Showing posts with label NGO. Show all posts
Showing posts with label NGO. Show all posts

Thursday, November 3, 2011

നരബലി


ഒരു മൂന്നാം ലോകരാജ്യത്ത് മരുന്നു പരീക്ഷണങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1000.

ആ രാജ്യത്തിലെ സർക്കാർ തന്നെ പറഞ്ഞതാണിത്.

ശാസ്ത്രപരീക്ഷണത്തിന്റെ ഒരു ബാക്ഡ്രോപ്പില്ലെങ്കിൽ ഈ മരണത്തെ എന്തു പറഞ്ഞു വിശേഷിപ്പിക്കുമായിരുന്നു?

നരബലി?

പ്രത്യേക ഒരു ഉദ്ദേശത്തോടെ ആളെക്കൊല്ലുന്നതല്ലെ നരബലി?

മരുന്നു പ്രവർത്തിക്കുന്നതെങ്ങനെ എന്നറിയാൻ മനുഷ്യനെ കൊല്ലുക. മനുഷ്യനെ മാത്രമല്ല ശാസ്ത്രപരീക്ഷണങ്ങളുടെ പേരിൽ കൊന്നൊടുക്കുന്നത്. വെള്ളെലികളും, കുതിരയും, കുരങ്ങുമായി കൊല ചെയ്യപ്പെടുന്നവ വേറെയുണ്ട്. അവയുടെ എണ്ണം ലക്ഷങ്ങൾ കവിയും. ശാസ്ത്രത്തിന്റെ പിൻബലമില്ലെങ്കിൽ അവയെന്താകുമായിരുന്നു?

ജന്തുബലികൾ?

ആധുനിക സമൂഹം നരബലിയും ജന്തുബലിയും പ്രാകൃതമായാണു കാണുന്നത്. അത് ചെയ്യുന്നവരെ സംസ്കാരശൂന്യരായാണു വ്യവഹരിക്കുന്നത്. ഇത്തരം നരഹത്യകളൂം ജന്തുഹിംസയും തടയാൻ എല്ലാ ആധുനിക സർക്കാറുകൾക്കും നിയമങ്ങളുമുണ്ട്. എന്നിട്ടും അവയിപ്പോഴും അഭംഗുരം തുടരുകയാണു! നാം ആധുനിക കാലത്തിലാണു പോലും.

ഇവയൊക്കെ ഇത്ര പരസ്യമായി പുറം‌ലോകം അറിഞ്ഞിട്ടും ഒരു മനുഷ്യാവകാശ സംഘടനയും ഇടപെട്ടു കണ്ടില്ല. വഴിയിൽ കാണുന്ന പട്ടിയേയും പൂച്ചയേയും പിടിച്ചു സംരക്ഷിക്കുന്ന സെലിബ്രിട്ടികളും അവരുടെ സമിതികളും നിശബ്ദമാണു. ലോകത്തിന്റെ ഏത് കോണിൽ അനീതി കണ്ടാലും പ്രസ്താവന ഒപ്പിട്ടു കൊടുക്കുന്ന ഒപ്പ് പ്രതിഷേധക്കാരുടെ ഒരു പ്രസ്താവന പോലും പുറത്തു വന്നില്ല. ആക്റ്റിവിസ്റ്റുകൾ നല്ല വരായ്കയുള്ളതു കൊണ്ടാവാം ഇതൊന്നും കണ്ടതായി നടിച്ചിട്ടില്ല. കോളം കോളം സ്രവിക്കുന്ന പത്രപ്രവർത്തകരോ മാരത്തോൺ ചാനൽ ചർച്ചകൾ സംഘടിപ്പിക്കുന്ന വി.ജേകളോ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇത്രേയൊക്കയേ ഉള്ളു എല്ലാരുടേയും പ്രതിബദ്ധത.

ഈ നരഹത്യകളൊന്നും മൂന്നാം ലോകരാജ്യത്തിന്റെ സർക്കാരുകൾ സ്വയം ചെയ്യുന്നതല്ല. ആ രാജ്യങ്ങളിലെ വൈദ്യശാസ്ത്രഗവേഷണ സ്ഥാപനങ്ങളും ചെയ്യുന്നതുമല്ല. എന്തിനു അവിടുത്തെ സ്വകാര്യ മരുന്നു വ്യവസായികൾ പോലും ചെയ്യുന്നതല്ല.

വികസിതനാടുകളിലെ മരുന്നു കമ്പനികൾക്കു വേണ്ടിയാണു ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടക്കുന്നത്. അവരുടെ രാജ്യത്ത് ഇത്തരം പ്രാകൃത പരീക്ഷണങ്ങൾ അനുവദനീയമല്ല. അതിനു അനുമതി കിട്ടിയാൽ തന്നെ കടക്കേണ്ട നൂലാമാലകൾ അനേകം. അതൊക്കെ സാധിച്ച് പരീക്ഷണത്തിനു ഒരു രോഗിയെ സമ്പാദിച്ചാൽ കൊടുക്കേണ്ട നഷ്ടപരിഹാരം കോടികൾ. എന്നാൽ മൂന്നാം ലോകത്തിൽ ഈവിധ പ്രശ്നങ്ങൾ ഒന്നുമില്ല. ഇത്തരം പരീക്ഷണങ്ങൾ ചെയ്തു കൊടുക്കാൻ ആശുപത്രികൾ തയ്യാറാണു. ആവശ്യത്തിലധികം സ്പെസിമനുകൾ കിട്ടും. ചെലവ് വളരെക്കുറവ്. ഗിനിപ്പന്നികളാകുന്ന രോഗികൾക്ക് തങ്ങൾ മരുന്നു പരീക്ഷണത്തിനു വിധേയരാകുന്നുണ്ടെന്നു അറിയുക പോലുമില്ല. അതു കൊണ്ട് നഷ്ടപരിഹാരവുമില്ല. അതു കൊണ്ട് തന്നെ വികസിതരാജ്യങ്ങളിലെ മരുന്നു കമ്പനികൾ പരീക്ഷണങ്ങൾക്ക് മൂന്നാം‌ലോകരാജ്യങ്ങളിലേക്ക് നീങ്ങുന്നു. അവിടുത്തെ ജനത വികസിതരാജ്യങ്ങളിലെ വ്യവസായികൾക്ക് ഗിനിപ്പന്നികളാണു. ആ പാവങ്ങളുടെ വിധിയെ ചോദ്യം ചെയ്യാൻ ആരും വരില്ലെന്നു അവർക്കറിയാം. ആരെങ്കിലും ഇറൺഗിപ്പുറപ്പെട്ടാൽ തന്നെ നക്കാപ്പിച്ച കൊടുത്ത് ഒതുക്കിത്തീർക്കാമെന്നു ഉറപ്പുണ്ട്.

ഇന്ത്യയും മൂന്നാം ലോകത്തിന്റെ പട്ടികയിലാണു പെടുന്നതെന്നു ഓർക്കുക. കഴിഞ്ഞ മുപ്പതു കൊല്ലത്തിനിടയിൽ സർക്കാരിന്റെ പൊതുജനാരോഗ്യാശുപത്രികൾ പിന്നാക്കം പോവുകയും സ്വകാര്യ ആശുപത്രികൾ തഴച്ചു വളരുകയും ചെയ്ത ഒരു ചിത്രവുമുണ്ട്. ഇന്നിപ്പോൾ അത് കാണുമ്പോൾ ഭയമാണു തോന്നുന്നത്. അവിടെ നടക്കുന്നതെന്തായിരിക്കും? സ്വകാര്യ ആശുപത്രികൾക്ക് മേൽ സർക്കാരുകൽക്ക് പരിമിതമായ നിയന്ത്രണമേയുള്ളു എന്നത് കൂടിയറിയുമ്പോൾ ഭയം ഇരട്ടിക്കുകയാണു. ചികിത്സയിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് മാത്രം ആശുപത്രികൾ ലാഭകരമായി നടത്തിക്കൊണ്ടു പോകാനാവില്ലെന്നു സ്വകാര്യ ആശുപത്രി മാനേജുമെന്റുകൾ ഉളുപ്പില്ലാതെ പറയുമ്പോൾ അവർ എന്താണു ഉദ്ദേശിക്കുന്നത്? (ഇന്നത്തെ, 3-11-11, മാതൃഭൂമി പത്രം കാണുക) ചികിത്സയ്ക്ക് പുറമേ മറ്റുവഴിയിലൂടെ വരുമാനമുണ്ടാക്കാൻ ശ്രമിക്കും എന്നു പ്രഖ്യാപിക്കുകയല്ലെ? മരുന്നു പരീക്ഷണം പോലെ ലാഭകരമായ എന്തു വഴിയുണ്ട് വേറെ?

സർക്കാർ ആശുപത്രികളിൽ കഴിവും യോഗ്യതയുമുള്ള ഡോക്ടറന്മാർ പരിമിത സാഹചര്യങ്ങളിൽ പ്രവർത്തിച്ച് സാധാരണക്കാരായ രോഗികളുടെ ജീവൻ സംരക്ഷിക്കുന്നുണ്ട്. അതിനിടയിൽ സംഭവിക്കുന്ന നിസ്സാരമായ തെറ്റുകൾ പെരുപ്പിച്ചു കാട്ടി വാർത്തയാക്കുമ്പോഴും, സൌകര്യങ്ങളുടെ കുറവിലും, സംവിധാനങ്ങളുടെ കുറ്റം കൊണ്ടും, മരുന്നു കൊണ്ട് തന്നെയും  മരണമെന്തെങ്കിലും സംഭവിച്ചാൽ അത്തരം മരണങ്ങളെ നരഹത്യയാക്കാനുംനമ്മുടെ പൊതു സമൂഹത്തിനു എന്തൊരു ഉത്സാഹമാണു? ഡോക്ടറന്മാർക്കെതിരേ കേസ്സെടുപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന സാമൂഹ്യപ്രവർത്തകർക്കും  അതിനു എരിതീയിൽ എണ്ണയൊഴിക്കുന്ന രീതിയിൽ വാർത്ത ചമക്കുന്ന മാദ്ധ്യമങ്ങൾക്കും  ശാസ്ത്രത്തിന്റെ പേരിൽ നടക്കുന്ന നരബലികൾ കാണാൻ കണ്ണില്ലാതെ പോയത് എന്തു കൊണ്ടാണ്?

Thursday, November 25, 2010

കീടങ്ങൾക്ക് പറയാനുള്ളത്

അമരന്മാർ മരങ്ങളായിടുന്നു
അജം ചത്ത് ഗജമായ് പിറക്കുന്നു
ഗജം ചത്തങ്ങജവുമായിടുന്നു;
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ്പോകുന്നു
കൃപകൂടാതെ പീഢിപ്പിച്ചീടുന്ന
നൃപൻ ചത്ത് കൃമിയായി പിറക്കുന്നു


പ്രിയ കീടാത്മകളെ

അടുത്ത മാസത്തിൽ കീടനാശിനി നിർമ്മാതാക്കൾ ദൽഹിയിൽ സമ്മേളിക്കുന്നുണ്ട്. പ്രധാനമന്ത്രി ഇരിക്കുന്ന സ്ഥലമാണു ദില്ലി. ശീതം വർദ്ധിച്ചില്ലെങ്കിൽ തോമസ് മാഷും ഉണ്ടാകും അവിടെ.

കീടനാശിനികളുടെ നിർമ്മാണത്തിനും വില്പനക്കും സംരക്ഷണം ആവശ്യപ്പെടുകയാണ് സമ്മേളനത്തിന്റെ ഉദ്ദേശം . കീടനാശിനികൾ നിരോധിക്കുകയല്ല നീതിപൂർവ്വകമായി ഉപയോഗിക്കുന്നതിലൂടെ അവയുടെ ദൂഷ്യഫലങ്ങൾ ഇല്ലാതാക്കണമെന്നാണമെന്നേ അവർ പറയു. കഠിനമായ വാക്കുകൾ ഒന്നും ഉപയോഗിച്ച് അവർക്ക് ശീലമില്ല്ല.

സത്യം പറഞ്ഞാൽ കീടനാശിനിക്ക് എന്ത് ദൂഷ്യം? വെറുതേ ആളുകൾ ഓരോന്നു പറഞ്ഞുണ്ടാക്കുകയാണു. നമ്മൾ കീടങ്ങൾ അത് കേട്ട് ഇളകരുത്. അവരാണു നമ്മുടെ കാണപ്പെട്ട ദൈവം എന്നറിയണം. അവർക്ക് പിന്തുണയും അഭിവാദ്യവുമർപ്പിക്കണം. അതിനു വേണ്ടിയാണു മാന്യ മഹാകീടങ്ങളെ, നിങ്ങളെ ഇവിടെ വിളിച്ചു ചേർത്തിരിക്കുന്നത്.

നിങ്ങളിലെ മുതിർന്ന ഒരു കീടം ആത്മവിനാശകമായ രീതിയിൽ ചിന്തിക്കുകയാണോ എന്ന് നിങ്ങൾക്ക് സശയം തോന്നാം. മനുഷ്യസഹവാസം കൊണ്ട് കോഴയുടെ പ്രലോഭനത്തിൽ പെട്ടുവോ എന്നും അതിശയിക്കാം.

ഞാൻ തുറന്നു പറയട്ടെ നിങ്ങളുടെ സംശയവും അതിശയവും അസ്ഥാനത്താണു. എനിക്ക് നിങ്ങളോട് പറയുവാൻ ഒന്നേയുള്ളു. മനുഷ്യനെപ്പോലെ നമ്മൾ കീടങ്ങൾ ദുഷ്ടബുദ്ധ്യാ ചിന്തിക്കരുത്. നിങ്ങൾക്ക് യാതൊരു ആശങ്കയ്ക്കും ഇടയില്ലെന്ന് ഞാൻ ഉറപ്പ് തരുന്നു.

(വമ്പിച്ച ചിറകടി)

ഞാൻ തുടരട്ടെ‌-

ഈ മനുഷ്യർക്ക് ഒരു ഭാവനയുണ്ട്. ഈ ഭൂമി അവന്റെയൊക്കെ അപ്പനമ്മമാർ സമ്പാദിച്ചതാണെന്നാണു അവരുടെ വിചാരം. ഒരു സ്ഥലം തന്റേതാണെന്ന് തോന്നിക്കഴിഞ്ഞാൽ അതിനവൻ ആദ്യം അതിരിടുന്നു. എലുകയും തണ്ടപ്പേരും നിശ്ചയിക്കുന്നു. സർവ്വേ നമ്പർ പതിച്ച് കരം കൊടുക്കുന്നു.
എന്തു പ്രയോജനം?
അവനു, അവനേപ്പോലുള്ള മനുഷ്യജന്തുക്കൾ പ്രവേശിക്കുന്നത് തടയാം. അവൻ വളർത്തുന്ന പക്ഷിമൃഗാദികളേയും തടയാം.
നമ്മെ പറ്റുമോ?
കാക്കയേയും കീരിയേയും പന്നിയെലിയേയും പറ്റുമോ?
കാറ്റ് വീശരുതെന്നും, മഞ്ഞ് പൊഴിയരുതെന്നും, മഴ പെയ്യരുതെന്നും പറയാൻ പറ്റുമോ? പേടിത്തൊണ്ടന്മാർ അതിനും ശ്രമിച്ചു. വീടുണ്ടാക്കി. അന്തച്ഛിദ്രങ്ങൾ കൊണ്ട് മിക്കവാറും എല്ലാ വീടുകളും ഇന്ന് കുട്ടിച്ചോറായിട്ടുണ്ട്.

ഏറ്റവും വികാസം പ്രാപിച്ച ബുദ്ധികേന്ദ്രം എന്ന് മനുഷ്യൻ അഭിമാനിക്കുന്ന അവന്റെ രണ്ടരക്കിലോ തലച്ചോർ കൊണ്ട് നന്നായി പ്രയോജനപ്പെട്ടിട്ടുള്ളത് വിനാശകരമായ പ്രവർത്തനങ്ങൾക്കാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ലക്ഷകണക്കിന് ആളുകൾ ചത്തൊടുങ്ങിയ രണ്ട് മഹായുദ്ധങ്ങൾ അവനുണ്ടാക്കി. ഏറ്റവും താഴ്ന്ന പടിയിലുള്ള നാൽക്കാലി പോലു അറയ്ക്കുന്ന ഹിംസയാണ് അവൻ ചെയ്ത് കൂടിയത്.
മൃഗങ്ങൾ പോലും ഭക്ഷണത്തിനും ആത്മരക്ഷയ്ക്കും മാത്രമെ സാധരണ ഹിംസ നടത്താറുള്ളു.
ഇവന്മാരോ?
ജാതിക്ക്,
മതത്തിന്,
അധികാരത്തിന്,
അതിരുകൾക്ക്
ചിലപ്പോൾ വാശിക്കും വെറും രസത്തിനും.
ഇവന് ആരാപ്പാ മനുഷ്യനെന്ന് പേരിട്ടത്?

ലോകമഹായുദ്ധങ്ങളിൽ ചത്ത് വീണ മനുഷ്യജന്തുക്കളുടെ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നറിയില്ല. മുൻപ് ഒരു ജന്മത്തിൽ ഞാനത് കണ്ടിരുന്നത് ഓർക്കുന്നു.

പടക്കളത്തിലും തടവറകളിലും ശവങ്ങൾ! മുറിവേറ്റവരും അംഗഭംഗം വന്നവരും വേറേ. കുറേയൊക്കെ ഷവലിൽ കോരിയെടുത്ത് അവന്മാർ തന്നെ കുഴിച്ചിട്ടു. കുറെ പെട്രോൾ ഒഴിച്ചു കത്തിച്ചൂ! പിന്നെയും ശവങ്ങൾ അവശേഷിച്ചു. കുറേ അവന്മാർക്ക് തിന്നാമായിരുന്നു. യുദ്ധം കഴിഞ്ഞപ്പോൾ പട്ടിണീയായിരുന്നല്ലോ ലോകമെങ്ങും. അതവന്മാർ ചെയ്തില്ല.

പരമകാരുണികനായ് ദൈവം അന്ന് നമ്മുടെ പിതാമഹന്മാരോട് പറഞ്ഞു;

‌-ഭൂമി നാറുകയാണ്. എനിക്കാകെ നാണക്കേടായി, കൂട്ടരെ. നിങ്ങൾക്ക് ഇതിൽ എന്നെ സഹായിക്കാൻ കഴിയും. എന്ത് പറയുന്നു...

വിവേകശാലികളായ അവർ പറഞ്ഞു.

-ദൈവമെ ഞങ്ങൾക്ക് ഈ കർമ്മം വിധിക്കാതിരിക്കു. അവിടുത്തെ ഇച്ഛപോലെ ഈ ശവങ്ങളൊക്കെ ദ്രവിപ്പിച്ച് ഭൂമി നാറാതെ വയ്ക്കാം. പക്ഷെ അതിന്റെ ആവശ്യമുണ്ടോ? അവർ എന്തിനാണു ഈ ഹിസകൾ നടത്തിയത്? അഹങ്കാരം. ദുര. മത്സരം, അല്ലെ? മനുഷ്യരിലെ ആത്മവിനാശകരമായ അത്തരം വാസനകൾ ഞങ്ങളിലേക്ക് കയറിപ്പറ്റിയാൽ ഈ ലോകത്തിനു എന്തു സംഭവിക്കും എന്നവിടുന്നു ദയവായി ചിന്തിച്ചു നോക്കണം. അല്പായുസ്സുകളാണെങ്കിലും ഞങ്ങൾക്ക് പെരുകാൻ അധികം സമയം വേണ്ട. അതാണല്ലോ അവിടുത്തെ നിശ്ചയം. മനുഷ്യന് ഒരു സഹായം ചെയ്ത് കൊടുത്ത് ഞങ്ങൾ ദുഷിച്ചവരായി പെരുകി വരുമ്പോൾ അവന്റെ നാശോന്മുഖബുദ്ധി വീണ്ടും ഉണർന്ന് പ്രവർത്തിക്കില്ലെ? അവനോട് സാദൃശ്യം പുലർത്തുന്ന, ഞങ്ങളിൽ കയറിപ്പറ്റിയ അവന്റെ വാസനകൾ ഞങ്ങളെ ഒറ്റു കൊടുക്കില്ല? ഞങ്ങളുടെ കുലമറ്റുപോകില്ലെ?

ദൈവം ഖിന്നനായി.

ദൈവത്തിന്റെ ആ ഇരിപ്പ് പരമ ദയനീയമായിരുന്നു. തന്റെ സ്വരൂപത്തിൽ ഒരു സൃഷ്ടി നടത്തിയതിൽ അന്നു ആദ്യമായി ദൈവം ദുഖിച്ചു.

ലോകമെങ്ങും ചിതറികിടക്കുന്ന പടക്കോപ്പുകൾ. അവയ്ക്കിടയിൽ അഴുകാതെ കിടക്കുന്ന ശരീരങ്ങൾ. കല്ലിൽ കൊത്തിയ പോലുള്ള ഹിംസയുടെ ചിത്രങ്ങൾ. അവയ്ക്ക് മീതെ പ്രഭാതങ്ങൾ ഉദിക്കുന്നു. രാത്രികൾ അമരുന്നു. മഴ പെയ്യുന്നു. മഞ്ഞ് പൊഴിയുന്നു. കാറ്റ് വീശുന്നു. പനിനീർപുഷ്പങ്ങൾ നാമ്പു നീട്ടുന്നു. എത്ര ദാരുണമായ കാഴ്ച.

ദൈവം കണ്ണുകൾ ഇറുക്കിയടച്ച് തല കുടഞ്ഞു. മായയുടെ പ്രലോഭനത്തിനു സ്വയമറിയാതെ അല്പനേരം ദൈവവും വശംവദനായി.

ആ കാഴ്ച മനുഷ്യനൊഴികെയുള്ള പ്രകൃതിജീവികൾക്കൊക്ക് ദുഖകരമായിരുന്നു. ഞങ്ങൾക്കത് സഹിക്കാനായില്ല.

‌-ദൈവമെ വ്യസിനിക്കേണ്ട. അങ്ങ് പറയുന്നതെന്തും ഞങ്ങൾ ചെയ്യും. ഞങ്ങൾക്ക് അവിടുന്നല്ലാതെ മറ്റൊരു ആശ്രയവും ഇല്ല.

ദൈവം കണ്ണ് തുറന്നു.

എല്ലാം മറക്കുവാനും എല്ലാം പൊറുക്കുവാനും മനുഷ്യന് ഒരവസരം കൊടുക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. വേദനാജകമായ ഹിംസയുടെ ചിത്രങ്ങൾ മാഞ്ഞു പോകട്ടെ. അവ നേരിട്ട് കണ്ടും അനുഭവിച്ചും പുത്തൻ ജന്മങ്ങൾ തകർന്നു പോകാതിരിക്കട്ടെ. അവൻ ഇടക്കിടെ അതോർത്തുകൊള്ളട്ടെ എന്ന് വിചാരിച്ച് ചരിത്രത്തിന്റെ താളുകളിലേക്ക് ഒളിച്ചു വയ്ക്കാം. നിങ്ങളുടെ വംശത്തിനു ഒരു കുറവും സംഭവിക്കില്ല. ഇനിയൊരിക്കൽ മനുഷ്യൻ മദിച്ചാൽ അവന്റെ അവസാനം നിങ്ങളിലൂടെ ആയിരിക്കുമെന്ന് ഞാൻ വാഗ്ദാനം തരുന്നു.

അതു പറഞ്ഞ് ദൈവം മറഞ്ഞു.

പക്ഷെ മനുഷ്യൻ ആദ്യം ചെയ്തത് ചരിത്രം മറക്കുകയായിരുന്നു. ചരിത്രത്തിൽ നിന്നും ആരും ഒന്നും പഠിക്കുന്നില്ല എന്നു പറയുന്നത് എത്ര ശരിയാണ്.

കൃഷിവ്യവസായം എന്നൊരു അഹങ്കാരം അവനിലുണ്ടായതാണ് കീടകുലത്തിനു വിനാശമായത്.

വളരെ പണ്ട് നമ്മോട് സഹവർത്തിച്ച് അന്നമുണ്ടാക്കാൻ മനുഷ്യൻ ശ്രമിച്ചിരുന്നു. ആ കലമെല്ലാം പോയി.

അന്ന് കൃഷിക്കാർ തന്നെയായിരുന്നു കൃഷി ശാസ്ത്രജ്ഞന്മാരും. മനുഷ്യർക്കു മനുഷ്യപറ്റുള്ള സമയം. പതുക്കെ അവനിൽ മോഹമുദിച്ചു. അദ്ധ്വാനിക്കാതെ എങ്ങനെ അന്നം നേടാം എന്ന് അവന്മാർ ചിന്തിക്കാൻ തുടങ്ങി. കൃഷി പഠിപ്പിക്കാൻ സർവകലാശാലകൾ ഉണ്ടായത് അങ്ങനെയാണ്. അവിടെ പഠിച്ചിറങ്ങിയവർ കൃഷി ചെയ്തില്ല. തന്റെ വേഷവിധാനങ്ങൾ കൊണ്ടും ധാടി മോടി കൊണ്ടും സാങ്കേതിക ശബ്ദങ്ങൾ ഉരുവിട്ടും കൃഷിക്കാരനെ അവർ കൃഷിയിടത്തിൽ നിന്നും ഓടിച്ചു വിട്ടു. ഇടത്തട്ട്കാരനോടും കച്ചവടക്കരനോടും അധികാരികളോടും ചങ്ങാത്തം പിടിച്ചു. ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞു കൂടുതൽ ചെലവു ചെയ്യിച്ചു. ദിനം പ്രതി കൃഷി നഷ്ടമായി വന്നു. കച്ചവടക്കാരനും ഇടത്തട്ടുകാരനും ശാസ്ത്രജ്ഞനും ചേർന്നു കൃത്രിമങ്ങൾ അവതരിപ്പിച്ചു. വിത്തില്ലാത്ത പഴം. ഭൂഷണിക്കാൻ രാസവസ്തുക്കൾ. പ്രകൃതിയിൽ നിന്നു ഭിന്നമായി ഒരേകാലത്ത് പൂക്കാനും കായ്കാനും മരുന്നുകൾ. അവന്റെ അന്തസാര ശൂന്യതയ്ക്ക് പ്രകൃതി അർത്ഥരഹിതമായ ഫലങ്ങൾ മാത്രമെ കൊടുത്തുള്ളു. ലോഭം മൂർച്ഛിച്ച അവനും കൂട്ടാളികൾക്കും പക നുരഞ്ഞു പൊന്തി.

പ്രകൃതിയെ കൊല്ലാൻ മണ്ണിലും കാറ്റിലും വെള്ളത്തിലും അവൻ വിഷം ചേർത്തു.

നമുക്ക് ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
എത്ര പകയോടെയാണ്, അവന്റെ പദപ്രയോഗം തന്നെ.

കീടനാശിനി!

എന്നിട്ടിപ്പോൾ എന്തായി.

അത് അവൻ തന്നെ കുടിച്ച് തുടങ്ങിയിരിക്കുന്നു. വിഷ വീര്യത്തിൽ അവന്റെ തന്നെ കോശങ്ങൾ മരണവെപ്രാളപ്പെടുകയാണ്. അവ ജനിതകങ്ങളെ മാറ്റി മറിയ്ക്കാൻ തുടങ്ങി. ദൈവം ചരിത്രത്തിൽ മറച്ചു വച്ച ദുരന്ത ചിത്രം അവന്റെ മുന്നിൽ ജീവനെടുത്തു നിൽക്കുന്ന ദുഖകരമായ് കാഴ്ചയിൽ എത്തിൽ നിൽക്കുന്നു അവന്റെ വിഷമയമായ മോഹം.

ഒരിക്കൽ ദൈവത്തോട് സഹതപിച്ചതിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. മനുഷ്യനോട് ഇനിയൊരു സഹതാപത്തിന്റെ ആവശ്യമില്ല. അവൻ കണ്ടിട്ടില്ലാത്ത കാടുകൾ ഇനിയും ഭൂമിയിലുണ്ട്. കുംബളങ്ങി പോലെ ജൈവസംരക്ഷിത മേഖലകൾ വേറെ ഉണ്ട്. നമുക്ക് അവിടെയൊക്കെ പോകാം. തണ്ടുതുരപ്പനും മുഞ്ഞയും മഞ്ഞക്കീടവുമായി അർമ്മാദിച്ചു നടക്കാം. മനുഷ്യൻ അവിടേയും കീടനാശിനിയുമായ് വന്ന് കൊള്ളും. മണ്ണിലും വെള്ളത്തിലും കാറ്റിലുമവൻ വാരിവിതറും. അവന്റെ തന്നെ അമ്മ പെങ്ങന്മാരും കുഞ്ഞുങ്ങളും അത് കഴിച്ചു കൊള്ളും. കാലം ചെല്ലുമ്പോൾ നമ്മെ കൊന്നു തീർത്തതു പോലെ അവനും ഇല്ലാതായിക്കൊള്ളും. മനുഷ്യനില്ലെങ്കിൽ എന്തിനു കീടനാശിനി. എന്തിനു കീടനാശിനിക്കമ്പനികൾ?

(വമ്പിച്ച ചിറകടി)


അവൻ തന്നെ അവനെ കൊന്ന് തീർന്നു കഴിയുമ്പോൾ നമുക്ക് ശാന്തമായി സുഭിക്ഷമായ് ഈ ഹ്രസ്വജന്മങ്ങൾ ആസ്വദിച്ചു തുടങ്ങാം. അതിനായി അധികകാലം കാത്തിരിക്കേണ്ടി വരില്ല. അതുവരേയും കീടനാശിനി കമ്പനികളുടെ നിലനിൽ‌പ്പിനായ് പ്രാർത്ഥിക്കണം.

മേമ്പൊടി

(കീടാചാര്യൻ അങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ ഒരു ചെറുകീടം ചോദ്യവുമായ് എഴുന്നേറ്റു)

? എൻഡോസൾഫാനെതിരെയുള്ള സമരം വന്ദ്യവയോധികനായ കീടാത്മാവിന്റെ ശ്രദ്ധയിൽ പെട്ടില്ലെ?

= (ച്രിരിക്കുന്നു) അതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല കുഞ്ഞേ. ഈ എൻഡോസൾഫാൻ പോയാൽ വേറൊന്നു. വിഷം ഉണ്ടായിരിക്കണമെന്നത് മനുഷ്യനു കിട്ടിയ ശാപമാണു. ഒരുപകാരം ചെയ്തതിനു നമുക്ക് കിട്ടിയതും അത് തന്നെ. അപ്പോൾ പിന്നെ പുതിയൊരു വിഷം വന്നെ തീരു. അതിനു ലാക്കുനോക്കിയിരിക്കുന്ന മുതലാളിമാർ ഉണ്ട്. ഒരു വിഷം അങ്ങനെ കൊണ്ടുവരാൻ പറ്റില്ല. അത് ജനങ്ങളിൽ എത്തിക്കാൻ പരസ്യം കൃഷിയാഫീസറന്മാർ രാസവസ്തുവിഭാഗത്തിലെ ഗുമസ്തന്മാർ തുടങ്ങിയവർക്കുള്ള ദക്ഷിണ ഒക്കെയായി എന്ത് ചെലവ് വരുമെന്നാ കുഞ്ഞിന്റെ വിചാരം? അതൊഴിവാക്കാൻ എന്താ മാർഗ്ഗം? ഒന്നു മാറ്റി അതിനു പകരമായി കയറുക. അതിനു പൊതുജന ങ്ങളേക്കൊണ്ട് പറയിപ്പിക്കണം. അതു ചെയ്തു കൊടുക്കുന്ന സന്നദ്ധസംഘടനകൾക്കും മാദ്ധ്യമങ്ങൾക്കും പുതിയ ബ്രാൻഡിന്റെ ഉടമകൾ കനത്ത പാരിതോഷികം നൽകും. എല്ലാ കീടനാശിനിയും നിരോധിക്കും എന്നു പറഞ്ഞാലെ ഭയപ്പെടേണ്ടതുള്ളൂ. ദൈവം സഹായിച്ച് അതുണ്ടാവില്ല. പെണ്ണുമായി നാടുചുറ്റാൻ പോയവനെ കുത്തിനു പിടിച്ച് വിവാദമുണ്ടാക്കാൻ കഴിയുന്ന രാഷ്ട്രീയക്കാർക്ക് പക്ഷെ വിഷമടിക്കുന്ന മുതലാളിയുടെ കുത്തിനു പിടിക്കാനാവില്ല. പഴയ തലവെട്ടുകാരും പുതിയ കൈവെട്ടുകാരുമൊക്കെ നാവുകൊണ്ടുള്ള അഭ്യാസത്തിലേക്ക് ചുരുങ്ങിയത് ദൈവഹിതം മാനിച്ചാ കുഞ്ഞേ. അതിനു പ്രശസ്തിയും പണവും കിട്ടും. മനസിലായോ?

Tuesday, August 11, 2009

H1N1 ന്റെ പ്രയോക്താക്കൾ ആര്?

പന്നിപ്പനി അനാവശ്യമായി ആശങ്കപ്പെടേണ്ട ഒരു രോഗമാണെന്ന് തോന്നുന്നില്ല. കാര്യവിവരമുള്ളവർ അതിനെ അങ്ങനെ കരുതുന്നുമില്ല. പന്നിപ്പനിയെ ഭീഷണമാക്കുന്നത് മാദ്ധ്യമങ്ങളാണു. അക്കാര്യത്തിൽ അവർ ഒറ്റക്കെട്ടാണു. പന്നിപ്പനിക്ക് ആസ്പദമെന്ന് പറയുന്ന H1N1 വൈറസ് പുതിയ ഒരിനമല്ല. അവയെക്കുറിച്ച് പഠനങ്ങൾ മുൻപ് തന്നെ നടന്നിട്ടുണ്ട്. ആ മാന്യവൈറസ്സ് അല്ലലുകളോ ആവലാതികളോ ഇല്ലാതെ ജീവിച്ച് പോരികയായിരുന്നു. അതിനെ മനുഷ്യജന്തുവിൽ കണ്ടെത്തി എന്ന് പറയുന്നിടത്താണു ഈ കോലാഹലമൊക്കെ തുടങ്ങുന്നത്. അതും അത്രയങ്ങ് അപ്രതീക്ഷിതമോ അവിചാരിതമോ ആണെന്ന് വിശ്വസിക്കാനുമാവില്ല.

ഇക്കഴിഞ്ഞ മേടത്തിൽ മെക്സിക്കോവിലും അമേരിക്കയിലും അവന്റെ അസാധാരണമായ വ്യാപകത്വം ഉണ്ടായി എന്ന് ആരോഗ്യക്കച്ചവടക്കാരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു തുടങ്ങുന്നു. അത് പൊതുജന നന്മയെ ലക്ഷ്യമാക്കിയുള്ള ഒരു അറിയിപ്പായിരുന്നു എന്ന് വിചാരിക്കണ്ട. കാരണം പ്രചരണത്തിന്റെ പോക്ക് അതിനു അനുഗുണമായിരുന്നില്ല. വൈറസിന്റെ ആഗമനം നടുക്കുന്ന വിധത്തിൽ ആകാൻ WHO എന്ന കഴമ്പില്ലാ കമ്പനി സഹായിച്ചു കൊടുക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ സംഘടന നമുക്ക് ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം കടന്നിരിക്കുകയാണ്. അത് നിലവിൽ വന്നതിനു ശേഷം ഹെൽത്ത് ബിസിനസ്സ് വർദ്ധിച്ചതല്ലാതെ ആഗോളതലത്തിൽ മനുഷ്യന്റെ ആരോഗ്യത്തിനു എന്തു ഗുണമുണ്ടായിട്ടുണ്ട്? ഈ ഒരു കാര്യം ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. ആദ്യം അത് ചെയ്യണം. എന്നിട്ട് വേണം അവർ പറയുന്നത് കേൾക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.

മനുഷ്യന്റെ ആരോഗ്യപരിപാലനരംഗത്ത് ആധുനിക വൈദ്യം അമ്പേ പരാജയപ്പെട്ട് നിൽക്കുകയാണു. യഥാർത്ഥ രോഗങ്ങളേക്കാൾ ആശുപത്രിജന്യ രോഗങ്ങൾ കൂടിയിരിക്കുന്നു. ഇത് മനസിലാക്കാൻ സാമാന്യ യുക്തി മതി. പക്ഷെ ആധുനിക കാലത്ത് ആ ഫാക്കൽറ്റി പ്രയൊജനപ്പെടുത്താൻ ആരും തയ്യാറാകുന്നില്ല.

ഒരു രോഗവുമായി ആശുപത്രി കയറുന്ന വ്യക്തി പണ്ടേപ്പോലെ പൂർണ്ണ ആരോഗ്യത്തോടേ അല്ല തിരിച്ചു വരുന്നത്. ഒട്ടനവധി രോഗങ്ങളുടെ വിത്തുകളുമായിട്ടായിരിക്കും മടക്കം. പിന്നെ അതിന്റെ ചികിത്സയായി. ഇത് ചാക്രികമായി തുടരും. അത് അവസാനിക്കുന്നത് രോഗിയുടെ മരണത്തിലോ കുടുംബത്തിന്റെ സാമ്പത്തിക തകർച്ചയിലോ ആയിരിക്കും. അതു വരെ ആ രോഗി ആശുപത്രി വ്യവസായത്തിനു ഇരയാകുകയാണു. ഈ വസ്തുത കണ്ടില്ലെന്ന് നടിക്കാനാണു രോഗിക്കും ബന്ധുക്കൾക്കും താൽ‌പ്പര്യം. രോഗവും ചികിത്സയും അഭിമാനത്തിന്റെ പ്രശ്നമാണിന്ന്. രോഗി രക്ഷപ്പെടുന്നില്ലെങ്കിൽ കൂടി കൂടുതൽ ചെലവുള്ള ചികിത്സ ചെയ്തു എന്ന് അഭിമാനിക്കാനാണു ലോകർ ഇഷ്ടപ്പെടുന്നത്. ഇതു മുതലെടുത്തുകൊണ്ട് ആശുപത്രികളും ലാബുകളും മെഡിക്കൽ ഇൻഷ്വറൻസ് കമ്പനികളും തഴച്ചു വളരുന്നു.

രോഗം ചികിത്സിക്കപ്പെട്ട് ഭേദമാകുന്നില്ല എന്ന പ്രതിസന്ധി തരണം ചെയ്യാൻ ലോകം എമ്പാടും മെഡിക്കൽ കമ്പനികൾ - മരുന്നുണ്ടാക്കുന്നതും ആശുപത്രികൾ നടത്തുന്നതും ക്ലിനിക്കൽ ടെസ്റ്റുകൾ ചെയ്യുന്നതും - പലതരം രോഗങ്ങളുടെ ആശങ്കകൾ പരത്തി ജനതയെ മുൾമുനയിൽ നിർത്തുന്നു. അതിന്റെ ഭാഗമായിട്ടാവില്ലെ പുതുരോഗങ്ങളുടെ കഥകൾ പ്രചരിക്കുന്നത്?

സൂക്ഷ്മമായി പരിശോധിച്ചാൽ കഴിഞ്ഞ 10 വർഷത്തിനിടെ പുറത്തിറങ്ങിയ ഒട്ടു മിക്ക രോഗങ്ങളും നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞിരുന്ന രോഗത്തിന്റെ തന്നെ വ്യതിയാനങ്ങൾ (VARIENTS) ആണ്. പുതിയ രോഗങ്ങൾ അല്ല. അവയെ കീഴടക്കാൻ നിലവിലുള്ള മരുന്നും ചികിത്സാ രീതിയും മതി. പക്ഷെ അത് ധീരമായി പറയാൻ ഡോക്ടറന്മാർക്ക് ഇന്ന് കഴിവില്ല. വ്യവസായികൾ അവരെ വിലയ്ക്കെടുത്ത് വച്ചിരിക്കുകയാണു. കോടികൾ വരെ ചെന്നെത്തുന്ന ആധുനിക മെഡിക്കൽ വിദ്യാഭ്യാസത്തിനു ചെലവാകുന്ന പണം തിരികെ പിടിക്കുന്നതിനു പ്രയാസപ്പെടുന്ന ആധുനിക ഡോക്ടറന്മാർ വ്യവസായികളുടെയും വണിക്കുകളുടേയും കെണിയിൽ പെട്ടുപോയാൽ അത്ഭുതമില്ല.

H1N1 ന്റെ കഥയെടുത്താലും ഒരു സാധാരണ വൈറൽ‌പ്പനിയുടെ ഗണത്തിനു അപ്പുറം അതിനെ പെടുത്താനാവില്ല. പന്നിപ്പനി വൈറസ് ആരേയെങ്കിലും കൊല്ലുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്ന ഒരു രോഗിയിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടാൽ ഉടൻ മരണകാരണം ഈ വൈറാവിയാണെന്ന് നിശ്ചയിക്കുന്നു. ഇന്ത്യയിലാണു ഈ ശീലം വ്യാപകമായിരിക്കുന്നത്. വിദേശത്ത് പലപ്പോഴും യഥാർത്ഥ മരണകാരണം തന്നെ റിപ്പോർട്ടിൽ ചേർക്കും.

ഈ വൈറസ്സ് ബാധിച്ച എല്ലാവരും മരിക്കുന്നില്ല ശ്രദ്ധിച്ചിട്ടുണ്ടോ? അത്രേയുള്ളു അതിന്റെ ഭീഷണി. രോഗബാധിതരായി ചികിത്സ തേടിയെത്തുന്ന മിക്കവരും രോഗവിമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. രോഗ പഠനങ്ങളിൽ മരണം ഒരു Exeception ആയിക്കാണണം. രോഗമില്ലെങ്കിലും മനുഷ്യൻ മരിക്കും. രോഗിയും മരിക്കും. അതിനു ചില സന്ദർഭങ്ങളിൽ രോഗം ഒരു നിമിത്തമാകാമെന്നേയുള്ളു. ആ തീരുമാനത്തിൽ എത്തെണമെങ്കിൽ അത്രയ്ക്ക് കൂടിയ അളവിൽ ആ രോഗം കൊണ്ട് മരണം ഉണ്ടാകണം. ഇവിടെ അത് സംഭവിക്കുന്നില്ല. എന്നിട്ടും മരണത്തെ ചൂണ്ടിക്കാണിച്ച് ആശങ്കകൾ ഉണർത്തി വിടുന്നത് ഒരു കുടില തന്ത്രം മാത്രമായേ കരുതാവു. അതിനു മാദ്ധ്യമങ്ങൾ സഹായം ചെയ്തു കൊടുക്കുന്നു. ആ കർമ്മത്തിനു അവർ വേണ്ടവിധത്തിൽ സൽക്കരിക്കപ്പെടുന്നുണ്ടാവണം. അല്ലെങ്കിൽ ഒരേ ദിവസം ഒരേ തലക്കെട്ടോടെ എല്ലാ മാദ്ധ്യമങ്ങളും ആശങ്കയുടെ ആ വാർത്ത ഒരേ പോലെ കൊടുക്കുമായിരുന്നില്ല. മാദ്ധ്യമങ്ങൾക്ക് അതിന്റെ വരിക്കാരോട് അല്പമെങ്കിലും പ്രതിബദ്ധതയുണ്ടായിരുന്നെങ്കിൽ രോഗബാധിധരിൽ കൂടുതലും പേരും ആരോഗ്യത്തിലേക്ക് മടങ്ങുന്ന ചിത്രം പ്രചരിപ്പിച്ച് ബാക്കിയുള്ളവരെയെങ്കിലും ആത്മവിശ്വാസത്തിലേക്ക് നയിക്കുമായിരുന്നു. അങ്ങനെ ചെയ്യാതിരിക്കുന്നതിന്റെ പിന്നിൽ മാദ്ധ്യമങ്ങൾ വലിയ എന്തോ ലാഭം പ്രതീക്ഷിക്കുന്നു. പണമായോ അവസരങ്ങളായോ. ഈ കുത്സിതത്വം ചലിപ്പിക്കുവാൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും വിശ്വസിക്കണം. മാദ്ധ്യമങ്ങളും ആരോഗ്യ കച്ചവടക്കാരും, NGO കളും ചേർന്ന വലിയ ഒരു ഗൂഡ സംഘം. അവരെ തിരിച്ചറിയുകയാണ് ഇനി വേണ്ടത്.
*****************************************************
മേമ്പൊടി
*****************************************************
  • യഥാർത്ഥത്തിൽ H1N1 വൈറസ് ശക്തി കുറഞ്ഞ ഇനത്തിൽ പെട്ടതാണു.
  • സാധാരണ പകർച്ചപ്പനിയുടെ അത്ര മാരകമല്ല
(ആരോഗ്യ വകുപ്പ് സെക്രട്ടറി, ഭാരത സർക്കാർ)
*****************************************************
  • ലോകമെമ്പാടും പന്നിപ്പനി ബാധിച്ച 95% പേരും സുഖം പ്രാപിച്ചു കഴിഞ്ഞു.
  • രോഗബാധിധരിൽ 6% നു മാത്രമേ ആസ്പത്രിയിൽ കിടത്തി ചികിത്സ വേണ്ടി വന്നുള്ളു.
  • അതിൽ തന്നെ തീവ്രപരിചരണ ശുശ്രൂഷ 2% നു മാത്രം
  • (രൺദീപ് ഗുലേറിയ, AIMS മെഡിസിൻ വിഭാഗം മേധാവി)

*****************************************************

അനുപാനം
പന്നിപ്പനിയേപ്പറ്റി മുൻപ് പ്രസിദ്ധീകരിച്ച പോസ്റ്റുകൾ കൂടി ശ്രദ്ധിക്കുക
അവ താഴെ ലഭ്യമാണു