Thursday, August 7, 2014

മോൺസ്റ്റേഴ്സ്

കുട്ടികളെ സ്വതന്ത്രരായി ജീവിക്കാൻ അനുവദിക്കണം എന്നു ആഹ്വാനം ചെയ്യുന്ന വ്യക്തികളും സംഘടനകളും അവർക്ക് ചെലവിനു കൊടുക്കുമോ? മദ്ധ്യവർഗ്ഗസമൂഹത്തിലെ കുട്ടികളെ ഉന്നി  അവരുടെ ‘അവകാശത്തിനു’ വേണ്ടി പോരാടുന്നവരോടാണു ചോദ്യം. പാവപ്പെട്ടവരുടെ കുട്ടികളെപ്പറ്റി, അവർ പീഡിപ്പിക്കപ്പെടുന്നതുവരെ ഈ ആക്റ്റിവിസ്റ്റുകൾക്ക് ഒരു ബേജാറുമില്ല. പീഡനമുണ്ടായാലല്ലേ എന്തേലും പ്രയോജനമുണ്ടാകു.

കുട്ടികളുടെ അവകാശത്തെപ്പറ്റി പറയുന്നവർ കുട്ടികൾക്കെന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ എന്നു ആലോചിക്കാറുണ്ടോ? പശുവും, പന്നിയും, കാക്കയും, പൂച്ചയും പോലെ കണ്ണുവിരിഞ്ഞാൽ ഇരതേടാൻ കഴിയുന്നവരല്ല മനുഷ്യക്കുട്ടികൾ. ആരെങ്കിലുമൊക്കെ പാലും ചോറും കൊടുത്തുവളർത്തിയാലേ അവ അവകാശമുള്ളജീവിയായി വളരൂ. പെറ്റുകഴിഞ്ഞാലുടൻ കുട്ടികളെ വളർത്തുന്നതു ഈ സംഘടനകളും സർക്കാരുമാണെങ്കിൽ ഒ.കെ. മനുഷ്യക്കുട്ടികളുടെ കാര്യമങ്ങനെയല്ലല്ലോ...

തള്ളപെറ്റ്, തന്തയും തള്ളയുംകൂടി വളർത്തുന്ന ഒരു സംവിധാനമാണു പൊതുവിലുള്ളതു. ഇങ്ങനെയുള്ള ആ ചെറിയ സമൂഹത്തിനു കുടുംബമെന്നു പേരുണ്ട്. അവിടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൊതുവായി കുടുംബത്തിനു വേണ്ടിയുള്ളതാണു. കുടുംബത്തിൽ പണ്ട് അമ്മയുടേയോ, അച്ഛന്റെയോ മുൻ‌തലമുറ കൂടി ഉണ്ടായിരുന്നു. അവർ ഒരു ശല്യമാണെന്നും, കുട്ടികളുടെ ഉന്നതിക്ക് തടസമാണെന്നും പറഞ്ഞ് മിക്കവരും അവരെ ഒഴിവാക്കി. താനും, ഇണയും, കുഞ്ഞുങ്ങളുമാണെങ്കിൽ ഒരുപാട് സ്നേഹമുണ്ടാകുമെന്നും മൂലധനം മൊത്തമായും കുഞ്ഞുങ്ങളുടെ അഭ്യുന്നതിക്ക് ഉപയോഗിക്കാമെന്നു പറഞ്ഞാണു ‘ഷെർലി‘യേയും, ‘ഷിബു’വിനേയും ആക്രിസദനങ്ങളിൽ കൊണ്ടുപോയി തള്ളിയതു. എന്നിട്ട് സ്നേഹം കൂടിയോ?

ഇന്നത്തെ കൂട്ടികൾക്കുള്ള ഉചിതമായ പേർ വി.കെ.എൻ പറഞ്ഞ മോൺസ്റ്റർ ആണു. കുടുംബത്തിലെ കാരണവർ താനാണെന്നാണു ആ ജീവിയുടെ വിചാരം. ടിവിയിലെ പരസ്യങ്ങൾ നോക്കി മോൺസ്റ്റർ തന്റെ ഭക്ഷണം നിശ്ചയിക്കും. വസ്ത്രം, കളിപ്പാട്ടങ്ങൾ, വിദ്യാഭ്യാസം, ഔട്ടിങ്ങ് തുടങ്ങി എന്തിലും ഈ ജീവി അങ്ങനെ അഭിപ്രായം രൂപീകരിച്ചുവെച്ചിരിക്കും. അതു അന്തിമമായിരിക്കണമെന്നും അവറ്റകൾക്ക് വാശിയുണ്ട്. അച്ഛനും അമ്മയും ഓൽഡാണു. അതുകൊണ്ട് മണ്ടത്തരമേ പറയു എന്നാണു ഇവറ്റകൾ വിചാരിക്കുന്നതു. ഇങ്ങനെയല്ലാത്ത കുട്ടികളെ മണ്ടന്മാരായാണു പൊതുവിൽ കരുതുന്നതു. തന്റെ ആഗ്രഹം നടന്നില്ലെങ്കിൽ ഉടൻ പിശാചിന്റെ ഭാവം മാറും. നീയും നിന്റെ കെട്ടിയോളും കൂടി സുഖിച്ചതിനു ഞാൻ അനുഭവിക്കണോ എന്നഭാവമാണു പിന്നെ.

വീട്ടിലാരെങ്കിലും വന്നാൽ ഇവറ്റകൾ മൈൻഡുചെയ്യില്ല. വിളിച്ചാൽ പെട്ടെന്നൊന്നു വന്നു ഹായ് പറഞ്ഞുമറയും. അച്ഛന്റെയോ അമ്മയുടേയോ ബന്ധുത്വങ്ങളോ, സൌഹൃദമോ ഇവർ വിലമതിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല. എന്നു മാത്രമല്ല അതിന്റെ പേരിൽ തങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗംവരുത്തിയാൽ ഈർഷ്യകാണിക്കുകയും ചെയ്യും. ബന്ധുവീടുകളിലും മറ്റും പോകുന്നതു ഇവറ്റക്ക് ഇഷ്ടമല്ല. താനും സുഹൃത്തുക്കളുമുൾപ്പെടുന്ന ലോകമാണു ഇവർക്ക് കുടുംബത്തേക്കാൾ വലുതു. തങ്ങളുടെ  സൌഹൃദങ്ങളും കൂട്ടായ്മയും തന്തയും തള്ളയും അംഗീകരിച്ചുകൊള്ളണമെന്നും നിർബ്ബന്ധമുണ്ട്.

വൈകാരിതയൊക്കെ അവറ്റകളുടെ ഇഷ്ടത്തിനു നടക്കട്ടെ എന്നു വയ്ക്കാം. എന്നാൽ നാലുനേരാം മൂക്കുമുട്ടെ തിന്നുന്നതല്ലെ. അതിനു എന്തെങ്കിലും പണി വീട്ടിലെടുക്കുമോ? പാചകത്തിലോ, തുണിയലക്കി വിരിക്കാനോ കാറുകഴുകാനോ, മുറി അടിച്ചുവാരാനോ ഒന്നും സഹായിക്കാൻ അവർക്ക് താല്പര്യമില്ല. അതൊന്നും അവരുടെ പ്രോട്ടോകോളുകളിൽ പെടുന്നില്ല എന്നാണു ഭാവം. അതൊക്കെ സ്വയമോ ആരേയെങ്കിലും വച്ചോ ചെയ്യിച്ചോട്ടെ എന്നവർ വിചാരിക്കുന്നു. വീട്ടിൽ താമസിക്കുമ്പോൾ ഒരു പേയിങ് ഗസ്റ്റിന്റെ മര്യാദപോലും അവർക്കില്ല. ഇതിന്റെ ചമ്മൽ തിർക്കാനാണു അവറ്റയേ ഒക്കെ ഷോകളിൽ കെട്ടി എഴുന്നെള്ളിക്കുന്നതും  ഉന്നതവിദ്യാഭ്യാസത്തിനു ചെലവ് കൊടുത്തുവിടുന്നതും.

തനിച്ചുകഴിയുന്ന അമ്മയച്ഛന്മാർ, സ്നേഹവും കരുതലുമില്ലാത്ത സഹോദരർ, അപരിചിതരായ ബന്ധുക്കൾ.... കേരളീയ സമൂഹം ഇന്നൊരു താളടർന്ന പുസ്തകമാണു.

No comments: