Saturday, January 26, 2008

പെണ്ണടയാളം കണ്ട് കോരിത്തരിക്കുന്നവര്‍..........

ചൊവ്വയിലും പെണ്ണടയാളം കണ്ടോ എന്ന സംശയത്തിന്റെ ത്രില്ലിലാണു വാര്‍ത്താ മാദ്ധ്യമങ്ങള്‍. പുതുതായി ഒന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ ശാസ്ത്രം നിലനില്‍പിനായി സെന്‍സേഷനലിസത്തെ കൂട്ടുപിടിക്കുകയാണോ?
വാര്‍ത്തയുടെ ഉത്ഭവം ഡെയിലി മെയിലില്‍ നിന്നാണു. ഇംഗ്ലീഷിലെ ഇക്കിളി മലയാളത്തിലേക്കും മാദ്ധ്യമങ്ങള്‍ കൊത്തിയിട്ടു.ചൊവ്വാ പര്യവേഷണത്തിലുള്ള നാസയുടെ സ്പിരിറ്റെന്ന ദൗത്യപേടകം അയച്ചതെന്ന് പറഞ്ഞ്‌ മനുഷ്യാകൃതിയുള്ള ഒരു ചിത്രവും വാര്‍ത്തയോടൊപ്പം ചേര്‍ത്തിട്ടുണ്ട്‌. അത്‌ ഒരു പെണ്‍ചിത്രം തന്നെയാണെന്ന് എങ്ങനെ സ്ഥിതികരിച്ചു എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. നിഴല്‍ നോക്കി ലിംഗനിര്‍ണ്ണയം നടത്തുന്ന നൂതന സാങ്കേതിക വിദ്യ ആദ്യമായാണു കേള്‍ക്കുന്നത്‌.
വാര്‍ത്ത തുടരുന്നു...... പേരു വെളിപ്പെടുത്താത്ത ഒരു വെബ്ബ്‌സൈറ്റിന്റേതാണു ചിത്രം. സംഗതി എത്ര ശാസ്ത്രീയമാണെന്ന് വായനക്കാര്‍ക്ക്‌ അതോടുകൂടി മനസിലായി.
അത്‌ ഏതെങ്കിലും അന്യഗ്രഹജീവിയുടേതാകുമോ എന്ന് സംശയിച്ച്‌ തുടങ്ങുന്ന റിപ്പോര്‍ട്ട്‌ പലതരം ഭാവനകളിലൂടെ കടന്ന് ആദിമാതാവായ ഹവ്വാമ്മ തന്നെയാകുമോ എന്ന് സംശയിക്കുന്നു. ഹവ്വാമ്മയല്ലെങ്കില്‍ വെറുമൊരു മായക്കാഴ്ചയാകാമതെന്ന് മാദ്ധ്യമങ്ങള്‍ സമ്മതിക്കുന്നു!
വേറെയുമുണ്ട്‌ മാദ്ധ്യമങ്ങള്‍ വക നിഗമനങ്ങള്‍.ആകാശത്തെ മഞ്ഞുപാളികള്‍ ചൊവ്വയുടെ പ്രതലത്തില്‍ കോറിയിട്ട ഒരു നിഴല്‍രൂപമാകുമോ അത്‌? റോബോട്ട്‌ കണ്ണുകള്‍ അതിനെ സ്ത്രീയായി തെറ്റിദ്ധരിച്ച്‌ പടമെടുത്തതാകില്ലെ? റോബോട്ട്‌ കണ്ണുകള്‍ക്കും സ്ത്രീ ഹിതകരമാകുന്നു എന്നാണോ വ്യംഗ്യം?.
ഇതിനൊന്നും ശാസ്ത്രത്തിന്റേയോ ശാസ്ത്രജ്ഞന്മാരുടേയോ സ്ഥിതീകരണമൊന്നുമില്ല.ഇനി ഇവയൊന്നുമല്ലെങ്കില്‍ അത്‌ വെറുമൊരു പാറക്കൂട്ടമാകാം. എന്നിട്ടും വിശ്വസമാകുന്നില്ലെങ്കില്‍......ഫൂ...ഓര്‍സണ്‍ വെല്ലസിന്റെ നാടകം പോലെ വേറൊന്ന്..വേറെ പണി നോക്ക്‌!
വാര്‍ത്ത അവസാനിക്കുമ്പോള്‍ പണ്ട്‌ കാക്കയെ ഛര്‍ദ്ദിച്ച അമ്മാളിന്റെ കഥപോലെയായി സംഗതി. കാര്യമായി ഒന്നുമില്ല! ഒരു കറത്ത പൊട്ടുമാത്രം. അത്‌ വേകാതെ കിടന്ന ഒരു മങ്കരിയായിരുന്നു!!
ഇതാണു മാദ്ധ്യമങ്ങളുടെ ശാസ്ത്രീയ സെന്‍സേഷണലിസം!
ഈ ഭൂമിയിലെ മനുഷ്യനെപ്പോലെ മറ്റൊരു രൂപം അന്യഗ്രഹങ്ങളില്‍ കണ്ടെത്താമെന്ന വിചാരം അതിമോഹമാണു! അത്‌ മനസിലാകണമെങ്കില്‍ അല്‍പമെങ്കിലും ശാസ്ത്രം അറിഞ്ഞിരിക്കണം. അതില്ലെങ്കില്‍ സാമാന്യ ബുദ്ധിയെങ്കിലും വേണം.
അന്യഗ്രഹങ്ങളില്‍ ജീവനുണ്ടാകാം. മനുഷ്യനേക്കാള്‍ മെച്ചപ്പെട്ട പ്രജ്ഞയോടുകൂടിയ ജീവികള്‍ തന്നെയുണ്ടാകാം. അത്‌ മനുഷ്യരൂപത്തിലിരിക്കണമെന്ന് ശാഠ്യം പിടിക്കുന്നത്‌ അശാസ്ത്രീയവും ബാലിശവുമാണു. കാരണം ഭൗമമായ പ്രകൃതിയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു രൂപമാണു 'മനുഷ്യ'ന്റേത്‌. ഭൂമിയില്‍ ആയിരിക്കുന്നത്‌ കൊണ്ട്‌ ഈ അളവുകളും ആകൃതിയും ഉണ്ടായി.ചൊവ്വയില്‍ മനുഷ്യനു സമാനമായ ഒരു ജീവിയുണ്ടെങ്കില്‍ അത്‌ ചൊവ്വയുടെ പ്രകൃതിക്ക്‌ ചേരുന്ന വിധവും അതിന്റെ ഭൂതാത്മകതയില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതുമായിരിക്കും. അതിന്റെ ആകൃതിയും അളവുകളും എങ്ങനെ ഇരിക്കുമെന്ന് അറിഞ്ഞുകൂടാ. ഇതു വരെ ലഭ്യമായിട്ടുള്ള അറിവുവച്ച്‌ ആ രുപം മനുഷ്യനെപ്പോലിരിക്കാനിടയില്ല. സിനിമാതാരത്തിന്റെ അംഗവടിവും കാണില്ല. ചെവ്വാ മനുഷ്യന്റെ രൂപം ഭൗമമനുഷ്യന്റെ കണ്ണിനു ഗോചരമാകുമോ എന്ന് കൂടി പറയാനാവില്ല.
ഭൂമിയുടെ ഭൗമതയും ചൊവ്വയുടെ 'ഭൗമത'യും തമ്മില്‍ വളരെയേറെ വ്യത്യാസമുണ്ട്‌. പ്രകൃതിയും രണ്ടിടത്തും ഒരുപോലെയല്ല. ഇത്‌ മനസിലാക്കാന്‍ നാസയിലൊന്നും പോകണ്ട. സാമാന്യ ബുദ്ധിയുണ്ടായാല്‍ മതി. അതിനു മലയാളി പണയം വച്ചിരിക്കുന്ന ഒരു സാധനമാണല്ലോ അത്‌!
ഒരു തമിഴന്റേയും ജര്‍മ്മന്റേയും രൂപം തമ്മിലുള്ള വ്യത്യാസം ഒന്ന് സങ്കല്‍പിച്ചു നോക്കു. എന്നിട്ട്‌ ചൊവ്വയിലേയും ഭൂമിയിലേയും പെണ്ണ് എങ്ങനെയിരിക്കാം എന്ന് ഊഹിച്ച്‌ നോക്കു. അത്രയും ചെയ്തിരുന്നെങ്കില്‍ ചൊവ്വയില്‍ പെണ്ണിനെ കണ്ടു എന്ന വിഡ്ഢിത്തം ആരും വിളിച്ചുകൂവുമായിരുന്നില്ല.
ഭൂപ്രകൃതിക്കനുസരിച്ച്‌ തന്നെ മനുഷ്യരൂപത്തിനു ഇത്രയും വ്യത്യാസമുണ്ടാകുമെങ്കില്‍ ഗ്രഹങ്ങള്‍ മാറുമ്പോള്‍ എന്ത്‌ മാറ്റമുണ്ടാകണം?ഇന്ത്യയില്‍ തന്നെ തെക്കുള്ളവരുടെ രൂപമല്ല വടക്കുള്ളവര്‍ക്ക്‌. വടക്കു നിന്ന് കിഴക്കോട്ട്‌ പോയാല്‍ പിന്നെയും രൂപവ്യത്യാസം. യതി മനുഷ്യനേപ്പറ്റിപ്പറയുമ്പോള്‍ രൂപം വേറൊന്ന്.
മറ്റ്‌ ജീവജാലങ്ങളുടെ കാര്യത്തിലും ഈ വ്യതിയാനം കാണാം.
പെന്‍ഗ്വിനു തുല്യമായ ഒരു പക്ഷിയെ ഉഷ്ണമേഖലാപ്രദേശത്ത്‌ കണ്ടെത്താന്‍ പറ്റുമോ? അനാക്കോണ്ടയെ ആനമലയില്‍ കണ്ട എത്രപേരുണ്ട്‌?
ഭൂപ്രകൃതി, സസ്യജാലങ്ങളുടെ വിന്യാസം ജലത്തിന്റെ ലഭ്യത വാതപ്രവാഹം തുടങ്ങിയവയൊക്കെ അടിസ്ഥാനമാക്കിയാണു രൂപമുണ്ടാകുന്നത്‌. അല്ലാതെ മനുഷ്യനാണു പ്രപഞ്ചത്തിലെ ഏറ്റവും മികച്ച ജീവി. അതിനപ്പുറം ഉയര്‍ന്ന ഒരു ജീവി സങ്കല്‍പമില്ല. മനുഷ്യനേപ്പോലെയെ മറ്റ്‌ ഗ്രഹങ്ങളില്‍ ജീവികള്‍ ഉണ്ടാകാവു എന്നൊക്കെ ശാഠ്യം പിടിക്കുന്നത്‌ ശരിയണോ? അതില്‍ ശാസ്ത്രീയത ഉണ്ടോ?. ഉള്ളത്‌ വെറും അഹന്ത മാത്രമല്ലേ?.
വേറൊരു കാര്യമുള്ളത്‌ നമ്മുടെ കാഴ്ചയ്ക്ക്‌ എത്ര കണ്ട്‌ ക്ഷമതയുണ്ടെന്നുള്ളതാണു. വിദൂരമായ വസ്തുക്കള്‍ കാണാന്‍ കണ്ണിനാവില്ല. അതുപോലെ തന്നെ തീരെ അടുത്തുള്ളതും. ദൃശ്യാനുഭവം ഉണ്ടാകണമെങ്കില്‍ വസ്തു കാഴ്ചയുടെ പരിധിക്കുള്ളില്‍ വരണം. മാത്രമല്ല അത്‌ സ്ഥൂലവുമായിരിക്കണം. ബാക്കി കാഴ്ചകളൊക്കെ മനോതലത്തിലാണു നടക്കുന്നത്‌.
തനി ദൃശ്യങ്ങളൊട്‌ മനുഷ്യനു ഒരു പ്രത്യേക മമതയുണ്ട്‌. അതു കൊണ്ട്‌ നേര്‍ക്കാഴ്ചകളുടെ സ്ഥൂലത വര്‍ദ്ധിപ്പിക്കാനായി സൂക്ഷ്മദര്‍ശിനികളും ദൂരദര്‍ശിനിയകളും കണ്ടുപിടിച്ചു.അതുപോരാ കൂടുതല്‍ കൂടുതല്‍ കാണണമെന്ന് തോന്നിയപ്പോള്‍ സ്പെക്ട്രോസ്കോപ്പുകള്‍ ഉണ്ടായി. നേര്‍ക്കാഴ്ചകളല്ല അവ നല്‍കുന്നത്‌. ഊഹനമാണു അതിന്റെ കണ്ണ്.
സ്പെക്ട്രോസ്കോപ്പുകള്‍ അയച്ചു തരുന്ന തരംഗങ്ങള്‍ ശേഖരിച്ച്‌ സൂക്ഷമമായി വിശകലനം ചെയ്താണു ഊഹനങ്ങളില്‍ എത്തുന്നത്‌. ലഭിച്ച തരംഗങ്ങളുടെ സ്വഭാവം പഠിച്ച്‌, സമാനമായ തരംഗങ്ങള്‍ ഭൗമ തലത്തില്‍ എന്ത്‌ അനുഭവമാണു മുമ്പ്‌ ഉണ്ടാക്കിയതെന്ന് നോക്കിയിട്ട്‌ ഇതും അതു തന്നെ എന്ന് പറയും. ഇതില്‍ അനവധി പ്രമാദങ്ങള്‍ കടന്ന് കൂടാനിടയുണ്ട്‌. അത്‌ പരിഹരിച്ച്‌ വേണം ശാസ്ത്രസത്യമെന്ന പേരില്‍ പ്രസിദ്ധീകരിക്കാന്‍. അല്ലെങ്കില്‍ ശാസ്ത്രം വെറും സെന്‍സേഷനാകും. കാലാന്തരത്തില്‍ ജനത്തിനു ശാസ്ത്രത്തിലുള്ള വിശ്വാസവും നഷ്ടപ്പെടും.
വാര്‍ത്തയോടൊപ്പമുള്ള ചിത്രത്തില്‍ 'നഗ്നയായ സ്ത്രീ' എന്നാണു വിശേഷണം. അത്‌ വായനക്കാരനു ഒരു ഇക്കിളിയുണ്ടാകാന്‍ വേണ്ടിയാണെന്ന് സമ്മതിക്കാം. പക്ഷെ വായനക്കാരന്‍ ഒരു കാര്യം മറന്നു പോകുന്നു. മഞ്ഞുപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ തണുപ്പിനെ ചെറുക്കാന്‍ ചൂട്‌ കുപ്പായങ്ങള്‍ ധരിക്കാറുണ്ട്‌. ചൊവ്വയിലെ പെണ്ണിനു അതൊന്നും വേണ്ടാ! സമ്മതിക്കണം അവളുടെ തൊലിക്കട്ടി!!
അതിസാന്ദ്രമായ മഞ്ഞുമേഘങ്ങള്‍ നിറഞ്ഞ്‌ നില്‍ക്കുന്ന അന്തരീക്ഷമാണു ചൊവ്വയുടേതെന്ന് ശാസ്ത്രം പറയുന്നു. തണുപ്പെത്രയുണ്ടാകും? മനുഷ്യനു സമാനമായ ഒരു ജീവിക്ക്‌ അങ്ങനെ നഗ്നമായി ആ തണുപ്പിലൂടെ നടക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ വല്ല യതിയുമായിരിക്കണം. മഞ്ഞുമേഖലകളിലെ ജന്തുക്കള്‍ക്കുപോലുമുണ്ട്‌ രോമാവൃതമായ ഒരു പൊതിയല്‍.
