Sunday, April 29, 2018

രഹസ്യമായി നിങ്ങളെ പ്രേമിക്കുന്നതാ‍രാണു?


പുസ്തകത്തിൽ ഉണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണു സയൻസിന്റെ ഒരു രീ‍തി. ഏതു ബുദ്ധിമാനും അതിൽ വീണുപോകും. മനുഷ്യൻ ഉണ്ടായിട്ട് പതിനായിരം കൊല്ലമേ ആയിട്ടുള്ളു. ആഫ്രിക്കയിൽ നിന്നാണു തുടക്കം. കൃഷി  തുടങ്ങിയിട്ട് 6000 - 9000 വർഷമെ ആയിട്ടുള്ളു. ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം  എന്നു മൂന്ന് ചരിത്ര കാലമേയുള്ളു എന്നൊക്കെ സയ്യൻസ് എഴുതിപ്പിടിപ്പിച്ചു. അതു ആവർത്തിച്ചു പഠിപ്പിച്ചപ്പോൾ ഓരോ തലമുറയും അതു വിശ്വസിക്കുകയും ചെയ്തു. ഈ ആധുനികകാലത്തും സർവ്വേപോലും ചെയ്യാത്ത കോടിക്കണക്കിനു ഹെക്റ്റർ സ്ഥലങ്ങൾ ഭൂമിയിലുള്ളപ്പോഴാ‍ണു ഈ ഗീർവ്വാണങ്ങളൊക്കെ. ഇതൊക്കെ എങ്ങനെ വിശ്വസിക്കുന്നു. ?
കോഗ്നിറ്റീവ് കണ്ടീഷനിങ് ഉപയോഗിച്ചാണു സയൻസ് ഇതു സാധിക്കുന്നത്.
പ്രത്യക്ഷത്തിൽ യുക്തിയുണ്ടെന്നു തോന്നിക്കും. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നായിരിക്കും. അതിനെ പുസ്തകങ്ങളിൽ എഴുതിവച്ച് സത്യമാണെന്നു വിശ്വസിപ്പിക്കുക. അനുഭവമുണ്ടായാലും സയൻസിന്റെ യുക്തികളെ തള്ളിക്കളയാനാകാ‍ത്തവിധം തലച്ചോറിനെ പരുവപ്പെട്ടുത്തുക. ഇതാണു കോഗ്നിറ്റീവ് കണ്ടീഷണിങ്. മനുഷ്യ മസ്തിഷ്കത്തിൽ അതു ചെയ്യുന്ന ദോഷങ്ങൾ പ്രവചനാതീതമാണ്.
കച്ചവട മേഖലയിലെ മാർക്കെറ്റിങ്/പരസ്യ ജോലി ചെയ്യുന്നവർ കോഗ്നിറ്റീവ് കണ്ടീഷനിങ്ങ് ഉപയോ‍ഗാപ്പെടുത്താറുണ്ട്. ഉപഭോക്താക്കളെ വശീകരിക്കാൻ. അതുകൊണ്ടാണു ഏതെങ്കിലും കച്ചവടസ്ഥാപനം 100 ഓഡിക്കാർ കൊടുക്കുന്നുണ്ടെന്നു പറഞ്ഞാൽ നാം ചെന്നു ചരക്കുമേടിക്കുന്നത്.  ഉപഭോക്താക്കളിൽ അന്തർലീനിയമായ ആഡംബരത്വരയെ ദ്വോതിപ്പിച്ചാണു അവർ അതു സാധിക്കുന്നത്. ചില വ്യാപാരികൾ മനുഷ്യനിലെ സഹാനുഭൂതി, സ്നേഹം, ഗൃഹാതുരത്വം, ദുഖം തുടങ്ങിയ വികാരങ്ങളെ ഇതിനുപയോഗിക്കും. ബ്ലഡ് ബാങ്ക് തുടങ്ങാനാണെന്നു പറഞ്ഞ് നാട്ടിലൂടെയോടുമ്പോൾ തന്റെ കമ്പനിയുടെ  പരസ്യമാണു അയാൾ ലക്ഷ്യം വെക്കുന്നത്. പട്ടികളെ കൊല്ലണം എന്ന വിവാദവുമായി ഇറങ്ങിയാലും പമ്പു സെറ്റ് വിൽക്കാമെന്നവർക്കറിയാം. ചില മിടുക്കന്മാർ ഭാവിയിലേക്കുള്ള കച്ചവടത്തിനും ഇങ്ങനെ അടിത്തറയിടും. ഇപ്പോൾ അവയവദാനമാണു ട്രെൻഡ്.
കോഗ്നിറ്റീവ് കണ്ടീഷണിങ് വഴി പേടിയെ ഉണർത്തി കച്ചോടമുറപ്പിക്കുന്നവരുണ്ട്. സ്പെഷ്യാലിറ്റി ആശുപത്രികളും മരുന്നു, വാക്സിൻ കമ്പനികളുമൊക്കെ ചെയ്യുന്നത് അതാണു. സയൻസ് / ടെക്നോളജി / ആധുനികമെന്നൊക്കെ പറഞ്ഞ് അവർ ഭ്രമിപ്പിക്കും. അനുഭവത്തിനോ ചിന്തയ്ക്കോ ഇടം കൊടുക്കാതെ   തുടരെത്തുടരെ അവർ പ്രചാരണത്തിലേർപ്പെട്ടുകൊണ്ടിരിക്കും. സയൻസ് പുരോഗമിച്ചിട്ടും രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതെന്താണെന്നു ചോദിച്ചാൽ മസൂരി നിർമ്മാർജ്ജനത്തെക്കുറിച്ചാകും അവരുടെ മറുപടി. പിന്നെയുള്ളത് ഇല്ലാത്ത കണക്ക് ആവർത്തിക്കുക എന്നതാണു. ആയുസ്സിനെപ്പറ്റി അവർ പറയുന്നത് അങ്ങനെയാണു. ഒരു നൂറുകൊല്ലം മുൻപ് ആയുസ് രേഖപ്പെടുത്തുന്ന സംവിധാനം ഇല്ലായിരുന്നു. എന്നാലും സയൻസ് പക്ഷപാതികൾ പറയും അന്നത്തെ ആയുർദൈർഘ്യം 45 വയസായിരുന്നു എന്നു. ഇങ്ങനെയുള്ള​ നുണകൾ പ്രോസ്സസ്സ് ചെയ്ത് പതിരു തിരിക്കാൻ സമയം കൊടുക്കാത്തവിധം പരാമീറ്ററുകൾ മാറ്റിക്കളിച്ചാണു ആധുനിക മെഡിക്കൽ വ്യവസായം നിലനിൽക്കുന്നത്. ഏതു നുണയും അനേകതവണ ആവർത്തിച്ചാൽ അത് സത്യമാണെന്നു തോന്നിപ്പോകും. ഇതൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് എന്നാണു അവർ പറയുക. അതായതു അവർ ഫോളോ ചെയ്യുന്ന പുസ്തകത്തിലുണ്ടെന്നു. 

കോഗ്നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയമാക്കി കാശടിക്കുന്ന വേറൊരു വർഗ്ഗമാണു ആർക്കിടെക്റ്റുകൾ. വാസ്തുവാണു അവരുടെ ടൂൾ. ഇവരൊക്കെ പഠിച്ച സയൻസും വാസ്തുവും തമ്മിൽ എന്തു ബന്ധമെന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഭാരതീയതയും ടെക്നോളജിയും ചേർത്തു മനുഷ്യനെ പറ്റിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് സയൻസ് പഠിച്ചവരാണു എന്നതാണു വിരോധാഭാസം.

സയൻസ് പുസ്തകത്തിലുണ്ടെന്നു സയന്റിസ്റ്റുകൾ പറയുമ്പോൾ മതവും ആ വഴി തന്നെ തെരെഞ്ഞെടുത്തു. സയൻസ് പുസ്ത്കങ്ങൾ ഉണ്ടാകുന്നതിനു മുൻപേയുള്ള പുസ്തകങ്ങളിൽ ഉള്ളകാര്യമാണു തങ്ങൾ പറയുന്നതെന്നു മതങ്ങൾ പരസ്യം ചെയ്യുന്നു. സയൻസ് അനുഭവയോഗ്യമല്ലാതായിത്തീർന്നതോടെ മതത്തിനോട് മത്സരിക്കാനും കഴിയാതെയായി. മതം പറയുന്നതിലേക്കു ജനം ആകർഷിക്കപ്പെടുന്ന ഒരു കാലത്തിലാണു നാമിപ്പോൾ. കഴിഞ്ഞ നൂറ്റാണ്ട് സയൻസിന്റെയായിരുന്നെങ്കിൽ ഇപ്പോഴത് മതാന്ധവിശ്വാസങ്ങളുടേതായി. ലാഭക്കൊതിമൂത്തു സയൻസ് എടുത്തുചാടിപ്പോയതാണു കുഴപ്പമായത്.

Saturday, April 28, 2018

കോഴിക്കടകളും മൃഗബലിയും


1193 കുംഭത്തിലെ തിരുവോണം ഇന്നലെയായിരുന്നു. ചെമ്പട്ട് വിരിച്ച് വ്രതവിശുദ്ധിയോടെ കൊടുങ്ങല്ലൂരിൽ കോഴിക്കല്ല് മൂടി. ആചാരപ്രകാരം കോഴികളെ സമർപ്പിച്ചു. ഒരു പത്തൻപതു വർഷം മുൻപ് ഇതായിരുന്നില്ല രീതി. സമർപ്പിക്കുന്ന കോഴികളെ വെട്ടും. ഇന്നത് അനുവദിക്കില്ല. ജന്തുബലി നിരോധനത്തിന്റെ ഭാഗമായി അതു നിരോധിച്ചു. എന്നിട്ടും സമൂഹത്തിൽ ജന്തുബലി അവസാനിച്ചോ? ചുറ്റിലും നിറയെ ‘കോഴിക്കടകൾ’. ഇന്നിപ്പോൾ അമ്പലത്തിലൊഴികെ എല്ലായിടത്തും കോഴിവെട്ടാണു. ഭക്ഷണത്തിന്റെ പേരിൽ ആ ഹിംസയെ നിങ്ങൾ ന്യാ‍യീകരിക്കും. പക്ഷെ അതും ജന്തുബലി തന്നെ. മറ്റ് ഭക്ഷണം ലഭിക്കാതിരിക്കുമ്പോൾ മൃഗങ്ങളെ കൊന്നുതിന്നാൽ‌പ്പോരെ? ഇന്ത്യയിലിന്നു ഭക്ഷണസ‌മൃദ്ധിയുണ്ട്. പിന്നെ നാടൊട്ടുക്ക് ‘കോഴിവെട്ടിന്റെ ആവശ്യമുണ്ടോ?’.

കൊടുങ്ങല്ലൂരിൽ കോഴികളെ സമർപ്പിച്ചിരുന്നതും ബലിയർപ്പിച്ചിരുന്നതും കൃഷിയും മറ്റുപണികളും ചെയ്തിരുന്ന സാധാരണക്കാരായിരുന്നു. ബലിശേഷമായി കിട്ടിയിരുന്ന കോഴിയിറച്ചി അവർ അമൃതുപോലെ ഭക്ഷിച്ചു. ആണ്ടിലൊരിക്കലുള്ള ആഡംബരമാണത്. അതിനേ അവർക്കു കഴിയു. ഇന്നു നിങ്ങൾ എല്ലാദിവസവും കോഴിയെ തിന്നുന്നു. നിങ്ങളെപ്പോലെ അന്നവർക്കു അതിനു പാങ്ങില്ലായിരുന്നു. അവർ ആശപൂർത്തീകരിച്ചിരുന്നത് ആണ്ടിലൊരിക്കൽ ദേവിക്കു സമർപ്പിക്കുന്ന കോഴിയെ കഴിച്ചുകൊണ്ടാണു. ദേവീ പ്രീതിയെന്ന മനോബലം അവരെ രോഗങ്ങളിൽ നിന്നും ഒഴിച്ചു നിർത്തി. ഇന്നു നിങ്ങൾ ശാസ്ത്രീയമായി കോഴിയെക്കഴിച്ച് രോഗികളാകുന്നു.

മൃഗബലി നിരോധനം പുരോഗമനപരമായിരിക്കാം. പക്ഷെ അതു പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിനു നേർക്കുള്ള കയ്യേറ്റമായിപ്പോയി. നിങ്ങൾ നിങ്ങളുടെ മാത്രം നീതിവച്ചു എല്ലാം തീരുമാനിച്ചു. അവരെക്കേട്ടില്ല. എന്തൊരു അസഹിഷ്ണുതതയാണത്. തിരുവിതാംകൂറിൽ ‘ക്ഷേത്രപ്രവേശനം’ അനുവദിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്കു മുൻപേ ദളിതർക്കും, പിന്നാക്കക്കാർക്കും, നായന്മാർക്കുമൊക്കെ കൊടുങ്ങല്ലൂരിൽ പ്രവേശനമുണ്ടായിരുന്നു. വർഷത്തിൽ 27 ദിവസത്തെ പൂജകൾ നടത്തുന്നത് അവരാ‍ണു. അതിന്റെ ഭാഗമായി അവർ ആടുകയും, പാടുകയും, മാംസം ഭക്ഷിക്കുകയും ചെയ്തിട്ടുണ്ടാവും. അതിനെ മനുഷ്യസാധാരണമായി നിങ്ങൾ കണ്ടില്ല. ഇക്കാലത്തിരുന്നു ചിന്തിച്ച് മതമെന്നും പ്രാകൃതമെന്നുമൊക്കെ മുദ്രകുത്തി. നിരോധിച്ചു. പക്ഷെ ഒന്നോർക്കണം ഇന്നത്തേക്കാൾ ജാതിയും, മതവും, സംസ്കാരവും സങ്കുചിതമായ കാലത്താണു അവർക്കു ആ അവകാശമുണ്ടായിരുന്നത്! അതിന്റെ പിന്നിൽ ഒരു ലോജിക് ഉണ്ടാവില്ലെ? അവർ അന്നു ചെയ്തതൊക്കെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും, ഭക്ഷണസ്വാതന്ത്ര്യത്തിന്റെയും, പൊളിറ്റിക്കൽ കറക്റ്റനെസ്സിന്റെയുമൊക്കെ പേരിൽ ഇന്നു നിങ്ങൾ ചെയ്യുമ്പോൾ കുഴപ്പമില്ല. അതു വല്ലാത്ത ന്യായം?  അന്നു മനം നൊന്തവരുടെ പ്രാകിക്കാണും. അതാണു വെട്ടും തെറിയുമൊക്കെ ഇന്നു അമ്പലത്തിനു പുറത്തു വ്യാപകമായിരിക്കുന്നത്. ഒരു പക്ഷെ കൊടുങ്ങല്ലൂരിൽ പാരമ്പര്യം തുടരാൻ അനുവദിച്ചിരുന്നെങ്കിൽ സമൂഹം ഇത്ര മോശമാകുമായിരുന്നില്ല. ഇപ്പോൾ എല്ലാവർക്കും സന്തോഷമായിക്കാണുമല്ലോ.

Friday, April 6, 2018

ഒരൊറ്റമുണ്ടിന്റെ കഥ

കഴിഞ്ഞദിവസം ബാങ്കിൽ പോകാനൊരു ഒറ്റമുണ്ടാണു ഉടുത്തതു. മാനേജർക്കതു പിടിച്ചില്ലെന്നു തോന്നുന്നു. ഒരു വക്രിച്ച മുഖഭാവം. ആഗോളവൽക്കരണ കാലത്തെ കസ്റ്റമർ കെയർ പാഠങ്ങൾ ഹൃദിസ്ഥമായിരുന്നതു കൊണ്ടാവാം മാനേജർ സഹിച്ചു. കസ്റ്റമറയെ പീഡിപ്പിക്കാൻ വേറെ എത്രയോ മാർഗ്ഗങ്ങൾ ഉണ്ട്. അതുകൊണ്ടാവാം ‘വൃത്തിയായി വസ്ത്രം ധരിച്ചുകൊണ്ടു വന്നൂടേടോ‘ എന്നൊന്നും ചോദിച്ചില്ല! എന്നാലും അടുത്ത കോൺഫ്രൻസിൽ ഇതൊരു വിഷയമാകാനിടയുണ്ട്. ബാങ്കിൽ വരുന്നവർക്ക് ഒരു ഡ്രസ്സ്കോഡ് വേണമെന്നു ആവശ്യപ്പെട്ടാൽ അത്ഭുതപ്പെടാനില്ല.ലോകം ഇപ്പോൾ പുറം‌മോടിക്ക് അത്ര പ്രാധാന്യം കൊടുക്കുന്നുണ്ട്.

ഒറ്റമുണ്ടുകളേപ്പറ്റി ഓർക്കുമ്പോൾ എനിക്ക് അച്ഛനെയാണു ഓർമ്മ വരുന്നതു. ഗസറ്റഡ് റാങ്കുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. എങ്കിലും ഒറ്റമുണ്ടുടുത്താണു ഓഫീസിൽ പോയിരുന്നതു. നാലു പോക്കറ്റുള്ള ബുഷ് ഷർട്ടും. ഇടതു മുകളിലുള്ള പോക്കറ്റിൽ ഒരു തടിയൻ മഷിപ്പേന കുത്തിയിരിക്കും. വലതു പോക്കറ്റിൽ കുറച്ച് പണം. വലതുവശത്തു താഴെയുള്ള പോക്കറ്റിലാണു പണിയായുധം.  താഴെ ഇടതുവശത്തു ഒരു നോട്ട്പാഡ്. രണ്ടു നിറത്തിലുള്ള ബുഷ് ഷർട്ടേ അച്ഛൻ ഉപയോഗിച്ചിരുന്നുള്ളു. ഇളം നീലയും വെണ്ണയും നിറത്തിലുള്ളവ. അച്ഛന്റെ മേലുദ്യോഗസ്ഥനു ഒരു ധ്വരയുടെ മട്ടാണു. അമേരിക്കയിലൊക്കെ പോയി പഠിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹവും വ്യത്യസ്ഥതയുള്ള വസ്ത്രങ്ങളൊന്നും ധരിക്കാറില്ല. കോഫി ബ്രൌൺ, അല്ലെങ്കിൽ കറുപ്പ്, പാന്റ്സും ഇളം നിറത്തിലുള്ള ടെർലിൻ ഷർട്ടുകളും. ടെർലിന്റെ മണമാസ്വദിക്കാൻ ചിലപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുമായിരുന്നു. അദ്ദേഹത്തെ ഓർമ്മിക്കുമ്പോഴെല്ലാം ആ ഇളംനീല നിറവും മണവും ഓർമ്മ വരും.

ധ്വരയെപ്പോലെയായിരുന്നെങ്കിലും മേലുദ്യോഗസ്ഥനു അച്ഛന്റെ ഒറ്റമുണ്ടിനോട് ഒരു വൈക്ലബ്യവും ഉണ്ടായിരുന്നില്ല. തൊഴിലിന്റെ ഭാഗമായി പാന്റ്സ് ഇടണമെന്നു വേണമെങ്കിൽ നിർബ്ബന്ധിക്കാമായിരുന്നു. അച്ചടക്കത്തിനു പേരുകേട്ട ആ ഉദ്യോഗസ്ഥൻ ഒരിക്കലും അതാവശ്യപ്പെട്ടില്ല. എന്നുമാത്രമല്ല ഒറ്റമുണ്ട് ഉടുത്തിരുന്നതു കൊണ്ട് ഒരു സൌഹാർദ്ദക്കുറവും കാണിച്ചതുമില്ല.

അച്ഛനെപ്പോലെ മുണ്ട് ഉടുത്തിരുന്നതു എന്റെ മൂത്ത ജ്യേഷ്ഠൻ മാത്രമായിരുന്നു. ഖദർ മുണ്ടും ഷർട്ടും. അതാണല്ലോ കോൺഗ്രസുകാരുടെ ഡ്രസ്സ് കോഡ്! ഈ ഖദർമുണ്ട് ഒരിക്കൽ ഒരു വലിയ തമാശയുണ്ടാക്കിയിട്ടുണ്ട്. ഒരിക്കൽ കെ.പി.ഉണ്ണിക്കൃഷ്ണനെ ഞങ്ങളുടെ നാട്ടിൽ ഒരു യോഗത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നു. സഫാരി സ്യൂ‍ട്ടിലാണ് അദ്ദേഹം അവതരിച്ചത്. അങ്ങനെ സ്റ്റേജിൽ കേറ്റാൻ കോൺഗ്രസ്സുകാർ തയ്യാറാവില്ലല്ലോ‍. അതുകൊണ്ട് ഉണ്ണികൃഷ്ണനെ മുണ്ടിലവതരിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഒരു ഖദർമുണ്ട് ചുറ്റി നോക്കി. കുഴപ്പമില്ല. പക്ഷെ ഒരടിവച്ചാൽ മുണ്ടിന്റെ ഇരുപാളികളും അകന്നുപോകും. അങ്ങനെ നേതാവിനെ സ്റ്റേജുവരെ നടത്തിക്കൊണ്ടുപോകാനുള്ള ധൈര്യം നേതാക്കന്മാർക്കുണ്ടാ‍യില്ല. പിന്നെയൊന്നും ആലോചിച്ചില്ല ചേട്ടൻ ആളെവിട്ട് അടുത്തുള്ള തുണിക്കടയിൽ നിന്നു മൂന്നുമീറ്റർ മല്ലു വാങ്ങിപ്പിച്ചു. അതു കെ.പിയെ ചുറ്റി. ഉണ്ണിക്കൃഷ്ണനു ആത്മവിശ്വാസം. പാർട്ടിപ്രവർത്തകർക്ക് ആശ്വാസം!

ഇനി, ഞാൻ മുണ്ടുടുക്കാൻ തുടങ്ങിയ കഥ. അത് പിന്നൊരിക്കൽ........