Saturday, August 9, 2014

Actually : എന്താണു ഈ മല്ലൂസിന്റെ ഇംഗ്ലീഷ്?

ഈ മല്ലൂസിന്റെ ഇംഗ്ലീഷ് ശ്രദ്ധിച്ചിട്ടുണ്ടോ? അലിഗറിലൊക്കെ പോയി പഠിച്ചുവന്ന റബ്ബുസാഹിബ്ബ് നടത്തുന്ന കേരളാ +2 ഇംഗ്ലീഷല്ല. ഒന്നാം തരം കോൺ‌വന്റ് / ഇന്റർനാഷണൽ സ്കൂളുകളിൽ പോയി പഠിച്ചുവന്നവരുടെ ഹാഷ്ബുഷ് ഇംഗ്ലീഷ്? അതിപ്പോൾ രഞ്ജിനി ഹരിദാസിന്റെയായാലും എസ്തർ റൈബിന്റെയായാലും. അവർ പറയുന്ന ഇംഗ്ലീഷ് കേട്ട് അന്തംവിട്ടിരിക്കുകയാണു മലയാളി. എന്തൊരു ഇംഗ്ലീഷ്! പക്ഷെ, അതിൽ‌പ്പരം ഒരു തമാശ ഈ ലോകത്തു വേറെയില്ല. സത്യം.

ഒരു തീവണ്ടിയാത്രയിൽ സഹയാത്രികരിൽ രണ്ടുപെൺകുട്ടികളുണ്ടായിരുന്നു. Jurisprudence എന്ന വാക്കു അവർ ആവർത്തിച്ചുപയോഗിക്കുന്നതു കേട്ടതു കൊണ്ട് ശ്രദ്ധിച്ചു. നിയമത്തിന്റെ തത്ത്വശാസ്ത്രത്തേക്കുറിച്ച് ഇവരെന്താണു ഇത്ര കൂലംകഷമായി ചർച്ച ചെയ്യുന്നതു? ഇരുവരും നുവാത്സ് വിദ്യാർത്ഥികളാണു. പക്ഷെ അവരുടെ സംഭാഷണം ശ്രദ്ധിച്ചപ്പോൾ, പണ്ട് സെബാസ്റ്റ്യൻ സാർ പഠിപ്പിച്ചതിലധികമൊന്നും ഈ ശാഖയിൽ സംഭവിച്ചിട്ടില്ലെന്നു മനസിലായി. അവരേതോ ഡിബേറ്റിൽ വിജയം നേടിയ കഥ അയവിറക്കുകയാണു. സബ്ജക്റ്റ് വിരസമായിരുന്നെങ്കിലും അവരുടെ ‘ഹാഷ്ബുഷ്‘ വലിയൊരു തമാശയായി. അവയിൽ നിന്നും ചിലതു:

1. Straight എന്ന പദം ഉച്ചരിക്കുമ്പോൾ Strai***** എന്നു പറഞ്ഞ് ഒരമർത്തലുണ്ട്. ആ പദമുപയോഗിക്കുന്നതിൽ ഒരു ആത്മവിശ്വാസമില്ലാത്തപോലെ. കേൾക്കുന്നവർക്ക് അർത്ഥം മനസിലായില്ലെങ്കിലോ എന്നുവിചാരിച്ചാവണം അങ്ങനെ നീട്ടുന്നതു. അതു കേൾക്കുമ്പോൾ നമുക്ക് പിടികിട്ടും something moving uniformly in one direction എന്നു. അതിപ്പോൾ ഇംഗ്ലീഷ് അറിയാത്തവർക്കും അങ്ങനെയൊക്കെ മൂളാൻ പറ്റില്ലെ? ജഗദീഷ് എത്രയോ സിനിമകളിൽ അതു പ്രയോഗിച്ചിരിക്കുന്നു. ഇവർ ഇംഗ്ലീഷ് മലയാളത്തിൽ പറയുന്നപോലെ ജഗദീഷ് ‘കാക്ക ടൂറി’ എന്നൊക്കെ മലയാളം ഇംഗ്ലീഷിൽ പറയാറുണ്ടല്ലോ.

2. അതുപോലെ Inside എന്ന പദം പ്രയോഗിക്കുന്നതു......... ഹ, ഹ! അതാണു രസം. അതുപയോഗിക്കുമ്പോൾ ആഗംഗികം കൂടിയുണ്ട്. രണ്ടുകൈകൾ കൊണ്ടും എന്തോ പൊതിഞ്ഞുപിടിച്ചാണു അവർ Inside പുറത്തേക്കു വിടുന്നതു. അങ്ങനെ പറഞ്ഞില്ലെങ്കിൽ കേൾക്കുന്ന ആൾക്ക് അർത്ഥം മനസിലാകില്ലെന്നു അവർക്ക് ഉറപ്പുണ്ട്

3.Yeah! നമ്മുടെ ‘ങാ’ പോലെ തന്നെ

4. Construction എന്ന പദത്തിലെ R ഉച്ചരിക്കുന്നതു കേട്ടാൽ എന്തോ ‘ഉണ്ടാക്കുക’യാണെന്നു കേൾക്കുന്നവർക്ക് ബോദ്ധ്യം വരും. ഇങ്ങനെയൊക്കെയാണു മലയാളിയുടെ ഇംഗ്ലീഷ്.

5.ഏറ്റവും രസകരം Actually യാണു. ഹാഷ്ബുഷുകൾ വളരെക്കൂടുതൽ ഉപയോഗിക്കുന്നതും ഈ പദമാണു. മിക്ക വാചകങ്ങളും ഒരു Actually യിലായിരിക്കും തുടങ്ങുക. ‘ആ‍ാ‍ാ‍ാൿച്വലീ‍ീ‍ീ‍ീ‍ഇ’ എന്നൊരു നീട്ടോടെയായിരിക്കുമതു. ഒരുതരം ബലാത്സംഗം പോലെയാണു ആ പ്രയോഗം. അതിന്റെ പിന്നിൽ ഒരു രഹസ്യമുണ്ട്. Actually ഉച്ചരിക്കാനെടുക്കുന്ന സമയം കൊണ്ടുവേണം പിന്നീടുള്ള വാക്കുകൾ കണ്ടുപിടിക്കാൻ. സംസാരം തുടരാനുള്ള പദങ്ങൾ തപ്പുകയാണു, യഥാർത്ഥത്തിൽ ആ ഗ്യാപ്പിൽ അവർ ചെയ്യുന്നതു! മലയാളിക്ക് ഇംഗ്ലീഷ് നിരർഗ്ഗളമായി വരാൻ പ്രയാസമാണു.

മലയാളി സംസാരിക്കുന്നതു യഥാർത്ഥത്തിൽ ഇംഗ്ലീഷല്ല. ഒരു സംശയവും വേണ്ട ആന്തരികമായി അതു മലയാളം തന്നെയാണു. ഈ നീട്ടും, കുറുക്കലും, അമർത്തലുമൊക്കെ അതിന്റേതാണു. ഇംഗ്ലീഷ് സംസാരിക്കേണ്ടതു അങ്ങനെയല്ല. മല്ലൂസ് ചെയ്യുന്നതു മലയാളത്തിൽ ചിന്തിച്ച് ഇംഗ്ലീഷ് ഭാഷയിലാക്കിപ്പറയുക മാത്രമാണു. അതുകൊണ്ടാണതു മലയാളിയുടെ ഇംഗ്ലീഷ് മംഗ്ലീഷാകുന്നതു. മലയാളത്തിന്റെ അരമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന എത്രപേരുണ്ട്? യഥാർത്ഥ ഇംഗ്ലീഷുകാരോട് മല്ലു ഇംഗ്ലീഷുപറഞ്ഞാൽ ചിദമ്പരം ഒരു സിവിൽ സർവ്വന്റിനോട് പറഞ്ഞ മറുപടിയായിരിക്കും കിട്ടുക. I cant understand your English

ഈ ഡൂക്കിലി മംഗ്ലീഷ് പഠിക്കാൻ മലയാളി എന്തിനാനു കിടന്നു കയറുപൊട്ടിക്കുന്നതു? മൂന്നഴ്ച കൊണ്ട് ഹിന്ദിയും അറബിയുമൊക്കെ പച്ചവെള്ളമ്പോലെ പഠിക്കാൻ കഴിയുന്ന മലയാളിക്കു 7 വർഷത്തെ ഇംഗ്ലീഷ് കരിക്കുലത്തിന്റെ ആവശ്യമുണ്ടോ. ഇത്രയും പഠിച്ചിട്ടും ഗോസായിയും, ബീഹാറിയും, പാണ്ടിയുമൊക്കെ ഇംഗ്ലീഷ് സംസാരിക്കുന്ന പോലെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ മലയാളിക്ക് കഴിയുന്നില്ല. പിന്നെന്തിനാണു ഈ ഇംഗ്ലീഷ് കരിക്കുലം. ആ സമയത്തു വെൽഡിങ്ങോ, പ്ലമ്പിങ്ങോ പഠിപ്പിച്ചാൽ ഒരു കൈത്തൊഴിലെങ്കിലുമാകുമായിരുന്നു.

ബീഹാറിക്ക് ബീഹാറിയുടെ ഇംഗ്ലീഷും, ഗോസായിക്കു ഗോസായിയുടെ ഇംഗ്ലീഷുമുള്ളപ്പോൾ മോഡി പറഞ്ഞതല്ലെ ശരി? സിവിൽ സർവ്വീസിൽ എന്തിനാ ഇംഗ്ലീഷ്? അവരെന്താ ഇംഗ്ലണ്ടിൽ പോയാണോ ഭരിക്കാൻ പോകുന്നതു? ഇന്ത്യയിൽ വിദ്യാഭ്യാസമുള്ളവരിൽ തന്നെ ഇംഗ്ലീഷ് അറിയാവുന്നവർ വെറും 13% മാണു സർ. പിന്നെന്തിനാ നമുക്ക് ഇംഗ്ലീഷ്? അതു കച്ചവടക്കാർക്കു വേണ്ടിയുള്ളതാണു. പൊരുത്തുഭഷ. ഓമല്ലൂർ കാളച്ചന്തയിൽ ചെന്നാൽ ഇടനിലക്കാർ കൈവെള്ളയിൽ എഴുതുന്ന ഭാഷയുടെ പ്രാധാന്യമല്ലെ ഇംഗ്ലീഷിനുള്ളു. കച്ചോടം നടക്കാൻ അതു വേണം. ഇംഗ്ലീഷും വേണം

(അപകടച്ചങ്ങല : സംഭാഷണത്തിന്റെയിടക്കു ഒരു കുട്ടിക്ക് ഫോൺ കാൾ വരുന്നു. കാൾ അറ്റന്റ് ചെയ്തുകൊണ്ട് അവൾ : “എന്തരമ്മച്ചി? ഞങ്ങൾ കായംകുളങ്ങൾ കഴിഞ്ഞതേയുള്ളു . ഉടൻ മറ്റേവൾ : എന്നതാ, അമ്മച്ചിക്ക് ആധിയായോ? എത്ര സുന്ദരമായ മലയാളം).

No comments: