ഏതെങ്കിലും സംഘടനയോ സ്ഥാപനങ്ങളോ സഹായിച്ചിട്ടല്ല ഹിന്ദുമതം വളർന്നതു.
അവയിലെ ഒറ്റപ്പെട്ട തപസ്വികളുടെ തപസിന്റെ ഫലമാണതു. ശങ്കരൻ മുതൽ നാരായണഗുരു
വരെ ആ ശ്രേണിയിലുണ്ട്. ഭരണാധികാരികൾ സഹായിച്ചാൽ പോലും ഒരു മതത്തിനു
വളരാനാവില്ലെന്നതിന്റെ തെളിവായി ബുദ്ധമതം നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ
സംഘടിത ശക്തികൾക്കും സ്ഥാപനങ്ങൾക്കും അതു കഴിയുമെന്നു നാം എങ്ങനെയാണു
ചിന്തിക്കുന്നതു?. അശോകചക്രവർത്തി സഹായിച്ചിട്ടും ശങ്കരന്റെ
ആത്മജ്ഞാനത്തിനു മുന്നിൽ അസ്തമിച്ചുപോയ ഒരു മതമാണു ബുദ്ധമതം. പടയുടേയോ
രാജാക്കന്മാരുടേയോ പിന്തുണ ശങ്കരനില്ലായിരുന്നു.
പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്‌വാകാശങ്ങൾ
പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ......
(ഉള്ളൂർ - പ്രേമ സംഗീതത്തിൽ)
എല്ലാ
സംഘടിത സ്ഥാപനങ്ങളും ഒരു ദിവസം തകരും. ആളുകൾ ചേരുമ്പോഴാണു
സംഘമുണ്ടാകുന്നതു. അവർ പിരിയുമ്പോൾ സംഘം തീരും. ഉള്ളിൽ നിന്നുള്ള
എതിർപ്പുകൊണ്ടു മാത്രമേ ഏതു സംഘടനയും തകരു. ഹിന്ദുമതം അങ്ങനെയൊരു
സംഘടയായിട്ടില്ല. ആവുകയുമില്ല.
അതു കൊണ്ട് ഹിന്ദുമതത്തെ സംരക്ഷിക്കാൻ സംഘടനയോ സ്ഥാപനങ്ങളോ മുന്നോട്ട്
വരേണ്ട കാര്യമില്ല. അതു സനാതനമാണു. അതിന്റെ കാര്യം ഈശ്വരൻ നോക്കിക്കൊള്ളും.
അതിന്റെ തെളിവാണു പ്രചാരകരോ, കേന്ദ്രീയനേതൃത്വമോ ഇല്ലാഞ്ഞിട്ടും 5000
കൊല്ലമായി ഹിന്ദുമതം നിലനിൽക്കുന്നതു. വേദങ്ങൾ ഇന്നും പഠിക്കപ്പെടുന്നത്.
അതിനിടയിൽ ആരും ചെന്നു ഈശ്വരനെ ഡയറക്റ്റ് ചെയ്യണ്ട. ചെയ്താലും പ്രയോജനമില്ല
അവിടുത്തെ ഹിതം മാത്രമെ നടക്കൂ. അഥവാ ഇനി ഹിന്ദുമതത്തെ സംരക്ഷിക്കണമെന്നു
ആർക്കെങ്കിലും തോന്നിയാൽ അവർ ചെയ്യേണ്ടതു ഒരുകാര്യമേയുള്ളു. ആത്മജ്ഞാനം
നേടുക. അങ്ങനെ കുറേപ്പേർ ഉണ്ടായാൽ ഹിന്ദുമതം ഇനിയും വളരും.
ജനിച്ചു, പ്രകൃതിയോട് ഇണങ്ങി തൃപ്തനായി ജീവിച്ചു പോരുമ്പോൾ ഒരു ദിവസം
തനിക്കുചുറ്റുമുള്ളതിനോട് മനുഷ്യനു തോന്നുന്ന വിരക്തിയിൽ നിന്നാണു ഒരു
ഹിന്ദുവിന്റെ ആദ്ധ്യാത്മികജീവിതം ആരംഭിക്കുന്നതു. ഈ ആത്യന്തികലക്ഷ്യത്തെ
പരമമായി കണ്ട് അതിനു അനുഗുണമായി കുടുംബവും, സമൂഹവും വളർത്തിക്കൊണ്ടുവന്ന
ഒരു കാലമുണ്ടായിരുന്നു. തനിക്ക് ധർമ്മാനുസാരമായും വിധിപൂർവ്വകവുമായി
ലഭിക്കുന്നതിനെ മാത്രം സ്വീകരിച്ച് നിഷ്ഠാപൂർവ്വം ജീവിച്ചു. അന്യന്റെ
മുതലിനോട് ആഗ്രഹമോ, കാമ്യമല്ലാത്തതിൽ ആസക്തിയോ ഉണ്ടാകാതിരിക്കാൻ അന്നവർ
നിഷ്കർഷിച്ചു. സത്യം പറയുന്നതു ശ്രേഷ്ഠമായി കരുതി. എല്ലാ ഹിംസകളും
പാപമാണെന്നവർ വിശ്വസിച്ചു. ഏതെങ്കിലും ഒരു സന്ദർഭത്തിലെ കാമമോ,
അറിവില്ലായ്മ മൂലം അഭികാമ്യമല്ലാത്തതോ ചെയ്തു പോയാൽ പശ്ചാത്താപം കൊണ്ടും
തപസ്സുകൊണ്ടും പരിഹരിക്കണമെന്നു നിർദ്ദേശിച്ചു. അക്കാലത്തു ഇന്നത്തേക്കാൾ
ശാന്തിയും സമാധാനവും ഉണ്ടായിരുന്നു എന്നാണു കേൾക്കുന്നതു. അതു
ശരിയായിരിക്കണം. അല്ലെങ്കിൽ നമുക്ക് ആ കാലത്തെക്കുറിച്ചെങ്ങനെ പ്രതിപത്തി
തോന്നും? അങ്ങനെ ജീവിച്ചു പോകുമ്പോൾ താനാരാണെന്ന ചോദ്യം ഉദിക്കുകയും അതു
അന്വേഷിച്ചു പുറപ്പെടുകയും ചെയ്യും. അവിടെയാണു ഒരുവന്റെ ആദ്ധ്യാത്മിക
ജീവിതം ആരംഭിക്കുന്നതു. ഈ ഒരു മനോഭാവത്തിനു മാറ്റമുണ്ടായിട്ട് 300ലധികം
കൊല്ലമായിട്ടില്ല. അല്ലാതെ ആശ്രമങ്ങളോ സംഘടനകളോ പരിശീലിപ്പിച്ചാൽ ഹിന്ദു
ഉണ്ടാകുകയില്ല.
പിന്നെ എവിടെയാണു ഹിന്ദുസമാജത്തിൽ സന്യാസിമാരും ഗുരുക്കന്മാരും ആശ്രമങ്ങളും കടന്നുവരുന്നതു?
ചില
മനുഷ്യർ ജന്മനാ തന്നെ ആത്മാന്വേഷണത്തിൽ ആകൃഷ്ടരാകാറുണ്ട്. അവർ സമൂഹജീവിതം
വെടിഞ്ഞ് ഏകാന്തതയിൽ പോയിരുന്നു ചിന്തിക്കും. അവർക്ക് അപൌരുഷേയങ്ങളായ
സത്യങ്ങൾ വെളിവായി വരും. അതിലവർ ആനന്ദിക്കും. അവരിൽ ചിലർ തിരിച്ചുവന്നു
ലോകത്തിനു ഗുണകരമാകട്ടെ എന്നു വച്ച് തങ്ങളുടെ അറിവുകൾ സമൂഹത്തിനു പകർന്നു
കൊടുക്കും. അവർക്ക് ഇരിക്കാനും വിരക്തരായവർക്ക് തത്ത്വങ്ങൾ
പറഞ്ഞുകൊടുക്കാനും ഒരിടം വേണം. അവയെയാണു ആശ്രമമെന്നു വിളിക്കുന്നതു. അത്തരം
ഗുരുക്കന്മാർ പറയുന്നതു വളരെക്കുറച്ചുപേർക്കു അപ്പോൾ തന്നെ മനസിലാകും. അവർ
ജീവന്മുക്തന്റെ പാത സ്വീകരിച്ചു തപസിനുപോകും. ബാക്കിയുള്ളവർ അതു
കേട്ടെങ്കിലും മറന്നു തിരിച്ചുപോയി ഭൌതിക ലോകത്തിൽ പഴയതുപോലെ ജീവിക്കും.
എന്നു വച്ച് ജീവന്മുക്തന്മാരുടെ വാക്കുകൾ ഇല്ലാതാവുകയില്ല. അതു
കേട്ടവരുടെയെല്ലാം മനസുകളിൽ മറഞ്ഞാണെങ്കിലും അതു മുഴങ്ങിക്കൊണ്ടിരിക്കും.
പിന്നീട് അനുഗുണമായ സാഹചര്യങ്ങൾ വരുമ്പോൾ ആ വാക്കുകൾ അവരിൽ
പ്രവർത്തിക്കുകയും ആത്മാന്വേഷണത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യും.
രമണമഹർഷിയും, ശ്രീരാമകൃഷ്ണദേവനും അങ്ങനെയാണു ഈ ലോകത്തിൽ ജീവിച്ചതു. അവരുടെ
ശബ്ദമാണു നാം ഇന്നും കേട്ടുകൊണ്ടിരിക്കുന്നതു. ജീവന്മുക്തിയെക്കുറിച്ചുള്ള ഈ
അറിവാണു ഹിന്ദുമതത്തെ വളർത്തുന്നതു. ഒറ്റയ്ക്കുപോയി തപസനുഷ്ഠിച്ചവരാണു
അതിനെ മുന്നോട്ട് കൊണ്ടുപോയതു.
പിന്നെ ഇന്നത്തെ ഗുരുക്കന്മാരുടേയും സന്യാസിമാരുടേയും അടുത്തേക്ക്
ആളുകൾ ഇരച്ചു കയറിച്ചെല്ലുന്നതെന്തിനാണു? തങ്ങൾക്കുള്ള സർവ്വവും അവർക്ക്
എറിഞ്ഞുകൊടുക്കുന്നതെന്തിനാണു? മുങ്കാലങ്ങളിൽ ജീവന്മുക്താവസ്ഥ പ്രാപിച്ചവരെ
സ്മരിച്ചിട്ടാണു ഈ മനുഷ്യരൊക്കേയും അതെല്ലാം ചെയ്യുന്നതു. ഇവരും
അങ്ങനെയുള്ളവരാണെന്നു ജനം വിചാരിക്കുന്നു. അതുപോലെ പരമാനന്ദത്തെക്കുറിച്ച്
അവരുടെ ഉള്ളിൽ മറഞ്ഞുകിടക്കുന്ന ഒരു ജ്ഞാനമുണ്ട്. അതു പ്രകാശിപ്പിച്ചു തരാൻ
ഈ ഗുരുക്കന്മാർക്ക് കഴിയുമെന്നു വിശ്വസിക്കുന്നു.അല്ലാതെ, തങ്ങളുടെ
വടിയും, കൊടിയും, മോടിയും കണ്ടിട്ടാണു ജനം വരുന്നതെന്നു തെറ്റിദ്ധരിച്ചാൽ,
ശാന്തം! പാവം!!
No comments:
Post a Comment