Friday, April 6, 2018

ഒരൊറ്റമുണ്ടിന്റെ കഥ

കഴിഞ്ഞദിവസം ബാങ്കിൽ പോകാനൊരു ഒറ്റമുണ്ടാണു ഉടുത്തതു. മാനേജർക്കതു പിടിച്ചില്ലെന്നു തോന്നുന്നു. ഒരു വക്രിച്ച മുഖഭാവം. ആഗോളവൽക്കരണ കാലത്തെ കസ്റ്റമർ കെയർ പാഠങ്ങൾ ഹൃദിസ്ഥമായിരുന്നതു കൊണ്ടാവാം മാനേജർ സഹിച്ചു. കസ്റ്റമറയെ പീഡിപ്പിക്കാൻ വേറെ എത്രയോ മാർഗ്ഗങ്ങൾ ഉണ്ട്. അതുകൊണ്ടാവാം ‘വൃത്തിയായി വസ്ത്രം ധരിച്ചുകൊണ്ടു വന്നൂടേടോ‘ എന്നൊന്നും ചോദിച്ചില്ല! എന്നാലും അടുത്ത കോൺഫ്രൻസിൽ ഇതൊരു വിഷയമാകാനിടയുണ്ട്. ബാങ്കിൽ വരുന്നവർക്ക് ഒരു ഡ്രസ്സ്കോഡ് വേണമെന്നു ആവശ്യപ്പെട്ടാൽ അത്ഭുതപ്പെടാനില്ല.ലോകം ഇപ്പോൾ പുറം‌മോടിക്ക് അത്ര പ്രാധാന്യം കൊടുക്കുന്നുണ്ട്.

ഒറ്റമുണ്ടുകളേപ്പറ്റി ഓർക്കുമ്പോൾ എനിക്ക് അച്ഛനെയാണു ഓർമ്മ വരുന്നതു. ഗസറ്റഡ് റാങ്കുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. എങ്കിലും ഒറ്റമുണ്ടുടുത്താണു ഓഫീസിൽ പോയിരുന്നതു. നാലു പോക്കറ്റുള്ള ബുഷ് ഷർട്ടും. ഇടതു മുകളിലുള്ള പോക്കറ്റിൽ ഒരു തടിയൻ മഷിപ്പേന കുത്തിയിരിക്കും. വലതു പോക്കറ്റിൽ കുറച്ച് പണം. വലതുവശത്തു താഴെയുള്ള പോക്കറ്റിലാണു പണിയായുധം.  താഴെ ഇടതുവശത്തു ഒരു നോട്ട്പാഡ്. രണ്ടു നിറത്തിലുള്ള ബുഷ് ഷർട്ടേ അച്ഛൻ ഉപയോഗിച്ചിരുന്നുള്ളു. ഇളം നീലയും വെണ്ണയും നിറത്തിലുള്ളവ. അച്ഛന്റെ മേലുദ്യോഗസ്ഥനു ഒരു ധ്വരയുടെ മട്ടാണു. അമേരിക്കയിലൊക്കെ പോയി പഠിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹവും വ്യത്യസ്ഥതയുള്ള വസ്ത്രങ്ങളൊന്നും ധരിക്കാറില്ല. കോഫി ബ്രൌൺ, അല്ലെങ്കിൽ കറുപ്പ്, പാന്റ്സും ഇളം നിറത്തിലുള്ള ടെർലിൻ ഷർട്ടുകളും. ടെർലിന്റെ മണമാസ്വദിക്കാൻ ചിലപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുമായിരുന്നു. അദ്ദേഹത്തെ ഓർമ്മിക്കുമ്പോഴെല്ലാം ആ ഇളംനീല നിറവും മണവും ഓർമ്മ വരും.

ധ്വരയെപ്പോലെയായിരുന്നെങ്കിലും മേലുദ്യോഗസ്ഥനു അച്ഛന്റെ ഒറ്റമുണ്ടിനോട് ഒരു വൈക്ലബ്യവും ഉണ്ടായിരുന്നില്ല. തൊഴിലിന്റെ ഭാഗമായി പാന്റ്സ് ഇടണമെന്നു വേണമെങ്കിൽ നിർബ്ബന്ധിക്കാമായിരുന്നു. അച്ചടക്കത്തിനു പേരുകേട്ട ആ ഉദ്യോഗസ്ഥൻ ഒരിക്കലും അതാവശ്യപ്പെട്ടില്ല. എന്നുമാത്രമല്ല ഒറ്റമുണ്ട് ഉടുത്തിരുന്നതു കൊണ്ട് ഒരു സൌഹാർദ്ദക്കുറവും കാണിച്ചതുമില്ല.

അച്ഛനെപ്പോലെ മുണ്ട് ഉടുത്തിരുന്നതു എന്റെ മൂത്ത ജ്യേഷ്ഠൻ മാത്രമായിരുന്നു. ഖദർ മുണ്ടും ഷർട്ടും. അതാണല്ലോ കോൺഗ്രസുകാരുടെ ഡ്രസ്സ് കോഡ്! ഈ ഖദർമുണ്ട് ഒരിക്കൽ ഒരു വലിയ തമാശയുണ്ടാക്കിയിട്ടുണ്ട്. ഒരിക്കൽ കെ.പി.ഉണ്ണിക്കൃഷ്ണനെ ഞങ്ങളുടെ നാട്ടിൽ ഒരു യോഗത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നു. സഫാരി സ്യൂ‍ട്ടിലാണ് അദ്ദേഹം അവതരിച്ചത്. അങ്ങനെ സ്റ്റേജിൽ കേറ്റാൻ കോൺഗ്രസ്സുകാർ തയ്യാറാവില്ലല്ലോ‍. അതുകൊണ്ട് ഉണ്ണികൃഷ്ണനെ മുണ്ടിലവതരിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഒരു ഖദർമുണ്ട് ചുറ്റി നോക്കി. കുഴപ്പമില്ല. പക്ഷെ ഒരടിവച്ചാൽ മുണ്ടിന്റെ ഇരുപാളികളും അകന്നുപോകും. അങ്ങനെ നേതാവിനെ സ്റ്റേജുവരെ നടത്തിക്കൊണ്ടുപോകാനുള്ള ധൈര്യം നേതാക്കന്മാർക്കുണ്ടാ‍യില്ല. പിന്നെയൊന്നും ആലോചിച്ചില്ല ചേട്ടൻ ആളെവിട്ട് അടുത്തുള്ള തുണിക്കടയിൽ നിന്നു മൂന്നുമീറ്റർ മല്ലു വാങ്ങിപ്പിച്ചു. അതു കെ.പിയെ ചുറ്റി. ഉണ്ണിക്കൃഷ്ണനു ആത്മവിശ്വാസം. പാർട്ടിപ്രവർത്തകർക്ക് ആശ്വാസം!

ഇനി, ഞാൻ മുണ്ടുടുക്കാൻ തുടങ്ങിയ കഥ. അത് പിന്നൊരിക്കൽ........Saturday, May 30, 2015

ഒരുനാൾ അവർ വരും. നാടുകളേയും നഗരങ്ങളേയും വളയും..............

ഒരു മലയണ്ണാനെ കാട്ടിൽ തിരികെ കൊണ്ടുവിട്ട വാർത്ത ഇന്നു പത്രത്തിലുണ്ട്.
കഴിഞ്ഞ കുറേനാളുകളായി ഇതുപോലുള്ള വാർത്തകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. മുൻപ് വയനാട്ടിൽ ഒരു പുലിയിറങ്ങി. ഹതഭാഗ്യനായിരുന്നു അയാൾ. പുലിയുടെ മൃഗാവകാശമൊന്നും നോക്കാതെ മനുഷ്യർ അതിനെ വെടിവച്ചു കൊന്നു. അതിനു പറഞ്ഞ ന്യായം ജെണ്ടകെട്ടിത്തിരിച്ച കാടുകളാണു പുലിക്കു പതിച്ചുകൊടുത്തിരിക്കുന്നതു എന്നാണു. സർവ്വേ നമ്പരും, തണ്ടപ്പേരും പിടിച്ച് അവറ്റ അവിടെ കഴിഞ്ഞോണം. പുറത്തുവന്നാൽ വെടിവക്കും. പക്ഷെ നാം ഒരു കാര്യം ഓർക്കണം, അങ്ങനെ കഴിയുകയായിരുന്ന കാലത്താണു മനുഷ്യൻ പേടിച്ച് അവയെ കൊന്നുകളയുകയും അവയുടെ ആവാസവ്യവസ്ഥ പിടിച്ചെടുക്കുകയും ചെയ്തതു. അന്നതു ഉൾക്കാട്ടിലേക്ക് പിൻ‌വാങ്ങി. ഇപ്പോൾ അന്നു ചത്ത മൃഗങ്ങളുടെ അനന്തരതലമുറയാണോ നാടെറങ്ങുന്നതെന്നു ആർക്കറിയാം. അങ്ങനെയാണെങ്കിൽ അതിൽ നാം പരിഭവിക്കണോ? പണ്ട് അവയെ നാം കൊന്നു. ഇന്നു ചിലപ്പോൾ അവറ്റകൾ നമ്മെ കൊന്നേക്കാം. അതു പ്രകൃതിനിയമമാണു.
പുലി മാത്രമല്ല മനുഷ്യനെ ഇപ്പോൾ ഭയപ്പെടുത്തുന്നതു. കഴിഞ്ഞയൊരു ദിവസം ആന മനുഷ്യന്റെ ഹൈവേയിൽ ഒരു മര്യാദയുമില്ലാതെ പ്രസവിച്ചു കളഞ്ഞു. വലിയൊരു കാട്ടാനക്കൂട്ടം അതിനു കാവൽ നിന്നു. മറുപിള്ള പോകാൻ ആറുമണിക്കൂറെടുത്തു. അതു കഴിഞ്ഞാണു ആന എഴുന്നേറ്റു പോയതു. ഹൈവേ ബ്ലോക്കായപ്പോൾ അസ്വസ്ഥരായ മനുഷ്യർ പറഞ്ഞു “എത്ര സമയമാണു വെറുതെ പോയത്” എന്നു. പക്ഷെ മനുഷ്യൻ, വിരണ്ടു... കീഴടങ്ങി.
കാട്ടുപോത്തുകളും, കാട്ടുപന്നികളും മനുഷ്യനെ വിരട്ടാൻ തുടങ്ങിയിട്ടുണ്ട്. അവയുടെ എണ്ണം പെരുകി. മലയോരമേഖലകളിൽ കൃഷി നശിപ്പിക്കുന്നു. ഇവയേയൊന്നും എതിരിടാൻ മനുഷ്യനിപ്പോൾ ധൈര്യമോ, സ്റ്റാമിനയോ ഇല്ല. വനം വകുപ്പ് സഹായിക്കുകയുമില്ല. കേരളത്തിൽ ഗുണപരമായി മാറ്റം വന്ന ഏക വകുപ്പാണു വനം. അതിനു നാമവരെ അഭിനന്ദിക്കണം. സർക്കാർ വകുപ്പാണെങ്കിലും ഉദ്യോഗസ്ഥർ പ്രകൃതിയേ സ്നേഹിക്കുന്നു. രാഷ്ട്രീയ്ക്കാർക്കും, മേലുദ്യോഗസ്ഥർക്കും മുകളിലായി ഒരു പ്രകൃതി ശക്തി അവരിൽ പ്രവർത്തിക്കുന്നുണ്ടാകും.
ഭയം നീങ്ങിയതോടെ കാട്ടുമൃഗങ്ങൾ നാടിറങ്ങിത്തുടങ്ങി. ഇപ്പോഴുള്ള അവയുടെ ഈ യാത്രകൾ നഷ്ടമായ അവയുടെ ആവാസ-ഗോത്ര-വ്യവസ്ഥകൾ തേടിയുള്ളതായിരിക്കണം. വിശന്നിട്ടാണു, കുപ്പിമേടിക്കാനാണെന്നൊക്കെ ഈ ഉഡായിപ്പ് ശാസ്ത്രജ്ഞന്മാർ പറയുന്നതു വിശ്വസിക്കണ്ട. അവരുടെ പുലിയെല്ലാം പുസ്തകത്തിലേയുള്ളു.
മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾ എല്ലാം അവയുടെ ആന്തരിക പ്രചോദനത്തിലാണു ജീവിക്കുന്നതു. എന്തു തിന്നണം, എവിടെപ്പോകണം, ലഗിൻസ് കണ്ടാൽ നേരമ്പോക്കാക്കണോ എന്നൊക്കെ അവയ്ക്ക് ഉള്ളിൽ നിന്നും വരും. മനുഷ്യനു അങ്ങനെയല്ല. അവൻ ജീവിക്കുന്നതു ഈഗോയിലാണു. അതു കപടമാണു. മനുഷ്യൻ എന്തു തിന്നണമെന്നു കെന്റക്കിയും നെസ്ലേയുമൊക്കെ നിശ്ചയിക്കും. എന്തു ധരിക്കണമെന്നു കല്യാണരാമനായിരിക്കും. പരസ്യങ്ങളാണു അവന്റെ ചോദനകളെ നിർണ്ണയിക്കുന്നതു. അതു കൃത്രിമവുമാണു. ചുറ്റുപാടുകളോട് ചേർന്നു അവനവനെ വഞ്ചിച്ചുകൊണ്ടാണു ഇന്നു മനുഷ്യൻ ജീവിക്കുന്നതു. ആധുനിക മനുഷ്യൻ ജീവനുള്ള ഒരു ജന്തുവേയല്ല!
എന്നാൽ ആന്തരചോദനകൾ ഉള്ള മൃഗങ്ങൾക്ക് എന്തു ചെയ്യണമെന്നറിയാം. അവയ്ക്കുള്ളിൽ ഒരു സർഗ്ഗാത്മകതയുണ്ട്. വയനാട്ടിലെ പാവം പുലി അബദ്ധത്തിൽ നാടെറങ്ങിയതാണെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. അതിന്റെ ബ്രയിൽ മാപ്പിൽ കണ്ട അതിരുകൾ തേടിയിറങ്ങിയതാവണം. അവിടമിപ്പോൾ നാടായിപ്പോയെന്നു മാത്രം. അതിന്റെ പേരിൽ അതിനു രക്തസാക്ഷിയുമകേണ്ടി വന്നു. അതിനിനിയും തലമുറകൾ ഉണ്ടാകും. അവ ബുദ്ധിപൂർവ്വകമായ നീക്കത്തിലൂടെ തങ്ങളുടെ പൂർവ്വികരുടെ നാട് പിടിച്ചെടുക്കും. ഒന്നുകിൽ പലയാനം. അല്ലെങ്കിൽ പ്രകൃതിയോട് ഇണങ്ങിയ ജീവിതം. മനുഷ്യനു ഇനി അതേയുള്ളു ചോയ്സ്! പുലി മാത്രമല്ല, ആനയും, കാട്ടിയും, പാമ്പും, മലയണ്ണാനും, കുരങ്ങനുമൊക്കെ ആ വിപ്ലവത്തിനു പങ്കാളികൾ ആകുന്നുണ്ട്. അവർ QUIT WILD AREA എന്നു പറയുന്നതിനു മുൻപ് അവരുമായി നമുക്കൊരു സന്ധി സംഭാഷണമായിക്കൂടെ?

Monday, May 25, 2015

രോഗികളുടെ അനുഭവ സാക്ഷ്യങ്ങൾ വിശ്വസിക്കണോ?

ഏതെങ്കിലും വിദഗ്ദന്റെയടുത്തോ, സൂപ്പർ സ്പെഷാലിറ്റിയിലോ പോയി കാശെല്ലാം അവർ മേടിച്ചുകഴിഞ്ഞാൽ പിന്നെ രോഗിയെ തണ്ടേൽ എടുത്തു വീട്ടിൽ കൊണ്ടുവന്നു കിടത്തും. ഡോക്ടർ ഒരു തീയതി പറഞ്ഞിട്ടുണ്ടാകും, ചാകാൻ. അതറിഞ്ഞ് അവരെ കാണാനെത്തുന്ന ആരെങ്കിലും വല്ല പച്ചിലയോ, പടത്തിക്കായോ കൊടുത്തു ചിലരെങ്കിലും പിന്നീട് രക്ഷപ്പെടാറുണ്ട്. ലാടത്തിലോ, നാട്ടുവൈദ്യത്തിലോ, ഗൃഹവൈദ്യത്തിലോ ഉള്ള എന്തെങ്കിലും അറിവായിരിക്കും അങ്ങനെ പ്രവർത്തിക്കുന്നതു. ഇന്നു കേരളത്തിൽ അങ്ങനെ രക്ഷപ്പെടുന്ന അനേകരുണ്ട്. കാശുപോകത്തുമില്ല. ജീവൻ തിരിച്ചു കിട്ടുകയും ചെയ്യും.
ഇത്തരം അനുഭവമുള്ളവരിൽ ഉന്നതരായ രാഷ്ട്രീയക്കാരും, ഐ.എ.എസ്സ്/ഐ.പി.എസ്, എഞ്ജിനിയർ, ഡോക്ടർ, വ്യവസായികൾ, വ്യാപാരികൾ തുടങ്ങി പാടത്തു പണിയെടുക്കുന്നവരും പാട്ടപെറുക്കുന്നവരും വരെയുണ്ട്. ഉന്നതരും പാവപ്പെട്ടവരും രോഗം ഭേദമായിക്കഴിഞ്ഞാൽ അവരുടെ പാടുനോക്കിപ്പോകും. ജീവിതം തിരിച്ചു കിട്ടിയല്ലോ. അതു മതി! കടി മുഴുവൻ മറ്റേവർഗ്ഗത്തിനാണു. ഇടത്തട്ടുകാരനു. അവനു എല്ലാവരേയും നന്നാക്കിയേ അടങ്ങു. അവരിൽ ഭൂരിഭാഗവും ഗുമസ്തന്മാരായിരിക്കും. ടെക്കനിക്കലോ മിനിസ്റ്റീരിയലോ. അതിന്റെ ചൊറിച്ചിലാണതു. അവർക്കിതു പത്തുപേരോട് പറഞ്ഞില്ലെങ്കിൽ സുഹമാകത്തില്ല.
ഇതിനവർ ചെയ്യുന്നതു ചാനലുകളുടേയും, പത്രങ്ങളുടേയും ലൈനറന്മാരെ പിടിക്കുകയാണു. അവർക്കാണെങ്കിൽ സെക്കന്റിനും സെന്റീമീറ്ററിനുമാണു പ്രതിഫലം. അതുകൊണ്ടുതന്നെ അതിനെ വാർത്തയാക്കിക്കൊടുക്കാൻ ഉത്സാഹമാണു. ചികിത്സയുടെ റിക്കാർഡെല്ലാം എടുത്തു ഹെഡ്ഡാപ്പീസിലേക്ക് അയക്കും. അതിൽ ചത്തുതള്ളിയതിന്റെ സൂപ്പർ സ്പെഷാലിറ്റി റിപ്പോർട്ടും, പിന്നീട് ഗോമൂത്രമോ, ഞവരയരിയോ കഴിച്ച് ഭേദമായപ്പോൾ മറ്റൊരിടത്തു നിന്നെടുത്ത റിപ്പോർട്ടും കാണും. അതു കിട്ടിയാലുടൻ മാദ്ധ്യമക്കമ്പനിയുടെ ഫൈനാൻസ് മാനേജർ ഫോണെടുത്തു കുത്തി സൂപ്പർ സ്പെഷാലിറ്റിയുടെ അഡ്മിനിസ്ട്രേറ്ററെ വിളിക്കും. ഇങ്ങനെയൊരു സംഭവം എത്തിയിട്ടുണ്ടെന്നറിയിക്കും. സംഗതി സത്യമായിരിക്കുമെന്നു ആശുപത്രിക്കാർക്കുമറിയാം. അവർ ചെയ്യുന്നതു ചികിത്സയല്ലല്ലോ. അതിലൊന്നും രോഗി മനുഷ്യനല്ലല്ലോ. വെറും കേസുകെട്ടു മാത്രമല്ലെ. അവർ ചികിത്സിക്കുകയല്ലല്ലോ ചെയ്യുന്നതു. മരുന്നു വില്പനയും, സാങ്കേതികസേവനങ്ങൾക്ക് ഫീസുവാങ്ങലുമല്ലെ. ആരോഗ്യപരിരക്ഷയല്ല, ആരോഗ്യവ്യവസായമാണു അവരുടെ ലക്ഷ്യം. അതുകൊണ്ട് ഇങ്ങനെയൊരു വാർത്ത എയറിൽ പോകുന്നതു അപകടമാകുമെന്നവർക്കറിയാം. പിന്നെ എത്ര തുകയ്ക്കതു സെറ്റിൽ ചെയ്യാമെന്നായിരിക്കും ചോദ്യം. അങ്ങനെ അതു കോമ്പ്ലിമെന്റ്സാക്കും.
എങ്കിലും ഇതുപോലുള്ള കേസുകൾ ഇനിയും കിട്ടണമെല്ലോ എന്നു വിചാരിച്ച് മാദ്ധ്യമങ്ങൾ വാർത്ത കൊടുക്കും. കൂടുതൽ വാർത്തകൾ വന്നാലെ കൂടുതൽ ബാർഗെയിൻ ചെയ്യാൻ പറ്റു. പക്ഷെ അവർ നന്ദികേട് കാണിക്കുകേല. ആശുപത്രിയുടെ പേരു വാർത്തയിലോ പരിപാടിയിലോ സൂചിപ്പിക്കില്ല. പിന്നെ അസുഖം ഭേദമായതു ചാ‍ച്ചപ്പനോ ചിരുതക്കുട്ടിയോ മരുന്നു കൊടുത്തിട്ടാണെന്നും പറയിക്കില്ല. അങ്ങനെ പറഞ്ഞാൽ അതിനൊരു പഞ്ച് കിട്ടുകേല എന്നാണു അവരുടെ ന്യായം. അതിനു മാദ്ധ്യമങ്ങളുടെ ലിസ്റ്റിൽ പേരുള്ള ചില വൈദ്യർ, ഹോമിയോപാത്, പ്രകൃതിചികിത്സകരും അവരുടെ സ്ഥാപനങ്ങളുമുണ്ട്. ആ പേരു പറയണം. അതിലുമുണ്ടൊരു ബിസിനസ്സ്. ഇതൊക്കെ സമാന്തരന്മാർക്കുള്ള പ്രചരണമാണു. അതിനു കാശു വേറെ കിട്ടും. മോഡേൺ മെഡിസിനായാലും, ലാടചികിത്സയായാലും സ്ഥാപനവൽക്കരിച്ച ചികിത്സയിലൂടെയേ ഫലം കിട്ടു എന്നൊരു സന്ദേശം പ്രചരിപ്പിക്കാൻ കൂടി വേണ്ടിയാണിതു. എല്ലാവരും അടിസ്ഥാനപരമായി കച്ചവടക്കാരാണല്ലോ. മദ്ധ്യവർഗ്ഗത്തിനു ഇതൊന്നും പ്രശ്നമല്ല. അവനു അവന്റെ അളിഞ്ഞമോന്ത ഒന്നു ചാനലിലോ, പത്രത്തിൽ പേരോ വന്നു കണ്ടാൽ മതി. അതിനു രാമൻ കുട്ടി പറഞ്ഞു തന്ന മരുന്നായാലും ഡോ.കേശവൻ കുട്ടി പറഞ്ഞാതാണെന്നു പറഞ്ഞോളും.
ഇങ്ങനെ ചാനലിലൊക്കെ പ്രത്യക്ഷപ്പെടുന്നവർ പക്ഷെ സൂക്ഷിക്കണം. ആശുപത്രി മാഫിയ ഉടൻ രംഗത്തിറങ്ങും. ഇതു തിരിച്ചു തെളിയിക്കേണ്ടതു അവരുടെ ബിസിനസ്സിനു ആവശ്യമാണു. അതിനു, അവർ ആൾക്കാരെ ഇറക്കും. അതു പുരോഹിതന്റെയോ ബ്രഹ്മചാരിയുടേയോ രൂപത്തിലായിരിക്കും അവതരിക്കുക. അവർ വന്നു അസുഖം മാറിയതിൽ അഭിനന്ദിക്കുന്നിടത്തായിരിക്കും തുടക്കം. അതിനിടയിലൊരു ചൂണ്ടയിടും. “അസുഖം എന്തായാലും ഭേദമായല്ലോ. നാട്ടുവൈദ്യമൊക്കെയല്ലെ കഴിച്ചതു. അതിലെല്ലാം ഒരുപാട് ഹെവിമെറ്റത്സ് കാണും. അതിന്റെ സൈഡ് ഇഫക്റ്റ് ഒന്നു പരിശോധിപ്പിക്കുന്നതു കൊള്ളാം” ആയുസ്സു തിരിച്ചു കിട്ടിയവന്റെ ചങ്കു കാളും. “പേടിക്കണ്ട, അതിനു നമ്മുടെ ആശുപത്രിയിലോട്ടു ചെന്നോ. കാശൊന്നും കൊടുക്കണ്ട. ഞാൻ പറഞ്ഞേക്കാം” പോണോ, വേണ്ടായോ എന്നു രോഗവിമുക്തൻ കുറച്ചു ദിവസം ആലോചിക്കും. ഇതിനിടയിൽ ബന്ധുക്കൾ, സുഹൃത്തുക്കൾ, ഭജനസംഘം തുടങ്ങിയ മറ്റു ഉത്സാഹക്കമ്മിറ്റിക്കാരും രംഗത്തെത്തും. “ഒന്നു, പോയി നോക്കെന്നെ. ചെലവൊന്നുമില്ലല്ലൊ“. ഒടുവിൽ ആൾ വഴങ്ങും. പിന്നെയാണു ചീട്ടു തിരിഞ്ഞുവീഴുന്നതു. ആദ്യം കണ്ടുപിടിച്ച രോഗമില്ല. പക്ഷെ മറ്റൊരു ഭീകരരോഗം ഉടലെടുത്തിരിക്കുന്നു. അതിനു കാരണം നാട്ടുചികിത്സയാണു. എന്നമട്ടിലാണു പിന്നത്തെ മാനേജുമെന്റ്. മുൻപ് ഇതുപോലെ പറഞ്ഞിട്ട് ചികിത്സ ചെയ്താണു തണ്ടേൽ വീട്ടിൽ കൊണ്ടുവരേണ്ടി വന്നതെന്നു അപ്പോൾ ഓർക്കില്ല. എല്ലാവരും കൂടി നിർബ്ബന്ധിക്കുമ്പോൾ വീണ്ടും ആശുപത്രി ചികിത്സ തുടങ്ങും. ഇത്തവണ രോഗി രക്ഷപ്പെടില്ല. ചാകും. ഉടൻ തന്നെ അതു മറ്റൊരു വാർത്തയാകും. വ്യവസ്ഥാപിതമല്ലാത്ത ചികിത്സതേടി ആളുകൾ ചത്തൊടുങ്ങുന്നു.....ഇവരൊന്നും ആരേയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല. അവർക്ക് അതു ചെയ്തേ പറ്റൂ. അത്വരുടെ ബിസിനസ്സാണു.
അതുകൊണ്ട് ഇങ്ങനെയൊക്കെ സമാന്തരമായി എന്തെങ്കിലുമൊക്കെ ചെയ്തു ജിവിതം തിരിച്ചുകിട്ടിയവർ കഴിവതും മിണ്ടാതെ ഒരിടത്തു അടങ്ങിയിരുന്നു ശിഷ്ടജീവിതം സ്വസ്ഥമായി കഴിച്ചുകൂട്ടണം. നിങ്ങളുടെ സാക്ഷ്യം പറച്ചിലൊന്നും മെഡിക്കൽ രംഗത്തെ കൊള്ളരുതായ്മകൾ ഇല്ലാതാക്കാൻ പോകുന്നില്ല. ഇത്തരം ചികിത്സകളൊക്കെ മറ്റൊരു നിവർത്തിയുമില്ലാഞ്ഞിട്ടാണു ആളുകൾ ചെയ്യുന്നതു. അതിനു ഇത്രയും പ്രചാരമൊക്കെ മതി. ആവശ്യക്കാർ അതുള്ളിടത്തു ചെന്നു കണ്ടുപിടിച്ചുകൊള്ളും. നിങ്ങളുടെ സഹായമൊന്നും വേണ്ട.
ഇനി, മറ്റുള്ളവരേ ഇതൊക്കെ അറിയിച്ച് ആരോഗരംഗത്തു വിപ്ലവകരമായ ഒരു മാറ്റമുണ്ടാക്കാനാണു ഉദ്ദേശിക്കുന്നതെങ്കിൽ അതിനു വ്യവസ്ഥാപിത മാദ്ധ്യമങ്ങളെ സമീപിക്കരുതു. ഈ സോഷ്യൽ നെറ്റ്‌വർക്കിലൊക്കെ നിങ്ങൾക്ക് അതിനു വേണ്ടത്ര സ്ഥലമുണ്ടല്ലോ. എല്ലാ വിവരങ്ങളും ഇടാം. അതിന്റെ രേഖകൾ അറ്റാച്ചു ചെയ്യാം. നിർദ്ദേശങ്ങളും, ദിശയും പറഞ്ഞുകൊടുക്കാം. അതിലൊക്കെ നിങ്ങളുടെയും, നിങ്ങളെ ചികിത്സിച്ചു കുളമാക്കിയ സ്ഥാപനങ്ങളുടേയും ഐഡന്റിയൊക്കെ മറച്ചുവച്ച് വച്ചാൽ ആശുപത്രി മാഫിയാകളുടെ വിരോധത്തിൽ നിന്നു ഒഴിഞ്ഞുനിൽക്കുകയും ചെയ്യാം. പക്ഷെ അപ്പോൾ നിങ്ങൾക്ക് വിപ്ലവം നടത്തി എന്നു തോന്നിയെന്നു വരില്ല. മോന്തയും, പേരും കൊണ്ടുകിട്ടുന്ന പ്രശസ്തിയും ലഭിക്കില്ല. പക്ഷെ മെഡിക്കൽ രംഗം പുനർവിചിന്തനത്തിനു വിധേയമാകും. അതുപോരെ?

ആരോഗ്യരംഗത്തു ആയുർവ്വേദം എന്തു ചെയ്തു?

കേരളത്തിലെ ആരോഗ്യരംഗത്തു ആയുർവ്വേദാചാര്യന്മാർ എന്തോ അട്ടിമറി നടത്തിയപോലുള്ള പ്രചാരണം നടക്കുന്നുണ്ട്. അതു ശരിയല്ല. ആരോഗ്യചിന്തയിൽ ഒരു പുത്തൻ അവബോധം സൃഷ്ടിക്കുവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നു വേണമെങ്കിൽ പറയാം.

1980നുശേഷമാണു ആയുർവ്വേദം ആ മാറ്റത്തിനു നേതൃത്വം കൊടുത്തതു. അത്തരം ഉണർവ്വുണ്ടാക്കാൻ ശ്രമിച്ച ഒട്ടനേകം വ്യക്തികൾ പൊതുജനങ്ങളുമായി അടുത്തിടപഴകിയപ്പോൾ അവരുടെ അറിവ് ജനതയിലേക്ക് വ്യാപിച്ചു. മോഡേൺ മെഡിസിനു അങ്ങനെയൊരു ഇന്റെറാക്ഷനില്ല. തങ്ങൾ പറഞ്ഞതു ചികിത്സയിലൂടെ തെളിയിച്ചു കൊടുക്കാനും ആയുർവ്വേദാചാര്യന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. അതു വ്യവസ്ഥപിത മെഡിക്കൽ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവർ ആയുർവ്വേദത്തിൽ ഒരു പുതുമയും കൊണ്ടുവന്നിട്ടില്ല. പഴയ ആൾക്കാരും, അമ്മമാരും, നാട്ടുവൈദ്യന്മാരും, ചെയ്തതൊക്കെ തന്നെയാണു ഇവരും ചെയ്യുന്നതു.

പുതിയ അവബോധം നീക്കിക്കളഞ്ഞതു ആധുനിക കച്ചവട വൈദ്യശാസ്ത്രത്തിലുള്ള അമിതപ്രതീക്ഷയായിരുന്നു. രോഗങ്ങളെ ജെം തിയറിയുടേയും, ശരീരത്തെ യന്ത്രമായും കാണുന്ന രീതിയിലുള്ളതാണു ആ‍ധുനിക ചികിത്സ. അതിൽ നിന്നും മനസും, ജീവനും ശരീരവുമുള്ള ഒരു ജീവിയായി കാണുന്ന സമഗ്രചികിത്സയിലേക്ക് മാറാൻ ഇവർ ഒരുപാട് പേർക്ക് പ്രേരണ നൽകി എന്നതു വാസ്തവമാണു.

ഈ അവബോധം ആയുർവ്വേദ ഡോക്ടറന്മാരെയാണു ഏറ്റവും അലോസരപ്പെടുത്തിയതു. മറന്നു കിടന്ന സ്വാഭാവിക അറിവ് ജനത്തിനു തിരിച്ചു കിട്ടിയപ്പോൾ അവർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ആയുർവ്വേദ ഡോക്ടറന്മാർക്ക് മൊഡേൺ മെഡിസിന്റെ മാതൃകയിൽ പഠിച്ചതുകൊണ്ട് അതിനു പലതിനും മറുപടി പറയാൻ പറ്റാതെ വന്നു. മറുപടി പറയണമെങ്കിൽ ആഴത്തിൽ പഠിക്കണമെന്ന സ്ഥിതിവന്നതാണു ആയുർവ്വേദ ഡോക്ടറന്മാരെ ചൊടുപ്പിച്ചതു. അതുകൊണ്ട് ആയുർവ്വേദം പ്രചരിക്കുന്നതിനോട് അവർക്കും എതിർപ്പായിരുന്നു. എന്നാൽ പുതുതലമുറ ആയുർവ്വേദ ഡോക്ടറന്മാർ വ്യത്യസ്ഥരാണു. അവർ ശാസ്ത്രത്തെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്നുണ്ട്. അതു കൊണ്ട് ഇനി അവരുടെ കാലമായിരിക്കും.

ഒരു ആയുർവ്വേദാചാര്യനും ഒരു മെഡിക്കൽ ബ്രാഞ്ചിനെയും അവഹേളിക്കുന്നതായി ഇന്നുവരെ കേട്ടിട്ടില്ല. അലോപ്പതിയുടെ രീതിശാസ്ത്രവും, മരുന്നുകളും ആയുർവ്വേദത്തിന്റെ വ്യാധിവിപരീത വിഭാഗത്തിൽ ദർശിക്കാൻ കഴിയുന്ന അവർക്ക് അലോപ്പതിയെ എങ്ങനെ തള്ളിപ്പറയാൻ കഴിയും? ഈ സമാനതയുള്ളതുകൊണ്ടാകണം ഉപദേശ, നിർദ്ദേശങ്ങൾക്ക് കൂടുതലും മോഡേൺ മെഡിസിനിൽ നിന്നുള്ള ഡോക്ടറന്മാർ ആയുർവ്വേദാചാര്യന്മാ‍ാരെ സമീപിക്കുന്നതു. അവരോട് ആയുർവ്വേദത്തിന്റെ മേന്മ ആചാര്യന്മാർ ചൂണ്ടിക്കാട്ടാറുണ്ട്. പക്ഷെ തങ്ങൾക്ക് ആരോഗ്യാർത്ഥികളെ കിട്ടാൻ വേണ്ടിയുള്ള പ്രചരണത്തിനായി അവരാരും അതു ഉപയോഗിച്ചു കണ്ടിട്ടില്ല. അതൊക്കെ ചെയ്യുന്നതു ഉത്സാഹക്കമ്മിറ്റിക്കാരാണു. വിളക്കിന്റെ ചുവട്ടിലെ തവളകൾ. അവരെ കാര്യമാക്കണ്ട. അവർ പറയുന്നതല്ല ശാസ്ത്രം!

ആയുർവ്വേദം രസസത്തുക്കളും അതുപോലെയുള്ള പ്രകൃതിജന്യ ഔഷധങ്ങളും കൊടുത്തു രോഗം സുഖപ്പെടുത്തുന്നു. അലോപ്പതി കമ്പനിവക രാസ ഔഷധങ്ങളും. രണ്ടും അടിസ്ഥാനപരമായി രാസീയമാണു. പക്ഷെ ഒരു കഷായം കൊടുക്കുന്നതിലെ ശാസ്ത്രയുക്തിയല്ല ഒരു കമ്പനി മരുന്നു കൊടുക്കുമ്പോൾ. ആയുർവ്വേദാചാര്യന്മാർ അതു ചൂണ്ടിക്കാട്ടുന്നതാണു അവർ മെഡിസിനു എതിരാണെന്നു പ്രചരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതു.

ആയുർവ്വേദത്തിന്റെ സൂക്ഷ്മമായ രസതന്ത്രത്തിന്റെ തലത്തിൽ ഇന്നുവരെ ആ‍ധുനിക ഫാർമക്കോളജിക്കു എത്താൻ കഴിഞ്ഞിട്ടില്ല. രസ-വീര്യ-വിപാകങ്ങൾ അടിസ്ഥാനമാക്കിയാണു ആയുർവ്വേദം ഒരു മരുന്നു കൊടുക്കുന്നതു. മോഡേൺ മെഡിസിൻ ആക്റ്റീവ് പ്രിൻസിപ്പിൾ നോക്കിയും. അതുകൊണ്ടുതന്നെ Single chemical remedy യായി അലോപ്പതി കൊടുക്കുന്ന പല മരുന്നുകൾക്കും ആയുർവ്വേദത്തിലെ ഒറ്റമൂലിയിൽ കവിഞ്ഞ പ്രാധാന്യവുമില്ല. അതൊക്കെ ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ഗ്രനേഡ്പൊട്ടിക്കുന്ന പോലുള്ള ഒരു താൽകാലിക മെഡിക്കൽ മാനേജുമെന്റാണു. അതു രോഗകാരണം പൂർണ്ണമായും മാറ്റില്ല.

ആയുർവ്വേദത്തിന്റെ ലക്ഷ്യം രോഗം മാറ്റലലല്ല, ആരോഗ്യം തിരിച്ചു കൊണ്ടുവരലാണു. അതിനു ആയുർവ്വേദം ഒരു മരുന്നുകൊടുക്കുമ്പോൾ രസത്തിലും, വീര്യത്തിലും, വിപാകത്തിലും എന്തു മാറ്റമുണ്ടാകുമെന്നു അറിഞ്ഞിട്ടാണു കൊടുക്കുന്നതു. അതായതു ഒരു മനുഷ്യജീവി ഒരു മരുന്നു കഴിച്ചാൽ അവന്റെ ഉള്ളിൽ ചെന്നു അതു എന്തൊക്കെ ചെയ്യും എന്നു ആലോചിച്ചിട്ട്. മനുഷ്യൻ ഒരു യന്ത്രമല്ലല്ലോ ഗ്രീസോ, ഓയിലോ മാറ്റി ഓടിക്കാൻ. ജീവനുള്ള ശരീരത്തിൽ (മരുന്നു) രാസവസ്തുക്കൾ മറ്റുകോശങ്ങളേയും, മനസിനേയുമൊക്കെ എങ്ങനെ ബാധിക്കുമെന്നു പഠിക്കാതെ മരുന്നു കൊടുത്താൽ അപകടമാണു. ചിലപ്പോൾ തട്ടിപ്പോകും. അല്ലെങ്കിൽ വേറെ രോഗമായി പുറത്തുവരും. ആയുർവ്വേദം ഒരു മരുന്നു കൊടുക്കുന്നതു ഈ വിധ ഘടകങ്ങൾ ഒക്കെ വിശദമായി പഠിച്ച് പരിശോധിച്ചിട്ടാണു. ആയുർവ്വേദത്തിനു പാർശ്വഫലങ്ങൾ കുറഞ്ഞിരിക്കുന്നതും അതുകൊണ്ടാണു. ഈ പഠനം അതിപ്രാചീനമായതു കൊണ്ട് അതു ഡിഫാൾട്ടാണു. ഗ്രന്ഥത്തിൽ ഉണ്ട്. ആയുർവ്വേദ മരുന്നുകൾ നിത്യത്വമുള്ളതാണെന്നു അങ്ങനെ പറയുന്നു. ഓരോ അയ്യഞ്ചു കൊല്ലും കൂടുമ്പോഴും ആയുർവ്വേദ മരുന്നു മാറണ്ടി വരില്ല. ഇന്നലെ ഉപയോഗിച്ചതു തന്നെ ഇന്നും ഉപയോഗിക്കാം. നാളെയും അതു മതി. ഫലത്തിൽ വ്യത്യാസമുണ്ടാവില്ല. അനുഭവം അതിനു തെളിവാണു. ഫലത്തിൽ കുറവില്ലാത്ത ഒരു മരുന്നിൽ എന്തു ആധുനിക പരീക്ഷണം നടത്താനാണു? ആയുർവ്വേദത്തിന്റെ നിത്യത്വം കൊണ്ടാണു വൈദ്യം പഠിച്ചിട്ടില്ലാത്തവർ നിർദ്ദേശിക്കുന്നതായാലും ആയുർവ്വേദ മരുന്നുകൾക്ക് റിസൾട്ട് കിട്ടുന്നതു.

എല്ലാ രോഗത്തേയും മനുഷ്യന്റെ പശ്ചാത്തലത്തിൽ കാണുന്നതാണു ആയുർവ്വേദത്തിന്റെ തത്ത്വം. ഏകകോശമായ ഭ്രൂണത്തിൽ നിന്നും അനന്തസാദ്ധ്യതകളോടെ വളരുന്ന മനുഷ്യനെ അതിനേക്കാൾ വലിയൊരു ഭൂമികയിൽ നിന്നും വീക്ഷിച്ചിട്ടാണു ആയുർവ്വേദം ചികിത്സിക്കുന്നതു. അവിടെ കാൻസറും, ചൊറിയും തമ്മിൽ സാങ്കേതികമായ ചില വ്യത്യാസങ്ങൾ അല്ലാതെ ഒന്നുമില്ല. ആയുർവ്വേദാചാര്യന്മാർ കാണുന്നതു രോഗത്തെയല്ല. സ്മാവസ്ഥയിൽ നിന്നും മാറിയ മനുഷ്യരെയാണു. ആ ഒരു തലത്തിലെത്തിയവർക്കേ നല്ലൊരു ഭിഷഗ്വരനാകാൻ കഴിയു.

ഒരാൾ ഏതെങ്കിലും ഒരു ആചാര്യന്റെയടുത്തു ചെന്നാൽ ചികിത്സയേക്കാൾ ലഭിക്കുന്നതു ജീവന്റെ ശാസ്ത്രമാണു. ഇതു മനസിലാക്കുന്ന ചിലർ മരുന്നുമേടിക്കാതെ അവിടെ നിന്നും മുങ്ങും. പിന്നെ വീട്ടിൽ ചെന്നു അതിനു അനുഗുണമായ എന്തെങ്കിലും വേരോ കായോ ഇലയോ ഒക്കെ പറിച്ചു തിന്നു സുഖപ്പെടാറുണ്ട്. അവർ അതൊക്കെ ആർക്കെങ്കിലുമൊക്കെ പറഞ്ഞുകൊടുക്കും. അവരും സുഖപ്പെടും. അങ്ങനെയുള്ളവരുടെ എണ്ണം കൂടിവരുന്നതാണു ഇന്നത്തെ മെഡിക്കൽ വ്യവസായത്തിന്റെ പ്രതിസന്ധി. അതിനെ നേരിടാൻ ആശുപത്രി വ്യവസായികൾ പലവിധ നിരോധനങ്ങളും നിബന്ധനകളൂമായി ഗോദയിൽ ഇറങ്ങിയിട്ടുണ്ട്. വന്നു, വന്നു പച്ചമരുന്നു പറിക്കുന്നതുപോലും നിയമവിരുദ്ധമാക്കാനുള്ള നീക്കം പോലും ആരംഭിച്ചിട്ടുണ്ടെന്നു കേൾക്കുന്നു. അങ്ങനെയാരും ചുളുവിൽ ആരോഗ്യത്തോടെ ഇരിക്കണ്ട എന്നാണു ആരോഗ്യവ്യവസായികളുടെ മനസിലിരിപ്പ്. അവരെ അതിജീവിക്കാനുള്ള കെല്പ് നിസ്സഹായരായ അലോപ്പാത്തുകൾക്കില്ല. അവർ കീഴടങ്ങി ചുരുണ്ടുകൂടിക്കഴിഞ്ഞു. ഒരുപാട് കാശുമുടക്കി പഠിച്ചതല്ലെ. അതു തിരിച്ചുപിടിക്കണം. പിന്നെ ജീവിക്കണം. കീഴടങ്ങുകയല്ലാതെ അവർക്ക് വേറെ മാർഗ്ഗമില്ല. ഇവിടെയാണു എല്ലാവർക്കും ആരോഗ്യമുണ്ടാകട്ടെ എന്നു ആഗ്രഹിക്കുന്ന ആചാര്യന്മാരുടെ പ്രസക്തി. അവരെ പിന്തുടരുന്ന സാധാരണക്കാരുടെ വിജയം.

ഇഷ്ടമുള്ളവർ ഇഷ്ടമുള്ള വഴി തെരെഞ്ഞെടുക്കട്ടെ. ആരും ആരുടേയും ഗോഡ്ഫാദറാകാൻ നോക്കണ്ട.