്മ അന്വേഷിക്കാനുള്ള അര്‍ഹത രോഗിക്കില്ലെ? അതൊരു ഉപഭോക്താവിന്റെ അവകാശമല്ലെ? ഇത്തരം തലവേദന ഒഴിവാക്കാന്‍ വേണ്ടിയാകും ആശുപത്രികളെ ഉപഭോക്തൃനിയമത്തിനു പുറത്ത്‌ കൊണ്ട്‌ വരണമെന്ന് ഡോക്ടറന്മാര്‍ ബഹളം വയ്ക്കുന്നത്‌.

ഡോക്ടറന്മാരുടെ പേച്ചും പ്രവര്‍ത്തിയും തമ്മില്‍ പിരിഞ്ഞിട്ട്‌ കാലം കുറച്ചേറയായി. കള്ളപ്പണക്കാരനും കള്ള്‌ കച്ചവടക്കാരനും ആശുപത്രികള്‍ ആരംഭിച്ചപ്പോള്‍ കാശ്‌ മോഹിച്ച്‌ അവിടേക്ക്‌ ചെന്നതു മുതലാണു അതിന്റെ തുടക്കം. ചികിത്സയുടെ അന്തസത്ത വിസ്മരിച്ചു. പണമുണ്ടാക്കാനുള്ള ഒരു ബിസിനസ്സില്‍ പങ്കാളിയാകുമ്പോള്‍ സ്വാഭാവികമായും അതിന്റെ മൂല്യം നഷ്ടപ്പെടും.

രോഗം ഭേദമാക്കലല്ല ഇന്നത്തെ മെഡിക്കല്‍ മാനേജ്‌മന്റ്‌. ചാകുന്ന വരെ രോഗവുമായി രോഗിയെ നടത്തുക. കോടികള്‍ മുടക്കി തുടങ്ങിയ ആശുപത്രികള്‍ ലാഭത്തില്‍ ഓടിച്ച്‌ പോകണ്ടെ. അതിനു രോഗികള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കണം.ഒരിക്കലും രോഗം മാറരുത്‌.

ഇതിന്റെ തന്നെ വേറൊരു വശം മോഡേണ്‍ മെഡിസിനിലെ ആധുനിക താവഴി രോഗികളെ ചികിത്സിക്കുന്നില്ല എന്നുള്ളതാണു. രോഗലക്ഷണങ്ങളെ മറച്ചു പിടിക്കാന്‍ മരുന്ന് നല്‍കുകയാണു അവരുടെ രീതി. രോഗിക്ക്‌ ആശ്വാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കണം. ഇനി അതിനു പറ്റാതെ വന്നാല്‍ ബന്ധപ്പെട്ട അവയവം മുറിച്ച്‌ മാറ്റും. ഒത്താല്‍ കൃത്രിമമായ വേറൊന്ന് വച്ച്‌ പിടിപ്പിച്ചു കൊടുക്കും. ഒരു മോട്ടോര്‍ മെക്കാനിക്കിനെപ്പോലെ. പക്ഷെ, മനുഷ്യന്‍ കാറോ സ്കൂട്ടറോ അല്ലല്ലോ.

സമഗ്രമായ ഒരു ആരോഗ്യശാസ്ത്രത്തിന്റെ സരണികളിലേക്ക്‌ വൈദ്യശാസ്ത്രം ചുവടുമാറിയാലെ ഈ വാരിക്കുഴിയില്‍ നിന്ന് കരകയറാനാകു. ഇന്ത്യയ്കാണെങ്കില്‍ അത്തരമൊരെണ്ണം ചൂണ്ടിക്കാണിച്ച്‌ തരാനുമുണ്ട്‌.

** ചെന്നയിലെ ഇന്ത്യന്‍ ഡയബറ്റിക്ക് ഫൌണ്ടേഷനാണു പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് 2008 ജനവരി ലക്കം അസ്സോസ്സിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യാ ജേര്‍ണലില്‍

മേമ്പൊടി:
High Prevalence of Cardiometabolic Risk Factors among Young Physicians in India
A Ramachandran, C Snehalatha, A Yamuna, N Murugesan
Abstract
Aim : To assess the health status of young Indian doctors engaged in clinical practice compared with the general population.
Conclusions: In India , doctors had high prevalence of metabolic disorders showing that they had not taken good care of their health. Doctors need to be motivated to practise good healthcare habits that they advocate to their clients.
(പൊതു അറിവിനായി പ്രസിദ്ധീകരിക്കുന്നത്. പൂര്‍ണ്ണരൂപത്തിനു http://www.japi.org/january2008/O-17.htm)

Thursday, February 21, 2008

ദുര്‍മ്മനസിന്റെ അമാവാസി......


"....കാര്‍ഷികവൃത്തി ഒരു കാല്‍പനിക സങ്കല്‍പമാവുകയാണു. ഈ സങ്കല്‍പവുമായി ഇനിയിവിടെ ജീവിക്കാന്‍ കഴിയുകയില്ല. കര്‍ഷക ആത്മഹത്യകള്‍ക്ക്‌ പിന്നിലും മാറ്റമില്ലാത്ത സമീപനമാണു. കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കാണു ഇനി പ്രയോജനപ്പെടുത്തേണ്ടത്‌....."
ലോകം ആദരിക്കുന്ന ഒരു വ്യക്തിയുടേതാണു ഈ വാക്കുകള്‍. ആരാണെന്ന് ഞാന്‍ പറയുന്നില്ല. കഥയും നോവലുമൊക്കെ എഴുതും. ലോകത്ത്‌ സമാധനം നിലനില്‍ക്കണമെന്ന ഒറ്റ പിടിവാശിയായിരുന്നു ജീവിതത്തില്‍ ഇതുവരെ. അതിനുവേണ്ടി കോടിക്കണക്കിനു ഡോളര്‍ ശമ്പളമുള്ള ഒരു ലാവണം ഉണ്ടായിരുന്നു. ലോകസമാധാനമാണെങ്കില്‍ കോഴിയുടെ മുല പോലെ അനുദിനം കിളിച്ചു വന്നു കൊണ്ടിരിക്കുകയുമാണു. ഈ ജന്മത്തെ ജീവിതം നടന്നു പോകാന്‍ അതൊക്കെ അധികമായിരുന്നു. എന്നിട്ടും എങ്ങനെ ഈ വൈഖരി ഉണ്ടായി?.
ലോക സമാധനം മുഖ്യ അജണ്ടയിലുള്ളതുകൊണ്ടാകാം അദ്ദേഹം എപ്പോഴും അതിനേപ്പറ്റി മാത്രം ചിന്തിക്കുന്നത്‌. അങ്ങിനെയാണു അതിനൊരു ഉപായം ആ മനസില്‍ ഉരുത്തിരിഞ്ഞ്‌ വന്നത്‌.
"കൃഷി ഭൂമി കാര്‍ഷികേതര ആവശ്യത്തിനുപയോഗിക്കുക".
ഉടന്‍ ലോക സമാധാനം വരും. വിശക്കുമ്പോ വയറ്റിലേക്ക്‌ വല്ലതും ഇട്ട്‌ കൊടുക്കുന്നതു കൊണ്ടാണു 640 കോടി കുഞ്ഞുകുട്ടി പരാധീനങ്ങള്‍ ലോകസമാധാനത്തിനു ശ്രമിക്കാത്തത്. വയറു നിറഞ്ഞാലുടന്‍ ഇവറ്റകള്‍ യുദ്ധം തുടങ്ങും. അപ്പോള്‍, വയറു നിറയാതാക്കിയാല്‍ മതി. പിന്നെ പ്രശ്നമില്ലല്ലോ. അതിനുള്ള എളുപ്പ വഴിയാണു കൃഷിഭൂമിയിലെല്ലാം ആണവ നിലയങ്ങള്‍ പണിയുക. അല്ലെങ്കില്‍ വലിയ വലിയ കമ്പനികള്‍ക്ക്‌ പണ്ടിക ശാലകള്‍ തുടങ്ങാന്‍ വിട്ടു കൊടുക്കുക. അത്‌ വ്യാപകമാകുമ്പോള്‍ കൃഷി എന്ന പരിപാടി നില്‍ക്കും. പിന്നെ കര്‍ഷകനില്ല. കര്‍ഷക ആത്മഹത്യയുമില്ല. എല്ലാവര്‍ക്കും സമാധാനമായി കിടക്കാം. നിത്യസമാധാനം! അതിനു ആറടി മണ്ണ് മതി.
കേരളത്തില്‍ തനിക്ക്‌ വേരുകളുണ്ടെന്ന് ഊറ്റം കൊള്ളുന്നയാളാണു അദ്ദേഹം. 'വേരുകള്‍' എന്ന പ്രയോഗം തന്നെ മണ്ണിനോടും ചെടിയോടും ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം ഓര്‍ത്തില്ലെന്ന് തോന്നുന്നു. ഭൂമിയില്‍ ഇറങ്ങുമ്പോള്‍ ടര്‍മാര്‍ക്കുമാത്രമായിരിക്കും ആ സമാധന കാംഷിക്ക് പരിചയമുള്ള ഭൂമിയുടെ ഉപരിതലം. അതു പോലും ഏറ്റവും മുന്തിയ തരം ഇറ്റാലിയന്‍ ഷൂവിന്റെ മുക്കാലിഞ്ച്‌ സോള്‍ കൊണ്ട്‌ അകത്തിപ്പിടിച്ചിരിക്കും. എന്നിട്ടാണു മണ്ണിന്റെ പേരില്‍ ജനതയെ പ്രബുദ്ധരാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌.
ഇത്തരമാളുകള്‍ ലോകത്തിനു ഒരുപാട് നാശം ചെയ്യും. അന്നം നിഷേധിക്കാനുള്ള അനുജ്ഞ കൊടുക്കുന്നവര്‍ ഏത് നരകത്തിലാണു ചെന്നെത്തുക എന്ന് ഗരുഡപുരാണത്തില്‍ കാണാം. ഈ വാക്കുകള്‍ വൈശ്വാനരനെ പ്രകോപിപ്പിക്കുന്നു. വൈശ്വാനരനെന്നാല്‍ ലോകത്തിലെ വിശപ്പിന്റെ ആകത്തുക. അതഗ്നിയാണത്. ഭൌതികവാദികള്‍ക്ക് ഊര്‍ജ്ജമായും എടുക്കാം. വൈശ്വാനരന്റെ നീണ്ട നാവ് അദ്ദേഹത്തിന്റെ 7 തലമുറകളിലേക്ക് നീണ്ട് ചെല്ലില്ലെന്ന് ആരു കണ്ടു? ഇത്തരം വാക്കുകള്‍ അതുച്ചരിക്കുന്നവരെ നശിപ്പിക്കുന്നതിനൊപ്പം ലോകത്തിനു അസ്വസ്ഥതയുണ്ടാക്കിക്കൊണ്ട്‌ ചുറ്റി നടക്കും. .
ലോകത്ത്‌ ജീവന്‍ തുടിക്കുന്നത്‌ കാണുന്നതിനോടുള്ള വെറുപ്പാകാം ഇതിനു പിന്നില്‍. കൃഷി ചെയ്താലല്ലാതെ മനുഷ്യനു ഭക്ഷണം ഉണ്ടാവുകയില്ലെന്ന് അദ്ദേഹത്തിനു അറിയാത്തതല്ല. എന്നിട്ടും കൃഷി ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കണമെന്ന് പറയുന്നതോ? അതാണു ലോകത്തോടുള്ള വെറുപ്പ്‌. ഓരോദിവസവും അന്നം വേണ്ടവനാണു മനുഷ്യന്‍. അത് തികയാതെ വരണം. കൃഷിഭൂമി കുറഞ്ഞാലുള്ള മാറ്റം അതാണല്ലോ.ഇത്രയധികം മനുഷ്യര്‍ ലോകമെമ്പാടും വായ തുറന്ന് നില്‍ക്കുന്ന ചിത്രമൊന്ന് സങ്കല്പിച്ചു നോക്കു?.
ലോക പരിചയം കൂടുന്തോറും മനുഷ്യനു വിവേകവും കാരുണ്യവും വര്‍ദ്ധിച്ചു വരികയാണു പതിവ്. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ മറിച്ചാണു സംഭവിച്ചിരിക്കുന്നത്.
സോമാലിയയായിലേക്കും എത്യോപ്യയിലേക്കും സമാധന സംഘങ്ങളെ നയിച്ചിട്ടുള്ള ആളാണു അദ്ദേഹമെന്ന് കേട്ടിരിക്കുന്നു. പട്ടിണിയുടെ കറുത്ത മുഖങ്ങള്‍ അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. അതിന്റെ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നിട്ടും ഈ വാക്കുകള്‍ എങ്ങനെ ഉണ്ടായി......?
വേണ്ട, അദ്ദേഹത്തിനു ശമ്പളം നല്‍കിയിരുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയമെന്താണു? ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ വമ്പിച്ച സബ്ബ്‌സിഡികള്‍ അവിടെ നല്‍കുന്നു. വങ്കിടക്കാര്‍ക്കാണു അതിന്റെ പ്രയോജമെങ്കിലും ആത്യന്തികമായി അതു കൃഷിയെയാണു സഹായിക്കുന്നത്‌. ഭൂമിയില്‍ കൃഷി നിന്നുപോയാല്‍ മനുഷ്യന്റെ അവസ്ഥയെന്താകും? വാ തുറന്നിരിക്കുന്ന മനുഷ്യന്റെ ഉള്ളിലേക്ക് എന്തു ചെല്ലും? അരിയില്ലെങ്കില്‍ പാലും മുട്ടയും കഴിച്ചോളാന്‍ പറഞ്ഞ നമ്മുടെ ജനകീയ ജനാധിപത്യ നായകനെ കടത്തി വെട്ടിയിരിക്കുകയാണു ഈ ലോകാരാദ്ധ്യന്‍.

Sunday, February 17, 2008

"ഞങ്ങളുടെ പിഴ.....ഞങ്ങളുടെ പിഴ....ഞങ്ങളുടെ മാത്രം പിഴ"

തലക്കെട്ട്‌ കണ്ട്‌ അമ്പരക്കണ്ട! അക്ഷരക്കഷായത്തിനു ഒരാമുഖമാണിത്‌. ബ്ലോഗ്‌ ആരംഭിച്ചിട്ട്‌ ഒരു വര്‍ഷവും 25 പോസ്റ്റും കഴിഞ്ഞു. അതിനു ശേഷം ഇങ്ങനെ ഒരാമുഖം വേണ്ടിവന്നത്‌ തലകുത്തി നില്‍പ്പാണന്നറിയാം. ബ്ലോഗിന്റെ സ്വാഭാവം വച്ച്‌ നോക്കുമ്പോള്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാര്യങ്ങള്‍ അല്‍പം തലതിരിഞ്ഞ രീതിയിലാണല്ലോ ഇതിലൂടെ പുരത്ത്‌ വരുന്നത്‌.

അക്ഷരക്കഷായം എന്തിനാണെന്ന് ഹെഡറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ അധികമാരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. 'പാരമ്പര്യത്തിനായി ഒരിടം'. അത്രേയുള്ളു ഉദ്ദേശം. അത്‌ മനസിലാക്കാതെയാണു ബ്ലോഗില്‍ വരുന്നതിനോട്‌ പലരും പ്രതികരിയ്ക്കാറുള്ളത്‌.
ഈ ബ്ലോഗ്‌ പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ച്‌ പോക്കാനെന്ന് പലരും ഭയപ്പെടുന്നു. സയന്‍സിനെ മുറുകെ പിടിക്കുന്നവരാണവര്‍. എന്നിട്ടും കാര്യങ്ങളെ സയന്‍സിന്റെ കണ്ണിലൂടെ കാണുവാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. കാലത്തിനെ പിന്നിലേക്ക്‌ കൊണ്ടുപോകാന്‍ സയന്‍സിനു പോലും ഇന്നുവരെ കഴിഞ്ഞിട്ടില്ല. പിന്നെയാണോ ഈ കുറിപ്പുകള്‍ക്ക്‌.....? അക്ഷരക്കഷായം കാണുമ്പോള്‍ എന്തേ ഇത്‌ മറന്നുപോകുന്നത്‌? വാക്കുകള്‍ക്ക്‌ കാലത്തെ പിന്നിലേക്ക്‌ കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍- ഇവരൊക്കെ ഭയപ്പെടുന്ന പോലെ-കാലത്തെക്കുറിച്ചുള്ള സയന്‍സിന്റെ തത്ത്വശാസ്ത്രം തകരും.. പ്രപഞ്ചം ആകെ ഒരു യന്ത്രമാണെന്നും അതിന്റെ ചലനവുമായി ബന്ധപ്പെട്ട്‌ നേര്‍രേഖയിലുള്ള ഒരക്ഷമാണു കാലമെന്നുമാണല്ലോ സയന്‍സിന്റെ ചിന്ത. വാക്കുകള്‍ ഒരു മനുഷ്യനെ ആ അക്ഷത്തിലൂടെ പിന്നിലേക്ക്‌ നടത്തുമെന്ന് വിചാരിക്കാന്‍ മാത്രം ദുര്‍ബ്ബലചിത്തരാണോ ഇന്നിന്റെ ശാസ്ത്രവാദികള്‍?

സയന്‍സ്‌ കാത്തലിസം(Catholism) പോലെ ഒരു മതമായിത്തീര്‍ന്നിട്ടുണ്ട്‌. അത്‌ സത്യം. എന്നാല്‍ പാരമ്പര്യത്തിന്റെ കഥ അതല്ല. അനുഭവസിദ്ധമായ ശാസ്ത്രമാണത്‌. കാലാതീതവും. ഏതൊരാള്‍ക്കും അത്‌ അനുഭവിച്ചറിയാം. അതിനു ശാസ്ത്രയുക്ത്യാ ചിന്തിക്കുന്ന മനസുണ്ടാവണം ആദ്യം. അല്ലാതെ പാണ്ഡിത്യവും ബിരുദങ്ങളും ഒന്നും ആവശ്യമില്ല. (കര്‍ഷകരും കാര്‍ഷിക-ശാസ്ത്രജ്ഞരും തമ്മിലുള്ള വ്യത്യാസം ആലോചിച്ചു നോക്കിയാല്‍ ഇത്‌ മനസിലാകും). ഗവേഷണ പ്രബന്ധങ്ങളും എഴുതണ്ട. മുന്‍ധാരണകള്‍ ഇല്ലാതെ കാര്യങ്ങളെ സമീപിക്കാനുള്ള ആര്‍ജ്ജവം ഉണ്ടായിരുന്നാല്‍ മതി. അനുഭവവും പ്രയോജനവുമായിരിക്കണം ലക്ഷ്യം.


ലോകത്തെമ്പാടുമുള്ള ഈ പാരമ്പര്യത്തെ സയന്‍സിന്റെ ബാലിശമായ ജാര്‍ഗണുകള്‍ കൊണ്ട്‌ എതിര്‍ക്കാനുള്ള ശ്രമം ശാസ്ത്രവാദികള്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. പാരമ്പര്യങ്ങള്‍ക്ക്‌ പിന്നില്‍ അവര്‍ക്ക്‌ പരിചയമുള്ള ഒരു ശാസ്ത്രസിദ്ധാന്തം കാണാനില്ലെന്നാണു ശാസ്ത്രജ്ഞന്മാരുടെ പരാതി. അതിനു ആരാണു ഉത്തരവാദി?
പാരമ്പര്യത്തെ പഠിച്ചു നോക്കാന്‍ എത്ര പേര്‍ ശ്രമിച്ചിട്ടുണ്ട്‌?
ആരെങ്കിലുമൊക്കെ പറയുന്നത്‌ കേട്ട്‌ വിശ്വസിച്ചിരിക്കുകയല്ലെ ശാസ്ത്രവാദികള്‍?
വെറും 300 വര്‍ഷത്തിന്റെ ചരിത്രം മാത്രമുള്ള ഒരു പഠന പദ്ധതിയാണു ഇന്നത്തെ സയന്‍സ്‌. അതിന്റെയുള്ളില്‍ 5000 വര്‍ഷത്തെ ചരിത്രമുള്ള ഭാരതീയ പാരമ്പര്യധാരയുടെ തെളിവുകള്‍ തേടുന്നവരെ എന്തു വിളിക്കണം. കുങ്കുമം ചുമക്കുന്ന കഴുതയെന്നോ?
അനുഭവത്തേക്കാള്‍ വലിയ തെളിവു തേടുന്നവര്‍ക്ക്‌ ഉചിതമായ പേര്‌ മറ്റെന്താണു?
പിന്നെ പാരമ്പര്യങ്ങള്‍ക്ക്‌ പിന്നില്‍ ശാസ്ത്രതത്ത്വങ്ങള്‍ ഇല്ലെന്നാണോ?
കഷ്ടം!
മന്ത്രപൂരിതമായ ജലത്തിനു സാധാരണ വെള്ളത്തില്‍ നിന്ന് വ്യത്യാസമുണ്ടെന്ന് പറഞ്ഞാല്‍ അന്ധവിശ്വാസം.
ശബ്ദം ജലത്തിന്റെ ക്രിസ്റ്റലീകരണത്തെ സ്വാധീനിച്ച്‌ അതിന്റെ സ്വഭാവത്തെ മാറ്റുന്നു എന്ന് പറയുമ്പോള്‍ സയന്‍സ്‌.
രണ്ടും തമ്മില്‍ ഫലത്തിലുള്ള വ്യത്യാസം എന്താണു?
പാരമ്പര്യത്തില്‍ സംഭവിച്ചതെന്താണെന്ന് വച്ചാല്‍, ശാസ്ത്രീയമായ അടിത്തറയുള്ള ഒരു കാര്യം കാലത്തിന്റെ നേര്‍രേഖയിലൂടെ കൈമാറി വന്നപ്പോള്‍ അതിന്റെ തത്ത്വങ്ങള്‍ ഓര്‍ക്കാതാവുകയും പ്രായോഗികവശം മാത്രം നിലനില്‍ക്കുകയും ചെയ്തു.
ഭ്രാന്തന്മാര്‍ക്കും അവിശ്വാസികള്‍ക്കും അവയെ വീണ്ടും കണ്ടെത്താവുന്നതേയുള്ളു. വെള്ളത്തിന്റെ കാര്യത്തില്‍ ആ ജാപ്പനീസ്‌ ശാസ്ത്രജ്ഞന്‍ ചെയ്തതുപോലെ.
പാരമ്പര്യത്തിലുള്ള ഓരോന്നും കാലത്തെ അതിജീവിച്ചവയാണു.
ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ അനുഭവത്തേക്കാള്‍ വിലമതിക്കുന്നത്‌ കെട്ടിച്ചമച്ചുണ്ടാക്കുന്ന അക്കാദമിക്ക്‌ പ്രബന്ധങ്ങളേയാണു. പഠനം ഇന്ന് അറിവുണ്ടാകുന്നതിനല്ല. കണ്ടെത്തലുകള്‍ മനുഷ്യന്റെ ജിവിതം സുഖപ്രദമാക്കുന്നതിനുമല്ല. അവ ഒരു തൊഴിലാണു. ഗവേഷണഫലങ്ങള്‍ ചൂഷണത്തിനും മത്സരത്തിനുമുള്ള ഉപാധികളാണു. അതിനിടയില്‍ പാരമ്പര്യത്തേക്കുറിച്ച്‌ പറയുന്നത്‌ കല്ല് കടിയാകും. അതറിയാം. തൊഴില്‍ നഷ്ടപ്പെടാന്‍ ആരാണു ഇഷ്ടപ്പെടുക?

സയന്‍സ്‌ വളരുകയും ടെക്നോളജി മുന്നോട്ട്‌ കുതിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും സംഭവിക്കേണ്ടത്‌ എന്തായിരുന്നു?
പഴയ കാലത്തെ അപേക്ഷിച്ച്‌ മനുഷ്യന്‍ കൂടുതല്‍ സന്തുഷ്ടനും സ്വതന്ത്രനും ആകുകയായിരുന്നില്ലെ വേണ്ടത്‌? അത്‌ സംഭവിച്ചിട്ടുണ്ടോ?
ആരോഗ്യത്തിന്റെ കാര്യത്തില്‍, ലോകാരോഗ്യസംഘടനയെ ഒരു മാപിനിയായെടുക്കാമെങ്കില്‍ അവര്‍ പോലും ഇന്ന് നിരാശ്ശരാണു. രോഗാതുരമായ ലോകജനതയെ കണ്ട്‌ ഭയപ്പെട്ട്‌ 'ആരോഗ്യ'ത്തിന്റെ നിര്‍വ്വചനം അവര്‍ പരിഷ്കരിച്ചു. രോഗമില്ലാത്ത അവസ്ഥയെ WHO ഇപ്പോള്‍ ആരോഗ്യമായിക്കാണുന്നില്ല. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ഒരു തുലനാവസ്ഥയെ അവര്‍ ആരോഗ്യമായി സങ്കല്‍പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആയുര്‍വ്വേദം 5000 കൊല്ലം മുന്‍പ്‌ പറഞ്ഞിടത്താണു WHO ഇന്ന് നില്‍ക്കുന്നത്‌. അതിനിടയില്‍ എത്ര പണം മുടക്കി. മനുഷ്യന്റെ കര്‍മ്മശേഷി എത്രമാത്രം കളഞ്ഞുകുളിച്ചു? ശാസ്ത്രജ്ഞന്മാരുടെ വിഭ്രാന്തികള്‍ക്ക്‌ അനുസരിച്ച്‌ ലോകജനത എത്ര ദുരിതമനുഭവിച്ചു?
ഏതെങ്കിലും രോഗത്തിനു ഇന്നൊരു മരുന്നിറക്കും.
അത്ഭുത സിദ്ധിയുണ്ടെന്നൊക്കെ ആദ്യം പറയും.
അടുത്ത വര്‍ഷം ദാ കണ്ടെത്തുന്നു അത്‌ അപകടകാരിയായിരുന്നു എന്ന്.
പിന്നെ നിരോധനമായി. മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കലായി. അക്കാലമത്രയും മരുന്ന് ഉപയോഗിച്ചവരുടെ അവസ്ഥയെക്കുറിച്ച്‌ സയന്‍സിനു എന്ത്‌ പറയാനുണ്ട്‌? ശാസ്ത്രവും ശാസ്ത്രജ്ഞരും തങ്ങളുടെ ഉത്തരവാദിത്തം വേണ്ട രീതിയില്‍ നിര്‍വ്വഹിച്ചോ?
ഇതൊക്കെ കാണുമ്പോഴാണു പാരമ്പര്യത്തിലേക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടി വരുന്നത്‌.
ഇന്ത്യയെപ്പോലെ ശാസ്ത്രത്തെ അനുഭവമാക്കിയ രാജ്യങ്ങളില്‍ ആരോഗ്യരംഗത്തെ എന്ത്‌ അവധാനതയോടെയാണു കണ്ടിരുന്നത്‌. അതറിയാന്‍ അവരുടെ ഗ്രന്ഥങ്ങള്‍ നോക്കണം.
ആധുനികനു ചെയ്യാവുന്ന ഒരു കാര്യമുണ്ടായിരുന്നു.
രോഗത്തിനു ഇന്ന് ഒരു മരുന്ന് കണ്ടുപിടിക്കുന്നു.
ആദ്യം ആ രോഗത്തെക്കുറിച്ച്‌ അവരുടെ പ്രമാണഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ടോ എന്നൊന്നു നോക്കുക?
എന്തായിരുന്നു അതിനു അവരുടെ മെഡിക്കല്‍ മാനേജ്‌മന്റ്‌?
അത്‌ പ്രയോജനപ്രദമാണോ?
അത്‌ ആധുനികകാലത്തിനനുസരിച്ച്‌ പരിക്ഷ്കരിക്കേണ്ടതുണ്ടോ? ഇങ്ങനെയൊക്കെ ആലോചിച്ചിരുന്നെങ്കില്‍ ലോകത്തിനു എത്രമാത്രം ഉപകാരപ്രദമാകുമായിരുന്നു. കോടിക്കണക്കിനു മനുഷ്യദിനങ്ങളും മില്യണ്‍ മില്യണ്‍ ഡോളറുകളും പാഴാക്കാതെ കഴിക്കാമായിരുന്നു. ജനതയുടെ ആരോഗ്യം രക്ഷിക്കാമായിരുന്നു.
അതിനു പകരം സയന്‍സ്‌, അക്കാദമിക്ക്‌ പാണ്ഡിത്യമെന്ന എന്ന മാര്‍പ്പാപ്പയെ അവരോധിച്ച്‌ ഒരു മതമായി വളര്‍ന്നു. തങ്ങള്‍ക്ക്‌ അറിവില്ലാത്ത കാര്യങ്ങളില്‍ അറിവില്ലാ എന്ന് പറഞ്ഞ്‌ പഠിക്കാന്‍ ശ്രമിക്കുന്നതിനു പകരം. എന്തിനേയും എതിര്‍ക്കുന്നതായി മാറി.
അതിനെയാണു മുഖ്യമായും അക്ഷരക്കഷായത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്‌. അക്കാഡമിക്ക്‌ ബുദ്ധി ജീവികള്‍ക്ക്‌ ശാസ്ത്രം ഒരു വരുമാനമാര്‍ഗ്ഗമാണെങ്കില്‍ സാധരണക്കാരനു അത്‌ തടിയില്‍ തൊട്ടുള്ള കളിയാണു. അതു കൊണ്ട്‌ മാത്രം.

സയന്‍സ്‌ ഗംഭീരമായി മുന്നോട്ട്‌ പോയി.....പഴയതിനേക്കാള്‍ മനുഷ്യനു സമാധാനം കൂടുതല്‍ കിട്ടിയോ?
ലോകം ഇന്ന് ഒരു ആണവയുദ്ധത്തിന്റെ മുള്‍മുനയിലാണു. സയന്‍സ്‌ ലോകത്തെ അവിടെ കൊണ്ടു ചെന്നെത്തിച്ചു.
ഇതില്‍ ശാസ്ത്രത്തിനു എന്ത്‌ പങ്ക്‌ എന്ന് ചോദിക്കുന്നവരുണ്ടാകാം. ശാസ്ത്രം ശാസ്ത്രത്തിനുവേണ്ടിയാണെന്ന് വാദിക്കുന്നവരുണ്ടാകാം. അവര്‍ ശാസ്ത്രത്തിന്റെ ചരിത്രം ഒന്ന് വായിച്ച്‌ നോക്കുന്നത്‌ നന്നായിരിക്കും.
ലോകത്തിനു സൗഖ്യമേകുകയാണു ശാസ്ത്രത്തിന്റെ ധര്‍മ്മമെന്ന് അതിനെ പണ്ട്‌ പിന്തുണച്ചവര്‍ പറഞ്ഞിരുന്നു. വ്യവസായ വിപ്ലവത്തിനുശേഷം പ്രത്യേകിച്ചും. ശാസ്ത്രം ഒരാവേശമായി മാറിയത്‌ ഈ മുദ്രാവാക്യത്തിന്റെ പിന്‍ബലത്തിലായിരുന്നു.
അതിന്നെവിടെ ചെന്ന് അവസാനിച്ചു?
മത്സരത്തിനും വിനാശത്തിനും ഉതകുന്ന ടെക്നോളജി അര്‍ബ്ബുദം പോലെ വളര്‍ന്നു വികസിച്ചു.
അടിസ്ഥാനശാസ്ത്രശാഖയില്‍ ഗവേഷണം ചെയ്യാന്‍ ഇന്നാളില്ല.
മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കേണ്ട മെഡിസിന്‍ അമ്പേ പരാജയപ്പെട്ടു. ഫിസിക്സും കെമിസ്ട്രിയും കൈനീട്ടി സ്വീകരിച്ചപ്പോള്‍ മെഡിസിനു ഈ ദുര്‍ഗ്ഗതി വരുമെന്ന് ആ ശാഖയിലെ പ്രഗത്ഭര്‍ വിചാരിച്ചു കാണില്ല. ഫിസിക്സിന്റേയും കെമിസ്ട്രിയുടേയും വികാസമാണു ഇന്ന് മെഡിക്കല്‍ സയന്‍സ്‌ തങ്ങളുടേതെന്ന് പറഞ്ഞ്‌ ആഘോഷിക്കുന്നത്‌.
വെറുമൊരു സാദാ ടെക്നീഷനു സ്വാധീനിക്കാവുന്ന വിധത്തില്‍ ദുര്‍ബ്ബലമാണു മെഡിക്കല്‍ സയന്‍സ്‌. തങ്ങള്‍ കണ്ടെത്തിയ ക്ലിനിക്കല്‍ തെളിവുകളെ പോലും ഒരു ടെക്നീഷന്റെ തെളിവിനുമുന്നില്‍ തള്ളിക്കളയുന്നവരാണു മിക്ക ഡോക്ടറന്മാരും.
സ്വന്തം കഴിവില്‍ ആത്മവിശ്വാസമില്ലാത്തവര്‍.
ടെക്കനിക്കല്‍ റിപ്പോര്‍ട്ടുകള്‍ കുറ്റമറ്റവയാണോ? ഒരിക്കലുമല്ല.
സ്കാന്‍ റിപ്പോര്‍ട്ടുകളുടെയൊക്കെ ചുവട്ടില്‍ അച്ചടിച്ച്‌ ചേര്‍ത്തിരിക്കുന്നത്‌ വായിച്ചിട്ടില്ലെ?
'ക്ലിനിക്കല്‍ തീരുമാനത്തിനു അനുഗുണമാണെങ്കില്‍ മാത്രമേ ഇത്‌ സാധുവായിരിക്കുകയുള്ളു'.
ഒരു സാങ്കേതിക റിപ്പോര്‍ട്ടില്‍ ഒരാള്‍ക്ക്‌ ഇന്ന് രോഗം ഉണ്ടാവാനിടയുണ്ടെന്ന് തെളിഞ്ഞാല്‍ പോലും ക്ലിനിക്കല്‍ പരിശോധനയില്‍ മറിച്ച്‌ തെളിവ്‌ കിട്ടിയാല്‍ സാങ്കേതിക റിപ്പോര്‍ട്ട്‌ തള്ളിക്കളയണം. അതിനു ധൈര്യമുള്ളവരായി എത്ര ഭിഷഗ്വരന്മാര്‍ ഇന്നുണ്ട്‌? ഏതെങ്കിലും ഡോക്ടറന്മാര്‍ തങ്ങളുടെ ക്ലിനിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു സാങ്കേതിക റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
യന്ത്രങ്ങള്‍ക്ക്‌ തലച്ചോര്‍ പണയം വച്ചവരാണു ഇന്നത്തെ ഡോക്ടറന്മാര്‍.
ഈ നാട്ടില്‍ മനുഷ്യനു ജീവിക്കണ്ടെ?
അതിനു പാരമ്പര്യത്തെ മുറുകെ പിടിക്കയല്ലാതെ വഴിയില്ല.
അറകളിലും ചാളകളിലും നാം അലക്ഷ്യമായി വലിച്ചെറിഞ്ഞ അറിവിന്റെ മുത്തുകള്‍ തേടിയെടുത്ത്‌ മുന്നോട്ട്‌ പോകേണ്ടി വരും. അതിനുള്ള ഒരു കാടൊരുക്കല്‍ മാത്രമാണു അക്ഷരക്കഷായം.
ഇത്‌ അവസാന വാക്കൊന്നുമല്ല.
കാത്‌ കുത്തിയവനു പിന്നാലെ കടുക്കനിട്ടവന്‍ വരുന്നുണ്ട്‌.
ശാസ്ത്രം അതിന്റെ സാത്വിക വഴിയിലൂടെ മുന്നേറട്ടെ. ആര്‍ക്കും എതിര്‍പ്പില്ല. മനുഷ്യന്റെ ജീവിതം സുഖകരമാക്കാനുള്ള ഏത്‌ കണ്ടുപിടിത്തത്തിനും സ്വാഗതം. പക്ഷെ വണിക്കുകളുടെയും വ്യവസായികളുടേയും അടുക്കളപ്പുറത്ത്‌ കിടന്നു കൊണ്ട്‌ തത്ത്വമോതാന്‍ തുടങ്ങിയാല്‍ അതിനെ പൊളിച്ച്‌ കാണിക്കേണ്ടി വരും.
അത്‌ ബ്ലോഗ്‌ വായിക്കുന്നവര്‍ക്കെല്ലാം പാഠമാകാന്‍ വേണ്ടിയല്ല ചെയ്യുന്നത്‌. ലേഖകന്‍ തന്നോട്‌ തന്നെ പറഞ്ഞ്‌ പഠിക്കുകയാണു.
ഇനി ഒരു പതനം ഉണ്ടാകാതിരിക്കാന്‍. ഒപ്പം സമാനഹൃദയര്‍ക്കും അതില്‍ പങ്കുചേരാം. അത്രേയുള്ളു.

