ആയുർവ്വേദ ചികിത്സയ്ക്ക് ചെലവുകൂടുന്നതായി പരാതി. കൂടും. ആയുർവ്വേദം അലോപ്പതിപോലെ ധർമ്മചികിത്സയല്ല, സർ! അതിനു മോഡേൺ മെഡിസിനിൽ സർക്കാർ വക ധർമ്മാശുപത്രികളുണ്ട്. അവിടെപോകണം. ആയുർവ്വേദം രാജചികിത്സയാണു. അതിന്റെ രീതി വ്യത്യസ്ഥമാണു. ചെലവും കൂടും. ബോധിക്കുന്നവർ മാത്രം ആ വഴിക്കുപോയാൽ മതി.
എല്ലാവരേയും ചികിത്സിക്കാമെന്നൊന്നും ആയുർവ്വേദം ഏറ്റിട്ടില്ല. ഏതു തരത്തിലുള്ള രോഗിയേയാണു ചികിത്സിക്കേണ്ടതെന്നു പ്രത്യേകം ശാസ്ത്രം നിഷ്കർഷിച്ചിട്ടുണ്ട്. രോഗി ആഢ്യനായിരിക്കണം. സാമ്പത്തികശേഷിയുള്ളവനായിരിക്കണം. അറിവും, കാര്യവിവരവും, വൈദ്യനെ അനുസരിക്കുന്നവനുമായിരിക്കണം. അങ്ങനെയുള്ളവരേയേ ചികിത്സിക്കേണ്ടതുള്ളു. ആധുനികവൈദ്യശാസ്ത്രത്തെപ്പോലെ ക്യാമ്പുനടത്തി ആളെപ്പിടികൂടി ചികിത്സിക്കുന്ന ഒരു ശാഖയല്ല ആയുർവ്വേദം. മോഡേൺ മെഡിസിനിലെ ആശുപത്രിവ്യവസായത്തിലാണു എല്ലാവരും രോഗികളായിക്കോട്ടെ, അവരെ പിഴിഞ്ഞേക്കാം, രോഗികൾ തങ്ങളുടെ വരുമാനമാർഗ്ഗമാണെന്നു വിചാരിക്കുന്നതു. ചികിത്സ ഉപജീവനമാക്കിയവരെ ആയുർവ്വേദം നിന്ദിക്കുകയാണു ചെയ്യുന്നതു.
വൈദ്യന്മാർക്കുമുണ്ട് ആയുർവ്വേദത്തിൽ നിർവ്വചനം. ശാസ്ത്രാർത്ഥങ്ങളിൽ അവഗാഹമുള്ളവനായിരിക്കണം വൈദ്യൻ. വെറുതെ തിയറി പഠിച്ചാൽ പോരാ. ആചാര്യന്മാർ ചികിത്സിക്കുന്നതു കണ്ടുപഠിച്ചവനാകണം. അതും പോരാ, നിർമ്മലനായിരിക്കണം. ബർണാഡ് ഷാ പറഞ്ഞപോലെ ക്ഷയരോഗിക്ക് സുന്ദരിയായ ഭാര്യയുണ്ടെങ്കിൽ രോഗിചത്താൽ അവളെ കിട്ടുമെന്നു വിചാരിക്കുന്നവനായിരിക്കരുതു വൈദ്യൻ. രോഗത്തെ മാത്രം കാണുകയും അതെത്രയും പെട്ടെന്നു സുഖപ്പെടട്ടെ എന്നാശിക്കുന്നവനുമാകണം ആയുർവ്വേദത്തിലെ വൈദ്യൻ.
രോഗം വരാതിരിക്കണമെങ്കിൽ അതിനു ആയുർവ്വേദം പറയുന്ന രീതിയിൽ ആദ്യം ജീവിക്കണം. എന്നിട്ടും രോഗം വന്നെങ്കിലെ ചികിത്സയുള്ളു. അതുൾക്കൊള്ളാതെ നിങ്ങൾ തോന്നിയപോലെ ജീവിച്ചു. രോഗമുണ്ടായി. രോഗത്തിന്റെ കാരണം അന്വേഷിക്കാതെ നിങ്ങൾ ഉടൻ പോയി ഒരു ഡോക്ടറെക്കാണും. കാരണമന്വേഷിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതരീതികൾ ശാസ്ത്രത്തിൽ പറയുന്നപോലെ മാറ്റേണ്ടി വരും. അങ്ങനെ മാറ്റിയാൽ നിങ്ങളുടെ പല ആഗ്രഹങ്ങളും നടക്കില്ല. അതു കൊണ്ട് നിങ്ങൾക്ക് അനുകൂലമായിപ്പറയുന്ന ഒരാളെപ്പോയിക്കാണും. അയാൾ ഇരയെക്കാത്തിരിക്കുന്നവനെപ്പോലെയാണു. നിങ്ങളെ കിട്ടിയിട്ടുവേണം അയാൾക്ക് അയാളുടെ ആശകൾ സാധിക്കേണ്ടതു. അതുകൊണ്ട് നിങ്ങളുടെ രോഗം മാറാൻ അയാൾ ആഗ്രഹിക്കുന്നില്ല.
മിക്കവാറും നിങ്ങൾ സമീപിക്കുന്നതു ആധുനികശാസ്ത്രം പഠിച്ച ഒരാളേയായിരിക്കും. പഴമയിൽ നിന്നു എന്തെങ്കിലും നല്ല അനുഭവമുണ്ടായാൽ നിങ്ങൾ പഠിച്ച ആധുനികശാസ്ത്രമൊക്കെ വൃധാവിലായിപ്പോയെന്നു നിങ്ങൾക്ക് തോന്നും. ആ ഇച്ഛാഭംഗം ഒഴിവാക്കാനാണു നിങ്ങൾ അനുകൂലം പറയുന്ന ഒരുവനെ തേടിപ്പോകുന്നതു. നിങ്ങൾക്കിരുവർക്കും നിങ്ങൾ നിൽക്കുന്ന മണ്ടൻ ശാസ്ത്രത്തെ താങ്ങിനിർത്തിയേപറ്റൂ. അതു കൊണ്ട് നിങ്ങളെ അയാൾ കുറ്റം പറയില്ല. അതു നിങ്ങൾക്ക് സന്തോഷവുമാകും. നിങ്ങൾ ജീവിച്ചാലെ അയാൾക്ക് വരുമാനമുണ്ടാകു. അതുകൊണ്ടാണവർ നിങ്ങളെ കുറ്റം പറയാത്തതു. പണമുണ്ടാക്കാൻ വളർച്ചയും ഗർഭവും പോലും അവർ രോഗമാക്കി ചികിത്സിക്കുന്നുണ്ട്. അതുപോലും നിങ്ങൾക്കറിയില്ല.
ചികിത്സിച്ചാലും മിക്കപ്പോഴും നിങ്ങളുടെ രോഗം മാറാറില്ല. അപ്പോൾ വേറെ ഡോക്ടറന്മാരെ പോയിക്കാണും. ആശുപത്രികൾ മാറിക്കയറും. അതിനിടയിൽ നിങ്ങൾ പുതിയ പുതിയ രോഗങ്ങളും സമ്പാദിച്ചു കൂട്ടും. അതും നിങ്ങൾക്ക് സന്തോഷമാണു. പത്തുപേരോട് പറയാമല്ലോ. പ്രമേഹത്തിനു തുടങ്ങി. ഇപ്പോ കിഡ്നി ഔട്ടാ! എല്ലാ ആഴ്ചയിലും ഡയാലിസ് വേണം. എല്ലാം കൂടി പത്തുപന്ത്രണ്ട് ലക്ഷമായി. എന്തൊരഭിമാനം!! അപ്പോഴേക്കും ആദ്യം കൂടിയ രോഗം മറക്കുകയോ അതുമായി താദാത്മ്യപ്പെട്ടു കഴിഞ്ഞിരിക്കുകയോ ചെയ്യും. രോഗങ്ങളുടെ എണ്ണംകൂടുന്തോറും അതൊരു ലോകകപ്പ് മത്സരം പോലാകും. ഒടുവിൽ ഗോൾ വീഴുമ്പോൾ ഡോക്ടർ പറയും ഞങ്ങളുടെ കളിതീർന്നു. വേറെന്തെങ്കിലും നോക്കിക്കോ. അപ്പോഴേക്കും നിങ്ങൾ ചക്കിലിട്ടാട്ടിയ കരിമ്പുപോലെയായിക്കഴിഞ്ഞിരിക്കും.
ഈ സന്ദർഭത്തിലാണു മിക്കവരും ആയുർവ്വേദത്തെക്കുറിച്ച് ആലോചിക്കുന്നതു. അതു തീരെ നിവർത്തിയില്ലാത്തതു കൊണ്ടുമാത്രമാണു. ഇനിയും കുറേ ആശകൾ ബാക്കിയുണ്ട്. അതു പൂർത്തീകരിക്കാൻ ആയുർവ്വേദം സഹായിക്കുമെന്ന പ്രത്യാശയിലാണു അന്വേഷിക്കുന്നതു. അല്ലാതെ ആരോഗ്യത്തോടെ ജീവിക്കണമെന്നു വച്ചിട്ടോ ആയുർവേദത്തിൽ വിശ്വാസമുണ്ടായിട്ടോ അല്ല. പിന്നെ അതിനെ വിമർശിക്കാനും ആ രംഗത്തു ചെലവുകൂടുതലാണെന്നു പരാതിപ്പെടാനും നിങ്ങൾക്ക് എന്താ അവകാശം? മുൻപുള്ള ചികിത്സയിൽ അങ്ങനെ എന്തെങ്കിലും വിമർശനമോ പരാതിയോ ഉയർത്തിയിട്ടുണ്ടോ? ഇതുവരെ നിങ്ങൾ പൊടിച്ച ധനവും, സഹിച്ച കഷ്ടപ്പാടുകളും മറന്നുകൊണ്ടല്ലെ ഈ പരാതിപറയുന്നതു? ആരെങ്കിലും ആവശ്യപ്പെട്ടോ ആയുർവ്വേദചികിത്സ ചെയ്യണമെന്നു? വേണമെങ്കിൽ ചികിത്സിച്ചാൽ മതി. വിമർശനവും പരാതിയും നിങ്ങളുടെ കയ്യിൽ തന്നെ ഇരിക്കട്ടെ. ആയുർവ്വേദം വേണ്ടെങ്കിൽ അതിനെ വിട്ടേരെ.
ആയുർവേദം അന്ധവിശ്വാസമാണെന്നും അതിനു ചെലവുകൂടുമെന്നും പ്രചരിപ്പിക്കുന്നതു അതിൽ പ്രത്യാശകാണുന്നതു കൊണ്ടാണു. ആധുനിക ആശുപത്രികളിൽ നിന്നു തള്ളുമ്പോൾ നല്ല ഒരു ചികിത്സ വേണം. അതു ചെലവുകുറഞ്ഞതായിരിക്കണം. സൌജന്യമായി കിട്ടിയാൽ സന്തോഷം. ആയുർവ്വേദം ശാസ്ത്രമൊന്നുമല്ലല്ലോ. അന്ധവിശ്വാസമല്ലെ. പിന്നെന്താ സൌജന്യമായിത്തന്നാൽ? അതാണു മോഡേൺ മെഡിസിൻ ഉപേക്ഷിച്ചവരുടെ ഉള്ളിലിരുപ്പ്. അങ്ങനെ കിട്ടിയില്ലെങ്കിൽ ഒരു രക്ഷയുമില്ല എന്നതാണു വാസ്തവം. സമ്പാദിച്ചതെല്ലാം മോഡേൺ മെഡിസിൻ കൊണ്ടുപോയി. ഇനിയും മുടക്കാനൊന്നുമില്ല. ആയുർവ്വേദം മോഡേൺ മെഡിസിന്റെ തലത്തിൽ നിന്നാൽ നമ്മൾ പിന്നെ എന്തു ചെയ്യും? അപ്പോൾ അതിനെ വിമർശിച്ച് താഴെ നിർത്തുക തന്നെ വേണം. ആ പണി വിട്ടേരെ. ആയുർവ്വേദം ചികിത്സയുടെ രാജാവാണു. അതിനെ അതിന്റെ ബഹുമാനത്തോടും ആദരവോടും സമീപിക്കാവുന്നവർ സമീപിച്ചാൽ മതി. അതിനു നന്നായി പണം മുടക്കേണ്ടിയും വരും. ചുളുവിനടിക്കാനിരിക്കുന്നവർ പോയി വേറെ പണിനോക്കട്ടെ.
No comments:
Post a Comment