Saturday, November 29, 2014

വീട്ടുമാലിന്യങ്ങൾ കുട്ടികൾ നീക്കിയാൽ എന്താ?

കുട്ടികളെക്കൊണ്ട് എന്തെങ്കിലും വീട്ടുപണിയെടുപ്പിക്കേണ്ടതു അത്യാവശ്യമാണു. സാധനങ്ങൾ വാങ്ങാൻ വിടുക, വീടും പരിസരവും അടിച്ചുവാരി സൂക്ഷിക്കുക, കാറ് / ബൈക്ക് /സൈക്കിൾ ഒക്കെ കഴുകിയും തുടച്ചും വയ്ക്കുക, വീട്ടുപകരണങ്ങൾ വൃത്തിയാക്കുക, പാചകത്തിൽ സഹായിക്കുക, തുണിനനച്ചുണക്കുക തുടങ്ങിയവയിലൊക്കെ കുട്ടികളെ ഭാഗഭാക്കാക്കേണ്ടതാണു. അല്ലാതെ വെറുതെ കിത്താബ് പഠിച്ചിട്ടൊന്നും കാര്യമില്ല. അച്ഛനമ്മമാരുടെ കീഴിൽ പണിചെയ്യുമ്പോൾ ആവശ്യമില്ലാത്ത ആശങ്കകൾ ഉണ്ടാകുന്നില്ല. അതു അവരുടെ പ്രവർത്തിസംസ്കാരത്തെ മെച്ചപ്പെടുത്തും.

പാടത്തും, പറമ്പിലും, തൊഴുത്തിലുമൊക്കെ സഹായിച്ചിട്ടാണു ഇന്നത്തെ പല സെലിബ്രിറ്റികളും വളർന്നതു. അല്ലാതെ ജനിച്ചപ്പോഴെ സെലിബ്രിട്ടികളുടെ അച്ചിൽ പതിച്ചെടുക്കുകയായിരുന്നില്ല. ഡോ.തോമസ് ഐസക് സ്കൂളുകളിൽ ശുചിത്വപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വീട്ടിലെ പ്ലാസ്റ്റിക് ശേഖരിച്ചു കൊണ്ടുവരാൻ പറഞ്ഞതാണിപ്പോൾ ചിലർക്ക് കടിയായിരിക്കുന്നതു. ഇവർക്കിതു മറ്റേതിന്റെ സൂക്കേടാ. രഹസ്യമായി അന്വേഷിച്ചാൽ ചിലപ്പോൾ ഇവർക്കൊക്കെ പഴയ പ്ലാസ്റ്റിക്കിന്റെ കച്ചോടം കാണും. പ്ലാസ്റ്റിക് അമർത്തി കട്ടകളാക്കിക്കൊടുത്താൽ 40-60 രൂപയാണു കിലോ വില. അതു നൊയിഡയിലെത്തുമ്പോൾ 150. പിള്ളാരതു ശേഖരിച്ച് വിൽക്കാൻ തുടങ്ങുമ്പോൾ ലാഭം കുറയുന്നതിലുള്ള ഈർഷ്യയാകും പ്രതിഷേധമായി പുറത്തു വരുന്നതു.

വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം പെറുക്കുമ്പോഴറിയാം അതിന്റെ വ്യാപ്തിയും പരിസ്ഥിതിയിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങളും. അതു കുഞ്ഞുങ്ങളെ ചിന്തിപ്പിക്കും. അവർ ചിന്തിക്കട്ടെ. ചിന്തയും പ്രവർത്തിയും ചേരുമ്പോൾ മാറ്റങ്ങൾ പെട്ടെന്നു ഉണ്ടാകും. അതിനു അവരെ അനുവദിക്കുകയാണു വേണ്ടതു. അല്ലാതെ ഒരു പണിയുമെടുക്കാതെ സമൂഹത്തിൽ ബുദ്ധിജീവി ചമഞ്ഞുനടക്കുന്നവർ ആക്കിത്തീർക്കുകയല്ല വേണ്ടതു. അത്തരം ജീവികൾക്ക് വിവാദങ്ങൾ ഉണ്ടാക്കാൻ മാത്രമേ കഴിയു. അവരൊക്കെ ഇത്രയും കാലം  ചിന്തിച്ചിട്ട് എന്തുണ്ടായി? എല്ലാ മേഖലകളിലും അരാജകത്വം വർദ്ധിച്ചതല്ലാതെ. അതൊന്നും മലയാളിക്ക് ഇതുവരെ മനസിലായില്ലെ? കുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെടാൻ അനുവദിക്ക്..... അവർ തന്റെ ചുറ്റുപാടുകളോട് ചേർന്നു കാര്യങ്ങളെ പഠിക്കുകയും പരിഹാരം തേടുകയും ചെയ്യട്ടെ. അതിനു സഹായകരമാകുന്ന ഏതു പദ്ധതിയേയും പ്രോത്സാഹിപ്പിക്കണം. സഹായിക്കണം. തടസം നിൽക്കുന്നവരുണ്ടെങ്കിൽ അവർക്ക് മാവോയുടെ സാംസ്കാരിക വിപ്ലവത്തിന്റെ വഴി കാണിച്ചു കൊടുക്കണം. 50 കിലോ പ്ലാസ്റ്റിക് പെറുക്കിയിട്ട് ഇനി വാ തുറക്കുകയോ പേനയെടുക്കുകയോ ചെയ്താൽ മതിയെന്നു പറയണം. അതിന്റെ പേരിൽ ശുചിത്വപോലീസെന്ന ആക്ഷേപം കേട്ടാലും തരക്കേടില്ല.

ഈ നവസാര ബുദ്ധിജീവികളുടെ തലമുറയോ കോലംകെട്ടു കോഞ്ഞാട്ടയായി. വരും തലമുറയേയും രക്ഷപ്പെടാൻ അനുവദിക്കുകേലെന്നു വന്നാൽ?

Friday, November 21, 2014

ശബരിമല തീർത്ഥാടനം : എന്തു തയ്യാറെടുപ്പുകൾ നാം നടത്തി?

ശബരിമലയിൽ പോകുന്നതു എന്തിനാണെന്നു ബുദ്ധിജീവികൾക്ക് ചോദിക്കാം. വിശകലനം ചെയ്യാം.മലയാറ്റൂരിൽ പോകുന്നതും വേണമെങ്കിൽ ചോദിക്കാം. അതിനപ്പുറം എന്തെങ്കിലും ചോദിക്കണമെന്നു വിചാരിച്ചാലും പരിപ്പൂവിറയ്ക്കുന്നതു കൊണ്ട് ബുദ്ധിജീവികൾ അടങ്ങുകയേ ഉള്ളു. അതുകൊണ്ടുതന്നെ അവരുടെ വിശകലനങ്ങളൊക്കെ ആരോഗ്യത്തിനു ഹാനികരമല്ലാത്ത ചില ഏരിയാ കളിലേക്ക് ചുരുങ്ങും. അതാണു നല്ലതും.

വിഷയമതല്ല. ശബരിമലയിലേക്ക് ആളുകൾ വരുന്നുണ്ട്. ഓരോ വർഷവും അതു വർദ്ധിക്കുകയാണു ചെയ്യുന്നതു. ബുദ്ധിജീവികൾ തമിഴിലും തെലുങ്കിലും എഴുതാത്തതു കൊണ്ടാകും. എന്തായാലും മണ്ഡലകാലം തുടങ്ങിയാൽ കേരളത്തിന്റെ മട്ടുമാറും. ഏതാണ്ട് ഒരു മെഗാപൊളിയുടെ സ്വഭാവമുള്ളതാണു സാധാരണ കേരളം. സീസൺ തുടങ്ങുന്നതോടെ അതൊരു മെട്രോയുടെ ഭാവം ഉൾക്കൊള്ളും. വിശാലമായിക്കിടക്കുന്നതുകൊണ്ടും ആളുകൾ തങ്ങാത്തതുകൊണ്ടുമാണു അതിന്റെ സമ്മർദ്ദം മലയാളിക്ക് ബോദ്ധ്യപ്പെടാത്തതു.

ഇത്രയധികം ആളുകൾ കേരളത്തിലേക്ക് വരുമ്പോൾ കേരളത്തിന്റെ ആഭ്യന്തരമേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? മുൻപ് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കെങ്കിലും? എല്ലാ‍വരും ഉറ്റുനോക്കുന്നതു ശബരിമലയിലെ ഭണ്ഡാരക്കണക്കുമാത്രമാണു. അതൊരു മതത്തിന്റെ പേരിൽ ചെലവെഴുതുന്നതിലാണു എല്ലാവർക്കും പ്രയാസം. അതെങ്ങനെ തടയാമെന്നാണു നോക്കുന്നതു.

ഇത്രയധികം ആളുകൾ വരുമ്പോൾ അതിനനുസരിച്ച് ആഹാരം, വെള്ളം, പൂജാസാധാനങ്ങൾ, വാഹനങ്ങൾക്കുള്ള ഇന്ധനം, എന്തിനു ബിവറേജസിലെ കുപ്പിവരെ വരെ ചെലവാകും. എല്ലാത്തിനും നികുതിയും ലാഭവുമുള്ളതാണു. എല്ലാ മലയാളികളും അതു പങ്കിട്ടെടുക്കുന്നുണ്ട്. അതു കേരളത്തിന്റെ സാമ്പത്തികരംഗത്തു സ്വാധീനവും ചെലുത്തും. റവന്യുവായും, നികുതിയായുമുള്ള വരവ് പ്രത്യേകം കണക്കാക്കി നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിലും ഒന്നുമില്ല. നല്ലവരായ്ക എല്ലാവർക്കുമുണ്ട് എന്നതാണു സത്യം. ആകെക്കൂടി പ്രയാസമുണ്ടാകുന്നതു ട്രെയിനിൽ സീസൺ ടിക്കെറ്റെടുത്തു യാത്രചെയ്യുന്ന സർക്കാർ ഗുമസ്ഥന്മാർക്കാണു. സാമിമാർ തീവണ്ടികളിൽ തിക്കിക്കയറി വരും. അതൊക്കെ മലയാളിയുടെ സ്ഥായിയാ പുച്ഛം കൊണ്ട് കൈകാര്യം ചെയ്യാവുന്നതേയുള്ളു.

മണ്ഡലക്കാലം തുടങ്ങുമ്പോൾ ഏറ്റവുംകൂടുതൽ സമ്മർദ്ദം നമ്മുടെ വഴികൾക്കാണു. ആ മേഖലയാണു ഏറ്റവും അവഗണിക്കപ്പെട്ടിരിക്കുന്നതും. പൊട്ടിപ്പൊളിഞ്ഞതും, വേണ്ടത്ര വീതിയില്ലാത്തതുമായ നമ്മുടെ റോഡുകൾ ഇതുപോലൊരു സീസൺ താങ്ങാൻ കെല്പിച്ചാത്തതാണു. അതിലൂടെ അപരിചിതരായ ഡ്രൈവറന്മാർ വണ്ടിയോടിക്കുമ്പോൾ അപകടങ്ങൾ സ്വാഭാവികം. കഴിഞ്ഞദിവസം മുതൽ അത്തരം റിപ്പോർട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ട്. ടാങ്കറുമായി കൂട്ടിമുട്ടി ഉണ്ടായ അപകടമായിരുന്നു ആദ്യത്തേതു . സാധാരണനിലയിൽ തന്നെ ടാങ്കർ സർവ്വീസുകൾ വേണ്ടത്ര അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ സീസണിലതു വർദ്ധിക്കാതെ നോക്കണം.

മതവും, ഭക്തിയും വിട്ടിട്ട് മനുഷ്യനെക്കുറിച്ച് ചിന്തിക്കു. അയ്യപ്പന്മാർ റവന്യൂ ഉണ്ടാക്കിത്തരുന്നുണ്ടെങ്കിൽ അവർക്ക് സൌകര്യങ്ങളും ചെയ്തുകൊടുക്കണം. അതാണു മര്യാദ. അപകടങ്ങളിൽ പെടാതെ അവരെ സംരക്ഷിക്കാനുള്ള ബാദ്ധ്യത നമുക്കുണ്ട്. പി.ഡബ്ലു.ഡിയും, മോട്ടോർ വാഹനവകുപ്പും ഒന്നു ശ്രദ്ധിച്ചാൽ മതി. കാര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. അതുപോലെ ആരോഗ്യവകുപ്പും, നികുതിവകുപ്പും അളവും തൂക്കവും വകുപ്പും ഇടപെടണം. കച്ചവടമൊക്കെ വർദ്ധിക്കുമ്പോൾ അതിന്റെ ഗുണം എല്ലാവർക്കും കിട്ടുന്നതാണു. എല്ലാ മതങ്ങൾക്കും കിട്ടും. നിരീശ്വരവാദികൾക്കും കിട്ടും. അപ്പോൾ ഉപഭോക്താക്കൾക്ക് വേണ്ട സംരക്ഷണം കൊടുക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണു. കേരളത്തിൽ വന്നാൽ സംരക്ഷണവും, ആദരവും കിട്ടുമെന്നറിഞ്ഞാൽ അവരുടെ ആത്മവിശ്വാസം വളരും. അതു നമുക്ക് ഗുണമാവുകയേ ഉള്ളു

ഇതിനൊക്കെ പകരം, മുല്ലപ്പെരിയാർ ഇപ്പോൾ പൊട്ടും, കേരളം വെള്ളത്തിൽ മുങ്ങിപ്പോകുമെന്നൊക്കെ ആശങ്കപരത്തി ആളുകളെ അകറ്റുന്നതു വെറും കടിയാണു. വെടിപ്പായി പറഞ്ഞാൽ പൈശൂനം. അസൂയകൊണ്ടോ അത്യാഗ്രഹം കൊണ്ടോ ഇല്ലാത്തതു പരഞ്ഞുണ്ടാക്കൽ. അതുവഴി നാം കേരളത്തിനെ ലില്ലിപ്പുട്ടാക്കുന്നു.

അരകല്ല്

പണ്ടത്തെ ഏറ്റവും വലിയ അന്ധവിശ്വാസങ്ങളിലൊന്നായിരുന്നു അരകല്ല്. അതു വക്കാൻ സ്ഥാനമൊക്കെയുണ്ട്. അടുപ്പിനരികിൽ അരകല്ല് സ്ഥാപിക്കില്ല. ഒരുകഷണം മഞ്ഞൾ അരച്ചുകൊണ്ടാണു പണ്ടുള്ളവർ ഓരോദിവസത്തേയും അരപ്പ് ആരംഭിക്കുന്നതു. മഞ്ഞൾ ‘വിഷഹര‘മാണെന്നു ഇന്നു എല്ലാവർക്കുമറിയാം. ശാസ്ത്രികളും അതു സമ്മതിക്കുന്നുണ്ട്.

പ്രത്യേകം തിരഞ്ഞെടുത്ത കല്ലുകളായിരുന്നു പഴയ അരകല്ലുകൾ ഉണ്ടാക്കാൻ എടുത്തിരുന്നതു. കൂട്ടിയുരച്ചാൽ ഗന്ധകം മണക്കരുതു എന്നാണു ഒന്നാമത്തെ മാനദണ്ഡം. അരകല്ലിൽ ആദ്യം മഞ്ഞളരയ്ക്കുമ്പോൾ പിന്നീട് അരയ്ക്കുന്ന സാധനങ്ങളിലെല്ലാം മഞ്ഞളിന്റെ അംശം കലരും. അതെല്ലാം വയറ്റിൽ‌പ്പോയി വിഷങ്ങളെ പരിഹരിക്കുമെന്നാണു വിശ്വാസം. അമ്മായിഅമ്മയെപ്പോലും അതിൽവച്ച് അരച്ചെടുത്താൽ വിഷം കാണില്ല എന്നാണു പറയാറ്!.

അരകല്ലിൽ എന്തോ സൂക്ഷ്മലോകം ഉണരുന്നതായി പണ്ടുള്ളവർ വിശ്വസിച്ചിരുന്നു. ഇക്കാലത്തെ ഭാഷയിൽ പറഞ്ഞാൽ അമ്മിക്കല്ലിൽ നാനോതലത്തിലാണു അരവ് നടക്കുന്നതെന്നാവും അവർ ഉദ്ദേശിച്ചതു. മഞ്ഞൾ, മുളകു, ഇഞ്ചി തുടങ്ങിയവ കല്ലിൽ വച്ചു അരച്ചെടുക്കുമ്പോൾ അവയുടെ ജൈവഘടന മാറും. അതു ശരീരത്തിനു ഗുണം ചെയ്യുന്നരീതിയിലേക്ക് മാറുമ്പോൾ ‘അരപ്പ് നന്നായി’ എന്നു നമ്മുടെ ഉള്ളിലെ ഓരോ കോശങ്ങളും പറയാൻ തുടങ്ങും. അതു കേട്ടാണു നാമതു വാക്കിലൂടെ പുറത്തുപറയുന്നതു. ഈ അരപ്പ് ഒരുമാതിരിപ്പെട്ട വിഷങ്ങളേയെല്ലാം നിർവ്വീര്യമാക്കിയിരുന്നു.

Thursday, November 20, 2014

ഗിനിപ്പന്നികൾ

മലയാളി വെറും ഗിനിപ്പന്നികളാണു. സ്വയം പരീക്ഷിക്കാനും മറ്റുള്ളവരാൽ പരീക്ഷിക്കപ്പെടാനുമുള്ള ജീവികൾ. പഠിപ്പും, പൌരധർമ്മവുമൊക്കെ ഉണ്ടെന്നു ഗീർവ്വാണമടിക്കും. പക്ഷെ അതൊന്നും പ്രവർത്തിയിൽ കാണില്ല. ജീവനുണ്ടോ എന്നുപോലും പിച്ചിനോക്കണം. വല്ലോം കുറേ വാരിത്തിന്നണം, വാർത്തകളറിയണം, പീസുപടങ്ങളും സീര്യലും കാണണം. വെള്ളമടിക്കണം. കുറേ ഏമ്പക്കമിടണം. ഇത്രേയുള്ളു മലയാളി.

രണ്ടാഴ്ച മുൻപ് കായംകുളം തിരുവല്ല സ്റ്റേറ്റ് ഹൈവേയിലെ കാക്കനാട് റെയിൽ‌വേഗേറ്റ് മൂന്നു ദിവസം അടഞ്ഞുകിടന്നു. ഒരു കുഞ്ഞും പ്രതികരിച്ചില്ല. അനുവദിച്ചതിൽ കൂടുതൽ പൊക്കമുള്ള ഒരു രാജസ്ഥാൻ ട്രക്ക് കടന്നുപോകാൻ ശ്രമിച്ചപ്പോൾ ക്രോസ്ബാറിൽ തട്ടിയതാണു കാരണം. ഗേറ്റിനു അപകടമൊന്നുമുണ്ടായിരുന്നില്ല. സർക്കാർ ഉദ്യോഗസ്ഥർ തനിഗുണം കാണിച്ചു. ഗേറ്റടച്ച് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. അതുവഴി വന്നവർ എന്താകാരണമെന്നു ഒന്നു അന്വേഷിക്കുകപോലും ചെയ്യാതെ ചുറ്റിക്കറങ്ങി മറുപുറത്തു എത്തി. ദിവസവും യാത്ര ചെയ്യുന്നവരും അന്വേഷിച്ചില്ല എന്തിനാ ഗേറ്റ് അടച്ചിരിക്കുന്നതെന്നു. സീര്യലും, വാർത്താചാനലുകളും കണ്ട് വിഭ്രംജിതരാകുന്ന മലയാളിയാണു ഇങ്ങനെ പ്രതികരണമില്ലാതെ പോയതെന്നു ഓർക്കണം. കെട്ടുമ്മൂട്ടിലെ പട്ടിപോലും ഇതിലെത്രയോ ഭേദമാണു. വെറുതെ കുരയ്ക്കുകയെങ്കിലും ചെയ്യും.

എല്ലാ ലവൽക്രോസിലേയും ഗേറ്റ്മാന്റെ കയ്യിൽ ഒരു പരാതിപുസ്തകമുണ്ട്. സേവനാവകാശത്തെപ്പറ്റി വലിയ ഗീർവ്വാണങ്ങൾ അടിച്ചുവിടുന്ന ഒരൊറ്റ മലയാളി പോലും ആ ബുക്കുവാങ്ങി അതിലൊരു കുറിപ്പെഴുതിയിട്ടില്ല. ഗേറ്റ് അടഞ്ഞുകിടക്കുന്നു. തുറക്കണം. അധികം ദൂരെയല്ല എം.എൽ.എയുടെ ഓഫീസ്. എത്രയോ സഖാക്കൾ അതുവഴി തേരാപാരാ നടക്കുന്നു. പോരാത്തതിനു ലോക്കൽ സമ്മേളനങ്ങൾ നടക്കുന്ന കാലവും. ഒരാൾ പോലും എം.എൽ.എയെ അറിയിക്കുകയോ, പാർട്ടിയാപ്പീസിൽ പറയുകയെങ്കിലും ചെയ്തതായി തോന്നുന്നില്ല. മാണിയെ കൂട്ടുപിടിച്ച് മന്ത്രിസഭയുണ്ടാക്കിയാൽ തങ്ങൾ കൂടെക്കാണുകേലെന്നു വീമ്പുപറഞ്ഞ എത്ര സി.പി.ഐക്കാർ ഗേറ്റടഞ്ഞു കിടക്കുന്നതു കണ്ടുകാണും. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ചാത്തത്തിനും, പേരിടീലിനും വരെ എം.പി. വന്നില്ലെങ്കിൽ പരിഭവിക്കുന്ന കോൺഗ്രസ്സുകാരൻ പോലും ആലപ്പുഴയ്ക്കൊന്നു വിളിച്ചില്ല. കെ.സി, മൂന്നു ദിവസമായി കാക്കനാട് ഗേറ്റ് പൂട്ടിക്കിടക്കുകയാണു എന്നറിയിച്ചില്ല. എം.പിയോ, എം.എല്ലെയേ, വേണ്ട പഞ്ചായത്തു പ്രസിഡെന്റെങ്കിലും റെയിൽ‌വേ ഡിവിഷണൽ മാനേജരെ ഒന്നു വിളിച്ചിരുന്നെങ്കിൽ മിനിറ്റുവച്ചു തീരാനുള്ള പ്രശ്നമേ ഉണ്ടായിരുന്നുള്ളു. ആരും ഒന്നും ചെയ്തില്ല!

ഉദ്യോഗസ്ഥർക്കറിയാം ഈ മലയാളി എന്നു പറയുന്നതു വെറും കൊജ്ഞാണന്മാരാണെന്നു. വാചകമടിയേ ഉള്ളു. ചീറ്റും. കൊത്തില്ല! ട്രാഫിക് അനുവദിച്ചു കൊണ്ട് റിപ്പയർ ചെയ്യാവുന്ന കാര്യത്തിനാണു 72 മണിക്കൂർ, തിരക്കുള്ള ഒരു ഗേറ്റ് അടച്ചിട്ടതു. അതവരുടെ മിടുക്കു. തുറന്നുവച്ചു പണിതാൽ ഉത്തരവാദിത്തം കൂടും. ഈ ശമ്പളത്തിനെന്തിനാ അത്രയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്നു അവർക്ക് തോന്നിയെങ്കിൽ അവരെ കുറ്റം പറയാമോ? മലയാളിക്കിതൊക്കെ മതി.

Tuesday, November 18, 2014

മലയാളി എന്ന മരിച്ച സമൂഹം

മലയാളി ഒരു മൃതസമൂഹമാണു!
അവനു ജീവിതമില്ല. അനുഷ്ഠാനങ്ങൾ മാത്രമേയുള്ളു.

ഒരു മലയാളിജീവന്റെ ഉല്പത്തി മുതൽ അതു തുടങ്ങുന്നു. ഗർഭം ധരിച്ചാൽ ആനന്ദമല്ല. ആശുപത്രികളിൽ പോയി അനുഷ്ഠാനങ്ങൾ പൂർത്തിയാക്കാനാണു തിടുക്കം. പിന്നെ വിദ്യാഭ്യാസമെന്ന അനുഷ്ഠാനം. വളരുന്നതു മത്സരങ്ങൾക്കുള്ള അനുഷ്ഠാനങ്ങളിലൂടെ. അതിനിടയിൽ എങ്ങുമില്ലാത്ത ലൈംഗികോപാസനകൾ. മതചാരങ്ങളും രാഷ്ട്രീയവുമായ അനുഷ്ഠാനങ്ങൾ വേറെ. നിഷ്കളങ്കമായ മലയാളി മനസുകൾ എവിടെയുമില്ല. ഏതിലൊക്കെയോ പാകപ്പെട്ടു അനുഷ്ടാനങ്ങൾ പൂർത്തീകരിക്കാൻ ഇരിക്കുന്നവനാണു മലയാളി. അത്തരം മനസുകളിൽ എങ്ങനെ ജീവൻ സ്പന്ദിക്കും?

ഒരു മലയാളിയും മറ്റൊരുജീവനെ വികാരങ്ങളോ, ജീവിതമോ,  സ്വതന്ത്രസ്വത്വമുള്ളതോ ആയ പ്രകൃതിയുടെ വ്യത്യസ്ഥസൃഷ്ടികളായി കാണുന്നില്ല. താനൊഴികെ ഒന്നിന്റേയും വാക്കുകളോ. ചോദനകളോ, ചേഷ്ടകളോ അംഗീകരിക്കുന്നില്ല.

മനസുതുറന്നു സംസാരിക്കാനോ ഉള്ളിലുള്ളതു അതുപോലെ പ്രകടിപ്പിക്കാനോ ഒരു മലയാളിക്കും കഴിയില്ല. എല്ലാ സംവേദനങ്ങൾക്കും മുങ്കൂർ ചിട്ടപ്പെടുത്തിയ  ശീലങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്.

അവൻ ഉച്ചരിക്കുന്ന ഓരോവാക്കിനും അർത്ഥങ്ങൾ വേറെയാണു. അനുഭവിച്ചറിഞ്ഞ വാക്കുകളല്ലാ മലയാളി ഉപയോഗിക്കുന്നതു. ഓരോത്തനും രഹസ്യമായി  സൂക്ഷിക്കുന്ന ഒരു അനുഷ്ഠാന നിഘണ്ടുവുണ്ട്. അതിൽ നോക്കിയാണു മലയാളി സംസാരിക്കുന്നതു. ഇങ്ങനെ പറഞ്ഞാൽ ഇങ്ങനെയാണു അർത്ഥമെന്നു അതിൽ പറയുന്നുണ്ട്. അതു കൊണ്ടുതന്നെ മലയാളി സംസാരിക്കുന്നതു പൊട്ടിയ ചെണ്ടയിൽ കൊട്ടി ശബ്ദമുണ്ടാക്കുന്നതുപോലെ വികൃതമാണു. അതിനു ആത്മാർത്ഥതയില്ല. ഓരോ വാക്കിനും ആചാരപൂർവ്വം കല്പിച്ച അർത്ഥമോ ഗൂഡാർത്ഥമോ കേൾക്കുന്നവൻ മനസിലാക്കിയില്ലെങ്കിൽ പറഞ്ഞവൻ ഉടൻ ക്ഷുഭിതനാകും.

എവിടെപ്പോകുന്നു എന്ന ചോദ്യത്തിനു “ചുമ്മാ നടക്കാനിറങ്ങിയതാ” എന്നു പറഞ്ഞാൽ ‘അവനെന്തോ ദുരുദ്ദേശത്തിനു പോകുന്നു‘ എന്നേ മലയാളി എടുക്കു. എടുക്കാവൂ. അതാണു മലയാളിയുടെ സംവേദന ശൈലി. അതുപോലെ ‘ചായകുടിച്ചോ‘ എന്നൊരാൾ ചോദിച്ചാൽ ‘ചായ കുടിച്ചു. ഇപ്പോ വേണ്ടാ‘ എന്ന മറുപടി പ്രതീക്ഷിച്ചുകൊണ്ടാണു അതു ചോദിക്കുന്നതെന്നു കേൾക്കുന്നവൻ മനസിലാക്കണം. അല്ലാതെ സത്യം തുറന്നു പറയരുതു. മലയാളി എല്ലാ ചോദ്യങ്ങളും ചോദിക്കുന്നതു അവൻ മനസിൽ കരുതിവച്ചിരിക്കുന്ന ഉത്തരം കിട്ടാൻ വേണ്ടിയാണു. അല്ലാതെ അറിയാൻ വേണ്ടിയല്ല.

ഏതു മലയാളിക്കും മറ്റൊരു മലയാളിയുടെ ഏതൊരു ചേഷ്ടയിൽ നിന്നും ലൈംഗികത വേർതിരിച്ചെടുക്കാൻ കഴിയുന്ന അത്ഭുതസിദ്ധിയുണ്ട്. എന്നാൽ അപരന്റെ നന്മയോ, കാരുണ്യമോ, സ്നേഹമോ കാണാനുള്ള ശേഷിയില്ല. തന്നെപ്പോലെ അവനെ ആദരിക്കാനോ കരുതാനോ ഒരു മലയാളിക്കും കഴിയുകയില്ല. അങ്ങനെ ചെയ്യുന്നവൻ മലയാളി ആകുകയില്ല.

ആരെ സഹായിക്കുമ്പോഴും അനുഷ്ഠാനപൂർവ്വമായ ഒരു പ്രത്യുപകാരം മലയാളി പ്രതീക്ഷിക്കും. അതു ലഭിച്ചില്ലെങ്കിൽ രഹസ്യമായെങ്കിലും അവന്റെയുള്ളിൽ അമർഷം പതഞ്ഞുപൊന്തും. പിന്നെ അവനെ തകർത്താലേ ആശ്വാസമാകു. അല്ലാതെ അവൻ അതാണു. എനിക്കിത്രയേ ലഭിക്കാൻ അർഹതയുള്ളു എന്നൊന്നും ഒരു മലയാളിക്കും തോന്നില്ല. അതു കൊണ്ടുതന്നെ നല്ല വാക്കു പറയാനോ, അഭിനന്ദിക്കാനോ, അപരനേ അംഗീകരിക്കാനോ മലയാളി തയാറവുകയുമില്ല. അതൊക്കെ ജീവിക്കുന്ന മനുഷ്യർക്കുള്ളതാണു. മലയാളി ജീവിക്കുന്നില്ല.

അന്ത്യകർമ്മങ്ങൾക്കായി കുളിപ്പിച്ചു കിടത്തിയിരിക്കുന്ന മൃതദേഹങ്ങളാണു ഓരോ മലയാളിയും. അവന്റെയുള്ളിൽ ജീവന്റെ സ്പന്ദനമില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂർത്തിയാക്കാനുള്ള ത്വര മാത്രമേയുള്ളു.

മരണവിധിക്ക് ആത്മാവുകൾ ഒന്നിച്ചുകൂടുന്ന ഇടമാണല്ലോ 'God's own Country'. കേരളത്തിനു ആ പേർ എത്ര അർത്ഥവത്താണു! വെറും ശവങ്ങളുടെ നാട്!!

Monday, November 17, 2014

വിവാഹമോചന കാരണങ്ങൾ

ദാമ്പത്യബന്ധങ്ങൾ തകരുന്നതിനു കണ്ടുപിടിക്കുന്ന കാരണങ്ങൾ കേട്ടാൽ പൊട്ടിച്ചിരിക്കും. ഈ ലോകത്തുള്ള ഒട്ടുമിക്ക സംഗതികളും അതിലുണ്ട്. സിനിമ. പണം. സ്വത്തു. സ്വർണ്ണം. മദ്യം. അടി, ഇടി ഇന്റെർനെറ്റ്. മൊബെൽ ഫോൺ. പ്രൊഫഷണൽ ഈഗോ. വിദ്യാഭ്യാസം. ഫിലോസഫി. ആക്റ്റിവിസം..... അങ്ങനെ എല്ലാം. പണ്ടും ഇതൊക്കെ ഉണ്ടായിരുന്നു. കള്ളുകുടിക്കുന്ന ഭർത്താക്കന്മാരും. അഗ‌മ്യഗമനവും. സ്വത്തു തർക്കവും. എല്ലാം. ഇതെല്ലാം വച്ചു കൊണ്ടുതന്നെ ഇവിടെ കുടുംബങ്ങൾ പുലർന്നു വന്നു. അതിനു മിടുക്കുള്ള പെണ്ണുങ്ങൾ ഉണ്ടായിരുന്നു. ഇന്നതില്ല. അത്രേയുള്ള കാരണം.

ഇക്കാലത്തു വിവാഹം നടക്കുന്നതു തന്നെ വേർപെടുത്താൻ ചൂണ്ടിക്കാണിക്കുന്ന പരാമീറ്ററുകളുടെ അടിസ്ഥാനത്തിലാണു. പക്ഷെ ഒരു കോടതിയും ചോദിക്കാറില്ല നിങ്ങൾ എങ്ങനെയാണു യോജിച്ചതെന്നു. ചോദിച്ചിരുന്നെങ്കിൽ കോടതി ചിരിച്ചു മണ്ണുകപ്പിയേനെ. രണ്ടിനും ഒരേ കാരണം. അല്ലെങ്കിൽ അതിന്റെ ഡെറിവേറ്റീവുകൾ. തുല്യ വിദ്യാഭ്യാസ യോഗ്യത. ഉന്നത ജോലി. സ്വാതന്ത്ര്യം. ഈക്വൽ ഐഡന്റിറ്റി. അങ്ങനെ യോജിക്കാൻ ഇടയാക്കിയ കാരണങ്ങൾ തന്നെയാകും മിക്കപ്പോഴും പിരിയാനും കാരണം. അപ്പോൾ പിന്നെയെങ്ങിയാണു പിരിഞ്ഞതു? വിവാഹശേഷം മനോഭാവത്തിലുണ്ടായ മാറ്റമായിരിക്കില്ലെ യഥാർത്ഥ കാരണം? ഇണകൾ സ്റ്റാൻഡ് മാറ്റി, കേട്ടാ... പക്ഷെ അതു പുറത്തുപറയാൻ വയ്യ. അപ്പോൾ ദാമ്പത്യത്തിന്റെ വിശുദ്ധിയേക്കുറിച്ചും, ഇണകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ മൂന്നു പേജിൽ കവിയാതെ ഉപന്യാസിക്കേണ്ടി വരും. ഉത്സാഹക്കമ്മിറ്റിക്കാർക്കൊക്കെ അതു ശരിയാണല്ലോ എന്നു തോന്നും. അവർ സിന്ദാബാദ് വിളിക്കും.

വിവാഹമെന്നല്ല ഏതു സാമൂഹികബന്ധവും ഒരു അനുരഞ്ജനമാണു. അതിനുള്ള മേഖലകൾ കണ്ടുപിടിക്കാൻ കഴിയാതെ വരുമ്പോഴാണു ബന്ധങ്ങൾ തകരുന്നതു. മാറിയ സാമൂഹിക സാഹചര്യത്തിൽ ഒരാൾക്കും മറ്റൊരാളെ അംഗീകരിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായിട്ടുണ്ട്. അതു ദാമ്പ്യത്തിലെ അനുരഞ്ജനത്തിനു വിഘാതമായിത്തീരുന്നു. ഒരാളുടെ വീഴ്ച അയാൾ സ്വയം സമ്മതിക്കുകയോ മറ്റേയാൾ ചൂണ്ടിക്കാട്ടിയാൽ അതംഗീകരിക്കുകയോ ചെയ്യില്ല. ഓഫീസിലെ തന്റെ ടീം ലീഡറോട് കാണിക്കുന്ന മമതപോലും ഇണയോട് കാണിക്കാൻ തയ്യാറല്ല. ടീം ലീഡർ പറഞ്ഞാൽ അതു ചെയ്യും. ഇണ പറഞ്ഞാൽ നിനക്കെന്താ ചെയ്താൽ എന്നു തിരിച്ചു ചോദിക്കും. എല്ലാവരും ആഗ്രഹിക്കുന്നതു  അവരവരുടെ ഇച്ഛയ്ക്കനുസരിച്ച് വേണം മറ്റുള്ളവർ ജീവിക്കാൻ എന്നാണു. അതു നടക്കുന്നില്ലെങ്കിൽ ഉടൻ സംഘർഷമായി. പിന്നെ ശാന്തമായ ചിന്തകളില്ല. വിട്ടുവീഴ്ചകളില്ല. അനുരഞ്ജനം തകരും. എല്ലാം അടിച്ചുപൊളിച്ച് അവസാനിപ്പിക്കാനാണു പിന്നെ തിടുക്കം.

സ്വാതന്ത്ര്യത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചുമുള്ള ഇന്നുള്ളവരുടെ ദർശനവൈകല്യമാണു ദാമ്പത്യതകർച്ചകളുടെ കാരണം. ഇന്നു ദാമ്പത്യങ്ങളിൽ  പ്രവർത്തിക്കുന്നതു ഒരു ത്രില്ലിനു വേണ്ടി പുറത്തുനിന്നും തേടിപ്പിടിച്ചെടുത്ത ഫിലോസഫികളാണു. അവയെല്ലാം കച്ചവടച്ചരക്കുകളുമാണു. അതു മനസിൽ തീർക്കുന്നതു മിഥ്യാലോകമാണെന്നു ആരും തിരിച്ചറിയുന്നില്ല. പുറത്തുള്ള പ്രചാരണങ്ങളിൽ നിന്നും ഭാവന ചെയ്തുണ്ടാക്കുന്ന ലോകം ജീവിക്കാനുതകുന്നതാണോ എന്നാരും ആലോചിക്കാതെയാണു വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നതു. കാമുകിക്ക് വജ്രമാണു പ്രിയപ്പെട്ടതെന്നു മനസിൽ പതിഞ്ഞാൽ നിങ്ങൾ ആ കടമുതലാളിയുടെ അടിമയായിക്കഴിഞ്ഞു. പിന്നെ അയാളുടെ ലോകത്തായി ജീവിതം. അതു പക്ഷെ ഒരു സാധാരണക്കാരനു പറ്റുമോ? അതുപോലെ നിങ്ങളുപയോഗിക്കേണ്ട വാഹനം ഒരു ഓട്ടോ മാനുഫാക്ചറർ നിർണ്ണയിക്കുമ്പോൾ നിങ്ങൾ വെറും തൊമ്മി മാത്രമാകുന്നു. ഇങ്ങനെ ജീവിതത്തിന്റെ ഓരോ മേഖലയിലും ബാഹ്യമായ ഇടപെടലുകൾ അനവധിയാണു. അതിനു അനുഗുണമായി ദാമ്പത്യം മുന്നോട്ടു പോകുന്നില്ലെങ്കിൽ അതു പൊളിയുക തന്നെ ചെയ്യും. അതിനു കാരണങ്ങൾ ഒന്നും അന്വേഷിച്ചു നടക്കേണ്ടതില്ല. ആ‍രേയും പഴി പറയേണ്ടതുമില്ല. ചുമ്മാ അങ്ങ് പിരിയുക. പിന്നെയും ആരുടെയെങ്കിലും വാക്കു കേട്ട് വേറൊരു ലോകം സൃഷ്ടിച്ചാൽ കുറച്ചു കാലം അവിടെയും അസ്വസ്ഥമായി കഴിയാം. പിന്നെ അവിടവും വിടുക. അങ്ങനെ ഗതികിട്ടാതെ അലയുക.

ഏതൊരു മനുഷ്യനും ഒരു ആന്തരികമായ ഏകാന്തതയുണ്ട്. എല്ലാവരും ഏറെ സമയവും ചെലവഴിക്കുന്നതു അവിടെയാണു. അതു തിരിച്ചറിയാൻ കഴിയുന്നതാണു ഒരു മനുഷ്യന്റെ വിജയം. അവിടെയിരിക്കുമ്പോഴാണു അവൻ/അവൾ ശാന്തമാകുന്നതു. അവിടെയിരുന്നു കൊണ്ട് ദാമ്പത്യത്തിൽ ജീവിച്ചു നോക്കു. നിങ്ങളായിരിക്കും ജീവിതത്തിൽ ഏറ്റവും വിജയിക്കുന്ന വ്യക്തി. അവിടെ നിങ്ങൾക്ക് അപരിമേയമായ സ്വാതന്ത്ര്യം കിട്ടും. നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെ അവിടേക്ക് വരും. പക്ഷെ അതിനു നിങ്ങളുടെ അക്കാദമിക്ക് പഠനം പോരാ. ദീർഘകാലം ജീവിച്ച് പല തലമുറകളുടെ അമ്മയായി ഇരിക്കുന്നവരുടെ ജാഗ്രത് സ്വപ്ന സുഷുപ്തികളെ സ്വാംശീകരിക്കണം. ആണായാലും പെണ്ണായാലും. അല്ലെങ്കിൽ കുടുംബകോടതികളിൽ കയറിയിറങ്ങി ജീവിതം പാഴാക്കാം.

Sunday, November 16, 2014

ചെന്നിയിൽ നരകേറിയാൽ

ഒരു കാലത്തു ജ്ഞാനത്തിന്റെയും പക്വതയുടെയും പ്രതിരൂപങ്ങളായിരുന്നു വാർദ്ധക്യം. ഇന്നതു കൌമാരത്തേക്കാൾ കുത്സിതമാണു. മദ്ധ്യവയസ്സിലെത്തിത്തുടങ്ങുന്ന ഓരോ മലയാളിയും അതിനെ ഓർത്തു ഭയപ്പെടേണ്ടതാണു. നാളെ താനും ഇങ്ങനെയൊക്കെ ആയിത്തീർന്നാലോ?

പ്രശസ്തിക്കും, സ്ഥാനമാനങ്ങൾക്കും (സ്ഥാനം നേടുന്നതിൽ മാനം ഒട്ടുമില്ല്ല... എങ്കിലും ഒരു ശൈലിയായതു കൊണ്ട് പ്രയോഗിച്ചു), അധികാരത്തിനും വേണ്ടി നാണംകെട്ട് ഇറങ്ങുന്നതു ഇന്നു വാർദ്ധക്യമാണു. തങ്ങളുടെ യൌവ്വനത്തിൽ നേടാൻ കഴിയാതെ പോയതൊക്കെ നേടിയെടുക്കാനുള്ള വെമ്പലിൽ വാർദ്ധക്യങ്ങൾ തമ്മിൽത്തമ്മിലും തങ്ങളുടെ പിൻ‌തലമുറയോടും മത്സരിക്കുന്ന കാഴ്ച വല്ലാത്ത ഒരു ജുഗുപ്സയുണർത്തുന്നു.

പ്രായവും അനുഭവവും കൂടുമ്പോൾ ഉണ്ടാകേണ്ടതു പക്വതയാണു. കാലപ്പഴക്കത്തിൽ മരത്തിനു കാതൽ വയ്ക്കും. തെങ്ങിനു ആരുറയ്ക്കും. മലയാളിക്കു മാത്രം വളരുന്നതു ബാലിശത്വമാണു.

കൌമാരത്തിലും യൌവ്വനത്തിലും രഹസ്യമായി തങ്ങൾ ആഗ്രഹിച്ചതൊക്കെ പിന്നത്തെ തലമുറ നേടിയെടുക്കുന്നതു കണ്ടപ്പോൾ മുതിർന്നവർ ഇളകിപ്പോയി. തങ്ങളുടെ തീവ്രമായ ആശകൾ കാലം വന്നപ്പോൾ മുളച്ചു പൂവണിഞ്ഞതാണെന്നു മനസിലാക്കാനുള്ള വിവേകം അവർക്കുണ്ടായില്ല. ആയിരം പൂർണ്ണചന്ദ്രന്മാരെക്കണ്ട എത്ര ഉടലുകളാണു ഇന്നു അധികാരത്തിനു വേണ്ടി മത്സരിക്കുന്നതു. അവാർഡുകൾ സംഘടിപ്പിക്കാൻ ചരടുവലിക്കുന്നതു. കാമം ഇളക്കി മറിക്കുന്നതു. അതിനിടയിൽ എന്തെങ്കിലും ഇച്ഛാഭംഗം നേരിട്ടാൽ അവരുടൻ പൊട്ടിത്തെറിക്കുന്നു. പ്രതികാരം ചെയ്യുന്നു. തന്റെ അടിത്തറയിളകിയാലും പോരാടി നിൽക്കാൻ ശ്രമിക്കുന്നു. എത്ര അപഹാസ്യമാണിതൊക്കെ.

യൌവ്വനത്തോട് മത്സരിക്കാൻ യൌവ്വനത്തിന്റെ വേഷപ്പകിട്ടും ശീലങ്ങളും കടം കൊള്ളുന്നവരാണു ഭൂരിപക്ഷവും. അങ്ങനെ ചെയ്താൽ അവരിലൊരാളായി തീരാമെന്നു അവർ വിചാരിക്കുന്നു. തങ്ങളുടെ അനുഭവങ്ങളും അറിവുകളും ഉപേക്ഷിച്ചു യൌവ്വന ചാപല്യങ്ങൾ സ്വീകരിക്കുന്ന അവരെ പുതിയ തലമുറ പരിഹാസത്തോടെയാണു വീക്ഷിക്കുന്നതു. യുവസമൂഹം കടുത്തൊന്നും പ്രതികരിക്കാത്തതു അവരുടെ നന്മ.

