ആറുയുഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണു കാലം. ആദ്യത്തെ രണ്ടുയുഗങ്ങൾ -
ആദിയുഗവും, ദേവയുഗവും- ഉൾക്കൊള്ളാനുള്ള വ്യാപ്തി ഇന്നത്തെ മനുഷ്യനില്ല.
ബാക്കി നാലുയുഗങ്ങളെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ട്. സത്യ, ത്രേത,
ദ്വാപര, കലിയുഗങ്ങൾ. ഓരോ യുഗത്തിലും ഓരോ ലാൻഡ്മാർക്കുകളുമുണ്ട്. അവരെ
കേന്ദ്രമാക്കിയാണു പുരാണങ്ങൾ ചമയ്ക്കുക. ഇത്രയും ആമുഖം.
സത്യയുഗം :
നളനാണു ലാൻഡ്മാർക്ക്. രാജാവായിരുന്നു. മനുഷ്യൻ ഭൂമിയിൽ സെറ്റിൽ ചെയ്തു
തുടങ്ങിയ കാലം. അന്നാണു പാചകം ഒരു അനിവാര്യതയായി മാറിയതു. അതുവരെ കാകനികൾ
പറിച്ചു തിന്നു പ്രകൃതിയിൽ നിന്നു നേരിട്ടു ഭക്ഷണം സ്വീകരിക്കുകയായിരുന്നു.
പ്രജാക്ഷേമതല്പരനായിരുന്നതു കൊണ്ട് നളൻ പാചകം കണ്ടുപിടിച്ചു. പാചകത്തിന്റെ
കോപ്പിറൈറ്റ് ഇപ്പോഴും നളനാണു. ‘നളപാചകം‘. വേറേയും അനേകം സിദ്ധികൾ
നളനുണ്ടായിരുന്നു. കുതിരയെ വേഗത്തിലോടിക്കുന്ന അക്ഷഹൃദയത്തിന്റെ പേറ്റന്റ്
നളന്റെ പേരിലാണു. അതിനു അന്യമനസുകൾ മനസിലാക്കുക എന്നൊരു അർത്ഥം കൂടിയുണ്ട്.
ആ നളനു ചൂതിൽ തോൽക്കേണ്ടി വന്നു. അന്യമനസുകൾ മനസിലാക്കാൻ കഴിയുന്ന നളനു
കലിയുടെ അടുത്ത നീക്കം നിസ്സാരമായി കണ്ടെത്താവുന്നതേ ഉണ്ടായിരുന്നുള്ളു.
പക്ഷെ അതു ചെയ്തില്ല. സിദ്ധി ഉപയോഗിച്ചില്ല. മനുഷ്യജന്മമെടുത്തിട്ട്
മനുഷ്യനായി തന്നെ ജീവിക്കാം എന്നു നിശ്ചയിച്ചു. എന്തുപറ്റി! രാജ്യം പോയി.
ഭാര്യയ്ക്കൊപ്പം കാട്ടില്പോകേണ്ടി വന്നു. കഷ്ടപ്പാടുകൊണ്ട് ഡിപ്രഷൻ
ബാധിച്ചു. ദമയന്തിയുടെ ശീലയും കീറിയെടുത്തു മുങ്ങി. കാർക്കോടകൻ കടിച്ചു.
ഗ്ലാമെറെല്ലാം പോയി. എന്നിട്ടും സിദ്ധിപുറത്തെടുത്തില്ല. പ്രതിക്രിയകൾ
ചെയ്തില്ല. അത്ഭുതങ്ങൾ കാട്ടിയില്ല. മനുഷ്യജന്മം കിട്ടിയാൽ മനുഷ്യനെപ്പോലെ
ജീവിക്കണമെന്നു നിശ്ചയിച്ചു.
ത്രേതായുഗം : രാമനാണു നാഴികക്കല്ല്.
ഈശ്വരൻ തന്നെ മനുഷ്യരൂപമെടുത്തതാണു. “കർത്തും, അകർത്തും, അന്യഥാ കർത്തും
സമർത്ഥ:“ എന്നാണു ഈശ്വരന്റെ നിർവ്വചനം. ചെയ്യാനും, ചെയ്യാതിരിക്കാനും,
മറ്റുവിധത്തിൽ ചെയ്യാനും കഴിവുള്ളവനാണു ഈശ്വരൻ. ആ ഈശ്വരനാണു രാമനായി
വന്നിരിക്കുന്നതു. മത്തൻ കുത്തിയാൽ കുമ്പളം കിളിർക്കുമോ? ആ രാമനും
സിദ്ധിയൊന്നും കാണിച്ചില്ല. അച്ഛന്റെ വാക്കുപാലിക്കാൻ കാട്ടിൽ പോയി. അതു
പുത്രധർമ്മമായതു കൊണ്ടാണു അങ്ങനെ ചെയ്തതു. ലക്ഷ്മണനെപ്പോലെ വികാരം
കൊണ്ടിരുന്നെങ്കിൽ നിഷ്‌പ്രയാസം നാട്ടിൽ തന്നെ നിൽക്കാമായിരുന്നു. അതു
ചെയ്തില്ല. കാട്ടിൽപ്പോയിട്ടോ. നിലത്തു കിടന്നു. കാക്കയിറച്ചിവരെ തിന്നു.
തീർന്നില്ല. ഭാര്യയെ ഒരാൾ തട്ടിക്കൊണ്ടുപോയി. പ്രിയപ്പെട്ടവളായിരുന്നു
എന്നിട്ടും സിദ്ധികൾ മറച്ചുവച്ചു മനുഷ്യനെപ്പോലെ പെരുമാറിയതേയുള്ളു. രാമനും
അത്ഭുതങ്ങൾ ഒന്നും കാണിച്ചില്ല.
ദ്വാപരം : യുധിഷ്ഠിരനാണു ഹീറോ. യമൻ
തന്നെയാണു യുധിഷ്ഠിരൻ. എല്ലാം ഭക്ഷിക്കുന്നതാണു കാലം. അതിന്റെ നാഥനാണു
കാലൻ. ഭൌതികലോകത്തിൽ മരണദേവതയേക്കാൾ വലിയവൻ ആരാണു? കാലനറിയാത്ത കാര്യം
വല്ലതുമുണ്ടോ. എന്നിട്ടും ചൂതിൽ തോറ്റു. ഭാര്യയെ പണയം വയ്ക്കേണ്ടി വന്നു.
നാടുവിട്ടു. വീടുവയ്ക്കാൻ ഒരു തുണ്ട് ഭൂമിപോലും കിട്ടിയില്ല. അനുഭവിക്കാത്ത
കഷ്ടപ്പാടുകൾ ഒന്നുമില്ല. എന്നിട്ടും യുധിഷ്ഠിരൻ ഒരു നമ്പരും കാണിച്ചില്ല.
എന്താകാര്യം. മനുഷ്യക്കോലം കെട്ടിയാൽ അതുപോലെ ജീവിക്കണ്ടെ? അല്ലെങ്കിൽ
അതിലെന്താ ഒരു രസം!
കലിയുഗം : അവിടേയും പല അവതാരപുരുഷന്മാർ
ഉണ്ടായിട്ടുണ്ട്. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായിട്ട്. അവരും
മനുഷ്യരെപ്പോലെ ജീവിച്ചുമരിച്ചു. മരിച്ചവനെ ജീവിപ്പിച്ചവൻ പോലും മരിച്ചു.
അത്ഭുതം കാണിക്കാൻ പറ്റാഞ്ഞിട്ടല്ല. മനുഷ്യനായി ജനിച്ചാൽ ഒരു ദിവസം
മരിക്കണം. അതു ജീവിച്ചു തന്നെ മരിക്കുന്നതല്ലെ ഭംഗി. അതിനുപകരം താൻ
ഈശ്വരനാണെന്നു നടിച്ചാൽ പിന്നെ കപ്പേം കാന്താരിമുളകും കഴിക്കാൻ പറ്റുമോ?
ഊര്ചുറ്റാനും ആളുകളോടു സംസാരിക്കാനും കഴിയുമോ?
ഈശ്വരൻ മനുഷ്യനായി
ജനിച്ചിട്ടു മനുഷ്യനായി തന്നെ ജീവിച്ചു മരിക്കുമ്പോൾ ഇവിടെ ചിലർ മനുഷ്യരായി
ജനിച്ചിട്ട് ദൈവമായി അഭിനയിക്കുന്നു. ചിലർ ശംഖ് ശർദ്ദിക്കും. മണ്ടന്മാർ
ഭയഭക്ത്യാദരപൂർവ്വമതു പട്ടിൽ പൊതിഞ്ഞെടുക്കും. ആമാശയത്തിൽ പോയ ഏതു
സാധനത്തിനും ഒരു നാറ്റമാണു. അതടിച്ചാൽ തന്നെ ആരും ശർദ്ദിക്കും. അപ്പോൾ
ശംഖല്ല സാക്ഷാൽ അമൃത് തന്നെ ശർദ്ദിച്ചു തന്നാലും തൊടാനാവില്ല. അല്ലെങ്കിൽ
നാലു ജിലേബി തിന്നിട്ടു ഒന്നു ശർദ്ദിച്ച് നോക്കു. മുറിയാത്ത വല്ല
കഷണവുമുണ്ടെങ്കിൽ തിരിച്ചുവായിലിട്ട് ചവയ്ക്കാൻപറ്റുമോ?
വേറെ ചിലർ
മന്ത്രിച്ച ചരടും, വെള്ളവും, ഭസ്മവുമൊക്കെ കൊടുക്കും. ദുരിതം തീരാനാണു. അതു
നല്ലകാര്യം. പക്ഷെ അതിനു പണം വാങ്ങണോ? ഒരുപാട് സിദ്ധികളുള്ളവരല്ലെ.
പാവങ്ങളാണു വന്നിരിക്കുന്നതെന്നു വിചാരിച്ച് ദുരിതം മാറ്റിക്കൊടുത്തുകൂടെ?
സിദ്ധി ഉപയോഗിച്ച് കെട്ടിടങ്ങൾ പണിയുക. വിദ്യാലയങ്ങൾ സ്ഥാപിക്കുക. അവിടെ
പ്രവേശനം കിട്ടുന്നവരെ കെട്ടിപ്പിടിച്ചു ഉമ്മകൊടുക്കുമ്പോൾ സബ്ജക്റ്റ്
അവരിലേക്ക് സ്വയമറിയാതെ പകർന്നു ചെല്ലുക. അവരൊക്കെ പരീക്ഷയെഴുതുമ്പോൾ
ഡിസ്റ്റിങ്ങ്ഷൻ കിട്ടുക. ഇങ്ങനെയൊക്കെ ചെയ്യുന്നതല്ലെ സിദ്ധികൾ. അതെന്താ
ഒരു സിദ്ധനും ചെയ്യാത്തതു?
ആശുപത്രികൾ സ്ഥാപിക്കുന്ന
സിദ്ധന്മാരെയാണു തീരെ മനസിലാകാത്തതു. മനുഷ്യൻ ഏറ്റവും ഭയക്കുന്നതും
കഷ്ടപ്പെടുന്നതും രോഗം വരുമ്പോഴാണു. അതിനു പിന്നെയും ചികിത്സ എന്ന
കഷ്ടപ്പാട് അനുഭവിക്കാൻ വിധേയമാക്കുന്നതു ശരിയാണോ? സിദ്ധന്മാർക്കങ്ങ്
തൊട്ട് വെള്ളമൊഴിച്ചു രോഗങ്ങൾ മാറ്റിക്കൂടെ? അതിനുപകരം പ്രകൃതിയെ
നശിപ്പിക്കുന്ന വൻ എടുപ്പുകൾ പണിതു അവിടെ പലവിധയന്ത്രങ്ങൾ സ്ഥാപിച്ച്
ഡോക്ടർ തുടങ്ങി അനേകം മനുഷ്യരുടെ പരിചരണത്തിൽ വിട്ട് രോഗം മാറ്റണ്ട
ആവശ്യമുണ്ടോ? അങ്ങനെ ചെയ്യണമെന്നു തോന്നിയാൽ പോലും അതിനു പണം
വാങ്ങുന്നതെന്തിനു? രോഗികൾക്ക് ചെലവാകുന്ന തുക ആശുപത്രി അക്കൌണ്ടിൽ
തനിയേവരാനുള്ള സിദ്ധിപോലും ഇവർക്കൊന്നുമില്ലെ?
ഒന്നോർത്താൽ ഈ
സിദ്ധന്മാരുടെ ജീവിതമാകെ കഷ്ടമാണു. മനുഷ്യനായി ജീവിക്കാനും പറ്റില്ല.
ദൈവമൊട്ടല്ലാ താനും. അവസാനം ഈ ഉണ്ടാക്കിയതൊന്നും ദൈവത്തേപ്പോലെ ചിരകാലം
അനുഭവിക്കാൻ കഴിയാതെ ‘മണ്ണടി’യിൽ പോകുകയും ചെയ്യും. ബാക്കിയിരിക്കുന്ന
മനുഷ്യർ അതുവച്ച് കാശുണ്ടാക്കി ആർഭാടത്തോടെ ജീവിക്കും. ശുഭം!
No comments:
Post a Comment