Sunday, September 28, 2014

സുമ്മാതിരി

"സുമ്മാതിരി........”

രമണമഹർഷിയുടെ ഉപദേശമാണിതു. സത്യത്തിൽ അതിനേക്കാൾ വലിയ എന്തു ഉപദേശമാണു നൽകാനുള്ളതു.

നാമൊക്കെ ധരിച്ചുവച്ചിരിക്കുന്നതു നമ്മുടെ അഹംബോധമാണു ഈ ലോകത്തെ നയിച്ചൂകൊണ്ടുപോകുന്നതു എന്നാണു. ചുമ്മാതിരുന്നാൽ അതുവല്ലോം നടക്കുമോ? അതായതു ഈ നാമരൂപങ്ങളിൽ ഇരിക്കുന്ന ഞാൻ എന്തൊക്കയോ ചെയ്യുന്നു എന്ന ഭാവം!

പണ്ട് ശ്രീരാ‍മൻ എന്നൊരാൾ ഈ ലോകം നടത്തിയിരുന്നതായി പറയപ്പെടുന്നു. ആ രാജാവ് ഇപ്പോൾ എവിടെയാണു? ജനകൻ എന്നൊരാളേപ്പറ്റിയും കേട്ടിട്ടുണ്ട്. അയാളും ഇപ്പോൾ ഇല്ല. നളൻ. ഭരതൻ, ധർമ്മപുത്രർ? ആരുമില്ല. അലക്സാണ്ടർ? ബാബർ. ഹിറ്റ്ലർ. ഒരാളേയും കാണാനില്ല. എന്നിട്ടും ഈ ലോകത്തിനു കുഴപ്പമൊന്നും സംഭവിച്ചില്ല. എന്നിട്ടും നാം വിചാരിക്കുന്നതു നാമില്ലെങ്കിൽ സംഭവമാകെ തകരാറിലാകുമെന്നാണു. ചുമ്മാ! ഈ ലോകത്തു ഒരു ചുക്കും സംഭവിക്കില്ല.

ലോകം വിട്! രാജ്യവും ദേശവും വിട്. അവനവനെത്തന്നെ ഒന്നു എടുത്തു നോക്കു. ഈ ഞാൻ എന്നു പറയുന്ന നാമരൂപധാരിയാണോ ശരീരമെങ്കിലും നടത്തുന്നതു? അതെ എന്നു പറയുന്നവരോട് ഒരു ചോദ്യം. എങ്കിൽ ഈ ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു അറിയാം. അതിൽ ചൂടൊരല്പം കൂടിയാൽ അതെന്താണെന്നു അറിയാൻ കഴിയാറുണ്ടോ? ഇല്ല ഉടൻ ഓടും, ഡോക്ടർ എന്ന മറ്റൊരു ‘ഞാൻ’ ഭാവിയെക്കാണാൻ. അയാൾക്ക് എല്ലാം അറിയാമെന്നു വിചാരിച്ചാണു ചെല്ലുന്നതു. പക്ഷെ നാക്കിനടിയിൽ ഒരു കമ്പുവച്ചു നോക്കണം അയാൾക്ക് എന്തെങ്കിലും പറയണമെങ്കിൽ. അയാൾ പറയും നിങ്ങളുടെ ശരീരത്തിന്റെ ചൂടു ഇത്ര ഡിഗ്രി ഫാരൻഹീറ്റാണു. അതു സാധാരണയിൽ കൂടുതലാണു. അപ്പോഴാണു നിങ്ങൾക്ക് വിശ്വാസമാകുന്നതു. ഡോക്ടറോ, Cornelis Drebbel എന്നൊരാൾ നിർമ്മിച്ച ഉപകരണത്തെ വിശ്വസിച്ചാണു അങ്ങനെ പറയുന്നതു. ജീവിതത്തിന്റെ വലകൾ അങ്ങനെ നീണ്ടുനീണ്ടുപോകുന്നു! അപ്പോൾ എന്താണു ഈ ജീവിതത്തിന്റെ അടിസ്ഥാനം? അതറിയണമെങ്കിൽ ചുമ്മാതിരിക്കണം.

ഈ ശരീരം എന്താണെന്നറിഞ്ഞാൽ നിങ്ങൾക്ക് ഭ്രാന്തുപിടിക്കും. മനുഷ്യശരീരത്തെ ഒരു ഫാക്റ്ററിയായി മാറ്റിയാൽ അതു 9 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന വലിയൊരു സ്ഥാപനമായിരിക്കുമെന്നാണു ഇന്നത്തെ ശാസ്ത്രജ്ഞന്മാർ പറയുന്നതു. അതിലെ യന്ത്രങ്ങൾ പ്രവർത്തിക്കുന്ന ശബ്ദം 250 ച.കിമി സ്ഥലത്തു കേൾക്കാം. അത്തരമൊരു ഫാക്റ്ററി സ്ഥാപിക്കാൻ ആയിരക്കണക്കിനു തൊഴിലാളികൾ വർഷങ്ങളോളം പണിയെടുക്കണം. അതിനുള്ള ചെലവ് കണക്കാക്കിയിട്ടില്ല! ഫാക്റ്ററി സ്ഥാപിച്ചാലും ആവശ്യാനുസരണം വൈവിദ്ധ്യമാർന്ന പ്രോഡക്റ്റുകൾ അതിൽ നിന്നും പുറത്തുവരുമെന്നു തോന്നുന്നില്ല.  അങ്ങനെയുള്ള ഒരു യന്ത്രമാണു ഇത്ര ശാന്തമായി 1.8 ച.മീറ്ററിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു.

ഇതിൽ അത്ഭുതമൊന്നുമില്ല. അതിന്റെ പിന്നിൽ ഒരു ഇന്റലിജൻസുണ്ടെന്നു മനസിലാക്കിയാൽ മതി. നാമൊക്കെ ശ്രദ്ധിക്കാതെപോകുന്നതും അതാണു. അതിനെ കണ്ടെത്താനാണു രമണമഹർഷി പറഞ്ഞതു. അതിനുള്ള വഴി : സുമ്മാതിരി. പക്ഷെ അതു നമുക്ക് ഉൾക്കൊള്ളാൻ പ്രയാസമാണു. ചുമ്മാതിരുന്നാൽ എന്തു മനസിലാക്കാനാണു എന്നാണു നമ്മുടെ തോന്നൽ.

വെറുതെ കണ്ണുതുറന്നിരുന്നാൽ പോലും കാണുന്നതു എത്ര അത്ഭുതങ്ങളാണു. സമയത്തിന്റെ ഏതോ ഖണ്ഡത്തിൽ പ്രകാശം പരക്കുന്നു. അതിന്റെ പിന്നാലെ സൂര്യൻ എന്ന തേജോഗോളം വരുന്നു. അതുവരെ നിദ്രയിലായിരുന്ന അനേകം ജീവികൾ ഉണരുന്നു. ഇരതേടാനിറങ്ങുന്നു. ഒരു സ്കൂളിലും പഠിച്ചിട്ടല്ല അവയുടെ അന്നം അവർ കണ്ടെത്തുന്നതു. ചെടികൾ വേരു നീട്ടുന്നതു. ശലഭങ്ങൾ പൂക്കൾ അറിയുന്നതു. ഇതൊക്കെ എങ്ങനെയാണു ഒരു തെറ്റും കൂടാതെ ഇങ്ങനെ നടക്കുന്നതു? എന്നാൽ മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവർത്തിയും അബദ്ധമാകുകയാണു. ആദ്യമതു ആവേശപൂർവ്വം ചെയ്യും. പിന്നെയതു തെറ്റി എന്നു കണ്ടെത്തും. അതു തിരുത്തണമെന്നു വിചാരിക്കും. അതിനു തർക്കിക്കും. എന്നാൽ വിശേഷബുദ്ധിയില്ലാത്ത ജന്തുക്കൾ അത്തരം അപകടങ്ങളിൽ പെടുന്നില്ല. അല്ലെങ്കിൽ ആ ഇന്റെലിജൻസിനു വിധേയമായി ജീവിക്കുന്നു. മനുഷ്യൻ മാത്രം ആ ഇന്റെലിജൻസിനെ വിസ്മരിച്ചു ഞാൻ എന്ന ഷാഡോ ഇന്റെലിജൻസിൽ ചെന്നു പെടുന്നു. പിന്നെ മൊത്തം കൺഫ്യൂഷനാണു.

ആ കൺഫ്യൂഷൻ മാറണമെങ്കിൽ ചുമ്മാതിരിക്കണം എന്നാണു രമണ മഹർഷി പറയുന്നതു.

No comments: