മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കണമെന്നു
ഫ്രാൻസിസ് മാർപ്പാപ്പ. മതപരിവർത്തനം മോശമാണു. അതവസാനിപ്പിക്കണം. ലോകത്തിലെ
ജനസംഖ്യയുടെ ആറിലൊന്നു (100 കോടി) വരുന്ന കത്തോലിക്കരുടെ ആത്മീയഗുരുവാണു
ഇതു പറയുന്നതു. വെറുതെ ഒരാവേശത്തിൽ എന്തെങ്കിലും പറയാവുന്ന ഒരാളല്ല,
പാപ്പ. കൃത്യമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമേ പാപ്പയ്ക്ക് ഇങ്ങനെയൊരു
പ്രസ്താവന പുറപ്പെടുവിക്കാനാവു. അങ്ങനെയാണെങ്കിൽ കത്തോലിക്കസഭയ്ക്ക്
ഇപ്പോൾ എന്തുകൊണ്ടാണു ഈ വിചാരമുണ്ടായതു?
ലോകത്തിന്റെ
വിവിധഭാഗങ്ങളിലായി പല എത്തിനിക്ക് ഗ്രൂപ്പുകളിൽ ചിതറിക്കിടക്കുന്ന മനുഷ്യരെ
സഭയിലേക്ക് കൂട്ടുവാനുള്ള നടപടികൾ ഒരു പത്തു നൂറ്റാണ്ടുകളെങ്കിലും മുൻപേ
ആരംഭിച്ചിട്ടുണ്ടാകും. ഒരു പരിധിവരെ അതു വിജയിക്കുകയും ചെയ്തു. അതിനു
പ്രലോഭനങ്ങളും ഭീഷണികളും ഉപയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും,
ആതുരശുശ്രൂഷയുടേയും മറവിൽ പശ്ചാത്തലമൊരുക്കിയിട്ടുമുണ്ട്. ഭരണകൂടങ്ങളെ
സ്വാധീനിക്കാനും, വഴങ്ങാത്തയിടങ്ങളിൽ അസ്വസ്ഥത വിതറി വഴക്കാൻ ശ്രമിച്ചതും
ഗോപ്യമല്ല. ഇപ്പോഴും അതിനൊക്കെയുള്ള കഴിവ് സഭയ്ക്കുണ്ട്. എന്നിട്ടും
എന്തുകൊണ്ടായിരിക്കും പാപ്പ ദിശമാറി ചിന്തിക്കാൻ തുടങ്ങിയത്?
മുന്നോട്ടുവച്ചകാൽ പിന്നോട്ട് വലിക്കുന്നതു സ്വഭവം സഭയ്ക്കില്ലാത്തതാണു.
മാദ്ധ്യമങ്ങളും ആധുനികഭരണാധികാരികളും അവഗണിച്ചതും നാം കാണാതെപോയതുമായ
വേറൊരു വർത്തമാന ലോകമുണ്ട്. ലോകത്തിലെ പല ജനവിഭാഗങ്ങളും അവരുടെ
സ്വത്വത്തിലേക്ക് മടങ്ങുകയാണു. മുൻപ് മതം മാറിയ പലരും തങ്ങളുടെ
എത്തിനിസിറ്റി കണ്ടെത്തി മടങ്ങാൻ ആഗ്രഹിക്കുന്നു. ഈ ഒഴുക്കിൽ ഏറെപ്പേരും
ചെന്നെത്തിപ്പെട്ടതു ബുദ്ധമതത്തിലാണു. ബുദ്ധമതം ഇന്നു
വളർന്നുകൊണ്ടിരിക്കുകയാണു. ദലയിലാമയുടെ പലായനം, ബുദ്ധസന്യാസിമാരുടെ
ജീവിതമാർഗ്ഗങ്ങൾ, സെൻകഥകൾ, ആചാര്യ രജനീഷിനേപ്പോലുള്ളവരുടെ ഹൈലൈറ്റുകൾ
എന്നിവ നവബുദ്ധമതത്തിനു ആക്കം കൂട്ടി. കത്തോലിക്കരായിരിക്കുകയും മനസുകൊണ്ട്
ബുദ്ധമതത്തിലേക്ക് മാറുകയും ചെയ്ത ഒരു വലിയവിഭാഗമുണ്ട്. ഇതു ക്ലാസിക്കൽ
മതത്തിനെ അതിന്റെ ഉള്ളിൽ നിന്നും ഇടിച്ചിടാൻ കാരണമായി. ഇതിന്റെ
പ്രതിഫലനമെന്നോണം 1970കളുടെ തുടക്കത്തോടെ പാശ്ചാത്യനാടുകളിൽ വിശ്വാസികൾ
പള്ളി ഉപേക്ഷിച്ചുപോകാൻ ആരംഭിച്ചു. കുറേ സഭാംഗങ്ങളെ നിയോ റിലീജ്യസ്റ്റ്
സഭകൾ വശീകരിച്ചു. എങ്കിലും സ്ഥായിയായ ഒഴുക്കു ബുദ്ധമതത്തിലേക്കോ അതിന്റെ
ആവാന്തരവിഭാഗങ്ങളിലേക്കോ ആയിരുന്നു. ഇതു ഒരു റിവേഴ്സ് ഓസ്മോസിസ് ആണു. അതിനെ
തടയുവാനുള്ള ടൂൾ സഭയുടെ കയ്യിലുണ്ടായില്ല. പുരോഹിതവർഗ്ഗം ആത്മീയത വിട്ട്
ഭൌതികതയിൽ ശ്രദ്ധയൂന്നിയതാണു ഇതു തടയാൻ പറ്റാതെപോയതിനു ഒരു കാരണം. ഈ
ഉരുൾപൊട്ടലിൽ സഭകൾ പകച്ചുപോയി. അതിനെ ഫ്രാൻസിസ് പാപ്പ സമചിത്തതയോടെ
കണ്ടിരിക്കുന്നു എന്നു വേണം അനുമാനിക്കാൻ. ഇനി മതപരിവർത്തനം നടത്തിയിട്ടു
കാര്യമില്ല. ഉള്ളവിശ്വാസികളെ ഉറപ്പിച്ചു നിർത്തുകയാണു ആവശ്യം. മറ്റുള്ളവരിൽ
കൂടുതൽ ആദരവുണ്ടാകത്തക്കവിധത്തിൽ സഭ പ്രവർത്തിക്കണം. അതിനു ആദ്യം
ഇതരവിശ്വാസങ്ങളെ അംഗീകരിക്കണം. മതപരിവർത്തനത്തിനു പോയാൽ അതു കൂടുതൽ സംഘർഷം
ഉണ്ടാക്കുകയേ ഉള്ളു. പാപ്പയുടെ സന്ദേശത്തിന്റെ അന്ത:സത്ത ഇതാണെന്നു തോന്നു.
ഏതിന്റേയും പരീക്ഷണശാലയായ കേരളം സഭകളുടെ എത്തിസിനിറ്റിയിലേക്കുള്ള
മടക്കത്തിനും പോസിറ്റീവ് റിസൾട്ട് കാണിക്കുന്നു. നായന്മാരേയും
നമ്പൂതിരിമാരേയും ചേർത്തുണ്ടാക്കിയതാണു കേരളത്തിലെ സഭകൾ. സഭയിപ്പോൾ അതിന്റെ
കെടുതി അനുഭവിച്ചുകൊണ്ടിരിക്കുകയാണു. ചാതുർവർണ്ണ്യ കാലത്താണു നായരും
നമ്പൂതിരിയും മറ്റുസവർണ്ണരും കൃസ്തുമതത്തിലേക്ക് പരിവർത്തനം
ചെയ്യപ്പെട്ടതു. അവർ അന്നെങ്ങനെ പെരുമാറിയോ അതുപോലെയാണു സഭകൾ ഇന്നു
പെരുമാറുന്നതു. കൃസ്തുമത വിശ്വാസത്തിനു നിരക്കാത്ത അധികാര വടംവലികളും,
സദാചാരവിരുദ്ധതയും, മാംസാഹാര തൃഷ്ണയും, പരിസ്ഥിതിനാശവും, മതമുപയോഗിച്ച്
ഭരണത്തെ നിയന്ത്രിക്കലുമെല്ലാമിപ്പോൾ കാണാം. അതിനുള്ള ജനിതകം കടന്നു വന്നതു
തീർച്ചയായും ആദ്യം മതം മാറിവന്ന മേൽത്തട്ടുകാരനിൽ നിന്നായിരിക്കണം. അതു
കൃസ്തുമതത്തിനു കളങ്കം വരുത്തുന്ന തലത്തിലേക്ക് ഉയർന്നിരിക്കുന്നു.
ദളിതുകളും ആദിവാസികളും സഭകളോട് പ്രകടമായ അകലം സൂക്ഷിക്കുന്നതും ഈ
സവർണ്ണമേൽക്കോയ്മ കൊണ്ടാണു.സഭയുടെ പേരിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ
പങ്കുവക്കുന്നതും സാധാരണക്കാരനല്ല. കുലം, കീർത്തി,
വിധേയത്വമൊക്കെയുള്ളവർക്കാണു. അതായിരുന്നല്ലോ പഴയ വർണ്ണ സമ്പ്രദായത്തിലും.
സഭ അതിലെ അതിലെ അംഗങ്ങളുടെ എത്തിനിക് സ്വഭാവം കാണിച്ചു തുടങ്ങിയാൽ
പത്രോസിന്റെ പിന്തുടർച്ച എങ്ങനെ സാക്ഷ്യപ്പെടുത്തും? ചുരുക്കത്തിൽ
പാപ്പയുടെ നിരീക്ഷണം ശരിവക്കുന്നതാണു കേരളത്തിലെ അവസഥ.
ഏറ്റവും
പ്രാധാന്യമുള്ള ഒരു കാര്യം, പാപ്പായുടെ കല്പനകൾ ലോകമെമ്പാടും
ചർച്ചചെയ്യപ്പെട്ടപ്പോൾ ഇന്ത്യൻ മുഖ്യധാരാ മാദ്ധ്യമങ്ങൾ അതു മുക്കി
എന്നുള്ളതാണു. സവർണ്ണ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങൾ തങ്ങളുടെ വർഗ്ഗത്തിനെ
തിരിച്ചറിഞ്ഞ് അനുഭാവം പ്രകടിപ്പിച്ചതായിരിക്കുമോ? സഭയും പുരോഹിതരും
നിശബ്ദരാണു. പാപ്പയുടെ കല്പനകൾ രേഖപ്പെടുത്തിയ ഇടയലേഖനങ്ങൾ
ഒന്നുമിറങ്ങിയില്ല. എന്തു കൊണ്ടായിരിക്കും? അഥവാ, ഇനി പാപ്പ പറഞ്ഞതു ഒരു
വ്യക്തിപരമായ അഭിപ്രായമാണെങ്കിൽ സഭകൾക്ക് അതേപ്പറ്റി എന്താണു പറയാനുള്ളതു?
1 comment:
മതം മാറ്റരുത്.
Post a Comment