Sunday, April 14, 2013

കാൻസർ എന്ന കച്ചവടം

കാൻസറിനേക്കുറിച്ച് ഒരു മാദ്ധ്യമം ഒരു അന്വേഷണാത്മ റിപ്പോർട്ട് (അതോ മാർക്കെറ്റിങ്ങ് ഫോളിയോയോ?) പ്രസിദ്ധീകരിച്ചിരുന്നു. അതിനു അനുബന്ധമായി ഒരു കാൻസർ ചികിത്സാ സ്ഥാപനത്തിന്റെ (വിശ്വസീയമായ എല്ലാ പരാമീറ്ററുകളുമുള്ള) പി.ആർ.ഒ എഴുതിയ കത്ത് വളരെ പ്രാധാന്യത്തോടെ ആ മാദ്ധ്യമം ഇടുകയും ചെയ്തു. ടിയാൻ അതിൽ എഴുതിയിരിക്കുന്നത് എല്ലാവരും മനസ്സിരുത്തി വായിക്കേണ്ടതാണു. എന്നിട്ട് അതിന്റെ സന്ദേശം ഉൾക്കൊള്ളണം. അങ്ങനെ കേരളത്തിൽ കാൻസർ രോഗികൾ നിറയണം.

കാൻസർ വരുന്നതു കൊണ്ട് കുറഞ്ഞത് 4 ഗുണമുണ്ടെന്നാണു ടിയാന്റെ അഭിപ്രായം.

1.ശിഥിലമായ ദാമ്പത്യബന്ധങ്ങൾ അരക്കിട്ടുറപ്പിക്കാൻ കാൻസർ ഉപകരിക്കും.

2.പിശുക്കന്മാരുടെ പിശുക്ക് കാൻസറ് വരുന്നതോടെ അസ്തമിക്കും (അതിനു സംശയമുണ്ടോ? ചെലവ് അത്രയ്ക്കില്ലെ? അല്ലെങ്കിൽ തന്നെ നാലഞ്ചു കീമോ കഴിയുമ്പോൾ ഈ സമ്പാദിച്ചു കൂട്ടിയതൊക്കെ എന്തിനാണെന്നു ആർക്കും തോന്നിപ്പോകും)

3.അച്ഛനോ അമ്മയ്ക്കോ കാൻസർ വന്നു മരിച്ചാൽ ശേഷക്കാർ ഉദാരമതികളാകും.

4.കാൻസർ രോഗം ശരീരാധിഷ്ഠിത കാമത്തിൽ നിന്നും മനുഷ്യനെ ആത്മാധിഷ്ഠിതമായ പ്രേമത്തിലേക്കുയർത്തും. (ദൈവമേ സകല പീഡകർക്കും വൈകിയാണെങ്കിലും കാൻസർ വര............ വയ്യ. അവർക്കാണെങ്കിൽ പോലും രോഗം വരാൻ പ്രാർത്ഥിക്കാൻ വയ്യ)

ഈ കത്തുവായിച്ചപ്പോൾ ആ അവിയൽ‌പ്പാട്ടാണു ഓർമ്മ വന്നത്.

“അപ്പങ്ങളെമ്പാടുമൊറ്റയ്ക്ക് ചുട്ടമ്മായി............. കച്ചോടം പൂട്ടിയപ്പോൾ വട്ടായിപോയി.“

ആശുപത്രിക്കച്ചവടം പൂട്ടിപ്പോകുന്നതിന്റെ വട്ടിലാണോ ഇങ്ങനെ കത്തെഴുതിയത്? സാമാന്യ മനുഷ്യസ്നേഹമെങ്കിലും ഉള്ള ആർക്കും ഇതിനു കഴിയുമെന്നു തോന്നുന്നില്ല. മെഡിക്കൽ വ്യവസായത്തിൽ കടുത്ത അനിശ്ചിതാവസ്ഥ നിലനിൽക്കുന്നു എന്നു മനസിലാക്കാൻ ഈ കത്തുപകരിക്കും.

ആദ്യകാലത്തു രോഗത്തിന്റെ ഭീകരത പരത്തിയും, പിന്നീട് പുണ്യാളന്മാരായ ചില ഡോക്ടറന്മാരേ അവതരിപ്പിച്ചുമാണു ഈ രോഗത്തിന്റെ കച്ചവടം നടത്തിയിരുന്നത്. പക്ഷെ പാശ്ചാത്യനാടുകളിൽ തന്നെ ഇതു രോഗമാണോ അതോ ആശുപത്രിക്കച്ചവടത്തിലൂടെ വളർന്നു വികസിച്ച ഒരു അവസ്ഥയണോ കാൻസർ എന്ന സംശയം ഉടലെടുത്തു. ചില ഡോക്ടറന്മാർ ആ വഴിക്കുള്ള പഠനത്തിനു ഇറങ്ങിത്തിരിച്ചു. പല സാധാരണ രോഗങ്ങളേയും ആശുപത്രികൾ കാൻസറിലേക്ക് വളർത്തിയെടുക്കുകയാണെന്ന നിഗമനത്തിലാണു അവർ എത്തിയത്. നിങ്ങൾ ഉപയോഗിക്കുന്ന മിക്കമരുന്നുകളും കാൻസർരോഗ സാദ്ധ്യതയുള്ളതാണെന്നു പുറത്തു തന്നെ എഴുതി വച്ചിരിക്കുന്നത് കണ്ടിട്ടില്ലെ? അതുപോലെ തന്നെ കാൻസർ രോഗബാധയ്ക്ക് കൃത്യമായ ഒരു രീതി കണ്ടെത്താനും കഴിഞ്ഞില്ല. ഒരു തവണ പറയുന്ന കാരണമല്ല അടുത്തതവണ ഗവേഷകർ കണ്ടെത്തുന്നത്.

കാൻസർ വന്നാൽ ചികിത്സ കൊണ്ട് ഭൂരിപക്ഷത്തിനും ഗുണമൊന്നും കിട്ടാറില്ല. രക്ഷപ്പെടുന്നവർക്ക് അംഗവൈകല്യമോ വൈകൃതമോ ആണു ഫലം. ഏറിയപേർക്കും മരണം ഉറപ്പ്. ആധുനിക കാൻസർ ചികിത്സയിൽ ആളുകൾ മടുത്തുതുടങ്ങുകയും സമാന്തര ചികിത്സാരീതികൾ അന്വേഷിച്ചു പോവുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷവും തുടർന്നു ഉണ്ടാകാൻ തുടങ്ങി. കാൻസർ ആശുപത്രികളേക്കാൾ ഇന്നു പാലിയേറ്റീവ് കേന്ദ്രങ്ങളാണു കൂടുതൽ. ഇപ്പോൾ ജനത്തിനു കാര്യങ്ങൾ വ്യക്തമാന്നു. ഇവർ ചികിത്സിച്ചിട്ട് ഫലമില്ല.

ഏതാണ്ട് 5000 കൊല്ലം മുൻപ് തന്നെ കാൻസറിനെ പ്രാചീനർ തിരിച്ചറിഞ്ഞിരുന്നു. യവനശാസ്ത്രത്തിലും ആയുർവ്വേദത്തിലും അതിന്റെ സൂചനകൾ കാണാം. രോഗകാരണവും ചികിത്സയും പല പ്രാചീന ഇന്ത്യൻ, ഗ്രീക്ക, പെർഷ്യൻ വൈദ്യഗ്രന്ഥങ്ങളിൽ ഉണ്ട്. കോശങ്ങളുടെ അകാലവാർദ്ധക്യമായിട്ടാണു ആയുർവ്വേദം കാൻസറിനെ കാണുന്നത്. ഇന്നിപ്പോൾ മോഡേൺ മെഡിസിനും ആ രീതിയിൽ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. അർബ്ബുദരോഗത്തെ വ്യക്തമായി പഠിക്കുകയും വകഭേദങ്ങളോടെ ചികിത്സിച്ചു മാറ്റാനുള്ള പദ്ധതി തയ്യാറാക്കുകയും ആയുർവ്വേദം ചെയ്തിരുന്നു എന്നതിന്റെ തെളിവാണല്ലോ ഡോ.ബാലേന്ദുവിന്റെ നേതൃത്വത്തിലൊരു ആയുർവ്വേദ കാൻസർ ചികിത്സാ വിഭാഗം ആർ.സി.സിയിൽ പ്രവർത്തിച്ചിരുന്നത്. ആയുർവ്വേദം കാൻസർ രോഗചികിത്സയ്ക്ക് നിർദ്ദേശിക്കുന്നത് കോശങ്ങളുടെ ജീവചൈതന്യം നിലനിർത്താനുള്ള വിധികളാണു. മരുന്നുകൾക്ക് പുറമേ ചിട്ടയായ ജീവിതം, തദ്ദേശീയമായ ഭക്ഷണം, വീടുകളിൽ പാകം ചെയ്യുന്ന ആഹാരം തുടങ്ങിയവ കൊണ്ട് കോശവാർദ്ധക്യത്തെ തടയാം. അങ്ങനെ ജീവിച്ചുകാണിച്ച തലമുറകളായിരുന്നു 1980നു മുൻപ് കേരളത്തിൽ ഉണ്ടായിരുന്നത്. അന്നു റിപ്പോർട്ട് ചെയ്യപ്പെട്ട കാൻസർ രോഗികൾ എത്രയുണ്ടായിരുന്നു? ഇന്നെത്രയുണ്ട്? അപ്പോൾ ആ രീതിയിൽ ഒരു പഠനം നടത്തി ജനതയെ കാൻസറിൽ നിന്നും മുക്തമാക്കാൻ എന്തു കൊണ്ട് ആധുനിക വൈദ്യത്തിനു കഴിയുന്നില്ല. അതിന്റെ ചികിത്സയും ലാഭവും അവർ എടുത്തോട്ടെ. എന്തിനാണു വെറുതെ ഒരു ഈഗോ?

എന്നാൽ സംഭവിച്ചത് അതല്ല. സാധാരണ വരുന്ന ഏതെങ്കിലും രോഗത്തിനു ചികിത്സ ആരംഭിക്കും. അതു മരുന്നു ഉപയോഗത്തിലൂടെ പല കൈവഴികളായി വളർന്നു അർബ്ബുദത്തിൽ എത്തുന്നു. രോഗകാരണങ്ങൾ മാറിക്കളിച്ച് ഗവേഷകരെ അമ്പരപ്പിക്കുന്നു. വ്യക്തമായ പ്രതിവിധികൾ ഇല്ലാതെ ഡോക്ടറന്മാരേയും രോഗികളേയും അന്ധാളിപ്പിക്കുന്നു. ദിക്കറിയാത്ത ഒരു ഇരുട്ടറയിലാണു ആധുനിക കാൻസര്രോഗവും ചികിത്സയും. പക്ഷെ അതവസാനിപ്പിക്കാൻ കഴിയില്ല. കാരണം കാൻസർ ചികിത്സ ഇന്നു വലിയൊരു വ്യവസായമാണു. അവിടെ അനേകം ലക്ഷം പേർ തൊഴിലെടുക്കുന്നു. അവർക്ക് ജീവിക്കണം. അതിനു കാൻസർ രോഗികൾ വേണം. അങ്ങനെ വരുമ്പോൾ ഇങ്ങനത്തെ മാർക്കറ്റിങ്ങ് ഫീച്ചറുകളും അതിനു അനുബന്ധകത്തുകളും ഉണ്ടാകും. രോഗം വരാതിരിക്കണമെന്നുള്ളവർ, വന്നവർക്ക് മാറണമെന്നുള്ളവർ ഒന്നു പിന്തിരിഞ്ഞു നോക്കിയാൽ മതി. മുൻ തലമു

Sunday, April 7, 2013

പ്രഗത്ഭർ ഉപേക്ഷിച്ച മലയാള ബാലസാഹിത്യം

ബാലസാഹിത്യം കുഞ്ഞുങ്ങളെ കൊച്ചാക്കുകയാണെന്നു ശ്രി.കെ.ജയകുമാർ. വളരെ ശരിയായ ഒരു നിരീക്ഷണമാണത്. കുട്ടികളുടെ ബുദ്ധിയേയോ ഭാവനയേയോ ഒരുവിധത്തിലും തൃപ്തിപ്പെടുത്താനോ ഉത്തേജിപ്പിക്കാനോ കഴിവില്ലാത്ത ചവറുസാഹിത്യമാണു ബാലസാഹിത്യമെന്ന പേരിൽ ഇന്നിറങ്ങുന്നത്. അതൊരു ലാഭകരമായ കച്ചവടമായതു കൊണ്ട് ഒരുപാട് പേർ ആ രംഗത്തുണ്ട്.

കുട്ടികളുടെ മനശ്ശാസ്ത്രം അതിവഗൌരവതരമായ ഒന്നാണു. പണ്ടത്തെ അമ്മമാർക്കൊക്കെ അതു അറിയാമായിരുന്നു. കുഞ്ഞിനെ ഒക്കത്തിരുത്തി കാക്കയേയും പൂച്ചയേയുമൊക്കെ കാണിച്ച് ചോറു കൊടുത്തിരുന്ന സന്ദർഭങ്ങൾ ഓർമ്മിച്ചാൽ അതു മനസിലാകും. അമ്മ കുട്ടിക്ക് രണ്ടന്നങ്ങൾ ഒന്നിച്ചു നൽകുകയാണു. ഉടലിനെ വളർത്തുന്ന ബാഹ്യാന്നവും മനസിനെ ഉണർത്തുന്ന കാഴ്ചകളുടേയും ശബ്ദങ്ങളുടേയും ആന്തരികാന്നവും. കുഞ്ഞ് കാക്കയോടും, പൂച്ചയോടും, പൂക്കളോടും, ചെടികളോടും ഇടപെട്ട് പഠിക്കുമ്പോൾ താനും അവരിലൊരാളാണെന്നു അവനു ബോദ്ധ്യപ്പെടുന്നു. അങ്ങനെ പ്രകൃതിയുടെ സമഗ്രതയിൽ ലയിച്ച് അവൻ വളരുമ്പോൾ അവനിൽ ഉദാത്തമായ ഒരു സ്നേഹമുണരും. തന്നോട് തന്നെയും സഹജീവികളോടും പാരസ്പര്യത്തിൽ കഴിഞ്ഞ്പോകണമെന്നു അവൻ മനസിലാക്കുന്നു. അപ്പോൾ മനുഷ്യനെയെന്നല്ല ഒരു പുൽനാമ്പിനെ പോലും ദ്രോഹിക്കാൻ അവനു കഴിയില്ല. ഈ പ്രകൃതിയിൽ ഓരോജീവിക്കും അതിന്റേതായ ഒരു സ്ഥാനമുണ്ടെന്നും അവയെ നിലനിർത്തിക്കൊണ്ട് വേണം താൻ വളരേണ്ടതെന്നും അവൻ ഉള്ളിലുറപ്പിക്കുന്നു. അതു അവനിൽ ഉണർത്തുന്ന ഒരു ശാന്തിയുണ്ട്. അതു അവന്റെ ജീവിതത്തിനു പ്രകാശം നൽകിയിരുന്നു. ഇതു എഴുതപ്പെടാത്ത ബാലസാഹിത്യം.

എന്നാൽ ആധുനിക കാലം നമ്മെ വിശ്വസിപ്പിക്കുന്നതു എഴുതപ്പെടാത്തതെല്ലാം അന്ധവിശ്വാസമാണെന്നാണു. അങ്ങേനെയാണു കുട്ടികളെ ‘മെരുക്കാനുള്ള‘ ആധുനിക ബാലസാഹിത്യം ഉടലെടുത്തത്. അതു മിക്കപ്പോഴും കുട്ടികളുടെ മനസില്ലാത്ത മുതിർവരുടെ സൃഷ്ടികളാണു. ലോകം മത്സരാധിഷ്ഠിതമാണെന്നാണു മിക്ക ബാലസാഹിത്യത്തിന്റേയും സന്ദേശം. അതിനെ ഞുണുക്ക് ബുദ്ധികളിലൂടെ വിജയിക്കാനുള്ള വിദ്യകളാണു അവർ നിരത്തുന്നത്. ഈ ചിന്ത തികച്ചും പ്രകൃതിവിരുദ്ധവും മനുഷ്യബാഹ്യവുമാണു. സ്വാർത്ഥതമാത്രമാണു അതു ഉത്തേജിപ്പിക്കുന്നത്.

സ്വാഭാവികഗുണങ്ങൾ കൊണ്ട് ക്രൂരരായിരിക്കുമ്പോൾ തന്നെ പാരസ്പര്യമുണരേണ്ട ആവശ്യകത ചൂണ്ടിക്കാട്ടുന്ന അനേകം കഥകൾ നമുക്കുണ്ട്. വലയിൽ കുടുങ്ങിയ പക്ഷികളെ വേടനിൽ നിന്നു രക്ഷിക്കുന്ന എലി ഒരു ഉദാഹരണമാണു. അതു വായിക്കുമ്പോഴോ കേൾക്കുമ്പോഴോ സ്നേഹത്തിന്റെ ഒരു നിലാവ് ഉള്ളിലൂടെ ഒഴുകിപ്പോകുന്ന ഒരു അനുഭവം ഉണ്ടാകും. അതുപോലെ തന്നെയാണു യക്ഷിക്കഥകളും. അത്തരം കഥകളെല്ലാം അവസാനിക്കുന്നതു ഒരു കഥാപാത്രത്തിന്റെ ആവാന്തരപരിണാമത്തോടെയാണു. അതു കുട്ടികളുടെ മനസിലും ആ ഭാവനയുണർത്തുന്നു. കഥാപാത്രത്തിനുണ്ടായ ആവാന്തരപരിണാമം തനിക്കും ഉണ്ടാകണമെന്നു ആഗ്രഹിക്കുന്നു. എന്നാൽ ഇന്നത്തെ സാഹിത്യം അങ്ങനെ ഒരു സന്ദേശവും നൽകുന്നതായികാണുന്നില്ല. മത്സരത്തിലുള്ള വിജമാണു അത് ഊന്നുന്നത്. ഇത്തരം സൃഷ്ടികൾ ഉടലെടുക്കാനുള്ള കാരണം അവയുടെ ഗ്രന്ഥകർത്താക്കളുടെ വികലമനസ്സാണു. ലോകത്തെപ്പറ്റിയുള്ള തെറ്റായ കാഴ്ചപ്പാടാണു.  മലയാളത്തിലാണെങ്കിൽ ബാലസാഹിത്യം ഒരു ഗൌരവമുള്ള സംരഭമേയല്ല. എഴുത്തിന്റെ മറ്റ് മേഖലകളിൽ നിന്നു പുറന്തള്ളപ്പെട്ടവരോ അവിടങ്ങളിൽ വിജയിക്കാത്തവരോ ആണു ആ രംഗത്തു കൈവച്ചത്.

എം.ടിയേപ്പോലെ, ഒ.എൻ.വിയേപ്പൊലെ, മുകുന്ദനേപ്പോലെ, സക്കരിയയേപ്പോലെ, അയ്യപ്പണിക്കരേപ്പോലെ, മാധവിക്കുട്ടിയേപ്പോലെ, കടമ്മനിട്ടയേപ്പോലെ പ്രതിഭാധനരായ എഴുത്തുകാർ എന്തു കൊണ്ട് ഈ രംഗത്തെ അവഗണിച്ചു? അവർ ഓരോ കൃതികളെങ്കിലും ബാലസാഹിത്യത്തിനു സംഭാവന ചെയ്തിരുന്നെങ്കിൽ നമ്മുടെ കുട്ടികളുടെ ഭാവനയ്ക്ക് എത്രമാത്രം തെളിച്ചം കിട്ടിയേനെ. ഇക്കാര്യത്തിൽ ഇടശ്ശേരിയോട് വല്ലാത്ത ബഹുമാനം തോന്നുന്നു. പൂതപ്പാട്ട്! അതിനെ ബാലസാഹിത്യമായി ആരും ബ്രാൻഡ് ചെയ്യുന്നില്ലെങ്കിലും കുട്ടികൾ അതാസ്വദിക്കുന്നു. ബാലസാഹിത്യമെന്ന പേരിൽ ഒന്നുമെഴുതിയില്ലെങ്കിലും ബഷീറിന്റെ ഒട്ടുമിക്ക കൃതികൾക്കും ഈ ഗുണമുണ്ട്. 10 വയസ്സിനുമുൻപ് ബഷീർ കൃതികൾ വായിച്ചാസ്വദിച്ച ഒരു കുട്ടിയെ പരിചയപ്പെടുത്താൻ എനിക്ക് ആഗ്രഹമുണ്ട്. ടോൾസ്റ്റോയി ബാലകഥകൾ എഴുതിയിട്ടുണ്ട്. പിന്നെന്തു കൊണ്ട് നമ്മുടെ ഗിരിശൃംഗതുല്യരായ പ്രതിഭകൾ അതിനു മുതിർന്നില്ല.

നമ്മുടെ ബുദ്ധിമാന്മാർക്കൊക്കെ കുഞ്ഞുങ്ങളെ ഭയമാണെന്നു തോന്നുന്നു. കുട്ടികളുടെ ലോകത്തേക്ക് കടന്നു ചെന്നാൽ തങ്ങളുടെ കള്ളം കണ്ടുപിടിക്കുമോ എന്ന ഭയം. അതാകും അവരൊക്കെ ഒഴിഞ്ഞു നിൽക്കുന്നത്.

Saturday, April 6, 2013

വർത്തകൾ അറിയാൻ എന്തിനു ഈ മാദ്ധ്യമങ്ങൾ?

2002 ഫെബ്രുവരി മാസം 8ആം തീയ്യതിയോ, 10ആം തീയതിയോ ആണു മലയാളത്തിലെ മുഖ്യദിനപ്പത്രങ്ങളിൽ ഒന്നു ഉപേക്ഷിക്കണമെന്നു ഞാൻ തീരുമാനമെടുത്തത്. അന്നുവരെ കുറഞ്ഞത് 2 മലയാള ദിനപ്പത്രവും ഒരിംഗ്ലീഷ് പത്രവുമെങ്കിലും ദിവസവും പരതുന്ന ഒരു ദുശ്ശീലം എനിക്കുണ്ടായിരുന്നു. പത്രവായന എന്ന ശൈലിരോഗത്തിൽ നിന്നും മോചിതനാകാൻ ഞാൻ തീരുമാനിച്ചു. അതിനു കാരണം, ആ സമയത്തു നടന്നു വരികയായിരുന്ന പൊതുപണിമുടക്കിനെക്കുറിച്ച് മാദ്ധ്യമങ്ങൾ നടത്തിയ അപവാദപ്രചരണമാണു. ന്യായമായ ചില അവകാശങ്ങൾക്ക് വേണ്ടി അദ്ധ്യാപകരും, സർക്കാർ ഉദ്യോഗസ്ഥരും നടത്തിയ പണിമുടക്കിനെ അപകീർത്തിപ്പെടുത്താനും പരിഹസിക്കാനും ആ ഒരു മാദ്ധ്യമം കാണിച്ച ഉത്സാഹം എനിക്ക് സഹിച്ചില്ല. ഒരുച്ചയൂണു സമയത്ത് ഞാൻ അതു പ്രഖ്യാപിച്ചു. ഇനി ആ പത്രം ഞാൻ കൈകൊണ്ട് തൊടില്ല. എന്നോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഒരു സ്നേഹിതനും കൂടി. ഗോപിനാഥപിള്ള. അന്നു വൈകുന്നേരം കൊല്ലം ചിന്നക്കടയിൽ കൂടിയ പൊതുസമ്മേളനത്തിൽ ട്രേഡ്യൂണിയൻ പ്രവർത്തകൻ കൂടിയായ ഗോപിനാഥപിള്ള കേൾവിക്കാരെ ആവേശം കൊള്ളിച്ചു കൊണ്ട് തന്റെ തീരുമാനം പ്രഖ്യാപിക്കുകയും കഴിയുന്നവർ അതു പിന്തുടരണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തു. ഫോർത്ത് എസ്റ്റേറ്റിനോടുള്ള വെല്ലുവിളിയായി ചില ‘ഉന്നത നേതാക്കമാർക്ക്’ അതു തോന്നി. അതിനു കാരണം, അതു ചെയ്താൽ നാളെ അവരുടെ പടവും വാർത്തയും അതിൽ വരില്ല എന്ന സ്വാർത്ഥവിചാരം മാത്രമായിരുന്നു. ഞങ്ങൾ അത് പാടേ അവഗണിച്ചു.

എളുപ്പമുള്ള കാര്യമല്ല ഒരു ദിനപ്പത്രം ഉപേക്ഷിക്കുക എന്നത്. 37 കൊല്ലമായുള്ള ശീലമാണു പറിച്ചെറിയേണ്ടത്. പിറ്റേന്നു രാവിലെ വീട്ടിൽ വച്ച് പത്രം തൊട്ടില്ലെങ്കിലും ട്രെയിൽ വരുമ്പോൾ അടുത്ത് ഇരിക്കുന്നആൾ നിവർത്തിവച്ചിരിക്കുന്ന പത്രത്തിലേക്ക് പാളിനോക്കാനുള്ള ആന്തരിക ചോദന ശക്തമായിരുന്നു. എങ്കിലും അതിലുപരിയുള്ള ട്രേഡ്യൂണിയൻ ആവേശം തൽക്കാലം എന്നെ പിന്തിരിപ്പിച്ചു. കൊല്ലത്തു തീവണ്ടിയിറങ്ങുമ്പോൾ എന്നെ ആശ്വസിപ്പിക്കുമാറ് കാസിം എന്ന പോർട്ടർ പറഞ്ഞു : ‘സാറെ ഞാനും ആ $%^&പത്രമങ്ങ് നിർത്തിയെന്നു ഗോപിസാറിനോട് പറഞ്ഞേരെ. ഇവിടെ സംഘത്തിൽ എല്ലാരോടും പറയുന്നുണ്ട്’. റിമാൻ‌ഡ് ചെയ്ത സമരക്കാർക്ക് സൌകര്യമൊരുക്കുന്നതിനു പണിയുപേക്ഷിച്ച് ഇറങ്ങിത്തിരിച്ചയാളാണു കാസിം. എനിക്ക് ആവേശമായി. മുൻ‌നിരനേതാക്കന്മാരേക്കാൾ എപ്പോഴും ആവേശമാകുന്നത് ഇത്തരം സാധാരണക്കാരാണു. എന്തായാലും പത്രവായന എന്ന ശീലം ഞാൻ പതുക്കെ ഉപേക്ഷിച്ചു. ഇപ്പോൾ പത്രം ഇറങ്ങുന്നുണ്ടോ എന്നു പോലും ഞാൻ അന്വേഷിക്കാറില്ല.

തുടർന്നു 2003ൽ ടിവിയോടുള്ള ബന്ധവും ഉപേക്ഷിച്ചു. ഈ തീരുമാനം കൊണ്ട് വാർത്താചാനലുകളുടെ കെണിയിൽ വീഴാതെ കഴിയാൻ പറ്റി. ചാനലികളൊക്കെ പ്രചാരത്തിലെത്തുന്നതിനു മുൻപേ അവയിലുള്ള ആവേശം നഷ്ടപ്പെട്ടതു എത്ര നന്നായി എന്നാണു എനിക്കിപ്പോൾ തോന്നുന്നത്. അതു കൊണ്ടൊന്നും വിവരങ്ങൾ അറിയുന്നതിനു ഒരു കുറവും സംഭവിച്ചില്ല. ഞാൻ അറിയേണ്ടതൊക്കെ ആരെങ്കിലും പറഞ്ഞ് അറിയുന്നു. പിന്നെ, അഴിമതിയും, ഇക്കിളിയും ബലാത്സംഗവുമൊക്കെ കേട്ടിട്ട് എന്തു കാര്യം? വാർത്തകൾ എന്നു പറയുന്നതു അതുമാത്രമാണല്ലോ. പത്രം വായിക്കാതെയും ചാനലുകൾ കാണാതെയും വാർത്ത അറിയാൻ കഴിയുന്നത് എന്തൊരു ആശ്വാസമാണു. അതിനെന്നെ സഹായിക്കുന്നത് എന്റെ സ്നേഹിതന്മാരാണു. ചില ഉറപ്പുവരുത്തലുകൾക്ക് ഓൺ-ലൈൻ എഡിഷനുകൾ സഹായിക്കുന്നു. അല്ലെങ്കിൽ ആകാശവാണിയുടെ വാർത്തകൾ. വാർത്താ വാസ്തവങ്ങൾ കൂടുതലും വ്യക്തികളിൽ നിന്നു തന്നെയാണു ലഭിക്കുന്നത്. സോഷ്യൽ നെറ്റ്വർക്കുകൾ പ്രചാരത്തിലായപ്പോൾ അതൊക്കെ പരസ്പരം പകർന്നു. അതു കണ്ടിട്ടാവാം, മാദ്ധ്യമരംഗത്തു പ്രവർത്തിക്കുന്ന അനവധി സുഹൃത്തുക്കൾ തങ്ങൾക്ക് പങ്കു വയ്ക്കാൻ കഴിയാത്ത വാർത്തകൾ എനിക്ക് നൽകുന്നത്. അവരോടുമുണ്ട് നന്ദി.

ഇതൊക്കെ പറഞ്ഞത് നിങ്ങളിൽ നിന്നു ആത്മാർത്ഥമാ‍യ ഒരു മറുപടി കിട്ടാനാണു. പണ്ട് രണ്ടുതരം പത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. പാർട്ടി പത്രവും ദേശീയ ദിനപ്പത്രവും. ഇന്നിപ്പോൾ ഒരൊറ്റതരവഴിയിലുള്ള മാദ്ധ്യമേ കാണുന്നുള്ളു. സിന്റിക്കേറ്റ് മാദ്ധ്യമങ്ങൾ. പാർട്ടിപത്രം പോലും കൂടുതൽ കൈകാര്യം ചെയ്യുന്നത് സിൻഡിക്കേറ്റ് വാർത്തകളാണു. അങ്ങനെയിരിക്കെ നമുക്കീ പത്രങ്ങളും ചാനലുകളും ആവശ്യമുണ്ടോ? അവയിൽ നിന്നു നമുക്ക് യഥാർത്ഥ വാർത്തകൾ കിട്ടുന്നുണ്ടോ. അതിൽ കൂടുതൽ നിങ്ങൾ മറ്റുള്ള ഉപാധികളിൽ നിന്നു അറിയുന്നില്ലെ? എങ്കിൽ പിന്നെ എന്തിനാണു മാദ്ധ്യമങ്ങൾക്ക് വെറുതെ വരികൊടുത്തു പണം കളയുന്നത്? സ്നേഹിതരെ നിങ്ങൾക്ക് എന്തു ഉത്തരമുണ്ട്?