രാവിലെ
വെറുതെ മുറ്റത്തിറങ്ങിയതാണു. പ്രപഞ്ചം എങ്ങനെയിരിക്കുന്നു എന്നറിഞ്ഞാലല്ലെ
സ്റ്റാറ്റസ്സിടാൻ പറ്റു? അപ്പോഴാണു അണ്ണാൻ സാഹിബ്ബുമായി സന്ധിച്ചതു.
ഇന്നത്തെ ഇര ഇവൻ തന്നെ എന്നു മനസിൽ കണക്കുകൂട്ടി. മേൽപ്പടിയാൻ ഒരു
നോൺവർക്കി അല്ലാത്തതിനാൽ രാവിലെ തന്നെ പണിതുടങ്ങിയിരുന്നു. പുള്ളിയുടെ
കാലത്തെ മെനു എന്താണെന്നു മനസിലായില്ല. വാഴക്കൂമ്പിലൂടെ ഊർന്നിറങ്ങി
തെങ്ങിൻ ചുവട്ടിലേക്ക് ഒരു ചാട്ടം. അവിടെ എന്തൊക്കെയോ പരതിയിട്ട് പൂവരശിൽ
കയറിയിരുന്നു. അപ്പോഴായിരുന്നു അഭിമുഖം.
അഭിമുഖത്തിനു വന്നതാണെന്നു
പറഞ്ഞപ്പോൾ ‘ഈ മൻസ്യന്മാർക്ക് വേറെ പണിയൊന്നുമില്ലെ’ എന്നു പറഞ്ഞ്
ചിൽ..ഛിൽ എന്നൊന്നു ചിരിച്ചു. മനുഷ്യൻ മാദ്ധ്യമത്തോടായിരുന്നു ആ ചിരി
ചിരിച്ചതെങ്കിൽ ഒരു നൂറ്റാണ്ട് കാലത്തേക്കു മാദ്ധ്യമങ്ങൾ അവനെ
തമസ്കരിച്ചേനെ. അത്ര പുച്ഛമാണു ഈ അഭിമുഖകാരനോട് അണ്ണൻ കാട്ടിയതു.
- ഹേ, മനുഷ്യാ നിങ്ങളീ പോസ്റ്റുമെഴുതി, ചർച്ചയും നടത്തി വെറും
നോൺവർക്കിയായി നടക്കുന്നതെന്തിനാണു. വയറുകായാത്തതാണു കാരണം. ഇതൊക്കെ ഒരു
പ്രവർത്തനമാണെന്നു നിങ്ങൾ വാദിച്ചേക്കാം. അതു കേൾകുമ്പോൾ എനിക്ക്
പുച്ഛമാണു. മറ്റൊരാളെ ഇന്നേവരെ ശാന്തമാക്കാനോ ഉത്തേജിപ്പിക്കാനോ നിങ്ങൾക്ക്
കഴിഞ്ഞിട്ടുണ്ടോ? എന്തോരം പോസ്റ്റുകളാണു ഈ സോഷ്യൽ മീഡിയ പ്രസവിക്കുന്നതു.
എന്നിട്ട് ലോകത്തിനു എന്തെങ്കിലും സമാധാനം ഉണ്ടായിട്ടുണ്ടോ?
- എഗ്രീഡ്
- ഞങ്ങളുടെ ലോകം നോക്കൂ.... ഞങ്ങൾ ഉള്ളിൽ നിന്നാണു ഈ ലോകത്തെ നോക്കുന്നതു.
ആദ്യം കാണുന്നതു വിശപ്പാണു. അതിനുള്ള വഴി കണ്ടുപിടിക്കും. നിങ്ങളുടെ
ഉപദ്രവമുണ്ടായിരുന്നില്ലെങ്കിൽ ഈ ജന്തുജാലത്തിനു മുഴുവൻ സുഭിക്ഷമായി
തിന്നാനുള്ളതു ഈ ലോകത്തുണ്ടാകുമാായിരുന്നു. നിങ്ങൾക്കും. ഞങ്ങൾ അതു
അത്യാവശ്യത്തിനു മാത്രം എടുക്കുന്നു. പരമാവധി ഷേർ ചെയ്യുന്നു. അടുത്തതലമുറ
വേണമെന്നു തോന്നുമ്പോൾ ഇണചേരുന്നു. ചെറുതാണെങ്കിലും മനസിന്റെ
വ്യാപ്തിയിലാണു ഞങ്ങളൊക്കെ ജീവിക്കുന്നതു. നിങ്ങളോ...
- സമ്മതിച്ചു. അപ്പോൾ, വികസിച്ച ഒരു തലച്ചോറുണ്ടായതാണോ മനുഷ്യന്റെ കുഴപ്പം?
- എന്തു വികസിച്ച തലച്ചോറ്? കുരുട്ടുബുദ്ധികളല്ലെ അതിൽ നിറയെ? അതാണോ
വികാസം? സുതാര്യമായും നേർമ്മയോടും പെരുമാറുന്ന എത്ര മനുഷ്യരുണ്ട്?
പ്രത്യേകിച്ചും പഠിപ്പൊക്കെയുള്ളവരുടെയിടയിൽ? മനുഷ്യനായി ജനിച്ച നിങ്ങൾക്ക്
എന്തെങ്കിലും ഒരു സ്ഥായിയായ ലക്ഷ്യമുണ്ടോ? ജീവിതത്തിൽ? എല്ലാം താൽകാലികവും
മാറിക്കൊണ്ടിരിക്കുന്നതുമല്ലെ? ഒരു സമാഹൃത ഉന്നത്തിലേക്ക് മനുഷ്യരാശി
ഒന്നിച്ചു നീങ്ങുന്നതു നിങ്ങൾക്കു എവിടെയേലും കാണിച്ചുതരാൻ കഴിയുമോ?
അത്യാവശ്യം നിങ്ങളാരാണെന്ന ബോധമെങ്കിലും ഉണ്ടോ? ഉറക്കമെണീറ്റാൽ കുന്നായ്മ
ചിന്തിക്കുന്നതല്ലാതെ ഞാൻ എന്താണു? ഈ ശരീരം എങ്ങനെ കിട്ടി? അതിനു എന്താണു
ആവശ്യം. ഈ പ്രപഞ്ചത്തെ അലോസരപ്പെടുത്താതെ അതെങ്ങനെ നേടാം. എന്നു വല്ലോമാണോ
ചിന്ത? അവനവൻ ആരാണെന്നു തിരിച്ചറിയുക എന്നതല്ലെ ജിവിതനിയോഗം....
- ആളു പണ്ഡിതനാണല്ലോ
- ഇതാണു മനുഷ്യന്റെ കുഴപ്പം. സ്വന്തം ഈഗോയിൽ തട്ടിയാൽ ഉടൻ പരിഹാസം.
അതിന്റെ പിന്നിൽ ഈർഷ്യയുണ്ട്. അതു പകയാകും. പിന്നെ എല്ലാം നശിപ്പിക്കണം.
ശരി, നടക്കട്ടെ. ഇനിപോയി ഈ ലോകം നശിപ്പിക്കാനുള്ള നടപടി തുടങ്ങൂ.
കാലത്തെയുള്ള എന്റെ മെനുവിലെ ഒരു ഐറ്റം കിട്ടാനുണ്ട്. ദാ, അതവിടെ
കിടപ്പുണ്ട്. പക്ഷെ നിങ്ങളോട് സംസാരിച്ചിരിക്കുന്നതിനിടയിൽ ഒരു പറ്റം
ഉറുമ്പുകൾ അതു ലക്ഷ്യം വച്ചു വരുന്നതു കണ്ടു. അവറ്റ കഷ്ടപ്പെട്ടു
വരികയല്ലെ. എടുത്തോട്ടെ. ഞാൻ വേറെ കണ്ടുപിടിച്ചോളാം. അപ്പോൾ ബൈ.....
- ഒരു ഫോട്ടോ?
- ചിൽ...ഛിൽ......
വീണ്ടും അതേ പരിഹാസം.
No comments:
Post a Comment