നാല്
അണക്കെട്ടുകളുടെ നിയന്ത്രണാവകാശം തമിഴ്നാട് സ്വന്തമാക്കിയപ്പോൾ മലയാളി
പതിവ് പണിതുടങ്ങി. അടിയന്തരപ്രമേയം, ഇറങ്ങിപ്പോക്ക്, കുറ്റപ്പെടുത്തൽ,
തെറിവിളി, ന്യായീകരണം, സാങ്കേതികത, പഴിചാരൽ, കരച്ചിൽ, പരിഹാസം,
കുത്തുവാക്ക്. ഡാം പോയാലും മെയ്യനങ്ങിയുള്ള ഒരു പണിക്കും മലയാളിയെ
കിട്ടില്ല. അതു പോയാൽ പോട്ടെ. ചുമ്മാ പ്രതികരിച്ചു കൊണ്ടിരിക്കും. അത്ര
തന്നെ.
ഇതിന്റെ യഥാർത്ഥകാരണം മലയാളിയുടെ കഴിവില്ലായ്മയൊന്നുമാണെന്നു
തോന്നുന്നില്ല. ലാഭത്തിനു വേണ്ടി ആരെങ്കിലും ചെയ്തതുമാവില്ല.
ലാഭമുണ്ടാകണമെങ്കിൽ പണിയെടുക്കണം. അഴിമതിയാണെങ്കിൽ പോലും മെയ്യനങ്ങാതെ
ഒന്നുമുണ്ടാവില്ല. അല്ലെങ്കിൽ അതു ചെയ്യുന്നവർ കുടുങ്ങും. ഇങ്ങനെയൊക്കെ
സംഭവിക്കുന്നതു മലായാളിയുടെ ഉദാസീനത എന്ന സവിശേഷമായ സ്വഭാവവൈകല്യം
കൊണ്ടാണു. മലയാളിക്ക് ഒന്നിനോടും ആത്മാർത്ഥതയില്ല. ഒന്നിനേയും ഗൌരവമായി
സമീപിക്കില്ല. എല്ലാം നിസ്സാരമാണു. ഈ നിസ്സാരതയാണു മലയാളിക്ക് സകല നഷ്ടവും
ഉണ്ടാക്കുന്നതു. സർക്കാർ തലത്തിൽ മാത്രമല്ല നിത്യജീവിതത്തിലും ഇതു തന്നെ
കാണാം.
ബൈക്കോടിച്ച് നടക്കുന്ന ചെത്തുപിള്ളേരെക്കണ്ടിട്ടില്ലെ?
ഈ ബൈക്ക് മഴനനയാതെയും വെയിലുകൊള്ളാതെയും അവർ സൂക്ഷിക്കുന്നതു ആരെങ്കിലും
കാണാറുണ്ടോ? ഭൂരിപക്ഷവും ചെയ്യാറില്ല. കാണുന്നിടത്തിട്ടിട്ട് പോകും.
വെയിലുകൊണ്ടാലെന്തു. മഴനനഞ്ഞാലെന്തു? അതൊന്നു കേടാകട്ടെ. അപ്പോൾ കാണാം
താക്കോൽ താഴെയെറിഞ്ഞ് ഒരു അരിശപ്പെടൽ. വാഹനം തന്റെയാണെന്ന ബോധത്തോടെ അതു
സംരക്ഷിക്കാതിരുന്നതാണു കുറ്റമെന്നു ഒരു മലയാളി ചെത്തനും സമ്മതിച്ചു തരില്ല. ഇനി
ബൈക്കോ കാറോ ഓടിക്കുന്നതു നോക്കിക്കെ. ആവശ്യമുള്ള ഗീയർ വീണില്ലെങ്കിൽ
വീഴുന്ന ഗീയറിൽ അരിശപ്പെട്ടൊരു ഓടീരാണു. അല്ലാതെ ഗീയർ ഷിഫ്റ്റിങ്ങിൽ
തനിക്കെന്തുപറ്റി എന്നു ആരും അവലോകനം ചെയ്യാറില്ല. എന്നുമാത്രമല്ല ഗീയർ
വീഴാത്തതിനു കമ്പനിയേയും മോഡലിനേയും ഒരു കുറ്റമ്പറച്ചിലുണ്ട്. ഇതുമാറ്റി
പുതിയ വണ്ടിയെടുക്കണമെന്നൊരു പ്രതിജ്ഞയുണ്ട്. എന്നിട്ട് അങ്ങനെ വല്ലോം
ചെയ്യുമോ? എവിടുന്നു. അപ്പോഴത്തെ ജാള്യം മറയ്ക്കാൻ അതു ഡിസൈൻ ചെയ്ത
എഞ്ജിനിയറേക്കാൾ കേമനാണ് താനെന്നു ഒന്നു സ്ഥാപിച്ചാൽ മതി മലയാളിക്ക്. വണ്ടി
റോഡിൽ ഓടിക്കുമ്പോഴോ? എല്ലാവർക്കും അവരവരുടെ നിയമമാണു. ഇടതുവശം
ചേർത്തു വാഹനമോടിക്കുന്നതോ രാത്രിയിൽ ഡിപ്പർ ഉപയോഗിക്കുന്നതോ
അവർക്കിഷ്ടമല്ല. എന്നാൽ എതിരേ വരുന്നവരെ ട്രാഫിക്ക് നിയമം പഠിപ്പിക്കാനുള്ള
ശുഷ്കാന്തി അപാരം തന്നെ. അതാണു ഉത്തരവാദിത്തമില്ലാത്ത മലയാളിയുടെ പ്രതികരണ വൈകല്യമെന്ന
സൂക്കേട്.
പുതിയ ഒരു ഗൃഹോപകരണം വാങ്ങിച്ചാൽ അതിന്റെ മാനുവൽ
വായിച്ചിട്ട് പ്രവർത്തിപ്പിക്കുന്നവർ എത്ര പേരുണ്ട്? ഒരു തേപ്പുപെട്ടിയുടെ
മാനുവൽ എങ്കിലും? അതിൽ പറഞ്ഞിരിക്കുന്നതെല്ലാം തങ്ങൾക്ക് ജന്മനാനിശ്ചയമുള്ള
കാര്യമാണെന്നാണു മലയാളിയുടെ മനോഭാവം. എന്തെങ്കിലും സംശയമുണ്ടായാൽ
അറിവുള്ളവരോട് ചോദിക്കാൻ അഹന്ത സമ്മതിക്കില്ല. തോന്നിയതു പോലെയൊക്കെ
പ്രവർത്തിപ്പിക്കും. എന്നിട്ട് കേടാക്കും. അതു ശരിയാകുമോ എന്നു നോക്കാൻ
മറ്റൊരു അജ്ഞാനിയോട് അഭിപ്രായം ചോദിക്കും. അവൻ പറയുന്ന മനോധർമ്മം
പരീക്ഷിക്കും. യന്ത്രം ആക്രിയാകും. അപ്പോൾ അവൻ പാരവച്ചതാണെന്നു വിചാരിച്ച്
അവനു പണികൊടുക്കാൻ നോക്കും. അവൻ പാരവച്ചതൊന്നുമല്ല ചങ്ങാതി. തന്റെ
അറിവുകേട് പുറത്തുപറയാൻ നാണക്കേടായതു കൊണ്ട് വെറുതെ ഒരു കാച്ച് കാച്ചിയതാണു. അതു
ശാസ്ത്രമാണെന്നു നിങ്ങൾ തെറ്റിദ്ധരിച്ചു. അതാണു പ്രശ്നം. ആദ്യം അതു
മനസിലാക്കാൻ ശ്രമിക്കു.
സർക്കാർ തലത്തിലും ഇതൊക്കെ തന്നെയാണു
സംഭവിക്കുന്നതു. കോൺഫ്രൻസുകളൊക്കെ വലിയ സംഭവമാണെന്നു നാം പുറമേ പറയും.
പക്ഷെ അതിനുവേണ്ടി ആരും തയ്യാറെടുക്കില്ല. എന്നിട്ട് അവിടെപ്പോയി മുക്കിയും
മൂളിയും എന്തെങ്കിലുമൊക്കെ പറയും. അറിയാത്തകാര്യമാണെങ്കിൽ ഗൌരവത്തിൽ
മിണ്ടാതിരിക്കും. അല്ലെങ്കിൽ രേഖപരിശോധിച്ചു അറിയിക്കാമെന്നു കാച്ചും. ലതിക
സാറും അങ്ങനെയേതാണ്ടാണു ചെയ്തതു. ഡാമുകൾ അങ്ങ് ഒഴുകിപ്പോയി. അതു നമ്മുടെ
കയ്യിൽ ഇരുന്നിട്ടും കാര്യമില്ലല്ലോ എന്നു വേണമെങ്കിലും ഉദാസീനമായി
ചിന്തിച്ചുകാണും. തമിഴൻ ആവശ്യക്കാരനായതു കൊണ്ട് അതുംകൊണ്ട് പോയി.
അർഹതയുള്ളവർക്കേ ദൈവം കൊടുക്കു. ആദ്യം മലയാളിക്ക് ഉത്തരവാദിത്തബോധം വരട്ടെ.
എന്നിട്ടു നമുക്കാലോചിക്കാം എന്തൊക്കെ വേണമെന്നു.
No comments:
Post a Comment