Friday, December 27, 2013

ഡാർവ്വിനും ദൈവവും

ഡാർവിനിസം അംഗീകരിക്കുന്ന ഏതെങ്കിലും മതമുണ്ടോ? ഡാർവ്വിന്റെ സിദ്ധാന്തപ്രകാരം. ജീവജാലങ്ങൾ ദൈവസൃഷ്ടിയല്ല. മനുഷ്യൻ ഒട്ടുമല്ല. കുരങ്ങ് രൂപാന്തരം പ്രാപിച്ചു വന്നതാണു മനുഷ്യൻ. ദൈവം തന്റെ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നൊരു മതം പറയുമ്പോൾ മറ്റൊന്നു പറയുന്നതു മനുഷ്യനുൾപ്പെടെ സകലതും ഇവിടെ സൂക്ഷ്മരൂപത്തിൽ ഉണ്ടായിരുന്നുവെന്നും അതിനെ സാക്ഷാത്കരിക്കാൻ പ്രജാപതിയെന്ന പേരിൽ ഒരാളെ നിയമിച്ചു എന്നുമാണു. ഇനിയൊരു മതം പറയുന്നതു ദൈവം തന്റെ അപദാനങ്ങൾ കീർത്തിച്ചു കേൾക്കുവാനായി മനുഷ്യസൃഷ്ടി നടത്തി എന്നാണു. എവിടെയായാലും ദൈവമാണു സൃഷ്ടിയുടെ ആദിമബിന്ദു. അതിനെയാണു ഡാർവ്വിൻ തന്റെ സിദ്ധാന്തത്തിലൂടെ നിഷേധിച്ചതും ശാസ്ത്രലോകം അംഗീകരിച്ചതും.

ആധുനിക ജൈവശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്നു ഡാർവ്വിന്റെ പരിണാമവാദമാണു. അല്ലാതെ മതങ്ങൾ പ്രചരിപ്പിക്കുന്ന ദൈവത്തിന്റെ സൃഷ്ടിശാസ്ത്രമല്ല. പരിണാമവാദത്തെ അടിസ്ഥാനപ്പെടുത്തിയാണു മനുഷ്യനുൾപ്പെടെയുള്ള ജന്തുജാലത്തിന്റെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതു. പരിണാമച്ചങ്ങലയിലെ മുതിർന്ന കണ്ണിയായ മനുഷ്യൻ കൂടുതൽ പ്രാധാന്യമർഹിക്കുന്നു എന്നു ശാസ്ത്രജ്ഞന്മാർ തീരുമാനിച്ചു. അതു കൊണ്ടാണു അവനിൽ നേരിട്ട് നടത്താതെ സമാനതയുള്ള ജന്തുക്കളായ വെള്ളെലിയിലും ആൾക്കുരങ്ങിലും പരീക്ഷണം നടത്തി മനുഷ്യനുയോജിക്കുന്നതു കണ്ടുപിടിക്കുന്നതു. വിശ്വാസികൾ ആണെങ്കിൽ‌പോലും ശാസ്ത്രജ്ഞന്മാർ അപ്പോൾ ദൈവത്തെക്കുറിച്ചോ ദൈവത്തിന്റെ സൃഷ്ടിശാസ്ത്രത്തെക്കുറിച്ചോ ചിന്തിക്കുന്നപോലുമില്ല. ഇതിനെ മതങ്ങൾ എങ്ങനെയാണു വിലയിരുത്തുന്നതു?

എല്ലാ സൃഷ്ടിക്കുപിന്നിലും ഈശ്വരനാണെന്നു പറയുന്ന മതം ഈശ്വരനിഷേധമായ ശാസ്ത്രത്തെ അംഗീകരിക്കുന്നു എന്നാണു കാണുന്നതു. ഈശ്വരന്റെ പിൻ‌ബലത്തിൽ ആരാധനാലയങ്ങൾ നിർമ്മിക്കുകയും പുരോഹിതന്മാരെ നിയോഗിച്ച് ആളുകളെ  ആകർഷിക്കുകയും ചെയ്യുന്ന മതത്തിനു ഇതെങ്ങനെയാണു സാധിക്കുന്നതു? ആധുനിക ആശുപത്രികളും, മെഡിക്കൽ കോളേജുകളും, ശാസ്ത്രവിദ്യാലയങ്ങളും, ഗവേഷണസ്ഥാപനങ്ങളും നടത്താത്ത ഏതു മതമാണുള്ളത്? സ്വന്തം മതപാഠശാലകളേക്കാൾ എണ്ണത്തിൽ അവ കൂടുതലുമായിരിക്കും. പുരോഹിതന്മാർക്കോ മതമേലദ്ധ്യക്ഷന്മാർക്കോ ഒരു അവശത വന്നാൽ അവർ നേരെ ഓടിച്ചെല്ലുന്നതു അത്യാധുനികസൌകര്യങ്ങളുള്ള അലോപ്പതി ആശുപത്രികളിലേക്കാണു. അല്ലാതെ തങ്ങൾ പിന്തുടരുന്ന വിശ്വാസഗ്രന്ഥത്തിന്റെ വഴിയിലേക്കാവില്ല. പ്രാണന്റെ കാര്യം വരുമ്പോൾ ‘ഈശ്വരനിഷേധി‘കളായ ഡോക്ടറന്മാരുടെ വാക്കുകളാണു വേദത്തേക്കാൾ പ്രമാണമെന്നു ചുരുക്കം. തനിക്ക് അടുപ്പമുള്ളവരോ ബന്ധുക്കളോ എങ്ങാനും മറുവഴിക്കുതിരിഞ്ഞാൽ അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും.

അപ്പോൾ ആധുനികശാസ്ത്രപഠനങ്ങളുടെ കാര്യത്തിൽ മതങ്ങളുടെ യഥാർത്ഥ നിലപാട് എന്താണു? ദൈവമാണു അടിസ്ഥാനമെങ്കിൽ, അതു പൂർണ്ണവും, സർവ്വശക്തവുമാണെങ്കിൽ, അതിനൊരു ദൈവശാസ്ത്രമുണ്ടെങ്കിൽ പിന്നെ എന്തിനാണു ആധുനികശാസ്ത്രം? അഥവാ മതങ്ങൾക്ക് അത്ര ഉറപ്പില്ലാത്ത കാര്യമാണു ദൈവവും ദൈവത്തിന്റെ ശക്തിയുമെങ്കിൽ ആ പേരിൽ ജനങ്ങളെ വഞ്ചിക്കുന്നതു ശരിയാണോ?

തങ്ങൾക്ക് ദൈവത്തിൽ വിശ്വാസമില്ല എന്നു മതങ്ങൾ പ്രഖ്യാപിച്ചാൽ അപ്പോൾ തീരാനുള്ളതേയുള്ളു ലോകത്തിലെ ഏറിയപങ്ക് പ്രശ്നങ്ങളും. മനുഷ്യനു അവൻ ജനിച്ചു ജീവിക്കുന്ന ജൈവ-സാമൂഹിക-ഭൌമ തലത്തിൽ സ്വമേധയാ ലഭ്യമാകുന്നതോ അവൻ കണ്ടെത്തുന്നതോ ആയ അറിവുമായി മുന്നോട്ടുപോയി ജീവിതം പൂർണ്ണമാക്കാൻ കഴിയും. മറ്റുജീവജാലങ്ങൾ ജീവിക്കുന്നതു അങ്ങനെയാണല്ലോ. ഇനി, സർവ്വശക്തനായ ദൈവം ഉണ്ടെങ്കിൽ, പ്രപഞ്ചത്തിലെ സകലകാര്യങ്ങളും ആരുടേയും ഒത്താശയില്ലാതെ തന്നെ നിർവ്വഹിക്കാനും ആ ദൈവത്തിനു കഴിയും. അതിനു ഒരു മതത്തിന്റേയും പുരോഹിതന്മാരുടേയും സഹായം ആവശ്യമില്ല. ദൈവത്തെ തങ്ങൾ അറിഞ്ഞിട്ടുണ്ടോ എന്നു മതങ്ങളും പുരോഹിതന്മാരും ആദ്യം തെളിയിക്കണം. അല്ലാതെ തങ്ങൾക്കറിയാത്ത ദൈവം ഇങ്ങനെയൊക്കെയാണു പെരുമാറുക എന്നു പറഞ്ഞാൽ ആരാണു വിശ്വസിക്കുക? ദൈവത്തെ അറിയുന്നെങ്കിൽ അതിനുള്ള തീട്ടൂരം കാണിക്കണം. വളരെ സിമ്പിളായൊരു കാര്യമാണതു. വേറൊന്നും ചെയ്യണ്ട, ആധുനികശാസ്ത്രത്തെ അടിമുടിനിഷേധിച്ച്, മതഗ്രന്ഥങ്ങളിൽ പറയുന്നതുപോലെ ഒന്നു ജീവിച്ചു കാണിക്കുക. അത്രമാത്രം മതി. അതിനു പറ്റുന്നവർ ഒന്നു കൈപൊക്കിക്കേ......