Friday, December 27, 2013

വേദം പഠിപ്പിക്കാത്തതിനു പരാതി പറയുന്നവർ


ഉല്പതിഷ്ണുക്കളെക്കുറിച്ച് ഒരു വലിയ തമാശയുണ്ട്. അവർ ഇങ്ങനെ പറഞ്ഞു തുടങ്ങും....

വേദങ്ങളും ഉപനിഷത്തുക്കളും ആയുർവ്വേദവുമൊക്കെ ഒരുപറ്റം സവർണ്ണർ കയ്യടക്കിവച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് അതു സാധാരണക്കാർക്കാർക്കും പഠിക്കാൻ പറ്റിയില്ല. സവർണ്ണമേധാവിത്വത്തിന്റെതായിരുന്നു ആ കാലം. അതു ഇരുണ്ടയുഗമാണു. ജനങ്ങളെ അടിമകളാക്കാൻ അവർ ആയുധമാക്കിയതു വേദോപനിഷത്തുക്കളെയാണു.

സംഗതി നേരാണു. ഓത്തും സ്വാദ്ധ്യായവുമായി നടന്ന കുറേ ക്രോസ്ബൽറ്റുകാരുടെ കയ്യിലായിരുന്നു അതൊക്കെ. കാര്യങ്ങളൊക്കെ അവർ നിയന്ത്രിച്ചു. വേദം കേൾക്കുന്ന ശുദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്നു ഒരു നിയമംവരെ അന്നുണ്ടായിരുന്നത്രെ. ശുദ്രൻ എന്നു പറഞ്ഞാൽ നായർ തൊട്ടു ബാക്കിയെല്ലാവരും വരും. എന്നിട്ടും ചില നായന്മാരും, പിഷാരോടിമാരും, ഈഴവപ്പണിക്കന്മാരും, തീയന്മാരുമൊക്കെ സംസ്കൃതവും ആയുർവ്വേദവുമൊക്കെ പഠിച്ചു. നായരിലാരും വേദം പഠിച്ച് തന്ത്രിയായില്ലെങ്കിലും ഈഴവരിൽ നിന്നു ഒരു തന്ത്രിയുണ്ടായി. ചെവിയിൽ ഈയം‌പറ്റാതെ അതൊക്കെ എങ്ങനെ സാധിച്ചു എന്നു മനസിലായിട്ടില്ല. അതൊരുപക്ഷെ ബുദ്ധഭിക്ഷുക്കൾ പഠിപ്പിച്ചതാകാം. പക്ഷെ അവിടെയുമുണ്ട് ഒരു സംശയം. ബൌദ്ധന്മാർ നിഷേധിച്ച വേദം അവരെന്തിനു പഠിപ്പിക്കണം?

അതൊക്കെ പോകട്ടെ. ഇതൊന്നും പഠിക്കാൻ എല്ലാവരേയുമൊന്നും അനുവദിക്കാതിരുന്ന ഒരുകാലമുണ്ടായിരുന്നു എന്നു സമ്മതിക്കണം. അതൊരു മോശമായ കാലവുമാണു. പക്ഷെ അന്നു ഉല്പതിഷ്ണുക്കൾ വാദിച്ചിരുന്നതെന്തണു?

ഇടിയും, മിന്നലും, മഴയും കണ്ടുപേടിച്ച മനുഷ്യൻ ഉരുവിട്ട ജല്പനങ്ങളാണു വേദങ്ങൾ. ഭയത്തിൽ നിന്നും മോചനം നേടാനായി കല്ലിനേയും മരത്തിനേയുമൊക്കെ പൂജിക്കാൻ പറഞ്ഞു. അതു അധമമാണു. വേദങ്ങൾ സംസ്കൃതിയെ പിന്നോട്ടടിച്ചിട്ടേയുള്ളു. അതെഴുതിവച്ചിരിക്കുന്ന ഭാഷ മൃതഭാഷയാണു. ആ ഗ്രന്ഥങ്ങളൊക്കെ നശിപ്പിക്കണം.
പാശ്ചാത്യവിദ്യാഭ്യാസവും, ആധുനികശാസ്ത്രചിന്തയും, ഇംഗ്ലീഷുമാണു പുരോഗതിയിലേക്ക് നയിക്കാൻ പോകുന്നതു. പുരോഗമനചിന്താഗതിക്കാർ അതു സ്വീകരിക്കണം. വേദങ്ങളെ നിഷേധിച്ചാൽ ആ തലമുറരക്ഷപ്പെടും.

ഇതുൾക്കൊണ്ടവരുടെ തലമുറയാണു പിന്നീട് ഉണ്ടായതു. ദാ, അവരിപ്പോൾ പറയുന്നു: ‘വേദോപനിഷത്തുക്കളിലെ പ്രാചീനമായ അറിവ് സാമാന്യജനങ്ങളിൽ നിന്നും അകറ്റിനിർത്തിയതു കൊണ്ട് നഷ്ടമുണ്ടായി. തങ്ങളെ പഠിക്കാൻ അനുവദിക്കാത്തതു കഷ്ടമായി’. അതിന്റെ അർത്ഥമെന്താ? തങ്ങൾ പിന്തുടർന്ന ആധുനികതയേക്കാൾ മികച്ചതായിരുന്നു പ്രാചീനമായ വേദങ്ങളിലെ അറിവ് എന്നാണോ?

ഇങ്ങനെ വേദം‌പഠിക്കാൻ കഴിയാത്തതിൽ നിരാശ്ശപ്പെടുകയും അതിനു സവർണ്ണരെ കുറ്റം‌പറയുകയും ചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. പക്ഷെ ഇതൊരു ഡബ്‌ൾ ടോക് അല്ലെ? വൈരുദ്ധ്യാഭാസം? പ്രതിലോമകരമായ ആ അറിവ് പൊയ്പോയെന്നു സമാധാനിക്കുന്നതിനു പകരം ഇവരെന്തിനാ നിരാശ്ശപ്പെടുകയും പരാതി പറയുകയും ചെയ്യുന്നതു?

അതോ ആളുകൾക്ക് വൈകിയിട്ടാണെങ്കിലും ഒരു തിരിച്ചറിവ് വന്നോ? എങ്കിൽ നല്ലകാര്യം. വേദോപനിഷത്തുക്കളിൽ അറിവുണ്ട്. അതു സ്വായത്തമാക്കുന്നതു നല്ലതാണു. പിന്നെന്താ അതു പത്തിക്കാൻ താമസം. ഇന്നു പഴയതുപോലെ വേദം കയ്യടക്കിവക്കുന്ന വരേണ്യവർഗ്ഗമില്ല. ആർക്കും പഠിക്കാം. പഠിപ്പിക്കാൻ ആളുമുണ്ട്. എന്നിട്ടും അതുപഠിക്കാൻ മിനക്കെടാതെ പിന്നെയും പഴയപരാതി തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാണു? അല്ലാ, എന്താ അതിന്റെ അർത്ഥം?

ചുരുക്കത്തിൽ ഇവർക്ക് പരാതി മാത്രമേയുള്ളു. പരാതിപറയാനുള്ള ഒരു സംഗതി മാത്രമാണു വേദവും സവർണ്ണതയും. അതാണു അതിന്റെ തമാശയും......

No comments: