Saturday, December 21, 2013

പരിസ്ഥിതിയുടെ അജണ്ട


സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകുന്ന പലകാര്യങ്ങളും പലപ്പോഴും കേരളത്തിലെ ജനത്തിനു മനസിലാകാറില്ല. പരിസ്ഥിതി സംരക്ഷണം അതിനൊരുദാഹരണമാണു. 1980നു ശേഷമാണു പരിസ്ഥിതി നിഷ്കർഷ ഇന്ത്യയിൽ ഒരു വിശേഷാൽ അജണ്ടയാകുന്നതു. ആർജ്ജവമുള്ള ഒരു ഭരണകർത്താവായിരുന്നതു കൊണ്ട് ഇന്ദിരാഗാന്ധി അതു നേരത്തെ ഉൾക്കൊണ്ടിരുന്നു എന്നു അനുമാനിക്കണം. അല്ലെങ്കിൽ സൈലന്റ‌വാലിയുടെ കാര്യത്തിൽ അന്നങ്ങനെയൊരു തീരുമാനമെടുക്കുമായിരുന്നില്ല. തന്റെ പ്രിയപ്പെട്ട സേവകനും വികസനതല്പരനായിരുന്ന കെ.കരുണാകരനെ പോലും മറികടന്നാണു ശ്രീമതി.ഗാന്ധി അതു ചെയ്തതു.

അതിനു ശേഷം വന്ന വനംവകുപ്പ് മന്ത്രിമാരെ ശ്രദ്ധിച്ചാലും കാര്യങ്ങൾ കുറേ മനസിലാകും. ഏതു പൊളവനാണെങ്കിലും ചില ചട്ടക്കൂടുകൾക്കുള്ളിൽ അടങ്ങേണ്ടി വന്നിട്ടുണ്ട് എല്ലാവർക്കും. ഒടുവിലൊടുവിൽ ആർക്കും അത്ര താല്പര്യമുള്ള ഒരു വകുപ്പുമല്ലാതെ അതു മാറാനും തുടങ്ങി. ബിനോയ്‌വിശ്വത്തെപ്പോലെ സ്വാത്തികന്മാരും, ഗണേശനേപ്പോലെ മർമ്മമറിയാവുന്നവരും മാത്രമായി അതിന്റെ തലപ്പത്തു. അച്ഛനും എന്തിനു പൂഞ്ഞാറ്റിൽ തമ്പുരാൻ പോലും ഇടഞ്ഞീട്ടും ഗണേശൻ വിട്ടുകൊടുത്തില്ല. അഥവാ അതിനുള്ള സ്കോപ്പ് ആ വകുപ്പിലില്ല. എന്നാൽ ഇതിനേക്കാളൊക്കെ മുന്നേ കൂപ്പുമുതലാളിമാർ കെണിമനസിലാക്കി പിൻ‌വാങ്ങാൻ ആരംഭിച്ചിരുന്നു. മുതലാളിമാർക്കാണല്ലോ പലകാര്യങ്ങളിലും പഠിപ്പും ബിരുദവുമുള്ളവരേക്കാളൊക്കെ ഗ്രാഹ്യം. ബിരുദം നേടാൻ ഏതു അങ്ങനും അടകോടനും കഴിയും. ഒരു കച്ചവടം നടത്തണമെങ്കിൽ അതിനു ബുദ്ധി വേണം. തടിവെട്ട് അധികകാലം നിലനിൽക്കില്ലെന്നു അവർ മുൻ‌കൂട്ടിക്കണ്ട് മലേഷ്യൻ തടി ഇറക്കുമതി ചെയ്യാൻ തുടങ്ങി.

മറ്റ് ഏതു മേഖലകളിലും എന്തു തരവഴികേടും കാണിച്ച് പിടിച്ചുനിൽക്കുന്ന പണക്കാർ, സ്വാധീനമുള്ളവർ, സെലിബ്രിട്ടികളൊക്കെ വനം വകുപ്പിന്റെ മുന്നിൽ കെണിയുന്ന കാഴ്ചയും പിന്നാലെ ഉണ്ടായി. ആനക്കൊമ്പെടുത്തവനായാലും നല്ലമാനിനെ വെടിവെച്ചിട്ടവനായാലും വനം വകുപ്പിന്റെ അടിച്ചിലിൽ വീണു. ഇതൊക്കെ കണ്ടിട്ടും പരിസ്ഥിതിവനം ഏരിയയാലുള്ള മാറ്റം ഉൾക്കൊള്ളാൻ സാധാരണക്കാരനു കഴിയുന്നില്ല. അവരിപ്പോഴും വർഗ്ഗസമരത്തിന്റെയും ആർത്തിയുടേയും അഞ്ചാംക്ലാസിൽ തന്നെ തോറ്റുതോറ്റു കിടക്കുകയാണു. വനനിയമത്തിന്റെ കാർക്കശ്യം മെല്ലെവന്നു പൊതിയുന്നതിനു മുൻപേ രക്ഷപ്പെടാനുള്ള വഴി നോക്കുന്നതിനു പകരം കല്ലിൽ കടിച്ച് പല്ലുകളയാനുള്ള തത്രപ്പാടിലാണവർ.

ആരു പ്രധാനമന്ത്രിയായാലും ആരു മുഖ്യമന്ത്രിയായാലും വനം-പരിസ്ഥിതിവകുപ്പുകളുടെ അജണ്ട നിശ്ചയിക്കുന്നതു ഏതോ അജ്ഞാത കേന്ദ്രത്തിൽ നിന്നാണു. അതു കൊണ്ടാണു വനം മന്ത്രിമാർ ഈയിടെ ശ്രദ്ധേയരാകുന്നതും, പലപ്പോഴും അതിരു കവിഞ്ഞ അധികാരമുള്ളവരേപ്പോലെ പെരുമാറുന്നതും. തമ്പുരാന്റെ മുകളിൽ ഒടയതമ്പുരാൻ ഉണ്ടെന്നു അവർക്കറിയാം. മോഡി ഭരണത്തിൽ വന്നാലും ഈ സ്ഥിതിക്ക മാറ്റം വരില്ല. അപ്പോഴും പ്രധാനമന്ത്രിയേക്കാൾ മുഖ്യൻ വനം മന്ത്രിതന്നെയായിരിക്കും. പുറമേ അതിന്നും കാണിക്കില്ലെങ്കിലും വരുംകാലങ്ങളിൽ അതായിരിക്കും അതിന്റെയൊരു ചിട്ട.

സാധാരണഗതിയിൽ പുല്ലുപോലെ മറികടക്കാവുന്നതേയുള്ളു കസ്തൂരിയും ഗാഡ്ഗില്ലുമൊക്കെ. പക്ഷെ അതൊക്കെ നീറിനീറിക്കിടക്കുന്നതല്ലാതെ കെട്ടുപോകുന്നില്ല. അതാരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എന്തായിരിക്കും അതിനു കാരണം? ആരാണു ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്നു ഇത്ര വാശിപിടിക്കുന്നതു? കാര്യം വളരെ സിമ്പിളാണു. പാരിസ്ഥിതിക വിഷയത്തിൽ ഇനി ലോകത്തിന്റെ ആകെയുള്ള ആശ്രയം ഇന്ത്യയിലെ പരിസ്ഥിതി മേഖലകളാണു. ഇന്ത്യൻ സർക്കാർ ആഗ്രഹിക്കുന്നില്ലെങ്കിൽക്കൂടി അതു സംരക്ഷിക്കപ്പെടും. ഇതു തിരിച്ചറിഞ്ഞ കർണ്ണാടകാ തമിഴ്നാട് സർക്കാറുകൾ കിട്ടാവുന്ന ധനസഹായമെല്ലാം മേടിച്ച് പശ്ചിമഘട്ടസംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നമ്മൾ മാത്രം ആർപ്പും അലമ്പുമായിക്കഴിയുന്നു. ചോദിച്ചാൽ എത്ര കാശുവേണമെങ്കിലും തരാൻ ആളുകളുണ്ട്. പക്ഷെ പരിസ്ഥിതി സംരക്ഷിക്കണം. കാശുമേടിച്ചിട്ട് ഞ്ഞഞ്ഞാപുഞ്ഞാ പറഞ്ഞാൽ വിവരമറിയും. സുവ്യക്തമായ പദ്ധതികൾ മുന്നോട്ട് വച്ചാൽ എന്തും തരികയും ചെയ്യും. മുന്നോട്ട് വയ്ക്കാൻ നമുക്ക് പദ്ധതികൾ ഇല്ലെങ്കിൽ താമസം വിനാ കാര്യങ്ങൾ അതിന്റെ സ്വന്തം വഴിക്ക് മുന്നോട്ട് പോകും. കാശുമില്ല, അടിയും കിട്ടും എന്ന അവസ്ഥയാണു മലയാളിക്ക് വരാൻ പോകുന്നതു. മാണിസാറോ മാർക്സിസ്റ്റ്പാർട്ടിയോ വിചാരിച്ചാലൊന്നും അതിനു ഒരു മാറ്റവുമുണ്ടാവില്ല. പിന്നെ, പെട്രോൾ വിലകൾ പോലെ പൊതുജനത്തിനു അതുമായി അങ്ങ് താദാത്മ്യപ്പെടേണ്ടി വരും. ഭേദം പരിസ്ഥിതിയെ സംരക്ഷിക്കുന്നതല്ലെ?

No comments: