പണ്ടത്തെ ഏറ്റവും വലിയ അന്ധവിശ്വാസങ്ങളിലൊന്നായിരുന്നു അരകല്ല്. അതു വക്കാൻ സ്ഥാനമൊക്കെയുണ്ട്. അടുപ്പിനരികിൽ അരകല്ല് സ്ഥാപിക്കില്ല. ഒരുകഷണം മഞ്ഞൾ അരച്ചുകൊണ്ടാണു പണ്ടുള്ളവർ ഓരോദിവസത്തേയും അരപ്പ് ആരംഭിക്കുന്നതു. മഞ്ഞൾ ‘വിഷഹര‘മാണെന്നു ഇന്നു എല്ലാവർക്കുമറിയാം. ശാസ്ത്രികളും അതു സമ്മതിക്കുന്നുണ്ട്.
പ്രത്യേകം തിരഞ്ഞെടുത്ത കല്ലുകളായിരുന്നു പഴയ അരകല്ലുകൾ ഉണ്ടാക്കാൻ എടുത്തിരുന്നതു. കൂട്ടിയുരച്ചാൽ ഗന്ധകം മണക്കരുതു എന്നാണു ഒന്നാമത്തെ മാനദണ്ഡം. അരകല്ലിൽ ആദ്യം മഞ്ഞളരയ്ക്കുമ്പോൾ പിന്നീട് അരയ്ക്കുന്ന സാധനങ്ങളിലെല്ലാം മഞ്ഞളിന്റെ അംശം കലരും. അതെല്ലാം വയറ്റിൽപ്പോയി വിഷങ്ങളെ പരിഹരിക്കുമെന്നാണു വിശ്വാസം. അമ്മായിഅമ്മയെപ്പോലും അതിൽവച്ച് അരച്ചെടുത്താൽ വിഷം കാണില്ല എന്നാണു പറയാറ്!.
അരകല്ലിൽ എന്തോ സൂക്ഷ്മലോകം ഉണരുന്നതായി പണ്ടുള്ളവർ വിശ്വസിച്ചിരുന്നു. ഇക്കാലത്തെ ഭാഷയിൽ പറഞ്ഞാൽ അമ്മിക്കല്ലിൽ നാനോതലത്തിലാണു അരവ് നടക്കുന്നതെന്നാവും അവർ ഉദ്ദേശിച്ചതു. മഞ്ഞൾ, മുളകു, ഇഞ്ചി തുടങ്ങിയവ കല്ലിൽ വച്ചു അരച്ചെടുക്കുമ്പോൾ അവയുടെ ജൈവഘടന മാറും. അതു ശരീരത്തിനു ഗുണം ചെയ്യുന്നരീതിയിലേക്ക് മാറുമ്പോൾ ‘അരപ്പ് നന്നായി’ എന്നു നമ്മുടെ ഉള്ളിലെ ഓരോ കോശങ്ങളും പറയാൻ തുടങ്ങും. അതു കേട്ടാണു നാമതു വാക്കിലൂടെ പുറത്തുപറയുന്നതു. ഈ അരപ്പ് ഒരുമാതിരിപ്പെട്ട വിഷങ്ങളേയെല്ലാം നിർവ്വീര്യമാക്കിയിരുന്നു.
No comments:
Post a Comment