മേമ്പൊടി

ഒരു മാപ്പിന്റെ സ്വരം ഈ പോസ്റ്റിന്റെ തലക്കെട്ടായിക്കൊടുത്തത്‌ എന്തെങ്കിലും തെറ്റു ചെയ്തെന്നോ ആരോടെങ്കിലും മാപ്പു പറയണമെന്നോ വിചാരിച്ചല്ല. അതിന്റെ ആവശ്യം ഒന്നുമില്ല.
ശാസ്ത്രവാദികള്‍ക്ക്‌ ഒരു ദിശാസൂചകമായി അതിരിക്കട്ടെ എന്ന് വിചാരിച്ച്‌ കൊടുത്തതാണത്‌.
മനസിലാകുന്നെങ്കില്‍ മനസിലാകട്ടെ.
അടുത്തിട ആസ്ത്രേലിയന്‍ പാര്‍ലമന്റ്‌ ചരിത്രത്തിന്റെ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്താവുന്ന ഒരു മാപ്പപേക്ഷ നടത്തി. ആസ്ത്രേലിയയുടെ സ്വന്തം സ്ഥലവാസികളോട്‌! 'ആദിവാസി'കളോട്‌ എന്ന് പണ്ഡിതന്മാരുടെ ഭാഷ. (ഭൂമിയുടെയും സംസ്കൃതിയുടേയും യഥാര്‍ത്ഥ അവകാശികളെ എത്ര വേറിട്ടാണു പണ്ഡിതന്മാര്‍ കാണുന്നത്‌! വിദ്യാഭ്യാസം നേടിയതിന്റെ ഗുണമേ!!) ആസ്ത്രേലിയയിലെ വരുത്തന്മാര്‍ അവിടുത്തെ സഥലവാസികളോട്‌ ഭംഗിയായി ക്ഷമപറഞ്ഞു. അവരുടെ ഭൂമി കയ്യേറിയതിനു. അവര്‍ക്ക്‌ ആ വിവേകമുണ്ടായതിനു മാനവരാശി സ്തുതി പറയണം. സ്ഥലവാസികളിലെ ഒരു മൂത്തമ്മയെ കൊണ്ടുവന്ന് അവര്‍ സമസ്താപരാധവും ഏറ്റ്‌ പറഞ്ഞ്‌ മാപ്പപേക്ഷിച്ചു.
ഇന്നത്തെ ശാസ്ത്രലോകത്തിനും താമസിയാതെ ഈ ലോകത്തോട്‌ അത്തരം ഒരു മാപ്പപേക്ഷിക്കല്‍ നടത്തേണ്ടി വരും.
ഈ ലോകത്തെ ശാസ്ത്രത്തിന്റെ പേരില്‍ അതിന്റെ ഡൈനാമിക്ക്‌ സ്റ്റേജില്‍ നിന്ന് തള്ളിയിട്ടതിനു.
പ്രകൃതിയെ വ്യവസ്ഥയില്ലാതെ ചൂഷണം ചെയ്തതിനു.
അന്തരീക്ഷത്തിനു തുളയിട്ടതിനു.
മരുന്നിന്റെ പേരില്‍ മനുഷ്യനെ വിഷം തീറ്റിച്ചതിനു.
തദ്ദേശീയമായ അറിവുകളെ അട്ടിമറിച്ചതിനു.
വ്യവസായ മത്സരങ്ങള്‍ക്ക്‌ കൂട്ടു നിന്നതിനു.
ആണവായുധങ്ങള്‍ ഉണ്ടാക്കിയതിനു.
ആഡംബരങ്ങളുടെ പേരില്‍ സംസ്കൃതി നഷ്ടപ്പെടുത്തിയതിനു....................