Thursday, December 26, 2013

ബുദ്ധമതത്തിന്റെ തകർച്ച


ബുദ്ധമതത്തെ തോല്പിച്ച ആര്യൻ തിയറി എന്തുകൊണ്ടോ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒരു ജനത കഷ്ടമനുഭവിക്കുമ്പോഴാണു പരദേശവാസിയാകുന്നതു. ദാരിദ്ര്യം മൂത്തപ്പോൾ ബ്രിട്ടീഷുകാർ ചെയ്തതുപോലെ. അപ്പോൾ അവർ അക്രമങ്ങൾ കാണിക്കും. രണ്ടാമത്തെ ഉദാഹരണം മലയാളികളുടെ പ്രവാസജീവിതം. തങ്ങളേക്കാൾ വളർന്നതും സുഭിക്ഷവുമായ ഒരു സമൂഹത്തിലേക്കേ പരദേശിമോക്ഷയാത്രകൾ ഉണ്ടാകാറുള്ളു. അവർക്ക് പുതിയ ദേശത്തെ ജനതയെ കീഴടക്കുന്നതിനു ഒരു പരിധിയുണ്ട്. അതിനുദാഹരണം അലക്സാണ്ടറുടെ പരാജയമാണു. ഇന്നിപ്പോൾ നാം അമേരിക്കയിൽ പോകുമെങ്കിലും അവരുടെ ഭരണം പിടിച്ചെടുക്കാൻ നോക്കുന്നുണ്ടോ?കീഴടക്കപ്പെടുന്ന ജനത സ്വയമേവ ശിഥിലമാകുമ്പോഴാണു അക്രമികൾക്ക് വേറുറപ്പിക്കാൻ കഴിയുന്നതു. ബ്രിട്ടീഷുകാർക്ക് മുൻപേ അറബികളും, ഗ്രീക്കുകാരും, ഈജിപ്ത്യന്മാരും ഇന്ത്യയിൽ എത്തിയിരുന്നു. അവരാരും ഭരണം പിടിച്ചെടുക്കുകയോ സാമൂഹികക്രമം അട്ടിമറിക്കുകയോ ചെയ്തില്ല. മുസ്ലീം ഭരണാധികാരികൾ വന്നിട്ടും അവർ സമന്വയത്തിന്റെ പാതയാണു സ്വീകരിച്ചതു. എന്നാൽ ബ്രിട്ടൺ ഇന്ത്യയിൽ എത്തുമ്പോൾ ഇന്ത്യൻ സമൂഹം ചെതുക്കിച്ചു തുടങ്ങിയിരുന്നു. അതാണു അവർക്ക് മേൽക്കൈകിട്ടാൻ ഇടയാക്കിയതു.

ശങ്കരാചാര്യർ ബുദ്ധിസ്റ്റുകളെ വാദത്തിൽ തോൽ‌പ്പിച്ചു എന്നു പറയുമ്പോൾ അതു വ്യക്തമാക്കുന്നതു താത്ത്വികമായി ബുദ്ധമതത്തിന്റെ ദൌർബ്ബല്യമാണു. സർവ്വവും ഉൾക്കൊള്ളുന്ന ഒരു ദർശനത്തിനെതിരേ അഹിംസയും, ആത്മപീഢനവും മാത്രം കൈമുതലായുള്ള ഒരു തത്ത്വചിന്തയ്ക്ക് പിടിച്ചു നിൽക്കാനായില്ല. എന്നുമാത്രമല്ല അതു ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് തടസ്സമായി നിൽക്കുകയും ചെയ്തു. എന്തും ബുദ്ധമത തത്ത്വങ്ങൾക്കുള്ളിൽ നിന്നില്ലെങ്കിൽ അവർ അതിനെ അംഗീകരിച്ചിരുന്നില്ല.

ഏറ്റവും പ്രധാനം വൈകാരികമായ ഒത്തുചേരലിൽ ഉണ്ടായ അപഭ്രംശമാണു. വേണ്ടത്ര തപസോ സ്വാദ്ധ്യായമോ ഇല്ലാതിരുന്ന സന്യാസി-സന്യാസിനിമാർ മഠങ്ങളിൽ ഒന്നിച്ചുപാർത്തപ്പോൾ ഉണ്ടായ തകരാറുകളാണു ബുദ്ധമതത്തെ ആന്തരികമായി നശിപ്പിച്ചതു. ഭരണസ്വാധീനമുപയോഗിച്ചാണു ബുദ്ധമതം വളർന്നതു. ബ്രിട്ടന്റെ സഹായത്തോടെ ക്രിസ്തീയസഭകൾ വളരുന്നതുപോലെ. അധികാരത്തോട് അടുത്തുനിൽക്കുന്ന എന്തും പെട്ടെന്നു സ്വയം ദുഷിക്കും. ബുദ്ധമതവും അങ്ങനെ ദുഷിച്ചു.

ഒരു കളപോലും ആലോചിച്ചല്ലാതെ പറിച്ചു കളയാത്തവരായിരുന്നു നമ്മുടെ പൂർവ്വികർ. ഇഴഞ്ഞുപോകുന്ന പാമ്പിനെ കണ്ടാൽ തല്ലിക്കൊല്ലില്ല. നായയെ വെറുതെ കല്ലെടുത്തെറിയില്ല. ഒരു മരം വെട്ടണമെങ്കിൽ അതിൽ പാർക്കുന്ന ജന്തുജാലത്തോട് അനുവാദം ചോദിക്കുമായിരുന്നു. വഴിയിൽ ഒരു കല്ലുകിടന്നാൽ മറ്റൊരാൾക്കു ഉപദ്രവമാകുമെന്നു കണ്ട് എടുത്തുമാറ്റുന്നവരായിരുന്നു പണ്ടുള്ളവർ. പണ്ഡിതന്മാരേയും സന്യാസിമാരേയും ബഹുമാനിച്ചിരുന്നു. സ്നേഹം മാത്രം കൈമുതലായുള്ള ഒരു ജനത ബൌദ്ധമാരുടെ കഴുത്തറക്കുമെന്നും തെറിപറഞ്ഞ് ഓടിക്കുമെന്നും പറഞ്ഞാൽ അതു വെറും പാശ്ചാത്യവീക്ഷണമാണു. അവർക്കെ അങ്ങനെ ചെയ്യാൻ കഴിയൂ. ഓരോദിവസവും ദുർഘടമായ പാശ്ചാത്യനു പെട്ടെന്നു വെറിവരാം. എന്നാൽ പ്രകൃതിയോട് ഇണങ്ങിജീവിച്ചിരുന്ന ഭാരതീയനു അതു കഴിയുമായിരുന്നില്ല.

നാം ആലോചിക്കേണ്ടതു തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ചരിത്രങ്ങൾ ആരാണു പടച്ചുവിട്ടതെന്നാണു.

1 comment:

Vinu.pk said...

പുരാണ ഗ്രന്ഥങ്ങൾ പൂർണ്ണമായല്ലെങ്കിലും സാമൂഹികമായ കാഴ്ചകളോട് നീതി പുലർത്തുന്നു.. സംഘകാലകൃതികളാണ് ചരിത്രത്തിലേയ്ക് വെളിച്ചം വീഴ്തുന്നത് എന്ന് മറക്കരുത്.