ബ്രിട്ടീഷുകാരുടെ വരവോടെയാണു കേരളത്തിൽ
സ്വകാര്യസ്വത്തു ഉണ്ടാകുന്നതു. അതിനിടയാക്കിയതോ അവർ നടത്തിയ ലാൻഡ്
ക്ലാസിഫിക്കേഷനും. അതുവരെ ഭൂമി ഗ്രാമത്തിന്റെ പൊതുസ്വത്തായിരുന്നു. നികുതി
വരുമാനം കൂട്ടാൻ വേണ്ടി ബ്രിട്ടീഷുകാർ കണ്ടുപിടിച്ച പണിയാണു സ്വകാര്യസ്വത്തുണ്ടാക്കൽ.
അതുവരെ ദേശത്തിന്റെ പ്രധാനവരുമാനം കയറ്റുമതിയിൽ നിന്നുള്ള
ചുങ്കമായിരുന്നു. ചുങ്കം വർദ്ധിപ്പിച്ചാൽ അതു തങ്ങൾക്ക് നഷ്ടമുണ്ടാക്കും
എന്നു കണ്ടാണു അവർ ഭൂമിക്ക് നികുതി ഏർപ്പെടുത്തിയതു. ചുങ്കം കൂട്ടിയാൽ
ഇവിടുന്നുള്ള കയറ്റുമതി ചരക്കുകൾ വിദേശത്തു എത്തുമ്പോൾ വിലകൂടും. പൊതുവിൽ
ദാരിദ്ര്യത്തിൽ കഴിയുന്ന ബ്രിട്ടണെ അതു ഒന്നുകൂടി ദരിദ്രമാക്കുകയേയുള്ളു
എന്നവർ മനസിലാക്കി. ചൂഷണത്തിനു ഭൂനികുതി എന്ന പുതിയ ആശയം അങ്ങനെയാണവർ
കൊണ്ടുവരുന്നതു. അതുവഴി തങ്ങളുടേയും സാമന്തന്മാരുടെയും ചെലവിനും
ആർഭാടത്തിനുമുള്ള വക നമ്മുടെ നാട്ടിൽ നിന്നും പിരിക്കാൻ കഴിയും. അതിന്റെ
ആദ്യപടിയാണു വസ്തുക്കളെ പട്ടികതിരിച്ച് ചാർത്തിക്കൊടുത്തതു. നികുതിയുടെ
ബാദ്ധ്യത വ്യക്തികളിൽ അധിഷ്ഠിതമാക്കി കേന്ദ്രീകരിച്ചാൽ നികുതിപിരിവ്
സുഗമമാകുമെന്നു കൊള്ളക്കാർ കണ്ടു. ബ്രിട്ടീഷുകാർ പ്രബലമായിരുന്ന ബംഗാളിലും
ഇതു സംഭവിച്ചു. അക്കാലത്തു പാർവ്വത്യാർ വരുന്നതു കണ്ടാൽ ആളുകൾ ഭയന്നു ഓടി
മാറും. അയാൾ വസ്തു തന്റെ പേരിലെങ്ങാനും എഴുതിവച്ചാലോ എന്നു പേടിച്ചു.
വ്യക്തികൾ ഏറ്റെടുക്കാത്ത ഭൂമി ഒക്കെയും ബ്രഹ്മസ്വവും, ദേവസ്വവുമായി
മാറ്റി. അങ്ങനെ ഉടമ അടിമ സംവിധാനം വന്നു. തൊഴിൽ ചെയ്യുന്നതും മൂലധനം
ആസ്വദിക്കുന്നതുമായ രണ്ടുവിഭാഗങ്ങളുമുണ്ടായി. അതിനുള്ള വരുമാനം ഭൂമിയിൽ
നിന്നുള്ള പാട്ടമായി നിശ്ചയിച്ചു. അതുവരെ കർഷകർ സ്വയം നൽകിയിരുന്ന വിളവു
വീതമേ ഗ്രാമഭരണങ്ങൾക്ക് ലഭിച്ചിരുന്നുള്ളു. അതു ഗ്രാമദേവതയുടെ വിഹിതമാണു.
വർഷത്തിലൊരിക്കൽ ഗ്രാമദേവത കർഷകന്റെ അടുത്തു ചെന്നു അതു പറയെടുക്കും. അതു
കൊണ്ട് വിളവ് പൊലിക്കാൻ ഗ്രാമദേവതയ്ക്കും ധാർമ്മികമായ ഒരു
ഉത്തരവാദിത്തമുണ്ടായിരുന്നു. വിളവുമുടിഞ്ഞാൽ പറയില്ല! ഇക്കാരണത്താൽ
ഭൂമിഉപയോഗത്തിൽ ഗ്രാമങ്ങൾ ജാഗരൂഗരായിരുന്നു. ചുമ്മാ വയലു നികത്താനോ,
ക്വാറി സ്ഥാപിക്കാനോ കഴിയില്ല. എന്തിനു ഒരു വരമ്പ് മുറിച്ചാൽപ്പോലും
വിവരമറിയും. ബ്രിട്ടീഷുകാരുടെ വരവോടെ അതൊക്കെ നഷ്ടമായി.
ഓ.ടോ :
കേരളത്തിലെ (ബംഗാളിലും) കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്ക് ഇടയാക്കിയതു ഈ
ലാൻഡ് ക്ലാസ്സിഫിക്കേഷൻ വഴിയുണ്ടായ മൂലധനകേന്ദ്രീകരണമായിരുന്നു. അല്ലാതെ
ജന്മിത്തമൊന്നുമല്ല. ഇവിടെ അതുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ
ഒരുമാതിരിപ്പെട്ട ജന്മിമാരൊന്നും കമ്മ്യൂണിസം സംഘടിപ്പിക്കാൻ
ഇറങ്ങുകയുമില്ല. പാർട്ടിയുടെ ചരിത്രം നോക്കിയാൽ മുലധനവ്യതിയാനം വന്നപ്പോൾ
ജന്മികൾ തന്നെ മാറ്റത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു എന്നു കാണാം.
ജന്മിത്വമാണു വിപ്ലവത്തിനു ഊർജ്ജം പകർന്നതെങ്കിൽ യഥാർത്ഥ ജന്മിത്വം
നിലനിന്നിരുന്ന ഉത്തരേന്ത്യയിലായിരുന്നു കമ്മ്യൂണിസ്റ്റുപാർട്ടി
കാട്ടുതീപോലെ ആദ്യം പടന്നു പിടിക്കേണ്ടിയിരുന്നതു. അതു സംഭവിച്ചില്ല.
എന്തുകൊൻണ്ടെന്നു ഒരു ചരിത്രകാരനും അന്വേഷിച്ചില്ല. ഹ്രസ്വദൃഷ്ടികളായ
അവർക്ക് അതൊന്നും കാണാൻ താല്പര്യമില്ല. അവരൊക്കെ ബ്രിട്ടീഷ്മേൽക്കോയ്മയെ
അംഗീകരിച്ച് അവർക്ക് ഓശാന പാടി നടക്കുന്നവരാണു.
No comments:
Post a Comment