Thursday, September 18, 2014

ആക്റ്റിവിസം എന്ന ആത്മപ്രകാശനം

ആക്റ്റിവിസം ആത്മപ്രകാശനമാണെന്നാണു Js Adoor പറയുന്നതു....
ആയിരിക്കാം. ലോകം ഒരുപാട് കണ്ട വലിയ ഒരു മനുഷ്യനാണു അദ്ദേഹം. അദ്ദേഹത്തിനെ അവിശ്വസിക്കണ്ട കാര്യമില്ല. പക്ഷെ ഇവിടെ അങ്ങനെയല്ല സാർ.
ചൊറിയാനും കലിപ്പുതീർക്കാനുമുള്ള ഒരുതരം പരിപാടിയാണു ഇവിടെ ആക്റ്റിവിസം. മിക്കവരുടേയും ഉള്ളിലെ ചൊറിച്ചിലാണു ആക്റ്റിവിസമായി കുരുപൊട്ടുന്നതു. ഇപ്പോഴതു കാശുണ്ടാക്കാനും നല്ലൊരു മാർഗ്ഗമാണു. ഇവരിൽ പലർക്കും (എല്ലാവർക്കുമല്ല) മെഗലോമാനിയ എന്ന മനോരോഗമുണ്ട്. തങ്ങൾ മാത്രമാണു ശ്രദ്ധിക്കപ്പെടേണ്ടതെന്ന ഒരു തോന്നൽ. ഭൂരിഭാഗം മലയാളികൾക്കും ഈ രോഗമുണ്ട്. അതുകൊണ്ട് കുഴപ്പമില്ല. പലർക്കും ഈ ആക്റ്റിവിസ്റ്റുകളേക്കാൾ തീവ്രവുമാണു താനും. ഉദാഹരണം Ashok Kartha. കേരളത്തിലെ 10 ആക്റ്റിവിസ്റ്റുകളുടെ പേരെടുത്താൽ സ്ഥിരം പേരു വരുന്ന ഒരാളുണ്ട്. എ.കെ.ഗോപാലനേയും നരേന്ദ്രമോഡിയേയും ഒരേപോലെ വാഴ്ത്താൻ കഴിവുള്ള ഒരാൾ. അവരിൽ നിന്നൊക്കെ നാം പഠിക്കേണ്ടതെന്താ? ആക്റ്റിവിസമെന്നാൽ കള്ളിനും ചക്കരയ്ക്കും ചെത്തുന്ന ഒരിടപാടാണു എന്നല്ലെ? പിന്നെ എന്തോന്നു അത്മാർത്ഥത? മനസാക്ഷി? തത്ത്വദീക്ഷ?
ഉണ്ടിരിക്കുന്ന നായർക്ക് വിളികിട്ടുന്ന ഒരിടപാടുണ്ട്. മലയാളിക്ക് ആക്റ്റിവിസം വരുന്നതു അതുപോലെയാണു. അല്ലാതെ സ്വന്തം ജീവിതത്തിന്റെയോ പ്രവർത്തിയുടേയോ തുടർച്ചയല്ല അവനിതൊന്നും. ഇപ്പോൾ അതെല്ലാരും അംഗീകരിക്കുന്ന ഒരു പ്രൊഫഷൻ കൂടിയായതു കൊണ്ട് നിലവാരം കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട്. നല്ല വേഷം. ഭക്ഷണം. എക്സിക്യൂട്ടീവ് സ്റ്റൈൽ ഫ്രണ്ടോഫീസ്. അത്രയും സന്തോഷം. മോഡേൺ മെഡിസിനിലെ ഡോക്ടറന്മാരെ ഒക്കെ നാം സഹിക്കുന്നില്ലെ? അതുപോലെ ഇവരേയും സഹിക്കാം എന്നു വക്കാം.
പക്ഷെ ഒരു കാര്യമുണ്ട്. സമൂഹത്തിന്റെ ചെലവിൽ, സമൂഹത്തിന്റെ പേരിൽ, സമൂഹത്തിനാണെന്നു പറഞ്ഞ് ഞെളിഞ്ഞാൽ ഓഡിറ്റുണ്ടാകും. ആക്റ്റിവിസ്റ്റുകൾ ചോദ്യങ്ങൾ കേൾക്കേണ്ടി വരും. അപ്പോൾ മുഖം വീർപ്പിക്കരുതു.
ആക്റ്റിവിസ്റ്റുകളുടെ പ്രവർത്തിയിൽ ആത്മാർത്ഥതയുണ്ടോ എന്നു ചൊറിയുന്നതു ജനത്തിനൊരു രസമാണു. അതിനു അവരുടെ പ്രവർത്തനം കൊണ്ട് സമൂഹത്തിനു എന്തു നേട്ടമുണ്ടായി എന്നു ചിലപ്പോൾ അന്വേഷിക്കും. വേറൊന്നുള്ളതു അവരുടെ സാമ്പത്തിക ഉറവിടം തിരക്കലാണു. ഒരാൾ പച്ചപിടിച്ചെന്നു കണ്ടാൽ ഉടൻ ഏതൊരു മലയാളിയും അതിന്റെ കാരണം തിരക്കും. ഗൾഫുകാരനായാലും ആക്റ്റിവിസ്റ്റായാലും അതിനു വ്യത്യാസമില്ല. അസൂയ! അപ്പോൾ കേട്ടാൽ വിശ്വസിക്കാൻ പറ്റുന്ന ഒരു സോഴ്സ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ പെടും. സംശയത്തിന്റെ വേസ്റ്റുമുഴുവൻ അവന്റെ തലയിൽ കുടഞ്ഞീട്ട് അവനെ നശിപ്പിക്കും.
അഭിനയമെന്ന തൊഴിൽ ചെയ്തു കോടികൾ വാങ്ങുന്ന സിനിമാക്കാരെപ്പോലും മലയാളി ക്വസ്റ്റ്യൻ ചെയ്യും. അതു അയാളുടെ തൊഴിലാണു. വിട്ടേക്കെന്നൊരു മനോഭാവം മലയാളിക്കില്ല. അടുത്തിടെ കണ്ടില്ലെ, മോഹൻലാലിനോട് ജനം എന്താ ആവശ്യപ്പെട്ടതു. അങ്ങോർ അഭിനയിച്ച ഒരു ചിത്രത്തിൽ അട്ടപ്പാടി എന്നു മോശമായി ഉപയോഗിച്ചത്രെ. കേട്ടപാതി കേൾക്കാത്ത പാതി ജനം ഇരച്ചിറങ്ങി. അങ്ങേരുടെ ഏഴുതലമുറവരെ ചികഞ്ഞിട്ട് പരിശോധിച്ചു. എന്നിട്ടു ഒടുക്കം പറഞ്ഞു : ലാലേട്ടോ കൂയ്! ആ പട്ടാളബഹുമതി അങ്ങ് തിരിച്ചു കൊടുത്തേരു. അതാണു അന്തിമവിധി!! പിന്നാണോ ഒരു എൻ.ജി.ഒ നടത്തുന്ന പാവം കുട്ടപ്പൻ?
അതു കൊണ്ട് എല്ലാ ആക്റ്റിവിസ്റ്റുകളും കരുതിയിരിക്കണം. താന്താങ്ങളുടെ പ്രവർത്തിയുടെ ഒരു ധവളപത്രം തയ്യാറാക്കി വക്കുന്നതു നല്ലതായിരിക്കും. കൃമികടിയുള്ള മലയാളി ചൊറിയാൻ വരുമ്പോൾ അവന്റെയൊക്കെ മുഖത്തെറിഞ്ഞു കൊടുക്കാൻ അങ്ങനെയുള്ള ഒന്നുണ്ടെങ്കിൽ ബസ്റ്റ്.

No comments: