Friday, August 8, 2014

ശ്രീപദ്മനാഭ സർവ്വകലാശാല

പുരോഗമനവാദികളുടെ സമ്മർദ്ദത്തിനു വഴങ്ങി ശ്രീപദ്മനാഭന്റെ മുതൽ ദേശസാൽക്കരിക്കാതിരിക്കാൻ ഇനി കഴിയില്ല. പക്ഷെ മുതലെടുത്തു എന്തു ചെയ്യുമെന്നതു ഒരു പ്രശ്നമാണു. അവയുടെ പഴക്കം പരിഗണിച്ചാൽ അതു ലേലത്തിൽ വയ്ക്കാൻ പറ്റില്ല. അവയെല്ലാം പുരാവസ്തു നിയമത്തിന്റെ പരിധിയിൽ വരും. ഇനി, അതെങ്ങനെയെങ്കിലും മറികടന്നു വിറ്റുപണമാക്കി എന്നു വക്കുക. ആ പണം എന്തിനു ഉപയോഗിക്കും? എങ്ങനെയുപയോഗിക്കും? റോഡും കുളവുമൊക്കെ ഉണ്ടാക്കണോ? അതൊക്കെ ഇപ്പോൾ പിരിക്കുന്ന നികുതിപ്പണത്തിൽ നിന്നും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കമ്മീഷനടിച്ചതിനു ശേഷമുള്ള ബാക്കി പണം കൊണ്ടുപോരെ? പദ്മനാഭന്റെ തുട്ട് ഭാവിയിലേക്ക് ഗുണകരമാകുന്ന എന്തെങ്കിലും കാര്യത്തിനു ചെലവു ചെയ്യുന്നതല്ലെ യുക്തി? 1952 ൽ ഹിന്ദുസംഘടനകൾ ആദ്യമായി ഈ മുതലിൽ നോട്ടമിട്ടപ്പോൾ മുന്നോട്ട് വച്ച ഒരു പദ്ധതിയുണ്ട്. ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ മാതൃകയിൽ ഒരു യൂണിവേഴ്സിറ്റി. മുതലുതട്ടിയെടുക്കാൻ പത്തുപേർ കേട്ടാൽ കുറ്റം പറയാത്ത ഒരു ന്യായം വേണമല്ലൊ. പക്ഷെ അതു കേട്ട് ചിത്തിര പേടിച്ചു. പദ്മനാഭൻ സഹായിച്ചുമില്ല. ഹിന്ദുസംഘടനകളുടെ ആഗ്രഹം നടന്നില്ല. എങ്കിലും ആ ആശയം അന്നു കൊള്ളാമായിരുന്നു.

ഇന്നിപ്പോൾ ബനാറസ്സ് പോലുള്ള അനേകം സർവ്വകലാശാലകളുണ്ട്. ബനാറസ്സൊന്നും ഇന്ത്യൻ വിജ്ഞാനത്തിന്റെ യഥാർത്ഥ മുഖം പ്രതിഫലിപ്പിക്കുന്നില്ല. മറ്റേതു യൂണിവേഴ്സിറ്റികളേയും പോലൊരു ബ്യൂറോക്രാറ്റിക് സ്ഥാപനമായി അതും. ബിരുദങ്ങളുടെ ഒരു ലുലുമാൾ.  ഇനിയെന്തിനാണു അതുപോലൊന്നു കൂടി?

‘ശ്രീപദ്മനാഭ സർവ്വകലാശാല‘ ഒരു അന്താരാഷ്ട സർവ്വകലാശാലയായി വിഭാവനം ചെയ്താൽ നന്നായിരിക്കുമെന്നു Philip G. Altbach മുൻപൊരിക്കൽ ഹിന്ദു ദിനപ്പത്രത്തിൽ എഴുതിയിരുന്നു. അന്താരാഷ്ട്ര സർവ്വകലാശാല എന്നൊക്കെ പറഞ്ഞാലും ഇന്നു വലിയ സംഭവമല്ല. ഏതെങ്കിലും ഒരു പാറ്റേണിലേക്കു പഠിതാക്കളെ മെരുക്കുന്ന യൂണിവേഴ്സിറ്റി സംമ്പ്രദായമൊക്കെ കാലഹരണപ്പെട്ടു. ജീവിതത്തിനു പ്രയോജനപ്പെടുന്നതും മാനവികതയ്ക്കു ഊന്നൽ നൽകുന്നതുമായ പഠനരീതിയുമുള്ള ഒരു സർവ്വകലാശാലയാവണം വരുംകാലത്തേക്ക് വിഭാവനം ചെയ്യേണ്ടതു. വടക്കൻ പാട്ടിലൊക്കെ പറയാറില്ലെ, കണ്ണു മെയ്യാവണം എന്നൊക്കെ! അതുപോലെ ശ്രീപദ്മനാഭയിൽ നിന്നിറങ്ങുന്നവനിൽ അറിവ് ശരീരമായിരിക്കണം. അതിനു തക്ക ഒരു പഠന രീതിവേണം. അടിമപ്പണിക്കുവേണ്ടവരെ മുതലാളിമാർ മറ്റ് സാദാ യൂണിവേഴ്സിറ്റികളിലെ ‘പഠനപ്പന്തി’കളിൽ നിന്നു പൊക്കട്ടെ. ഒരു തുടൽ വേണമെങ്കിൽ നമുക്ക് സൌജന്യമായി കൊടുക്കാം.

ഇന്ത്യൻ വിദ്യാഭ്യാസരീതിയുടെ ഏറ്റവും വലിയ പോരായ്മ അതിനു ഇന്ത്യൻ ജീവിതവുമായി ഒരു ബന്ധവുമില്ലെന്നതാണു. ഇപ്പോഴുള്ള സർവ്വകലാശാലയിൽ നിന്നു പുറത്തിറങ്ങുന്നവർക്ക്, തന്നെക്കുറിച്ചോ, തന്റെ നാടിനേക്കുറിച്ചോ, നാടിന്റെ ആവശ്യത്തേക്കുറിച്ചോ ഒരു ധാരണയുമില്ല. കുറേ ഇൻഫൊർമേഷൻ അവരുടെ തലയിലുണ്ട്. അതാണെങ്കിലോ ജീവിതത്തിനു ഒരു പ്രയോജനവുമില്ലാത്തതും. സ്വന്തം പാരമ്പര്യത്തിലോ, സംസ്കാരത്തിലോ അധിഷ്ഠിതമായ പഠനങ്ങളലല്ല അവർ നടത്തുന്നതു എന്നതാണു അതിനുള്ള കാരണം. അങ്ങനെ പഠനം നടത്താനുള്ള സ്ഥാപനങ്ങളുടെ കുറവാണു ഇനി നികത്തേണ്ടതു. ഇന്നത്തെ വിദ്യാഭ്യാസരീതി ഒരാളെ പാശ്ചാത്യ വീക്ഷണത്തിലേക്ക് ചുരുക്കുന്നതാണു. അതു ചൂഷണാത്മകമാണെന്നു അനുഭവം കൊണ്ട് നാം മനസിലാക്കിയെങ്കിലും ഇനിയും അതുവിടാൻ കഴിഞ്ഞിട്ടില്ല. അവിടെയാണു ശ്രീപദ്മനാഭന്റെ സാംഗത്യം. പാശ്ചാത്യരീതി വിട്ട് ഇന്ത്യൻ രീതിയിലുള്ള ഗണിതം, കൃഷി, വൈദ്യം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം ഒക്കെ പഠിക്കാനുള്ള സൌകര്യമുണ്ടാകണം. എങ്കിൽ ഇന്നു നാം ജീവിതത്തിൽ നേരിടുന്ന അനേകം സമസ്യകൾക്ക് പരിഹാരമുണ്ടാകും. യഥാർത്ഥ ഇന്ത്യൻ പഠനങ്ങൾ എവിടെയാണോ സ്ട്രക്കായതു അവിടെ നിന്നു തുടങ്ങണം. അതിനു സൌകര്യമുള്ള ഒരു സർവ്വകലാശാലയാണു ഇനി വിഭാവനം ചെയ്യേണ്ടതു.

ഇത്തരമൊരു സർവ്വകലാശാലയിൽ ആരാണു പഠിക്കുക? ആർക്കും പഠിക്കാം. ഏതു പ്രായത്തിലുമുള്ളവർക്കും, എത്ര വിദ്യാർത്ഥികൾക്കും ഏതു വിഷയവും പഠിക്കാൻ കഴിയണം. ഗവേഷണതലത്തിലായിരിക്കും പഠനം. സാധാരണ സർവ്വകലാശാലയിൽ നിന്നുള്ള ബിരുദങ്ങളല്ല ഇവിടെ ചേരുന്നതിനുള്ള മാനദണ്ഡം. അതുണ്ടായിരിക്കുന്നതു ഇവിടെ ചേരുന്നതിനു തടസ്സവുമല്ല. ഒരു പാഠ്യപദ്ധതിയിലൂടെയും കടന്നു പോയിട്ടില്ലാത്തവർക്കും ഗവേഷണം ചെയ്യാൻ കഴിയണം. അതായിരിക്കണം ശ്രീപദ്മനാഭ സർവ്വകലാശാലയുടെ ഹൈലൈറ്റ്. അതായതു കൂലിപ്പണിക്കാരനും, ചെരുപ്പുകുത്തിക്കും, പോക്കറ്റടിക്കാർക്കും, കൊല്ലനും, കൊത്തനും, കൊശവനും പഠിക്കാൻ തോന്നുമ്പോൾ പഠിക്കാൻ കഴിയണം. അവരൊക്കെ പഠിച്ചാലേ നാടിനു എന്തെങ്കിലും ഗുണമുണ്ടാകു. ബിരുദധാരികൾ എന്തു പഠിച്ചാലും അവനവനു പോലും ഗുണമില്ല. അവരേക്കൊണ്ട് അടിമപ്പണിക്കേ പറ്റൂ‍.

വിദ്യാർത്ഥികൾ തന്നെ ഗുരുക്കന്മാരെ (ഗൈഡുകളെ) കണ്ടെത്തണം.സ്വതന്ത്രരായ ഗുരുക്കന്മാർക്കു കീഴിൽ പഠിക്കുകയും വിജ്ഞാനം ആർജ്ജിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾ. മേൽനോട്ടവും, പഠനസാമഗ്രഹികളുടെ സംരക്ഷണവും നിർവ്വഹിക്കുന്ന സർവ്വകലാശാല! പരീക്ഷയും റിസൾട്ടുമില്ല. ബിരുദദാനവുമില്ല. അറിവില്ലാതെ ബിരുദമുണ്ടായിട്ടെന്തു ഗുണം. അറിവുണ്ടെങ്കിൽ വെറുതെ എന്തിനു ഗുമസ്തന്മാർക്ക് പണിയുണ്ടാക്കാൻ ഒരു ബിരുദം?

അറിവ് ആർജ്ജിക്കുന്നതിനു വേണ്ടി മാത്രമായിരിക്കണം ഈ സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥി ചേരേണ്ടതു. അവന്റെ തൊഴിൽ കൃഷിപ്പണിയാണെങ്കിൽ അതു നിർവ്വഹിച്ചു കൊണ്ട് പഠനം തുടരാൻ കഴിയണം. ബാർമാനു അങ്ങനെ. ഒരു ജീവിതസമസ്യയെ പരിഹരിക്കുന്നതാവണം ഗവേഷണവിഷയം. അതു നിർബ്ബന്ധമാണു. ഗവേഷണം നടത്തുന്നതിനു സ്ഥിരം കെട്ടിടങ്ങളോ, സ്ഥിരം ഫാക്കൾടികളോ ആവശ്യമില്ല.  അറിവിരിക്കുന്നിടത്തു ചെന്നു വിദ്യാർത്ഥി പഠിക്കണം. ഗുരുക്കന്മാർ അറിവ് പകരാൻ തയ്യാറായിരിക്കണം. പഠന സാമഗ്രികൾ തയ്യാറാക്കേണ്ടതും സൂക്ഷിക്കുന്നതും സർവ്വകലാശാലയായിരിക്കും.

വിദ്യാർത്ഥികളുടെ അറിവ് വിലയിരുത്തേണ്ടതു വർഷാവർഷം നടത്തുന്ന ‘അഭ്യാസക്കാഴ്ച’കളിലൂടെയായിരിക്കും. അതിൽ പഠിതാവ് തന്റെ അറിവ് ലോകത്തോട് പങ്കുവയ്ക്കും. അന്നു സർവ്വകലാശാലയിലെത്തി ആർക്കും പഠിതാക്കളുടെ അറിവ് പരിശോധിക്കാം, പരീക്ഷിക്കാം, അതു വിദ്യാർത്ഥിയുടെ ക്രെഡിറ്റിൽ രേഖപ്പെടുത്താം. ആഗ്രഹമുള്ളവർക്ക് തങ്ങൾക്ക് വേണ്ടവരെ അവിടെ നിന്നുകൂട്ടിക്കൊണ്ടുപോയി ജോലി കൊടുക്കാം. അതിനു അവർക്കു കൊടുക്കാനുദ്ദേശിക്കുന്ന ശമ്പളത്തിന്റെ 10% സർവ്വകലാശാലയ്ക്കു സ്ഥിരമായി നൽകിക്കൊണ്ടിരിക്കാൻ ബാദ്ധ്യസ്ഥരാണു. സർവ്വകലാശാലയുടെ തുടർച്ചെലവുകൾക്കാണതു. അഭ്യാസക്കാഴ്ച പൂർത്തിയാക്കുന്ന മുറയ്ക്ക് വിദ്യാർത്ഥിക്കു ഒരു പാരിതോഷികവും, ഗുരുക്കന്മാർക്ക് ദക്ഷിണയും നൽകണം. ആവശ്യമുള്ള സന്ദർഭങ്ങളിൽ യാത്രപ്പടികൾ നൽകാം. അതൊക്കെ നിർവ്വഹിക്കാനുള്ള ചെറിയൊരു ഗുമസ്ഥസംഘം. അവരുടെ നിത്യനിദാ‍നത്തിനുള്ള വക. ഇതൊക്കെ കണ്ടെത്തണം. അതിനാണല്ലോ ശ്രീപദ്മനാഭന്റെ മുതൽ! സർവ്വകലാശാലയ്ക്ക് ഒരു വി.സിയുടെ ആവശ്യമില്ല. ഭരണ നിർവ്വഹണത്തിനായി ഏറ്റവും മുതിർന്ന ഗുരുവിനെ നിയോഗിക്കാം. അതു അദ്ദേഹത്തിന്റെ ഗൈഡ് എന്ന നിലയിലുള്ള ചുമതലയ്ക്ക് പുറമേയായിരിക്കും. ഇതിനെല്ലാം കൂടി സാധാരണ ഒരു സർവ്വകലാശാലയിലെ പ്രൊഫസർക്കും, ഡീനിനും, വി.സിക്കുമുള്ള മാസ ശമ്പളം കണക്കാക്കിയാൽ അത്രവരില്ല. പ്രത്യേക പരീക്ഷണ നിരീക്ഷണങ്ങൾ വേണ്ടി വന്നാൽ ആ ചെലവു സർവ്വകലാശാല വഹിക്കും. സർട്ടിഫിക്കറ്റ് ഇല്ലാത്ത പഠനവും പഠിപ്പീരുമാകുമ്പോൾ യഥാർത്ഥ ആവശ്യക്കാരും ഗുരുക്കന്മാരും മാത്രമേ കാണു. അപ്പോൾ ചെലവും കുറവായിരിക്കും.

മനുഷ്യരാശിക്കു ഗുണകരമല്ലാത്ത അറിവുകൾ മുട്ടനാടിന്റെ മുലയാണെന്നതായിരിക്കും സർവ്വകലാശാലയുടെ ആപ്തവാക്യം. അന്താരാഷ്ട്രവിഷയങ്ങളിൽ ഗവേഷണം അനുവദിക്കുന്നതാണു. പക്ഷെ അതു വെറും അക്കാദമിക്ക് താല്പര്യത്തിന്റെ പുറത്താവരുതു. ഉദാഹരണം : ഗാസ. ഇസ്രേൽ-പാലസ്തീൻ ബന്ധം പഠിക്കാം. പക്ഷെ പഠനത്തിന്റെ അവസാനം അവിടെ സമാധാനമുണ്ടാകണമെന്നു നിർബ്ബന്ധമാണു. വിദേശവിദ്യാർത്ഥികളെ സ്വീകരിക്കുമ്പോൾ അവർക്ക് മാനസികമായോ ശാരീരികമായോ രോഗങ്ങളില്ലാ എന്നു ഉറപ്പുവരുത്തണം. എന്നുമാത്രമല്ല, സംസ്കൃതവും, ഒപ്പം ഒരു പ്രാദേശിക ഭാഷയും പഠിക്കാൻ അവർ തയ്യാറാകണം. അതു ഹിന്ദിയോ, ഉറുദുവോ, മലയാളമോ ആകാം. ഗവേഷണത്തിൽ കണ്ടെത്തുന്ന കാര്യങ്ങൾക്ക് പേറ്റന്റ് ഉണ്ടാവില്ല. ഗവേഷണഫലം ലോകത്തിലെ സകലമാനജനങ്ങൾക്കുമാണു. അതിനു തയ്യാറുള്ളവർ ചേർന്നാൽ മതി.
ഗവേഷണം പൂർത്തിയാക്കുന്നവരുടെ വിവരങ്ങൾ ബയോമെട്രിക് സൂചകങ്ങളിലൂടെ ഡിജിറ്റലായി സർവ്വകലാശാല ഒരു സെർവ്വറിൽ സൂക്ഷിക്കും. തന്റെ വിരലടയാളത്തിലൂടെ വിദ്യാർത്ഥിക്ക് അതാരേയും ലോകത്തെവിടെവച്ചും ബോദ്ധ്യപ്പെടുത്താൻ കഴിയും. അതാണു അയാളുടെ സർട്ടിഫിക്കറ്റ്. അതുമതിയാകും അയാൾക്കൊരു തൊഴിൽ കണ്ടെത്താൻ.
ക്ഷേത്രങ്ങളിൽ നിന്നും ഹിന്ദുരാജാക്കന്മാരിൽ നിന്നും പിടിച്ചെടുത്ത പണം ഇങ്ങനെയല്ലെ  ഉപയോഗിക്കേണ്ടത്? അല്ല അതും പാശ്ചാത്യന്റെ താല്പര്യത്തിനു അനുസരിച്ചു തന്നെ ചെലവാക്കണമെന്നു നിർബ്ബന്ധമുണ്ടോ പുരോഗമനവാദികൾക്കു.

(ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു ചുറ്റം മുള്ളി അടയാളപ്പെടുത്തിവച്ചിരിക്കുന്ന റിയൽ എസ്റ്റേറ്റുകാർ സദയം ക്ഷമിക്കുക. ഒടുവിൽ പുരോഗമനവാദികൾ  നിങ്ങൾക്കൊപ്പം തന്നെ നിന്നു കൊള്ളും)

No comments: