Thursday, August 7, 2014

സിദ്ധന്മാർ

ഉറുക്ക് കെട്ടിക്കൊടുക്കുന്നതും, ഭസ്മം ജപിച്ചുനൽകുന്നതും, മന്ത്രവാദം നടത്തുന്നതുമൊക്കെ 1954ലെ Drugs and Magic Remedies Act ന്റെ പരിധിയിൽ വരുന്ന ശിക്ഷാർഹമായ കുറ്റം തന്നെ. പക്ഷെ ഈ ദൈവമനുഷ്യരുടേയും സിദ്ധന്മാരുടേയും യഥാർത്ഥ ബിസിനസ്സ് ഇതാണോ?

കുരുത്തംകെട്ട ഒരു മാദ്ധ്യമ പ്രവർത്തകൻ ഇതൊന്നു അന്വേഷിച്ചപ്പോൾ ഞെട്ടിപ്പോയി. ഈ ഉറുക്കുകെട്ടലൊക്കെ വലിയൊരു ബിസിനസ്സിന്റെ മുനയറ്റം മാത്രമാണു. ജനത്തിനു നേർക്കുള്ള മുഖം! ശരിക്കുള്ള കച്ചവടം നടക്കുന്നതു റിയൽ എസ്റ്റേറ്റ്, സ്വർണ്ണവ്യാപാരം (ഖനികളിലുള്ള നിക്ഷേപമുൾപ്പെടെ), വിവാഹ ഏജൻസി, സിനിമാ നിർമ്മാണം (ബിനാമികൾ വഴി), പവർ പൊളിറ്റിക്സ് തുടങ്ങിയ മേഖലകളിലാണു. ആഗോളീകരണം വരുന്നതിനു മുൻപ് ചന്ദ്രസാമിയേപ്പോലുള്ളവർ വ്യാപാര-വ്യവസായ ലൈസൻസിങ്ങിലായിരുന്നു പാടവം കാണിച്ചിരുന്നതു. ധീരേന്ദ്രബ്രഹ്മചാരി ശീർഷാസനത്തിൽ നിന്നു അധികാരവും നിയന്ത്രിച്ചു.

ഒരു മെട്രോനഗരത്തിലെ മുഖ്യ റിയൽ എസ്റ്റേറ്റ് ഏജന്റ് ഒരു താന്ത്രികനായിരുന്നു. ഇപ്പോൾ ഏകാന്തതയിൽ ധ്യാനത്തിലാണു. വിശ്വാസികളെ പറഞ്ഞുപറ്റിച്ച് ഈ ബിസിനസ്സ് എങ്ങനെ കൊണ്ടുപോകാം എന്നതിനു ദൃഷ്ടാന്തമാണു ടിയാൻ. എന്തെങ്കിലും വിഷമമുള്ളതുകൊണ്ടായിരിക്കുമല്ലോ ആളുകൾ ഇത്തരം ദുഷ്ടന്മാരെ കാണാൻ ചെല്ലുന്നതു. അല്ലെങ്കിൽ ഗീതവായിക്കുകയോ, ഓച്ചിറ ഉപ്പയുടെ അടുത്തുപോയിരിക്കുകകയോ ചെയ്താൽ പോരെ.

തങ്ങളുടെ അടുത്തുവരുന്നവരെ ഇവർ പേടിപ്പിക്കും. വത്സാ അല്ലെങ്കിൽ വത്സലേ നിന്റെ സകല ദുരിതത്തിനും കാരണം നീ താമസിക്കുന്ന സ്ഥലമാണു എന്നു ആദ്യമേ പറയും. അതു മിക്കവാറും സിറ്റി സെന്ററിലായിരിക്കും. സിദ്ധന്റെ കണ്ണു അതിലാണു. നീയതു കയ്യൊഴിഞ്ഞില്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം. അതാണു രണ്ടാമത്തെ പ്രവചനം. ഇതു കേൾക്കുന്ന മന്ദബുദ്ധി വീട്ടിൽ ചെന്നു കെട്ടിയോളുടെ അടുത്തു അതെഴുന്നള്ളിക്കും. സ്ത്രീകൾക്ക് പൊതുവേ സഹജാവബോധം കൂടുതലാണു. അവർക്ക് കാര്യം പിടികിട്ടും. സെന്റിനു 10 ലക്ഷം കിട്ടുന്ന സ്ഥലമാണു. അതു വിക്കണം പോലും. താമസിക്കുന്നിടത്തു നിന്നു മാറാൻ മിക്കവർക്കും ഇഷ്ടമില്ല. അതിലൊരു ഒരു ജഡത്വമുണ്ട്. ചുറ്റുമുള്ള പരിചയങ്ങൾ, ശീലിച്ചുപോയ സാഹചര്യങ്ങൾ ഒക്കെ മാറ്റാൻ പ്രയാസമാകും. അതു കൊണ്ട് നിജസ്ഥിതിയറിയാൻ ഈ സ്ത്രീ അവിടെ ചെല്ലും. അപ്പോൾ ദുഷ്ടൻ വേറൊരു നമ്പരാണു ഇറക്കുന്നതു. നിന്റെ കെട്ടിയോനെ ഒരാൾ വശീകരിക്കുന്നുണ്ട് എന്നൊരു കാച്ചുകാച്ചും. ഒരു സ്ത്രീയും അതു സഹിക്കില്ലാ എന്നു ദുഷ്ടനു അറിയാം. അതിനുള്ള കാരണം ഇപ്പോത്തെ ആരൂഡമാണെന്നാണു അടുത്ത കാച്ച്! ആരൂഡമെന്നുവച്ചാൽ താമസസ്ഥലം. അതുവിറ്റ് പോടേ എന്നാണു ദുഷ്ടൻ ഉദ്ദേശിക്കുന്നതു. അവളും വീഴും. സ്ഥലം വിറ്റിട്ടായാലും ഭർത്താവിനെ രക്ഷിച്ചാൽ മതിയെന്നാണു ഏതൊരു സ്ത്രീയും ചിന്തിക്കുന്നതു. ഇതാണു ദൈവീക ബിസിനസ്സിന്റെ ലൈൻ. സിദ്ധൻ തന്നെ വാങ്ങാനുള്ള ആളേ അറേഞ്ച് ചെയ്തു കൊടുക്കും. പക്ഷെ മാർക്കറ്റ് വിലയേക്കാൾ കമ്മിയായിരിക്കും കിട്ടുക. എന്നാലെന്തു ആരുഢം മാറില്ലെ

ഇതിനേക്കാളൊക്കെ ദുഷ്ടതയാണു വിവാഹങ്ങൾക്ക് ഇടനില നിന്നുകൊണ്ട് കാണിക്കുന്നതു. റിയൽ എസ്റ്റേറ്റിൽ പണം പോകുന്നതേയുള്ളു. വൈവാഹികതയിൽ കുടുംബം തന്നെ തകരും. ദുഷ്ടന്മാർ ചെയ്യുന്ന മുഖ്യകർമ്മം വിൽക്കാച്ചരക്കിനെ കച്ചോടമാക്കലാണു. ഇവർ പറഞ്ഞാൽ വിശ്വാസികൾ വേറൊന്നും അന്വേഷിക്കില്ല. സാമി പറഞ്ഞൂ, തിരുമേനി പറഞ്ഞു എന്നൊക്കെ വിചാരിച്ച് മകളെ അല്ലെങ്കിൽ മകനെ കെട്ടിച്ചു കൊടുക്കും. നാലഞ്ചു ദിവസം കഴിയുമ്പോഴാണു മനസിലാകുക പെണ്ണു നാഗവല്ലിയാണു. അല്ലെങ്കിൽ ചെക്കൻ പൂരാ വെള്ളമാണു. കല്യാണത്തിരക്കിൽ ഗുളിക കഴിക്കാൻ മറന്നു കാണും. പിന്നെ ഒരു തരത്തിലും അഡ്ജസ്റ്റ് പണ്ണവേ മുടിയലെ. കുടുംബം കുട്ടിച്ചോറാകും. തുടർന്നു പോലീസ് സ്റ്റേഷനായി, ഫാമിലിക്കോർട്ടായി. ഇവിടെയും ഒരു കക്ഷിക്കു പിന്നെയും സിദ്ധനെന്ന നാറിയെ (പര ഉപയോഗിക്കുന്നില്ല) പിൻപറ്റേണ്ടി വരും. അവിടേയും കാശ് സിദ്ധനു!

അതു കൊണ്ട് സിദ്ധന്മാരെ പിടികൂടുമ്പോൾ 1954ലെ ആക്റ്റു പ്രകാരം വെറുതെ കേസ്സുചാർജ്ജു ചെയ്താൽ പോരാ. അവർ ചെയ്യുന്ന മറ്റിടപാടുകൾ കൂടി വിശദമായി പരിശോധിക്കണം. എന്നിട്ട് ഈ മാജിക് റെമഡി ആക്റ്റ് വിട്ടിട്ട് സ്ട്രോങ്ങായ മറ്റ് 4 വകുപ്പുകൾ കൂടി ചേർത്തു കേസ്സ് രജിസ്റ്റർ ചെയ്യണം. അകത്തുപോയാൽ ഒരു വ്യാഴവട്ടം ധ്യാനിച്ചിരിക്കാനുള്ള അവസരം അവർക്കു കൊടുക്കണം. സിദ്ധി കുറച്ചു കൂടി കൂടട്ടെ! ആറുമാസം ജയിലിൽ കിടക്കുന്നതോ അഞ്ചുലക്ഷം പിഴയടക്കുന്നതോ ഇവർക്കൊരു പ്രശ്നമല്ല. ഇതിനായി ആഭ്യന്തരവകുപ്പ് ഓപ്പറേഷൻ ദേബേന്ദ്രാ എന്നൊരു പദ്ധതി ആവിഷ്കരിച്ചാൽ ഉചിതമായിരിക്കും.

No comments: