Sunday, November 9, 2014

ജൈവകൃഷി

എഫ്.എ.സി.റ്റിയുടെ പ്ലാന്റുകളിൽ പൂച്ച പെറ്റുകിടക്കുന്നു... കമ്പനിക്കു മുന്നിൽ ബീഡിവലിച്ചിരിക്കുന്ന ട്രക് ഡ്രൈവറന്മാർ ഒരുലോഡിന്റെ ഓർഡർ വന്നപ്പോൾ അതിനുവേണ്ടി പരസ്പരം കയ്യേറ്റം നടത്തുന്നു. തമിഴ്നാട്ടിൽ കർഷകർ കൂട്ടം കൂട്ടമായി കൃഷിസ്ഥലങ്ങൾ വിട്ടുപോകുന്നു. കേരളമെങ്ങും ഹരിതാഭ. ഐറ്റി കമ്പനികൾ വിജനം. പണിചെയ്യാൻ ആളെക്കിട്ടാഞ്ഞിട്ട് CEOമാർ വരമ്പുകളിൽ കാവലിരിക്കുന്നു. ഇതാണു ജൈവകൃഷിയുടെ കിണാശേരിയെന്ന സ്വപ്നം.

കേരളമാകെ ആ ഒരു ഹർഷത്തിലാണെന്നു തോന്നുന്നു. പലരും ഉദ്യോഗം വേണ്ടെന്നു വച്ച് പാടങ്ങളിലേക്കിറങ്ങുന്നു എന്നാണു വാർത്ത. ദുസ്സഹമായ കൃഷിച്ചെലവായിരുന്നു കൃഷി അന്യം നിന്നുപോകാൻ ഇതുവരെ കാരണമായി പാണന്മാർ പാടിനടന്നതു. ജൈവകൃഷി വന്നതോടെ ചെലവ് തീരെക്കുറഞ്ഞു. എല്ലാവർക്കും ഉത്സാഹമായി. പോരാത്തതിനു നടാനും, കൊയ്യാനും, മെതിക്കാനും യന്ത്രങ്ങളുണ്ട്. കൃഷിക്കു ഇഷ്ടം പോലെ സബ്സിഡി. കിസാൻ ക്രെഡിറ്റ് കാർഡുകൾ. പലിശ 4%.

പലേക്കർ രീതി അവലംബിച്ചാൽ ചെലവ് പിന്നെയും കുറയുന്നു. ഒരു പശുവിനെ വളർത്തിയാൽ മതി. ഒരു കുടുബത്തിനുള്ള ഭക്ഷണം ഉൽ‌പ്പാദിപ്പിക്കാം. കൃഷി ലളിതമാകുകയാണു. ചെലവ് കുറയുകയാണു അതിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ കാണാം. സോഷ്യൽ നെറ്റുവർക്കുകളിൽ പോസ്റ്റുകളുടെ പൂരം.

അങ്ങനെയാണു ഒരു ജൈവ കർഷകനെ കണ്ടുമുട്ടുന്നതു. പേരു സോണി സോയാ. ജൈവകർഷകനായപ്പോൾ ഇട്ട പേരാണെന്നു തോന്നുന്നു. സോയാ. ബംഗളൂരിൽ വർഷം 18 ലക്ഷവും പെർക്കുമുണ്ടായിരുന്ന ഒരു കിടിലൻ ടെക്കിയായിരുന്നു. അപ്പോഴാണു മലയാളം മാടിവിളിച്ചതു. നെൽ‌വയലുകൾ കാതരയായി കാത്തിരുന്നതു. മറ്റൊന്നും ചിന്തിച്ചില്ല. വിട്ടു. കൂടെ മറ്റു 4 ടെക്കികളേയുംപൊക്കി. തമിഴ്നാടിനോട് ചേർന്ന ഭാഗത്തു 40 ഏക്കർ പാടം ലീസിനെടുത്തു. കൃഷിയോട് കൃഷി.

വിളവെടുപ്പുൽഘാടനത്തിനു സാഹിത്യവും സോഷ്യൽ വർക്കും കൃഷിയാക്കിയ ആയമ്മ വിമാനത്തിൽ തന്നെ വന്നു. സംഭവം കെങ്കേമമായി. മാദ്ധ്യങ്ങൾക്കൊക്കെക്കൂടി ഒരു ഇരുപതിനായിരംചെലവാക്കിയെങ്കിലെന്താ ഉഗ്രൻ മീഡിയാ കവറേജായിരുന്നു. ആയമ്മയ്ക്ക് പകരം ആയപ്പനായിരുന്നെങ്കിൽ ചെലവ് 50000 ആകുമെന്നു എന്നാണു ഉപശാലയിൽ കേട്ട വർത്തമാനം. ജൈവകൃഷിയാണെങ്കിലും മാർക്കറ്റ് ചെയ്യണമെങ്കിൽ പെണ്ണുതന്നെ വേണം. ചെലവും കുറവ്.

ആഘോഷമൊക്കെ കഴിഞ്ഞപ്പോൾ ഇവരെ ഒന്നു പ്രോത്സാഹിപ്പിക്കണമെല്ലോ എന്നു വിചാരിച്ചു ഞാൻ ചോദിച്ചു.
-കുറച്ച് അരി വേണമെല്ലോ
-അതിനെന്താ ചേട്ടാ, ഒന്നോ രണ്ടോ വേണ്ടതു?
-രണ്ടു കിലോ കൊണ്ടെന്താകാനാ? ഇത്ര ദൂരം കാറോടിച്ചു വന്നതല്ലെ. ഒരു 25 കിലോ എടുത്തോളു.
-കിലോയോ? ഞങ്ങൾ ക്വിന്റല്ലിന്റെ കാര്യമാ പറഞ്ഞതു. 100 kg അല്ലെങ്കിൽ 200 kg. കിലോ കച്ചോടമൊന്നും ഇവിടില്ല.
(ഞാനെന്താ അരിക്കച്ചോടം തുടങ്ങാൻ പോവുകയാണെന്നാണോ ഇവരുടെ വിചാരം?)
-അതൊന്നും പറ്റുകേല. പരമാവധി 25 കിലോ എടുക്കാം. കൂടുതൽ വാങ്ങിവച്ചാൽ പൂത്തുപോകും. വെഷമടിക്കാത്ത ചരക്കല്ലെ. എങ്കിലും എന്താ ചരക്കിന്റെ വില?
-9600 / Q
-ങേ? കിലോയ്ക്ക് 96 രൂപാ?
-ഇതു ജൈവോത്പന്നമാണു ചേട്ടാ.... ജൈവ അരി.
-അതു ഉൽ‌പ്പാദിപ്പിക്കാൻ വിലകുറവാണെന്നല്ലെ പറയുന്നതു.
-ഈ ചേട്ടനുമായി കച്ചവടം നടക്കില്ല. വേണമെങ്കിൽ എടുക്കു. ഞങ്ങൾക്ക് മാർക്കറ്റിങ്ങിനു വേറെ വഴിയുണ്ട്.
-അതെന്തുവാ?
-വലിയ വലിയ ഫ്ലാ‍ാറ്റുകളിൽ താമസിക്കുന്ന കൊച്ചമ്മമാരെ പിടിക്കും. അവർക്ക് ചേട്ടനെപ്പോലെ പണമൊന്നും ഒരു പ്രശ്നമല്ല. ചോദിക്കുന്നതു തരും. ക്വിന്റൽ എന്നു പറഞ്ഞാലും കിലോ എന്നു പറഞ്ഞാലും അവർക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല. അറിയില്ലെന്നതാണു ശരി. ഞങ്ങൾ ഒരു SMS കൊടുക്കും. ചേച്ചി വില ട്രാൻസ്ഫർ ചെയ്യും. ഞങ്ങൾ തോന്നുമ്പോൾ കൊണ്ടക്കൊടുക്കും.
-അല്ല, നിങ്ങൾ ഇങ്ങനെ ചെയ്താൽ മാർക്കറ്റിൽ പിന്നെയും വില കേറില്ലെ? സാധാരണക്കാരനെങ്ങനെ ജീവിക്കും? ജൈവകൃഷി കൊണ്ടു ഉദ്ദേശിക്കുന്നതു മായമില്ലാത്ത ഉൽ‌പ്പന്നങ്ങൾ കുറഞ്ഞവിലയ്ക്കെന്നല്ലേ? അങ്ങനല്ലെ പ്രചരണം? എന്നിട്ടെന്താ ഈ തീവില...

അയാൾ പൊട്ടിച്ചിരിച്ചു. ഈ ചേട്ടൻ ഏതു കോത്താഴത്തുകാരനാണെന്ന ഭാവത്തിൽ.

-ചേട്ടാ, ഞാനൊരു രഹസ്യം പറയാം. ചേട്ടൻ ഉദ്ദേശിക്കുന്ന ജൈവകൃഷി തന്നത്താൻ കൃഷി ചെയ്യുന്ന കർഷകനു ചെലപ്പോൾ ചിലവ് കുറയ്ക്കുമായിരിക്കും. ആർക്കറിയാം. ഇതു ബിസിനസ്സാണു ചേട്ടാ. ബിസിനസ്സ്. ഞാൻ ജോലികളഞ്ഞതു അതിനേക്കാൾ ലാഭം ഇതിലുണ്ടാക്കാവുന്നതു കൊണ്ടാ. അതു മനസിലാക്ക്. ഇവിടെ ജൈവകൃഷി ഒരു പരസ്യവാചകം മാത്രമാണു. വിഷമടിക്കാതെയും വളമിടാതെയും ഇത്രയും ലാർജ്ജു സ്കെയിലിൽ പ്രൊഡക്ഷൻ നടത്താൻ പറ്റുമോ? ഞങ്ങൾ 4 പേർ പണിതാൽ ഈ 40 ഏക്കറിൽ കൃഷിയിറങ്ങുമോ? അല്ലെങ്കിൽ അതിനു കൃഷിയെപ്പറ്റി ഞങ്ങൾക്ക് എന്തറിയാം. അതിനു തമിഴൻ വേണം. അവരു ചത്തു പണിതോളും. അതുകൊണ്ടല്ലെ കൃഷി ഇവിടെത്തന്നെയാകാമെന്നു വച്ചതു. ആരും കാണാതെ എക്കാലാക്സ് അടിക്കാനും യൂറിയാ വിതറാനും അവർക്കറിയാം. അതൊക്കെപ്പോട്ടെ ചേട്ടനു ഒരു ചാക്കെടുക്കട്ടെ.

-വേണ്ട. തമിഴൻ ഉല്പാദിപ്പിക്കുന്ന അരി 32 രൂപയ്ക്ക് എനിക്കു നാട്ടിൽ കിട്ടും. അതു മതി. വെറുതെയെന്തിനാ ഞാനിതു ഇവിടെ നിന്നു കെട്ടിച്ചുമക്കുന്നതു.
-മതിയെങ്കിൽ മതി. പക്ഷെ ആ അരിക്ക് ജൈവ‌അരി എന്ന ലേബൽ കിട്ടില്ല. അതാണു കഴിക്കുന്നതെന്നു 10 പേരോട് പറയുമ്പോഴുള്ള അഭിമാനവും.

ഉല്പാദന ചെലവു കുറയുമ്പോൾ ഉല്പന്നവില കൂടുന്ന ലോകത്തിലെ ഏക ടെക്നോളജി ജൈവകൃഷിയാണെന്നു തോന്നുന്നു.......

എന്റെ കിണാശേരീ...............

No comments: