Monday, May 11, 2015

പുതിയ വൈദ്യുതി നിയമത്തിനെന്താ കുഴപ്പം?

പുതിയ വൈദ്യുതിനിയമം വന്നാൽ കമ്പിയും കാലുമിടാൻ ഒരു കമ്പനി. കറന്റു കൊണ്ടുവരാൻ വേറൊന്നു. ഉണ്ടാക്കുന്നതു മറ്റൊരാൾ. ഉപഭോക്താവിനു കൊടുക്കുന്നതു ഇനിയൊരാൾ. ഇവരൊക്കെ ചെലവും,, ലാഭവും എടുക്കും. അപ്പോൾ കറന്റിന്റെ വില കൂടും. സത്യം. പക്ഷെ ഇതൊക്കെ പറയുന്നതാരാ? ഇതുവരെ കറന്റുകച്ചവടം നടത്തിയവർ. അവരിപ്പോൾ ജനത്തിന്റെ സഹതാപം നേടാൻ ശ്രമിക്കുന്നു. കഷ്ടം തന്നെ. ഇതുവരെയുള്ള വിതരണം കൊണ്ട് നൊന്ത ജനം സഹതപിക്കുമോ? സംശയമാണു. അതവിടെ നിൽക്കട്ടെ. ഈ പലതരം കമ്പനികൾ ഉണ്ടായാലെന്താ കുഴപ്പം.

ആശിർവ്വാദ് ആട്ട എന്നു കേട്ടിട്ടുണ്ടോ. വിത്സ് സിഗരറ്റുണ്ടാക്കുന്ന ഐ.ടി.സി കമ്പനിയാണതു ഉണ്ടാക്കുന്നതു. മദ്ധ്യപ്രദേശിലെവിടെയോയാണു നിർമ്മാണം. അവിടെ പാക്ക് ചെയ്യുന്ന ആട്ട പറന്നിട്ടൊന്നുമല്ല നമ്മുടെ വീടുകളിൽ എത്തുന്നതു. ഐ.ടി.സി കമ്പനി അത് വേറൊരു വ്യാപാരിയെ വിതരണത്തിനു ഏൽ‌പ്പിക്കും. അവരാണതു കൊച്ചിയിലും കോയമ്പത്തൂരുമൊക്കെ എത്തിക്കുന്നതു. അയാൾ ഒരു മന്ത്രം ചൊല്ലി വെള്ളം തളിച്ചാലൊന്നും അതു എത്തേണ്ടിടത്തു എത്തില്ല. അതിനു ലോറിപിടിക്കണം. അല്ലെങ്കിൽ ട്രെയിനിൽ അയക്കണം. അയാളും ചിലപ്പോൾ ആ പണി വേറൊരാളെ ഏൽ‌പ്പിച്ചെന്നിരിക്കും. അങ്ങനെ കൊണ്ടുവരുന്ന ചരക്ക് ഇനിയൊരാൾ ഏറ്റുവാങ്ങി കടകളിൽ ഏൽ‌പ്പിക്കും. ഈ കടകൾ പലപ്പോഴും കച്ചോടം ചെയ്യുന്നവരുടെ സ്വന്തമായിരിക്കില്ല. നാട്ടിലെ പുതുപ്പണക്കാരൻ പണിതു വാടകയ്ക്ക് കൊടുത്തതാകും. കച്ചവടക്കാരൻ വാടക കൊടുത്താണു അതിനകത്തിരിക്കുന്നതു. ഇതിനെല്ലാം ചെലവുണ്ട്. വണ്ടിക്കൂലി, കയറ്റുകൂലി, നോക്കുകൂലി, ശമ്പളം, കിമ്പളം തുടങ്ങി ഒരുപാട് ഐറ്റങ്ങൾ വരും. ഇതിനു പുറമേ ഓരോതലത്തിലെ ഇടത്തട്ടുകാർ ലാഭവുമെടുക്കും. അതെല്ലാം കേറി ആട്ടയുടെ വിലയിൽ അടങ്ങും. എന്നിട്ടാണു നാം ആ‍ ആട്ട മേടിച്ച് ചിക്കനും കൂട്ടി കുശാലായി അടിക്കുന്നതു. നമുക്ക് അതിലൊന്നും വിരോധമില്ല. എങ്കിൽ പിന്നെ കറന്റ് കച്ചവടവും അങ്ങനെയായാൽ എന്താ കുഴപ്പം? ആട്ടാ പോലൊരു ഉല്പന്നമല്ലെ കറന്റും?

ഇങ്ങനെ പലരുചേർന്നു ഒരു പ്രോഡക്റ്റ് വിതരണം ചെയ്യുമ്പോൾ സ്വാഭാവികമായും അതിന്റെ വിലകൂടും. പക്ഷെ പുതിയ നിയമത്തിൽ മറ്റൊരു ഒപ്ഷൻ കൂടിയുള്ളതു നാം മറക്കരുതു. വിതരണരംഗത്തു പല കമ്പനികൾ വരും. മത്സരമുണ്ടാകും. അതു ഉപ്പഭോക്താവിനു ഗുണമുള്ള കാര്യമാണു. കുത്തകക്കമ്പനി മാത്രമാകുമ്പോൾ ഉപഭോക്താവ് അടിമയാണു. വിതരണക്കാർ പലതാകുമ്പോൾ കസ്റ്റമർ രാജാവാകും. അതാണു പ്രശ്നം. അങ്ങനെ വരുമ്പോൾ നിലവാരമുള്ള കറന്റ്, അനസ്യൂതമായി വിതരണം ചെയ്യുന്ന കമ്പനിക്കാവും വരുമാനം. അതെന്തായാലും ജഡത്വം പിടിച്ചുകിടക്കുന്ന കുത്തകകമ്പനികൾക്ക് കിട്ടാൻ പോകുന്നില്ല. കാരണം അവർക്ക് അവരുടെ സ്വഭാവം മാറ്റാൻ പ്രയാസമാണു.

ഇവിടെ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യമുണ്ട്. പുതിയ നിയമം വന്നാൽ ഇടത്തട്ടുകാരൻ കമ്മീഷനടിക്കുമെന്നു. അതിൽ വാസ്തവമുണ്ടെന്നു തോന്നുന്നില്ല. 50000 മെഗാവാട്ടോളം അധിക ഉല്പാദനമുണ്ടെന്നാണു പറയപ്പെടുന്നതു. അതു വിറ്റഴിക്കാൻ കൂടിയാണു ഇത്തരമൊരു നിയമത്തിനു പ്രേരിപ്പിക്കുന്നതെന്നും കേൾക്കുന്നു. കോമേഴ്സിന്റെ ബാലപാഠമറിയാവുന്നവർക്ക് അറിയാം സപ്ലെ ഡിമാന്റിനേക്കാൾ കൂടിയാൽ വില കുറയുമെന്നു. അപ്പോൾ നിയമത്തെ എതിർക്കുന്നവർ ആരായിരിക്കും?

1.മത്സരമുണ്ടായാൽ മറ്റുകമ്പനികളോട് പിടിച്ചു നിൽക്കാൻ പറ്റാത്ത മടിയന്മാർ. മത്സരം വന്നാൽ കമ്പിയും കാലുമൊക്കെ സ്വയം തുരന്നു ഇടേണ്ടി വരും. അറ്റകുറ്റം കൃത്യസമയത്തും കസ്റ്റമറുടെ താല്പര്യത്തിനനുസരിച്ചും ചെയ്യേണ്ടി വരും. മെയ്യനങ്ങാത്തവർക്ക് അതു പ്രയാസമാണു.

2. ക്ലാർക്കുമാരായി ഇരിക്കുന്നവർക്ക് പുറത്തോട്ട് ഇറങ്ങേണ്ടി വരും. ലാഭം ഉണ്ടാകണമെങ്കിൽ അദ്ധ്വാനിച്ചേ പറ്റു എന്നാണു പ്രകൃതി നിയമം. അപ്പോൾ പശുവിനെ ഏട്ടിൽ വരച്ചാൽ പോരാ, മേട്ടിൽ ചെന്നു മേയിക്കേണ്ടി വരും. ഷുഗറും, കൊളസ്ട്രോളും, ഈഗോയും കാരണം എത്രപേർക്ക് അതിനു കഴിയുമെന്നു കണ്ടറിയണം

3.ഇപ്പോഴത്തെ ഇടത്തട്ടുകാർ. കുത്തകവ്യാപാരത്തിൽ പ്രോഡക്റ്റ് വെച്ച് വിലപേശാൻ എളുപ്പമാണു. കുത്തക കമ്പനിക്കാർക്കെന്തെങ്കിലും കൊടുത്താൽ മതി. അതും വിലയിൽ കേറ്റിയാൽ ജനം സഹിച്ചോളും. പക്ഷെ മത്സരം വന്നാൽ അതു നടക്കുകേല. അപ്പോൾ ഇതുവരെ ലാഭമടിച്ചുകൊണ്ടിരുന്ന ഇടത്തട്ടുകാർക്കായിരിക്കും മുഖ്യമായ എതിർപ്പ്.

വേറൊന്നുള്ളതു സബ്സിഡികൾ സംബന്ധിച്ചുള്ള വിവാദമാണു. ഹൈടെൻഷൻ ഉപഭോക്താക്കളിൽ നിന്നും കൂടിയ നിരക്ക് മേടിച്ചാണു ‘പാവത്തങ്ങൾക്ക്’ സബിസിഡി കൊടുക്കുന്നതെന്നാണു പറയുന്നതു. ആരാ ഈ പാവത്തുങ്ങൾ? സാംസ്കാരികാധ:പതനം ഉണ്ടാക്കുന്ന ചാനലുകൾ മാസം 225 രൂപാ വാടക കൊടുത്തു എടുക്കുന്നവരോ? ബി.പി.എൽ ശൃംഘലയിൽ ഉള്ളവരോ? അവരിൽത്തന്നെ എത്രപേരുണ്ട് യഥാർത്ഥ ബി.പി.എൽ? റേഷൻ കാർഡ് നോക്കിയാണല്ലോ ബി.പി.എൽ ആക്കുന്നതു. ഇവിടെ ഗൾഫിൽ നിന്നു പണമയക്കുന്നവനും, റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനും വരെ ബി.പി.എല്ലിൽ ഉണ്ട്. പിന്നെയുള്ളതു കർഷകരാണു. അവർക്കുള്ള സബ്സിഡി കാർഷിക വകുപ്പ് കൊടുക്കട്ടെ. കറന്റ് ചാർജ്ജ് അടച്ച് രസീതുകൊണ്ടുക്കൊടുത്താൽ സബസിഡി കിട്ടുമെന്നുവന്നാൽ വൈദ്യുതി ഉപയോഗിക്കുന്നതു കൃഷിക്കാണോ, ഹോട്ടലുനടത്താനാണോ എന്നു കൃഷിവകുപ്പ് നോക്കിക്കൊള്ളൂം. കറന്റ് കമ്പനിക്ക് നഷ്ടവുമില്ല. അല്ലെങ്കിൽ തന്നെ വളരെക്കുറച്ചുപേർ ഭൂരിപക്ഷത്തിന്റെ സബസിഡി വഹിക്കണമെന്നു പറയുന്നതു ശരിയാണോ?

ശരിക്കുപറഞ്ഞാൽ കറന്റു വിൽക്കുന്ന കമ്പനി കറന്റ് എന്തിനാണു ഉപയോഗിക്കുന്നതെന്നു നോക്കണ്ട കാര്യമുണ്ടോ? പലചരക്കുകടയിൽ നിന്നും പഞ്ചസാര വാങ്ങിയാൽ അതു പാൽ‌പ്പായസമുണ്ടാക്കാനാണോ ചായയിലിടാനാണോ എന്നു കടക്കാരനു അന്വേഷിക്കേണ്ട കാര്യമെന്താണു? തനിക്കു ലാഭം കിട്ടുന്ന വിലയ്ക്ക് ചരക്ക് വിൽക്കണം. മേടിക്കുന്നവൻ അതെന്തെങ്കിലും ചെയ്യട്ടെ. ഇതു പുതിയലോകമല്ലെ? വീക്ഷണങ്ങളും അതിനനുസരിച്ചു മാറണം. ഇല്ലെങ്കിൽ ചത്തുകെട്ട് പോകത്തേയുള്ളു.

3 comments:

Joselet Joseph said...

കെ.എസ്.ഇ.ബി, കെ,എസ്. ആര്‍.ടി.സി, റെയില്‍, ഒക്കെ സേവന മേഖലയാണ്. അവിടെ ലാഭം മാത്രമല്ല വിഷയം. സേവനം എന്ന വാക്കില്‍ എല്ലാം ഉണ്ട്. പക്ഷേ യഥാര്‍ത്ഥ സേവനം അനുഭവിക്കുന്നത് അതിലെ ജീവനക്കാര്‍ മാത്രമാണ് എന്നതാണ് വിരോധാഭാസം. എല്ലാ ഉപഭോക്താവും മുടങ്ങാതെ കറന്റ് ചാര്‍ജ് അടയ്ക്കുന്നുണ്ട്. ഒരു ബസ്സും ട്രെയ്നും കാലിയടിച്ച് പോകുന്നുമില്ല. എന്നിട്ടും ഇതൊക്കെ നഷ്ടത്തിലാണ്. സ്വകാര്യ വത്കരിക്കുമ്പോള്‍ ഇവരൊക്കെ പണിയെടുക്കേണ്ടി വരും. സമയത്ത് ഓഫീസില്‍ എത്തേണ്ടി വരും. പാര്‍ട്ടിക്കാരുടെ ശിങ്കിടികളെ ജോലിയില്‍ തിരുകി കയറ്റാന്‍ പറ്റാതെ വരും. ഒപ്പം യൂനിറ്റ് വിലയും കൂടും. അപ്പോള്‍ മൊത്തത്തില്‍ പ്രശ്നം. അത്രേയുള്ളൂ സംഗതി.

അശോക് കർത്താ said...
This comment has been removed by the author.
അശോക് കർത്താ said...

100% സമ്മതം