ഇന്നത്തെ ഹിന്ദുവിൽ (11-11-14) ഒരു അനുശോചന വാർത്തയുണ്ട്. ജവഹർലാൽ നെഹൃ സർവ്വകലാശാലയിലെ സാമൂഹികശാസ്ത്രജ്ഞൻ മത്യാസ് സാമുവൽ സുന്ദരപാണ്ഡ്യന്റെ നിര്യാണം. അദ്ദേഹത്തെ പരിചയമൊന്നുമില്ല. പക്ഷെ ആ വാർത്തയിൽ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. പ്രഫസറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒരാളുടെ പേരു. ‘അംബേദ്കർ‘. ഒരു പേരിൽ എന്തിരിക്കുന്നു എന്നൊക്കെ ഷേക്സ്പിയറിനു ചോദിക്കാം. പക്ഷെ പല പേരുകൾക്കും ഒരു സ്ഫോടകശക്തിയുണ്ട്. സമൂഹത്തെ മാറ്റിമറിക്കാൻ കഴിയും. അംബേദ്കർ, അയ്യൻകാളി തുടങ്ങിയ പേരുകൾ അത്തരത്തിലുള്ളതാണു.
ഇന്ത്യയിൽ എവിടെയുള്ളയാളായിരിക്കും ഈ അംബേദ്കർ എന്ന യുവാവ് എന്നെനിക്കറിയില്ല. പക്ഷെ തന്റെ മകനു അഭിമാനപൂർവ്വം ആ പേരിടാൻ കഴിഞ്ഞ ആ അച്ഛനമ്മമാർ ശ്രേഷ്ഠരാണു. അവരെ അഭിനന്ദിക്കണം. ദളിത് വിപ്ലവത്തിനു ആഗ്രഹിക്കുന്ന മലയാളികളിൽ എത്രപേർ തങ്ങളുടെ കുട്ടികൾക്ക് ഇതുപോലുള്ള സാമൂഹികപരിഷ്കർത്താക്കളുടെ പേരിട്ടിട്ടുണ്ട്? ഒരാശയത്തോട് ഏറ്റവും ചേർന്നു നിൽക്കാൻ സഹായിക്കുന്നതു അതിന്റെ മുന്നണിപ്പോരാളികളുടെ നാമങ്ങളായിരിക്കും. അതെപ്പോഴും ആശയത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. യൂണിവേഴ്സിറ്റിക്കും, എയർപ്പോർട്ടിനും അവരുടെ പേർ നിർദ്ദേശിക്കുന്നവർക്കെങ്കിലും അതൊക്കെ തങ്ങളുടെ മക്കൾക്കോ കൊച്ചുമക്കൾക്കോ ഇട്ട് മാതൃക കാണിക്കാൻ കഴിയുമായിരുന്നു. ഉത്സാഹക്കമിറ്റിക്കാർ അതു നിർബ്ബന്ധമായും ചെയ്യണമായിരുന്നു.
അങ്ങിനെയൊന്നും സംഭവിക്കുന്നില്ല എന്നു കാണുമ്പോൾ ഇരട്ടത്താപ്പിന്റെ കാരീയമാണു മലയാളി എന്നു വീണ്ടും ഉറപ്പിക്കാം. അല്ലെ?
No comments:
Post a Comment