Wednesday, August 27, 2014

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയില്ലെങ്കിൽ?

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയില്ലെങ്കിൽ എന്തു? പ്രകൃതിയുമായി ചേർന്നു പോകേണ്ടതു മനുഷ്യന്റെ മാത്രം ആവശ്യമാണു. പ്രകൃതിയുടെയല്ല. മറ്റുജീവജാലങ്ങളേപ്പോലെയേ മനുഷ്യനേയും അവൾ പരിഗണിച്ചിട്ടുള്ളു. വിവേകപൂർവ്വം ജീവിക്കാനുള്ള ഒരു തലച്ചോർ കൊടുത്തിട്ടുണ്ടതെന്നു ഒഴിച്ചാൽ മറ്റുജീവജാലങ്ങളിൽ നിന്നും മനുഷ്യനു ഒരു പ്രത്യേകതയുമില്ല. പക്ഷെ അതവൻ പ്രകൃതിയെ ചൂഷണം ചെയ്യാനും, അതിനുള്ള ന്യായം കണ്ടെത്താനുമാണിപ്പോൾ ഉപയോഗിക്കുന്നതു.

തന്റെ പൌരുഷമുപയോഗിച്ച് പ്രകൃതിയിൽ മാറ്റം വരുത്തുന്ന ഏക ജന്തു മനുഷ്യൻ മാത്രമാണെന്നു തോന്നുന്നു. ബാക്കിയൊക്കെ പ്രകൃതിയോട് താദാത്മ്യപ്പെട്ടുപോകാനാണു ശ്രമിക്കുന്നതു. ജലാശയം വറ്റിയാൽ കൊക്കുകൾ വെള്ളമുള്ള ദിശയിലേക്ക് പറന്നു പോകും. അതിനുള്ള ആന്തരികപ്രചോദനം പ്രകൃതി അതിൽ വച്ചിട്ടുണ്ട്. അങ്ങനെയൊരു സന്ധിയിൽ ആധുനിക മനുഷ്യൻ കുടിനീർവറ്റിയതിനു തന്റെ എന്തു പ്രവർത്തിയാണു കാരണമായതെന്നു ആലോചിക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു മുൻപിൽ പോയി ധർണ്ണയിരിക്കും. താനൊഴികെ ബാക്കിയുള്ളവരെ കുറ്റം പറയും.

ബുദ്ധിയുണ്ടെന്നു വിചാരിക്കുന്ന മനുഷ്യരെ പ്രകൃതി പ്രചോദിപ്പിക്കുന്നില്ല. അതിന്റെ ആവശ്യമില്ല. വിവേകം കൊണ്ടവൻ ജീവിക്കണം. ബുദ്ധിയോ കൌശലമോ അല്ല കാണിക്കേണ്ടതു. വേണ്ടതു പാരസ്പര്യമാണു. സമസ്തപ്രപഞ്ചത്തേയും ഒന്നായിക്കാണാനുള്ള ഭാവനയാണു. അതിനാണു പ്രകൃതി അവനിൽ വിവേകമായി ഇരിക്കുന്നതു തന്നെ. തനിക്കു ചുറ്റുമുള്ള കാഴ്ചകളിൽ നിന്നു പ്രകൃതിയുമായി ഇണങ്ങിപ്പോകാനുള്ളതു കണ്ടെത്തുമ്പോഴെ മനുഷ്യൻ പൂർണ്ണനാകുന്നുള്ളു.

മനുഷ്യൻ എത്ര ആഗ്രഹിച്ചാലും പ്രകൃതി കാലത്തിലൂടെ അതിന്റെ വഴിക്കു പോകും. തികച്ചും ഒരു സ്വേച്ഛയാണതു. അതു തിരിച്ചറിയണം. അത്യാഗ്രഹവും, ചൂഷണത്ത്വരയും കൊണ്ട് മനുഷ്യൻ പ്രകൃതിയെ എത്ര മാന്തിപ്പൊളിച്ചാലും, അവൾക്കുമീതേ എത്ര എടുപ്പുകൾ കെട്ടിപ്പൊക്കിയാലും പ്രകൃതിയുടെ സമഗ്രതയ്ക്കു കോട്ടമുണ്ടായാലുടൻ തിരിച്ചടിയുണ്ടാകും. അവൾ കുലുങ്ങും. മഴയായി ചൊരിയും. കാറ്റായി വീശും. ഉരുളുകൾ അടർന്നു വീഴും. അപ്പോൾ ഈ ഉത്സാഹക്കമ്മിറ്റിക്കാരൊന്നും കാണില്ല. പിന്നെ നിലവിളിച്ചിട്ടൊരു കാര്യവുമില്ല. പ്രകൃതിദുരന്തം ഉണ്ടായാൽ അതുവരെ കാണിച്ച അഹന്തയും അഹങ്കാരവുമൊക്കെ ഓടിയൊളിക്കും. അപ്പോൾ ഒഴുകിവരുന്ന മലവെള്ളത്തോടോ, പാറിവീഴുന്ന ഇടിമിന്നലിനോടോ വാദം പറയാൻ അവനു തോന്നില്ല. എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്നാകും അപ്പോൾ വിചാരം.

പ്രകൃതിയുടെ മുഖമൊന്നു കറുത്താൽ മതി അപ്പോൾ മനുഷ്യൻ ദയനീയനാകുന്നതു കാണാം. ആ നിമിഷം മുതൽ അവൻ നിഷേധിച്ച ഈ സമസ്തപ്രപഞ്ചത്തിന്റേയും സഹായം വേണം. കൃഷിചെയ്യാൻ വേണ്ടി മുൻപ് പിടിച്ചുവച്ച ഭൂമിയിലേക്കു ഭീതിയോടെ നോക്കും. ഇതൊന്നും വേണ്ടായിരുന്നെന്നു തോന്നും. താൻ വെറുമൊരു അഭയാർത്ഥി മാത്രമാണെന്നു തിരിച്ചറിയും. ക്യാമ്പുകളിൽ വിശന്നു പൊരിയുമ്പോൾ താൻ ഉല്പാദിപ്പിച്ചു എന്നു അഭിമാനിച്ച വിളകളൊന്നും സഹായത്തിനെത്തുന്നില്ല എന്നു മനസിലാക്കും. അപ്പോൾ ലോകത്തിന്റെ മറ്റൊരുഭാഗത്തു പ്രകൃതി കനിവോടെ വിളയിച്ചിട്ട വിഭവങ്ങൾ തന്നെ വേണ്ടിവരുന്നു ജീവൻ നിലനിർത്താൻ! ഒരു നാണവുമില്ലാതെ അതൊക്കെ ഭുജിക്കേണ്ടി വരുമ്പോൾ മനുഷ്യാ എവിടെപ്പോകുന്നു നിന്റെ അഹങ്കാരം? അപ്പോഴെന്താ നദിയെ നിന്നെ ഞാൻ മാറ്റിയൊഴുക്കും എന്നു പറയാത്തതു? നിന്റെ നെഞ്ചുതുറന്നു പാറയെടുക്കും എന്നു വാശിപിടിക്കാത്തതു? ഇപ്പോഴുള്ള ധീരതയൊക്കെ അപ്പോഴില്ലാതെ വരുന്നതെന്താണു?

ഇങ്ങനെ ആരുടെയൊക്കയോ ഔദാര്യത്തിനു വേണ്ടി ദയനീയമായി നിൽക്കാതെ വരട്ടെ എന്നു പ്രകൃതി ആഗ്രഹിക്കുന്നതുകൊണ്ടാണു ഗാഡ്ഗിൽ പോലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതു. മനുഷ്യവിവേകത്തിന്റെ സൂചന മാത്രമാണതു. അത് കണ്ടില്ലെന്നു നടിച്ചാൽ ആർക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല. ഗാഡ്ഗിൽ റിപ്പോർട്ടിലെ സൂചനകൾ നടപ്പാക്കിയില്ലെങ്കിൽ ഈ പ്രപഞ്ചത്തിനു ഒന്നും സംഭവിക്കാനില്ല. എത്രയോ മഹാനഗരങ്ങളെ നിസ്സാരമായി കടപുഴക്കി എറിഞ്ഞതാണു ഈ പ്രകൃതി. പിന്നെയാണു ഒരു കൊച്ചുകേരളം. നൊടിമതി കേരളമെന്ന ഈ പരീക്ഷണശാലയെ നിശ്ശേഷം തകർത്തെറിയാൻ. പിന്നെ പഠിക്കാനോ, നടപ്പാക്കാനോ ബാക്കിയൊന്നുമുണ്ടാവില്ല. ചരിത്രത്തിൽ‌പ്പോലും കേരളമെന്ന പേരുമുണ്ടാവില്ല.

No comments: