Saturday, September 27, 2014

മലയാളിയുടെ ശാസ്ത്രബോധം

അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണു സിലബസ്സുകൾ സമൂലം പരിഷ്കരിച്ചതു. വിദ്യാഭ്യാസം കൂടുതൽ ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായിരുന്നു അതു. 73-74ൽ ഹൈസ്കൂൾ തലത്തിൽ പുതിയ സിലബസ് നിലവിൽ വന്നു. ഒപ്പം ശാസ്ത്രസാഹിത്യപരിഷത്തുപോലുള്ള സംഘടനകൾ ജനങ്ങളിൽ ശാസ്ത്രാവബോധമുണ്ടാക്കാനുള്ള ശ്രമവും തുടങ്ങി. ഭാരതീയമായ എല്ലാ പഠനങ്ങളും പഴഞ്ചനും, അശാസ്ത്രീയവുമാണെന്നു അവരും പ്രചരിപ്പിച്ചു. ഇടതുപാർട്ടികളുടെ ശാസ്ത്രീയാധിഷ്ഠിത വിഗ്രഹഭഞ്ജക സ്വഭാവം അത്തരം പ്രചരണങ്ങൾക്ക് സഹായകവുമായി.
പുതിയ ശാസ്ത്രാവബോധം ആദ്യം മാറ്റമുണ്ടാക്കിയതു വൈദ്യരംഗത്താണു. അതോടെ ആയുർവ്വേദ ചികിത്സയോട് വല്ലാത്തൊരു അവജ്ഞയും പരിഹാസവും ജനങ്ങൾക്കുണ്ടായി. അതുവരെ ലോപ്രൊഫീലിലായിരുന്നെങ്കിലും ആയുർവ്വേദം മോഡേൺ മെഡിസിനൊപ്പം ആരോഗ്യരംഗത്തുണ്ടായിരുന്നു. പുതിയപ്രചരണം കൊഴുത്തതോടെ പരമ്പരാഗത ആയുർവ്വേദത്തിനു പിൻ‌വാങ്ങേണ്ടി വന്നു. കാലദോഷം കൊണ്ടാണോ എന്നറിയില്ല അതിന്റെ ഗുണഭോക്താക്കൾ ആയിരുന്നവരിൽ പലരും തന്നെ ആയുർവ്വേദത്തെ എതിർക്കാൻ മുൻ‌നിരയിൽ ഉണ്ടായിരുന്നു. ഒളിവിലും, ഗുണ്ടാ / പോലീസ് ആക്രമണങ്ങളിലും ഇടതുസഖാക്കളെ ചികിത്സിച്ചതും ആരോഗ്യത്തോടെ നിലനിർത്തിയിരുന്നതും ആയുർവ്വേദവൈദ്യന്മാരായിരുന്നു എന്നവർ ഓർത്തില്ല. അക്കാലത്തു കമ്മ്യൂണിസ്റ്റുപാർട്ടിയിൽ അംഗത്വമെടുത്ത അനേകം വൈദ്യന്മാർ ഉണ്ടായിരുന്നു. അവരില്ലായിരുന്നുവെങ്കിൽ പിന്നീട് നാം കണ്ട പല ഉന്നതനേതാക്കന്മാരാരും അവരുടെ യൌവ്വനം കടക്കുമായിരുന്നില്ല! ഭരണം ആസ്വദിച്ചു തുടങ്ങിയപ്പോഴാണു നാട്ടിലെ ആധുനിക വൈദ്യം പോലും അവർക്ക് പുച്ഛമായിത്തുടങ്ങിയതും ചികിത്സയ്ക്ക് ജർമ്മനിയിലും ഇംഗ്ലണ്ടിലുമൊക്കെ പോകണമെന്നു നിർബ്ബന്ധമായതും.
രണ്ടുനേരവും എണ്ണതേച്ചു കുളിക്കുന്ന സ്വഭാവക്കാരായിരുന്നു മലയാളികൾ. ആധുനികവൈദ്യം ആദ്യത്തെ കത്തിവച്ചതു മെഴുക്കുപുരട്ടലിലാണു. ഈ മെഴുക്കുപുരട്ടലിലാണു ഏറെപ്പേരും അരോഗ്യത്തോടെ ജീവിച്ചിരുന്നതു. അതു മനസിലാക്കിയാവണം ആദ്യപ്രചരണം അതിനു നേർക്കായതു. എണ്ണതേക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നു ഡോക്ടറന്മാർ വാദിച്ചു. എണ്ണതേക്കുന്നവരെ അവർ പരിഹസിക്കുകയും അവരോട് അപരിഷ്കൃതരോടെന്നപോലെ പെരുമാറുകയും ചെയ്തു. ഉടലിലായാലും തലയിലായാലും എണ്ണ തേച്ചാൽ അതു അകത്തേക്കുപോകില്ലെന്നും അതിനു യാതൊരു രോഗപ്രതിരോധശക്തിയുമില്ലെന്നു അവർ പറഞ്ഞു. ആയുർവ്വേദം എന്തു ശാസ്ത്രീയാടിത്തറയിലാണു അതു നിർദ്ദേശിച്ചിരുന്നെതെന്നു അങ്ങനെ വാദിച്ചിരുന്നവർ പരിശോധിച്ചിരുന്നോ? വെറും ഭൂതവൃക്ഷാദിയും, കയ്യുണ്യാദിയും, ലാക്ഷാദിയും കൊണ്ടുമാത്രം പ്രൈമറികോപ്ലക്സ് മാറ്റിയിരുന്ന വൈദ്യന്മാരെക്കുറിച്ച് അവർ കേട്ടിരുന്നോ? എണ്ണതേക്കുമ്പോൾ അതു അകത്തേക്കുപോകിന്നില്ലെങ്കിൽ പിന്നെയെങ്ങനെയാണു കുട്ടികളുടെ ക്ഷയരോഗം മാറിയതെന്നു ചിന്തിക്കാനാകാത്ത വിധം അന്ധരായിരുന്നു അന്നു ഡോക്ടറന്മാരും ജനങ്ങളും. മോഡേൺ‌മെഡിസിനിലെ ഡോക്ടറന്മാർ പറഞ്ഞതുകൊണ്ടുമാത്രം എണ്ണതേപ്പ് അത്യാചാരമാണെന്നോർത്തു അതുപേക്ഷിച്ചവരാണു ആധുനികർ .
കാലം 1990കളിലേക്ക് കടക്കുമ്പോൾ നാം കാണുന്നതു മറ്റൊരു കാഴ്ചയാണു. മുൻപ് എണ്ണയെ എതിർത്തിരുന്ന ആധുനിക ഡോക്ടറന്മാർ പറയുന്നു, നിങ്ങളുടെ പൊന്നോമനകൾ ആരോഗ്യത്തോടെയിരിക്കാൻ അവരെ ബേബിഓയിൽ പുരട്ടിത്തടവണം! അപ്പോൾ 20 കൊല്ലം മുൻപ് ‘എണ്ണപുരട്ടരുതു. അതു അശാസ്ത്രീയമാണു‘ എന്നു അവരുടെ മുൻ‌ഗാമികൾ പറഞ്ഞതു ആരെങ്കിലും ഓർത്തുകാണുമോ? സാധ്യതയില്ല. പകരം ഇതാ ഒരു ആധുനികസിദ്ധാന്തം അവതരിപ്പികപ്പെട്ടിരിക്കുന്നു എന്നു സന്തോഷിച്ചു കാണും. എണ്ണ തേക്കരുതെന്ന എന്ന പഴയ സിദ്ധാന്തം ഇപ്പോൾ എങ്ങനെ അശാസ്ത്രീയമായി? എണ്ണപുരട്ടൽ എങ്ങനെ ശാസ്ത്രമായി? ഇതിനാണോ ശാസ്ത്രം എന്നു പറയേണ്ടതു? എണ്ണ തേക്കുന്നതു ഇന്നു ശാസ്ത്രമാണെങ്കിൽ അന്നു ആയുർവ്വേദവൈദ്യന്മാർ പറഞ്ഞിരുന്നതും ശാസ്ത്രമായിരുന്നില്ലെ? പക്ഷെ അതൊന്നും ആലോചിക്കാനുള്ള ശാസ്ത്രയുക്തികൾ നിങ്ങൾക്കില്ല.
ഇതുകൊണ്ടും തീർന്നില്ല. നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്ന ബേബി ഓയിൽ കുഞ്ഞുങ്ങൾക്ക് എത്രമാത്രം ഹിതകരമാണെന്നു ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? വൈദ്യന്മാർ നൽകിയിരുന്ന ഒരു എണ്ണയിലും ലിക്വിഡ് പാരഫിൻ ഉണ്ടായിരുന്നില്ല. വെളിച്ചെണ്ണയോ, നല്ലെണ്ണയോ, ആവണക്കെണ്ണയോ കൊണ്ടായിരുന്നു അവർ തൈലങ്ങൾ നിർമ്മിച്ചിരുന്നതു. അതിൽ ചേർക്കുന്ന മരുന്നുകളും പ്രകൃതിയിൽ നിന്നും ലഭിക്കുന്നതും നിങ്ങൾക്ക് അറിയാവുന്നവയുമായിരുന്നു. എന്നിട്ടും ലിക്വിഡ്പാരഫിനിൽ നിർമ്മിച്ച ചരക്കാണു നിങ്ങൾക്ക് പഥ്യം. യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുള്ള നിങ്ങൾ അതിന്റെ റാപ്പറിൽ എഴുതിവച്ചതൊന്നും ശ്രദ്ധിക്കുന്നുപോലുമില്ല. ബേബിഓയിൽ കുട്ടികളുടെ ഉള്ളിൽ പോകരുതെന്നും, അതിന്റെ പുക അപകടകരമാകുമെന്നും കമ്പനികൾ നൽകുന്ന മുന്നറിയിപ്പു പോലും ശാസ്ത്രവാദികളായ നിങ്ങൾ കാണുന്നില്ല. കച്ചവടക്കാരാണെങ്കിലും അവർ നിങ്ങളേക്കാൾ എത്രയോ ഭേദം. അപകടമുന്നറിയിപ്പെങ്കിലും തരുന്നുണ്ടല്ലോ. നിങ്ങളോ ഇത്ര മാരകമായ സാധനമാണോ കുഞ്ഞുങ്ങളെ തേപ്പിക്കണ്ടതെന്നു ആലോചിക്കുന്നുപോലുമില്ല.
എന്തിനാണു മലയാളിക്ക് ഇങ്ങനെയൊരു ശാസ്ത്രബോധം?

No comments: