Thursday, June 21, 2007

ഗര്‍ഭം എന്ന രോഗം, പ്രസവം എന്ന ചികിത്സ

ആരോഗ്യരംഗത്ത്‌ നാം വളരെ പുരോഗമിച്ചിട്ടുണ്ടെന്നാണു പറയുന്നത്‌.
ലക്ഷങ്ങള്‍ മുടക്കുന്ന വൈദ്യ വിദ്യാഭ്യാസം. കോടികള്‍ ചിലവഴിച്ച്‌ നിര്‍മ്മിച്ച ആശുപത്രികള്‍.
നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എണ്ണമറ്റ ഉപകരണങ്ങള്‍.
അവയെ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും എണ്ണമറ്റ ടെക്കനീഷ്യന്മാര്‍.
അവര്‍ എടുത്ത്‌ കൊടുക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച്‌ ചികിത്സ നിശ്ചയിക്കുന്ന വൈദ്യബിരുദധാരികള്‍.
അവരെ സഹായിക്കാന്‍ ചുറുചുറുക്കും തന്റേടവുമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും.
എന്നിട്ടും ലോകമെമ്പാടുമുള്ള മനുഷ്യന്റെ 'ആരോഗ്യം' മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാന്‍ കഴിയുമോ? വേണ്ടാ ലോകം മൊത്തമുള്ള കണക്കെടുക്കേണ്ട. ചുറ്റുവട്ടത്തെ ഒരു കണക്ക്‌ പറഞ്ഞാല്‍ മതി. അതുമല്ലെങ്കില്‍ വീട്ടുകാരുടേയും ബന്ധുക്കളുടേയും കണക്ക്‌.
നമുക്ക്‌ അറിയാവുന്നവരില്‍ നിത്യവും മരുന്ന് കഴിക്കുന്നവര്‍ എത്ര?
ആശുപത്രികളും ടെസ്റ്റുകളുമായി കഴിയുന്നവര്‍ എത്ര?
കീമോയും, ഡയാലിസിസ്സുമായി കഴിയുന്നവര്‍ എത്ര?
ഒരുപാട്‌ പേരുണ്ടാകും.
ഇനി അടുത്ത കൂട്ടരെ എടുക്കുക. യാതൊരു ചികിത്സയും നടത്താതെ, മരുന്ന് കഴിക്കാതെ, പൂര്‍ണ്ണാരോഗ്യത്തോടെ ഇരിക്കുന്ന എത്രപേരുണ്ട്‌? ഈ ചോദ്യത്തിനു ഉത്തരം കിട്ടുമ്പോള്‍ നമ്മള്‍ വിഷമിച്ച്‌ പോകും.
കോടി കോടികള്‍ മുടക്കുന്ന ആരോഗ്യരംഗത്തിനു ആ കള്ളിയില്‍ ഇടാന്‍ ചെറിയൊരക്കമേ കാണു. അതിന്റെ അര്‍ത്ഥം?
ഭൂരിഭാഗം ആളുകളും രോഗാതുരരായി ജീവിക്കുന്നു.
ഇതാണോ ആരോഗ്യത്തിന്റെ ആധുനിക ലക്ഷണം?
ഇനി വേറൊന്ന് നോക്കാം. പ്രകൃത്യാ, ആരോഗ്യത്തോടെ പ്രസവിക്കുന്ന എത്ര സ്ത്രീകള്‍ നമുക്ക്‌ ചുറ്റുമുണ്ട്‌?ആ കാലമൊക്കെ കഴിഞ്ഞ്‌ പോയിരിക്കുന്നു.
ഗര്‍ഭം ഇന്ന് ഒരു 'രോഗ'മാണു!
ഡോക്ടര്‍ക്കും, മരുന്ന് കമ്പനികള്‍ക്കും, ആശുപത്രി മുതലാളിക്കും പണം വാരാവുന്ന ഒരു ബിഗ്‌ ബിസിനസ്സ്‌!! റിസ്ക്‌ വളരെക്കുറവ്‌. ജീവികള്‍ ഗര്‍ഭം ധരിച്ചാല്‍ പ്രസവിക്കും. അത്‌ പ്രകൃതി നിയമം. പക്ഷെ അത്‌ പണമാക്കാന്‍ പ്രത്യേക വൈഭവം വേണം. വൈദ്യന്മാര്‍ക്കതുണ്ട്‌.
അതിന്റെ ആദ്യപടിയാണു ഗര്‍ഭം രോഗമാക്കുക!
ഗൈനക്കോളജിസ്റ്റിന്റെ മുന്നില്‍ ഓരോ ഗര്‍ഭിണിയും ഒന്നുകില്‍ ഒരു Out Patient അല്ലെങ്കില്‍ ഒരു In patient. ശരിയല്ലെ?
അല്ലാതെ ഒരു 'നിയുക്ത അമ്മ' അല്ല.
വെറും ഒരു രോഗി.
ഗര്‍ഭം ഒരു രോഗമാണെന്ന് അവളേയും വീട്ടുകാരേയും വിശ്വസിപ്പിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു കഴിഞ്ഞു. അതിലെ ആര്‍ത്തിപൂണ്ടവര്‍ വേണ്ടുവോളം അത്‌ മുതലെടുക്കുന്നുമുണ്ട്‌. ഇതും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒരു പുരോഗതിയായി എണ്ണാം?
പണ്ട്‌ ഗര്‍ഭിണിയാകുന്നത്‌ ഒരു ജീവിതസാഫല്യമായി കരുതിയിരുന്നു. പ്രസവത്തോടടുക്കുന്നതുവരെ ഏതാണ്ട്‌ എല്ലാ ജോലികളും ഗര്‍ഭിണി ചെയ്തിരുന്നു. ആശുപത്രികളില്‍ ചെന്നുള്ള പീര്യോഡിക്ക്‌ മോണിറ്ററിംഗ്‌ ഉണ്ടായിരുന്നില്ല. കുട്ടി ആണോ പെണ്ണോ എന്ന് മുന്‍ കൂട്ടി അറിഞ്ഞിരുന്നില്ല. എന്നിട്ടും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലാതെ സ്ത്രീകള്‍ എട്ടും പത്തും വരെ പ്രസവിക്കുകയും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്തു.
അതിനിടെയില്‍ വല്ലപ്പോഴുമാണു രക്തസ്രാവമരണമോ ഗര്‍ഭാശയത്തകരാറുകൊണ്ട്‌ ചാപിള്ള പിറക്കുന്നതോ സംഭവിക്കുന്നത്‌.
ഇന്ന് അതാണോ സ്ഥിതി?
ആശുപത്രികള്‍ ഉണ്ട്‌. അവയില്‍ ആധുനിക ഉപകരണങ്ങള്‍ ഉണ്ട്‌. അണുവിമുക്തമാക്കിയ തീയറ്ററുകള്‍ ഉണ്ട്‌. ഏഴും പത്തും വര്‍ഷം പഠിച്ച ഡോക്ടറന്മാരുണ്ട്‌.
അപ്പോള്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീകള്‍ മരിക്കാമോ? ചാപിള്ള പിറക്കാമോ?പ്രസവത്തേത്തുടര്‍ന്നുള്ള മരണങ്ങള്‍ ഇന്ന് വര്‍ദ്ധിച്ചിട്ടുണ്ട്‌. നവജാത ശിശുക്കള്‍ക്കുണ്ടാകുന്ന രോഗങ്ങളും വളരെക്കൂടി.
ജനസംഖ്യാനുപാതികമായി അന്നത്തേയും ഇന്നത്തേയും കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇതൊക്കെ ബോദ്ധ്യമാകാവുന്നതേയുള്ളു.
ഇതാണോ മറ്റൊരു പുരോഗതി?
പഠിപ്പില്ലാത്ത വയറ്റാട്ടികള്‍ പ്രസവം എടുത്തിട്ട്‌ അപകടമുണ്ടാകുന്നു എന്ന് പറഞ്ഞാണു പ്രസവം ആശുപത്രിയിലേക്കാക്കിയത്‌. ഇപ്പോള്‍ പഠിപ്പുള്ള വയറ്റാട്ടികള്‍ പ്രസവം എടുത്തിട്ട്‌ അപകടമുണ്ടാകുമ്പോള്‍ എന്തു പറയും? (ഗൈനക്കോളജിസ്റ്റുകള്‍ പരിഭവിക്കരുത്‌. ഒരേതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ എന്തിനാ രണ്ട്‌ പേര്‍). അപ്പോള്‍ സ്വാഭാവികമായും അത്തരം അപകടങ്ങള്‍ ഇക്കാലത്ത്‌ കുറയണം.
പക്ഷെ കുറഞ്ഞതായി കാണുന്നില്ല.
മറ്റൊരു കാരണം പറഞ്ഞത്‌ വീടിനുള്ളില്‍ ബാക്ടീരിയയും, വൈറസ്സും, മറ്റ്‌ അണുജീവികളുമുണ്ടെന്നും അത്തരം സാഹചര്യത്തില്‍ പ്രസവിച്ചാല്‍ അണുബാധയുണ്ടാകുമെന്നാണു. ആശുപത്രിയിലെ അണുവിമുക്ത മുറികളില്‍ അതിനു സാദ്ധ്യതയില്ലെന്ന് നമ്മളെ വിശ്വസിപ്പിച്ചു.
ആശുപത്രികളുടെ അണുവിമുക്തി നമുക്കിപ്പോള്‍ ഏതാണ്ട്‌ ബോദ്ധ്യമായിട്ടുണ്ട്‌. പക്ഷെ അതിനു 38 കുരുന്നുകളുടെ ജീവന്‍ ബലി കൊടുക്കേണ്ടി വന്നു. അതില്‍ പലതും ജനിച്ച്‌ വീണത്‌ നക്ഷത്ര സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിലായിരുന്നു എന്നാണു കേള്‍വി. എന്നിട്ട്‌ അതിന്റെ പഴി മുഴുവനും ചുമക്കേണ്ടി വന്നത്‌ മിനിമം സൗകര്യം പോലുമില്ലാത്ത ഗവണ്മെന്റാശുപത്രിക്ക്‌!
ഇനി അണുബാധ മാത്രമേയുള്ളോ ഭയക്കാന്‍ എന്ന് ചോദിച്ചാല്‍, അല്ല. ആശുപത്രി ജന്യമായ അനേകം രോഗങ്ങള്‍ വേറേയുണ്ട്‌. അവയില്‍ പലതുമായിട്ടാണു അമ്മയും കുഞ്ഞും ഇന്ന്, പലപ്പോഴും വീട്ടിലേക്ക്‌ മടങ്ങുന്നത്‌.
പണ്ട്‌ വീട്ടില്‍ പ്രസിച്ചിരുന്നപ്പോള്‍ ആ ഭയം വേണ്ടായിരുന്നു
സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന സൗകര്യമുള്ള ആശുപത്രികള്‍, വിദഗ്ദരായ ഗൈനക്കോളജിസ്റ്റുകള്‍, പരിചയ സമ്പന്നരായ നഴ്സുമാര്‍, ആധുനിക ഉപകരണങ്ങള്‍, പതിനായിരങ്ങളുടെ ചെലവ്‌ ഒക്കെ ഉണ്ടായിട്ടും പൂര്‍ണ്ണാരോഗ്യമുള്ള അമ്മയുടേയും കുഞ്ഞിന്റേയും എണ്ണം കുറഞ്ഞ്‌ കുറഞ്ഞ്‌ വരുന്നതെന്തേ?.
അതും ആധുനിക ആരോഗ്യപരിപാലനത്തിന്റെ ഒരു മെച്ചമായിരിക്കും?
ഇന്ന് കേരളത്തിലെ സ്ത്രീകള്‍ പ്രസവിക്കുന്നത്‌ ഒന്നോ അല്ലെങ്കില്‍ ഒന്നു കൂടിയോ മാത്രമാണു. എന്നിട്ടും അമ്മയ്ക്കും കുഞ്ഞിനും അസുഖം!
ഒരു മുപ്പത്‌ മുപ്പത്തഞ്ച്‌ വയസ്സാകുമ്പോഴേക്കും സ്ത്രീയുടെ സിസ്റ്റമൊക്കെ ആകെ തകരറിലാകുന്നു.
ഗര്‍ഭ പാത്രത്തില്‍ ഫൈബ്രോയിഡ്‌ അല്ലെങ്കില്‍ ട്യൂമര്‍.അതുമല്ലെങ്കില്‍ യൂട്രസ്സിലും സെര്‍വ്വിക്സിലും കാന്‍സര്‍.
ധാരാളം പേര്‍ക്കു സ്തനാര്‍ബ്ബുദം.
പലതരം പ്രമേഹങ്ങള്‍.
30-35 വയസ്സില്‍ അവയ്ക്കുള്ള ചികിത്സ തുടങ്ങുന്നു.
കുട്ടികള്‍ക്ക്‌ ഏറെ ശ്രദ്ധവേണ്ട കാലത്ത്‌ അമ്മ ആശുപത്രിക്കിടക്കയില്‍. കുത്തിവയ്പും കീറലും മുറിക്കലുമായി.
അതിനിടയിലുണ്ടാകുന്ന അപകടങ്ങള്‍ കുടുംബത്തെ തന്നെ പിടിച്ച്‌ ഉലച്ചേക്കാം.
അങ്ങനെ എന്തെങ്കിലും സംഭവിക്കുമ്പോള്‍ കുടുംബത്തിന്റെ സമാധാനം ആകെ നഷ്ടപ്പെടുന്നു. ചികിത്സിച്ച്‌ ചികിത്സിച്ച്‌ സാമ്പത്തികമായി തകര്‍ന്നിരിക്കുമ്പോഴാണു അത്തരം അത്യാഹിതങ്ങള്‍. ആധുനിക വൈദ്യശാസ്ത്രബിസിനസ്സ്‌ ചികിത്സയിലൂടെ കേരള സമൂഹത്തിനു വരുത്തുന്ന മാറ്റങ്ങള്‍ സാമൂഹികശാസ്ത്രജ്ഞന്മാര്‍ പഠനവിധേയമാക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇതെല്ലാം കഴിഞ്ഞ്‌ രക്ഷപ്പെട്ടു വന്നാല്‍ പൂര്‍ണ്ണാവയത്തോടെ ജീവിച്ചിരിക്കുന്ന എത്ര സ്ത്രീകള്‍ ഇന്ന് കേരളത്തില്‍ കാണും?
വികലാംഗരുടെ ഒരു നീണ്ട നിര ആധുനിക വൈദ്യത്തിന്റെ ഒരു മികവല്ലേ?
മറ്റൊരു പ്രശ്നം സ്ത്രീകളിലെ വര്‍ദ്ധിച്ച്‌ വരുന്ന വിഷാദ രോഗമാണു. ഭര്‍ത്താവിനോടും കുട്ടികളോടും സമൂഹത്തിനോടും വെറുപ്പ്‌.
ഇതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ കിട്ടിയ ഉത്തരം അമ്പരപ്പിക്കുന്നതായിരുന്നു.
പലര്‍ക്കും ദാമ്പത്യത്തോടു തന്നെ അറപ്പും വെറുപ്പുമായിക്കഴിഞ്ഞു.
പ്രസവമുറിയില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണു പലരേയും കുടുംബത്തില്‍ നിന്ന് അകന്നു പോകാന്‍ പ്രേരിപ്പിക്കുന്നത്‌ എന്നറിയുന്നു.
ഗര്‍ഭംധരിക്കുന്നതും പ്രസവിക്കുന്നതും ഏതാണ്ട്‌ തെറ്റായ ഒരു സംഗതിയായിപ്പോയി എന്ന് തോന്നത്തക്ക വിധമുള്ള ശകാരവും പുലഭ്യം പറച്ചിലുമാണു പലപ്പോഴും ഗൈനക്കോളജിസ്റ്റുകളില്‍ നിന്ന് ഗര്‍ഭിണികള്‍ക്ക്‌ കേക്കേണ്ടി വരുന്നത്‌.
തന്റെ ജീവിത സാഫല്യമായ കുഞ്ഞ്‌ യാഥാര്‍ത്ഥ്യത്തിലേക്കടുക്കുമ്പോള്‍ കേള്‍ക്കേണ്ടി വരുന്ന തെറിയഭിഷേകവും, പൂരപ്പാട്ടും യുവതികളുടെ മനോനില തെറ്റിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
വീണ്ടും ഒരു കുട്ടിക്കുവേണ്ടി ആഗ്രഹിക്കാനോ, ജനിച്ചതിനെത്തന്നെ സ്നേഹത്തോടെ വളര്‍ത്താനോ പിന്നെ ആകുമോ?
ആധുനിക വൈദ്യത്തിലെ പഠിപ്പുള്ള സൂതികര്‍മ്മിണിയുടെ ഒരു നേട്ടമായി നമുക്കതിനെ കാണാം.
ഈ ഭര്‍ത്സനം ആധുനികമാണു.
നാം അക്കാര്യത്തില്‍ വളരെ പുരോഗമിച്ചിട്ടുണ്ട്‌.
പതിച്ചി പേറ്റു നോവുകാരിയെ ചീത്ത പറഞ്ഞിരുന്നില്ല! തല തടവിക്കൊടുക്കുകയും എത്രനേരം വേണമെങ്കിലും കാത്തിരുന്ന് പേറെടുക്കുകയും ചെയ്യുമായിരുന്നു.
വീഗാലാന്‍ഡില്‍ പോകണമെന്ന് പറഞ്ഞ്‌ പ്രസവം നീട്ടി വയ്ക്കുകയോ നേരത്തേ ആക്കുകയോ ചെയ്യുന്ന ശാസ്ത്രം അവര്‍ക്കറിയില്ലായിരുന്നു.
അമ്മയുടെ കാര്യം വിട്ടിട്ട്‌ കുഞ്ഞുങ്ങളുടെ കാര്യം ആലോചിച്ചാലോ?
പഴയ കാലത്തേ അപേക്ഷിച്ച്‌ ആരോഗ്യത്തോടെ പിറക്കുന്ന എത്ര കുഞ്ഞുങ്ങളുണ്ട്‌?
ഓട്ടിസം, പെറ്റിറ്റ്‌ മാല്‍, ഗ്രാന്‍ഡ്‌ മാല്‍ ഒക്കെ ബാധിച്ച കുട്ടികളുടെ എണ്ണം കൂടിക്കൂടി വരുന്നു.
ബ്രെയിന്‍ എപ്പിലെപ്സി സര്‍വ്വ സാധാരണമായി.
പത്ത്‌ മാസം ഒരു ഗൈനക്കോളജിസ്റ്റ്‌ നിഷ്കര്‍ഷയോടെ പരിശോധിച്ച്‌ മരുന്ന് കൊടുത്ത്‌ പ്രസവിക്കുമ്പോഴാണു ഇതൊക്കെ ഉണ്ടാകുന്നതെന്ന് ആലോചിക്കണം.
പണ്ട്‌, നെല്ലും പൊരുന്നക്കോഴിയും ഇരിക്കുന്ന മുറിയില്‍ പതിച്ചി പേറെടുത്തിരുന്നപ്പോള്‍ ഇതൊക്കെ സംഭവിച്ചിരുന്നെങ്കില്‍ നമുക്ക്‌ പറയാമായിരുന്നു അശാസ്ത്രീയമായ സൂതികര്‍മ്മമാണു ഇതിനൊക്കെ കാരണമെന്ന്.
ഇന്നിപ്പോള്‍ അത്‌ പറയാനാകുമോ?
വളര്‍ന്ന് മൂന്നും നാലും വയസ്സാകുമ്പോഴേക്കും പല കുട്ടികള്‍ക്കും കണ്ണട വേണ്ടി വരുന്നു. കോജെനിറ്റല്‍ സിഫിലിസ്‌ ഉള്ള കുട്ടികള്‍ വേറെ.
പതിനഞ്ച്‌ വയസിനു താഴെയുള്ള കുട്ടികളില്‍ സാധാരണമല്ലാതിരുന്ന ന്യൂറോസിസ്സും ഇന്ന് വ്യാപകമായുണ്ട്‌.
ഇതൊക്കെ ഹ്രാസമാണോ, വികാസമാണോ?
ചിന്തിക്കേണ്ടതുണ്ട്‌.
പ്രകൃതിയില്‍ നിന്നുള്ള അകല്‍ച്ചയും ആധുനിക ജീവിതക്രമവുമാണിതിനൊക്കെ കാരണമെന്ന് പറഞ്ഞ്‌ ചിലരെങ്കിലും കൈ കഴുകാന്‍ ശ്രമിച്ചേക്കും.
പക്ഷെ ഇവിടെ ഒരു ചോദ്യമുണ്ട്‌.
പ്രകൃതിയെ കീഴടക്കിയ ആധുനിക ശാസ്ത്രം എല്ലാത്തിനും പരിഹാരം തരുന്നുണ്ട്‌ എന്ന് പ്രചരിപ്പിച്ചല്ലേ ആശുപത്രിയുടെ പഞ്ചനക്ഷത്ര സൗകര്യങ്ങളിലേക്ക്‌ ആളുകളെ ആകര്‍ഷിച്ചത്‌.
നൂറ്റാണ്ടുകളിലൂടെ അനുഭവമായി മാറിയ പാരമ്പര്യത്തെ നിസ്സാരമായി തള്ളിക്കളഞ്ഞു.
എന്നിട്ട്‌ പിടിച്ച്‌ നില്‍ക്കാനാവാതെ വരുമ്പോള്‍ വീണ്ടും പ്രകൃതിയേയും പാരമ്പര്യത്തേയും കുറ്റം പറയുന്നത്‌ ശരിയാണോ?
സത്യത്തിന്റെ മുഖം സ്വര്‍ണ്ണപ്പാത്രം കൊണ്ട്‌ മറച്ചിട്ട്‌ എന്ത്‌ പ്രയോജനം?
">Link http://www.orkut.com/Profile.aspx?uid=7558426525359753485

Friday, June 15, 2007

കുത്തിവയ്പുകള്‍ എത്രമാത്രം സുരക്ഷിതമാണു?

ആധുനിക വൈദ്യത്തിന്റെ സങ്കേതങ്ങളില്‍ കുത്തി വയ്പിനുള്ള പ്രാധാന്യം തള്ളിക്കളയാവുന്നതല്ല. പക്ഷെ അതെത്രത്തോളം സുരക്ഷിതമാണു?
പഴയ, കമ്പൗണ്ടര്‍, ആര്‍.എം.പി, എല്‍.എം.പി കാലം മുതല്‍ ആധുനിക മെഡിക്കോസിന്റെ തൊണ്ണൂറുകള്‍ വരെ ഗ്ലാസ്‌ സിറിഞ്ചുകളും സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ സൂചികളും ഉപയോഗിച്ചുള്ള കുത്തിവയ്പുകളായിരുന്നു നിലനിന്നത്‌.
വേര്‍പെടുത്താവുന്ന ഭാഗങ്ങള്‍ ഉള്ള അവ തിളച്ച വെള്ളത്തില്‍ അണു വിമുക്തമാക്കിയാണു ഉപയോഗിച്ചിരുന്നത്‌.
കൂടുതല്‍ തവണ ഉപയോഗിക്കാവുന്നത്‌ കൊണ്ട്‌ ചെലവും കുറവ്‌.
അന്നൊക്കെ ഡോക്ടറന്മാരുടെ കൈവശം സിറിഞ്ചും സൂചികളും സൂക്ഷിക്കുന്ന ഒരു സ്റ്റീല്‍ ബോക്സ്‌ കാണും. വീടുകളില്‍ രോഗികളെ നോക്കാന്‍ ചെന്നാല്‍ സൂചിയും സിറിഞ്ചും ഒരു പാത്രത്തിലിട്ട്‌ തിളപ്പിച്ചെടുക്കും. എന്നിട്ടാണു ഇഞ്ചെക്ഷന്‍ കൊടുക്കുന്നത്‌.
അത്തരം മനുഷ്യപ്പറ്റുള്ള ഡോക്ടറന്മാരേ ആശുപത്രി മുതലാളിമാര്‍ പുരാ വസ്തുക്കളാക്കി മാറ്റിക്കഴിഞ്ഞല്ലോ!
പിന്നീടാണു വലിച്ചെറിയാവുന്ന സിറിഞ്ചുകള്‍ നിലവില്‍ വന്നത്‌.
എയിഡ്സിന്റെ കാര്‍മേഘം പരത്തിയ ഭീതിയില്‍ അതു ആശുപത്രിക്കച്ചവടം മൊത്തം നേടിയെടുത്തു. ഡിസ്പോസിബിള്‍ സിറിഞ്ച്‌ ഉപയോഗിച്ചാല്‍ ഒരുപാട്‌ രോഗങ്ങള്‍ തടയാം എന്ന് പ്രചരിപ്പിച്ചാണു ഗ്ലാസ്‌ സിറിഞ്ചുകളെ അത്‌ പുറന്തള്ളിയത്‌.
എന്നിട്ട്‌ എയിഡ്സ്‌ കുറഞ്ഞോ?
ഹെപ്പറ്റൈറ്റിസ്‌ കുറഞ്ഞോ?
കുറയുന്നില്ലാ എന്ന് കണ്ടപ്പോള്‍ മാര്‍ക്ക്‌ കോസ്റ്റാ എന്നൊരു സായിപ്പ്‌ അതിന്റെ കാരണം തിരക്കി ഇറങ്ങി.
മാര്‍ക്ക്‌ കോസ്റ്റയെ നാം അറിയുമോ? ഇല്ലെങ്കില്‍ അറിയണം!
അദ്ദേഹമാണു ഈ ആട്ടോ ഡിസ്പോസിബിള്‍ സിറിഞ്ച്‌ രൂപകല്‍പന ചെയ്തത്‌.
നമ്മള്‍ ചുമ്മാ പറയുന്ന ഡിസ്പോസിബിള്‍ സിറിഞ്ച്‌!
തന്റെ കണ്ടുപിടിത്തം വേണ്ടത്ര ഗുണപ്രദമായിട്ടില്ലെന്ന് തോന്നിയപ്പോള്‍ അദ്ദേഹം അതിന്റെ കാരണം അന്വേഷിച്ചു.
ആര്‍ത്തി! മെഡിക്കല്‍ മുതലാളിമാരുടെ ആര്‍ത്തിയല്ലാതെ വേറൊരു കാരണവും പ്രഥമദൃഷ്ട്യാ കണ്ടില്ല!ഇന്ത്യയില്‍ ഒരു വര്‍ഷം 50 ലക്ഷം കുത്തി വയ്പുകള്‍ നടക്കുന്നുണ്ട്‌.
പക്ഷെ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന സിറിഞ്ചുകള്‍ എത്രയാണെന്ന് അറിയാമോ?
വെറും 15 ലക്ഷം.
ബാക്കി 35 ലക്ഷം കുത്തിവയ്പുകള്‍ക്കുള്ള സിറിഞ്ചുകള്‍ എവിടെ നിന്ന് വരുന്നു?
ഉപയോഗിച്ചത്‌ തന്നെ വീണ്ടും ഉപയോഗിക്കാതെ അത്‌ സാദ്ധ്യമല്ല.
ഇന്ത്യയിലെ 65% കുത്തിവയ്പുകളും സുരക്ഷിതമല്ലാ എന്നാണു മാര്‍ക്‌ കോസ്റ്റയുടെ അഭിപ്രായം.
സിറിഞ്ചുകളുടെ ആവര്‍ത്തന ഉപയോഗം പലപ്പോഴും നടക്കുന്നത്‌ ഒരിക്കലും പാടില്ലാത്ത സ്ഥലങ്ങളിലാണെന്ന് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു.
ഓപ്പറേഷന്‍ തീയറ്ററുകളിലും ICU കളിലും അത്‌ നടന്നാല്‍ നമുക്ക്‌ ശ്രദ്ധിക്കാന്‍ പോലും അവസരമില്ല. അതു പോലെ മറ്റോരിടമാണു ലേബര്‍ റൂമുകള്‍. വേറൊന്ന് കാഷ്വാലിറ്റികള്‍.
അണു വിമുക്തമാണെന്ന് പറയുന്ന സ്ഥലങ്ങളില്‍ നിന്ന് അണുബാധ ഉണ്ടായ സന്ദര്‍ഭങ്ങള്‍ അനവധിയാണു. അതിനു ഒരു കാരണം ആവര്‍ത്തിച്ചുപയോഗിക്കപ്പെട്ട സിറിഞ്ചുകളാവാനിടയുണ്ട്‌.
സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്ത കേസുകള്‍ ഏറ്റെടുത്തതു കൊണ്ട്‌ അടുത്തിട ഒരു സര്‍ക്കാര്‍ ആശുപത്രിക്ക്‌ നേരിടേണ്ടി വന്ന ഗതികേട്‌ നാം കണ്ടതേയുള്ളു.
രോഗം കൊടുത്ത്‌ വിട്ടവര്‍ രക്ഷപ്പെട്ടു. അവര്‍ ചിത്രത്തിലെങ്ങുമില്ല. അവര്‍ക്കെതിരേ കേസ്സുമില്ല. സര്‍ക്കാര്‍ ഡോക്ടറന്മാര്‍ കുടുങ്ങുകയും ചെയ്തു. ഗവണ്‍മന്റ്‌ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളെ പൊതു സര്‍വ്വീസ്‌ ഉപേക്ഷിക്കാന്‍ ഇത്തരം സംഭവങ്ങള്‍ പ്രേരിപ്പിക്കും. സ്വകാര്യ ആശുപത്രി മുതലാളിമാര്‍ നല്‍കുന്ന സുരക്ഷിതത്വമെങ്കിലും കൊടുക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണു.
പാക്ക്‌ ചെയ്ത്‌ വന്നു എന്നതുകൊണ്ട്‌ ഒരു സിറിഞ്ചും പുതുതാണെന്ന് പറയാനാവില്ല. ഒരു പാക്കിംഗ്‌ മെഷീനു ഒരു കാര്‍ഡ്‌ പഞ്ചിന്റെ വിലപോലുമില്ല. ശിവകാശി ഇപ്പോഴും ഭൂമിയില്‍ തന്നെ ഉള്ളത്‌ കൊണ്ട്‌ ഏതു കമ്പനിയുടെ പേരു അച്ചടിച്ച കവറിനും പ്രയാസമില്ല.
രക്തജന്യ വൈറസ്‌ രോഗങ്ങളില്‍ 30% വും കുത്തിവയ്പിലൂടെയാണു പകരുന്നത്‌. ഡിസ്പ്പോസിബിള്‍ സിറിഞ്ചുകളുടെ കാലം മുതല്‍ അതിന്റെ തോത്‌ വര്‍ദ്ധിച്ച്‌ വരുന്നതായാണു കാണുന്നത്‌. അതുപോലെ തന്നെ ഹെപ്പറ്റൈറ്റിസ്സ്‌, എയിഡ്സ്‌ രോഗങ്ങളും വര്‍ദ്ധിച്ചു.
മാര്‍ക്‌ കോസ്റ്റയ്കൊപ്പം ഈ അന്വേഷണങ്ങളില്‍ പങ്കു ചേര്‍ന്നവര്‍ ചില്ലറക്കാരൊന്നുമല്ല. ഇന്ത്യന്‍ ക്ലിനിക്കല്‍ എപ്പിഡെമോളജി നെറ്റ്‌ വര്‍ക്ക്‌, AIIMS, ലോകബാങ്ക്‌!!
IMA ജനറല്‍ സെക്രട്ടറി എസ്‌. എന്‍. മിശ്ര മാര്‍ക്‌ കോസ്റ്റയുടെ റിപ്പോര്‍ട്ടിനോട്‌ യോജിപ്പ്‌ പ്രകടിപ്പിച്ചെങ്കിലും ഇത്‌ സംബന്ധിച്ച്‌ ഡോക്ടറന്മാര്‍ക്ക്‌ എന്ത്‌ നിര്‍ദ്ദേശം കൊടുക്കുമെന്ന് പറഞ്ഞിട്ടില്ല.
തിരിച്ച്‌ പോകുന്നതിനു മുന്‍പ്‌ അദ്ദേഹം രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനെ സന്ദര്‍ശിച്ചു. തുടര്‍ അന്വേഷണങ്ങളില്‍ അദ്ദേഹം തന്റെ സഹായം ശ്രീമാന്‍ കോസ്റ്റക്ക്‌ വാഗ്ദാനം ചെയ്യുകയും ചെയ്തു.
മനുഷ്യസ്നേഹികള്‍ക്ക്‌ ഇതിന്റെ ഗൗരവം മനസിലാകും.
ഈ പശ്ചാത്തലത്തില്‍ ആയുര്‍വ്വേദത്തിന്റെ ദീര്‍ഘവീക്ഷണത്തേക്കുറിച്ച്‌ ചിന്തിക്കുന്നത്‌ ഉചിതമായിരിക്കും.
ലോകത്തിനു ശസ്ത്രക്രിയ എന്ന ശാസ്ത്രം സംഭാവന ചെയ്ത ആയുര്‍വ്വേദത്തില്‍ കുത്തിവയ്പുകളില്ല. കുത്തിവയ്പുകളെക്കുറിച്ച്‌ അത്‌ ആലോചിക്കാതിരുന്നതാവാന്‍ വഴിയില്ല. ഹൃദയാവരണങ്ങളിലെ നീര്‍പ്പാളികള്‍ വലിച്ചെടുത്ത്‌ കളയാനുതകുന്ന സൂക്ഷ്മമായ സൂചികള്‍ ആയുര്‍വ്വേദത്തിലുണ്ട്‌. സുശ്രുതന്‍ അത്‌ ഉപയോഗിച്ചിരുന്നു. അപ്പോള്‍ രക്തത്തിലേക്ക്‌ ഔഷധം കടത്തിവിടാനുള്ള ഒരു യന്ത്രം രൂപ കല്‍പന ചെയ്യാന്‍ ആയുര്‍വ്വേദത്തിനു വിഷമമൊന്നുമില്ല. എന്നിട്ടും ആയുര്‍വ്വേദത്തില്‍ സൂചിക്കുത്തുകളില്ല! ഒരു പക്ഷെ അതിന്റെ പ്രചാരം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്ന് അനുമാനിച്ചതു കൊണ്ടാകാം. ഇപ്പോള്‍ മാര്‍ക്ക്‌ കോസ്റ്റാ കണ്ടെത്തിയത്‌ പോലെ. അല്ലെങ്കില്‍ ഇന്നത്തെപ്പോലെ ഒരു അന്തരാള കാലഘട്ടത്തിലൂടെ കടന്ന് വന്നിട്ട്‌ ഉപേക്ഷിച്ചതാകാം.
WHO മുന്നറിയിപ്പ്‌:
Injections - a dangerous engine of disease Unsafe injection practices are a powerful engine to transmit bloodborne pathogens, including hepatitis B virus (HBV), hepatitis C virus (HCV) and human immunodeficiency virus (HIV). Because infection with these viruses initially presents no symptoms, it is a silent epidemic. However, the consequences of this silent epidemic are increasingly recognized.
കുറിപ്പ് :
ഇതൊരു ആധുനിക ഔഷധമായതു കൊണ്ട് പഥ്യമോ ചിട്ടകളോ വേണ്ട. (ആധുനിക വൈദ്യത്തില്‍ പഥ്യമില്ലെന്നാരാ പറഞ്ഞതു? അമൃതയില്‍ ചെന്നാല്‍ വലിയോരു കടലാസ്സ് അച്ചടിച്ച് കൊടുക്കും. ചെയ്യണ്ടത്. ചെയ്യണ്ടാത്തത്. കഴിക്കണ്ടത്. കഴിക്കണ്ടാത്തത്. ഇതിനെ പഥ്യമെന്ന് വിളിക്കാമോ?)

