Thursday, August 7, 2014

പി.കുഞ്ഞിരാമൻ നായർ

ഇന്നലെ(മേയ് 27)യായിരുന്നു കവി പി.കുഞ്ഞിരാമൻ നായരുടെ ചരമദിനം. മറ്റൊരു കവിയുടെ ജന്മനാളായിരുന്നതു കൊണ്ട് കൈരളി ഭക്തന്മാർ ആരും അതോർത്തില്ലെന്നു തോന്നുന്നു. പി.കുഞ്ഞിരാമൻ നായർക്ക് ഇനി ഒരു ചരമഗീതം എഴുതിയിട്ട് എന്തു കാര്യം? ജീവിച്ചിരിക്കുന്ന കവിയെ സേവപിടിച്ചാൽ നേടാൻ ഏറെയുണ്ടാകും.

കവിയെപ്പറ്റി പറയാൻ അനേകം കഥകൾ ഉണ്ടാകും. ദില്ലിയിൽ പുതിയ സർക്കാർ വന്ന പശ്ചാത്തലത്തിൽ കവിയും കമലാപതി ത്രിപാഠിയുമായി ബന്ധപ്പെട്ട ഒരു കഥപറയാം. ഒരിടത്തും ഉറച്ചു നിൽക്കുന്ന ശീലം കവിക്കില്ലായിരുന്നു. യാത്രതന്നെ, യാത്ര. കയ്യിൽ കാശും കാണില്ല. കയ്യിലുള്ളതെല്ലാം അപ്പപ്പോൾ ചെലവാക്കുന്ന ശീലമായിരുന്നു പിയ്ക്ക്. അതു കൊണ്ട് ഇരന്നു മേടിച്ചു പോകണ്ട ഗതികേടാണു മിക്കപ്പോഴും. അങ്ങനെയിരിക്കുമ്പോൾ ആരോ ചോദിച്ചു ട്രാൻസ്പോർട്ട് ബസ്സിൽ സഞ്ചരിക്കാൻ ഒരു പാസ്സ് സംഘടിപ്പിച്ചു കൂടേ എന്നു. അതൊരു നല്ല ആശയമാണെന്നു കവിക്കും തോന്നി. യാത്ര നടന്നു കിട്ടിയാൽ പിന്നെ ആഹാരം അന്വേഷിച്ചാൽ മതിയല്ലോ. കവിയേക്കണ്ടാൽ ഭക്ഷണം മേടിച്ചു കൊടുക്കാൻ ആരും മടിക്കുകയില്ല.
അക്കാലത്തു എം.എൻ.ഗോവിന്ദൻ നായരാണു ട്രാൻസ്പോർട്ട് മന്ത്രി. കവി നേരെ മന്ത്രിയെ ചെന്നു കണ്ട് കാര്യം പറഞ്ഞു. യാത്രയോടും സൌന്ദര്യത്തോടും കവിയ്ക്കുള്ള ഭ്രമമറിയാവുന്ന എം.എൻ അതിനൊരു വഴി ആലോചിച്ചു. അപ്പോഴാണു ട്രാസ്പോർട്ട് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് ആളെ നോമിനേറ്റു ചെയ്യാനുള്ള കുറിപ്പടങ്ങിയ ഫയൽ മന്ത്രിയുടെ മുന്നിലെത്തുന്നതു. എം.എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു. പട്ടികനോക്കി. ഒരു അന്തിപ്പത്രത്തിന്റെ പത്രാധിപരുടെ പേരുണ്ടതിൽ.വെട്ടി അവിടെ കവിയുടെ പേരെഴുതി ‘പി.കുഞ്ഞിരാമൻ നായർ, അജാനൂർ, കാസർഗോഡ്’. ഫയൽ ഉത്തരവായിറങ്ങാൻ അധികം താമസമുണ്ടായില്ല. കവിയുടെ മടക്കയാത്ര സർക്കാർ ബസ്സിൽ  സൌജന്യമായാണെന്നു പറയേണ്ടല്ലോ.
ബസ്സിൽ സൌജന്യപാസ്സ് കിട്ടിയപ്പോൾ കവിയ്ക്കു ഒരു മോഹം. അത്തരമൊരെണ്ണം തീവണ്ടിയിൽ കിട്ടിയാൽ ഇന്ത്യ ചുറ്റിനടന്നു കാണാമല്ലോ! അന്നു വി.കെ.മാധവൻ കുട്ടി ദൽഹിയിലുണ്ട്. മാതൃഭൂമിയുടെ ലേഖകൻ. ഇന്ദിരയിലും, കേന്ദ്രസർക്കാറിലും നല്ല സ്വാധീനമുണ്ട്. കവിയ്ക്കു മാധവൻ കുട്ടിയെ അറിയാം. മാധവൻ കുട്ടി ശ്രമിച്ചാൽ പാസ്സ് ഒപ്പിക്കാൻ കഴിയുമെന്നു വിചാരിച്ച് കവി ദൽഹിയിലെത്തി. വെട്ടിലായതു മാധവൻ കുട്ടിയാണു. ഉഗ്രശാസനനായ കമലാപതി തൃപാഠിയാണു റയിൽ മന്ത്രി. അദ്ദേഹത്തോട് റെക്കമന്റ് ചെയ്യാനുള്ള ആത്മബലമൊന്നും മാധവൻ‌കുട്ടിക്കില്ല. പക്ഷെ അതു കവിയോട് പറയാനും പറ്റില്ല. അതു കൊണ്ട് മന്ത്രി സ്ഥലത്തില്ലാ, കാബിനറ്റ് മീറ്റിങ്ങ് നടക്കുകയാണു, ടൂറിലാണു, ലക്നൌൽ പോയിരിക്കുന്നു എന്നൊക്കെ ഒഴിവുകൾ പറഞ്ഞുകൊണ്ടിരുന്നു. വാങമയ ചിത്രങ്ങൾ വരയ്ക്കുന്ന കവിയ്ക്കുണ്ടോ മാധവൻ‌കുട്ടിയുടെ വാക്കുകളുടെ സ്വാരസ്യം പിടികിട്ടാത്തതു?
കവി നേരെ റയിൽഭവനിലേക്കു നടന്നു. അറിയാവുന്ന ഹിന്ദിയും, ഇംഗ്ലീഷും അതിലധികം സംസ്കൃതവും ഉപയോഗിച്ചു അകത്തു കടന്നുകൂടി. സംസ്കൃതമറിയാവുന്ന ഒരു മദ്രാസിയെക്കണ്ടപ്പോൾ ത്രിപാഠിജിയുടെ സെക്രട്ടറിക്കു കൌതുകം. മന്ത്രിയെക്കാണണം എന്നതല്ലാതെ ആവശ്യം പറയാതെ കവി പറഞ്ഞില്ല. സംസ്കൃതമറിയാവുന്നവനാണെങ്കിൽ പണ്ഡിതനായിരിക്കും. പണ്ഡിതനാണെങ്കിൽ ത്രിപാഠിജിക്ക് ഇഷ്ടപ്പെടുമായിരിക്കുമെന്നൊക്കെ ഓർത്തു സന്ദർശനസമയം കുറിച്ചു കൊടുത്തു. സമയമായപ്പോൾ ഒരാൾ വന്നു വിളിച്ച് അകത്തുകൊണ്ടുപോയി. ത്രിപാഠിജി ചാരിക്കിടക്കുന്നു. കവി ആ ബൃഹത്ത്‌വ്യക്തിത്വത്തെ ആകെയൊന്നു നോക്കിയിട്ട്
-തവ ദർശനം കാശിവിശ്വനാഥദർശന തുല്യം
-നിസ്വോഹം
-നിഭൃതോഹം
എന്നു പറഞ്ഞ് സാഷ്ടാംഗ പ്രണാമം നടത്തി.
കട്ട് ടു ദില്ലി പ്രസ്സ് ക്ലബ്ബ് :
മാധവൻ കുട്ടി കന്റീനിലിരിക്കുന്നു. കവി കടന്നു ചെല്ലുമ്പോൾ പരുന്തു എഴുന്നേറ്റ് വന്നു മുൻ‌കൂറായി പറയുന്നു. “ഇന്നെന്തായാലും ത്രിപാഠിജിയെ കാണാൻ പറ്റില്ല. ബ്രിട്ടീഷ് അംബാസഡർക്ക് മിസിസ്സ് ഗാന്ധി ഒരുക്കുന്ന അത്താഴവിരുന്നിൽ മന്ത്രിക്ക് പങ്കെടുക്കണം.
കവി ഗൂഡമന്ദഹാസം പൊഴിച്ചു. എന്നിട്ട് പോക്കറ്റിൽ നിന്നു ബ്രാസ്സിൽ നിർമ്മിച്ച ഒരു ബാഡ്ജ് എടുത്തുകാണിച്ചു. ഇന്ത്യൻ റയിൽ‌വേയുടെ ഫ്രീപാസ്. മാധവൻ കുട്ടി എത്ര ചോദിച്ചിട്ടും അതെങ്ങെനെ സംഘടിപ്പിച്ചു എന്നു കവിപറഞ്ഞില്ല. എപ്പോ ചോദിച്ചാലും വാ തുറന്നു ഒന്നു ചിരിക്കും. ത്രിപാഠിയെ വീഴ്ത്തിയതു 7 വരികളുള്ള ഒരു സംസ്കൃത ഖണ്ഡമായിരുന്നു. അതിൽ മൂന്നു വരി കുറിച്ചിട്ടുണ്ട്. ബാക്കി നാലെണ്ണം അറിയാവുന്നവർ അതിവിടെ കുറിക്കുമോ?

No comments: