ബൈസിക്കിൾ തീവ്സ് കണ്ടതു കൌമാരകാലത്തായിരുന്നു. വയറിന്റെ
വിശപ്പിനു മോഷണം നടത്തേണ്ടി വരുന്ന ഒരാളുടെ കഥയെന്നേ ഇപ്പോൾ ഓർമ്മയുള്ളു. എങ്കിലും
അതിന്റെ അന്തർധാര വിട്ടുപോയിട്ടില്ല. ദാരിദ്ര്യവും, വിവശതയും! പിന്നീട് യൂറോപ്പിനെക്കുറിച്ചറിഞ്ഞപ്പോൾ
അവരുടെ പരിതാപകരമായ ജീവിതത്തെക്കുറിച്ച് സഹതാപം തോന്നി. അരക്ഷിതമായ ദിനങ്ങളിലൂടെ കടന്നു
വേണം അവിടെ ജീവിതം പൂർത്തിയാക്കാൻ. കാലത്തിന്റെ പകുതിയും തണുപ്പായിരിക്കും. സൂര്യപ്രകാശം ഒരു ആർഭാടമാണു. ചെടികൾ സ്വമേധയാ മുളയ്ക്കാൻ വിസമ്മതിക്കുന്ന
മണ്ണു. അന്നന്നു അദ്ധ്വാനിച്ചുവേണം അന്നത്തെ അപ്പം കണ്ടെത്തണ്ടതു. കാലം മാറിയപ്പോൾ
അതു പണത്തിന്റെ തോതിലായി. പണം സമ്പാദിച്ചു അതു കൊണ്ട് ഭക്ഷണം വാങ്ങുക. ദാരിദ്ര്യത്തെ
ഭയന്നാണു ഓരോ ദിവസവും തള്ളിനീക്കുന്നതു. ദാരിദ്ര്യമുള്ളടത്തു ചൂഷണവുമുണ്ട്. ചൂഷണം മൂലം
ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വളരെ വലുതുമായിരിക്കും. ഈ ഒരു അവസ്ഥയിൽ നിന്നും
ഉരുത്തിരിഞ്ഞ ജീവിതവീക്ഷണവും അതിന്റെ അതിജീവനത്തിനുള്ള ശാസ്ത്രവുമാണു യൂറോപ്പിനെ ഭരിച്ചു
കൊണ്ടിരിക്കുന്നതു. അതറിയാതെയാണു അതിനെ നാം മികച്ചതാണെന്നു കരുതി സ്വാശീകരിച്ചതു. ഇപ്പോൾ
നാമും ദാരിദ്ര്യത്തിന്റെ ആ അവസ്ഥയിലേക്ക് നടന്നെത്തിക്കൊണ്ടിരിക്കുകയാണു.
ഒരു മലയാളിയുടെ ജീവിതം
നോക്കുക. എത്ര അന്തസാരശൂന്യമാണതു. കപടസ്വത്വങ്ങളിൽ അഭിരമിക്കാനാണു അവനു താല്പര്യം.
ഇഷ്ടമ്പോലെ പകൽ വെളിച്ചമുള്ള ഒരു നാട്. എന്നിട്ടും അവൻ പകലുകളെ വെറുക്കുന്നു. കാലത്തിന്റെ
പകുതി മഴകിട്ടും. മഴയുടെ നുളുപ്പ് അവനെ അസ്വസ്ഥതപ്പെടുത്തുന്നു. വാരിവിതറിയാൽ വിത്തുകൾക്ക്
മുളയ്ക്കാൻ കഴിയുന്ന മണ്ണ്. ഒരു ചെടിപോലും നട്ടുവളർത്താൻ അവനു ആഗ്രഹമില്ല. എന്താണ്
മലയാളിക്ക് സംഭവിച്ചതു. അലസവും ഉദാസീനവുമായ ജീവിതമാണു അവന്റെ രതി. അദ്ധ്വാനം കുറഞ്ഞപണികളിലാണു
അവനു കമ്പം. പൊരുത്തോ ഇടനിലനിന്നോ ഒരല്പം പണമുണ്ടാകാൻ ആഗ്രഹിക്കുന്നവരാണു ഓരോ മലയാളിയും.
പണം ആർഭാടത്തിനുള്ളതാണു. ജീവിതത്തിനുള്ളതല്ല. ഈ പാഠങ്ങളൊക്കെയാണു അവന്റെ തലയിലിരുന്നു
ഭരിക്കുന്നതു.
ഒരു കുഞ്ഞ് ജനിച്ചാൽ അച്ഛനമ്മമാരുടെ
സ്വപ്നം അവൻ ഭൂമിയുടെ ഉപ്പായി വളരണമെന്നല്ല. എങ്ങനെ വേഗത്തിൽ അവനു പണമുണ്ടാക്കാൻ കഴിയുമെന്നതാണു. അതിനു മത്സരിക്കണം.
അതവർ മനസിലാക്കിയിട്ടുണ്ട്. അതിനു അവനെ തയ്യാറെടുപ്പിക്കാനുള്ള ഉദ്വേഗത്തിലാണു ഓരോ
അച്ഛനും അമ്മയും. മത്സരത്തിലെ കുറുക്കുവഴികൾ എന്താണെന്നു അവർ ആലോചിക്കുന്നു. അതിനു
ആദ്യം വേണ്ടതു ഭാഷമറക്കുകയാണെന്നു അവർ കണ്ടെത്തി. ഈ നാടിനെ പൊതിഞ്ഞുനിൽക്കുന്ന പദാവലികൾ
മറക്കണം. അല്ലെങ്കിൽ അതിലൂടെ അവൻ ഈ നാടിന്റെ സ്വപ്നത്തിലേക്കും സ്വത്വത്തിലേക്കും വഴുതിവീണാലോ?
തങ്ങൾ ഇവിടെ ജനിച്ചുപോയതു ഒരപരാധമായാണു ഏറെ അച്ഛനമ്മമാരും കണക്കാക്കുന്നതു. തന്റെ കുട്ടിക്കതു
വരരുതു. അതാണു മോഹം! വളർന്നു കഴിഞ്ഞാൽ അവൻ
അന്യദേശങ്ങളിലേക്ക് കൂടുമാറണം. തങ്ങൾ ഉപേക്ഷിക്കപ്പെട്ടാലും അവർക്ക് വിരോധമില്ല. ഇതിനൊക്കെ
അമൃതഭാഷയും അമ്മിഞ്ഞപ്പാലും മറക്കണം.
ശബ്ദത്തിലൂടെയാണു ലോകം
സൃഷ്ടിക്കപ്പെട്ടതെന്നു നാം മറന്നു. വാക്കുകൾ അല്ലാതെ മറ്റെന്താണു ഈ ലോകം? ഓരോ ലോകവും
തിരിച്ചറിയുന്നതു ആ ലോകത്തിന്റെ ഭാഷയിലൂടെയാണു. മറ്റൊരു ഭാഷയിലെ ശബ്ദം കടന്നു വന്നു
തനതു ശബ്ദത്തെ ആദേശംചെയ്തു പുറത്തുകളയുമ്പോൾ ആ പരഭാഷയുടെ ലോകമാണു ഉണരുന്നതെന്നു നാം
അറിയുന്നില്ല. കാക്കയെ കാണിച്ചിട്ട് കാക്കയെന്നു പറഞ്ഞുകൊടുക്കാതെ Crow എന്നു പഠിപ്പിക്കുമ്പോൾ
നമ്മുടെ കറുത്ത കാക്കകൾ മരിച്ചു പോവുകയാണു. അവയുടെ അസ്ഥിത്വം വെറും പറവ മാത്രമായി ചുരുങ്ങുന്നു.
അതു പഠിക്കുന്ന കുഞ്ഞിലേക്ക്, അവൻ കണ്ട കാക്കവഴി പ്രകൃതി തുറക്കുന്ന ഒരു ലോകമുണ്ട്.
അതറിഞ്ഞാലെ മനുഷ്യർക്ക് അവനവന്റെ ദേശങ്ങളിൽ വളരുവാനാകു. പരദേശിഭാഷയ്ക്കു വേണ്ടി പ്രകൃതിനീട്ടിയിട്ട
ചരട് മുറിക്കുമ്പോൾ അവനു നഷ്ടമാകുന്നതെന്താണെന്നു ആരെങ്കിലും ആലോചിക്കാറുണ്ടോ? പ്രകൃതിയിലെ
ഒരു ചങ്ങലക്കണ്ണി മുറിഞ്ഞുവീണാൽ അതുമാത്രമല്ല നഷ്ടപ്പെടുന്നതു. തുടർന്നുള്ള അനേകം കണ്ണികളും
നഷ്ടമാകുന്നു. അവനു ജീവിക്കാനുതകുന്ന തന്റെ യഥാർത്ഥ ലോകം തന്നെ നഷ്ടമാകുന്നു.
ഏകകോശജിവിയായി ആരംഭിക്കുന്ന
ജീവന്റെ തുടിപ്പ് അമ്മയുടെ ഉള്ളിൽ സുരക്ഷിതമായി വളർന്നാണു ഈ ലോകത്തിലേക്ക് പിറക്കുന്നതു.
അമ്മമാർ ഒരിക്കലും ഉള്ളിൽ തുടിക്കുന്ന ജീവനോട് ശത്രുതാപരമായി പെറുമാറുന്നില്ല. (ഇപ്പോൾ അതിനും അപവാദങ്ങൾ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.)
തന്റെ ജീവരക്തമാണു കുഞ്ഞിന്റെ വളർച്ചയ്ക്ക് അമ്മ പങ്കുവെയ്ക്കുന്നതു. അതിനുള്ള നാളികൾ
ഗർഭപാത്രത്തിൽ നിന്നും അവന്റെ പുക്കിളിലേക്ക് നീളുന്നു….. പിറവിയെടുക്കുമ്പോൾ നാളികളോരോന്നും പറിച്ചു മാറ്റിയും പുക്കിൾക്കൊടി
അറുത്തുമാണു അവനെ മറ്റൊരു വ്യക്തിയാക്കുന്നതു. പിന്നെ അവൻ അമ്മയുമായി താദാത്മ്യം പ്രാപിക്കുന്നതു
മനസുകളിലൂടെ മാത്രമാണു. ഇപ്പോൾ കുഞ്ഞ് വിശാലമായ മറ്റൊരു ലോകത്തിലേക്കാണു കടന്നു വരുന്നതു.
പ്രകൃതി നീട്ടുന്ന നാളികളിലൂടെയാണു അവൻ ആ ലോകത്തിൽ വളരുന്നതു. ദേശവാക്കുകളാണു ആ നാളികൾ.
അവയെ അറുത്തുകളഞ്ഞ് പരദേശ ഫീഡിങ്ങ് ബോട്ടിലുകൾ നാം അവന്റെ ചുണ്ടുകളിൽ ചേർത്തുകൊടുക്കുന്നു.
ജീവകങ്ങളും മൂലകങ്ങളും കൃത്യമായ അളവിൽ ചേർത്ത സമീകൃതാഹാരമാണു പരദേശിഭാഷയെന്നു നാം വിചാരിക്കുന്നു.
കിളികളെ Birds യായും, മരത്തെ Tree യായും പൂക്കളെ Flower ആയും മാത്രം കാണാൻ കഴിയുന്ന
നിർവികാരമായ ഒരു അവസ്ഥയിലേക്ക് അവൻ വീണുപോകുന്നു. പ്രകൃതിയുടെ നാളികൾ മുറിച്ചുമാറ്റപ്പെടുന്നതു
കൊണ്ട് അവനു ശരീരത്തിന്റെ വളർച്ചയുണ്ടാകുന്നെങ്കിലും ആന്തരികവളർച്ചയുണ്ടാകുന്നില്ല.
മലയാളി കുള്ളനായതു അങ്ങനെയാണു!
1 comment:
മലയാളിക്കെന്നെങ്കിലും പൊക്കം വെക്കുമോ..?
Post a Comment