Sunday, September 7, 2014

കേശവാനന്ദ ഭാരതി : ഫെഡറലിസത്തെ ഉയർത്തിപ്പിടിച്ച ഇന്ത്യൻ സന്യാസി

ഗവർണ്ണറായി ജ.പി.സദാശിവം നിയമിക്കപ്പെടുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഭരണഘടയുടെ പരമോന്നസ്ഥാനം, പാർലിമെന്റിന്റെ പരിധി, ഇന്ത്യൻ ജുഡീഷ്യറിയുടെ കരുത്തു ഇവയിലേക്ക് വീണ്ടും ഒരിക്കൽക്കൂടി കൂട്ടിക്കൊണ്ടുപോകുന്നു.
സദാശിവത്തിന്റെ നിയമനത്തിൽ ഭരണഘടനാപരമായ അപാകത ആരും കാണുന്നില്ല. എല്ലാവരും ധാർമ്മികതലത്തിൽ നിന്നാണു വിമർശിക്കുന്നതു. ഇതെങ്ങനെ ഇത്ര പെട്ടെന്നു ഇന്ത്യൻ രാഷ്ട്രീയം ധാർമ്മികതയിലേക്ക് ഉയർന്നു?

തനിക്കെതിരേ അസുഖകരമായ കോടതിവിധികൾ ഉയർന്നുവരാൻ തുടങ്ങിയപ്പോൾ പ്രധാനമന്ത്രിപദത്തിനു പരിരക്ഷ ഉറപ്പുവരുത്താൻ വേണ്ടി ശ്രീമതി. ഇന്ദിരാഗാന്ധി ഭരണഘടന ഭേദഗതി ചെയ്യാൻ ശ്രമിച്ചു. ഭരണഘടനയുടെ 368ആം വകുപ്പുപ്രകാരാം ഇന്ത്യൻ പാർലിമെന്റിനു അനന്തമായ അധികാരമുണ്ട്. ഭരണഘടനയിൽ മാറ്റം വരുത്താം. പക്ഷെ അതെത്രമാത്രം. ചോദ്യമതാണു. ജനാധിപത്യത്തിനു അടിസ്ഥാനമായ ഈ ഭരണഘടന തിരുത്തിത്തിരുത്തി ഏകാധിപത്യത്തിൽ എത്തിക്കാൻ കഴിയുമോ? കേശവാനന്ദഭാരതി കേസിൽ ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠം പരിശോധിച്ചതു അതാണു. സുപ്രീം കോടതി എത്തിച്ചേർന്ന നിഗമനം : ‘ഭരണഘടനയുടെ അന്തസത്തയ്ക്ക് കോട്ടമുണ്ടാകാത്ത തരത്തിലെ മാറ്റങ്ങൾ പാടുള്ളു’. അതായതു അംബേദ്കർ, പട്ടേൽ, നെഹൃ തുടങ്ങിയവരുടെ സ്വപ്നങ്ങൾക്കപ്പുറം ഒരു ഭരണാധികാരിക്കും ഇന്ത്യയിൽ സ്കോപ്പില്ല.
ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് ഭരണകൂടത്തോട് യോജിച്ചുപോകുന്ന ഒരു നിലപാടാണു ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനം. നിയമങ്ങൾ ഉണ്ടാക്കുന്നതു ജനകീയ സഭകളാണു. അതിനെ വ്യാഖ്യാനിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ വിധികൾ പറയുകയും ചെയ്യുന്നതാണു കോടതികളുടെ ചുമതല. വിധിന്യായം നടപ്പിലാക്കേണ്ടതു എക്സിക്യൂട്ടീവാണു. കോടതിയും ജനസഭകളും അതിനെ നിരീക്ഷിക്കുന്നു. ശിക്ഷവിധിച്ചു കഴിഞ്ഞാൽ സ്റ്റേറ്റിന്റെ ചെലവിൽ എക്സിക്യൂട്ടീവ് അതു നടപ്പാക്കും. ഇതിൽ ഒരു ന്യായാധിപനു ഭരണഘടനയുടെ കാവലാൾ എന്നതിൽ കവിഞ്ഞ് എന്തു വ്യക്തിപരമായ ധാർമ്മിക ഉപയോഗിക്കാൻ കഴിയും? ജഡ്ജിയെന്ന ഭരണഘടനാ സ്ഥാനമല്ലെ വ്യക്തിയേക്കാൾ മുകളിൽ നിൽക്കുന്നതു? അതിനു പുറത്തുവരുമ്പോൾ ആ വ്യക്തി ഇന്ത്യൻ പൌരനായി എല്ലാ തത്ത്വങ്ങൾക്കും മീതേ ഉയരുകയാണു. അങ്ങനെയുമാണല്ലോ വേണ്ടതു.
മറിച്ചുള്ള വാദങ്ങൾ അതീതചിന്തകളിൽ നിന്നു ഉടലെടുക്കുന്നതാണു. ജൂറി സിസ്റ്റമുള്ള ഒരു രാഷ്ടത്തിലേ ഒരു ന്യായാധിപനു വ്യക്തിപരമായ സവിശേഷത സൂക്ഷിക്കേണ്ടതുള്ളു. 1950കളിൽ തന്നെ നാം ജൂറിസിസ്റ്റം ഉപേക്ഷിച്ചു കഴിഞ്ഞതാണു. ജൂറിസിസ്റ്റത്തിലെ ഒരു ജഡ്ജി വ്യക്തിനിഷ്ഠമായി അദ്ദേഹം തീർപ്പുകൽ‌പ്പിച്ച വിധികളുടെ ഭാണ്ഡവുമായി ഏകാന്തത്തിൽ കഴിഞ്ഞുകൂടണം. അതിൽ യുക്തിയുണ്ട്. എന്നാൽ ഇന്ത്യൻ അവസ്ഥ അതല്ലല്ലോ.
വേറൊന്നുള്ളതു ഒരു ന്യായാധിപൻ തന്റെ സ്ഥാനമുപേക്ഷിച്ചുകഴിഞ്ഞാൽ ഏകാന്തത്തിലേക്കു പോകണമെന്നു പറയുന്നതു മനുവിന്റെ സിദ്ധാന്തമാണു. ദൈവത്തിന്റെ പ്രതിപുരുഷനാണു മനുവിന്റെ രാജാവ്. ആ രാജാവു തന്നെയാണു ന്യായാധിപനും. ന്യായചർച്ചകൾക്കുശേഷം രാജാവ് വിധിപറയും. അതു കല്ലേപ്പിളർക്കുന്നതുമായിരിക്കും. ഇന്ത്യൻ ന്യായാസനങ്ങളെ ആ തലത്തിലേക്കു ഉയർത്തിയാണു കാണുന്നതെങ്കിൽ സന്തോഷം. പക്ഷെ അപ്പോൾ ഒരാളെ ജഡ്ജിയായി നിയമിച്ചാൽ അദ്ദേഹത്തെ മരിക്കുന്നതുവരെ ആ സ്ഥാനത്തു തുടരാനും അനുവദിക്കണം. റിട്ടയർമെന്റോ, ഇമ്പീച്ച്മെന്റോ പാടില്ല. അല്ലെങ്കിൽ അദ്ദേഹമെങ്ങനെ സ്വതന്ത്രമായി പ്രവർത്തിക്കും?
ചൊറി : ഇന്ത്യൻ ഫെഡറലിസത്തെ ഉയർത്തിപ്പിടിക്കാനും ഒരു ഇന്ത്യൻ സന്യാസി തന്നെ വേണ്ടി വന്നു. ഹും!

No comments: