Thursday, November 3, 2011

നരബലി


ഒരു മൂന്നാം ലോകരാജ്യത്ത് മരുന്നു പരീക്ഷണങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1000.

ആ രാജ്യത്തിലെ സർക്കാർ തന്നെ പറഞ്ഞതാണിത്.

ശാസ്ത്രപരീക്ഷണത്തിന്റെ ഒരു ബാക്ഡ്രോപ്പില്ലെങ്കിൽ ഈ മരണത്തെ എന്തു പറഞ്ഞു വിശേഷിപ്പിക്കുമായിരുന്നു?

നരബലി?

പ്രത്യേക ഒരു ഉദ്ദേശത്തോടെ ആളെക്കൊല്ലുന്നതല്ലെ നരബലി?

മരുന്നു പ്രവർത്തിക്കുന്നതെങ്ങനെ എന്നറിയാൻ മനുഷ്യനെ കൊല്ലുക. മനുഷ്യനെ മാത്രമല്ല ശാസ്ത്രപരീക്ഷണങ്ങളുടെ പേരിൽ കൊന്നൊടുക്കുന്നത്. വെള്ളെലികളും, കുതിരയും, കുരങ്ങുമായി കൊല ചെയ്യപ്പെടുന്നവ വേറെയുണ്ട്. അവയുടെ എണ്ണം ലക്ഷങ്ങൾ കവിയും. ശാസ്ത്രത്തിന്റെ പിൻബലമില്ലെങ്കിൽ അവയെന്താകുമായിരുന്നു?

ജന്തുബലികൾ?

ആധുനിക സമൂഹം നരബലിയും ജന്തുബലിയും പ്രാകൃതമായാണു കാണുന്നത്. അത് ചെയ്യുന്നവരെ സംസ്കാരശൂന്യരായാണു വ്യവഹരിക്കുന്നത്. ഇത്തരം നരഹത്യകളൂം ജന്തുഹിംസയും തടയാൻ എല്ലാ ആധുനിക സർക്കാറുകൾക്കും നിയമങ്ങളുമുണ്ട്. എന്നിട്ടും അവയിപ്പോഴും അഭംഗുരം തുടരുകയാണു! നാം ആധുനിക കാലത്തിലാണു പോലും.

ഇവയൊക്കെ ഇത്ര പരസ്യമായി പുറം‌ലോകം അറിഞ്ഞിട്ടും ഒരു മനുഷ്യാവകാശ സംഘടനയും ഇടപെട്ടു കണ്ടില്ല. വഴിയിൽ കാണുന്ന പട്ടിയേയും പൂച്ചയേയും പിടിച്ചു സംരക്ഷിക്കുന്ന സെലിബ്രിട്ടികളും അവരുടെ സമിതികളും നിശബ്ദമാണു. ലോകത്തിന്റെ ഏത് കോണിൽ അനീതി കണ്ടാലും പ്രസ്താവന ഒപ്പിട്ടു കൊടുക്കുന്ന ഒപ്പ് പ്രതിഷേധക്കാരുടെ ഒരു പ്രസ്താവന പോലും പുറത്തു വന്നില്ല. ആക്റ്റിവിസ്റ്റുകൾ നല്ല വരായ്കയുള്ളതു കൊണ്ടാവാം ഇതൊന്നും കണ്ടതായി നടിച്ചിട്ടില്ല. കോളം കോളം സ്രവിക്കുന്ന പത്രപ്രവർത്തകരോ മാരത്തോൺ ചാനൽ ചർച്ചകൾ സംഘടിപ്പിക്കുന്ന വി.ജേകളോ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇത്രേയൊക്കയേ ഉള്ളു എല്ലാരുടേയും പ്രതിബദ്ധത.

ഈ നരഹത്യകളൊന്നും മൂന്നാം ലോകരാജ്യത്തിന്റെ സർക്കാരുകൾ സ്വയം ചെയ്യുന്നതല്ല. ആ രാജ്യങ്ങളിലെ വൈദ്യശാസ്ത്രഗവേഷണ സ്ഥാപനങ്ങളും ചെയ്യുന്നതുമല്ല. എന്തിനു അവിടുത്തെ സ്വകാര്യ മരുന്നു വ്യവസായികൾ പോലും ചെയ്യുന്നതല്ല.

വികസിതനാടുകളിലെ മരുന്നു കമ്പനികൾക്കു വേണ്ടിയാണു ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടക്കുന്നത്. അവരുടെ രാജ്യത്ത് ഇത്തരം പ്രാകൃത പരീക്ഷണങ്ങൾ അനുവദനീയമല്ല. അതിനു അനുമതി കിട്ടിയാൽ തന്നെ കടക്കേണ്ട നൂലാമാലകൾ അനേകം. അതൊക്കെ സാധിച്ച് പരീക്ഷണത്തിനു ഒരു രോഗിയെ സമ്പാദിച്ചാൽ കൊടുക്കേണ്ട നഷ്ടപരിഹാരം കോടികൾ. എന്നാൽ മൂന്നാം ലോകത്തിൽ ഈവിധ പ്രശ്നങ്ങൾ ഒന്നുമില്ല. ഇത്തരം പരീക്ഷണങ്ങൾ ചെയ്തു കൊടുക്കാൻ ആശുപത്രികൾ തയ്യാറാണു. ആവശ്യത്തിലധികം സ്പെസിമനുകൾ കിട്ടും. ചെലവ് വളരെക്കുറവ്. ഗിനിപ്പന്നികളാകുന്ന രോഗികൾക്ക് തങ്ങൾ മരുന്നു പരീക്ഷണത്തിനു വിധേയരാകുന്നുണ്ടെന്നു അറിയുക പോലുമില്ല. അതു കൊണ്ട് നഷ്ടപരിഹാരവുമില്ല. അതു കൊണ്ട് തന്നെ വികസിതരാജ്യങ്ങളിലെ മരുന്നു കമ്പനികൾ പരീക്ഷണങ്ങൾക്ക് മൂന്നാം‌ലോകരാജ്യങ്ങളിലേക്ക് നീങ്ങുന്നു. അവിടുത്തെ ജനത വികസിതരാജ്യങ്ങളിലെ വ്യവസായികൾക്ക് ഗിനിപ്പന്നികളാണു. ആ പാവങ്ങളുടെ വിധിയെ ചോദ്യം ചെയ്യാൻ ആരും വരില്ലെന്നു അവർക്കറിയാം. ആരെങ്കിലും ഇറൺഗിപ്പുറപ്പെട്ടാൽ തന്നെ നക്കാപ്പിച്ച കൊടുത്ത് ഒതുക്കിത്തീർക്കാമെന്നു ഉറപ്പുണ്ട്.

ഇന്ത്യയും മൂന്നാം ലോകത്തിന്റെ പട്ടികയിലാണു പെടുന്നതെന്നു ഓർക്കുക. കഴിഞ്ഞ മുപ്പതു കൊല്ലത്തിനിടയിൽ സർക്കാരിന്റെ പൊതുജനാരോഗ്യാശുപത്രികൾ പിന്നാക്കം പോവുകയും സ്വകാര്യ ആശുപത്രികൾ തഴച്ചു വളരുകയും ചെയ്ത ഒരു ചിത്രവുമുണ്ട്. ഇന്നിപ്പോൾ അത് കാണുമ്പോൾ ഭയമാണു തോന്നുന്നത്. അവിടെ നടക്കുന്നതെന്തായിരിക്കും? സ്വകാര്യ ആശുപത്രികൾക്ക് മേൽ സർക്കാരുകൽക്ക് പരിമിതമായ നിയന്ത്രണമേയുള്ളു എന്നത് കൂടിയറിയുമ്പോൾ ഭയം ഇരട്ടിക്കുകയാണു. ചികിത്സയിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് മാത്രം ആശുപത്രികൾ ലാഭകരമായി നടത്തിക്കൊണ്ടു പോകാനാവില്ലെന്നു സ്വകാര്യ ആശുപത്രി മാനേജുമെന്റുകൾ ഉളുപ്പില്ലാതെ പറയുമ്പോൾ അവർ എന്താണു ഉദ്ദേശിക്കുന്നത്? (ഇന്നത്തെ, 3-11-11, മാതൃഭൂമി പത്രം കാണുക) ചികിത്സയ്ക്ക് പുറമേ മറ്റുവഴിയിലൂടെ വരുമാനമുണ്ടാക്കാൻ ശ്രമിക്കും എന്നു പ്രഖ്യാപിക്കുകയല്ലെ? മരുന്നു പരീക്ഷണം പോലെ ലാഭകരമായ എന്തു വഴിയുണ്ട് വേറെ?

സർക്കാർ ആശുപത്രികളിൽ കഴിവും യോഗ്യതയുമുള്ള ഡോക്ടറന്മാർ പരിമിത സാഹചര്യങ്ങളിൽ പ്രവർത്തിച്ച് സാധാരണക്കാരായ രോഗികളുടെ ജീവൻ സംരക്ഷിക്കുന്നുണ്ട്. അതിനിടയിൽ സംഭവിക്കുന്ന നിസ്സാരമായ തെറ്റുകൾ പെരുപ്പിച്ചു കാട്ടി വാർത്തയാക്കുമ്പോഴും, സൌകര്യങ്ങളുടെ കുറവിലും, സംവിധാനങ്ങളുടെ കുറ്റം കൊണ്ടും, മരുന്നു കൊണ്ട് തന്നെയും  മരണമെന്തെങ്കിലും സംഭവിച്ചാൽ അത്തരം മരണങ്ങളെ നരഹത്യയാക്കാനുംനമ്മുടെ പൊതു സമൂഹത്തിനു എന്തൊരു ഉത്സാഹമാണു? ഡോക്ടറന്മാർക്കെതിരേ കേസ്സെടുപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന സാമൂഹ്യപ്രവർത്തകർക്കും  അതിനു എരിതീയിൽ എണ്ണയൊഴിക്കുന്ന രീതിയിൽ വാർത്ത ചമക്കുന്ന മാദ്ധ്യമങ്ങൾക്കും  ശാസ്ത്രത്തിന്റെ പേരിൽ നടക്കുന്ന നരബലികൾ കാണാൻ കണ്ണില്ലാതെ പോയത് എന്തു കൊണ്ടാണ്?