Sunday, August 17, 2014

റബ്ബറിന്റെ കാര്യം എന്താകും?


ഇന്നു 1190 ചിങ്ങം 1. കാപട്യത്തിന്റെ മുഖം‌മൂടി അണിഞ്ഞുകൊണ്ട് നവവത്സരാശംസകൾ നേരുന്ന ദിനം. എന്റെയും ആശംസകൾ.

പുതുവർഷാഘോഷത്തിനു പുറമെ ഇന്നു കർഷകദിനാഘോഷം കൂടിയുണ്ട്. കൃഷി ഒരു ജീവിതരീതിയോ വൈകാരികതയോയല്ലാത്ത മലയാളിക്കെന്തിനാണു ഒരു കർഷകദിനം? സിനിമയിലെ ടെറസുകൃഷിയെപ്പറ്റി ആഘോഷിക്കുന്നപോലെയല്ല ഒരു ചെടി നട്ടുവളർത്തുന്നതു. ഭിത്തിക്ക് തൂക്കുകട്ടപിടിച്ചുകൊണ്ട് വാട്സാപ്പിൽ മെസേജയക്കുന്ന ശശിമേസ്തിരിയേപ്പോലെ ഒരു സൈബർ കർഷകനപ്പുറമൊന്നുമല്ല എന്റെ കാർഷികവൃത്തിയും! എങ്കിലും കമന്റിനും ലൈക്കിനും വേണ്ടി ഒരു കാർഷികചിന്ത പങ്കുവെച്ചു കളയാമെന്നു വിചാരിക്കുന്നു.

ഒരു കാലത്തു കേരളത്തിന്റെ ആശയും, പ്രതീക്ഷയും, ജീവിതവുമായിരുന്ന റബർ കൃഷി ഇന്നു തളർച്ചയിലാണു. താമസിക്കാതെ നെല്ലും തെങ്ങും പോലെ അതു വീഴും. കാര്യങ്ങളുടെ പോക്കതാണു. കപ്പക്കാലാകൾ വെട്ടിത്തെളിച്ചാണു കിഴക്കൻ മലകളിൽ റബർ തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചതു. പിന്നീട് അതിനു ചുറ്റുമൊരു രാഷ്ട്രീയം വളർന്നു വന്നു. ഏതാണ്ട് നാല്പതുകൊല്ലത്തോളം കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന ഒരു കൃഷിയാണു റബർ. ആഗോളവൽക്കരണത്തിന്റെ വരവോടെ അതിന്റെ അടിവേരുകൾ ചീയാനും പാലുകുറയാനും തുടങ്ങി. ഇന്നു റബർ പ്രതിസന്ധിയിലാണു.

തെങ്ങിനോ നെല്ലിനോ കപ്പയ്ക്കോ ഒരു രാഷ്ട്രീയമില്ലായിരുന്നു. അതുകൊണ്ട് അവയേ മുതലാളിത്തത്തിനു നിസ്സാരമായി തകർക്കാൻ കഴിഞ്ഞു. പാമോയിൽ വനസ്പതി ലോബികളായിരുന്നു തെങ്ങിന്റെ ശത്രു. വെളിച്ചെണ്ണയുടെ ആരോഗ്യപരമായ ദോഷങ്ങൾ പറഞ്ഞ് പേടിപ്പിച്ചാണു അവർ മാർക്കറ്റിൽ നിന്നും തേങ്ങയും വെളിച്ചെണ്ണയും ഓടിച്ചുവിട്ടതു. ആരോ എവിടെയോ നടത്തിയിട്ടുണ്ടെന്നു അവകാശപ്പെടുന്ന ഗവേഷണങ്ങളെ മലയാളികൾ വിശ്വസിച്ചു. ഇതാണു അക്കാദമിക്കായാലുള്ള കുഴപ്പം. അച്ചടിച്ചുവരുന്നതെന്തും വിശ്വസിച്ചുപോകും. ഹൈലി അക്കദമിക്കാണു മലയാളികൾ. അക്കാദമിക്കുകൾക്ക് ചിന്താശേഷിയില്ല. ഒരു സമൂഹം നൂറ്റാണ്ടുകളായി ഉപയോഗിച്ചുവന്ന ഫലവും ഭക്ഷ്യേഎണ്ണയും പെട്ടെന്നു ഒരു ദിവസം എങ്ങനെ അപകടകരമായീ എന്നവർ ചിന്തിക്കില്ല. അതിനുള്ള കഴിവ് ഈ വിദ്യാഭ്യാസം നഷ്ടപ്പെടുത്തി. മെക്കാളേയും അത്രയേ ആഗ്രഹിച്ചിരുന്നുള്ളു. പണ്ടുകാലത്തേക്കാൾ ഹൃദ്രോഗവും കൊളസ്ട്രോളും വർദ്ധിക്കുന്നതു കണ്ടിട്ടും ഒരു പുനർചിന്തയ്ക്കു തയ്യാറാകുന്നുമില്ല. ഈ വിദ്യാഭ്യാസത്തിനു നാം അത്രയ്ക്കടിമപ്പെട്ടുപോയി.

ഭൂപരിഷകരണനിയമത്തിൽ രാഷ്ട്രീയക്കാരെ മറികടന്നു പണ്ഡിതർ നടത്തിയ വഞ്ചനയാണു നെല്ലിനെ ചതിച്ചതു. അതുവഴി കൃഷിഭൂമി പാട്ടക്കാരനു കിട്ടി. പാട്ടക്കാർ ലാഭത്തിനു കൃഷി ചെയ്യുന്നവരായിരുന്നു. ലാഭം കുറഞ്ഞപ്പോൾ അവർ കൃഷിഭൂമി മറ്റുപയോഗങ്ങൾക്ക് വിട്ടുകൊടുത്തു ലാഭം നേടി. യതാർത്ഥ കർഷകൻ വഴിയാധാരമായി. നെല്ലിനെ ചതിച്ചവർ തോട്ടങ്ങളെ സംരക്ഷിച്ചു. എന്നാൽ തെങ്ങിൻ തോപ്പുകൾ തോട്ടങ്ങളായി പരിഗണിച്ചുമില്ല. കൌശലക്കാരായ ഇത്തരം പണ്ഡിതന്മാരാണു ഈ നാടിന്റെ ശാപം! അവർ ദീർഘായുസ്സുകളായി ഇരിക്കട്ടെ. അവരൊക്കെ മരിച്ച് ചിതാഭസ്മം മണ്ണിൽ ചേർന്നാൽ പ്രകൃതി പൊറുക്കില്ല. ദൈവത്തിനു സ്തുതി.

നെല്ലിന്റേയും തെങ്ങിന്റേയും അനുബന്ധമായിരുന്നു പച്ചക്കറികൃഷി. നെല്ലും തെങ്ങും തകർന്നപ്പോൾ പച്ചക്കറിയും തകർന്നു. തൊടിയിലേക്ക് ഓടിയിരുന്ന മലയാളി മാർക്കറ്റിലേക്കോടി തമിഴന്റെ ലോറിവരാൻ കാത്തു നിന്നു. ഇന്നു മലയാളിയുടെ അന്നവിചാരം നിയന്ത്രിക്കുന്നതു തമിഴനും, തെലുങ്കനും, പഞ്ചാബിയുമാണു. നാണമില്ലാത്ത ഒരു ജനത!

പരമ്പരാഗത തൊഴിലിൽ നിന്നും ജീവിതത്തിൽ നിന്നും കുടിയിറക്കപ്പെട്ട കർഷകൻ പിന്നീട് കണ്ടെത്തിയ ശാദ്വലമേഖലയായിരുന്നു റബർക്കൃഷി. ഒറ്റവിള. ജീവിക്കാനുതകുന്ന വരുമാനം. അലട്ടലില്ലാത്ത കൃഷിരീതികൾ. രാഷ്ട്രീയം കുടപിടിച്ചിരുന്നതു കൊണ്ട് റബർ ഒരു സർക്കാർ സൌഹൃദകൃഷി കൂടിയായിരുന്നു. ചോദിച്ചാലുടൻ വായ്പകൾ. വില താന്നാൽ താങ്ങിനിർത്താൻ ഏജൻസി. എല്ലാത്തിലുമുപരി അതിനൊരു എലിറ്റിസം ഉണ്ടായിരുന്നു. മറ്റുകൃഷിപോലെ ആളുകൾക്കിടയിൽ അവജ്ഞയില്ല. കുറച്ചു റബറൊക്കെ ഉണ്ടെന്നു പറഞ്ഞാൽ വലിയ ഗമയാണു. ഒരു ആത്മവിശ്വാസവും. പക്ഷെ, എല്ലാം നഷ്ടപ്പെടുകയാണു. റബർ വിലയിടിയുന്നു. 130 ആണു ഇപ്പോൾ സ്ഥിരമായി നിൽക്കുന്നതു. സുനാമിക്കുശേഷം ശ്രീലങ്കയിലും, മലയയിലും, ഫിലിപ്പൈൻസിലും റീപ്ലാന്റ് ചെയ്ത റബ്ബറിൽ വിളവെടുപ്പുതുടങ്ങി. അത് പുർണ്ണമാകുമ്പോൾ വില പിന്നയും താഴും. 60-80 റേഞ്ചിൽ എത്തിനിൽക്കുമെന്നാണു പറയുന്നതു. ആഗോളീകരണവും, സർക്കാരുകളുടെ പ്രാദേശിക കൂട്ടായ്മകൾ കാരണവും ഇനി വിലനിയന്ത്രണം സാദ്ധ്യമാവുകയില്ല. കരാറുകളെല്ലാം ഒപ്പിട്ടുപോയി.

തനിച്ചുനിന്നു മേൽക്കൈ നേടുന്ന എല്ലാത്തിന്റെയും അവസ്ഥയിതാണു. വീഴ്ച ഭീകരമായിരിക്കും. മറ്റൊരു ചെടിപോലും വളരാൻ സമ്മതിക്കാതെ മണ്ണിനെ ചൂഷണം ചെയ്തു വളർന്ന മരങ്ങളാണു റബ്ബർ. അതൊരുപാടുപേരുടെ ജീവിതം നിലനിർത്തി എന്നത് സത്യം. പക്ഷെ അതിനുമൊരു അന്ത്യമുണ്ടെന്നു ഓർത്തില്ല. ഇന്നിപ്പോൾ വൻ‌കിട തോട്ടങ്ങൾക്കും തനിയെ വെട്ടുന്ന കർഷകർക്കും പിടിച്ചുനിൽക്കാമെന്ന നിലയിലേക്ക് വന്നു. ഇടനിലക്കാർ അവിടേയും ശശിയായി. വെട്ടുന്നതിൽ പകുതിപ്പാൽ കൂലിയായി ചോദിക്കുന്നിടം വരെയായി കാര്യങ്ങൾ. തെങ്ങുകയറ്റം പോലെ. ഏറ്റവും വലിയ ദോഷം സംഭവിച്ചിരിക്കുന്നതു റിയൽ എസ്റ്റേറ്റിലാണു. റബ്ബർതോട്ടങ്ങൾ ലാഭകരമല്ലെന്നു മനസിലായിത്തുടങ്ങിയതോടെ അതു വിറ്റുമാറാനുള്ള ശ്രമങ്ങളും തകൃതിയായി തുടങ്ങി. ഭൂമിവില ഇടിയാനും ആരംഭിച്ചു. റബറിൽ നിന്നും ലാഭമെടുത്തു നഗരങ്ങളിൽ നിക്ഷേപിച്ചുകൊണ്ടിരുന്നവരും ഇന്നു പ്രതിസന്ധിയിലാണു.

എന്താണു പോംവഴി? കുറേ റബ്ബർ വെട്ടിക്കളഞ്ഞ് അവിടെ കപ്പനട്ടാലോ? ഒരു തിരിച്ചുപോക്കു. ഇനി തിരിച്ചുപോക്കു സാദ്ധ്യമല്ല എന്നു വാദിക്കുന്നവരൊഴെയുള്ളവർക്ക് പരീക്ഷിച്ചു നോക്കാം. തായിസർക്കാർ റബർ കർഷകരോട് അതാവശ്യപ്പെട്ടുകഴിഞ്ഞു. റബറുവെട്ടി മറ്റു കൃഷി ചെയ്യുക.

No comments: