തൂക്കികൊല ഒരു അപരിഷ്കൃതമായ ശിക്ഷയാണു. ലോകത്ത് വധശിക്ഷ ആദ്യമായി നിർത്തൽ
ചെയ്ത രാജ്യം തിരുവിതാംകൂറായിരുന്നു. അതും ക്രൂരനായ സി.പിയുടെ കാലത്തു.
ലോകം പുരോഗമിക്കുന്തോറും നാം പിന്നാക്കം പോവുകയാണോ? ആധുനികസമൂഹത്തിനു
ഒട്ടും ചേർന്നതല്ല വധശിക്ഷ.
ഇനി വധശിക്ഷ വേണമെന്നുണ്ടെങ്കിൽ അതു നടപ്പാക്കാൻ ആരാച്ചാർ തന്നെ
വേണമെന്നു എന്താണിത്ര നിർബ്ബന്ധം? ആധുനിക രീതികളിലേക്ക് നമുക്കെന്തു
കൊണ്ട് മാറിക്കൂടാ? ആരാച്ചാർക്കു പുറമേ മരണവുമായി നിരന്തരം ബന്ധപ്പെടുന്ന
മറ്റൊരു വിഭാഗം തൊഴിലാളികൾ നമുക്കിടയിലുണ്ട്. ഡോക്ടറന്മാർ. കുറ്റവാളികളെ
മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ അവർക്ക് നിസ്സാരമായി കഴിയും.
രോഗക്കിടക്കയിലെ സാധാരണ മനുഷ്യർ മരണത്തിലേക്ക് കടന്നുപോകുന്നതു നിസംഗരായി
നോക്കി നിൽക്കുന്നവരാണു അവർ. പിന്നെയാണോ കുറ്റവാളികൾ!
ശിക്ഷനടപ്പാക്കുന്നതു അവരുടെ പ്രൊഫഷണൽ ഈഗോയെ ബാധിക്കുമെന്നാണെങ്കിൽ അതു
ശരിയല്ല. ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരാളും മരിച്ചതായി
അംഗീകരിക്കപ്പെടില്ല. ആരാച്ചാർക്കൊപ്പം പരിശോധകനായി എപ്പോഴും ഒരു
ഡോക്ടറുണ്ടായിരിക്കും. അതു ഡോക്ടറന്മാരുടെ അവകാശവും സർക്കാരിന്റെ
നിബന്ധനയുമാണു.
ഒറ്റപ്പെട്ടവരും പ്രാകൃതരുമായ ഒരുകൂട്ടം ആൾക്കാർ ചെയ്യുന്ന പണിയായിരുന്നു
ഇതുവരെ തൂക്കിക്കൊല. ഏഴെട്ടുകൊല്ലം വൈദ്യം പഠിച്ച ഡോക്ടറന്മാർ അതു
ചെയ്യണമെന്നു പറയുമ്പോൾ അതവരുടെ മാന്യതയെ ബാധിക്കില്ലെ എന്നാണെങ്കിൽ അതും
അംഗീകരിക്കാനാവില്ല. മറ്റുപലരും ചെയ്തിരുന്ന തൊഴിലുകൾ ഇന്നു
ഡോക്ടറന്മാരും ചെയ്യുന്നുണ്ട്. ജീവിക്കാൻ ഒരു വരുമാനമൊക്കെ വേണ്ടെ?
അതുകൊണ്ട്, കാതു കുത്താനും, മൂക്കു തുളയ്ക്കാനും ഇന്നു ഡോക്ടറന്മാക്ക്
മടിയില്ല. പണ്ട് ഒസ്സാൻ ചെയ്തിരുന്ന പണിയും ചെയ്യും. പഠിപ്പില്ലാത്ത
പതിച്ചികൾ ചെയ്തിരുന്ന പേറെടുപ്പിനു ഡോക്ടറന്മാർ മത്സരിക്കുകയാണു. വയറ്
ചെത്താനും മുലയൊരുക്കാനും അവർ തയ്യാറാകുന്നു. എല്ലാത്തിനും മുന്തിയ ഫീസും
കിട്ടും. പിന്നെ ഒരു മനുഷ്യനെ കൊല്ലാൻ എന്താ പ്രയാസം? ആരാച്ചാർക്ക്
കൊടുക്കാമെന്നു പറഞ്ഞ 2 ലക്ഷം കിട്ടിയാൽ അവരതു സന്തോഷത്തോടെ ചെയ്തു തരും.
പച്ചയായ മനുഷ്യനെ കൊല്ലുന്നതിൽ ഡോക്ടറന്മാർക്ക്
മനസാക്ഷിക്കുത്തുണ്ടാകുമെന്നാണെ
ങ്കിൽ അതിലും കഴമ്പില്ല. അപകടകരമെന്നു
കൂടിന്റെ പുറത്തു തന്നെ എഴുതിവച്ചിട്ടുള്ള മരുന്നുകൾ നിർദ്ദാക്ഷിണ്യം
നിർദ്ദേശിക്കുന്നവരാണു ഡോക്ടറന്മാർ. അതുപയോഗിച്ച് രോഗികൾ മരിച്ചുപോയാലും
അവർക്ക് പശ്ചാത്താപമുണ്ടാകാറില്ലല്ലോ. അതുപോലെ തന്നെ
മരിക്കുമെന്നുറപ്പുള്ളപ്പോൾ നടത്തുന്ന മെഡിക്കൽ മാനേജുമെന്റുകൾ. ആശുപത്രി
ഉടമയ്ക്ക് പണമുണ്ടാക്കാനാണെന്ന ഒരൊറ്റക്കാരണം കൊണ്ടാണു ഡോക്ടറന്മാർ അതിനു
വഴങ്ങുന്നതു. അപ്പോഴൊന്നുമില്ലാത്ത മന:സാക്ഷി വധശിക്ഷ നടപ്പാക്കുമ്പോൾ
എവിടെ നിന്നു വരും? ഒന്നുമില്ലെങ്കിലും, വധശിക്ഷ കോടതിയുടെ തീരുമാനവും
സർക്കാരിന്റെ നടപ്പാക്കലുമല്ലെ? അതായതു തീർത്തും ഭരണഘടനാനുസൃതം!
പലപ്പോഴും വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവർ മരണം ആഗ്രഹിക്കുന്നവരാണു.
ഭൂരിഭാഗം ക്രൈമുകളും അന്നേരത്തെ ആവേശത്തിൽ ചെയ്തുപോകുന്നതാണു. ആ
തെറ്റുകളിൽ അവർക്ക് മനം നോവുന്നുണ്ടാകും. പിന്നെ മരിച്ചാൽ മതിയെന്നാകും
പലർക്കും. അവർക്ക് മാന്യമായ ഒരു മരണം നൽകാൻ ഭരണകൂടങ്ങൾക്ക്
ബാദ്ധ്യതയുണ്ട്. അതിനു ആശുപത്രികൾ പോലെ ഉചിതമായ മറ്റൊരു സ്ഥാപനമില്ല.
ഡോക്റ്ററന്മാരെപ്പോലെ ശാസ്ത്രീയമായി കൊല്ലാൻ പഠിച്ച മറ്റൊരുവർഗ്ഗവുമില്ല.
വധശിക്ഷ അവരെ തന്നെ ഏൽപ്പിക്കണം. മാന്യമായ ഫീസുകൊടുത്തു. എല്ലാവർക്കും
അതിനു അനുമതി കൊടുക്കണ്ട. അപേക്ഷ ക്ഷണിച്ച്. ചരിത്രം പരിശോധിച്ചു ഏറ്റവും
ഭംഗിയായി മരണമൊരുക്കാൻ കഴിയുന്ന ഡോക്ടറന്മാരെ ആരാച്ചാരന്മാരായി ചാർട്ടേഡ്
ഡോക്ടറന്മാരെ തിരഞ്ഞെടുക്കണം. ആവശ്യമുള്ളപ്പോൾ അവരെ വിളിച്ചാൽ മതിയാകും.
ഇത്രയധികം ആശുപത്രികൾ ലാഭത്തിൽ പ്രവർത്തിക്കുന്ന കേരളത്തിൽ അത്തരം
ഡോക്ടറന്മാരെ കണ്ടെത്താൻ ഒരു പ്രയാസവും വരികയില്ല.
No comments:
Post a Comment