Monday, March 10, 2008

രോഗമെന്ന ഭീതിയില്‍ നിന്ന് മോചനം

കഴിഞ്ഞ പോസ്റ്റില്‍ ഒരു ചോദ്യത്തിലാണു നിര്‍ത്തിയത്‌. അവിടെ നിന്നുമാരംഭിക്കാം.

രോഗങ്ങള്‍ പൂര്‍വ്വജന്മകൃതം പാപമാണെങ്കില്‍ ചികിത്സയുടെ സാംഗത്യമെന്താണു?

ഏത്‌ ബോധസത്തയിലൂടെയാണോ രോഗം വന്നുകയറിയത്‌ ആ ബോധസത്തയിലേക്ക്‌ ആണ്ടിറങ്ങി ഹേതുവായിരിക്കുന്ന ബോധത്തെ തന്നെ മാറ്റിവയ്ക്കാന്‍ കഴിയുന്ന ഒരു ചികിത്സക്കുമാത്രമേ മാനവരാശിയെ അരോഗാവസ്ഥയിലേക്ക്‌ നയിക്കാനാവു. അതിനു രോഗി, താന്‍ ഇപ്പ്പ്പോള്‍ രോഗിയല്ല, രോഗം തന്റെ ശാശ്വതമായ സ്വഭാവമല്ല, തനിക്ക്‌ രോഗമില്ല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു, ആ കാലത്തിലേക്ക്‌ തിരിച്ച്‌ പോകാന്‍ കഴിയും എന്നറിയുന്നതാണു ആ ചികിത്സയുടെ സ്വരു‌പം.

ഇതു കൊള്ളാം, രോഗി താന്‍ രോഗിയല്ലെന്ന് വിചാരിച്ചാലുടന്‍ രോഗമങ്ങ്‌ പോകുമോ? ഇതൊരു തരം വിശ്വാസചികിത്സയല്ലെ?

അല്ലല്ലോ. തനിക്ക്‌ രോഗമില്ലെന്ന് രോഗി വിചാരിച്ചാല്‍ പോകാനുള്ളതേയുള്ളു രോഗങ്ങളെല്ലാം. വിചാരം കൊണ്ട്‌ രോഗത്തെ നിയന്ത്രിച്ച്‌ നിര്‍ത്താമെന്നതിനു തെളിവുകള്‍ ആവശ്യമുണ്ടോ? രോഗത്തെ ഒരു വരുമാനമാര്‍ഗ്ഗമാക്കുന്ന യാചകരെ കണ്ടിട്ടില്ലെ? ഓച്ചിറയിലും, മലയാറ്റൂരുമൊക്കെ പോയാല്‍ അത്തരക്കാരെ കാണാം. മെഡിക്കല്‍ സയന്‍സിനെ വെല്ലുവിളിച്ചു കൊണ്ട്‌ രോഗവുമായി അവര്‍ ജീവിക്കുന്നു. സാധാരണ ഒരു മദ്ധ്യവര്‍ഗ്ഗ രോഗിയാണെങ്കില്‍ ഡോക്ടറന്മാര്‍ 6 മാസം അല്ലെങ്കില്‍ ഒരു വര്‍ഷമൊക്കെയേ ജീവിച്ചിരിക്കു എന്ന് വിധിയെഴുതുന്ന രോഗങ്ങളുമായി അവര്‍ വളരെക്കാലം ജീവിക്കുന്നു. അവര്‍ക്ക്‌ രോഗത്തെ ഭയമില്ല. കാരണം രോഗമാണു അവരുടെ ജീവിതോപാധി. അതില്ലെങ്കില്‍ ഭക്ഷണം നേടാനാവാതെ അവര്‍ മരിച്ച്‌ പോകും. അതു കൊണ്ട്‌ രോഗത്തിന്റെ ഭീകരതയെ അവര്‍ മനസ്സ്‌ കൊണ്ട്‌ അകറ്റി നിര്‍ത്തും. ഇതു പോലെ ജീവിച്ചിരിക്കണമെന്ന് നിര്‍ബ്ബന്ധബുദ്ധിയുള്ളവര്‍ സാധാരണകാരായിരുന്നാലും രോഗത്തെ മറികടക്കുന്നത്‌ കണ്ടിട്ടുണ്ട്‌. യുദ്ധമുന്നണികളിലൊക്കെ രക്തം വാര്‍ന്ന് വീഴുന്ന എത്രയോ ഭടന്മാര്‍ രക്ഷപ്പെടുന്നു. ഒരു സാധാരണ സാമാജികനാണു ആ അവസ്ഥയില്‍ പെടുന്നതെങ്കില്‍ അത്രജീവിച്ചിരിക്കുമെന്ന് ഉറപ്പ്‌ പറയാനാവില്ല. ഇതൊക്കെ ചില ഉദാഹരണങ്ങള്‍....

പിന്നെയെന്താ ഈ ചികിത്സ അല്ലെങ്കില്‍ councilling വ്യാപകമാകാത്തത്‌?

അതിനു ഇന്ന് പ്രായോഗികമായി പല തടസ്സങ്ങളുമുണ്ട്‌. കേരളത്തിലാണെങ്കില്‍ ഇത്‌ വളരെ രൂക്ഷവുമാണു. ഇവിടെ സാമാന്യവിദ്യാഭ്യാസം ലഭിച്ച ഏതൊരാളും രോഗത്തിന്റെ പൂര്‍വ്വരൂപം, നിദാനം, ചികിത്സ എന്നിവയേക്കുറിച്ച്‌ അപൂര്‍ണ്ണവും വികലവുമായ അനേകം അറിവുകള്‍ സ്വയമേവ നേടിവച്ചിട്ടുണ്ട്‌. മെഡിക്കല്‍ രംഗത്തെ വ്യവസായികള്‍ മാദ്ധ്യമങ്ങളെ ഉപയോഗിച്ച്‌ ചെയ്തൊരു ചതിവാണത്‌. രോഗവും ചികിത്സയും എല്ലാവര്‍ക്കും പഠിക്കാവുന്ന ചര്‍ച്ച ചെയ്യാവുന്ന ഒരു വിഷയമായി മാറി. പണ്ട്‌ എട്ടും പത്തും കൊല്ലം ഒരു വൈദ്യന്റെ കീഴില്‍ നിന്ന് സംസ്കൃതവും വൈദ്യഗ്രന്ഥങ്ങളും പഠിക്കുകയും, രോഗികളെ പരിചരിക്കുകയും മരുന്ന് അരച്ചും ഉരുട്ടിയും ഉണ്ടാക്കിയും ഒക്കെ കഴിഞ്ഞാലെ വൈദ്യസംബന്ധമായി എന്തെങ്കിലും പറയാന്‍ തന്നെ പ്രാപ്തനാകു. പുതിയ വിദ്യാഭ്യാസരീതിയിലും ഇതിനൊക്കെ സമാനമായി ആറേഴു കൊല്ലം ചെലവഴിക്കാതെ തരമില്ല. അവരുടെ മേഖലയാണു സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള സാമാജികര്‍ക്ക്‌ തുറന്നിട്ട്‌ കൊടുത്തിരിക്കുന്നത്‌.

ശരീരശാസ്ത്രത്തിന്റേയോ ചികിത്സയുടേയോ സാമാന്യ തത്ത്വം പോലുമ്മറിയാത്തവരാണു പലപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്‌. പേരിനു ഒരു വൈദ്യനോ ഡോക്ടറോ കാണും. സാധരണക്കാരന്‍ വിളമ്പുന്ന വിഢിത്തം എത്ര കണ്ട്‌ വൈദ്യം പഠിച്ച ഒരാള്‍ക്ക്‌ തിരുത്തിക്കൊടുക്കാനാകും? മാദ്ധ്യമപ്രവര്‍ത്തകര്‍ ഇതൊന്നും ഗവേഷണം ചെയ്തിട്ടല്ല വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത്‌. അവര്‍ക്ക്‌ മനസിലാകുന്ന അരികും മൂലയും വച്ച്‌ ചമയ്ക്കും. പലപ്പോഴും അത്‌ പമ്പര വിഢിത്തവുമാകും. എന്നു മാത്രമല്ല വാര്‍ത്തകള്‍ ചെന്നെത്തുന്നവരെ അമ്പരപ്പിക്കുക എന്ന ലക്ഷ്യത്തില്‍ അതിശയോക്തികള്‍ വേണ്ടത്ര ചേര്‍ക്കുകയും ചെയ്യും. ഇതൊക്കെ കാരണം ഇന്നൊരു തലവേദന വന്നാല്‍ ഒരു സാമാന്യപൗരന്‍ ചിന്തിക്കുന്നത്‌ അത്‌ 'ബ്രെയിന്‍ ട്യൂമര്‍' ആയിരിക്കുമോ എന്നാണു. അത്രയ്ക്‌ വ്യാപകവും അബദ്ധജടിലവുമായിരിക്കുന്നു പോപ്പുലര്‍ വൈദ്യവിൂജ്ഞാനം! ആ ഒരര്‍ത്ഥത്തില്‍ ഈ പോസ്റ്റുകള്‍ പോലും അപകടരങ്ങളാണു.

വിഷയം മാറിയോ എന്ന് ഒരു സംശയം. ചികിത്സയെപ്പറ്റി വിവരിച്ചില്ല......

അതിലേക്ക്‌ വരികയാണു....ഇങ്ങനെ ചര്‍ച്ചചെയ്യമെന്നാകുമ്പോള്‍ ഭീതദങ്ങളായ ആരോഗ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും, അത്‌ ഒരറിവായി ബോധത്തില്‍ കടന്ന് കൂടുകയും ചെയ്യും. അത്തരം ചര്‍ച്ചകളുടേയും പഠനങ്ങളുടേയും നിഗൂഢതകളില്‍ ഭീതി നിലനില്‍ക്കുമ്പോള്‍ ബാഹ്യമായി തനിക്ക്‌ രോഗമില്ലാ എന്ന് പറയാന്‍ തന്റേടം കാട്ടുന്നത്‌ കൊണ്ട്‌ പ്രയോജനമില്ല. ഉള്ള്‌ അപ്പോഴും എതിര്‍ പക്ഷത്തായിരിക്കും. കാരണം അതിനു തക്ക യുക്തികളോടെയാണത്‌ സ്വാംശീകരിച്ചത്‌.

ഈ പദ്‌മവ്യൂഹത്തില്‍ നിന്ന് പുറത്ത്‌ കടക്കാന്‍ എന്താണൊരു മാര്‍ഗ്ഗം?

ആന്തരികമായ ഭീതി പോകണമെങ്കില്‍ അതിനു തക്കതായ ഒരു വിദ്യാഭ്യാസം നേടണം. ചെറുതിലെ അതാരംഭിക്കണം. നമ്മുടെ പാരമ്പര്യത്തില്‍ അത്‌ വേണ്ടുവോളമുണ്ടായിരുന്നു. ആധുനികതയ്ക്ക്‌ വേണ്ടി നാമത്‌ ഉപേക്ഷിച്ചു. എന്നിട്ട്‌ ഇപ്പോള്‍ രോഗഭീതിയുടെ നാല്‍ക്കവലയില്‍ അന്തിച്ച്‌ നില്‍പ്പാണു. 'വെളുക്കുമ്പോള്‍ ഉണരണം, വെളുത്തമുണ്ടുടുക്കണം' എന്നൊക്കെ ചൊല്ലിപ്പഠിപ്പിച്ചപ്പോള്‍ അതിലൊക്കെ ആരോഗ്യത്തിന്റെ പാഠങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ 'മതപരം' 'അന്ധവിശ്വാസം' എന്നൊക്കെ പറഞ്ഞ്‌ നാം മാറ്റി വച്ചു. എന്നിട്ട്‌ രോഗങ്ങളെ കണ്ട്‌ ഭയപ്പെട്ടു നില്‍ക്കുന്നു. ഇത്രയും ശരിയാണോ എന്നാലോചിക്കുക.

സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്ക്‌ പോകുന്ന പഠനരീതിയാണു പ്രാചീനര്‍ കൈക്കൊള്ളുന്നത്‌. ഒരു കുഞ്ഞു ജനിക്കുന്നതിനു മുമ്പ്‌ അമ്മയുടെ ഉദരത്തിലുണ്ട്‌. അവിടെയെത്തുന്നതിനു മുമ്പ്‌ അമ്മയില്‍ അണ്ഡമായും അഛനില്‍ ബീജമായും ഇരിക്കുകയായിരുന്നു. അതിനും എത്രയോ മുമ്പ്‌ ഔഷധമായോ അന്നമായൊ അതുണ്ട്‌! കാരണം എട്ടൊന്‍പത്‌ വയസ്സുള്ളപ്പോള്‍ ഈ കുഞ്ഞിനു കാരണമായത്‌ അച്ഛനമ്മമാരില്‍ ഇല്ല. സസ്യങ്ങള്‍ക്കും അപ്പുറത്തേക്ക്‌ ആ ചിന്തയെ കൊണ്ടു ചെന്നാല്‍ മേഘങ്ങളിലിരിക്കുന്ന ജലകണമായും സൂര്യന്‍ ചൊരിയുന്ന പ്രകാശമായും അതിനെ കണ്ടെത്താനാവും!