ഇതൊന്നും ചിന്തിക്കാതെയാണു ചൊവ്വയിലെ പെണ്ണടയാളം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. മാദ്ധ്യമങ്ങളെ അതിനു കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ഉദരംഭരികളുടേയും അതിമോഹികളുടേയും ലോകമാണിന്നത്‌. ശാസ്ത്രബോധമുള്ളവരല്ല റിപ്പോര്‍ട്ടിംഗ്‌ നടത്തുന്നത്‌. പക്ഷെ എല്ലാം അറിയുന്നവരെന്ന് അഹങ്കരിക്കുന്ന മലയാളി അതില്‍ പെട്ട്‌ പോയതാണു അതിന്റെ രസം!!.അടിസ്ഥാനരഹിതമായ ഒരു റിപ്പോര്‍ട്ടാണിതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകുമ്പോള്‍ തന്നെ, അത്‌ പ്രചരിപ്പിക്കുന്ന ടിവികള്‍ ഓഫ്‌ ചെയ്തും പത്രങ്ങളുടെ വരി നിര്‍ത്തിയും പ്രതികരിയ്ക്കേണ്ടതായിരുന്നു. അതിനുള്ള ആര്‍ജ്ജവം മലയാളിക്കു ഇല്ലാതെ പോയി. അതുണ്ടായിരുന്നെങ്കില്‍ അവന്‍ എന്നേ ഗതിപിടിച്ച്‌ പോയേനെ! അല്ലെ?
മേമ്പൊടി:
1.അമേരിക്കയുടെ അപ്പോളോ പര്യവേഷണത്തില്‍ സംശയത്തിന്റെ നിഴല്‍ വീണതോടെ നാസയുടെ ശാസ്ത്രസമ്മതിക്ക്‌ വിള്ളല്‍ വീണിട്ടുണ്ട്‌. ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയിട്ടുണ്ടോ എന്ന് പലരും ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. അപ്പോള്‍ ഈ മസാലപ്പടം വച്ച്‌ നാസയുടെ പേരില്‍ എന്തിനു ഇങ്ങനെ ഒരു വാര്‍ത്തയിറങ്ങി? അമേരിക്കയിലെ കാര്യമാകുമ്പോള്‍ അതിന്റെ പിന്നില്‍ തീര്‍ച്ചയായും ഒരു കച്ചവടക്കണ്ണുണ്ടാകും. ഇനിയിപ്പോള്‍ ചൊവ്വയില്‍ നഗ്നയായ സ്ത്രീകള്‍ എന്തിനും തയ്യാറായി നടപ്പുണ്ടെന്ന് പറഞ്ഞ്‌ ഒരു വിനോദസഞ്ചാരത്തിനു സ്കോപ്പുണ്ടാക്കുകയാണോ ഈ വാര്‍ത്തയുടെ ഉദ്ദേശം?
2.അതു പെണ്ണൊന്നുമല്ല വെറും പാറയാണെന്ന് നാസ പത്രക്കുറിപ്പിറക്കിയിട്ടുണ്ടെന്നു വേറെ വാര്‍ത്ത. 'പെണ്‍ സാന്നിദ്ധ്യം' പൈലറ്റ്‌ ചെയ്യാനാവാതെ പോയ മാദ്ധ്യമങ്ങള്‍ ചളിപ്പ്‌ മാറ്റാന്‍ കാച്ചിയ ഒരു കഷായമാണിതെന്ന് ദോഷൈകദൃക്കുകള്‍!
3.അഗസ്ത്യപാരമ്പര്യം പിന്തുടരുന്ന സാധുക്കള്‍ പറയുന്നത്‌ ഇത്‌ അതൊന്നുമല്ലെന്നാണു. ലോകത്തില്‍ കാമം മൂത്ത മനുഷ്യന്റെ കണ്ണുകള്‍ കൊണ്ട്‌ എന്ത്‌ നോക്കിയാലും അതു പെണ്ണ് പോലെയിരിക്കും. അജ്ഞാനം! യഥാര്‍ത്ഥത്തില്‍ അനുഗ്രഹവര്‍ഷം ചൊരിയുന്ന അഗസ്ത്യമുനിയാണത്‌. ഒന്ന് സൂക്ഷിച്ച്‌ നോക്കിക്കേ.....ശരിയല്ലെ?
അനുപാനം
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍.
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്സ്വരൂപമായ്‌
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്‌
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌.
ഒന്നിലുമറിയാത്ത ജനങ്ങള്‍ക്കു
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌.
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
ന്നൊന്നായുള്ളോരു ജീവസ്വരൂപമായ്‌
ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌
നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌.
ശുഭം!