Thursday, November 20, 2014

ഗിനിപ്പന്നികൾ

മലയാളി വെറും ഗിനിപ്പന്നികളാണു. സ്വയം പരീക്ഷിക്കാനും മറ്റുള്ളവരാൽ പരീക്ഷിക്കപ്പെടാനുമുള്ള ജീവികൾ. പഠിപ്പും, പൌരധർമ്മവുമൊക്കെ ഉണ്ടെന്നു ഗീർവ്വാണമടിക്കും. പക്ഷെ അതൊന്നും പ്രവർത്തിയിൽ കാണില്ല. ജീവനുണ്ടോ എന്നുപോലും പിച്ചിനോക്കണം. വല്ലോം കുറേ വാരിത്തിന്നണം, വാർത്തകളറിയണം, പീസുപടങ്ങളും സീര്യലും കാണണം. വെള്ളമടിക്കണം. കുറേ ഏമ്പക്കമിടണം. ഇത്രേയുള്ളു മലയാളി.

രണ്ടാഴ്ച മുൻപ് കായംകുളം തിരുവല്ല സ്റ്റേറ്റ് ഹൈവേയിലെ കാക്കനാട് റെയിൽ‌വേഗേറ്റ് മൂന്നു ദിവസം അടഞ്ഞുകിടന്നു. ഒരു കുഞ്ഞും പ്രതികരിച്ചില്ല. അനുവദിച്ചതിൽ കൂടുതൽ പൊക്കമുള്ള ഒരു രാജസ്ഥാൻ ട്രക്ക് കടന്നുപോകാൻ ശ്രമിച്ചപ്പോൾ ക്രോസ്ബാറിൽ തട്ടിയതാണു കാരണം. ഗേറ്റിനു അപകടമൊന്നുമുണ്ടായിരുന്നില്ല. സർക്കാർ ഉദ്യോഗസ്ഥർ തനിഗുണം കാണിച്ചു. ഗേറ്റടച്ച് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. അതുവഴി വന്നവർ എന്താകാരണമെന്നു ഒന്നു അന്വേഷിക്കുകപോലും ചെയ്യാതെ ചുറ്റിക്കറങ്ങി മറുപുറത്തു എത്തി. ദിവസവും യാത്ര ചെയ്യുന്നവരും അന്വേഷിച്ചില്ല എന്തിനാ ഗേറ്റ് അടച്ചിരിക്കുന്നതെന്നു. സീര്യലും, വാർത്താചാനലുകളും കണ്ട് വിഭ്രംജിതരാകുന്ന മലയാളിയാണു ഇങ്ങനെ പ്രതികരണമില്ലാതെ പോയതെന്നു ഓർക്കണം. കെട്ടുമ്മൂട്ടിലെ പട്ടിപോലും ഇതിലെത്രയോ ഭേദമാണു. വെറുതെ കുരയ്ക്കുകയെങ്കിലും ചെയ്യും.

എല്ലാ ലവൽക്രോസിലേയും ഗേറ്റ്മാന്റെ കയ്യിൽ ഒരു പരാതിപുസ്തകമുണ്ട്. സേവനാവകാശത്തെപ്പറ്റി വലിയ ഗീർവ്വാണങ്ങൾ അടിച്ചുവിടുന്ന ഒരൊറ്റ മലയാളി പോലും ആ ബുക്കുവാങ്ങി അതിലൊരു കുറിപ്പെഴുതിയിട്ടില്ല. ഗേറ്റ് അടഞ്ഞുകിടക്കുന്നു. തുറക്കണം. അധികം ദൂരെയല്ല എം.എൽ.എയുടെ ഓഫീസ്. എത്രയോ സഖാക്കൾ അതുവഴി തേരാപാരാ നടക്കുന്നു. പോരാത്തതിനു ലോക്കൽ സമ്മേളനങ്ങൾ നടക്കുന്ന കാലവും. ഒരാൾ പോലും എം.എൽ.എയെ അറിയിക്കുകയോ, പാർട്ടിയാപ്പീസിൽ പറയുകയെങ്കിലും ചെയ്തതായി തോന്നുന്നില്ല. മാണിയെ കൂട്ടുപിടിച്ച് മന്ത്രിസഭയുണ്ടാക്കിയാൽ തങ്ങൾ കൂടെക്കാണുകേലെന്നു വീമ്പുപറഞ്ഞ എത്ര സി.പി.ഐക്കാർ ഗേറ്റടഞ്ഞു കിടക്കുന്നതു കണ്ടുകാണും. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ചാത്തത്തിനും, പേരിടീലിനും വരെ എം.പി. വന്നില്ലെങ്കിൽ പരിഭവിക്കുന്ന കോൺഗ്രസ്സുകാരൻ പോലും ആലപ്പുഴയ്ക്കൊന്നു വിളിച്ചില്ല. കെ.സി, മൂന്നു ദിവസമായി കാക്കനാട് ഗേറ്റ് പൂട്ടിക്കിടക്കുകയാണു എന്നറിയിച്ചില്ല. എം.പിയോ, എം.എല്ലെയേ, വേണ്ട പഞ്ചായത്തു പ്രസിഡെന്റെങ്കിലും റെയിൽ‌വേ ഡിവിഷണൽ മാനേജരെ ഒന്നു വിളിച്ചിരുന്നെങ്കിൽ മിനിറ്റുവച്ചു തീരാനുള്ള പ്രശ്നമേ ഉണ്ടായിരുന്നുള്ളു. ആരും ഒന്നും ചെയ്തില്ല!

ഉദ്യോഗസ്ഥർക്കറിയാം ഈ മലയാളി എന്നു പറയുന്നതു വെറും കൊജ്ഞാണന്മാരാണെന്നു. വാചകമടിയേ ഉള്ളു. ചീറ്റും. കൊത്തില്ല! ട്രാഫിക് അനുവദിച്ചു കൊണ്ട് റിപ്പയർ ചെയ്യാവുന്ന കാര്യത്തിനാണു 72 മണിക്കൂർ, തിരക്കുള്ള ഒരു ഗേറ്റ് അടച്ചിട്ടതു. അതവരുടെ മിടുക്കു. തുറന്നുവച്ചു പണിതാൽ ഉത്തരവാദിത്തം കൂടും. ഈ ശമ്പളത്തിനെന്തിനാ അത്രയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്നു അവർക്ക് തോന്നിയെങ്കിൽ അവരെ കുറ്റം പറയാമോ? മലയാളിക്കിതൊക്കെ മതി.

No comments: