Thursday, August 7, 2014

ലോകപരിസ്ഥിതി ദിനം 2014

എല്ലാക്കൊല്ലവും ജൂൺ 5 ആണു ലോകപരിസ്ഥിതി ദിനം. പരേതാത്മാക്കളെ ഓർമ്മിക്കാനുള്ള ദിവസം പോലെ പരിസ്ഥിതിക്കും ഒരു ദിവസമുണ്ടായതു നന്നായി. ബാക്കി ദിവസം പരിസ്ഥിതിയേപ്പറ്റി ഓർക്കണ്ടല്ലോ. ഇക്കൊല്ലത്തെ പരിസ്ഥിതിദിനം മനോരമ ആഘോഷിച്ചതു സി.എഫ്.എൽ പേടി നട്ടുകൊണ്ടാണു. ഇതൊക്കെ കാണുമ്പോൾ നാട്ടിടകളിലൊക്കെ പറയുന്ന ഒരു ചൊല്ലാണു ഓർമ്മ വരുന്നതു. ചെലകാര്യങ്ങൾ പറയുമ്പോൾ തലേന്നേ പറയേണ്ടെ, എന്നു പഴമക്കാർ ചോദിക്കാറുണ്ട്? ഒരു 5 കൊല്ലം മുൻപ് പറയണ്ടകാര്യമാണു മനോരമ 2 ദിവസം മുൻപ് പറഞ്ഞിരിക്കുന്നതു. അശ്രദ്ധമായി വലിച്ചെറിയുന്ന സി.എഫ്.എല്ലിൽ നിന്നും മണ്ണിലും വെള്ളത്തിലും മെർക്കുറി കലർന്നു മാരകമാകുന്നു.
സൌജന്യമുണ്ടെങ്കിൽ ഏതു പട്ടിക്കാട്ടവും കൂടുതൽ വിലകൊടുത്തു വാങ്ങുന്ന മനോരോഗം ബാധിച്ചവരാണു മലയാളികൾ. മലയാളിയുടെ ഈ രോഗാതുരത മുതലെടുത്താണു CFL കമ്പനികൾ ലാഭം കൊയ്തതു. ആ കച്ചവടമാണിപ്പോൾ വിനയായിരിക്കുന്നു എന്നു മലയാള മനോരമ വിലപിക്കുന്നതു! CFL ഉപയോഗിക്കു. വൈദ്യുതി ലാഭിക്കു, എന്നു വെണ്ടക്കാ നിരത്തി ഈ വിഷവിത്തു പ്രചരിപ്പിക്കുമ്പോൾ മനോരമ അതൊന്നും ഓർത്തില്ലെ? പുതിയൊരു പ്രോഡക്റ്റ് വിപണിയിൽ ഇറങ്ങുമ്പോൾ അതിന്റെ പശ്ചാത്തല അന്വേഷണം നടത്താനുള്ള സംവിധാനമൊന്നുമതിനില്ലെ മനോരമയ്ക്ക്? അതോ ഞാൻ പോസ്റ്റിടുന്നപോലെ മനോധർമ്മം എഴുത്താണോ മനോരമയുടെയും മാദ്ധ്യമപ്രവർത്തനം?
യൂറോപ്പിൽ 2010ൽ പൂർണ്ണനിരോധനം ഏർപ്പെടുത്തിയ ഒരു ഉല്പന്നമാണു CFL. പാരിസ്ഥിതികപ്രശ്നം തന്നെയാണു നിരോധനത്തിനു പിന്നിൽ. തങ്ങളുടെ നാട്ടിലെ ജനതയുടെ ആരോഗ്യത്തിൽ ആശങ്കയുള്ള സർക്കാരുകൾ ഉള്ളതുകൊണ്ട് അവിടൊക്കെ അതു നടക്കുന്നു. നിരോധനം വന്നെന്നു വച്ച് കാശുമുടക്കിയ മുതലാളിക്ക് കമ്പനിയങ്ങ് പൂട്ടിപ്പോകാൻ പറ്റുമോ? അവർ അതിന്റെ പരമാവധി ലാഭമെടുക്കാൻ നോക്കും. അങ്ങനെയാണു അവ ഇന്ത്യപോലുള്ള തരികിട രാജ്യങ്ങളിലേക്ക് വരുന്നതു. കാൽച്ചക്രമെറിഞ്ഞാൽ ഇന്ത്യയിൽ ഭരണം നടത്തുന്ന ഏതു ഉദ്യോഗസ്ഥനും വന്നു കാലുനക്കുമെന്നു അറിയാവുന്നവരാണു കച്ചവടക്കാർ. സാങ്കേതികമായ വലിയ പിടിപാടില്ലാത്തവരായിരിക്കും നമ്മുടെ ജനപ്രതിനിധികളിൽ ഏറെപ്പേരും. അവർക്കും കൊടുക്കും എന്തെങ്കിലും. പുളവൻ കടിച്ച് അത്താഴം മുടങ്ങണ്ടല്ലോ. ഇനി അഥവാ ഈ ജനപ്രതിനിധികൾക്ക് വിദ്യാഭ്യാസമുണ്ടെങ്കിലെന്താ? ജയറാം രമേശിനെപ്പോലെ അപൂർവ്വം ചിലരൊഴികെ ബാക്കിയുള്ളവരൊക്കെ തികഞ്ഞ സ്വാർത്ഥന്മാരും, കൌശലക്കാരുമായിരിക്കും. അതു കൊണ്ടാണു ഇന്ത്യയിൽ CFL കച്ചവടം കൊഴുത്തു തടിച്ചതു. 2010-15 കാലയളവിനുള്ളിൽ സമ്പൂർണ്ണനിരോധനം വരുന്ന ഈ ദുർബ്ബലപ്രകാശ ഉപകരണം ഇന്ത്യയ്ക്ക് വേണ്ടെന്നു പറയാൻ ഇവിടുത്തെ സാങ്കേതിക വിദഗ്ദർക്കോ, ഉദ്യോഗസ്ഥർക്കോ, ജനപ്രതിനിധികൾക്കോ കഴിഞ്ഞില്ല. അതിനുള്ള പരിപ്പ് അവർക്കില്ലായിരുന്നു. അല്ലെങ്കിൽ അവർ CFL കമ്പനിക്കാരുടെ നക്കാപ്പിച്ച വാങ്ങി രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം ഒറ്റുകൊടുത്തു. ഇവരൊന്നും 7 തലമുറയ്ക്ക് വെള്ളമിറങ്ങി ചാകാൻ പോകുന്നില്ല.

യൂറോപ്പിൽ നിന്നൊക്കെ ആക്രിയായി ഇറക്കിയ പ്ലാന്റുകളിൽ സിംഗപ്പൂരിലും, ചൈനയിലുമൊക്കെ നിർമ്മിക്കുന്ന ചരക്കുകളാണു കറന്റ് ലാഭിക്കുന്ന CFL. നിർമ്മാണച്ചെലവ് 14 രൂപയിൽ താഴെ. വില്പനവില 150 മുതൽ മുകളിലേക്ക്. ചുരുങ്ങിയ കാലം കൊണ്ട് പരമാവധി ലാഭം ഉണ്ടാക്കാനും, കമ്മീഷൻ കൊടുക്കാനും ഈ വിലയിടണം. വില്പന തകൃതിയാക്കാൻ സർക്കാരിന്റെ പദ്ധതി. ഉർജ്ജലാഭവും, കാർബണിക പാരിസ്ഥിതിക പ്രശ്നങ്ങളും എടുത്തുകാട്ടി CFL വാങ്ങാൻ പ്രലോഭനം. ഇപ്പോൾ എല്ലാവർക്കും തൃപ്തിയായിക്കാണുമല്ലോ. അതിനേക്കാൾ മാരകമായ വിന വന്നു ഭവിച്ചല്ലോ. ജനനവൈകല്യത്തോടുകൂടിയ കുട്ടികൾ ഉണ്ടാകുന്നതിനു പിന്നിൽ CFL രസമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. യൂറോപ്പിലും, ആസ്ട്രേലിയയിലും CFL കേടായാൽ അതു തിരിച്ചെടുത്തു സംസ്കരിക്കണ്ട ചുമതല അതു വിറ്റ സ്ഥാപനങ്ങൾക്കാണു. ഒരു ഫോൺകോളിൽ അതു നിർവ്വഹിക്കാൻ അവർ ബാദ്ധ്യസ്ഥരാണു. അല്ലെങ്കിൽ നിയമം അവരെ പിടികൂടും. ഇവിടെ ചെയ്യുന്നതോ ഫ്യൂസായ ചരക്കെടുത്തു തോട്ടിലോ, പറമ്പിലോ ഇടും. ജനത്തിനോ പൌരബോധമില്ല. എന്നാൽ അതിന്റെ മാരകത്വം മനസിലാക്കി വേണ്ടനടപടി എടുക്കാനുള്ള വിവേകം സർക്കാരിനെങ്കിലുമുണ്ടാകേണ്ടതല്ലെ? അതെങ്ങനെയുണ്ടാകും. ലുലുമാളിൽ പോയി അർമ്മാദിക്കാൻ വ്യവസായികളുടെ നക്കാപിച്ച മേടിക്കുന്നവരാണല്ലോ അവിടൊക്കെ. അവർക്ക് ജനത്തോട് എന്തു ഉത്തരവാദിത്തം. തന്നോട് തന്നെ ഉത്തരവാദിത്തമില്ലാത്തവരാണു മലയാളികളിൽ ഏറിയകൂറും!
ഈ CFL കൾ ജനത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതുപോലെ തന്നെ വൈദ്യുതവിതരണ ശൃംഘലയേയും ബാധിക്കുന്നതാണു. അതിവിടുത്തെ എഞ്ജിനിയറന്മാർക്കറിയില്ലെങ്കിൽ അവർ പഠിച്ചതു എഞ്ജിനിയറിങ്ങാവില്ല. അറിഞ്ഞിട്ടാണു മിണ്ടാതിരിക്കുന്നതെങ്കിൽ അവരെപ്പറ്റി എന്തുപറയാൻ?
വന്നതോ വന്നു. പക്ഷെ ഇതിനൊരു പരിഹാരമുണ്ട്. ഭൂമിയിൽ നിന്നും മെർക്യുറി നീക്കം ചെയ്യാൻ കഴിയും. അതിനുള്ള സാങ്കേതികവിദ്യയുണ്ട്. പാശ്ചാത്യ വ്യവസായികളും അവരുടെ പിണിയാളുകളുമായ ഇന്ത്യാക്കാരും മനസിൽ കണ്ടപ്പോഴെ മരത്തിൽ കണ്ടവരാണു നമ്മുടെ പൂർവ്വികർ. അതു പറഞ്ഞു തരാം. പക്ഷെ ഈ സോഷ്യൽ നെറ്റ്‌വർക്കിലൂടെ ഒന്നും പറ്റില്ല. നേരിട്ടുവരണം. വന്നാൽ പറഞ്ഞുതരും. വെറും പരസ്യം കണ്ടുപോയി ചരക്കുമേടിക്കുന്ന മലയാളി അതിനു ഇങ്ങനെയെങ്കിലും പരിഹാരം ചെയ്യണം. ആവശ്യമുള്ളവർ മുങ്കൂട്ടി അറിയിച്ചിട്ട് വന്നാൽ പരിഹാരം പറഞ്ഞുതരുന്നതായിരിക്കും.

No comments: