മലയാളികളിൽ ഒരു നല്ല പങ്കും പ്രകൃതിസ്നേഹികളാണു. മലതുരക്കരുതു. പാറപൊളിക്കരുതു. അണകെട്ടരുതു. ജൈവപച്ചക്കറികൾ തിന്നണം. പശ്ചിമഘട്ടം സംരക്ഷിക്കണം. ഓസോൺ തുളയടയ്ക്കണം. അങ്ങനെ ഒരുപാട് അജണ്ടകളുണ്ടവർക്ക്. പക്ഷെ വസ്ത്രത്തിന്റെ കാര്യത്തിൽ പ്രകൃതിസ്നേഹം ഒരു അജണ്ടയായി ഇതുവരെ മലയാളി എടുത്തുകണ്ടില്ല. ചായം മുക്കാത്ത വെള്ളപരുത്തിത്തുണികളാണു പ്രകൃതിയനുകൂലം. എന്നാൽ പരിസ്ഥിതിവാദികൾ അങ്ങനെയൊരു മാതൃക കാണിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയേണ്ടി വരും. Harish Vasudevan Sreedevi യായാലും, സി.ആർ.നീലകണ്ഠനായാലും, എന്തിനു മനേകാ ഗാന്ധിയാണെങ്കിൽപ്പോലും ഉപയോഗിക്കുന്നതു തിളങ്ങുന്ന വർണ്ണവസ്ത്രങ്ങളാണു. ആ വസ്ത്രങ്ങളിലെ നിറങ്ങൾ ഈ പ്രകൃതിയെ വീർപ്പുമുട്ടിച്ചുകൊണ്ടാണു അതിനെ മനോഹരമാക്കുന്നതെന്നു അവർ അറിയുന്നില്ലെ? തുണികൾ ചായം മുക്കുമ്പോൾ ഈ ഭൂമി മലിനപ്പെടുകയാണു.
വെള്ളവസ്ത്രമായിരുന്നു കേരളത്തിന്റെ തനതുവേഷം. പരമാവധി തുന്നലും മോടിപിടിപ്പിക്കലും ഒഴിവാക്കിയ ലളിതവസ്ത്രം. ജന്മികളും, പ്രഭുക്കന്മാരും, രാജാക്കന്മാർ പോലും അപൂർവ്വം വിശേഷാവസരങ്ങളിലൊഴികെ വെള്ളവസ്ത്രമാണു ധരിച്ചിരുന്നതു. എന്നുവച്ച് നിറമുള്ള വസ്ത്രങ്ങൾ നമുക്ക് അന്യമായിരുന്നു എന്നു ധരിക്കരുതു. സഹ്യനപ്പുറമായിരുന്നു അവയ്ക്ക് കൂടുതലും പ്രചാരം. മലയാളിയുടെ ശുചിത്വമുണ്ടായിരുന്നതിനാൽ (ഇപ്പോൾ ഇല്ല) വസ്ത്രം കൊണ്ട് ശരീരത്തെ പരിരക്ഷിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. എന്നാൽ കേരളത്തിനു പുറത്തു സ്ഥിതി വ്യത്യസ്ഥമായിരുന്നു. ചൂടും തണുപ്പും കാറ്റുമൊക്കെ ശരീരത്തെ ആക്രമിച്ചു കൊണ്ടിരുന്നു. അവയിൽ നിന്നും സംരക്ഷണം കിട്ടാൻ നിറമുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചു. ഉടലിനു കുളിർമ്മയുണ്ടാകാൻ നീലം മുക്കിയ വസ്ത്രങ്ങൾ സഹായിച്ചു. അണുബാധ തടയാൻ കടുക്ക. അവയൊക്കെ പ്രകൃതിദത്തമായ നിറങ്ങളായിരുന്നു. ഇലകൾ, പൂക്കൾ, തടികൾ തുടങ്ങിയവയിൽ നിന്നാണു പ്രാചീനർ നിറങ്ങൾ ഉല്പാദിപ്പിച്ചതു. ചിലർ കാവിക്കല്ലുകൾ ഉരച്ച് മഷിയുണ്ടാക്കി അതിൽ വസ്ത്രം മുക്കിയെടുത്തു. ഇരുമ്പിന്റെ അയിരു പാകപ്പെടുത്തി പട്ടുവസ്ത്രങ്ങളിൽ ചായം പിടിപ്പിച്ചു. ഗോമൂത്രവും തുണികൾ നിറമ്പിടിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പതിവുണ്ടായിരുന്നു.
ഇവയുടെ എല്ലാം സവിശേഷത അവ പ്രകൃതിദത്തവും പരിസ്ഥിതിക്ക് അപകടമില്ലാത്തതുമാണെന്നാണു. മാഞ്ചസ്റ്ററിലെ രാസവസ്തു നിർമ്മാണശാലകൾക്ക് വ്യാപാരം വർദ്ധിപ്പിക്കാൻ വേണ്ടി ബ്രിട്ടീഷ്സർക്കാർ ഇവയെ പിന്തള്ളാൻ തുടങ്ങിയതോടെയാണു ഇന്ത്യക്കാരന്റെ ഗതികേട് ആരംഭിക്കുന്നതു. ഇവയോരോന്നിനേയും നിരോധിക്കുകയോ അശാസ്ത്രീയമെന്നു പ്രചരിപ്പിക്കുകയോ ചെയ്തു. നീലം കൃഷിക്കു ബ്രിട്ടീഷ് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതു ഒരു ജനകീയമുന്നേറ്റത്തിനിടയാക്കിയതു ചരിത്രം.
മാഞ്ചസ്റ്റർ കെമിക്കൽ കമ്പനികളെ സഹായിക്കാൻ വേണ്ടിയാണു ആധുനിക ചായം മുക്കൽ പ്രചരിപ്പിച്ചതു. ഇന്നതു എത്തിനിൽക്കുന്നതു കടുത്ത പ്രകൃതി ദുരന്തത്തിലാണു. കേരളത്തിലെ കണ്ണൂരും, ആലപ്പുഴയും അതിന്റെ ദുരന്തസാക്ഷികളാണു. തമിഴ്നാട്ടിലെ തിരുപ്പൂരിലും, ഗുജറാത്തിലെ സൂറത്തിലും, ദില്ലിയിലും ഇതു വൻപിച്ച പാരിസ്ഥിതിക പ്രത്യാത്ഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. തുണിമുക്കിയശേഷമുള്ള ചായം നിർവ്വീര്യമാക്കാതെ ഭൂമിക്കടിയിലെ വലിയ കിണറുകളിലേക്ക് തള്ളുകയാണു ഇപ്പോൾ ചെയ്യുന്നതു. ചായം മുക്കിയ വെള്ളം ഭദ്രമായി സംസ്കരിച്ചെന്നു തോന്നാമെങ്കിലും ഭൂമിക്കടിയിലൂടെ അവ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. അതു ഭൂഗർഭജലത്തിൽ കലർന്നു മനുഷ്യന്റെ ആരോഗ്യത്തെ കാർന്നു തിന്നുന്നു. വർണ്ണവസ്ത്രങ്ങളോടുള്ള കമ്പത്തിനു നാം കൊടുക്കേണ്ട വില ആലോചിച്ചു നോക്കു. തഴച്ചുവളരുന്ന ചായംപിടിപ്പിക്കൽ വ്യവസായത്തിനു കടിഞ്ഞാണിടാൻ വെള്ളവസ്ത്രങ്ങളിലേക്ക് തിരിയുകയല്ലാതെ മറ്റൊരു മാർഗ്ഗവും നമ്മുടെ മുന്നിലില്ല.
പ്രകൃതിസ്നേഹികൾ അതിനു മുൻകൈ എടുക്കണം. അവർ നിറമുള്ള വസ്ത്രങ്ങൾ ഉപേക്ഷിച്ച് മാതൃക കാട്ടണം. അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മറ്റുള്ളവരും ആ പാത പിന്തുടരും. പ്രവർത്തിയിലില്ലാത്ത പ്രകൃതിസ്നേഹം കൊണ്ട് കാര്യമില്ല. അതു നമ്മുടെ കോഴിയുടെ ഇല്ലാത്ത മുലപോലെയിരിക്കുകയല്ലാതെ മറ്റെന്താണു?
No comments:
Post a Comment