എട്ടുകാലികൾ വലകെട്ടാൻ ഡൈനാമിക്സ് പഠിച്ചതു ഏതു യൂണിവേഴ്സിറ്റിയിൽ
നിന്നാണു? തനിക്കു ഭക്ഷിക്കാൻ കഴിയുന്ന ഇരകളെ മാത്രം കുടുക്കാൻ കഴിയുന്ന
സംവിധാനമാണു എട്ടുകാലി വലകൾ. തനിക്കു ഭക്ഷിക്കാൻ കഴിയാത്ത ജീവികൾ വന്നു
വീഴാൻ ഇടയില്ലാത്ത സ്ഥലത്തേ എട്ടുകാലികൾ വലനെയ്യു. അഥവാ ഏതെങ്കിലും ജീവി
അവിചാരിതമായി അതിൽ വന്നുവീണാൽ വല ഒരു Swing ലൂടെ മുന്നോട്ട് ആഞ്ഞു വലിഞ്ഞ്
നിൽക്കും. പൊട്ടില്ല. അതാണു അതിന്റെ ഡൈനാമിക്സ്! പ്രതിരോധം മനസിലാക്കി
വലയിൽ വന്നുവീണ ജീവി മറ്റേതെങ്കിലും ദിശയിലേക്കു പറന്നുപൊയ്ക്കൊള്ളും.
വലപൊട്ടാതെ നോക്കേണ്ടതു എട്ടുകാലിയുടെ ജീവിതപ്രശ്നമാണു. തോന്നുമ്പോൾ
തോന്നുമ്പോൾ വലവാങ്ങാൻ മനുഷ്യനെപ്പോലെ ആരേയും പറ്റിച്ചല്ല എട്ടുകാലികൾ
ജീവിക്കുന്നതു. വല സ്വന്തം പ്രയത്നംകൊണ്ടുണ്ടാക്കുന്നതാണു. അതിനു വേണ്ട
സാധനസാമഗ്രികൾ സ്വന്തം ശരീരത്തിൽ നിന്നാണു ഉല്പാദിപ്പിക്കുന്നതു. അതു
കൊണ്ടു തന്നെ അതിനു പരമാവധി ലൈഫും സുരക്ഷിതത്വവും വേണമെന്നു എട്ടുകാലിക്ക്
നിർബ്ബന്ധമുണ്ട്. അപ്പോൾ അതിന്റെ ഡൈനാമിക്സും എട്ടുകാലിയുടെ ഉള്ളിൽ നിന്നു
തന്നെ വരണം. വരും.
ഒരു എട്ടുകാലിയുടെ കുശലതപോലുമില്ലാത്തവരാണു ഈ പരട്ട മനുഷ്യർ. എന്നിട്ട്
ഭാവം അതു വല്ലതുമാണോ? ലോകം അടക്കിഭരിക്കുന്നതു താനാണെന്നല്ലെ വിചാരം.
അവനവനു അകത്തുള്ള അറിവുകളേക്കാൾ പുറത്തുള്ള അറിവുകൾക്ക് ഇത്ര വിശ്വാസം
കൊടുക്കുന്ന മറ്റൊരു ജീവിയും ഈ ലോകത്തു കാണില്ല.
ഏതു കൊടികെട്ടിയ സിവിൽ എഞ്ജിനിയർ പണിഞ്ഞപാലമാണെങ്കിലും ആന തുമ്പിക്കൈ
കൊണ്ട് അതിൽ ഒന്നു തട്ടിനോക്കിയിട്ടേ കാലെടുത്തു വയ്ക്കു. ആന കേറാമെന്നു
ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് കാണിച്ചാലും ആന മൈൻഡ് ചെയ്യില്ല.
തുമ്പിക്കയ്യിൽ സെൻസു ചെയ്ത അറിവാണു ആനയുടെ അറിവ്. ചീഫെഞ്ജിനിയറുടെ ചീട്ട്
ആനയ്ക്ക്, മത്തായിക്ക് മയിൽപ്പീലി പോളെയാണു. എന്നാൽ ഒരു
കടലാസിലെന്തുമെഴുതി മുദ്രവച്ച് കൊടുത്താൽ മനുഷ്യൻ അതു വിശ്വസിക്കും. അത്
തെറ്റാണെന്നു സ്വയമറിവുണ്ടെങ്കിൽ പോലും വിശ്വസിക്കുന്ന മണ്ടനാണു മനുഷ്യൻ.
ശാസ്ത്രത്തിന്റെ പേരിലാണു ഈ സർട്ടിഫിക്കറ്റ് എങ്കിൽ ആ വിശ്വാസം
അന്ധവിശ്വാസമായിരിക്കും.
ഉള്ളിലുള്ള അറിവിനെ മനുഷ്യനു പുച്ഛമായതുകൊണ്ടാണു അവൻ ഇത്രയേറെ
പറ്റിക്കപ്പെടുന്നതു. പരസ്യങ്ങളിലൊക്കെ ഏതെങ്കിലും നടൻ വേഷം കെട്ടി വന്നു
താൻ ദന്തഡോക്ടറാണെന്നു പറഞ്ഞാൽ, അതു ഡോക്ടർ തന്നെയാണെന്നും അവർ പറയുന്നതു
ശാസ്ത്രമാണെന്നും വിശ്വസിക്കുന്നവരാണു മനുഷ്യർ. എല്ലാവർക്കുമറിയാം അതു
മോഡലാണ്. പറയുന്നതു കോപ്പിറൈറ്റർ എഴുതിക്കൊടുത്ത ഡയലോഗാണു. ഈ അഭ്യാസം സാധനം
വിൽക്കാൻ വേണ്ടിയാണു എന്നൊക്കെ. എന്നാലും അതു സത്യമായി വിശ്വസിച്ച് ആ
സാധനം പോയി വാങ്ങും. ഇവരെയൊക്കെ ബുദ്ധിയുള്ള മൃഗങ്ങൾ എന്നുപോലും വിളിക്കാൻ
പറ്റുമോ?
No comments:
Post a Comment