Tuesday, September 2, 2014

പുറപ്പാട് പുസ്തകം : ദില്ലി 2014

ദില്ലിയിൽ തമ്പടിച്ചിരുന്ന പല ഉന്നതന്മാരും നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നു കേൾക്കുന്നു. ഭരണകേന്ദ്രത്തിൽ സ്വാധീനമുള്ള റിട്ടേഡ് ഉദ്യോഗസ്ഥരും, മുന്തിയ മാദ്ധ്യമപ്രവർത്തകരും അതുപോലെയുള്ളവരുമാണു തൊഴിൽ മാറ്റമോ വിശ്രമജീവിതമോവായി നാട്ടിലേക്ക് വരുന്നതു. അതിന്റെ ആദ്യപടിയെന്ന നിലയിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് കൊടുക്കാനും, വീട്ടുസാമാനങ്ങൾ നാട്ടിലേക്കു അയക്കാനുമുള്ള ശ്രമങ്ങൾ പലരും തുടങ്ങിക്കഴിഞ്ഞു. വരുംനാളുകളിൽ അവരേപ്പറ്റിയുള്ള നിറമ്പിടിപ്പിച്ച വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ നമുക്ക് കേൾക്കാൻ കഴിയും. ദില്ലിയിലെ അവരുടെ ജീവിതവും കേരളത്തോടുള്ള അഭിനിവേശവും അതിൽ തുടിച്ചു നിൽക്കുന്നതു കാണാം! അതു കണ്ട് ഞെട്ടരുതു. ഇത്രയും കാലം ദില്ലിയിലിരുന്നു കേരളത്തിനുവേണ്ടി എന്തു ചെയ്തു എന്നു ചോദിച്ചു കളയരുതു. ദല്ലാൾപ്പണിക്കിടെ അതിനൊക്കെ എവിടെ സമയം? ഇപ്പോൾ അവിടെ പുതിയ അധികാരദല്ലാളന്മാർ വന്നു. അവരോട് പിടിച്ചു നിൽക്കാൻ പറ്റില്ല. അതുകൊണ്ട് ഒഴിഞ്ഞുകൊടുക്കുകയാണു. ഇനി ദില്ലിയിൽ നിന്നിട്ടെന്താ കാര്യം. നാട്ടിൽ‌പ്പോയി വട്ടച്ചെലവ് ഒപ്പിക്കാമോ എന്നു നോക്കട്ടെ!
ഇതുപോലൊരു ‘പുറപ്പാട്’ ഇതിനു മുൻപ് ഉണ്ടായതു അടിയന്തിരാവസ്ഥക്കാലത്താണു. സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തിൽ അധികാരത്തിന്റെ ഇടനാഴികൾ പുതിയ തലമുറ (അതായതു ഇപ്പോൾ സ്ഥാനമൊഴിയുന്നവർ) കയ്യടക്കിയപ്പോൾ പല പഴയ പിമ്പുകളും നാട്ടിലേക്ക് വണ്ടി കേറി. വിശ്രമജീവിതമെന്ന വ്യാജേന അമർഷത്തോടെ ജീവിച്ചു. രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, കലാകാരന്മാർ, പത്രപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ ഒരുപാട് മേഖലകളിൽ നിന്നുള്ളവർ അക്കൂട്ടത്തിലുണ്ടായിരുന്നു. നാട്ടിലെത്തിയതോടെ അവർ ചലിച്ചും ചിലച്ചും തുടങ്ങി. അതുവരെ പുച്ഛമായിരുന്ന മലയാളിയെ സ്നേഹിക്കുന്നതായി അഭിനയിച്ചു. ഇനിയിപ്പോൾ ദാ ഈ പെട്ടകത്തിൽ വരുന്നവരേയും മലയാളി സഹിക്കണം. അവരുടെ പുറപ്പാടു കഥകൾ കേൾക്കണം. എന്തൊരു വിധിയാണു മലയാളിയുടേതു!
അധികാരകേന്ദ്രങ്ങളിൽ പിമ്പുകളെ മാത്രം ഭയന്നു ഉത്തരവിറക്കേണ്ടി വന്ന ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ടി വന്നതാണു ഈ പ്രതിസന്ധിക്കു കാരണമെന്നു പറയുന്നു. കേന്ദ്രഭരണം ഒരു ഈജിയൻ തൊഴുത്തായിരുന്നു. അതിനൊരു ക്രമം വന്നതു മോഡിയുടെ വരവോടെയാണു. ഔദ്യോഗിക കാര്യങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരെ ഉത്തരവാദിത്തം ഏൽ‌പ്പിച്ചു കൊടുത്തു തുടങ്ങി. ഉദ്യോഗസ്ഥർക്കാണെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുത്തു ശീലവുമില്ല. പിമ്പുകളെ മാത്രം കണ്ടും ഭയന്നും ശീലിച്ച ഉദ്യോഗസ്ഥന്മാർക്കു എങ്ങനെ സ്വന്താമായി തീരുമാനമെടുക്കാൻ കഴിയും? എല്ലാക്കാര്യത്തിലും ഒരുതരം ശങ്കയും പേടിയും. അതുകൊണ്ട് എന്തിനും ഏതിനും പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും ഉത്തരവുകൾ തന്നെ വേണം. അങ്ങനെയുള്ള ഒരു അപേക്ഷയ്ക്കു താഴെ നിഷ്കളന്മായി ഒരു കുറിപ്പുവന്നു വീണു. ‘നിങ്ങളുടെ അധികാരത്തിന്റെ വ്യാപ്തി എന്താണെന്നു അറിയിക്കു’. ഉടൻ തന്നെ ആ പാവമതു നോട്ടാക്കി ഫയലിൽ കൂട്ടിച്ചേർത്തു. ഇട്ടൂപ്പു പറഞ്ഞത്രെ : “സ്വന്തം അധികാരത്തിന്റെ വ്യാപ്തിപോലും അറിയാത്ത താനെന്തിനാ ഇവിടിരിക്കുന്നതു? വേറെ ഏതെങ്കിലും ലാ‍വണത്തിലേക്ക് പൊയ്ക്കോളൂ. അതറിയാവുന്ന ആരെങ്കിലും ആ കസേരയിൽ വന്നിരിക്കട്ടെ”. ആ ശാസനം ഭരണസിരകളെ ഞെട്ടിച്ചത്രെ. ഉദ്യോഗസ്ഥർ ഉത്തരവാദിത്തത്തോടെ അധികാരം കയ്യാളാൻ തുടങ്ങിയാൽ അതിലുണ്ടാകുന്ന പിഴകൾക്കും അവർ തന്നെ ഏത്തമിടേണ്ടി വരും. ആ കളിക്കു സർക്കാർ ഉദ്യോഗസ്ഥരെക്കിട്ടില്ല. അതിനു ആളുവേറെ നോക്കണം. സർക്കാർ ഉദ്യോഗസ്ഥർ ചട്ടപ്പടി പെരുമാറാൻ തുടങ്ങിയാൽ പിന്നെ ദല്ലാളന്മാർക്ക് എന്തു സ്കോപ്പാണു? നാട്ടിൽ‌പ്പോയി വിശ്രമിക്കാം.

No comments: