ഞങ്ങളുടെ കരയിൽ ഒരു കൊല്ലനുണ്ട്. താൻ കൊല്ലനാണെന്നു അഭിമാനിക്കുന്ന ഒരാൾ! പേരുപറയുമ്പോൾ കൊല്ലൻ എന്നുതന്നെ ചേർത്തു വിളിക്കണമെന്നു നിഷ്കർഷിക്കാൻ തക്ക ആത്മാഭിമാനമുള്ളയാൾ.
പരമ്പരാഗതമായ കൊല്ലപ്പണി അപ്പൻ പഠിപ്പിച്ചു. കേരളത്തിലെ സാമൂഹിക മനസ്സ് മാറിത്തുടങ്ങിയ കാലം. കമ്പനി ഉൽപ്പന്നങ്ങളോടായി മലയാളിക്ക് പ്രിയം. നാട്ടിലെ കൊല്ലപ്പണികൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാനാവില്ലെന്നു മനസിലാക്കി ഉത്തരേന്ത്യയിലേക്ക് കടന്നു. പലടത്തും ചുറ്റിക്കറങ്ങി ജലന്ധറിൽ എത്തി. ഇതിനിടയിൽ കൊല്ലപ്പണിയിലെ പലപല നൂതന ആശയങ്ങളുമായി ഇടപെടാൻ കഴിഞ്ഞു. ആർജ്ജിത അറിവുകൾ പരമ്പരാഗത അറിവുമായി കൂട്ടിയോജിപ്പിച്ചു തന്റെയുള്ളിൽ പുതിയൊരു കൊല്ലനെ സൃഷ്ടിച്ചു. “പച്ചിരുമ്പും, പിച്ചളയും, നാകവും മാത്രമല്ല ലോഹങ്ങളെന്നു മനസിലാക്കിയതും, അവയിലുള്ള പണിപഠിച്ചതുമാണു തന്റെ പ്രവാസജീവിതത്തിന്റെ ലാഭ“മെന്നാണു അദ്ദേഹം പറയുന്നതു.
- കേരളത്തിലെപ്പോലല്ല, വടക്ക്. പാരമ്പര്യത്തെ അവിടുള്ളവർ അംഗീകരിക്കും. അതിനെ നവീകരിക്കാൻ ആധുനിക അറിവുകൾ ഉപയോഗപ്പെടുത്താൻ അവർക്ക് മടിയില്ല. അതുകൊണ്ടാണു ഗോദറേജിനു വെറും കൊല്ലപ്പണിയിൽ നിന്നും കൊല്ലപ്പണി വ്യവസായത്തിലേക്ക് ഉയരാൻ കഴിഞ്ഞതു. തങ്ങളുടെ പരമ്പരാഗത അറിവുകളാണു വടക്കുള്ള മിക്കവ്യവസായികളുടേയും വിജയത്തിന്റെ അടിസ്ഥാനം. കേരളത്തിൽ അത്തരം അറിവുകളോട് പുച്ഛമാണു. അതുകൊണ്ടാണു നാം വ്യാവസായികമായോ കാർഷികമായോ വളരാത്തതു.
ജലന്ധറിലെ ഒരു വാട്ടർമീറ്റർ കമ്പനിയിൽ ഫോർമാനായി ചേർന്നു. അന്നു താൻ വാങ്ങിയിരുന്നതു ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ ശമ്പളമായിരുന്നു എന്നു അദ്ദേഹം അഭിമാനത്തോടെ ഓർക്കുന്നു. അതു പണിയിലുള്ള നിപുണത ഒന്നുകൊണ്ടുമാത്രം ലഭിച്ചതാണെന്നു പറയാൻ അദ്ദേഹത്തിനു മടിയില്ല. 17 കൊല്ല്ലം ആ സ്ഥാപനത്തിൽ തുടർന്നു. വയസ്സായിത്തുടങ്ങിയ അച്ഛനമ്മമാരെ ഇനി ശുശ്രൂഷിക്കണം. താൻ പിരിയുകയാണെന്നു അദ്ദേഹം കമ്പനി ഉടമയെ അറിയിച്ചു. ഉയർന്ന ശമ്പളത്തിനോ, മെച്ചപ്പെട്ട സൌകര്യത്തിനോ അല്ല പിരിയുന്നതെന്നു മനസിലായപ്പോൾ ഉടമയുടെ കണ്ണുനിറഞ്ഞു. “നിനക്ക് ഞാനെന്താണു പാരിതോഷികമായി പ്രത്യേകം തരേണ്ടത്?” കമ്പനി വ്യവസ്ഥകൾ പ്രകാരമുള്ള എല്ലാ ആനുകൂല്യവും കിട്ടും. ഇതു തന്റെ സ്വന്തമായ ഒരാഗ്രഹമാണെന്നു പറഞ്ഞപ്പോൾ, അവിടെ അച്ഛന്റെ ആലയുണ്ട്. എനിക്ക് ജീവിക്കാൻ അതു മതിയാകുമെന്നു അദ്ദേഹം പറഞ്ഞു. പ്രവർത്തിയെടുക്കുന്നവനു അധികം പണത്തിന്റെ ആവശ്യമില്ലെന്നാണു ആ വിശ്വകർമ്മാവിന്റെ അഭിപ്രായം. പണം ആർഭാടത്തിനുള്ളതാണു. ജോലി ചെയ്യുന്നവനു ആർഭാടത്തിനുള്ള സമയം കിട്ടില്ല. പിന്നെന്തിനാണു ആവശ്യമില്ലാത്ത പണം?
കൊല്ലപ്പണിയും, അച്ഛനമ്മമാരുടെ ശുശ്രൂഷയുമായി കാലം കടന്നു പോയി. ഇന്നിപ്പോൾ മകനിലാണു ശ്രദ്ധ. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനൊപ്പം കൊല്ലപ്പണിയും മകൻ പഠിച്ചു. വളരെ തൊഴിൽ സാദ്ധ്യതയുള്ള ഒപ്റ്റിക് ഫൈബർ മേഖലയിലാണു മകന്റെ ബിരുദം. പക്ഷെ ആലയിൽ ഇരുന്നു പഴുപ്പിച്ച ഇരുമ്പിനു മീതേ കൂടമടിക്കാൻ ആ മകനു മടിയില്ല. എങ്കിലും ഇപ്പോഴത്തെ സാമൂഹികാന്തരീക്ഷത്തിൽ ഒരു കാഴ്ചസുഖമുള്ളതല്ല ആലപ്പണി. അതു കൊണ്ട് തന്റെ ആലയെ ഒന്നു പരിഷ്കരിച്ചാലോ എന്നു ആലോചിക്കുകയാണു മകന്റെ അച്ഛൻ.
സുക്ഷ്മമായ ഇരുമ്പുപണിക്ക് ശാസ്താംകോട്ട മുതൽ തോട്ടപ്പള്ളിവരെയുള്ളവർ ആശ്രയിക്കുന്നതു ഇദ്ദേഹത്തെയാണു. വെട്ടുകത്തി നിർമ്മിക്കാനോ അതിന്റെ വായ്ത്തല കാച്ചാനോ ഇന്നു പല കൊല്ലന്മാർക്കും അറിയില്ല. കമ്പനി ഐറ്റങ്ങൾ പ്രൊഫഷണലായി ഉപയോഗിക്കാൻ പറ്റില്ല. അതു അനുഭവം. അതുപോലെയാണു മീൻവെട്ടുന്ന കത്തി, പൂട്ടുകൾ തുടങ്ങിയവ. ഇവയൊക്കെ സമന്വയിപ്പിച്ചുകൊണ്ട് ഒരു വ്യവസായ സ്ഥാപനമാണു മനസിൽ. ബ്രാന്റഡ് ഐറ്റംസ്. പണ്ട് ചരാഗ്‌ദിൻ ഷർട്ടുകൾ വാങ്ങാൻ മുംബൈൽ പോകണമെന്നു പറയുന്നതുപോലെ ഇത്തരം ആയുധങ്ങൾക്ക് ആളുകൾ ഇവിടെ വരണം. ഇതിനുള്ള ഏക പ്രതിബന്ധം കൂടം തല്ലാൻ ആളില്ല. ഒരു പവർഹാമർ കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണു. വിപണിയിൽ നിന്നും ഒരു പവർഹാമർ വാങ്ങിയാൽ 2.5ലക്ഷമെ ആകൂ. അതിനുള്ള ആസ്തിയൊക്കെ ഉണ്ട്. പക്ഷെ ഒന്നരയ്ക്ക് അതു ഉണ്ടാക്കാൻ അറിയാം. ഏതു വേണമെന്നു തീരുമാനിച്ചിട്ടില്ല.
താങ്കളുടെ സംരംഭം വിജയിക്കാൻ ബാങ്കുകൾ സഹായിക്കില്ലെ?
വിശ്വകർമ്മാവ് പൊട്ടിച്ചിരിച്ചു. ഒരു വായ്പ എടുത്താൽ അതോടെ മനസ് പണിയിൽ നിന്നും പോകും. പിന്നെ എപ്പോഴും വായ്പതിരിച്ചടക്കുന്നതിനേക്കുറിച്ചാകും ചിന്ത. സാധാരണക്കാർക്കു അങ്ങനെയൊരു കുഴപ്പമുണ്ട്. കടക്കാരനായി ജീവിക്കാൻ അവർക്ക് ആഗ്രഹമില്ല. മനസു നേരെയല്ലെങ്കിൽ പണിശരിയാകില്ല. പണിനന്നായില്ലെങ്കിൽ ആളുകൾ സാധനം വാങ്ങില്ല. അപ്പോൾ വായ്പതിരിച്ചടവ് നടക്കില്ല. പണം തിരിച്ചടയ്ക്കാൻ ആഗ്രഹിക്കാത്തവർക്കുള്ളതാണു ബാങ്ക് വായ്പ. അല്ലെങ്കിൽ ഇത്തരം പരമ്പരാഗത സാങ്കേതിക വിദ്യ ബാങ്കുകൾ ഏറ്റെടുത്തു നടത്തട്ടെ. ഞങ്ങളേപ്പോലുള്ളവരെ വിളിച്ചുവരുത്തി പണിയിക്കട്ടെ.
ചലഞ്ച്?
No comments:
Post a Comment