ചെന്നിയിലേക്ക് വെള്ളയിറങ്ങിയാൽ നാടുവിട്ടുപോയിരുന്ന ഒരു സമൂഹം ഇന്നു പ്രായം പ്രയാൻ പോലും മടിക്കുന്നു. നരമറയ്ക്കാൻ മുടികറുപ്പിക്കുന്നു. ജരയൊതുക്കാൻ ശിശുപിണ്ഡങ്ങൾ തൊലിയിൽ കുത്തിവയ്ക്കുന്നു. രാക്ഷസന്മാർ പോലും ചെയ്യാൻ അറച്ചിരുന്ന പ്രവർത്തികളാണു താൽകാലിക യൌവ്വനത്തിനായി ഇന്നത്തെ വാർദ്ധക്യം കാട്ടിക്കൂട്ടുന്നതു. എഴുപതിലും പതിനേഴിന്റെ നിറവെന്നൊക്കെ അഭിമാനിക്കുമ്പോഴും വീട്ടിൽ കിടന്നു ഊർദ്ധന്റെ മാരണങ്ങളോട് പൊരുതുകയാകും അവർ. എന്നാൽ പുറത്ത് തങ്ങൾ സിംഹങ്ങളാണെന്നുള്ള ഭാവനയും. ഇവർക്കൊന്നും നാണമില്ലെ?

കവികൾക്കും, കലാകാരന്മാർക്കും ഭ്രാന്തു ഭൂഷണമായിരിക്കാം. പക്ഷെ അതു കവിതയെഴുതുമ്പോൾ മാത്രം. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ അത്തരം ജ്ഞാനവൃദ്ധന്മാർ ഇരിക്കുമ്പോൾ സ്ഥാനത്തിനു ചേർന്ന വാക്കുകളും പ്രവർത്തികളുമേ പുറത്തു വരാവു. അതാണോ നാമിപ്പോൾ ചുറ്റിനും കാണുന്നതു? ജല്പനങ്ങൾ പറയുവാനാണെങ്കിൽ അടച്ചിട്ട മുറിക്കുള്ളിൽ പോയിക്കിടന്നു മച്ചിനോട് പറയൂ. ഇന്നു പൊതുസമൂഹത്തിൽ ഇത്തരം ജല്പനങ്ങളാണു ഒരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുന്നതു. പിൻ‌തലമുറയ്ക്കു അനുഭവപാഠങ്ങൾ പറഞ്ഞുകൊടുത്തു ശാന്തമായി ജീവിക്കേണ്ട വാർദ്ധക്യം അവരുടെ അവസരങ്ങൾ തട്ടിപ്പറിച്ചു കൊണ്ട് ഒരു പൊതുശല്യമായി മാറിയിരിക്കുന്നു. അതുകൊണ്ടാണു ഇന്നു വാർദ്ധക്യം നിർദ്ദയം ഉപേക്ഷിക്കപ്പെട്ടുപോയതു. ഇവരെക്കണ്ടിട്ടാകാം ഇനിയൊരു തലമുറയിവിടെ ആവശ്യമില്ലെന്ന മട്ടിൽ പുതിയ തലമുറയിൽ വന്ധ്യത വല്ലാത്ത തോതിൽ ഉയരുന്നതു.

ഈ വാർദ്ധക്യത്തെ എന്തു ചെയ്യണമെന്നു എനിക്കറിയില്ല. സാമാന്യവിവേകം ഉണ്ടെങ്കിൽ ദയവായി അവർ ഒഴിഞ്ഞുപോകണം. യുവതലമുറയ്ക്കു കൊടുക്കാൻ ഒരു സന്ദേശവുമില്ല നിങ്ങൾക്ക്. നിങ്ങൾ ചെയ്യുന്നതു അതിനേക്കാൾ ഭംഗിയായി നിർവ്വഹിക്കാൻ അവർക്കറിയാം. ദയവായി സ്റ്റാൻഡ് വിട്ടുപോകൂ. അല്ലെങ്കിൽ വാർദ്ധക്യത്തിന്റെ പക്വത കാണിക്കു. യുവസമൂഹത്തെ ഉന്നത മൂല്യങ്ങളിലേക്ക് നയിക്കാൻ കഴിയില്ലെങ്കിൽ ഒരിടത്തു അടങ്ങിയിരിക്കണം.

വാർദ്ധക്യം പറഞ്ഞാൽ ഇപ്പോഴും യൌവ്വനം അനുസരിക്കും. പക്ഷെ വെറും പേച്ചു പോരാ. ജീവിച്ചു കാണിക്കണം.

ദാ, ഇവിടേക്ക് കുറച്ചു ദൂരമേ ഉള്ളു എന്നു മറക്കണ്ട.

Saturday, November 15, 2014

ദളിത്പേരുകളിൽ എന്തിരിക്കുന്നു?

ഇന്നത്തെ ഹിന്ദുവിൽ (11-11-14) ഒരു അനുശോചന വാർത്തയുണ്ട്. ജവഹർലാൽ നെഹൃ സർവ്വകലാശാലയിലെ സാമൂഹികശാസ്ത്രജ്ഞൻ മത്യാസ് സാമുവൽ സുന്ദരപാണ്ഡ്യന്റെ നിര്യാണം. അദ്ദേഹത്തെ പരിചയമൊന്നുമില്ല. പക്ഷെ ആ വാർത്തയിൽ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. പ്രഫസറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒരാളുടെ പേരു. ‘അംബേദ്കർ‘. ഒരു പേരിൽ എന്തിരിക്കുന്നു എന്നൊക്കെ ഷേക്സ്പിയറിനു ചോദിക്കാം. പക്ഷെ പല പേരുകൾക്കും ഒരു സ്ഫോടകശക്തിയുണ്ട്. സമൂഹത്തെ മാറ്റിമറിക്കാൻ കഴിയും. അംബേദ്കർ, അയ്യ‌ൻ‌കാളി തുടങ്ങിയ പേരുകൾ അത്തരത്തിലുള്ളതാണു.

ഇന്ത്യയിൽ എവിടെയുള്ളയാളായിരിക്കും ഈ അംബേദ്കർ എന്ന യുവാവ് എന്നെനിക്കറിയില്ല. പക്ഷെ തന്റെ മകനു അഭിമാനപൂർവ്വം ആ പേരിടാൻ കഴിഞ്ഞ ആ അച്ഛനമ്മമാർ ശ്രേഷ്ഠരാണു. അവരെ അഭിനന്ദിക്കണം. ദളിത് വിപ്ലവത്തിനു ആഗ്രഹിക്കുന്ന മലയാളികളിൽ എത്രപേർ തങ്ങളുടെ കുട്ടികൾക്ക് ഇതുപോലുള്ള സാമൂഹികപരിഷ്കർത്താക്കളുടെ പേരിട്ടിട്ടുണ്ട്? ഒരാശയത്തോട് ഏറ്റവും ചേർന്നു നിൽക്കാൻ സഹായിക്കുന്നതു അതിന്റെ മുന്നണിപ്പോരാളികളുടെ നാമങ്ങളായിരിക്കും. അതെപ്പോഴും ആശയത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. യൂണിവേഴ്സിറ്റിക്കും, എയർപ്പോർട്ടിനും അവരുടെ പേർ നിർദ്ദേശിക്കുന്നവർക്കെങ്കിലും അതൊക്കെ തങ്ങളുടെ മക്കൾക്കോ കൊച്ചുമക്കൾക്കോ ഇട്ട് മാതൃക കാണിക്കാൻ കഴിയുമായിരുന്നു. ഉത്സാഹക്കമിറ്റിക്കാർ അതു നിർബ്ബന്ധമായും ചെയ്യണമായിരുന്നു.

അങ്ങിനെയൊന്നും സംഭവിക്കുന്നില്ല എന്നു കാണുമ്പോൾ ഇരട്ടത്താപ്പിന്റെ കാരീയമാണു മലയാളി എന്നു വീണ്ടും ഉറപ്പിക്കാം. അല്ലെ?

കാർഷികശാസ്ത്രജ്ഞരെ വിശ്വസിക്കാമോ?

കാർഷിക സർവ്വകലാശാലയുടെ ഓരോ കാര്യങ്ങൾ കാണുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും? അവരിപ്പോൾ പച്ചക്കറിയിലെ വിഷം കളയാനുള്ള ഒരു ലായനി ഉണ്ടാക്കി വിതരണം ചെയ്യാനുള്ള ശ്രമത്തിലാണു. വിരോധാഭാസമെന്നല്ലാതെ എന്താ പറയുക? ഇക്കണ്ട വിഷമെല്ലാം ഉണ്ടാക്കിയതു കാർഷികശാസ്ത്രജ്ഞന്മാർ അല്ലെ. കാർഷിക സർവ്വകലാശാലകൾ ഉണ്ടായതു കൊണ്ടല്ലെ കാർഷികശാസ്ത്രജ്ഞന്മാർ ഉണ്ടായതു. എങ്കിൽ സർവ്വകലാശാലകൾ അങ്ങ് നിർത്തിയാൽ ആ പ്രശ്നം തീരുമല്ലോ.

ഒരു കാലത്തു ശാസ്ത്രകൃഷി എന്നു പറഞ്ഞ് നാടൻ കൃഷിരീതികളും, അത്യുല്പാദന വിത്തുകൾ (അതോ വിപത്തുകളോ) എന്നു പറഞ്ഞ് നാടൻ വിത്തുകളും, മണ്ണിനു പോഷണം പോരാ എന്നു പറഞ്ഞ് രാസവളങ്ങളും, കീടനിയന്ത്രണത്തിനു എന്നു പറഞ്ഞ് കീടനാശിനികളും പ്രചരിപ്പിച്ചതും ഈ കാർഷികശാസ്ത്രജ്ഞന്മാർ തന്നെയാണു. അതിലെ ഒരു മുന്തിയ കാർഷികശാസ്ത്രജ്ഞന്റെ ബൌദ്ധിക സമ്പത്തു എന്താണെന്നു അറിയാമോ? 400 തരം നാടൻ വിത്തിനങ്ങളുടെ പേറ്റന്റ്. ശാസ്ത്രജ്ഞന്മാരുടെ ഇരട്ടത്താപ്പ് എത്ര വ്യക്തമാണു.

വേറൊന്നുള്ളതു ശാസ്ത്രകൃഷിരീതികളെ എല്ലാം തള്ളിപ്പറഞ്ഞുകൊണ്ട് അവരിപ്പോൾ ജൈവകൃഷിയുടെ പ്രചാരണത്തിലാണു. അതായതു രാസവളക്കമ്പനികളിൽ നിന്നുള്ളതിനേക്കാൾ വരായ്ക ഇപ്പോൾ ജൈവകൃഷിയിൽ നിന്നും കിട്ടും. അതിന്റെ ആപ്പ് അറിയണമെങ്കിൽ കുറച്ചുകാലം കൂടി കാത്തിരിക്കണം.

പ്രാദേശിക കൃഷിരീതികൾ തകർത്ത ശാസ്ത്രസമൂഹത്തെ ഇനിയും നാം വിശ്വസിക്കണമോ?

Wednesday, November 12, 2014

‘മരണഭയമെന്ന അന്ധവിശ്വാസം’

പത്തു പതിനേഴു കൊല്ലം മുൻപാണു എം.പി.നാരായണപിള്ള സമകാലിക മലയാളത്തിൽ ഒരു ലേഖനം എഴുതിയതു. ‘മരണഭയമെന്ന അന്ധവിശ്വാസം’. പരകായപ്രവേശം കാത്തുകിടന്ന ഒരു ജൈന മുത്തശ്ശിയെക്കുറിച്ചായിരുന്നു അതു. ഒരു സ്ത്രീയെന്ന നിലയിൽ തനിക്കു ചെയ്യാനുള്ള കർത്തവ്യങ്ങൾ തന്നാൽ ആകും വിധം നിർവ്വഹിച്ചു കഴിഞ്ഞു. ഇനി ജനനമരണങ്ങളുടെ അനന്തമായ ചക്രത്തിൽ നിന്നും മോചനം വേണം. അതിനു ഈ ദേഹം വിട്ടുപോകാൻ മക്കൾ അനുവദിക്കണം. അവർ അമ്മയുടെ പാദങ്ങളിൽ നമസ്കരിച്ച് അനുമതി കൊടുത്തു. പിറ്റേന്നു മുതൽ അമ്മുമ്മ ഭക്ഷണം കുറച്ചു. ആദ്യം രണ്ടു നേരമാക്കി. പിന്നെയതു ഒരു നേരം. രണ്ടാഴ്ച കടന്നപ്പോൾ ജലപാനം മാത്രമായി. അങ്ങനെ ആ അമ്മുമ്മ സംസാരചക്രത്തിൽ നിന്നും പുറത്തു കടന്നു.

കർത്തവ്യനിർവ്വഹണം പൂർത്തിയായി എന്നു തോന്നിയപ്പോൾ ആചാര്യ വിനോബഭാവേയും ഇതേ വഴിയാണു തെരെഞ്ഞെടുത്തതു. അദ്ദേഹം ജലപാനവും ഉപേക്ഷിച്ചിരുന്നു. ദേശീയ പ്രാധാന്യമുള്ള വ്യക്തിയെന്ന നിലയിൽ വിനോബാജി ആഗ്രഹിച്ചിരുന്നെങ്കിൽ എത്രകാലം വേണമെങ്കിലും മരിക്കാതെ ഉണങ്ങി കൊട്ടനടിച്ചിരിക്കാമായിരുന്നു. അഞ്ചു പൈസയുടെ ചെലവില്ല. എല്ലാം സർക്കാർ കൊടുത്തുകൊള്ളും. പല രാഷ്ട്രീയക്കാരും ദീർഘകാലം അങ്ങനെ കിടന്നിട്ടാണല്ലോ പരലോകം പൂകിയതു. വിനോബാജി അതു ചെയ്തില്ല. അതിനു കാരണം അദ്ദേഹത്തിനു ഒരു ജീവിതവീക്ഷണമുണ്ടായിരുന്നു. അതുകൊണ്ട് മരണത്തെ ഭയപ്പെട്ടില്ല.

ഇതിപ്പോൾ ഇവിടെ എടുത്തെഴുതിയതു മലയാളികളിൽ ഒരു നല്ല പങ്കും അനാവശ്യമായ മരണഭയമുള്ളവരായതു കൊണ്ടാണു. നമുക്കു ചുറ്റും ഇത്രയധികം ആശുപത്രികൾ പടർന്നു പന്തലിച്ചു നിൽക്കുന്നതു അതു കൊണ്ടാണു. എന്തെങ്കിലും ദീനം വന്നാലുടൻ അതു വികസിച്ചു മരണത്തിലെത്തുമോ എന്ന പേടിയാണു മലയാളിക്ക്. ആ ഭയം കൊണ്ട് ഉടനെപോയി ഒരു ഡോക്ടറെ കാണും. മരണഭയവുമായാണു ഒരാൾ വന്നിരിക്കുന്നതെന്നു ഡോക്ടറന്മാർക്കറിയാം. അതവർ മുതലാക്കും. അതുകൊണ്ടു തന്നെ രോഗം ഭേദമാക്കാൻ അവർക്ക് താല്പര്യമില്ല. കഴിയുമെങ്കിൽ ആദ്യത്തെ രോഗമൊന്നു കുറച്ചിട്ട് മറ്റൊന്നിലേക്ക് കടത്തി വിടും. പ്രമേഹത്തിനു ചികിത്സ തുടങ്ങി കിഡ്നി ട്രബിളിൽ എത്തിക്കുന്നപോലെ. ആശുപത്രി ചികിത്സ ഒരിക്കൽ തുടക്കമിട്ടാൽ അതു മരണത്തിലെ അവസാനിക്കു.

രോഗത്തിന്റെ പേരിൽ മരണഭയവുമായി ജീവിക്കുന്നതു വല്ലാത്ത ഒരവസ്ഥയാണു. തനിക്കുമാത്രമല്ല ചുറ്റുമുള്ളവർക്കും അതു അസ്വസ്ഥതയുണ്ടാക്കും. ധൈര്യമുള്ളവനേപ്പോലും അതു മരണത്തെക്കുറിച്ച് ചിന്തിക്കാൻ ഇടയാക്കിക്കും. സാമ്പത്തിക നഷ്ടം വേറെ. അനന്തരാവകാശികൾക്ക് കിട്ടേണ്ട സമ്പത്താണു ആശുപത്രിവ്യവസായം പിടിച്ചു പറിക്കുന്നതു. വേറൊന്നുള്ളതു മരുന്നു കഴിക്കേണ്ടി വരുന്നതുകൊണ്ടുള്ള ജീവിത നിയന്ത്രണമാണു. മരുന്നുകഴിക്കുമ്പോൾ പഥ്യമുണ്ട്. പക്ഷെ ആശകൾ മുന്നിൽ വന്നു മാടിവിളിക്കുമ്പോൾ പഥ്യം കൃത്യമായി പാലിക്കാൻ കഴിയാതെ വരും. അപ്പോൾ ടെൻഷൻ കൂടും. അന്ത:ക്ഷോഭം രോഗത്തെ കൂടുതൽ തീവ്രമാക്കുകയേ ഉള്ളു.

ആശുപത്രി ജീവിതം ഒരു രോഗിക്കും സുഖകരമല്ല. മരണത്തിനു ചീട്ടുകീറിയിട്ടുണ്ടെന്നു പറഞ്ഞാണു ഓരോ രോഗിയേയും അഡ്മിറ്റ് ചെയ്യുന്നതു. ആത്മവിശ്വാസമുണ്ടാകുന്ന ഒന്നും നിങ്ങൾക്ക് ഒരു ഡോക്ടറിൽ നിന്നും കേൾക്കാനാവില്ല. അതിനു പകരം ഇത്തരം രോഗമുണ്ടാക്കിയ ഭീകരതകളായിരിക്കും അവർ വിവരിക്കുക. അതു കേട്ടാൽ ആർക്കാണു ജീവിക്കാൻ തോന്നുക? എന്നാൽ സന്ദർശകർക്കും, ബന്ധുക്കൾക്കും അവർ സ്റ്റാർ സൌകര്യം ഏർപ്പെടുത്തും. പരമാവധി ആളുകൾ വന്നു ആശുപത്രികൾ എന്ന മരണനിലയങ്ങൾ സന്ദർശിക്കട്ടെ എന്നാണു വ്യവസായികളുടെ ഉള്ളിലിരുപ്പ്. ചുരുക്കത്തിൽ രോഗി മാത്രമല്ല സന്ദർശകരും രോഗത്തിന്റെ ഭീതിയിലേക്ക് ആകർഷിക്കപ്പെടുന്നു.

ഇതിൽ നിന്നും ഒരു മോചനം വേണ്ടെ? ധൈര്യമുള്ളവരെങ്കിലും തങ്ങളുടെ അവസ്ഥ മനസിലാക്കി ആ അമ്മുമ്മയെപ്പോലെയോ, വിനോബാജിയെപ്പോലെയോ വഴി മാറി നടക്കാൻ ശ്രമിക്കണം. അതിനു ആദ്യം വേണ്ടതു കുറേനാൾ എവിടെയെങ്കിലും അടങ്ങിയിരുന്നു തങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒന്നാലോചിക്കുകയാണു. രോഗം ഭേദമാകാൻ സാദ്ധ്യത കുറവാണെങ്കിൽ പിന്നെ എന്തിനു വെറുതെ ചികിത്സിക്കണം? മിച്ചമുള്ള ധനം മക്കൾക്ക് കൊടുത്തിട്ട് സമാധാനമായി ഇരിക്കുക. ഒരിടത്തു അടങ്ങിക്കിടക്കുമെങ്കിൽ പാർടണർക്കും ബന്ധുക്കൾക്കും നിങ്ങളെപ്പറ്റി പിന്നെ പരാതിയൊന്നും ഉണ്ടാവില്ല. എന്നായാലും ഒരു ദിവസം മരിക്കണം. അപ്പോൾ രോഗം കാരണം കിട്ടിയ ഒഴിവിൽ ശാന്തമായി കിടന്നു ജനന മരണങ്ങളുടെ ചക്രത്തെക്കുറിച്ചു ആലോചിക്കാം. നല്ല, നല്ല പുസ്തകങ്ങൾ വായിക്കാം. അനുഭവവും അറിവുമുള്ളവരാണെങ്കിൽ അതാരെങ്കിലും തേടി വന്നാൽ അവർക്ക് സൌകര്യം പോലെ പറഞ്ഞുകൊടുക്കാം. അങ്ങനെ സമാധാനമായി മരണത്തെ കാത്തിരിക്കാം. അതിനിടയിൽ വേദനപോലുള്ള അസ്വസ്ഥതകൾക്ക് ചികിത്സ എടുക്കുന്നതിൽ തെറ്റില്ല. ധൈര്യത്തോടെ കാത്തിരിക്കുമ്പോൾ മിക്കവാറും മരണം തന്നെ അകന്നു പോകും. അഥവാ അതു തേടിയെത്തിയാൽ തന്നെ മറ്റാർക്കും ഉപദ്രവമില്ലാതെ സമാധാനമായി കടന്നു പോകാം. ഇതിനിടയിൽ ചിലപ്പോൾ രോഗം തന്നെ മാറാനും മതി.

ഞാൻ ഇങ്ങനെ ചെയ്യുമോ? ജനിച്ച നാൾ തൊട്ട് രോഗം വിടാതെ പിന്തുടരുന്ന ഒരാളാണു ഞാൻ. ഇതു പരീക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണു.

അടിക്കുറിപ്പ് : ഇങ്ങനെ ഒരു തീരുമാനം എടുക്കുന്ന ഒരാളും അതു പുറത്തു പറയരുത്. കാരണം ഇക്കാലത്ത് എല്ലാവരും മാദ്ധ്യമപ്രവർത്തകരാണെന്നാണു ഭാവിക്കുന്നതു. അവരിതു എക്സ്ക്ലൂസിവാക്കും. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?.

Sunday, November 9, 2014

ജൈവകൃഷി

എഫ്.എ.സി.റ്റിയുടെ പ്ലാന്റുകളിൽ പൂച്ച പെറ്റുകിടക്കുന്നു... കമ്പനിക്കു മുന്നിൽ ബീഡിവലിച്ചിരിക്കുന്ന ട്രക് ഡ്രൈവറന്മാർ ഒരുലോഡിന്റെ ഓർഡർ വന്നപ്പോൾ അതിനുവേണ്ടി പരസ്പരം കയ്യേറ്റം നടത്തുന്നു. തമിഴ്നാട്ടിൽ കർഷകർ കൂട്ടം കൂട്ടമായി കൃഷിസ്ഥലങ്ങൾ വിട്ടുപോകുന്നു. കേരളമെങ്ങും ഹരിതാഭ. ഐറ്റി കമ്പനികൾ വിജനം. പണിചെയ്യാൻ ആളെക്കിട്ടാഞ്ഞിട്ട് CEOമാർ വരമ്പുകളിൽ കാവലിരിക്കുന്നു. ഇതാണു ജൈവകൃഷിയുടെ കിണാശേരിയെന്ന സ്വപ്നം.

കേരളമാകെ ആ ഒരു ഹർഷത്തിലാണെന്നു തോന്നുന്നു. പലരും ഉദ്യോഗം വേണ്ടെന്നു വച്ച് പാടങ്ങളിലേക്കിറങ്ങുന്നു എന്നാണു വാർത്ത. ദുസ്സഹമായ കൃഷിച്ചെലവായിരുന്നു കൃഷി അന്യം നിന്നുപോകാൻ ഇതുവരെ കാരണമായി പാണന്മാർ പാടിനടന്നതു. ജൈവകൃഷി വന്നതോടെ ചെലവ് തീരെക്കുറഞ്ഞു. എല്ലാവർക്കും ഉത്സാഹമായി. പോരാത്തതിനു നടാനും, കൊയ്യാനും, മെതിക്കാനും യന്ത്രങ്ങളുണ്ട്. കൃഷിക്കു ഇഷ്ടം പോലെ സബ്സിഡി. കിസാൻ ക്രെഡിറ്റ് കാർഡുകൾ. പലിശ 4%.

പലേക്കർ രീതി അവലംബിച്ചാൽ ചെലവ് പിന്നെയും കുറയുന്നു. ഒരു പശുവിനെ വളർത്തിയാൽ മതി. ഒരു കുടുബത്തിനുള്ള ഭക്ഷണം ഉൽ‌പ്പാദിപ്പിക്കാം. കൃഷി ലളിതമാകുകയാണു. ചെലവ് കുറയുകയാണു അതിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ കാണാം. സോഷ്യൽ നെറ്റുവർക്കുകളിൽ പോസ്റ്റുകളുടെ പൂരം.

അങ്ങനെയാണു ഒരു ജൈവ കർഷകനെ കണ്ടുമുട്ടുന്നതു. പേരു സോണി സോയാ. ജൈവകർഷകനായപ്പോൾ ഇട്ട പേരാണെന്നു തോന്നുന്നു. സോയാ. ബംഗളൂരിൽ വർഷം 18 ലക്ഷവും പെർക്കുമുണ്ടായിരുന്ന ഒരു കിടിലൻ ടെക്കിയായിരുന്നു. അപ്പോഴാണു മലയാളം മാടിവിളിച്ചതു. നെൽ‌വയലുകൾ കാതരയായി കാത്തിരുന്നതു. മറ്റൊന്നും ചിന്തിച്ചില്ല. വിട്ടു. കൂടെ മറ്റു 4 ടെക്കികളേയുംപൊക്കി. തമിഴ്നാടിനോട് ചേർന്ന ഭാഗത്തു 40 ഏക്കർ പാടം ലീസിനെടുത്തു. കൃഷിയോട് കൃഷി.

വിളവെടുപ്പുൽഘാടനത്തിനു സാഹിത്യവും സോഷ്യൽ വർക്കും കൃഷിയാക്കിയ ആയമ്മ വിമാനത്തിൽ തന്നെ വന്നു. സംഭവം കെങ്കേമമായി. മാദ്ധ്യങ്ങൾക്കൊക്കെക്കൂടി ഒരു ഇരുപതിനായിരംചെലവാക്കിയെങ്കിലെന്താ ഉഗ്രൻ മീഡിയാ കവറേജായിരുന്നു. ആയമ്മയ്ക്ക് പകരം ആയപ്പനായിരുന്നെങ്കിൽ ചെലവ് 50000 ആകുമെന്നു എന്നാണു ഉപശാലയിൽ കേട്ട വർത്തമാനം. ജൈവകൃഷിയാണെങ്കിലും മാർക്കറ്റ് ചെയ്യണമെങ്കിൽ പെണ്ണുതന്നെ വേണം. ചെലവും കുറവ്.

ആഘോഷമൊക്കെ കഴിഞ്ഞപ്പോൾ ഇവരെ ഒന്നു പ്രോത്സാഹിപ്പിക്കണമെല്ലോ എന്നു വിചാരിച്ചു ഞാൻ ചോദിച്ചു.
-കുറച്ച് അരി വേണമെല്ലോ
-അതിനെന്താ ചേട്ടാ, ഒന്നോ രണ്ടോ വേണ്ടതു?
-രണ്ടു കിലോ കൊണ്ടെന്താകാനാ? ഇത്ര ദൂരം കാറോടിച്ചു വന്നതല്ലെ. ഒരു 25 കിലോ എടുത്തോളു.
-കിലോയോ? ഞങ്ങൾ ക്വിന്റല്ലിന്റെ കാര്യമാ പറഞ്ഞതു. 100 kg അല്ലെങ്കിൽ 200 kg. കിലോ കച്ചോടമൊന്നും ഇവിടില്ല.
(ഞാനെന്താ അരിക്കച്ചോടം തുടങ്ങാൻ പോവുകയാണെന്നാണോ ഇവരുടെ വിചാരം?)
-അതൊന്നും പറ്റുകേല. പരമാവധി 25 കിലോ എടുക്കാം. കൂടുതൽ വാങ്ങിവച്ചാൽ പൂത്തുപോകും. വെഷമടിക്കാത്ത ചരക്കല്ലെ. എങ്കിലും എന്താ ചരക്കിന്റെ വില?
-9600 / Q
-ങേ? കിലോയ്ക്ക് 96 രൂപാ?
-ഇതു ജൈവോത്പന്നമാണു ചേട്ടാ.... ജൈവ അരി.
-അതു ഉൽ‌പ്പാദിപ്പിക്കാൻ വിലകുറവാണെന്നല്ലെ പറയുന്നതു.
-ഈ ചേട്ടനുമായി കച്ചവടം നടക്കില്ല. വേണമെങ്കിൽ എടുക്കു. ഞങ്ങൾക്ക് മാർക്കറ്റിങ്ങിനു വേറെ വഴിയുണ്ട്.
-അതെന്തുവാ?
-വലിയ വലിയ ഫ്ലാ‍ാറ്റുകളിൽ താമസിക്കുന്ന കൊച്ചമ്മമാരെ പിടിക്കും. അവർക്ക് ചേട്ടനെപ്പോലെ പണമൊന്നും ഒരു പ്രശ്നമല്ല. ചോദിക്കുന്നതു തരും. ക്വിന്റൽ എന്നു പറഞ്ഞാലും കിലോ എന്നു പറഞ്ഞാലും അവർക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല. അറിയില്ലെന്നതാണു ശരി. ഞങ്ങൾ ഒരു SMS കൊടുക്കും. ചേച്ചി വില ട്രാൻസ്ഫർ ചെയ്യും. ഞങ്ങൾ തോന്നുമ്പോൾ കൊണ്ടക്കൊടുക്കും.
-അല്ല, നിങ്ങൾ ഇങ്ങനെ ചെയ്താൽ മാർക്കറ്റിൽ പിന്നെയും വില കേറില്ലെ? സാധാരണക്കാരനെങ്ങനെ ജീവിക്കും? ജൈവകൃഷി കൊണ്ടു ഉദ്ദേശിക്കുന്നതു മായമില്ലാത്ത ഉൽ‌പ്പന്നങ്ങൾ കുറഞ്ഞവിലയ്ക്കെന്നല്ലേ? അങ്ങനല്ലെ പ്രചരണം? എന്നിട്ടെന്താ ഈ തീവില...

അയാൾ പൊട്ടിച്ചിരിച്ചു. ഈ ചേട്ടൻ ഏതു കോത്താഴത്തുകാരനാണെന്ന ഭാവത്തിൽ.

-ചേട്ടാ, ഞാനൊരു രഹസ്യം പറയാം. ചേട്ടൻ ഉദ്ദേശിക്കുന്ന ജൈവകൃഷി തന്നത്താൻ കൃഷി ചെയ്യുന്ന കർഷകനു ചെലപ്പോൾ ചിലവ് കുറയ്ക്കുമായിരിക്കും. ആർക്കറിയാം. ഇതു ബിസിനസ്സാണു ചേട്ടാ. ബിസിനസ്സ്. ഞാൻ ജോലികളഞ്ഞതു അതിനേക്കാൾ ലാഭം ഇതിലുണ്ടാക്കാവുന്നതു കൊണ്ടാ. അതു മനസിലാക്ക്. ഇവിടെ ജൈവകൃഷി ഒരു പരസ്യവാചകം മാത്രമാണു. വിഷമടിക്കാതെയും വളമിടാതെയും ഇത്രയും ലാർജ്ജു സ്കെയിലിൽ പ്രൊഡക്ഷൻ നടത്താൻ പറ്റുമോ? ഞങ്ങൾ 4 പേർ പണിതാൽ ഈ 40 ഏക്കറിൽ കൃഷിയിറങ്ങുമോ? അല്ലെങ്കിൽ അതിനു കൃഷിയെപ്പറ്റി ഞങ്ങൾക്ക് എന്തറിയാം. അതിനു തമിഴൻ വേണം. അവരു ചത്തു പണിതോളും. അതുകൊണ്ടല്ലെ കൃഷി ഇവിടെത്തന്നെയാകാമെന്നു വച്ചതു. ആരും കാണാതെ എക്കാലാക്സ് അടിക്കാനും യൂറിയാ വിതറാനും അവർക്കറിയാം. അതൊക്കെപ്പോട്ടെ ചേട്ടനു ഒരു ചാക്കെടുക്കട്ടെ.

-വേണ്ട. തമിഴൻ ഉല്പാദിപ്പിക്കുന്ന അരി 32 രൂപയ്ക്ക് എനിക്കു നാട്ടിൽ കിട്ടും. അതു മതി. വെറുതെയെന്തിനാ ഞാനിതു ഇവിടെ നിന്നു കെട്ടിച്ചുമക്കുന്നതു.
-മതിയെങ്കിൽ മതി. പക്ഷെ ആ അരിക്ക് ജൈവ‌അരി എന്ന ലേബൽ കിട്ടില്ല. അതാണു കഴിക്കുന്നതെന്നു 10 പേരോട് പറയുമ്പോഴുള്ള അഭിമാനവും.

ഉല്പാദന ചെലവു കുറയുമ്പോൾ ഉല്പന്നവില കൂടുന്ന ലോകത്തിലെ ഏക ടെക്നോളജി ജൈവകൃഷിയാണെന്നു തോന്നുന്നു.......

എന്റെ കിണാശേരീ...............

കേരളത്തിലെ മരണ നിരക്ക് കൂടുന്നോ?

തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റി‌റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കഴിഞ്ഞ ദിവസം ഒരു പഠന റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഹൃദ്രോഗം വന്നു മരിക്കുന്നവരിൽ പകുതിയും 60 വയസിൽ താഴെയുള്ളവരാണു. മോഡേൺ മെഡിസിനിൽ ചികിത്സ എടുക്കുന്നവർക്കിടയിൽ പഠനം നടത്തിയാണു ഗവേഷകർ ഈ നിഗമനത്തിൽ എത്തിയതു. അതായതു ആധുനികമായ ചികിത്സ നൽകിയിട്ടും ആയുസ്സ് 60നപ്പുറം കൊണ്ടുപോകാൻ പറ്റുന്നില്ല.
ആധുനിക മെഡിക്കൽ രംഗം മലയാളിയുടെ ആയുസ്സ് വർദ്ധിപ്പിച്ചു എന്നായിരുന്നു ഇതുവരെയുള്ള പ്രചരണം. പക്ഷെ ആരോഗ്യ മേഖലയിലുള്ള ഗവേഷകർ തന്നെ പറയുന്നു ആയുസ്സ് കുറയുകയാണു! ഇതിൽ എന്തോ പന്തികേടുള്ളതുപോലെ തോന്നുന്നില്ലെ. ശാസ്ത്രജ്ഞന്മാർ പറയുന്നതു അവിശ്വസിക്കാൻ പാടില്ല.
ശ്രീചിത്രാ ഗവേഷകരുടെ വാദം തെറ്റാണെന്നു തെളിയിക്കണമെങ്കിൽ മറിച്ചുള്ള കണക്കുകൾ വേണം. അതിനു ശ്രീചിത്ര ചെയ്തതുപോലെ RCCയും, അമൃതയും, കിംസും, ലേൿഷോറും, മെഡിക്കൽ കോളേജുകളും രോഗികൾ മരിക്കുമ്പോഴുള്ള പ്രായം പുറത്തുവിട്ടാൽ മതി. കരൾ രോഗത്തിനു, കാൻസറിനു, വൃക്കയ്ക്കൊക്കെ ചികിത്സിച്ചിട്ട്, അവയവങ്ങൾ മാറ്റിവച്ചിട്ടൊക്കെ ആയുസ്സ് എത്ര കൂടുന്നുണ്ടെന്നു അപ്പോൾ മനസിലാക്കാമല്ലോ. ആയുസ്സ് കൂടുന്നു എന്ന വൈദ്യശാസ്ത്രത്തിന്റെ വാദം സത്യമാണെങ്കിൽ ആ കണക്കുകൾ പുറത്തുവിടാൻ എന്തിനു ഭയക്കണം. പക്ഷെ അങ്ങനെയൊരു കണക്കും ആശുപത്രികൾ പുറത്തു വിടുന്നില്ല.
ഇക്കാര്യത്തിൽ സർക്കാരിനു നിർബ്ബന്ധിക്കാൻ കഴിയുമോ? ഇങ്ങനെയൊരു കണക്കില്ലാതെ ആരോഗ്യരംഗത്തു എന്തു പരിഷ്കരണം വരുത്താൻ കഴിയും?

Wednesday, November 5, 2014

വിശ്വകർമ്മാവിന്റെ ചലഞ്ച്

ഞങ്ങളുടെ കരയിൽ ഒരു കൊല്ലനുണ്ട്. താൻ കൊല്ലനാണെന്നു അഭിമാനിക്കുന്ന ഒരാൾ! പേരുപറയുമ്പോൾ കൊല്ലൻ എന്നുതന്നെ ചേർത്തു വിളിക്കണമെന്നു നിഷ്കർഷിക്കാൻ തക്ക ആത്മാഭിമാനമുള്ളയാൾ.

പരമ്പരാഗതമായ കൊല്ലപ്പണി അപ്പൻ പഠിപ്പിച്ചു. കേരളത്തിലെ സാമൂഹിക മനസ്സ് മാറിത്തുടങ്ങിയ കാലം. കമ്പനി ഉൽ‌പ്പന്നങ്ങളോടായി മലയാളിക്ക് പ്രിയം. നാട്ടിലെ കൊല്ലപ്പണികൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാനാവില്ലെന്നു മനസിലാക്കി ഉത്തരേന്ത്യയിലേക്ക് കടന്നു. പലടത്തും ചുറ്റിക്കറങ്ങി ജലന്ധറിൽ എത്തി. ഇതിനിടയിൽ കൊല്ലപ്പണിയിലെ പലപല നൂതന ആശയങ്ങളുമായി ഇടപെടാൻ കഴിഞ്ഞു. ആർജ്ജിത അറിവുകൾ പരമ്പരാഗത അറിവുമായി കൂട്ടിയോജിപ്പിച്ചു തന്റെയുള്ളിൽ പുതിയൊരു കൊല്ലനെ സൃഷ്ടിച്ചു. “പച്ചിരുമ്പും, പിച്ചളയും, നാകവും മാത്രമല്ല ലോഹങ്ങളെന്നു മനസിലാക്കിയതും, അവയിലുള്ള പണിപഠിച്ചതുമാണു തന്റെ പ്രവാസജീവിതത്തിന്റെ ലാഭ“മെന്നാണു അദ്ദേഹം പറയുന്നതു.

- കേരളത്തിലെപ്പോലല്ല, വടക്ക്. പാ‍രമ്പര്യത്തെ അവിടുള്ളവർ അംഗീകരിക്കും. അതിനെ നവീകരിക്കാൻ ആധുനിക അറിവുകൾ ഉപയോഗപ്പെടുത്താ‍ൻ അവർക്ക് മടിയില്ല. അതുകൊണ്ടാണു ഗോദറേജിനു വെറും കൊല്ലപ്പണിയിൽ നിന്നും കൊല്ലപ്പണി വ്യവസായത്തിലേക്ക് ഉയരാൻ കഴിഞ്ഞതു. തങ്ങളുടെ പരമ്പരാഗത അറിവുകളാണു വടക്കുള്ള മിക്കവ്യവസായികളുടേയും വിജയത്തിന്റെ അടിസ്ഥാനം. കേരളത്തിൽ അത്തരം അറിവുകളോട് പുച്ഛമാണു. അതുകൊണ്ടാണു നാം വ്യാവസായികമായോ കാർഷികമായോ വളരാത്തതു.

ജലന്ധറിലെ ഒരു വാട്ടർമീറ്റർ കമ്പനിയിൽ ഫോർമാനായി ചേർന്നു. അന്നു താൻ വാങ്ങിയിരുന്നതു ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ ശമ്പളമായിരുന്നു എന്നു അദ്ദേഹം അഭിമാനത്തോടെ ഓർക്കുന്നു. അതു പണിയിലുള്ള നിപുണത ഒന്നുകൊണ്ടുമാത്രം ലഭിച്ചതാണെന്നു പറയാൻ അദ്ദേഹത്തിനു മടിയില്ല. 17 കൊല്ല്ലം ആ സ്ഥാപനത്തിൽ തുടർന്നു. വയസ്സായിത്തുടങ്ങിയ അച്ഛനമ്മമാരെ ഇനി ശുശ്രൂഷിക്കണം. താൻ പിരിയുകയാണെന്നു അദ്ദേഹം കമ്പനി ഉടമയെ അറിയിച്ചു. ഉയർന്ന ശമ്പളത്തിനോ, മെച്ചപ്പെട്ട സൌകര്യത്തിനോ അല്ല പിരിയുന്നതെന്നു മനസിലായപ്പോൾ ഉടമയുടെ കണ്ണുനിറഞ്ഞു. “നിനക്ക് ഞാനെന്താണു പാരിതോഷികമായി പ്രത്യേകം തരേണ്ടത്?” കമ്പനി വ്യവസ്ഥകൾ പ്രകാരമുള്ള എല്ലാ ആനുകൂല്യവും കിട്ടും. ഇതു തന്റെ സ്വന്തമായ ഒരാഗ്രഹമാണെന്നു പറഞ്ഞപ്പോൾ, അവിടെ അച്ഛന്റെ ആലയുണ്ട്. എനിക്ക് ജീവിക്കാൻ അതു മതിയാകുമെന്നു അദ്ദേഹം പറഞ്ഞു. പ്രവർത്തിയെടുക്കുന്നവനു അധികം പണത്തിന്റെ ആവശ്യമില്ലെന്നാണു ആ വിശ്വകർമ്മാവിന്റെ അഭിപ്രായം. പണം ആർഭാടത്തിനുള്ളതാണു. ജോലി ചെയ്യുന്നവനു ആർഭാടത്തിനുള്ള സമയം കിട്ടില്ല. പിന്നെന്തിനാണു ആവശ്യമില്ലാത്ത പണം?

കൊല്ലപ്പണിയും, അച്ഛനമ്മമാരുടെ ശുശ്രൂഷയുമായി കാലം കടന്നു പോയി. ഇന്നിപ്പോൾ മകനിലാണു ശ്രദ്ധ. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനൊപ്പം കൊല്ലപ്പണിയും മകൻ പഠിച്ചു. വളരെ തൊഴിൽ സാദ്ധ്യതയുള്ള ഒപ്റ്റിക് ഫൈബർ മേഖലയിലാണു മകന്റെ ബിരുദം. പക്ഷെ ആലയിൽ ഇരുന്നു പഴുപ്പിച്ച ഇരുമ്പിനു മീതേ കൂടമടിക്കാൻ ആ മകനു മടിയില്ല. എങ്കിലും ഇപ്പോഴത്തെ സാമൂഹികാന്തരീക്ഷത്തിൽ ഒരു കാഴ്ചസുഖമുള്ളതല്ല ആലപ്പണി. അതു കൊണ്ട് തന്റെ ആലയെ ഒന്നു പരിഷ്കരിച്ചാലോ എന്നു ആലോചിക്കുകയാണു മകന്റെ അച്ഛൻ.

സുക്ഷ്മമായ ഇരുമ്പുപണിക്ക് ശാസ്താംകോട്ട മുതൽ തോട്ടപ്പള്ളിവരെയുള്ളവർ ആശ്രയിക്കുന്നതു ഇദ്ദേഹത്തെയാണു. വെട്ടുകത്തി നിർമ്മിക്കാനോ അതിന്റെ വായ്ത്തല കാച്ചാനോ ഇന്നു പല കൊല്ലന്മാർക്കും അറിയില്ല. കമ്പനി ഐറ്റങ്ങൾ പ്രൊഫഷണലായി ഉപയോഗിക്കാൻ പറ്റില്ല. അതു അനുഭവം. അതുപോലെയാണു മീൻ‌വെട്ടുന്ന കത്തി, പൂട്ടുകൾ തുടങ്ങിയവ. ഇവയൊക്കെ സമന്വയിപ്പിച്ചുകൊണ്ട് ഒരു വ്യവസായ സ്ഥാപനമാണു മനസിൽ. ബ്രാന്റഡ് ഐറ്റംസ്. പണ്ട് ചരാഗ്‌ദിൻ ഷർട്ടുകൾ വാങ്ങാൻ മുംബൈൽ പോകണമെന്നു പറയുന്നതുപോലെ ഇത്തരം ആയുധങ്ങൾക്ക് ആളുകൾ ഇവിടെ വരണം. ഇതിനുള്ള ഏക പ്രതിബന്ധം കൂടം തല്ലാൻ ആളില്ല. ഒരു പവർഹാമർ കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണു. വിപണിയിൽ നിന്നും ഒരു പവർഹാമർ വാങ്ങിയാൽ 2.5ലക്ഷമെ ആകൂ. അതിനുള്ള ആസ്തിയൊക്കെ ഉണ്ട്. പക്ഷെ ഒന്നരയ്ക്ക് അതു ഉണ്ടാക്കാൻ അറിയാം. ഏതു വേണമെന്നു തീരുമാനിച്ചിട്ടില്ല.

താങ്കളുടെ സംരംഭം വിജയിക്കാൻ ബാങ്കുകൾ സഹായിക്കില്ലെ?

വിശ്വകർമ്മാവ് പൊട്ടിച്ചിരിച്ചു. ഒരു വായ്പ എടുത്താൽ അതോടെ മനസ് പണിയിൽ നിന്നും പോകും. പിന്നെ എപ്പോഴും വായ്പതിരിച്ചടക്കുന്നതിനേക്കുറിച്ചാകും ചിന്ത. സാധാരണക്കാർക്കു അങ്ങനെയൊരു കുഴപ്പമുണ്ട്. കടക്കാരനായി ജീവിക്കാൻ അവർക്ക് ആഗ്രഹമില്ല. മനസു നേരെയല്ലെങ്കിൽ പണിശരിയാകില്ല. പണിനന്നായില്ലെങ്കിൽ ആളുകൾ സാധനം വാങ്ങില്ല. അപ്പോൾ വായ്പതിരിച്ചടവ് നടക്കില്ല. പണം തിരിച്ചടയ്ക്കാൻ ആഗ്രഹിക്കാത്തവർക്കുള്ളതാണു ബാങ്ക് വായ്പ. അല്ലെങ്കിൽ ഇത്തരം പരമ്പരാഗത സാങ്കേതിക വിദ്യ ബാങ്കുകൾ ഏറ്റെടുത്തു നടത്തട്ടെ. ഞങ്ങളേപ്പോലുള്ളവരെ വിളിച്ചുവരുത്തി പണിയിക്കട്ടെ.

ചലഞ്ച്?