ഇതുപോലെ തന്നെ ഒരാള്‍ രോഗിയാകുമ്പോള്‍, തനിക്ക്‌ രോഗമില്ലാതിരുന്ന ഒരവസ്ഥ അതിനു മുമ്പുണ്ടായിരുന്നുവെന്നും രോഗമുണ്ടാകാനുള്ള സാദ്ധ്യത ഒരു ബീജമായി ഏതോ ജന്മത്തില്‍ കടന്ന് കൂടിയിട്ടുണ്ടെന്നും മനസിലാക്കണം. രോഗത്തിന്റെ പ്രാദുര്‍ഭവം അനേക നാളുകളിലിരുന്ന് അനുകൂലമായ പരിതസ്ഥിതിയെ ഉണ്ടാക്കി, ആ പരിതസ്ഥിതിയും കൂടി അനുകൂലമായപ്പോള്‍ രോഗമായി പുറത്തേക്ക്‌ വന്നുവെന്നേയുള്ളു എന്നറിയണം. ആ അറിവ്‌ രോഗമെന്ന ഭീതിയെ അകറ്റിക്കളയും. അതിനു യോജിച്ച ഒരു വിദ്യാഭ്യാസമാണു ഉണ്ടാകണമെന്ന് പറഞ്ഞത്‌. അത്തരമൊരു വിദ്യാഭ്യാസത്തിനു മാനവരാശിയെ രോഗമില്ലാത്ത ഒരു അവസ്ഥയിലേക്ക്‌ കൊണ്ടു ചെന്നെത്തിക്കാന്‍ കഴിയും.

അപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയും മറ്റുമുപയോഗിച്ചുള്ള ഇന്നത്തെ നൂതന ചികിത്സാരീതിക്ക്‌ ഒരര്‍ത്ഥവുമില്ലെന്നാണോ?

അതിനേപ്പറ്റിയൊന്നും വിധി നിര്‍ണ്ണയിക്കാന്‍ ഞാന്‍ ആളല്ല! പക്ഷെ, ബോധത്തിലെ ബീജം രോഗമായി പരിണമിക്കുന്ന പരിതസ്ഥിതികളെ മാറ്റി നിര്‍ത്തുമ്പോള്‍ താല്‍ക്കാലികമായി രോഗം മാറി നില്‍ക്കുന്നു എന്ന് മാത്രം.(പരിതസ്ഥിതി നിലനില്‍ക്കാത്തതു കൊണ്ട്‌). രോഗത്തിന്റെ ബീജം അപ്പോഴും അയാളില്‍ ഉണ്ടായിരിക്കും. വീണ്ടും പരിതസ്ഥിതി അനുകൂലമാകുമ്പോള്‍ അത്‌ പുറത്ത്‌ വരും. ഒരു കാന്‍സര്‍ കരിച്ചു കളയുമ്പോഴും അവിടെ രോഗാതുരമായ 10 മില്യണ്‍ കോശങ്ങള്‍ വരെ പിന്നെയും നിലനില്‍ക്കാം എന്ന് പറയുന്നു. ഇത്‌ വച്ച്‌ പ്രാചീനന്റെ ചിന്തയെ ഒന്ന് വിശകലനം ചെയ്തു നോക്കുക.

ബോധത്തില്‍ നിന്നും രോഗത്തെ നീക്കം ചെയ്യുന്ന ചികിത്സ ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു?

തീര്‍ച്ചയായും. ഉണ്ടായിരുന്നു എന്നു മാത്രമല്ല ഇപ്പോഴുമുണ്ട്‌. അത്‌ അനുവര്‍ത്തിച്ചാല്‍ ചികിത്സ കഴിയുമ്പോള്‍ മരുന്ന് നിര്‍ത്താം. രോഗത്തെ മാനേജു ചെയ്യുകയല്ല, രോഗത്തെ മാറ്റിക്കളയുകയാണവിടെ ചെയ്യുന്നത്‌. അതേപ്പറ്റി കൂടുതലായി പിന്നൊരിക്കല്‍......

Tuesday, March 4, 2008

പൂര്‍വ്വ ജന്മകൃതം പാപം വ്യാധിരൂപേണ ജായതേ......

പൂര്‍വ്വ ജന്മത്തിലെ പാപങ്ങളാണു രോഗങ്ങളായി പരിണമിക്കുന്നത്‌. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല.

പക്ഷെ ഈ പൂര്‍വ്വ ജന്മകൃതമായ പാപം എന്നു പറഞ്ഞാലെന്താ?
അതൊക്കെ മതപരമായ ചില സംജ്ഞകളല്ലെ?

അല്ല. എന്തിനേയും മതവുമായി കൂട്ടിക്കെട്ടിയാല്‍ പിന്നെ 'അന്ധവിശ്വാസം' എന്ന് മുദ്രകുത്താന്‍ എളുപ്പമാകുമല്ലോ. ഇത്‌ അതല്ല. ഒരു വ്യക്തി ജീവിച്ചു പോരുമ്പോള്‍, അയാളുടെ ജീവിതത്തിനിടയില്‍, അയാള്‍ക്കു തന്നെ ഇഷ്ടമില്ലാതെ ചെയ്യേണ്ടി വരുന്ന പല കാര്യങ്ങള്‍ ഉണ്ടാകും. ഒരു പ്രത്യേക ദിശയില്‍ അങ്ങനെ ജീവിച്ച്‌ പോരുമ്പോള്‍ - ചെയ്തത്‌ അധര്‍മ്മമാണു, അതു അങ്ങനെ ചെയ്തു കൂടായിരുന്നു, അത്‌ ശരിയായില്ല - എന്നൊക്കെ പൂര്‍ണ്ണമായി അവനറിയുന്നതും എന്നാല്‍ അപ്പോഴത്തെ സാഹചര്യത്തില്‍ അതങ്ങനെ ചെയ്തേ പറ്റൂ എന്ന് അവന്‍ വിചാരിക്കുന്നതുമായ ചില കാര്യങ്ങളാണു പാപമായി പരിണമിക്കുന്നത്‌.

ഇതെങ്ങനെ സംഭവിക്കും?

സാഹചര്യ സംബന്ധിയായ അറിവോ നിര്‍ബ്ബന്ധമോ കൊണ്ട്‌ ചെയ്തുപോകുന്ന കര്‍മ്മങ്ങള്‍ ഋണാത്മകമായി-Negative-അവനില്‍ രേഖപ്പെടുത്തപ്പെടും. ആ സമയത്ത്‌ ആരും അതറിയാറില്ല. അത്തരം കര്‍മ്മങ്ങളിലുള്ള അവന്റെ ദുഃഖങ്ങളും പശ്ചാത്താപങ്ങളും അവന്റെ മനസിനേയും ബുദ്ധിയേയും മഥിക്കുമ്പോള്‍ സ്വയമറിയാതെ തന്നെ ജീവിതക്രമത്തിന്റെ താളം തെറ്റുകയും അതവന്റെ ശരീരത്തിലെ അനന്തകോടി കലകളില്‍ മാറ്റമുണ്ടാക്കുകയും ചെയ്യും. അങ്ങനെ ധാതു-മലങ്ങളിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണു രോഗമായി കാണപ്പെടുന്നത്‌. 'രാഗം' ആദിയായിക്കൊണ്ട്‌ രോഗം ഉല്‍ഭവിക്കുന്നു എന്ന് പ്രമാണം.

അപ്പോള്‍ നവജാത ശിശുക്കളില്‍ രോഗബാധയുണ്ടാകുന്നതോ?

അതു മനുഷ്യന്റെ ജീവിതഗതിയെ വ്യക്തമായി മനസിലാക്കാത്തതുകൊണ്ട്‌ ഉണ്ടായ ഒരു സംശയമാണു. ഒരാള്‍ ജനിക്കുന്നത്‌ മുതല്‍ മരിക്കുന്ന നിമിഷം വരെയുള്ളതു മാത്രമാണു അവന്റെ ജീവിതകാലം എന്ന് പ്രാചീനര്‍ കരുതുന്നില്ല. ആധുനിക മനഃശ്ശാസ്ത്രവും ഇതിനോട്‌ യോജിക്കുന്നുണ്ട്‌. അപ്പോള്‍ നവജാത ശിശു എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ മാറിപ്പോകും. നവജാത ശിശു നവജാതനായിരിക്കുന്നത്‌ അവന്റെ കാഴ്ചപ്പാടിലല്ല. നമ്മുടെ കാഴ്ചപ്പാടില്‍ മാത്രമാണു. വലിയൊരു തുടര്‍ച്ചയിലെ ഒരു ഘട്ടമാണ്‌ ശിശു.

ഭാരതീയ ദര്‍ശനങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ കാണുന്നത്‌ ജനിച്ച ദിവസം മുതല്‍ മരിച്ച ദിവസം വരെയുള്ള ജീവിതമായല്ല എന്ന് പറഞ്ഞു. അതൊരു തുടര്‍ച്ചയാണു. ഭൗതികശാസ്ത്രത്തിലെ, ഊര്‍ജ്ജം നിര്‍മ്മിക്കാനോ നശിപ്പിക്കാനോ ആവില്ല എന്ന തത്ത്വം അനുസരിച്ചായാലും ആയുര്‍വ്വേദത്തിന്റെ സിദ്ധാന്തങ്ങള്‍ അനുസരിച്ചായാലും പലേ അനുഭവങ്ങള്‍ കൊണ്ടായാലും ഇത്‌ വിശ്വസിക്കാതെ തരമില്ല.

ഈ തുടര്‍ച്ചയെ നയിച്ചുകൊണ്ടു പോകുന്ന ഒരു ആനുവംശിക കഥാപാത്രം-a genetic substance-ആനുവംശികന്‍- എല്ലാവരുടേയും ഉള്ളില്‍ ഉണ്ട്‌. അനേക ജന്മങ്ങളിലൂടെ നേടിയ അറിവുകള്‍ ഓരോരുത്തരിലും അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണു സംഗീതം അഭ്യസിക്കാതെ തന്നെ ചിലര്‍ക്ക്‌ പാടാന്‍ കഴിയുന്നത്‌. പരിശീലനമില്ലാതെ കളികളില്‍ പ്രാഗത്ഭ്യമുണ്ടാകുന്നത്‌. ചിത്രം വരയ്ക്കാന്‍ കഴിയുന്നത്‌. ശാസ്ത്രത്തിലെ അത്ഭുതങ്ങള്‍ അനാവരണം ചെയ്യാന്‍ സാധിക്കുന്നത്‌.

അതു കൊണ്ടു തന്നെയാണു ഒരാള്‍ക്ക്‌ ഒരു പ്രത്യേകവിഷയത്തില്‍ വളരെയധികം പ്രാമുഖ്യം നേടാന്‍ കഴിയുമ്പോള്‍ അതേ സാഹചര്യമുള്ള ബാക്കിയുള്ളവര്‍ക്ക്‌ ആ സ്വാധീനം ലഭിക്കാതെ പോകുന്നതും. ഒരു പ്രഗത്ഭന്റെ പ്രതിഭ വച്ച്‌ അയാള്‍ക്ക്‌ മറ്റ്‌ വിഷയങ്ങളില്‍ ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്ന ചതുരത ഇല്ലാതെ പോകുന്നതും ആ ആനുവംശികന്റെ സാന്നിദ്ധ്യം ഇല്ലാത്തതു കൊണ്ടാണു.

മുമ്പെങ്ങോ രൂപപ്പെടുത്തി വച്ചിട്ട്‌ പൂര്‍ത്തീകരിക്കാത്തതിന്റെ ഭാവങ്ങള്‍ എല്ലാം തന്നില്‍ നിലകൊള്ളുമ്പോള്‍ അതു പൂര്‍ത്തീകരിക്കാനാണു ഈ വരവ്‌, ഈ ജന്മം എന്ന് തോന്നിപ്പിക്കുന്ന ആ ജനിതകം പോലെ തന്നെ അയാളില്‍ എവിടെയോ തുടങ്ങിവച്ച ഒരു രോഗാതുരതയും ഉണ്ട്‌. ആ ആതുരത ജനനത്തോടെ രംഗത്തേക്ക്‌ വരിക എന്നുള്ളത്‌ ആ ജനിതകത്തിന്റെ ബോധത്തിലുള്ളതാണു.

ജനിതകത്തിനും ബോധമോ?

തീര്‍ച്ചയായും. ഒരാള്‍ Zygote അല്ലെങ്കില്‍ ഏകകോശജീവിയായിരിക്കുന്ന അവസ്ഥയിലെ ബോധം പരിണമിച്ചാണു വളരുകയും ഒരു വ്യക്തിയായി പരിണമിക്കുകയും ചെയ്യുന്നത്‌. അയാള്‍ക്ക്‌ മുടിയുണ്ടാകുന്നതും, മൂക്ക്‌ നീണ്ടിരിക്കുന്നതും, കോമള സ്വരം കിട്ടുന്നതും എന്നു വേണ്ടാ കണ്ണുണ്ടാകുന്നതും കാതു വളരുന്നതും കൈകാലുകള്‍ കിളിര്‍ക്കുന്നതുമെല്ലാം ആ ആത്മബോധത്തിന്റെ നിര്‍ദ്ദേശാനുസരണമാണു. അല്ലാതെ പുറമേ നിന്ന് എന്തെങ്കിലും കൊടുത്ത്‌ കണ്ണുണ്ടാക്കാനോ ചെവിയുണ്ടാക്കാനോ പറ്റില്ല. അയാളുടെ ജനിതകകലയില്‍ എന്തൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടോ അതു മാത്രമേ അയാളില്‍ നിന്ന് പുറത്ത്‌ വരു. പുറമേ നിന്നു ഒരു ശാസ്ത്രജ്ഞനു അയാളുടെ ജനിതകത്തിലേക്ക്‌ പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടായാല്‍പ്പോലും അതിനും ആ 'ബോധ;ത്തിന്റെ അനുമതിയില്ലാതെ പറ്റില്ല. അങ്ങനെ അനുമതിയില്ലാതെ പ്രവേശിച്ചവര്‍ ഫിറ്റു ചെയ്യുന്ന കിഡ്നിയും കരളുമൊക്കെയാണു ശരീരം reject ചെയ്യുന്നതായി നാം കേള്‍ക്കുന്നത്‌.ആധുനിക വൈദ്യശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ഗര്‍ഭസ്ഥശിശുവിനെ ജനിക്കുമ്പോള്‍ അംഗവൈകല്യമില്ലാത്തത് ആക്കിത്തീര്‍ക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് സംശയം തോന്നുന്ന നിമിഷം മുതല്‍ അവള്‍ ആധുനിക വൈദ്യത്തിന്റെ പരിചരണത്തിലാണു. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശാനുസരണമാണു പിന്നീട്‌ പ്രസവം വരെയുള്ള അവളുടെ ജീവിതം. എല്ലാ പരിശോധനളും നടത്തി, എല്ലാ പരിഹാരങ്ങളും ചെയ്തിട്ടും നവജാതശിശുക്കളില്‍ പലതും വൈകല്യത്തൊടെയാണു ജനിക്കുന്നത്‌. ഇവിടെ ശാസ്ത്രവും മനുഷ്യന്റെ അഹന്തയും പരാജയപ്പെടുന്നതിനു എന്തുണ്ട്‌ ഉത്തരം?

പ്രാചീനന്‍ ഇതിനേയൊക്കെ മാറി നിന്നാണു നോക്കിക്കണ്ടിരുന്നത്‌. അവന്‍ അതിന്റെ സത്യത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നു. ആധുനികന്‍ അതിനു തയ്യാറല്ല.

നമ്മുടെ ബോധമണ്ഡലത്തിലാണു നാം എത്ര കാലോടുകൂടി ജനിക്കണം, ഏതു കയ്യോടുകൂടി ജനിക്കണം, മൂക്കിനെത്ര നീളമുണ്ടായിരിക്കണം എന്നൊക്കെയുള്ള കണക്കിരിക്കുന്നത്‌. ആ ബോധം പൂര്‍വ്വ പൂര്‍വ്വ ജന്മങ്ങളിലൂടെ രൂപപ്പെട്ട്‌ വന്നതാണെന്ന് ഭാരതീയര്‍ വിശ്വസിച്ചു. തല്‍ക്കാലം 'വിശ്വസിച്ചു' എന്ന പ്രയോഗം മതി. കാരണം ജീനുകളിലെ ഒന്നോ രണ്ടോ മണികളില്‍ അടങ്ങിയിരിക്കുന്ന അത്ഭുതം കണ്ട്‌ ആധുനികന്‍ അമ്പരന്നു നില്‍ക്കുമ്പോള്‍ ഇങ്ങനെയും ഒരു ശാസ്ത്രമുണ്ടെന്ന് പറഞ്ഞാല്‍ അവന്‍ വയലന്റാകും.. ഒരന്‍പതു വര്‍ഷം മുന്‍പ്‌ ഇന്ന് നടക്കുന്ന പോലുള്ള ജനിതക ഗവേഷണത്തിനു പണം ചോദിച്ചാല്‍ ഭ്രാന്തെന്ന് പറഞ്ഞ്‌ ആട്ടിക്കളയുമായിരുന്നു. കാരണം അതൊക്കെ അസംഭാവ്യമാണെന്നാണു ശാസ്ത്രലോകം പോലും വിചാരിച്ചത്‌. ഇന്ന് ജനിതക ശാസ്ത്രം കണ്ടെത്തിയതിനെ ആ 50 കൊല്ലം മുന്‍പ്‌ ആശയമായി അവതരിപ്പിച്ചിരുന്നെങ്കില്‍ 'അന്ധവിശ്വാസം' എന്ന് പറഞ്ഞു അവഗണിക്കുമായിരുന്നു. ശാസ്ത്രത്തിന്റെ കാര്യം അത്രയൊക്കയേയുള്ളു. കാരണം അത്‌ ശാസ്ത്രമായിട്ടില്ല. അതിനു മുന്‍പുള്ള പടിയിലാണു. നിരീക്ഷണവും അത്ഭുതം കൂറലുമേ നടക്കുന്നുള്ളു. അതിനി പക്വമാകുന്ന ഒരു കാലം വരുമ്പോള്‍ പ്രാചീനന്റെ ആശയങ്ങള്‍ സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു കൊള്ളും.

പാശ്ചാത്യ ശാസ്ത്രീയതയുടെ യുക്തിയും അളവുകോലും വച്ച്‌ ഒരു പരീക്ഷണശാലയിലെ controlled conditions ല്‍ സൈഗോട്ടിനുള്ളിലെ ബോധത്തെ തെളിയിച്ചെടുക്കാനാവുന്ന കാലം പിമ്പേ വരുന്നുണ്ട്‌. അതിനു ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ തന്നെ പിടിച്ചെന്നിരിക്കും. മനുഷ്യചരിത്രത്തില്‍ അത്‌ വലിയ കാലയളവൊന്നുമല്ല. പക്ഷെ ആയുര്‍വ്വേദത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നാല്‍ ഒരു നൊടിനേരം മതി അത്‌ ബോദ്ധ്യമാകാന്‍. ഇന്ദ്രിയങ്ങള്‍ പുറത്തേക്ക്‌ തുറന്നു പോയ ആധുനിക മനുഷ്യനു അതിനും കഴിവുണ്ടാകണമെങ്കില്‍ പൂര്‍വ്വ പൂര്‍വ്വ പുണ്യം ഉണ്ടായിരിക്കണം.

ഇതൊരു inductive reasoning അല്ലേ?

അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇപ്പോള്‍ ഇതൊരു inductive reasoning തന്നെയാണു. കാണുന്നതില്‍ നിന്ന് അനുമാനിക്കുക എന്നത്‌ ഒരു ശാസ്ത്ര രീതിയാണു. യുക്തി ഇവിടെ അതിനു അനുഗുണമായുണ്ട്‌. അനുഭവങ്ങള്‍ മറിച്ചുമല്ല. പിന്നെ വേറെന്തു വേണം? ഇതിനേ പൂര്‍വ്വപക്ഷമായിക്കണ്ട്‌ മറിച്ചുള്ള തെളിവുകള്‍ നല്‍കുമ്പോഴെ ഇതിന്റെ ശാസ്ത്രീയതയേക്കുറിച്ച്‌ സംശയിക്കേണ്ടി വരികയുള്ളു.

അപ്പോള്‍ രോഗം ഒരുവനോടൊപ്പം വന്ന് പോകുന്നതാണെന്ന് പറയാം അല്ലെ?

അത്തരം പരിമിതമായ ഒരു വ്യാഖ്യാനത്തിലേക്ക്‌ പോകുന്നതിനേക്കാള്‍ നല്ലത്‌, ഒരു രോഗി ഉണ്ടാവുന്നതിനു മുമ്പ്‌ അയാളുടെ ബോധത്തില്‍ ആ രോഗത്തിനുള്ള ബീജം കിടപ്പുണ്ട്‌, അനുകൂല പരിതസ്ഥിതിയില്‍ അത്‌ പ്രകടമാകും എന്നെടുക്കുന്നതല്ലെ? അതാണു സരളം.

രോഗങ്ങള്‍ പൂര്‍വ്വജന്മകൃതം പാപമാണെങ്കില്‍ പിന്നെ ചികിത്സയുടെ സാംഗത്യമെന്താണു?

അതിപ്പോള്‍ വേണ്ട, അടുത്ത പോസ്റ്റില്‍......