Wednesday, June 6, 2007

ഡോക്ടറന്മാരുടെ തലപ്പന്ത് കളി - പുതിയ ട്രെന്‍ഡ്

ഡോക്ടറന്മാരുടെ തലപ്പന്ത് കളി - പുതിയ ട്രെന്‍ഡ്
ആധുനിക വൈദ്യശാസ്ത്രം ഉപേക്ഷിച്ച രോഗികള്‍ ആയുര്‍വ്വേദത്തെ തേടി എത്തുന്നു എന്നതാണു പുതിയ ട്രെന്‍ഡ്‌. ഒരു രോഗം വന്നാല്‍ ആളുകള്‍ ആദ്യം സമീപിക്കുന്നത്‌ അലോപ്പതിയെ ആയിരിക്കും. ആ ശാസ്ത്രശാഖ നൂതനവും പാരമ്പര്യ വൈദ്യത്തേക്കാള്‍ ഫലപ്രദവുമാണെന്ന് വിചാരിച്ചാണു അങ്ങനെ ചെയ്യുന്നത്‌.
അഞ്ചോ എട്ടോ വര്‍ഷം പഠിച്ച ഒരു ഡോക്ടര്‍ തനിക്കുള്ള അറിവ്‌ വച്ച്‌ ചികിത്സ ആരംഭിക്കുന്നു. രോഗം ചിലപ്പോള്‍ മാറിയേക്കാം. മാറുന്നില്ലെങ്കില്‍ അയാള്‍ മറ്റൊരു ഡോക്ടര്‍ക്ക്‌ അല്ലെങ്കില്‍ ആശുപത്രിക്ക്‌ രോഗിയെ കൈമാറും. ഇതിനു റഫര്‍ ചെയ്യുക എന്നു പറയുന്നു.
യഥാര്‍ത്ഥത്തില്‍ ആ ഡോക്ടര്‍ക്ക്‌ ആ രോഗിയെ കൊണ്ടുള്ള പ്രയോജനം തീര്‍ന്നു എന്നാണു അതിനര്‍ത്ഥം. ഭൂരിഭാഗം രോഗങ്ങളും ഭേദമാക്കാന്‍ പഠിപ്പൊന്നുമില്ലാത്ത പണ്ടത്തെ അമ്മമാര്‍ക്ക്‌ നിസ്സാരമായി കഴിഞ്ഞിരുന്നു. ഇന്ന് ഇത്രയും പഠിപ്പുള്ള ഡോക്ടറന്മാര്‍ക്ക്‌ അത്‌ അതിലും എളുപ്പത്തില്‍ സാധിക്കേണ്ടതാണു? അതിനു കഴിയാതെ രോഗിയെ മറ്റൊരാള്‍ക്ക്‌ കൈമാറുന്നതിനു പിന്നില്‍ ഹിഡന്‍ അജന്‍ഡ എന്തെങ്കിലും ഉണ്ടാകുമോ?.
ചികിത്സ കഴിയുമ്പോള്‍ പലപ്പോഴും രോഗി സുഖമായി വീട്ടില്‍ പോകാറില്ല. ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കാനാണു പലര്‍ക്കും വിധി.
പ്രതിവര്‍ഷം ആയിരക്കണക്കിനു ഡോക്ടറന്മാരണു പഠിച്ചിറങ്ങുന്നത്‌.അവര്‍ക്കറിയാവുന്ന ഏക തൊഴില്‍ മരുന്ന് കുറിക്കുകയാണു. പഠിച്ചിറങ്ങുന്ന ഇത്രയേറെ ഡോക്ടറന്മാര്‍ക്ക്‌ ജീവിക്കാന്‍ ആ തൊഴിലുവേണം. അതിനു രോഗികള്‍ ഉണ്ടായിരിക്കണം. രോഗികളുടെ രോഗം മാറാതെ നിലനില്‍ക്കണം. അതിനു വേണ്ടി അവര്‍ രോഗികളെ സൃഷ്ടിക്കുകയും കൈമാറുകയും ചെയ്തു കൊണ്ടിരിക്കും.
അങ്ങനെ ഒരു ഡോക്ടര്‍ മറ്റൊരു ഡോക്ടര്‍ക്ക്‌ രോഗിയെ കൈമാറുന്നു. അയാള്‍ തന്നാലാവുന്നത്‌ എല്ലാം ചെയ്തിട്ടും രോഗം മാറുന്നില്ല. എന്നു മാത്രമല്ല വര്‍ദ്ധിച്ചിട്ടുമുണ്ട്‌. നടന്നു വന്ന രോഗി ഇപ്പോള്‍ വീല്‍ ചെയറിലോ ICUലോ ആയിരിക്കും. എത്ര ഫലപ്രദമായ നൂതന ചികിത്സ!! അയാള്‍ വേണ്ടതെല്ലാം സമ്പാദിച്ച്‌ കഴിഞ്ഞിട്ട്‌ അടുത്ത ഡോക്ടര്‍ക്ക്‌ കൊടുക്കും.
ഇങ്ങനെ ഫുട്ട്ബോളുകളിയില്‍ പന്ത്‌ കൈമാറുന്ന പോലെ രോഗിയെ കൈമാറി, കൈമാറി അവസാനം ഒരു നിവര്‍ത്തിയുമില്ലാതെ വരുമ്പോള്‍ ആയുര്‍വ്വേദത്തിന്റെയോ ഹോമിയോപ്പതിയുടേയോ, സിദ്ധയുടേയോ ഗോള്‍പ്പോസ്റ്റിലേക്ക്‌ നീട്ടിയൊരടി.
“ഇനി ഒന്നും ചെയ്യാനില്ല. വല്ല ആയുര്‍വ്വേദമോ മറ്റോ നോക്കിക്കൊള്ളു....."
ഇത്രയും കാലം പ്രതീക്ഷ നല്‍കിക്കൊണ്ട്‌ ചികിത്സിച്ചത്‌ അലോപ്പതിയാണെന്ന് അവര്‍ മറക്കുന്നു.
മരുന്ന് കൊണ്ടും ചികിത്സയുടെ വ്യഥ കൊണ്ടും രോഗിയും ബന്ധുക്കളും അവശരായിരിക്കുമ്പോഴാണു സുഖമായി മരിക്കാന്‍ ആയുര്‍വ്വേദം തേടിക്കൊള്ളാന്‍ പറയുന്നത്‌. പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ ചികിത്സ! അതു പോലും നേരാംവണ്ണം കൊടുക്കാന്‍ ആധുനിക വൈദ്യത്തിനു കഴിവോ സന്മനസോ ഇല്ലെന്നറിയുമ്പോള്‍ കഷ്ടം തോന്നുന്നു.
ഇതിനൊരു മറുവശം ഉണ്ട്‌.
അലോപ്പതിക്കാര്‍ ഉപേക്ഷിച്ച ഇത്തരം ഒരു രോഗിയെ ആയുര്‍വ്വേദക്കോളെജിലൊക്കെ പോയി പഠിച്ച്‌ വന്ന ഒരു വൈദ്യന്റെ അടുത്ത്‌ കൊണ്ട്‌ ചെല്ലുമ്പോള്‍, അങ്ങനെയുള്ള കേസുകള്‍ കണ്ട്‌ പരിചയിച്ചിട്ടില്ലാത്ത അയാള്‍ ഒന്ന് പകയ്ക്കും. പക്ഷെ 'ഡോക്ടര്‍' എന്ന അഭിമാനം കാരണം അയാള്‍ക്ക്‌ ഉപേക്ഷിക്കാനും വയ്യ. രോഗിക്കുണ്ടായിട്ടുള്ള ധാതു വൈഷമ്യങ്ങളും, ദോഷവൈഷമ്യങ്ങളും വ്യക്തമായി അറിയുവാന്‍ വേണ്ട അനുഭവമില്ലാത്തതു കൊണ്ട്‌ യഥാര്‍ത്ഥ ചികിത്സ നിശ്ചയിക്കാനുമാവാതെ കുഴങ്ങുന്നു. അപ്പോഴാണു പാരമ്പര്യത്തിലെങ്ങോ കേട്ട ഏതെങ്കിലും ഒരു മരുന്നെടുത്ത്‌ പൊട്ടന്‍ മാവിലെറിയുന്ന പോലെ കൊടുക്കുന്നതു. ഭാഗ്യം കൊണ്ട്‌ രോഗി രക്ഷപ്പെട്ടൂ എന്നിരിക്കട്ടെ. പിന്നെ അത്തരം രോഗികള്‍ അവിടേക്ക്‌ ഓടിച്ചെല്ലുകയായി. പത്രക്കാര്‍ അത്‌ അത്ഭുതമായി ചിത്രീകരിച്ച്‌ പബ്ലിസിറ്റി കൊടുക്കുകയും ചെയ്യും. എന്നാല്‍ അതെങ്ങനെ മാറി എന്ന് മരുന്ന് കൊടുത്ത വൈദ്യനു വിശദീകരിക്കാന്‍ ആവാതിരിക്കുമ്പോള്‍ ആ വൈദ്യശാസ്ത്രം തന്നെ അവഹേളിക്കപ്പെടുകയാണു.
'സിദ്ധി'യുടെയും, 'അത്ഭുത'ത്തിന്റേയും, 'പാരമ്പര്യ'ത്തിന്റേയും മറക്കുടകള്‍ക്ക്‌ പിന്നില്‍ ഒളിച്ചിരുന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതില്‍ അത്തരക്കാര്‍ക്ക്‌ ലജ്ജയൊട്ടില്ലതാനും.
രണ്ടായാലും രോഗവും ചികിത്സയും വല്ലാത്ത ദുരിതമായി മാറിക്കഴിഞ്ഞു. യാതൊരു നിയന്ത്രണവുമില്ലാതെ കുത്തഴിഞ്ഞ ഒരു രംഗമാണിന്നത്‌.
ലോറികളില്‍ സ്പീഡ്‌ ഗവര്‍ണ്ണര്‍ വയ്ക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന സര്‍ക്കാറിനു എന്തു കൊണ്ട്‌ ചികിത്സക്ക്‌ ഒരു ഗവര്‍ണ്ണറെ വച്ച്‌ കൂടാ?
ആതുരസേവനക്കാര്‍ക്ക്‌ ഹാലിളകിയേക്കാം. എന്നാലും വരുംകാലങ്ങളില്‍ വോട്ട്‌ ചെയ്യാന്‍ ആളുണ്ടാകണമെന്ന ഒരു വിചാരമെങ്കിലും ബാകിയുള്ളവര്‍ക്ക്‌ വേണ്ടേ? അതുമില്ല!
ഗവണ്മെന്റിനു വളരെ നിസ്സാരമായി ചെയ്യാവുന്ന ഒരു കാര്യമെങ്കിലും ഉണ്ട്‌. വിവരസാങ്കേതികരംഗം ഇത്ര വികാസം പ്രാപിച്ച്‌ നില്‍ക്കുന്ന ഈ കാലത്ത്‌ വളരെ ഫലപ്രദമായി ചെയ്യാവുന്ന കാര്യം.
ഓരോ ഡോക്ടര്‍ക്കും ഓരോ id കൊടുക്കണം. അതിനെ ഒരു കേന്ദ്രീകൃത നിരീക്ഷണ ഏജന്‍സിയുമായി ബന്ധപ്പെടുത്തുക. ആശുപത്രികളും, ഫാര്‍മസികളും, മെഡിക്കല്‍ സ്റ്റോറുകളും, ലാബറട്ടറികളും, സ്കാനിംഗ്‌ കേന്ദ്രങ്ങളും ആ ഏജന്‍സിയിലേക്ക്‌ ലിങ്ക്‌ ചെയ്തിരിക്കണം. ഒരു മരുന്ന് കുറിപ്പടി എഴുതുമ്പോള്‍, ഒരു മെഡിക്കല്‍ മാനേജുമന്റ്‌ നിശ്ചയിക്കുമ്പോള്‍ അത്‌ ആ കേന്ദ്രത്തിലേക്ക്‌ സ്വയം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടണം. അതിനു കമ്പ്യൂട്ടറിനേയും വിവര സാങ്കേതിക വിദ്യയേയും ആശ്രയിക്കാം. അതിനും വേണ്ടേ 'ഇറോട്ടിസ'ത്തിനു പുറമേ എന്തെങ്കിലും ഉപയോഗം? ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു രോഗിയുടെ മെഡിക്കല്‍ ഹിസ്റ്ററി പരിശോധിച്ച്‌ പാകപ്പിഴകള്‍ വരുന്നുണ്ടോ എന്ന് നോക്കാനാകും. എന്ത്‌ മരുന്നു കൊടുത്തു. ആ സന്ദര്‍ഭത്തില്‍ ആ മരുന്ന് ആവശ്യമുണ്ടായിരുന്നോ? മരുന്നെഴുതിയെങ്കിലും അത്‌ കൊടുത്തിട്ടുണ്ടോ? അങ്ങനെ പലതും.
അത്ഭുതപ്പെടെണ്ടാ! വലിയ വലിയ ആശുപത്രികളില്‍ അങ്ങനെ ചില പരിപാടികള്‍ ഉണ്ട്‌. മരുന്നെഴുതും. വാങ്ങിപ്പിക്കും. വലിയ വിലകൂടിയ മരുന്നുകള്‍. പക്ഷെ ഉപയോഗിക്കില്ല. അതവര്‍ വീണ്ടും വില്‍ക്കും. ചിലപ്പോള്‍ ഒരു വയല്‍ മരുന്ന് കൊണ്ട്‌ ലക്ഷങ്ങള്‍ വരെ ഉണ്ടാക്കാം.
അതു പോലെയാണു അത്യാസന്ന ഓര്‍ത്തോപീഡിക്ക്‌ സര്‍ജ്ജറികളില്‍ ചില റോഡുകളും മറ്റും ഘടിപ്പിക്കുന്നത്‌. മരണം ഉറപ്പായിക്കഴിഞ്ഞ രോഗിക്ക്‌ വേണ്ടി അതൊക്കെ ഉപയോഗിച്ചു എന്ന് രേഖപ്പെടുത്തിയിട്ട്‌ ഉപയോഗിക്കാതിരിക്കും. മരിച്ച്‌ കഴിഞ്ഞാല്‍ ആരാണതൊക്കെ ശ്രദ്ധിക്കുക?
മദ്ധ്യതിരുവിതാംകൂറിലെ ഒരാശുപത്രിയില്‍ ഇത്‌ സ്ഥിരമായി അരങ്ങേറുന്നുണ്ടെന്ന് മനസ്സിലാക്കിയ ഒരാള്‍ അവിടെ ചികിത്സയില്‍ ഇരുന്ന തന്റെ ബന്ധുവിനു അങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് സംശയിച്ചു. രോഗി മരിച്ച്‌ കഴിഞ്ഞപ്പോള്‍ നേരെ സര്‍ജ്ജനെ പോയിക്കണ്ടു. പതിവ്‌ മുതലക്കണ്ണീരിനും പതം പറച്ചിലിനും ശേഷം ഡോക്ടര്‍ വിടവാങ്ങാന്‍ തുടങ്ങിയപ്പോള്‍ വന്നയാള്‍ പറഞ്ഞു:
"ഡോക്ടര്‍ ഒരു കാര്യം പറഞ്ഞോട്ടെ? ശവം ദഹിപ്പിച്ച്‌ കഴിയുമ്പോള്‍ മാറ്റിയ കമ്പി രണ്ടും കണ്ടില്ലെങ്കില്‍ ഞാന്‍ ഇങ്ങു വരും. അതിന്റെ കാശ്‌ ഇങ്ങ്‌ തന്നേക്കണം"
പെയ്മെന്റിനു പോയ ബില്ല് പെട്ടെന്ന് തിരികെ വിളിക്കപ്പെടുകയും ബില്‍ തുകയില്‍ നിന്ന് 43000 രൂപാ കുറയുകയും ചെയ്തു.
ഈ സംവിധാനം നിലവില്‍ വന്നാല്‍ രോഗികള്‍ക്ക് ഇതു പോലുള്ള ധന നഷ്ടം ഇല്ലാതാകും. എന്ന് മാത്രമല്ല അനാവശ്യമായി മരുന്ന് കഴിക്കുന്നതും ടെസ്റ്റുകള്‍ക്ക്‌ വിധേയമാകുന്നതും ഒഴിവാക്കം. അത്‌ വഴി ആയുര്‍ദൈര്‍ഘ്യം കൂടും.
പക്ഷെ ഈ സംവിധാനത്തോട്‌ എതിര്‍പ്പ്‌ ശക്തമായിരിക്കും. അത്‌ സ്വാഭാവികം. കാരണം നിരിക്ഷിക്കപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല. വിശേഷിച്ചും ഡോക്ടറന്മാരേപ്പോലെ ഉദ്ധൃത 'ഈഗോ'യുള്ള കൂട്ടര്‍.
അവര്‍ പലതരത്തിലുള്ള പ്രസ്താവനകളുമായി രംഗത്തെത്തും. അതൊക്കെ അവഗണിക്കണം. രാഷ്ടീയ കക്ഷികള്‍ പിന്തുണക്കരുത്‌. ജനം ജീവിച്ചു പോട്ടെന്നേ. എന്നാലല്ലെ രാഷ്ട്രീയമുള്ളു.
ഡോക്ടറന്മാരൊന്നും സമരത്തിനു പോവൂല്ല. ആര്‍.ടി.ഒ, രജിസ്റ്റ്രേഷന്‍, സെയില്‍ റ്റാക്സ്‌ തുടങ്ങിയ വരായ്ക ഉള്ള വകുപ്പില്‍ സമരം ചെയ്യുന്നതും അവധി എടുക്കുന്നതും ഉദ്ദ്യോഗസ്ഥര്‍ക്ക്‌ താല്‍പ്പര്യമുള്ള വിഷയമല്ല.
മരുന്ന് കുറിക്കാനല്ലാതെ മറ്റൊരു പണിയും അറിയാത്ത ഡോക്ടറന്മാരുടെ കാര്യവും വ്യത്യസ്ഥമല്ല. സമരം ചെയ്താല്‍ വരുമാനം കുറയും.
അതിനേക്കാള്‍ വലിയൊരു ആപത്ത്‌ ഉണ്ട്‌. ആശുപത്രികള്‍ അടച്ച്‌ പൂട്ടിയിട്ടാല്‍ ജനം മറ്റ്‌ വഴി തേടും. അത്‌ സ്വയം ചികിത്സയൊ മന്ത്രവാദമോ വരെ ആകാം. ചികിത്സാ സൗകര്യമില്ലെങ്കില്‍ ജീവിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക്‌ ശരീരം തന്നെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച്‌ കൊടുക്കാന്‍ തുടങ്ങും. ചികിത്സിക്കാതെ രോഗങ്ങള്‍ മാറുമെന്ന് അറിഞ്ഞാല്‍ ജനം പിന്നെ ഡോക്ടറന്മാരുടെ അടുത്ത്‌ പോകുമോ?. അത്‌ അവരുടെ തൊഴിലിനെ ബാധിക്കും. അതിനു ഒരു തൊഴിലാളിയും അനുവദിക്കില്ല.
മുമ്പൊരിക്കല്‍ ബ്രിട്ടനിലെ ഡോക്ടറന്മാര്‍ രണ്ടാഴ്ച പണി മുടക്കി. ആരോഗ്യരംഗം സ്തംഭിച്ചു. ആശങ്കാകുലരായ ശാസ്ത്രവാദികള്‍ ഒരു സര്‍വ്വേ നടത്തി. ഡോക്ടര്‍ പിണങ്ങിയാല്‍ അതു മനുഷ്യന്റെ ആയുസ്സിനെ എങ്ങനെ ബാധിക്കും?
സര്‍വ്വേയുടെ ഫലം ഞെട്ടിക്കുന്നതായിരുന്നു.
ആശുപത്രികള്‍ അടച്ചിട്ടപ്പോള്‍ മരണ നിരക്ക്‌ കുറയുന്നു. ഉടനെ ഡോക്ടറന്മാര്‍ സമരം നിര്‍ത്തുകയും ചെയ്തു. അതില്‍ കവിഞ്ഞൊന്നും ഇവിടെയും സംഭവിക്കില്ല.
തീരെ നിവര്‍ത്തിയില്ലെങ്കില്‍ ഇടയ്കൊക്കെ ജനം ചെയ്യുന്നതുമാകാം. നല്ല അടി കൊടുക്കുക. അടിയോളം നന്നല്ല ഒരു ഉത്തരവും!
പിന്നെ ഉന്നയിക്കാവുന്ന ഒരു ഉടക്കുണ്ട്‌. സാമ്പത്തിക ഭാരം! ഉറുമ്പിനു അരി ഭാരം. ആനയ്കു തടി ഭാരം. പക്ഷെ ആനക്ക്‌ അരി ഭാരമാകുമോ?
കോടികള്‍ മുടക്കി ആശുപത്രി പണിയാമെങ്കില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ സംഘടിപ്പിക്കാനുള്ള ചെലവ്‌ ഒരു ഭാരമാകുമോ?
ടെലിഫോണ്‍ ബൂത്ത്‌ തുടങ്ങുന്നവനുപോലും പലവിധ നിബന്ധനകള്‍ ഉണ്ട്. അവര്‍ അതൊക്കെ അനുസരിക്കുന്നുമുണ്ട്. അപ്പോള്‍‍ ആശുപത്രികള്‍ക്കും, ഡോക്ടറന്മാര്‍ക്കും, മെഡിക്കല്‍ സ്റ്റോറുകള്‍ക്കും, ലാബുകള്‍ക്കും അതു പോലെ ചില നിബന്ധനകള്‍ നിര്‍ബ്ബന്ധമാക്കുന്നതില്‍ ഒരു അന്യായവും പറയാനില്ല.
ഇതിന്റെ പ്രശ്നം അതൊന്നുമല്ല.
പലരും ഗവണ്മെന്റില്‍ കൊടുക്കുന്ന കണക്കുകള്‍ കള്ളമാണു. അതു പുറത്ത്‌ വരും. വന്നാല്‍ നികുതി കൊടുക്കണം. പല മാന്യപൗരന്മാരും അതിനൊന്നും തയ്യാറല്ല.
ഈ സംവിധാനം വന്നാല്‍ കടക്കെണിയില്‍ പെട്ട്‌ ഉഴലുന്ന സര്‍ക്കാരിനു ഒരു ഗുണം ലഭിക്കും. നികുതിയിനത്തില്‍ ഗവണ്മെന്റിനു കോടികളുടെ അധിക വരുമാനം കിട്ടും.
പൗരന്റെ ആയുസ്സിനു ദൈര്‍ഘ്യവും സര്‍ക്കാറിനു പണവും കിട്ടുന്ന ഈ കഷായം ഇത്തിരി ഏറെ കൈപ്പുള്ളതാണെങ്കിലും ബലമായി കുടിപ്പിക്കണം.

മരുന്ന് സേവിപ്പിക്കേണ്ട വിധം
രോഗിക്ക്‌ ബലമായി കൊടുക്കേണ്ട ഒരു മരുന്നാണിത്‌. ഇപ്പോള്‍ കൊടുത്താല്‍ രോഗിയും നാട്ടുകാരും രക്ഷപ്പേട്ടേക്കും. ചികിത്സ ഒരു ജൂബ്ബ ഇട്ട വൈദ്യനേക്കൊണ്ട്‌ വേണം ചെയ്യിക്കാന്‍. നല്ല കരുത്തരായ പരിചാരകര്‍ വൈദ്യന്റെ കൂടെ കാണണം. പരദേശിയായ ഒരു മീശക്കാരന്‍ നിര്‍ബ്ബന്ധമായും ഒപ്പം നില്‍ക്കണം. ബാക്കി മൂന്ന് പേരെ തെരെഞ്ഞെടുക്കുമ്പോള്‍ മീശയില്ലാത്ത ഒരാളും കോട്ടിട്ട ഒരാളും ഉണ്ടായിരിക്കുന്നത്‌ നന്ന്. പിന്നത്തെ ഒരാള്‍ എന്തും അന്വേഷിച്ച്‌ കണ്ട്‌ പിടിക്കാന്‍ കഴിവുള്ള ഒരു ക്രിസ്ത്യാനിയുമായിരിക്കണം.
മരുന്ന് മാത്രനോക്കി വൈദ്യന്‍ തന്നെ രോഗിയുടെ വായിലൊഴിച്ച്‌ കൊടുക്കണം. വാതുറക്കാന്‍ വിസമ്മതിച്ചാല്‍ ഒരു JCB കൊണ്ട്‌ വായ പിളര്‍ന്ന് ഒഴിക്കുകയാണു വേണ്ടത്‌.
ആ സമയം വൈദ്യന്റെ കുടുംബത്തിലെ സ്ത്രീകള്‍ അവിടെപ്പോയി നില്‍ക്കരുത്‌.
മരുന്ന് ഇറങ്ങുമ്പോള്‍ രോഗി പരാക്രമം കാണിക്കുകയും അസഭ്യം പറയുകയും മുണ്ട്‌ വലിച്ചഴിക്കുകയും ചെയ്യാനിടയുണ്ട്‌. അതു സ്ത്രീകള്‍ക്ക്‌ കുറച്ചിലാകും.
പരവേശം കാണിക്കുന്ന രോഗിയുടെ നില കാണുമ്പോള്‍ പഴയ ചില വൈദ്യന്മാര്‍ ചികിത്സാരീതിയില്‍ തെറ്റ്‌ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചെന്നിരിക്കും. വൈദ്യന്‍ അതൊന്നും ശ്രദ്ധിക്കണ്ടാ.
പരിചാരകരെ പഴി ചാരുകയും വൈദ്യനെത്തന്നെ വട്ടപ്പേരിട്ട്‌ വിളിക്കുകയും ചെയ്താലും സംയമനം വെടിയരുത്‌. അവര്‍ യാതൊരു കാരണവശാലും ഉപദ്രവകാരികളല്ല. എന്തെങ്കിലും കൊടുത്താല്‍ മതി. അടങ്ങിക്കോളും.
എന്നാ തുടങ്ങ്വാ...ല്ലേ?

Saturday, June 2, 2007

ഇച്ചിരി ഇക്കിളി പറയട്ടെ?

മാദ്ധ്യമങ്ങളുടെ താത്രീവിചാര ചിന്തകള്‍
‍വാര്‍ത്തകളായി വരുന്ന വ്യഭിചാര-ബലാല്‍സംഗ കഥകള്‍ രോഗമുണ്ടാക്കുമോ?
കേരളത്തില്‍ വ്യാപകമാകുന്ന പ്രോസ്റ്റ്രേറ്റ്‌ കാന്‍സറിനും ഗര്‍ഭാശയ മുഴകള്‍ക്കും പിന്നില്‍ മാദ്ധ്യമങ്ങള്‍ ഒരു തരം രതി നിര്‍വ്വേദത്തോടെ പ്രചരിപ്പിക്കുന്ന നീല ചിത്രങ്ങള്‍/നീല വാര്‍ത്തകള്‍ക്ക്‌ പങ്കുണ്ടോ? അങ്ങനെ സംശയിക്കേണ്ടിയിരിക്കുന്നു.

മുന്‍പ്‌ മാദ്ധ്യമങ്ങള്‍ ഇത്ര നീചമല്ല്ലാതിരുന്ന കാലത്ത്‌ പ്രത്യുല്‍പാദനാവയവങ്ങളിലെ രോഗബാധ ഇന്നത്തേ പോലെ സര്‍വ്വസാധാരണമായിരുന്നില്ല..

പീഢനം/ലൈംഗികത ഒരു വാര്‍ത്തയായി വരുമ്പോള്‍ ഒരു ഇക്കിളിയൊക്കെ ആര്‍ക്കും ഉണ്ടാകും. ചന്തവും താരപ്രഭയുമുള്ള നേതൃനിരയിലെ യുവതികളും ടെന്നീസുകളിക്കാരുമൊക്കെ വാര്‍ത്തചിത്രങ്ങളായി പ്രദര്‍ശിപ്പിക്കപ്പെടുമ്പോഴും അതുണ്ടാവും. ഈ ഇക്കിളി മാദ്ധ്യമങ്ങള്‍ക്ക്‌ വെറും ഇക്കിളിയല്ല. കാശണു. കാശ്‌!

മാദ്ധ്യമങ്ങള്‍ ആകെ മാറിപ്പോയിരിക്കുന്നു. എഡിറ്റര്‍ക്ക്‌ പകരം ഇന്ന് ഫൈനാന്‍ഷ്യല്‍ മാനേജരന്മാരാണു മാദ്ധ്യമങ്ങള്‍ നിയന്ത്രിക്കുന്നത്‌. മാദ്ധ്യമ നയം അവര്‍ നിശ്ചയിക്കും.
ഇക്കിളി വില്‍ക്കാന്‍ എളുപ്പമാണെന്ന് അവര്‍ക്ക്‌ നന്നായറിയാം.
കട്ടന്‍ കാപ്പി പത്രമായാലും, പരമ്പരാഗത സാംസ്കാരിക പത്രമായാലും ഫിനാന്‍സ്‌ വിഭാഗം വച്ച്‌ നീട്ടുന്ന ഇക്കിളിക്ക്‌ വഴങ്ങും. ജേര്‍ണ്ണലിസ്റ്റുകളും മോശമല്ല! ഈ ഇക്കിളിയൊക്കെ എഴുതുകയും പറയുകയും ചെയ്യുമ്പോള്‍ അവര്‍ക്കുമുണ്ട്‌ ഒരു ഓര്‍ഗ്ഗാസം. കൂലിക്കൊപ്പം സുഖം ഫ്രീ.
ചിലരത്‌ നേരിട്ട്‌ സംഘടിപ്പിക്കാനും ശ്രമിച്ചെന്നിരിക്കും.
കുപ്രസിദ്ധമായ ഒരു വ്യഭിചാരക്കേസില്‍ 'പ്രതി'ക്കെതിരെ നീളന്‍ പരമ്പര എഴുതി നാറ്റിക്കാന്‍ ഒരു പത്രപ്രവര്‍ത്തകനെ പ്രേരിപ്പിച്ചത്‌ പ്രതിയുടെ 'വഴക്ക'ക്കുറവാണെന്ന് മാദ്ധ്യമലോകത്ത്‌ ഒരു ശ്രുതിയുണ്ട്‌. നേരോ നുണയോ എന്ന് അറിയില്ല.
പയ്യന്‍ കഥകള്‍ വായിച്ച ഏതെങ്കിലും നേരമ്പോക്കുകാരന്‍ പ്രചരിപ്പിച്ചതാവാനും ഇടയുണ്ട്‌.

ലൈംഗികതയെ വാര്‍ത്തയോ വാര്‍ത്താചിത്രങ്ങളോ ചിത്ര/ശ്രവ്യ വാര്‍ത്തയോ ആക്കുമ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക്‌ പണം കിട്ടും. വരിക്കാരനു രോഗവും. കാശ്‌ കൊടുത്ത്‌ രോഗം വാങ്ങുന്ന പ്രബുദ്ധരായ ഒരു ജനതയെക്കാണമെങ്കില്‍ വരൂ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌!!

സാമൂഹിക പ്രതിബദ്ധതയുടേയും മൂല്യച്ച്യുതിക്കെതിരേയുള്ള ശക്തമായ പ്രതികരണത്തിന്റേയും മറവിലാണു ചൂടന്‍ വാര്‍ത്തകള്‍ അച്ച്‌ നിരത്തപ്പെടുകയും റിക്കോര്‍ഡ്‌ ചെയ്യപ്പെടുകയും ചെയ്യുന്നത്‌.പക്ഷെ മാദ്ധ്യമങ്ങളിലൂടെ ഒരാള്‍ അതാസ്വദിക്കുമ്പോള്‍ അറിവല്ല കാമമാണു ഉണ്ടാകുന്നത്‌.

ഏത്‌ പീഢനത്തിലായാലും ഇക്കിളിയുടെ വശമല്ലാതെ മറ്റ്‌ എന്താണു മാദ്ധ്യമങ്ങള്‍ക്ക്‌ പറയാനുള്ളത്‌? ഇതാണോ സാമൂഹിക പ്രതി ബദ്ധത? ഇത്രയും കാലം ജേര്‍ണ്ണലിസം നടത്തിയിട്ടും പീഢനങ്ങളുടെ എണ്ണം കൂടുകയല്ലാതെ കുറഞ്ഞിട്ടുണ്ടോ? മറവില്ലാതെ ഏത്‌ വൈകാരികതയും വര്‍ണ്ണിക്കാനുള്ള ഒരവസരമെന്നാല്ലാതെ മറ്റ്‌ എന്താണു ഇത്തരം വാര്‍ത്തകള്‍?

ഇവ പരത്തുന്ന സന്ദേശങ്ങള്‍ ശരിക്കും ശ്രദ്ധിച്ചിട്ടുണ്ടോ?
മന്ത്രിക്കും തന്ത്രിക്കുമാകാമെങ്കില്‍ തനിക്കുമാകാം.
പിന്നെ അവര്‍ തടഞ്ഞു വീണ കുറ്റികള്‍ സൂക്ഷിക്കണം. ഒഴിവാക്കണം.
സംഗതി വ്യാപകമാകുമ്പോള്‍ അതിലെ ക്രൈം ലഘൂകരിക്കപ്പെടുന്നു.
എങ്ങനെയുണ്ട്‌ പീഡന കഥകളുടെ അപനിര്‍മ്മാണം!

വികാരം എങ്ങനെ രോഗമായി പരിണമിക്കും എന്നറിയണമെങ്കില്‍ അന്തര്‍ സ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തങ്ങളേപ്പറ്റി വിശദമായി അറിയണം. ആധുനിക വൈദ്യശാസ്ത്രത്തിനു പൂര്‍ണ്ണമായി വഴങ്ങിയിട്ടില്ലാത്ത ഒരു മേഖലയാണത്‌. എന്നാല്‍ ഭാരതത്തിലെ പൗരാണികര്‍ ഈ രംഗത്ത് ബഹുകാതം മുന്നോട്ട്‌ പോയിട്ടുണ്ട്.

അക്ഷരങ്ങളിലെ/ദൃശ്യങ്ങളിലെ/ശബ്ദത്തിലെ 'ഇക്കിളി' ഗൂഢമായ ഒരു information packet ആണു. അത്തരം ഒരു ന്യൂസ്‌ സ്റ്റോറി ഉള്ളിലേക്ക്‌ കടന്ന് ചെന്നാല്‍ നാം അറിയാതെ അതില്‍ നിന്നും ലൈംഗിക സിഗ്നലുകള്‍ പുറപ്പെടും.
വായിച്ച/കണ്ട/കേട്ട ആ 'കഥ' മുഴുവന്‍ തലച്ചോറിനുള്ളില്‍ പ്ലേ ചെയ്യപ്പെടും.
തലച്ചോര്‍ അതിനനുസരിച്ച്‌ വിദ്യുത്‌ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നു.
തുടര്‍ന്ന് ഒരു സ്വപ്നലോകമുണ്ടാകുന്നു. കണ്ണു തുറന്നു കൊണ്ട്‌ കാണുന്ന സ്വപ്ന ലോകം!
മറ്റൊരാളുടെ അനുഭവം സ്വന്തം ഓജസ്സ്‌ കൊണ്ട്‌ പുനര്‍ നിര്‍മ്മിച്ച്‌ നാം അതില്‍ രമിക്കുന്നു.
അതിലെ കഥാപാത്രങ്ങളായി നാം സ്വയമറിയാതെ വേഷം മാറുന്നു.
മന്ത്രിയും തന്ത്രിയുമാകുന്നു.
അവര്‍ ചെയ്തതതും ചെയ്യാവുന്നതും ചെയ്യേണ്ടതും നാം ഭാവനയില്‍ അനുഭവിക്കുന്നു.
വാര്‍ത്തയിലൂടെ കടന്ന് പോകുന്ന നേരമത്രയും ഇതൊക്കെ യാഥാര്‍ത്ഥ്യമായാണു മനസ്സ്‌ സങ്കല്‍പിക്കുന്നത്‌. ഫലമോ ഗ്രന്ഥികള്‍ ഒക്കെ ഉണര്‍ന്ന് സ്രവങ്ങള്‍ ഒഴുകും. ശരീരത്തില്‍ ഒരുപാട്‌ രാസമാറ്റങ്ങള്‍ ഉണ്ടാകും. രക്തചംക്രമണം കൂടുന്നു. മൂക്കിലും തൊണ്ടയിലും കഫം നിറയുന്നു. അന്തരംഗം സൃഷ്ടിക്ക്‌ സജ്ജമാകുന്നു. ഹോര്‍മ്മോണുകളും ബീജാണ്ഡങ്ങളും പുറപ്പെടുന്നു. ഇതൊക്കെ നാം അറിയാതെ സംഭവിക്കുന്ന കാര്യങ്ങളാണു.
ഉള്ളില്‍ ആ സംഭവങ്ങള്‍ പുനര്‍ നിര്‍മ്മിക്കുകയും ചേതന അതില്‍ അഭിരമിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഈ മാറ്റങ്ങളൊക്കെ അപകടകരമാണു.
വാര്‍ത്ത അവസാനിക്കുമ്പോള്‍ ഇതൊരു സ്വപ്നാടനമാമയിരുന്നെന്ന് ബോദ്ധ്യമാകും.
പക്ഷെ തുടങ്ങി വച്ച ശാരീരിക മാറ്റങ്ങള്‍ക്ക്‌ എന്തു സംഭവിക്കുന്നു?
അതൊക്കെ പകുതി വഴിയില്‍ നിര്‍ത്തി വയ്കേണ്ടി വരുന്നു.
സ്രവിച്ച രാസവസ്തുക്കള്‍ പലതും പുറത്ത്‌ പോകേണ്ടതാണു. പക്ഷെ വഴിയില്ല.
അകത്ത്‌ തടഞ്ഞ അവ രാസ പരിണാമം വഴി കല്ലുകള്‍, മുഴകള്‍ ഒക്കെ ആയി മാറുന്നു. കാലാന്തരത്തില്‍ അവ കാന്‍സര്‍ പോലുള്ള വലിയ രോഗങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യും.
ഇക്കിളി പങ്ക്‌ വയ്ക്കുന്നത്‌ വഴി മാദ്ധ്യമങ്ങള്‍ രോഗം സംഭാവന ചെയ്യുന്നതിങ്ങനെയാണു.

പൗരാണികര്‍ ഇത്‌ മുന്‍പ്‌ തന്നെ മനസ്സിലാക്കിയിട്ടുണ്ട്‌. അതു കൊണ്ടാണു ഭാരതത്തിലെ എക്കാലത്തേയും വലിയ മീഡിയാ റിസര്‍ച്ചറായിരുന്ന ഭരതമുനി പറഞ്ഞത്‌; ഭയം, ഭീതി, മരണം, യുദ്ധം, ലൈംഗികത തുടങ്ങി ഋണാത്മകമായ ജീവിത സന്ദര്‍ഭങ്ങള്‍ പൊതു സദസ്സില്‍ പ്രകടിപ്പിക്കരുത്‌. കാമം, കോപം, ഭയം എന്നിവ രോഗങ്ങളായിത്തന്നെയാണു അഷ്ടാംഗ ഹൃദയവും കരുതുന്നത്‌. ദുരാചാരങ്ങളെ ഉപേക്ഷിക്കാനും ഇന്ദ്രിയങ്ങളെ അടക്കി വക്കാനും അതു ഉപദേശിക്കുന്നു. ആരോഗ്യത്തോടെ ജീവിക്കാന്‍ അത്‌ അനിവാര്യമാണു.

മാദ്ധ്യമങ്ങള്‍ തങ്ങളുടെ താത്രീ വിചാര പരമ്പരകളിലൂടെയും ലൈംഗികത ഉണര്‍ത്തുന്ന മറ്റ്‌ പരാമര്‍ശങ്ങളിലൂടെയും അത്‌ അട്ടിമറിക്കുന്നു.
ഒരാളുടെ ലൈംഗികത മറ്റൊരാള്‍ അറിയുന്നത്‌ കൊണ്ട്‌ സമൂഹത്തിനു എന്തു പ്രയോജനം?
കൂടുതല്‍ ദുരാചാരങ്ങള്‍ക്ക്‌ അത്‌ വഴിവയ്ക്കുമെന്നല്ലാതെ? സമൂഹത്തിലെ പുഴുക്കുത്താണവ.
അവയെ ബാക്കിയുള്ളവര്‍ക്കു കൂടി പരിചയപ്പെടുത്തി കൊടുക്കുന്നത്‌ കൊണ്ട്‌ എന്ത്‌ നേട്ടമാണുണ്ടാകുക? വേറൊരാള്‍ക്കു കൂടി അതില്‍ താല്‍പ്പര്യമുണ്ടാകുമെന്നല്ലാതെ?
സമൂഹ ദുഷ്കൃതികളെ പരസ്യപ്പെടുത്തലിലൂടെ പരിഹരിക്കാനാവുമായിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ ഇന്ന് പീഡനങ്ങളൊ, കത്തിക്കുത്തോ, വിഭാഗീയതയോ, ചേരിപ്പോരോ, മത വൈരമോ കാണില്ലായിരുന്നു. ശരിയല്ലെ? ആലോചിച്ച്‌ നോക്കുക.

പഥ്യം:

സ്ത്രീകള്‍ക്കുള്ള ഒരു പ്രസിദ്ധീകരണവും വീട്ടില്‍ കയറ്റരുത്‌.
ഡോക്ടറോട്‌ ചോദിക്കരുത്‌. പഥ്യം തെറ്റിക്കണമെന്ന് തോന്നിയാല്‍ വല്ല അശ്ലീല സാഹിത്യവും വായിച്ച്‌ തൃപ്തി അടഞ്ഞുകൊള്ളണം.
ഇത്ര അപകടം അതിനില്ല.