Thursday, November 19, 2009

അമേരിക്ക തോറ്റ യുദ്ധം

അർബ്ബുദ ബാധയ്ക്ക് അനേകം കാരണങ്ങൾ ആധുനിക വൈദ്യശാസ്ത്രം പറയുന്നു. പക്ഷെ ലോകോപാകാരപ്രദമാകാവുന്ന ഒരു പ്രതിവിധിക്ക് ഉതകുന്ന ഒരു കാരണവും അവർ കണ്ടെത്തിയതായി അറിവില്ല. കരിക്കലും പൊരിക്കലും വിഷം കുത്തിവയ്ക്കലുമായി അനവധി ആധുനിക ചികിത്സാരീതികൾ അവർ മുന്നോട്ട് വയ്ക്കുന്നുണ്ട്. പക്ഷെ കാൻസർ വഴങ്ങിയിട്ടില്ല. എന്നുമാത്രമല്ല അത് നാൾക്ക് നാൾ വർദ്ധിക്കുകയാണെന്ന് അവർ തന്നെ ആണയിടുകയും ചെയ്യുന്നു. സ്വയം നിഷേധിക്കുന്ന തെളിവുകൾക്ക് മുന്നിൽ നിന്നുകൊണ്ട് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് അവർ പറയുമ്പോൾ അതൊരു ഫലിതമല്ലാതെ മറ്റെന്താണു?

കാൻസർ പ്രതിവിധിക്കായി ലോകമെമ്പാടും വമ്പിച്ച ഗവേഷണം നടക്കുന്നുണ്ടെന്നാണു പ്രചരണം. ഉണ്ടാവാം. അതിൽ ഇന്ത്യയുടെ കാര്യം നോക്കണ്ട. ഗവേഷണം എന്നൊക്കെ പറയുന്നത് ഇവിടെ ഒരു വകയാണു. കാശടിക്കാൻ മറ്റൊരു വഴി. എന്നാൽ അമേരിക്കയുടെ കാര്യം അതാണോ?


1971 ൽ റിച്ചാഡ് നിക്സൺ - അന്ന് അയാൾ അമേരിക്കയുടെ പ്രസിഡന്റായി - അമേരിക്കൻ വൈദ്യശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു കാര്യം ആവശ്യപ്പെട്ടു ‌-

“ആധുനികമെന്ന് നാം അഭിമാനിക്കുന്ന അമേരിക്ക ഒരു വിപത്സന്ധിയിലാണു. അർബ്ബുദരോഗികൾ എണ്ണമില്ലാതെ പെരുകുന്നു. ലോകത്തെ നയിക്കാനുള്ള നമ്മുടെ നിയോഗത്തിൽ ഇത് വിള്ളൽ വീഴ്ത്തും എന്ന് ഞാൻ ഭയപ്പെടുകയാണു.....”

(നിക്സൺ അത് പറയുമ്പോൾ ഇന്ത്യയിൽ കാൻസർ രോഗികൾ താരത‌മ്യേന കുറവായിരുന്നു എന്നോർക്കണം. ഓങ്കോളജിസ്റ്റുകൾ വളരെ വിരളം. അവർ രോഗികളെ തേടി നടന്നു. സംശയമുള്ളവർക്ക് സി.പി.മാത്യുസാറിനോട് ചോദിക്കാം).

“പത്തു വർഷത്തിനകം ഈ ഭീകര രോഗം നിങ്ങൾ കീഴടക്കിയില്ലെങ്കിൽ അമേരിക്ക അർബ്ബുദരോഗികളുടെ ഒരു സാനട്ടോറിയമായി മാറും. അതു കൊണ്ട് ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണു, അല്ല ആജ്ഞാപിക്കുക തന്നെ ചെയ്യുന്നു, പത്തു കൊല്ലക്കാലത്തിനകം അർബ്ബുദം എന്ന രോഗത്തെ ഈ മണ്ണിൽ നിന്ന് തുടച്ച് മാറ്റണം. അതിനുള്ള ആർജ്ജവം നിങ്ങൾക്കുണ്ടെന്നാണു എന്റെ വിശ്വാസം. കാൻസറിനെതിരെയുള്ള യുദ്ധം നാമിതാ പ്രഖ്യാപിക്കുന്നു. വിജയവുമായേ തിരിച്ചു വരാവു. അതിനു നിങ്ങളെ സഹായിക്കാനായി നാഷണൽ കാൻസർ പോളിസിയും അതിലേക്കായി 100 മില്യൺ ഡോളറിന്റെ സഹായനിധിയും ഞാനിതാ പ്രഖ്യാപിക്കുന്നു......”

പിന്നിട് സംഭവിച്ചത് വ്യക്തം. പല യുദ്ധങ്ങളിലും വിജയിച്ചെന്ന് അഭിമാനിക്കുന്ന അമെരിക്ക കാൻസറിനു മുന്നിൽ മുട്ടുമടക്കി. രോഗത്തെ കീഴടക്കാൻ പോയിട്ട് കാൻസർ രോഗികളുടെ വർദ്ധനവ് കണ്ട് അന്ധാളിച്ചു നിൽക്കുകയാണു ഇന്ന് അമേരിക്ക. അതേക്കുറിച്ച് ന്യൂസ് വീക്ക് 2008 സെപ്തംബർ 15 നു ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി.


We Fought Cancer…And Cancer Won.
After billions spent on research and decades of hit-or-miss treatments, it's time to rethink the war on cancer.

ഇതാണു ഇന്ന് അമേരിക്കയുടെ അവസ്ഥ. അവിടെ നിന്ന് ആക്രി വാങ്ങി ചികിത്സിക്കുന്ന ഇന്ത്യയുടെ അവസ്ഥ അപ്പോൾ എത്ര ഭയാനകമായിരിക്കും?

എന്തായിരിക്കും അമേരിക്കക്ക് വിജയം ലഭിക്കാതെ പോയതിനു കാരണമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ? അതിനു സാദ്ധ്യത കുറവാണു. കഴിഞ്ഞ 300 കൊല്ലമായി ലോകമെമ്പാടും നിലനിൽക്കുന്ന വിദ്യാഭ്യാസപദ്ധതി അങ്ങനെയൊരു ചിന്തയ്ക്ക് സഹായിക്കില്ല. ചൂഷണമാണു ആ പദ്ധതിയുടെ കാതൽ. അത് വച്ചു യാഥാർത്ഥ്യത്തിലേക്ക് ഉറ്റു നോക്കാനാവില്ല. മെഡിക്കൽ വിദ്യാഭ്യാസം രോഗപരിഹാരത്തിനുള്ള മാർഗ്ഗമല്ല ഇന്നു. അതൊരു തൊഴിലാണു. ആ തൊഴിൽ ചെയ്യുന്നത് ലാഭം ഉണ്ടാക്കാനാണ്. അത് ലാഭകരമായി നിലനിൽക്കണമെങ്കിൽ രോഗികൾ വർദ്ധിച്ചു വരണം. അങ്ങനെ ആഗ്രഹിക്കുന്ന ഭിഷഗ്വരവർഗ്ഗത്തിനു മുന്നിൽ അർബ്ബുദം പോലെ മാരകമായ രോഗങ്ങളുടെ പ്രതിവിധികൾ തെളിഞ്ഞു വരില്ല. അത് തെളിഞ്ഞ് വരണമെങ്കിൽ കാരുണ്യമുള്ള മനുഷ്യർ ഉണ്ടായിരിക്കണം. ചികിത്സ വരുമാനമാർഗ്ഗമാകരുത്. അങ്ങനെ ഒരു കാലഘട്ടം ഭാരതത്തിൽ ഉണ്ടായിരുന്നു. അന്നുള്ളവർ രോഗമുണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് ഭേദമാക്കാനുമുള്ള വഴികൾ കണ്ടെത്തി സമൂഹത്തിനു സമർപ്പിച്ചു. അവർ ഒന്നിനും പേറ്റെന്റ് എടുത്തില്ല. ഇന്നും അവരുടെ വഴികൾ നിലനിൽക്കുന്നുണ്ട്. ഇന്നും അവയ്ക്കൊ പേറ്റെന്റില്ല. എന്നിട്ടും അവ പഠിച്ച് ലോകനന്മക്ക് ഉപയോഗപ്പെടുത്താൻ നാം തയ്യാറാകുന്നില്ലെങ്കിൽ രോഗങ്ങൾ ഈ ജനതതിയുടെ സമാപനത്തിനുവേണ്ടി ഉദ്ദേശിച്ചുള്ളതാണെന്ന് നമുക്ക് സമാധാനിക്കാം.

Wednesday, November 18, 2009

കാൻസറിനെ പേടിക്കണോ?

വാസ്തവം പറയുകയാണെന്ന ഭാവത്തിൽ വായനക്കാരെ ഉൽഘണ്‌ഠപ്പെടുത്തുന്ന ഒരു വാർത്ത ഇന്ന് മാദ്ധ്യമങ്ങൾ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിലെ കുട്ടികളിൽ അർബ്ബുദബാധ കൂടുന്നു. രക്താർബ്ബുദമാണു പ്രധാന വില്ലൻ. 2007-08 വർഷം 680 കുട്ടികൾ അർബ്ബുദ ചികിത്സക്ക് എത്തി. പിന്നെ 2008-09 നവംബർ വരെ ആയപ്പോൾ അത് 820 പേരായി. (നവംബർ തീരാൻ ഇനിയും 12 ദിവസം ബാക്കി നിൽക്കെ എങ്ങനെ നവംബറിലെ കണക്ക് ഇത്ര കൃത്യമായി എടുത്തു എന്നാരും ചോദിക്കരുത്. ഇതൊക്കെ ഒരു തമാശയല്ലെ. വാർത്ത മാതൃഭൂമിയുടെ കോട്ടയം എഡിഷനിൽ).



‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്’ എന്ന് പണ്ട് ശ്രീമാൻ ജോൺ എബ്രഹാം അന്വേഷിച്ചതുപോലെ നമുക്ക് ചില ചോദ്യങ്ങൾ ചോദിക്കാം.

1.അർബ്ബുദബാധ ഉണ്ടായിട്ട് ആശുപത്രിയിൽ ചെല്ലാത്തവർ എത്ര?

2.രോഗമുണ്ടായിട്ടും മറ്റ് വൈദ്യശാസ്ത്രശാഖകളെ ആശ്രയിച്ച് രോഗം ഭേദമായവർ എത്ര?

3.നാട്ടുവൈദ്യം, മന്ത്രവാദം, പടം വരച്ച് രോഗം മാറ്റൽ തുടങ്ങിയവയ്ക്ക് പോയി രോഗം മാറിയവർ എത്ര? മരിച്ചവർ എത്ര?

4.രോഗമുണ്ടായിട്ടും അതറിയാതെ ജീവിക്കുന്നവർ എത്ര?

5.രോഗം ഒരു വരുമാനമാക്കിയവർ എത്ര?

ഇങ്ങനെ പലവിധ കോണുകളിൽ നിന്ന് അന്വേഷിച്ച് വസ്തുതകൾ ശേഖരിച്ചാലല്ലെ ‘സംസ്ഥാനത്ത് അർബ്ബുദം പടരുകയാണോ’ അല്ലയോ എന്ന് തീർത്ത് പറയാനാകു?

ഇതിപ്പോൾ സോഷ്യൽ സെക്യൂരിറ്റി മിഷൻ കൊണ്ടുവന്ന കാൻസർ സുരക്ഷാപദ്ധതിയുടെ ഭാഗമായി നടത്തിയ കണ്ടെത്തലാണെന്ന് വാർത്ത പറയുന്നു. അതും കേരളത്തിലെ ഏതാനം സ്ഥാപങ്ങളെ ആശ്രയിച്ച് എടുത്ത കണക്ക് പ്രകാരം! ഇത് ഒരു പൊതു ട്രെൻഡാണെന്ന് വിശ്വസിക്കുന്നത് ശരിയായിരിക്കുമോ?

‘കാൻസർ സുരക്ഷാപദ്ധതി‘ എന്ന് പറയുന്നതിൽ തന്നെ ഒരു അപശകുനം ഉണ്ട്. കാൻസറിന്റെ സുരക്ഷയ്ക്കുള്ള പദ്ധതിയാണെന്ന് വാഗർത്ഥം. രോഗിയുടെ സുരക്ഷയല്ല. അതു കൊണ്ടു തന്നെ കാൻസർ ചികിത്സ ചിലവുള്ളതും ദൈർഘ്യമേറിയതുമാണെന്നും ഈ മിഷൻ‌കാർ പ്രചരിപ്പിക്കുന്നു.

പിന്നെയുള്ളത് അർബ്ബുദം ഇത്രയും (അവരുടെ കണക്കിൽ) പെരുകുമ്പോഴും അതിന്റെ കാരണമെന്താണന്ന് ചികിത്സിക്കുന്നവർക്ക് അറിയില്ല. അതിനു കാശുകൊടുക്കുന്ന മിഷനുമറിയില്ല. എന്നാൽ അത് കണ്ടെത്താനുള്ള താല്പര്യം മിഷനോ കേരളത്തിലെ ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്കോ ഉള്ളതായി വാർത്തയിൽ സൂചനയൊന്നും കാണുന്നുമില്ല. കാൻസറുള്ള ഒരു കുട്ടിയുണ്ടെങ്കിൽ പോരു, അൻപതിനായിരം രൂപാ ഇനാം എന്നതാണു അവരുടെ ലൈൻ. അതായത് ഡോക്ടറന്മാർക്കും മരുന്നു കമ്പനികൾക്കും കൂടി ആളൊന്നുക്ക് 50000 രൂപയുടെ കച്ചവടം ഉറപ്പ്. രോഗകാരണം അന്വേഷിച്ച് കണ്ടുപിടിച്ചാൽ അത് സമൂഹത്തിൽ നിന്നു തന്നെ നിസാരമായി മാറ്റിക്കളയാൻ കഴിഞ്ഞാൽ പിന്നെ ഈ കച്ചവടം നടക്കുമോ? അതു കൊണ്ട് അതാരും ഡോക്ടറന്മാരിൽ നിന്നോ ഇത്തരം മിഷനുകളിൽ നിന്നോ പ്രതീക്ഷിക്കരുത്. രോഗം ഉണ്ടാക്കുക. അത് ചികിത്സിക്കുന്ന കാര്യം ഇതുപോലുള്ള ഏജൻസികൾ ചെയ്തു കൊള്ളും. അല്ലാതെ രോഗം ഉന്മൂലനം ചെയ്യണം, അതിനുവേണ്ട പ്രചരണം നടത്തണമെന്നൊന്നും പറയരുത്.

പുകയില കാൻസറിനു കാരണമാകുമെന്ന് വമ്പിച്ച പ്രചരം നടത്തുന്നുണ്ട്. നല്ല കാര്യം. പക്ഷെ നിങ്ങൾ ഉപയോഗിക്കുന്ന പലമരുന്നുകളും കാൻസർ ഉണ്ടാക്കുമെന്ന് അറിയാമോ? അവയൊക്കെ പൊതിഞ്ഞുവരുന്ന കടലാസുകൾ പഠിക്കണം. റാപ്പറുകൾ. ‘ഇതു വെള്ളെലികളിൽ കാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്’, ‘ഇത് അപകടകരമായ ഒരു രാസസംയുക്തമാണു, ഡോക്ടറുടെ നിർദ്ദേശപ്രകാരം സൂക്ഷിച്ച് ഉപയോഗിക്കുക’, ‘ഗർഭിണികൾ കഴിക്കരുത്’ എന്നൊക്കെ കാണാം. ഡോക്റ്ററന്മാരോ ഫാർമസിസ്റ്റുകളോ ഡ്രഗ്ഗിസ്റ്റുകളോ ഇതൊന്നും ശ്രദ്ധിക്കാറില്ല. പിന്നെയാണോ രോഗികൾ? വെള്ളെലിയിൽ കാൻസർ ഉണ്ടാക്കുന്നതല്ലെ, നമ്മളെ ബാധിക്കില്ല എന്ന് മരുന്നു കഴിക്കുന്നവർക്ക് വേണമെങ്കിൽ വിചാരിക്കാം. നാം വെള്ളെലികൾ അല്ലല്ലോ. (യഥാർത്ഥത്തിൽ അതിനേക്കാൾ കഷ്ടമാണു നമ്മുടെ സ്ഥിതി. ഒരു മരുന്ന് പരീക്ഷണം കൊണ്ട് അവറ്റയുടെ ജന്മം അവസാനിക്കും. മനുഷ്യന്റെയോ? എന്തോരം മരുന്നാ മാർക്കറ്റിൽ!). കാശുണ്ടാക്കാനുള്ള തിരക്കിൽ മരുന്നിന്റെ രസതന്ത്രമൊന്നും നോക്കാൻ ഡോക്റ്ററന്മാർ മിനക്കെടാറില്ല. അല്ലെങ്കിൽ തന്നെ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോഴെ ആ പുസ്തകങ്ങളൊക്കെ കെട്ടിവച്ചതാണു. ഇനി ആരേക്കൊണ്ടാകും അതൊക്കെ മറിച്ചു നോക്കാൻ. ഇനി റെപ്പ് പറയുന്ന രസതന്ത്രമൊക്കേയുള്ളു. ജീവിക്കാൻ അത് മതി. പക്ഷെ നമുക്ക് ജീവിക്കാൻ അത് പോരാ. പുകയില കാൻസർ ഉണ്ടാക്കും എന്ന് വ്യാപകമായ പ്രചരണം നടത്തുന്നപോലെ മരുന്നുകൾ എന്തൊക്കെ ഉണ്ടാക്കും എന്നൊരു പ്രചരണം തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആ ബോധവൽക്കരണത്തിനൊടുവിൽ ലോകത്തിലെ കാൻസർ രോഗികളുടെ എണ്ണം പകുതിയായി കുറയുമെന്നാണു എന്റെ വിശ്വാസം. അതല്ലാ‍തെ മറ്റൊരു പോംവഴി എന്തെങ്കിലും ഉണ്ടോ എന്ന് അടുത്ത പോസ്റ്റിൽ...........