Saturday, December 21, 2013

ചന്ദ്രശേഖറിൽ നിന്നും കേജരിവാളിലേക്ക് :


അരവിന്ദ് കേജ്രിവാളിനേയും ആം ആദ്മി പാർട്ടിയേയും കാണുമ്പോൾ എനിക്കൊരു പൂർവ്വകാലഫലിതമാണു ഓർമ്മയിൽ വരുന്നതു. ഒരു പഞ്ചായത്തു പ്രസിഡന്റ് പോലുമാകാതെ നേരിട്ട് ഇന്ത്യൻ പ്രധാനമന്ത്രിയായ എസ്സ്.ചന്ദ്രശേഖറേയും ജനതാപാർട്ടിയേയും കുറിച്ച്. തനിക്ക് ജനസേവനം മതി അധികാരമാവശ്യമില്ല എന്നു വാശിപിടിച്ച ഒരു നേതാവും അനന്തമായ പ്രതീക്ഷകൾ വാഗ്ദാനം ചെയ്ത ഒരു പാർട്ടിയുമായിരുന്നു ചന്ദ്രശേഖറും ജനതാപാർട്ടിയും. എന്നിട്ടും കാലം രണ്ടിനേയും എവിടെക്കൊണ്ടെത്തിച്ചു എന്നതു ചരിത്രമാണു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചലനരേഖകളുടെ മാപിനിയുമാണതു.

1977 മാർച്ചമാസത്തിലെ പൊതുതെരെഞ്ഞെടുപ്പിൽ ഇന്ദിരയും കോൺഗ്രസ്സും തോറ്റുതുന്നമ്പാടി. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രതിപക്ഷകക്ഷികളുടെ സമാഹാരമായ ജനതാപാർട്ടി പാർലമെന്റിലേക്ക്. ആ സമയത്തു ജയപ്രകാശ് നാരായണൻ മുംബൈ ജസ്ലോക് ആശുപത്രിയിൽ ജീവിതത്തിനും മരണത്തിനുമിടയിലെ സന്ധിയിൽ എവിടേക്ക് പോകണമെന്നു നിശ്ചയമില്ലാതെ കഴിയുന്നു. ആരാകണം പുതിയ പ്രധാനമന്ത്രി എന്ന ചൂടുപിടിച്ച ചർച്ച ദില്ലിയിൽ നടക്കുന്നു. മൊറാർജി, ചരൺസിംഗ്, ജഗജീവൻ‌റാം. ഈ മൂന്നുപേരാണു സ്ഥാനമോഹികൾ. ജനതാപാർട്ടിയിൽ ലയിച്ച ഭാരതീയ ജനസംഘത്തിനു അന്നൊരു പ്രധാനമന്ത്രിസ്ഥാനത്തേക്കുറിച്ച് സങ്കല്പിക്കാനുള്ള ഉൾക്കരുത്തൊന്നുമുണ്ടായിരുന്നില്ല. സ്ഥാനമോഹികൾ മൂന്നുപേരും ശക്തരായതു കൊണ്ട് തീരുമാനം അന്തരീക്ഷത്തിൽ തന്നെ തൂങ്ങി നിന്നു. ജയപ്രകാശിന്റെ മദ്ധ്യസ്ഥതയിൽ ഒരു തീരുമാനമുണ്ടായാൽ അതംഗീകരിക്കാമെന്നു മൂന്നുപേരും സമ്മതിച്ചതാണു ആശ്വാസകരമായ ഒരേയൊരു കാര്യം.

ചന്ദ്രശേഖർ പ്രധാനമന്ത്രിയാകട്ടെ എന്നായിരുന്നു ജെ.പിയുടെ നിലപാട്. അതിനു അദ്ദേഹത്തിനു വ്യക്തമായ ന്യായങ്ങൾ ഉണ്ടായിരുന്നു. അടിയുറച്ച സോഷ്യലിസ്റ്റാണു ചന്ദ്രശേഖർ. കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വം. സൌ‌മ്യവും സൌഹാദപൂർവ്വവുമായ പെരുമാറ്റത്തിനുടമ. ജനതാപാർട്ടിയെ ഒരു മൃഗശിക്ഷകനെപ്പോലെ കൊണ്ടുനടത്താൻ കഴിഞ്ഞേക്കും എന്നു ജെ.പിക്ക് തോന്നി. എല്ലാറ്റിലുമുപരി ചന്ദ്രശേഖറിനു ജനത്തോടുള്ള കാരുണ്യം. ഇന്ത്യയെന്ന അഭിമാനം നെഞ്ചിലേറ്റിയ കോൺഗ്രസ്സിലെ യുവതുർക്കിയായ ചന്ദ്രശേഖർ ഇന്ത്യയെ പുരോഗതിയിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കുമെന്നു അദ്ദേഹം പ്രതീക്ഷിച്ചു. പക്ഷെ ശനിബാധിച്ച നളനെപ്പോലെ ചന്ദ്രശേഖർ അതു നിർദ്ദയം നിരസ്സിച്ചു. ജയപ്രകാശ് ഒരുനിമിഷം മൂകനായി എന്നാണു അതിനു സാക്ഷ്യം വഹിച്ച ഒരു പത്രപ്രവർത്തകൻ അന്നെഴുതിപ്പിടിപ്പിച്ചതു. അതിനു ശേഷമരങ്ങേറിയ കോമാളിത്തങ്ങൾ നമുക്ക് വിട്ടുകളയാം. ചരിത്രത്തിനു ഫലിതബോധമാണു ഏറെയെന്നു അതു നമ്മെ പഠിപ്പിക്കുന്നുണ്ടെങ്കിലും.

ഒരു വ്യാഴവട്ടം എത്തുന്നതിനു മുൻപേ താൻ നിരസിച്ച പ്രധാനമന്ത്രിപദത്തിനു വേണ്ടി എന്തൊക്കെ അശ്ലീലതകളാണു ചന്ദ്രശേഖറിനു കാണിക്കേണ്ടി വന്നതു. അതോർക്കുമ്പോൾ ആരായാലും ലജ്ജിച്ചു പോകും. തന്നെത്തന്നെ പൂർണ്ണമായി നിഷേധിച്ചുകൊണ്ടാണു രാജീവ്ഗാന്ധിയുടെ പിന്നാലെ നടന്നു ആ സ്ഥാനം ചന്ദ്രശേഖർ ഉറപ്പാക്കിയതു. ആരൊക്കെ പരിഹസിച്ചിട്ടും അദ്ദേഹം പിൻ‌വാങ്ങിയില്ല. അതാണു അധികാരത്തിന്റെ ലഹരി. അധികാരത്തിൽ മോഹമുണ്ടായാൽ പിന്നെ എല്ലാ അഭിമാനവും നഷ്ടമാകും. ആചാര്യ വിനോബാ ഭാവെ, ജയപ്രകാശ് നാരായണൻ, ഡോ.ജി.രാമചന്ദ്രൻ തുടങ്ങിയ അപൂർവ്വം ചില വ്യക്തിത്വങ്ങൾക്കേ അധികാരത്തിന്റെ ഇടനാഴിയിൽ നിന്നും വിട്ടുനിൽക്കാൻ കഴിഞ്ഞിട്ടുള്ളു. അതിനു തക്കതായ ആത്മബലം അവർക്കുണ്ടായിരുന്നു. ജീവിത സാഹായാഹ്നത്തിൽ ചന്ദ്രശേഖറിനു നഷ്ടപ്പെട്ടതും അതാണു. അരബിന്ദ് കേജ്രിവാളിനു അതെത്രമാത്രമുണ്ടെന്നു അറിയാനുള്ള സന്ദർഭം ദില്ലിയിലെ വോട്ടറന്മാർ ഒരുക്കിയിട്ടുണ്ട്. അനേകം ഭരണാധികാരികളെ കണ്ടതിന്റെ ജനിതകപാരമ്പര്യമുള്ള ദില്ലി ജനത ഈ തീരുമാനമെടുത്തതു വെറുതേയല്ല. കേജ്രിവാളിനും ആം ആദ്മിക്കും ഇതൊരു പരീക്ഷണമാണു. അതെങ്ങനെ അതിജീവിക്കുമെന്നു നമുക്ക് നോക്കിയിരുന്നു കാണാം!


No comments: