ദാമ്പത്യബന്ധങ്ങൾ തകരുന്നതിനു കണ്ടുപിടിക്കുന്ന കാരണങ്ങൾ കേട്ടാൽ പൊട്ടിച്ചിരിക്കും. ഈ ലോകത്തുള്ള ഒട്ടുമിക്ക സംഗതികളും അതിലുണ്ട്. സിനിമ. പണം. സ്വത്തു. സ്വർണ്ണം. മദ്യം. അടി, ഇടി ഇന്റെർനെറ്റ്. മൊബെൽ ഫോൺ. പ്രൊഫഷണൽ ഈഗോ. വിദ്യാഭ്യാസം. ഫിലോസഫി. ആക്റ്റിവിസം..... അങ്ങനെ എല്ലാം. പണ്ടും ഇതൊക്കെ ഉണ്ടായിരുന്നു. കള്ളുകുടിക്കുന്ന ഭർത്താക്കന്മാരും. അഗമ്യഗമനവും. സ്വത്തു തർക്കവും. എല്ലാം. ഇതെല്ലാം വച്ചു കൊണ്ടുതന്നെ ഇവിടെ കുടുംബങ്ങൾ പുലർന്നു വന്നു. അതിനു മിടുക്കുള്ള പെണ്ണുങ്ങൾ ഉണ്ടായിരുന്നു. ഇന്നതില്ല. അത്രേയുള്ള കാരണം.
ഇക്കാലത്തു വിവാഹം നടക്കുന്നതു തന്നെ വേർപെടുത്താൻ ചൂണ്ടിക്കാണിക്കുന്ന പരാമീറ്ററുകളുടെ അടിസ്ഥാനത്തിലാണു. പക്ഷെ ഒരു കോടതിയും ചോദിക്കാറില്ല നിങ്ങൾ എങ്ങനെയാണു യോജിച്ചതെന്നു. ചോദിച്ചിരുന്നെങ്കിൽ കോടതി ചിരിച്ചു മണ്ണുകപ്പിയേനെ. രണ്ടിനും ഒരേ കാരണം. അല്ലെങ്കിൽ അതിന്റെ ഡെറിവേറ്റീവുകൾ. തുല്യ വിദ്യാഭ്യാസ യോഗ്യത. ഉന്നത ജോലി. സ്വാതന്ത്ര്യം. ഈക്വൽ ഐഡന്റിറ്റി. അങ്ങനെ യോജിക്കാൻ ഇടയാക്കിയ കാരണങ്ങൾ തന്നെയാകും മിക്കപ്പോഴും പിരിയാനും കാരണം. അപ്പോൾ പിന്നെയെങ്ങിയാണു പിരിഞ്ഞതു? വിവാഹശേഷം മനോഭാവത്തിലുണ്ടായ മാറ്റമായിരിക്കില്ലെ യഥാർത്ഥ കാരണം? ഇണകൾ സ്റ്റാൻഡ് മാറ്റി, കേട്ടാ... പക്ഷെ അതു പുറത്തുപറയാൻ വയ്യ. അപ്പോൾ ദാമ്പത്യത്തിന്റെ വിശുദ്ധിയേക്കുറിച്ചും, ഇണകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ മൂന്നു പേജിൽ കവിയാതെ ഉപന്യാസിക്കേണ്ടി വരും. ഉത്സാഹക്കമ്മിറ്റിക്കാർക്കൊക്കെ അതു ശരിയാണല്ലോ എന്നു തോന്നും. അവർ സിന്ദാബാദ് വിളിക്കും.
വിവാഹമെന്നല്ല ഏതു സാമൂഹികബന്ധവും ഒരു അനുരഞ്ജനമാണു. അതിനുള്ള മേഖലകൾ കണ്ടുപിടിക്കാൻ കഴിയാതെ വരുമ്പോഴാണു ബന്ധങ്ങൾ തകരുന്നതു. മാറിയ സാമൂഹിക സാഹചര്യത്തിൽ ഒരാൾക്കും മറ്റൊരാളെ അംഗീകരിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായിട്ടുണ്ട്. അതു ദാമ്പ്യത്തിലെ അനുരഞ്ജനത്തിനു വിഘാതമായിത്തീരുന്നു. ഒരാളുടെ വീഴ്ച അയാൾ സ്വയം സമ്മതിക്കുകയോ മറ്റേയാൾ ചൂണ്ടിക്കാട്ടിയാൽ അതംഗീകരിക്കുകയോ ചെയ്യില്ല. ഓഫീസിലെ തന്റെ ടീം ലീഡറോട് കാണിക്കുന്ന മമതപോലും ഇണയോട് കാണിക്കാൻ തയ്യാറല്ല. ടീം ലീഡർ പറഞ്ഞാൽ അതു ചെയ്യും. ഇണ പറഞ്ഞാൽ നിനക്കെന്താ ചെയ്താൽ എന്നു തിരിച്ചു ചോദിക്കും. എല്ലാവരും ആഗ്രഹിക്കുന്നതു അവരവരുടെ ഇച്ഛയ്ക്കനുസരിച്ച് വേണം മറ്റുള്ളവർ ജീവിക്കാൻ എന്നാണു. അതു നടക്കുന്നില്ലെങ്കിൽ ഉടൻ സംഘർഷമായി. പിന്നെ ശാന്തമായ ചിന്തകളില്ല. വിട്ടുവീഴ്ചകളില്ല. അനുരഞ്ജനം തകരും. എല്ലാം അടിച്ചുപൊളിച്ച് അവസാനിപ്പിക്കാനാണു പിന്നെ തിടുക്കം.
സ്വാതന്ത്ര്യത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചുമുള്ള ഇന്നുള്ളവരുടെ ദർശനവൈകല്യമാണു ദാമ്പത്യതകർച്ചകളുടെ കാരണം. ഇന്നു ദാമ്പത്യങ്ങളിൽ പ്രവർത്തിക്കുന്നതു ഒരു ത്രില്ലിനു വേണ്ടി പുറത്തുനിന്നും തേടിപ്പിടിച്ചെടുത്ത ഫിലോസഫികളാണു. അവയെല്ലാം കച്ചവടച്ചരക്കുകളുമാണു. അതു മനസിൽ തീർക്കുന്നതു മിഥ്യാലോകമാണെന്നു ആരും തിരിച്ചറിയുന്നില്ല. പുറത്തുള്ള പ്രചാരണങ്ങളിൽ നിന്നും ഭാവന ചെയ്തുണ്ടാക്കുന്ന ലോകം ജീവിക്കാനുതകുന്നതാണോ എന്നാരും ആലോചിക്കാതെയാണു വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നതു. കാമുകിക്ക് വജ്രമാണു പ്രിയപ്പെട്ടതെന്നു മനസിൽ പതിഞ്ഞാൽ നിങ്ങൾ ആ കടമുതലാളിയുടെ അടിമയായിക്കഴിഞ്ഞു. പിന്നെ അയാളുടെ ലോകത്തായി ജീവിതം. അതു പക്ഷെ ഒരു സാധാരണക്കാരനു പറ്റുമോ? അതുപോലെ നിങ്ങളുപയോഗിക്കേണ്ട വാഹനം ഒരു ഓട്ടോ മാനുഫാക്ചറർ നിർണ്ണയിക്കുമ്പോൾ നിങ്ങൾ വെറും തൊമ്മി മാത്രമാകുന്നു. ഇങ്ങനെ ജീവിതത്തിന്റെ ഓരോ മേഖലയിലും ബാഹ്യമായ ഇടപെടലുകൾ അനവധിയാണു. അതിനു അനുഗുണമായി ദാമ്പത്യം മുന്നോട്ടു പോകുന്നില്ലെങ്കിൽ അതു പൊളിയുക തന്നെ ചെയ്യും. അതിനു കാരണങ്ങൾ ഒന്നും അന്വേഷിച്ചു നടക്കേണ്ടതില്ല. ആരേയും പഴി പറയേണ്ടതുമില്ല. ചുമ്മാ അങ്ങ് പിരിയുക. പിന്നെയും ആരുടെയെങ്കിലും വാക്കു കേട്ട് വേറൊരു ലോകം സൃഷ്ടിച്ചാൽ കുറച്ചു കാലം അവിടെയും അസ്വസ്ഥമായി കഴിയാം. പിന്നെ അവിടവും വിടുക. അങ്ങനെ ഗതികിട്ടാതെ അലയുക.
ഏതൊരു മനുഷ്യനും ഒരു ആന്തരികമായ ഏകാന്തതയുണ്ട്. എല്ലാവരും ഏറെ സമയവും ചെലവഴിക്കുന്നതു അവിടെയാണു. അതു തിരിച്ചറിയാൻ കഴിയുന്നതാണു ഒരു മനുഷ്യന്റെ വിജയം. അവിടെയിരിക്കുമ്പോഴാണു അവൻ/അവൾ ശാന്തമാകുന്നതു. അവിടെയിരുന്നു കൊണ്ട് ദാമ്പത്യത്തിൽ ജീവിച്ചു നോക്കു. നിങ്ങളായിരിക്കും ജീവിതത്തിൽ ഏറ്റവും വിജയിക്കുന്ന വ്യക്തി. അവിടെ നിങ്ങൾക്ക് അപരിമേയമായ സ്വാതന്ത്ര്യം കിട്ടും. നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെ അവിടേക്ക് വരും. പക്ഷെ അതിനു നിങ്ങളുടെ അക്കാദമിക്ക് പഠനം പോരാ. ദീർഘകാലം ജീവിച്ച് പല തലമുറകളുടെ അമ്മയായി ഇരിക്കുന്നവരുടെ ജാഗ്രത് സ്വപ്ന സുഷുപ്തികളെ സ്വാംശീകരിക്കണം. ആണായാലും പെണ്ണായാലും. അല്ലെങ്കിൽ കുടുംബകോടതികളിൽ കയറിയിറങ്ങി ജീവിതം പാഴാക്കാം.
No comments:
Post a Comment